നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൈവത്തിന്റെ തീരുമാനം ( കഥ )

സുഹൃത്തേ .. അങ്ങനെ വിളിക്കാമോ എന്നറിയില്ല  .. തെറ്റാണെങ്കിൽ ക്ഷമിക്കുക. 

ആത്മാർത്ഥ പ്രണയം  താങ്കൾക്ക് എന്നോടോ  എനിക്കു താങ്കളോടോ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം . അതു കൊണ്ടാണല്ലോ അകലങ്ങളിലിരുന്ന് ഇങ്ങനെ ഈ കുറിപ്പ് എനിക്ക് എഴുതേണ്ടി വരുന്നത് . 

ആദ്യ കാഴ്ച്ചയിൽ ഉടലെടുക്കുന്ന  പ്രണയത്തിൽ  വിശ്വസിക്കുന്ന  ഒരു സ്വപ്ന ജീവിയൊന്നുമല്ല  ഞാൻ .അങ്ങനെയും ഉണ്ടാവാം . എനിക്കതിൽ വിശ്വാസമില്ലെന്ന് മാത്രം  എന്നേ സംബന്ധിച്ച് പറഞ്ഞാൽ സമയം .. സന്ദർഭം .. പരിചയം .. അനുഭവം  ഇതൊക്കെ കൊണ്ടേ ഒരു ബന്ധം  ഉണ്ടായി വരൂ  ..  ഇതൊന്നും ഇല്ലാത്ത  സ്ഥിതിക്ക്  എനിക്ക് താങ്കളോട്  ഉണ്ടായിരുന്നത് അല്ലെങ്കിൽ  ഇപ്പോൾ ഉള്ളത്  പ്രണയം ആണെന്ന്  വ്യാഖ്യാനിക്കുക വയ്യ .

  പിന്നെ  അന്നു  വിഷമിച്ചോ എന്നു താങ്കൾ ചോദിച്ചല്ലോ . വിഷമം ആയിരുന്നില്ല .
അത് .. അതിനിപ്പോൾ  എന്താ പറയുക ? സ്വന്തം ആണെന്ന് .. അല്ലെങ്കിൽ ആകാൻ പോകുന്നു എന്ന്   ധരിച്ചിട്ട് ... ധരിപ്പിച്ചിട്ട് .. നിഷ്കരുണം  വേണ്ടെന്നു വെച്ചു പോയപ്പോൾ തോന്നിയത്  എന്താണെന്ന്  വാക്കുകൾ കൊണ്ട് കോറിയിട്ടാലും  ഒരു പക്ഷേ നിങ്ങൾക്ക്‌  മനസിലാവണം എന്നില്ല .  ചുരുക്കം ചില കാര്യങ്ങളെങ്കിലും അനുഭവിച്ചു തന്നെ അറിയണം  . അതു കൊണ്ട് തന്നെ അതിലേക്കു നമുക്ക്  കൂടുതൽ കടക്കാതിരിക്കാം .

നിങ്ങൾ പറഞ്ഞല്ലോ  നിങ്ങളുടെ ആദ്യത്തെയും അവസാനത്തെയും പ്രണയം ഞാൻ ആണെന്ന് . അല്ല  കൂട്ടുകാരാ . കുറ്റബോധത്തിൽ നിന്ന് അതുമല്ലെങ്കിൽ നഷ്ട ബോധത്തിൽ നിന്ന്  നിങ്ങൾക്ക്‌ ഉണ്ടായ  വികലമായ ഒരു  ചിന്ത മാത്രമാണ് അതെന്ന് ഉള്ള തിരിച്ചറിവ് താങ്കൾക്ക്    ഇനി എന്നാണ് ഉണ്ടാവുക  ? നിങ്ങൾ ആഗ്രഹിച്ച പ്രതീക്ഷിച്ച  ഒരു ജീവിതമാണ് നിങ്ങൾക്ക്‌ കിട്ടിയത് എങ്കിൽ  നിങ്ങളുടെ വിദൂര ചിന്തകളിൽ പോലും കടന്നു വരാൻ സാധ്യത ഇല്ലാത്ത  ഒരു പേരാണ് എന്റേതെന്ന്  മറ്റാരേക്കാൾ നന്നായി അറിയാവുന്ന ആൾ ഞാൻ തന്നെയാണ് . എന്നിട്ടും എന്തേ തിരഞ്ഞു കണ്ടു പിടിച്ചു എന്നാവും അല്ലേ ? അതേ  ഒരു   ചെറിയ    വാശി ..   ഒരു കാരണവും ഇല്ലാതെ  വേണ്ടെന്നു വെച്ചു പോയവൻ  അറിയണം   ഇപ്പോൾ  ലോകത്തെ ഏറ്റവും സന്തോഷവതിയായ ഭാര്യ ആണ് ഞാൻ  എന്ന് .  നിസ്സഹായ ആയ ഒരു പാവം പെണ്ണിന്റെ  ഹൃദയം നുറുങ്ങിയ വേദനയിൽ നിന്ന്  പൊട്ടി മുളച്ചതും പിന്നീട്  വേരുറച്ചു പോയതുമായ  ഒരു  കുഞ്ഞു വാശിയായി തന്നെ കൂട്ടിക്കോ .. പിന്നെന്താ  ഒരു കുന്നോളം നന്ദിയും .. എന്തിനെന്നോ ??  ഇപ്പോൾ  എനിക്കുള്ള ഈ സൗഭാഗ്യങ്ങൾക്ക്  ഒരു ചെറിയ രീതിയിൽ എങ്കിലും  നിങ്ങൾ കാരണമായിട്ടുണ്ടെങ്കിൽ ... തീർച്ചയായും ഞാൻ കടപ്പെട്ടിരിക്കുന്നു  നിങ്ങളോട് . 

ചിലപ്പോഴൊക്കെ  ... വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ  മാത്രം  അകാരണമായ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നപ്പോൾ    ചിന്തിച്ചു പോയിട്ടുണ്ട്  ദൈവമേ  ഇങ്ങേർക്ക്  പകരം വേറേ ആരെ എങ്കിലും നീയെന്തേ എനിക്കു തന്നില്ല എന്ന് ? തികച്ചും മനുഷ്യ സഹജമായ   ബാലിശമായ  ഒരു തോന്നൽ . നിമിഷങ്ങൾ  അല്ലെങ്കിൽ  മിനിട്ടുകൾ   മാത്രം ആയുസ്സുള്ള ആ ചിന്തകളിൽ  ഒരിക്കലും താങ്കളുടെ  മുഖം   എന്തിന് പേരു പോലും എന്റെ  മനസ്സിൽ വന്നിട്ടില്ല  എന്നു ഞാൻ പറഞ്ഞാൽ  താങ്കൾ വിശ്വസിക്കുമോ?


ഒത്തിരി ദീർഘമായ  ആശയ വിനിമയം ഒന്നും ഉണ്ടായില്ലെങ്കിലും  താങ്കളെ കുറച്ചൊക്കെ എനിക്കു മനസിലാക്കാനായി എന്നു കരുതുന്നു .  കുറച്ചു കൂടി വില കൽപ്പിക്കൂ  ബന്ധങ്ങൾക്കും   വ്യക്തികൾക്കും . ഉപദേശമല്ല .. അതിനു ഞാൻ ആളുമല്ല . എങ്കിലും പറയട്ടേ .. 

സ്നേഹിക്കൂകയും ഒപ്പം നിർത്താൻ ശ്രമിക്കുകയുമാണ്  വിവേകമുള്ള ഒരു പുരുഷൻ  ആണ് നിങ്ങൾ എങ്കിൽ ഇപ്പോൾ ചെയ്യേണ്ടത്  .. നിങ്ങളുടെ  രക്തത്തിൽ പിറന്ന  കുഞ്ഞുങ്ങളെയും  നിങ്ങളേ മാത്രം ധ്യാനിച്ചു  കഴിയുന്ന   അവരുടെ അമ്മയെയും ... അവരെയാണ് . അവർക്കാണ്  നിങ്ങളേ ആവശ്യം .    ഓരോ തവണത്തെയും  കുടുംബക്കോടതിയിലെ  സിറ്റിങ്ങിന്റെ വിശദാംശങ്ങൾ  വാട്സ് ആപ്  സ്റ്റാറ്റസ് ആക്കി സ്വയം ചെറുതാകുന്നത്   കാണുമ്പോൾ   സഹതാപം അല്ലാതെ മറ്റെന്തു  വികാരമാണ് താങ്കളോട് എനിക്കു തോന്നേണ്ടത് ??താരതമ്യം ഒരിക്കലും നല്ലതല്ല എന്ന അഭിപ്രായം   ഉള്ള ആളൊന്നുമല്ല ഞാൻ . എന്നിരുന്നാലും പറഞ്ഞുകൊള്ളട്ടെ ഒരു ചെറിയ കാര്യം ..അതും ,  രാവും പകലും പോലെയുള്ള   വ്യത്യാസമുണ്ട്  ഞാനും   താങ്കളുടെ ഭാര്യയുമായി എന്ന് ഒരിക്കൽ പറഞ്ഞതു കൊണ്ട് മാത്രം പറഞ്ഞു പോകുന്നതാണ് . എന്നേ പറ്റി നിങ്ങൾക്കെന്തറിയാം ?  ഒരു ചുക്കുമറിയില്ല.

 നിന്നേ എന്തിനു കൊള്ളാം എന്നു തുടങ്ങി  എവിടെ അവസാനിപ്പിക്കണം എന്ന് താങ്കൾക്കു തന്നെ  നിശ്ചയമില്ലാത്ത തരം താണ പദപ്രയോഗങ്ങൾ എല്ലാം കേട്ട് സഹിച്ചു  കഴിയുന്നത് .. എന്റെ മക്കളുടെ അച്ഛനല്ലേ .. എന്ന്  ഇപ്പൊഴും വിലപിച്ചു  ദിവസങ്ങൾ തള്ളി നീക്കുന്നത്  അവൾക്ക്‌ നിങ്ങളോടു സ്നേഹമുള്ളതു കൊണ്ടു മാത്രമല്ല സുഹൃത്തേ ..  അവൾ ഒരു പച്ചപ്പാവമായി പോയതു കൊണ്ടാണ്...
 അവൾക്കല്ലാതെ ലോകത്തിൽ മറ്റാർക്കും നിങ്ങളേ സഹിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ്   കൊണ്ടാണ് .... 

ഇനി മറ്റൊന്ന് ..   താങ്കളുടെ ഭാര്യയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ..  പടിയടച്ചു പിണ്ഡം വച്ചു കഴിഞ്ഞട്ടുണ്ടാവും താങ്കളേ ഞാൻ  എന്റെ ജീവിതത്തിൽനിന്നും   പിന്നെ എന്നെന്നേയ്ക്കുമായി എന്റെ ഹൃദയത്തിൽ നിന്നും . ആ അർത്ഥത്തിൽ നോക്കിയാൽ  രാവും പകലും പോലെയുള്ള വ്യത്യാസമുണ്ട് നിങ്ങളുടെ ഭാര്യയും ഞാനും തമ്മിൽ 

കൂടുതൽ നീട്ടുന്നില്ല . അതിന്റെ ആവശ്യവും ഒട്ടും തന്നെ ഇല്ല . ഒരു കാര്യം ഓർമ്മിപ്പിച്ചു കൊള്ളട്ടെ ..  എന്റെ പ്രായത്തിനു ചേരില്ല എന്ന് എനിക്കു തന്നെ തോന്നുന്ന  ചില  പൈങ്കിളി  പേരുകൾ കൊണ്ട്  എന്നേ സംബോധന ചെയ്യുമ്പോൾ... എന്റെ  മറുപടി വൈകുമ്പോൾ  നിലവിളിക്കുന്ന  ഇമോജികൾ എനിക്കയച്ച് ന്യൂജൻ   ആകാൻ ശ്രമിക്കുന്നത്   കാണുമ്പോൾ ... ഒരുമ്മ തരട്ടെ  എന്ന് പ്രണയാർദ്രമായി ചോദിക്കുന്നത്   കേൾക്കുമ്പോൾ ഒക്കെ ...പുളകിത ആകാൻ  നിങ്ങളുടെ  പതിനേഴുകാരി  പ്രണയിനി അല്ല ഞാൻ  എന്ന്  ഇനിയും  പറയേണ്ടതില്ലെന്നു കരുതുന്നു .

അതുകൊണ്ട്‌   സ്വപ്ന ലോകത്തു നിന്ന് താഴെയിറങ്ങൂ ..   മനുഷ്യരുടെ  കൂടെ മറ്റൊരു പച്ച മനുഷ്യനായി   ജീവിക്കാൻ ശ്രമിക്കൂ . അതാണ് യാഥാർഥ്യമെന്ന് തിരിച്ചറിയൂ ..

ദൈവത്തിന്റെ തീരുമാനങ്ങൾ ഒരിക്കലും തെറ്റാറില്ല . ദൈവഹിതമെന്നും വിധിയെന്നും ഒക്കെ നമ്മൾ പറയാറുള്ള   കൃത്യവും  വ്യക്തവുമായ ആ തീരുമാനം. അതേ .. അതു കൊണ്ടാണ്  നിങ്ങൾ അവിടെയും ഞാൻ ഇവിടെയും ആയത് . കേട്ടിട്ടില്ലേ   തെറ്റുകൾ മനുഷ്യ സഹജമാണെന്ന് ? അതേ ..   നാമൊക്കെ മനുഷ്യന്മാരാണ് .   അതുകൊണ്ടു തന്നെ ചിലപ്പോഴെങ്കിലും തെറ്റുകൾ സംഭവിച്ചേക്കാം .   അതൊക്ക തിരുത്തി സന്തോഷവും സമാധാനവും കണ്ടെത്തി ജീവിക്കാൻ ശ്രമിക്കുമ്പോഴാണ്  നാമൊക്കെ ഒരു പൂർണമായ മനുഷ്യനാകുന്നത് . തീർച്ചയായും നിങ്ങൾക്കും അതു സാധ്യമാകും .  അതിനായുള്ള എന്റെ ആശംസകൾ  കൂടി നേർന്ന് നിർത്തുകയാണ് . ഞാനോ എന്റെ പേരോ താങ്കളുടെ ഓർമയിൽ  പോലും വരാതിരിക്കാൻ വേണ്ടി   ഈ  സൗഹൃദത്തിന്  ഒരു വിരാമം ഇടുകയാണ് ഞാൻ ഇവിടെ  .  അതായത്   ഐ ആം ഗോയിങ് ടു ബ്ലോക്ക് യു ..   ... 


"അഭീ കഴിഞ്ഞില്ലേ  ഇതുവരെ നിന്റെ ലേഖനം എഴുത്ത് ?  നിർത്തിയിട്ട് വന്നു കിടന്നുറങ്ങാൻ നോക്ക് .  "

അരുണിന്റെ ശബ്ദം കേട്ട് അവൾ തല ഉയർത്തി നോക്കി . 

"ദേ ഇപ്പം കഴിഞ്ഞേയുള്ളു . അതേ .. അരുണേട്ടാ .. ഇങ്ങോട്ടു വന്ന് ഇതൊന്നു വായിച്ചു നോക്കിയേ ..ഇത്രേം മതിയോ  അതൊ ഇനീം വല്ലൊക്കെ ചേർക്കണോ എന്നൊക്കെ ഒന്നു പറഞ്ഞേ .."

അരുണിന്റെ കയ്യിലേക്ക് മൊബൈൽ നീട്ടി അവൾ പറഞ്ഞു . 

വായിച്ചു കഴിഞ്ഞ് അവളുടെ കണ്ണിലേക്ക് നോക്കി  അരുൺ . 

"ഉം  മതി അവന്  ഇതൊക്ക തന്നെ ധാരാളം . അതിനിടയ്ക്കും  എനിക്കിട്ടൊരു കൊട്ടുണ്ടല്ലോ ..  ഞാൻ  കണ്ടു .. "

 "എന്നാൽ ഞാനൊരു സത്യം പറയട്ടേ .. അരുണേട്ടാ ....ചെല  നേരത്തേ നിങ്ങടെ തൊഴില് കാണുമ്പം  എടുത്തു  കിണറ്റിലിടാനാ എനിക്കു തോന്നുന്നേ .  എന്നിട്ടും ഞാൻ  അങ്ങനെ വല്ലോം  അവനോടു പറഞ്ഞോ ??  കണ്ടോ  ഞാനിതു കേക്കണം .."

നിറഞ്ഞിരിക്കുന്ന  അവളുടെ കണ്ണുകൾ അവനേ  ആർദ്രനാക്കി .. ആ  മുഖം  അവൻ കൈകുമ്പിളിലാക്കി 

"സാരമില്ല . പോട്ടെഡീ ...എനിക്കു മനസിലാകും നിന്നേ .. അല്ല  എനിക്കേ  മനസിലാകൂ ..  ആ വാക്കുകളിൽ ഉടനീളം  ഞാൻ കണ്ടു  നിന്റെ  ഹൃദയത്തിനു മുൻപിൽ നീ കഷ്ടപ്പെട്ടു തീർക്കാൻ ശ്രമിച്ച  ഒരു പാഴ്മറ ..   ഇതെല്ലാം അറിഞ്ഞു മനസിലാക്കി  ഒക്കെ ചേർത്തല്ലേ   ഞാൻ  നിന്നേ  എന്റെ ഈ  നെഞ്ചിൽ എടുത്തു വച്ചത് ?? എന്നിട്ടും  എന്തിനാ  ഈ  കണ്ണിങ്ങനെ നിറയ്ക്കുന്നത് ?"


അത് ആനന്ദക്കണ്ണീരാ എന്നു പറയണം എന്നുണ്ടായിരുന്നു അവൾക്ക് ..  അതിന്റെ ആവശ്യം തീരെയില്ലെന്ന് നന്നായി അറിയുന്നത് കൊണ്ടാവും  ആ  നെഞ്ചിലേക്ക് അവൾ മുഖം പൂഴ്ത്തി .

   എനിക്കു ഞാനായി തന്നെ ജീവിക്കാൻ ഇതിനേക്കാൾ നല്ല ഒരിടം  കണ്ടെത്താൻ ആർക്കാണ് കഴിയുക ? ഇതാണ്  ഇവിടമാണ്  എന്റെ സ്വർഗം   ..അതേ ഇതായിരുന്നു ദൈവഹിതം...   ഒരു കാലത്തും തെറ്റാത്ത     ദൈവത്തിന്റെ  കൃത്യമായ തീരുമാനം . 

സീമബിനു 


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot