വെയിൽ ചാഞ്ഞ് തുടങ്ങിയിരുന്നു.
ഇന്ദു ബാല ടീച്ചർ പിൻവശത്തെ മുറ്റത്തേക്കിറങ്ങി.
പകൽ, സന്ധ്യയെ കടന്ന് രാത്രിയിലേക്ക് അലിയും വരെ മുറ്റത്തു കൂടി നടക്കാൻ ഇന്ദുബാലക്ക് ഇഷ്ടമാണ്.
ദൈവത്തോട് പിണങ്ങിയ ഒരു സന്ധ്യയ്ക്ക് ശേഷം അവരങ്ങനെ പ്രാർത്ഥിക്കാറില്ല. അമ്പലത്തിലേക്കോ മറ്റോ ആരെങ്കിലും വിളിച്ചാൽ മൂപ്പരോടു പരാതി പറയുന്ന പണി ഞാൻ അവസാനിപ്പിച്ചു എന്നാണ് അവർ പറയുക.
മുറ്റത്തോട് ചേർന്നു നിന്ന റംബുട്ടാൻ മരത്തിൽ നിന്ന് വിളഞ്ഞു പഴുത്ത പഴങ്ങളിൽ ചിലത് നിലത്തു വീണു കിടന്നിരുന്നു.
വർഷങ്ങൾക്ക് മുൻപ് പഠന കാലത്ത് ഹോസ്റ്റൽ നാളുകളിൽ പ്രിയ കൂട്ടുകാരി ലീലയാണ് ഇന്ദുബാലക്ക് ആദ്യമായി റംബുട്ടാൻ പഴങ്ങൾ കൊണ്ടു കൊടുത്തത്....
ചുവന്നു തുടുത്ത പഴങ്ങൾ....
ഇന്ദുബാലക്ക് ഏറെ പ്രിയങ്കരിയായിരുന്ന അവൾ ജീവിതത്തിന്റെ വെയിൽ വഴികളിൽ അകന്നു പോയപ്പോൾ അവളുടെ ഓർമ്മക്ക് വേണ്ടി നട്ടു പിടിപ്പിച്ചതാണ് ആ മരം.
ചിലപ്പോഴൊക്കെ അതിന്റെ ചുവട്ടിലിരുന്ന് ഓർമ്മകളിലെ ദിവസങ്ങളിലൂടെ നടക്കുമ്പോൾ ഹൃദയം നിറയുന്നൊരു സന്തോഷം ഇന്ദുബാലക്ക് തോന്നാറുണ്ട്. ചില ഭ്രാന്തമായ ഭ്രാന്തുകൾ.....
വീണു കിടക്കുന്നവയിൽ നിന്ന് നല്ലതു നോക്കി കുറച്ചു പഴങ്ങൾ അവർ പെറുക്കിയെടുത്തു.
" ടീച്ചറേ...... ടീച്ചറെ കാണാൻ ആരോ വന്നിരിക്കുന്നു "
മുറ്റം തൂത്തു കൊണ്ടിരുന്ന മോളിക്കുട്ടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് ചൂലുമായി പിൻമുറ്റത്തെത്തി....
അവൾക്കൊപ്പം ഇന്ദുബാല മുൻ വശത്തേക്ക് നടന്നു.
സന്ദേഹം നിറഞ്ഞ മിഴികളോടെ രണ്ട് പെൺകുട്ടികൾ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു.... യാത്ര ചെയ്ത് വന്നതാണെന്ന് വ്യക്തമാകുന്ന രൂപഭാവം...
ഇന്ദുബാലക്ക് അവരെ മനസ്സിലായില്ല.
പക്ഷെ എവിടെയോ കണ്ടു മറന്ന മുഖങ്ങൾ ആണെന്ന് അവർക്ക് തോന്നി.
ചിലപ്പോൾ താൻ പഠിപ്പിച്ച കുട്ടികൾ ആരെങ്കിലും ആവും..
അധ്യാപന ജീവിതം തന്ന സൗഭാഗ്യമാണത്, ഇടയ്ക്കിടെ തേടിയെത്തുന്ന പഴയ ശിഷ്യർ...
രണ്ടുപേർക്കും ഇരുപതിന് മേൽ പ്രായമുണ്ടെന്ന് തോന്നുന്നു.
അവർ ഇന്ദുബാലയെ തന്നെ ഉറ്റു നോക്കി നിൽക്കുകയായിരുന്നു. നീളൻ വരാന്തയുടെ ഉരുളൻ തൂണിലേക്കു ചാരി ഇന്ദുബാല നിലത്തിരുന്നു.
കൈകൊണ്ട് അവരോട് ഇരിക്കാൻ ആംഗ്യം കാട്ടി.
അടുത്തിരുന്ന അവർക്ക് റംബുട്ടാൻ പഴങ്ങൾ നീട്ടി. മോളിക്കുട്ടിയോട് കുടിക്കാനെന്തെങ്കിലും എടുക്കാൻ പറഞ്ഞ് അവർ വീണ്ടും കുട്ടികളിലേക്ക് മിഴി നട്ടു.
"ടീച്ചർക്ക് ഞങ്ങളെ മനസ്സിലായോ? "
ചോദ്യകർത്താവ് മൂത്തയാളാണെന്ന് തോന്നുന്നു. അവർ സഹോദരങ്ങളാണെന്ന് ഇന്ദുബാലക്ക് ആദ്യമേ തോന്നിയിരുന്നു. ഇരുവർക്കും ഒരേ മുഖച്ഛായയാണ്.
തനിക്കിവരെ ഓർമകളിലെവിടെയോ അറിയാമെന്ന് ഹൃദയം പറയുന്നുണ്ടെങ്കിലും ഓർമയുടെ തെളിച്ചമില്ലാത്ത കണ്ണുകളോടെ അവർ വിലങ്ങനെ തലയാട്ടി.
"ഇല്ല പക്ഷെ..... "
" ഞാൻ അമുദ.... ഇവൾ ആനന്ദി.... "
രണ്ടാമത്തെ പെൺകുട്ടിയാണ് പറഞ്ഞത്.
ഇന്ദുബാലയുടെ ഹൃദയത്തിൽ തണുത്ത കാറ്റടിച്ചു.
ഓർമകളുടെ മേൽ വീണുകിടന്ന മറവിയുടെ ചാരം അതിവേഗം പറന്നു പോയി
"അന്നപൂർണ്ണിയുടെ
മക്കൾ.... "
ഇന്ദുബാലയുടെ ശബ്ദം വിറക്കുകയും കണ്ണുകൾ നിറയുകയും ചെയ്തു.
ഉറവയാർന്ന മാതൃ വാത്സല്യം കണ്ണുകളിലൂടെ ഒഴുകി.
അവൾ..... അന്നപൂർണ്ണി. ... ഇത്രമേലാഴത്തിൽ തന്നിൽ പതിഞ്ഞിരുന്നോ.....????
ജന്മാന്തരങ്ങളിലെ രക്തബന്ധ പാശത്താൽ തങ്ങൾ എപ്പോഴെങ്കിലും ബന്ധിക്കപ്പെട്ടിരുന്നോ.....?
ഇന്ദുബാല അവരുടെ കൈകൾ ചേർത്തു പിടിച്ചു.
മൂവരുടെയും മിഴികൾ നിറഞ്ഞിരുന്നു.....
.................................................
ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപാണ് അന്നപൂർണ്ണിയുടെ ജീവിതത്തിലേക്ക് ഒരു കാളിങ് ബെല്ലടിച്ച് കൊണ്ട് ഇന്ദുബാല കയറിച്ചെന്നത്.
എറണാകുളത്ത് പഠിപ്പിക്കുന്ന സ്കൂളിനടുത്ത് പേയിങ് ഗസ്റ്റായി താമസിക്കാൻ സൗകര്യം ഉണ്ടെന്നറിഞ്ഞ് അന്വേഷിക്കാൻ എത്തിയതായിരുന്നു അവൾ.
നഗരത്തിന്റെ തിരക്കുകളൊന്നും ഏൽക്കാത്ത പഴയ വീട്.....
നീളൻ വരാന്തയും തൊടിയും മരങ്ങളും ചെടികളും ഉള്ള ആ വീട് ഒറ്റ നോട്ടത്തിൽ തന്നെ ഇന്ദുബാലക്ക് ഇഷ്ടമായി.
വാതിൽ തുറന്നത് നിലാവിന്റെ കീറ് മുഷിഞ്ഞ ചേല ചുറ്റിയതു പോലെ ഒരു പെൺകുട്ടിയാണ്.
അന്നപൂർണ്ണി.
അറുപത്തഞ്ചിന് മേൽ പ്രായമുള്ള ദേവിയമ്മ ഒരു കൂട്ടിനാണ് പേയിങ് ഗെസ്റ്റുകളെ താമസിപ്പിച്ചിരിക്കുന്നത്.
അവിടുത്തെ മൂന്ന് പേയിങ് ഗെസ്റ്റുകൾക്കൊപ്പം നാലാമത്തെ ആളായി ഇന്ദുബാല കൂടി.
അവിടുത്തെ ഓൾ ഇൻ ഓൾ ആണ് അന്നപൂർണ്ണി.
അവൾ ജോലിക്കാരിയാണെന്ന് ദേവിയമ്മ പറയാറില്ല.
എന്റെ കുട്ടിയാണ് എന്നാണ് പറയുക.
ഇരുപത്തഞ്ചിനടുത്ത് പ്രായം.
ഭയം നിറഞ്ഞ മിഴികൾ.
നിറം മങ്ങിയ വസ്ത്രങ്ങൾ.
മഞ്ഞ ചരടിലെ താലിയും നെറ്റിയിലെ കുങ്കുമവും ഒഴിച്ചാൽ മറ്റ് അലങ്കാരങ്ങൾ ഒന്നുമില്ല.
എപ്പോഴും എന്തെങ്കിലും ജോലി ചെയ്തുകൊണ്ടേയിരിക്കും. അധികം സംസാരിക്കാറില്ല.
പക്ഷെ അവളുണ്ടാക്കുന്ന തമിഴ് വിഭവങ്ങൾക്ക് അപാര സ്വാദ് ആയിരുന്നു.
രണ്ട് വീടുകൾക്കപ്പുറം താമസിക്കുന്ന ദേവിയമ്മയുടെ കൊച്ചുമകൻ അന്നപൂർണ്ണി ഉണ്ടാക്കുന്ന ആഹാരം കഴിക്കാൻ വേണ്ടി മാത്രം വരുമായിരുന്നു.
അവളെപ്പോഴും അവനായി ആഹാരം കരുതി വക്കുകയും സ്നേഹത്തോടെ വിളമ്പി ഊട്ടുകയും ചെയ്യുന്നത് ഇന്ദുബാല കണ്ടിട്ടുണ്ട്.
കാലത്ത് കുളിച്ചു വന്ന് അടുക്കളയുടെ ചുവരിൽ ഒട്ടിച്ചു വച്ചിരിക്കുന്ന മുരുകന്റെ ചിത്രത്തിന് മുന്നിൽ കൈ കൂപ്പി ഏതോ തമിഴ് കീർത്തനം ചൊല്ലി അവൾ ജോലികളാരംഭിക്കും.
അവധി ദിവസങ്ങളിൽ മുറ്റത്ത് കോലം വരയ്ക്കും....
സായാഹ്നങ്ങളിൽ പിൻവശത്തെ വരാന്തയുടെ പടിയിലിരുന്ന് മുല്ല മാല കെട്ടും.
ചില ദിവസങ്ങളിൽ കുനുകുനുത്ത തമിഴ് അക്ഷരങ്ങളിൽ കത്തുകളെഴുതും.
അവളുടെ പിന്നാലെ കണ്ണുകളെ വിട്ടുകൊണ്ട് പുസ്തകം വായിക്കുകയാണെന്ന വ്യാജേന വെറുതെ അലസമായിരിക്കാൻ ഇന്ദുബാലക്ക് ഏറെ ഇഷ്ടമായിരുന്നു.
അവൾ അടുക്കളയിൽ ധൃതിയിൽ ജോലി ചെയ്യുമ്പോൾ എപ്പോഴും പിറുപിറുക്കുന്നുണ്ടെന്ന് ഇന്ദുബാല കണ്ടുപിടിച്ചത് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ്.
ഒരു അവധി ദിവസം ഇന്ദുബാല അവൾക്ക് പിന്നാലെ കൂടി.
അവളുടെ മന്ത്രണങ്ങളുടെ രഹസ്യമറിയാൻ....
"അത് വന്ത് അക്കാ..... "
അവൾ പരുങ്ങി.
ഇന്ദുബാലക്ക് കുറച്ചു പണിപ്പെടേണ്ടി വന്നു.
സമയത്തെ മാനേജ് ചെയ്യാനുള്ള സൂത്രമാണത്രെ.....
ദോശക്ക് മാവ് കോരിയൊഴിച്ചാൽ ഇത്ര സെക്കന്റ് കഴിയുമ്പോൾ മറിച്ചിടണം....
ഇത്ര കഴിയുമ്പോൾ എടുക്കണം....
അപ്പത്തിന്, ചപ്പാത്തിക്ക്, മിക്സിയിലരയ്ക്കാൻ, ഒരു ഗ്ലാസ് വെള്ളം തിളക്കാൻ ഓരോന്നിനും അവൾക്ക് സെക്കന്റുകളുടെ കണക്കുണ്ട്...
ഇന്ദുബാല അന്തം വിട്ടു.
മനസ്സിൽ എണ്ണിക്കൊണ്ടാണ് അവൾ സമയത്തെ നിജപ്പെടുത്തുന്നത്.
ചിലപ്പോൾ സ്വയമറിയാതെ അവ ചുണ്ടുകളിലെത്തുന്നതാണ് അവളുടെ മന്ത്രണങ്ങൾ....
"ഏൻ പുരുഷൻ സൊല്ലി കൊടുത്തത് അക്കാ... "
അവൾ വിഷാദത്തോടെ ചിരിച്ചു.
ഇടിയും മിന്നലുമായി മഴ പെയ്തിറങ്ങിയ ഒരു തുലാമാസ സന്ധ്യയിൽ അന്നപൂർണ്ണി അവളുടെ കഥ പറഞ്ഞു;
ഇന്ദു ബാലയോട് .
തൂത്തുക്കുടിയിലെ ഒരു മിഡിൽ ക്ലാസ് യാഥാസ്ഥിതിക കുടുംബത്തിലാണ് അന്നപൂർണ്ണി ജനിച്ചത് ,അതും ആറാമത്തെ പെൺകുട്ടിയായി.
" ആറാമത് കൊഴന്തൈ വന്ത് കണ്ടിപ്പാ ആൺ കൊഴന്തയാരുപ്പാന്ന് ജ്യോസ്യര് അപ്പാക്കിട്ടെ സൊന്നാരാ .... ആനാ പൊമ്പിളയാ പൊറന്ത് നാൻ അവരോടെ സകല കനവുകളെയും തൊലച്ചിട്ടേൻ "
അണ്ണ പൂർണി വിതുമ്പി.
ആർക്കും വേണ്ടാതെ പിറന്നവൾക്ക് കുടുംബത്തിന്റെ അവഗണന മാത്രേ കിട്ടിയുള്ളു .
വീട്ടിൽ സംഭവിക്കുന്ന സകല അശുഭകാര്യങ്ങളുടെയും പഴി അവളുടെ തലയിൽ വീണു കൊണ്ടിരുന്നു .
അക്കമാരുടെ കല്യാണവും പ്രസവവും ഒക്കെ ചേർന്ന് കുടുംബം വലിയ ദാരിദ്ര്യത്തിൽ ആയിട്ടും പതിനെട്ടു വയസ്സാകും മുൻപ് അപ്പാ അന്നപൂർണ്ണിയുടെ കല്യാണം ഉറപ്പിച്ചു.
രണ്ടാം കെട്ടുകാരനായ അയാൾ അപ്പാവോടെ ബന്ധു ആയിരുന്നു. ആർക്കും വേണ്ടാത്തവളുടെ എതിർപ്പ് ആരു കേൾക്കാൻ.
അവളുടെ ഇരട്ടിയിലധികം പ്രായമുള്ള മനുഷ്യൻ.....
സകല ദുർഗുണങ്ങളും തികഞ്ഞവൻ....
ധാരാളം സ്വത്തുക്കളുള്ള അയാൾക്ക് സ്ത്രീധനം വേണ്ടന്നുള്ളത് ഒരു മേന്മയായി കണ്ട് അപ്പാ കല്യാണ ഒരുക്കങ്ങൾ തുടങ്ങി.
വീടിനടുത്തുള്ള മുരുകൻ കോവിലിനു മുന്നിൽ നിന്ന് അവൾ ഹൃദയം വെന്തു നീറി കരഞ്ഞു.
ദൈവം എന്നൊന്നില്ല എന്ന് അന്നപൂർണ്ണിക്ക് തോന്നി. ഒരാളെയെങ്കിലും പ്രണയിക്കാൻ തോന്നിയിരുന്നെങ്കിൽ ഇങ്ങനെ ജീവിതം നഷ്ടപ്പെട്ട് മരിക്കാൻ ഭയന്ന് നിൽക്കേണ്ടി വരുമായിരുന്നില്ലെന്ന് അവൾക്കു തോന്നി.
ഓരോ നിമിഷവും ഭീതിയോടെ മാത്രം ജീവിച്ചവളുടെ ഹൃദയത്തിൽ എവിടെനിന്ന് പ്രണയം വിരിയാനാണ്...
ദൈവത്തിൻ മേലുള്ള വിശ്വാസത്തിന്റെ അവസാന കണികയും ചോർന്നു തുടങ്ങിയ നിമിഷത്തിൽ അവൾ ഒരു ചോദ്യം കേട്ടു, പിന്നിൽനിന്ന്....
" ഏൻ കൂടെ വരീങ്ക്ളാ....."
ഇരുനിറമുള്ള മെലിഞ്ഞുനീണ്ട ഒരു യുവാവ്.
അവളവനെ രണ്ടോ മൂന്നോ തവണ കണ്ടിട്ടുണ്ട്.
പേരോ വീടോ ഒന്നും അറിയില്ല.
അവൻ പുഞ്ചിരിയോടെ വീണ്ടും ചോദിച്ചു,
" ഉങ്ക പക്കത്തിലെ ഒരു റൂമിലെ താൻ നാൻ ആറുമാസമാ തങ്കിയിട്ടിരുക്കേൻ.....
എനക്ക് ഉന്നേ പറ്റി നല്ലാ തെരിയും....
നിജമാ ഉന്നെ എനക്ക് റൊമ്പ പുടിച്ചിരിക്ക് ......
ഉയിരിരിക്കും വരെയ്ക്കും കൺ കലങ്കാമെ പാത്തിട്രേൻ..
ഏൻ കൂടെ വരീങ്ക്ളാ..... "
നിറഞ്ഞ മിഴികളോടെ അവൾ സ്തംഭിച്ചുനിന്നു.
" ആനാ എനിക്ക് വന്ത് അത് കടവുളോടെ കുറൽ മാതിരി തെരിഞ്ചിത് അക്കാ.....
നിജമാ കടവുൾ ഇരിക്കാന്ന് എനക്ക് അപ്പത്താൻ തെരിഞ്ചിത്...."
അന്നപൂർണ്ണി വിതുമ്പി.
നാഗർകോവിലിലേക്ക് ഉള്ള ബസ്സിൽ അവനൊപ്പം യാത്രചെയ്യവേ തന്നെക്കുറിച്ചെല്ലാം അവൻ
അന്നപൂർണ്ണിയോട് പറഞ്ഞു.
ശക്തിവേൽ, തൂത്തുക്കുടിയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. നാഗർകോവിലിലെ സ്വന്തം വീട്ടിൽ അവന് അമ്മ മാത്രമേയുള്ളൂ.
മാരിയമ്മൻ കോവിലിൽ വച്ച് താലികെട്ടി അവളെയുമായി വീട്ടിലെത്തിയപ്പോൾ ആരതി ഉഴിഞ്ഞ് പൊട്ടു വച്ച് സ്വീകരിച്ച ശക്തിവേലിന്റെ അമ്മയുടെ മുഖത്ത് സ്നേഹവും സന്തോഷവും ആയിരുന്നു.
ജീവിതം എന്തെന്ന് അന്നപൂർണ്ണി അറിഞ്ഞു തുടങ്ങുകയായിരുന്നു. നാഗർകോവിലിൽ തന്നെ ശക്തിവേലിന് ജോലി കിട്ടി.
അവന്റെ അമ്മ
അന്നപൂർണ്ണിയെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു.
കയ്യിൽ മുല്ലപ്പൂവും കണ്ണുകളിൽ പ്രണയവുമായി വരുന്ന ശക്തിവേലിനെ കാത്തിരിക്കുന്ന സന്ധ്യകൾ അന്നപൂർണ്ണിക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു.
അമ്മാവേയും അപ്പാവേയും അക്കമാരെയും കുറിച്ചുള്ള ചിന്തകൾ പോലും വല്ലപ്പോഴുമായി.
നിലാവ് പെയ്തിറങ്ങിയ പോലെ ഒരു പെൺകുഞ്ഞ് കൂടി വിരുന്നെത്തിയപ്പോൾ അവരുടെ വീട് സന്തോഷത്തിലാറാടി....
ഓടിക്കളിക്കുന്ന ആനന്ദിക്ക് കൂട്ടായി അമുദ കൂടി വന്നപ്പോൾ വീട് സ്വർഗ്ഗമായി....
ദൈവത്തിന് പോലും അവരോട് അസൂയ തോന്നിയോ.....?
ഒരു ദിവസം പതിവ് സമയം കഴിഞ്ഞു ശക്തിവേൽ വന്നില്ല.
കാത്തിരിപ്പ് നീണ്ടു പോകവേ ഭയത്താൽ കരഞ്ഞു തുടങ്ങിയ അന്നപൂർണ്ണിയെ തേടിയെത്തിയത് ശക്തിവേലിന്റെ കൂട്ടുകാരാണ്.
ഫാക്ടറിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അയാൾ ആശുപത്രിയിൽ ആണത്രേ.....
സാരമായി പരിക്കേറ്റ ശക്തിവേൽ എഴുന്നേറ്റ് നടക്കാൻ മൂന്നുമാസത്തോളം സമയമെടുത്തു.
അപ്പോഴേക്കും വീട്ടിലെ ചെമ്പു പാത്രങ്ങൾ വരെ വിറ്റു തീർന്നിരുന്നു.
വിതുമ്പി വിതുമ്പി കരയുന്ന അന്നപൂർണ്ണിയെ സമാധാനിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ഇന്ദുബാലക്ക് അറിയുമായിരുന്നില്ല.
ഇനിയൊരിക്കലും ജോലി ചെയ്യാനാവാത്ത വിധം ശക്തിവേലിന്റെ ആരോഗ്യം തകർന്നു പോയി.
അപ്പാവും അക്കാമാരുടെ പുരുഷന്മാരും ചേർന്ന് ശക്തിവേലിനെ
ഉപദ്രവിച്ചതാണെന്ന് തിരിച്ചറിഞ്ഞ അന്നപൂർണ്ണി തകർന്നുപോയി.
" കടവുൾ എതുക്ക് ഇന്ത മാതിരിയെല്ലാം പൺറേന്ന് എനക്ക് തെരിയാതക്കാ..... എതുക്ക് ഇപ്പടി കഷ്ടത്തെ മട്ടും കൊടുത്തിട്ടിരിക്ക്.... നാൻ സന്തോഷമാവാഴറുത് കടവുളുക്ക് കൂടി പുടിക്കാതാ.... "
ഏങ്ങലടിച്ചു കരയുന്ന അന്നപൂർണ്ണിയെ ആശ്വസിപ്പിക്കാൻ ഇന്ദുബാല യുടെ പക്കൽ വാക്കുകളൊന്നുമുണ്ടായിരുന്നില്ല.
കണ്ണീർ മഴയിൽ നനഞ്ഞആ നിലാവിനെ നിറഞ്ഞ കണ്ണുകളോടെ ഇന്ദുബാല നോക്കിയിരുന്നു.
അപ്പാവോ അക്കാമാരുടെ പുരുഷന്മാരോ തേടി വരാതിരിക്കാൻ ദൂരെ ചെന്നൈക്ക് അടുത്ത് ഒരു ഒറ്റ മുറി വാടക വീട്ടിലേക്ക് അവൾ ജീവിതം പറിച്ചുനട്ടു.
സമീപത്തെ വീടുകളിലും ഹോട്ടലിലും അവൾ ജോലി ചെയ്തു.
വീട്ടു ചിലവുകളും ശക്തിവേലിന്റെ മരുന്നുകളും എല്ലാം കൂടി താങ്ങാൻ അവളാൽ കഴിഞ്ഞില്ല
"ആനാലും എല്ലാമേ നാൻ സന്തോഷമാ സെഞ്ചെനക്കാ.... എനക്ക് എന്ത കഷ്ടവും തോന്നലെ....
ഏന്നാ അവര് ഏൻ കൂടെ ഇരുക്കിറാനെ... എനക്ക് അതേ പോതും....
എനക്കാകെ താൻ അവരിപ്പടി ആയിട്ടേൻ.......
എനക്ക് അന്ത കവല മട്ടും താനിരുക്ക്.... "
അവൾ കണ്ണുകൾ തുടച്ചു.
അടുത്തുണ്ടായിരുന്ന മലയാളി കുടുംബമാണ് അവളുടെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ്, മെച്ചപ്പെട്ട ശമ്പളത്തിൽ അവളെ എറണാകുളത്ത് എത്തിച്ചത്.
അവൾ വാക്കുകൾ കൊണ്ട് വരച്ച ഒരു ചിത്രം ഇന്ദുബാലയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു.....
കടൽത്തീരത്തെ അവളുടെ ഒറ്റമുറി വീട്ടിൽ നിന്ന് നോക്കിയാൽ ഒരു കടൽപ്പാലം കാണാം. പണ്ട് അവിടെ ചരക്കു കപ്പലുകൾ വരുമായിരുന്നു.
പുതുവസ്ത്രങ്ങളും മധുര പലഹാരങ്ങളുമായി കടലിനക്കരെ നിന്ന് വള്ളം തുഴഞ്ഞെത്തുന്ന അമ്മയെ കാത്ത് എല്ലാ സായാഹ്നങ്ങളിലും ആനന്ദിയും അമുദയും കടൽപ്പാലത്തിൽ ശക്തിവേലിനൊപ്പം വന്നിരിക്കും....
ചക്രവാളത്തിലേക്ക് സൂര്യൻനിറങ്ങി മറഞ്ഞിട്ടും അമ്മയെ കാണാതാവുമ്പോൾ നനഞ്ഞ് ഈറൻ പേറുന്നരണ്ട് ജോഡി കുഞ്ഞു മിഴികൾ ഇന്ദുബാലയെ കരയിക്കുക തന്നെ ചെയ്തു.
അമ്മ തുഴഞ്ഞെത്തുന്ന വള്ളം കാണാൻ അലകൾക്ക് മീതെ നാലുപാടും നോക്കിയിരിക്കുന്ന അവരെ കാക്ക കുഞ്ഞുങ്ങൾ എന്നാദ്യം വിളിച്ചത് മുല്ലപ്പൂ വിൽക്കുന്ന പാട്ടി ആണത്രേ....
അവൾ കണ്ണീരോടെ മിഴികൾ പൂട്ടി ഇരുന്നപ്പോൾ, സമാധാനം പകരാൻ മറന്ന്, പെയ്തിറങ്ങുന്ന സ്വന്തം കണ്ണുകളെ തുടയ്ക്കാൻ മറന്ന് ഇന്ദുബാലയും ഇരുന്നു.
നിറം മങ്ങിയ വസ്ത്രമണിഞ്ഞ വിയർത്തുകുളിച്ച ആ പെൺകുട്ടിയെ ഇന്ദുബാല കെട്ടിപ്പിടിച്ചു.
"വിട്ടിട് അക്കാ..... ഒടമ്പെല്ലാം കെട്ട വാസനയാരുക്ക് "
അവളുടെ ഹൃദയത്തിന്റെ കസ്തൂരി ഗന്ധമല്ലാതെ മറ്റൊന്നും ഇന്ദുബാല തിരിച്ചറിഞ്ഞില്ല.
പിറ്റേ മാസം അന്നപൂർണ്ണിയെ സ്വന്തം വീട്ടിലേക്ക് അയയ്ക്കാൻ ധൃതി ഇന്ദുബാലക്കും കൂട്ടുകാർക്കുമായിരുന്നു.
പല ജോഡി വർണ്ണ വസ്ത്രങ്ങളും മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും അവർ വാങ്ങി.
അവളെ കാത്തിരിക്കുന്ന കാക്ക കുഞ്ഞുങ്ങളുടെ ചെറു മിഴികളിൽ അത്ഭുതവും സന്തോഷവും നിറയുന്നത് അവർ സ്വപ്നം കണ്ടു.
പക്ഷേ, റെയിൽവേ സ്റ്റേഷനു മുന്നിൽ വച്ച് റോഡ് ക്രോസ് ചെയ്ത അന്നപൂർണ്ണിയെ കാറിടിച്ചു.
ഒഴുകി പടരുന്ന ചുവപ്പിൽ കുളിച്ച് പിടഞ്ഞ് 'എന്നങ്കെ ' എന്ന് നിലവിളിച്ച് അവളവസാനിച്ചത് ഒരു നിമിഷം കൊണ്ടായിരുന്നു.
ദേവിയമ്മയുടെ പക്കലുണ്ടായിരുന്ന കോൺടാക്ട് നമ്പരിലേക്ക് വിളിച്ചിട്ട് പിറ്റേ ദിവസമാണ് ശക്തിവേലിനെ ഫോണിന്റെ അങ്ങേത്തലയ്ക്കൽ കിട്ടിയത്.
അടഞ്ഞ ശബ്ദത്തിൽ അവൻ ഏങ്ങലടിച്ചു കരഞ്ഞു.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വയസ്സായ അമ്മയെയും കൊണ്ട് യാത്ര ചെയ്തു വരാൻ അവനാവുമായിരുന്നില്ല.
"ഏൻ അന്നപൂർണ്ണിയെ അങ്കയേ എരിച്ചിടലാമാ അക്കാ...? "
എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ ചോദിച്ചപ്പോൾ അവനിലെ നിസ്സഹായതയുടെ മുള്ളുകൾ അവരുടെയെല്ലാം ഹൃദയത്തിൽ ആഴത്തിൽ മുറിവുകൾ സൃഷ്ടിച്ചു
ദേവിയമ്മയുടെ കൊച്ചുമകൻ അന്നപൂർണ്ണിക്കായി കർമ്മങ്ങൾ ചെയ്തു.
അവനും കരയുകയായിരുന്നു.
നനുത്ത മഴ പോലെ പെയ്യുന്ന, മുല്ലപ്പൂ പോലെ വാസനിക്കുന്ന, ശക്തിവേലിന്റേയും അന്നപൂർണ്ണിയുടെയും സ്നേഹവും കുസൃതിയും നിറഞ്ഞ പ്രണയവും, കടൽപ്പാലത്തിൽ കാത്തിരിക്കുന്ന ദൈന്യത നിറഞ്ഞ മിഴികളും ഇന്ദുബാലയെ വല്ലാതെ നോവിച്ചു.
ശക്തിവേൽ നൽകിയ അഡ്രസ്സിലേക്ക് അന്നപൂർണ്ണിയുടെ സാധനങ്ങൾ ഇന്ദുബാലയും കൂട്ടുകാരും ചേർന്ന് അയച്ചുകൊടുത്തു.
അന്നപൂർണ്ണിയും മിഴി കാക്കകളും അത്രമേൽ അവരുടെ ഹൃദയത്തെ സ്വാധീനിച്ചതുകൊണ്ടാവണം പിന്നീടുള്ള മാസങ്ങളിൽ അവർ പിരിവിട്ട് ഒരു തുക മണിയോർഡറായി അയച്ചു. ആനന്ദിക്കും അമുദക്കും വേണ്ടി.
രണ്ടുവർഷത്തോളം അത് തുടർന്നു.
പിന്നെ അഡ്രസ്സിൽ ആളില്ല എന്ന് അറിയിച്ചു കൊണ്ട് അത് മടങ്ങി വന്നു.
ചെന്നൈയിലുള്ള ദേവിയമ്മയുടെ ബന്ധുവിനെ കൊണ്ട് അന്വേഷിച്ചുവെങ്കിലും ഫലമൊന്നുമുണ്ടായില്ല.
എല്ലാവരിലും പതിയെപ്പതിയെ അന്നപൂർണ്ണിയും മിഴി കാക്കകളും മറവിയുടെ ചാരത്താൽ മൂടപ്പെട്ടു തുടങ്ങിയെങ്കിലും ഇന്ദുബാല യുടെ മനസ്സിൽ അവൾ നീറിനീറി കിടന്നു.....
ഇന്ദുബാലക്ക് അത്ഭുതമായിരുന്നു.
ഇവരെങ്ങനെ തന്നെ കണ്ടുപിടിച്ചു.
അന്നപൂർണ്ണിയെ പോലെ തന്നെയുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ.....
ഇന്ദുബാലയുടെ കവിളിലെ നീർച്ചാലുകൾ ആനന്ദി തുടച്ചു.
അല്പനേരം കൂടി മൗനമായിരുന്നു ശേഷം അവൾ സംസാരിച്ചു തുടങ്ങി.
അമ്മ മരിച്ച ശേഷം രണ്ട് വർഷത്തോളം ഞങ്ങൾ ചെന്നൈയിൽ താമസിച്ചു. എങ്ങനെയോ വിവരങ്ങൾ അറിഞ്ഞു വന്ന അമ്മയുടെ വീട്ടുകാർ ഞങ്ങൾക്കു മേൽ അവകാശമുന്നയിച്ച് വലിയ വഴക്കായി.
"പെരിയപ്പാ തള്ളിയപ്പോ തലയടിച്ചു വീണ അപ്പാ രണ്ടുമൂന്നു ദിവസം ഹോസ്പിറ്റലിൽ കിടന്നു മരിച്ചു."
അവളൊന്നു നിർത്തി.
"അപ്പാ താഴ്ന്ന ജാതിക്കാരൻ ആയതുകൊണ്ട് അവർക്ക് ഞങ്ങൾ അപമാനം ആണത്രേ"
തുടർന്ന് പറയാനാവാതെ ആനന്ദി മുഖം കുടഞ്ഞു.
അമുദ യാണ് ബാക്കി പറഞ്ഞത്.
"ഞങ്ങളെ കൊന്നുകളയും എന്നു ഭയന്ന പാട്ടി കിട്ടിയത് കയ്യിലെടുത്ത്, രാത്രി ഞങ്ങളെയും കൊണ്ട് ഏതോ ഒരു ട്രെയിനിൽ കയറി.
നേരം വെളുത്തപ്പോൾ എത്തിച്ചേർന്ന ഊരും പേരും അറിയാത്ത സ്റ്റേഷനിലിറങ്ങി.
അലഞ്ഞുതിരിഞ്ഞ് ഭിക്ഷയെടുത്ത് കടത്തിണ്ണയിൽ ഉറങ്ങിയ നാളുകൾ.
വിശപ്പുകൊണ്ട് തളർന്ന് നഗരമധ്യത്തിൽ ബോധംകെട്ടു വീണ മുത്തശ്ശിയും, കെട്ടിപ്പിടിച്ച് കരയുന്ന പേരക്കുട്ടികളും മാധ്യമങ്ങളിൽ വാർത്തയായി."
അമുദയും കരയുക തന്നെയായിരുന്നു.
എത്രയോ വർഷങ്ങൾക്കു മുൻപ് അവർ കുട്ടികളായിരുന്നപ്പോൾ നടന്ന സംഭവങ്ങളാണ്. എന്നിട്ടും അവർ ഇത്രയേറെ കരയണമെങ്കിൽ ആ കുഞ്ഞു മനസ്സുകളിൽ എത്രത്തോളം ആഴത്തിലാണ് മുറിവുകളുണ്ടായതെന്നു ഇന്ദുബാല ആലോചിച്ചു.
"നഗരത്തിൽ തന്നെയുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റുകാർ ഞങ്ങളെ ഏറ്റെടുത്തു. സ്കൂളിൽ ചേർത്തു. ഞാൻ ഇപ്പോൾ മെഡിക്കൽ സ്റ്റുഡന്റാണ്. ഇവൾ ഡിഗ്രിക്ക് പഠിക്കുന്നു."
ആനന്ദി ചിരിച്ചു, ഇന്ദുബാലയും... ..
"അമ്മ ജോലിചെയ്തിരുന്ന എറണാകുളം നഗരത്തിലണ് ഞങ്ങളെത്തിയതെന്ന് കുറച്ചു നാൾ കഴിഞ്ഞാണ് മനസ്സിലായത്. പാട്ടിയുടെ കയ്യിലുണ്ടായിരുന്ന അഡ്രസ്സ് വച്ച് ഞങ്ങൾ ടീച്ചറെ അന്വേഷിച്ചു. പക്ഷെ അങ്ങനെ ഒരു വീട് പോലും അവിടെ ഉണ്ടായിരുന്നില്ല"
അമുദ ചെറുതായി ചിരിച്ചു.
ദേവിയമ്മ മരിച്ചതോടെ എല്ലാവരും പല വഴിക്ക് പിരിഞ്ഞുവെന്ന് ഇന്ദുബാല ഓർത്തു.
മോളിക്കുട്ടി കൊണ്ടുവച്ച ചായയും സ്നാക്സും കൈക്കലാക്കി രണ്ടുപേരും ഉത്സാഹത്തോടെ കഴിച്ചു.
" ടീച്ചർ ദൈവമാണെന്ന് പാട്ടി എപ്പോഴും പറയുമായിരുന്നു. "
ബിസ്ക്കറ്റ് കടിച്ചുകൊണ്ട് ആനന്ദി പറഞ്ഞു.
"പാട്ടി എവിടെ? "
ഇന്ദുബാല ചോദിച്ചു.
അമുദ മുകളിലേക്ക് വിരൽ ചൂണ്ടി.
അവരുടെ അനാഥത്വം തന്റേത് കൂടിയാണെന്ന് ഇന്ദുബാലക്ക് തോന്നി.
കാത്തിരിക്കണമെന്ന് പറഞ്ഞുപോയ തിരികെയെത്താത്ത പ്രണയം ജീവിതവഴിയിൽ ഇന്ദുബാലയെയും
തനിച്ചാക്കിയിരുന്നു. ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റേയും കണക്കെടുപ്പിൽ ഇന്ദുബാലയും പ്രണയവും പരാജയപ്പെട്ടുപോയി.
" നിങ്ങളെന്നെ എങ്ങനെ കണ്ടുപിടിച്ചു? "
ഇന്ദുബാല അതിശയം മറയ്ക്കാതെ ചോദിച്ചു.
ആനന്ദി അവളുടെ ബാഗിൽ നിന്ന് ഒരു പത്രമെടുത്തു.
സൺഡേ സപ്ലിമെന്റ്.
അതിൽ ഇന്ദുബാല എഴുതിയ കഥയുണ്ടായിരുന്നു.
'കടൽ പാലത്തിലെ മിഴി കാക്കകൾ'
മുറ്റത്തുനിന്ന ചെമ്പകം ഏതാനും പൂക്കളെ കൊഴിച്ച് നിലത്തിട്ടു. അന്നപൂർണ്ണി തന്നെ അനുഗ്രഹിക്കുകയാണെന്ന് ഇന്ദുബാലക്ക് തോന്നി. അന്നപൂർണ്ണിക്ക് ചെമ്പകപൂക്കൾ ഏറെ ഇഷ്ടമായിരുന്നു.
ഒരു നിമിഷം കൊണ്ട് ഇന്ദുബാല രണ്ട് പെൺകുട്ടികളുടെ അമ്മയായി മാറി.
താൻ ഇരിക്കുന്നത് ഒരു വള്ളപ്പടിയിൽ ആണെന്ന് അവൾക്ക് തോന്നി.
സംഗീതം പൊഴിക്കുന്ന അലകൾ കാറ്റിലുലഞ്ഞ് ഉയർന്ന് മറിഞ്ഞു.
മേഘങ്ങൾക്ക് ചിറകുകൾ മുളച്ചു.
കടൽപ്പാലത്തിലെ കുഞ്ഞു മിഴികളെ ഇന്ദുബാല കണ്ടു.
തനിക്കുനേരെ വീശുന്ന കുഞ്ഞുകൈകളും....
ചക്രവാളത്തിലെ അന്തിച്ചുവപ്പിൽ തെളിഞ്ഞു കണ്ട നക്ഷത്രം അന്നപൂർണ്ണിയാണെന്ന് ഇന്ദുബാലയ്ക്ക് ഉറപ്പായിരുന്നു.
Dr. Salini ck
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക