നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കപ്പിൾ ചലഞ്ച്


ഇന്നലെ ,ബുധനാഴ്ച,ഞങ്ങളുടെ., ഏഴാംവിവാഹ വാർഷികം. ഒപ്പം മറ്റൊരു വിശേഷം കൂടിയുണ്ട്. ഞങ്ങളുടെ ഏകപുത്രി അന്നപൂർണ്ണയുടെ കൺവൊക്കേഷൻ സെറിമണി..... എന്നു വച്ചാൽ ബിരുദദാനച്ചടങ്ങ്.

വിവാഹ വാർഷികത്തിനൊന്നും ഞാൻ ലീവ് എടുക്കാറില്ല.സത്യം പറഞ്ഞാൽ ഇതുവരെ ലീവ് എടുത്തിട്ടില്ല, ഒന്നാം വിവാഹ വാർഷികത്തിനു പോലും .ഇത്തവണയും പതിവുപോലെ ഞാൻ മറക്കുമെന്ന് തീർച്ചയുള്ളതിനാൽ ജ്യോതി കഴിഞ്ഞ വീക്ക് എൻഡിൽ തന്നെ 'ഷോപ്പിംഗിനു പോകാം, ഗിഫ്റ്റ് വാങ്ങിത്തരാം, അവൾ തനിച്ച് എടുത്തു തരുന്ന ഷർട്ട് എനിക്കിഷ്ടപ്പെടാതെ വരുന്നതിനാൽ കൂടെ ചെല്ലണം'-എന്നൊക്കെ പറഞ്ഞു തിരക്കുകൂട്ടിയിരുന്നു.

ഞാൻ പറഞ്ഞൊഴിഞ്ഞു, 'വിവാഹ വാർഷിക ആഘോഷത്തിലൊന്നും എനിയ്ക്ക് വിശ്വാസമില്ല, ആഘോഷത്തിന്നായിഞാൻ ലീവ് എടുക്കുകയുമില്ല. സമ്മാനമൊന്നും വേണ്ട; പിന്നെ വേണമെന്ന് നിർബ്ബന്ധ മാണെങ്കിൽ നീ തനിച്ചു പോയാൽ മതി.'

പക്ഷേ എൻ്റെ ദൃഢനിശ്ചയമൊക്കെ കാച്ചിയ പപ്പടം പോലെ പൊട്ടിത്തകർന്നു, മിനിഞ്ഞാന്ന്, ചൊവ്വാഴ്ച്ച രാവിലെ മോളുടെ നഴ്സറിയിൽ നിന്നു വിളിച്ചപ്പോൾ . ബുധനാഴ്ച പത്തു മണിക്ക് മോളെയും കൊണ്ട് ഞാനും ജ്യോതിയും നഴ്സറി സ്കൂളിൽ എത്തണമെന്ന് . മോളുടെ കൺവൊക്കേഷൻ സെറിമണിയാണത്രേ.! പേരൻ്റ്സ് എന്തായാലും പങ്കെടുത്തേ പറ്റൂ. അതുംബുധനാഴച.ലീവ് എടുക്കാതെ എന്തുമാർഗ്ഗം?

ഓഫീസിൽ മാഡത്തിനെ വിളിച്ചു ലീവ് പറഞ്ഞപ്പോൾ പതിവുപോലെ കാരണം തിരക്കി, സ്നേഹം കൊണ്ടാണ് കേട്ടോ.
'മോളുടെ കൺവൊക്കേഷൻ ' _ എൻ്റെ മറുപടി.

ഒരു ചിരിയായിരുന്നു മറുതലയ്ക്കൽ. പറയുന്നത് മറ്റുള്ളവർക്കു കൂടി വിശ്വസിയ്ക്കാൻ പറ്റുന്ന കാരണം ആയിരിയ്ക്കണമത്രേ!

നിത്യവുമുള്ള വീട്ടിലേക്കുള്ള ഫോൺ വിളി മിനിഞ്ഞാന്ന് രാത്രി അറ്റൻറ് ചെയ്തത് അച്ഛനാണ്.
മോളുടെ കൺ വൊക്കേഷനാണ് എന്ന് പറഞ്ഞതും,രസികനായ അച്ഛൻ്റെ മറുപടി,
"അപ്പോൾ നിൻ്റെ ആദ്യ ഭാര്യേം മോളുമവിടെ ഷാർജയിലുണ്ടോ ?'
എന്ന ചോദ്യമായിരുന്നു.

അച്ഛനെയും കുറ്റം പറയാൻ പറ്റില്ല അങ്ങനെ ചോദിച്ചതിന്. കൺവൊക്കേഷൻ എന്നൊക്കെ പറയുമ്പോൾ സാധാരണ ഗതിയിൽ മോൾക്ക് ഒരു ഇരുപത്തൊന്നു വയസ്സെങ്കിലും ആയിക്കാണണം. അപ്പോൾ എനിക്കൊരു നാൽപ്പത്തി അഞ്ച് എങ്കിലും വേണം. വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഇരുപത്തിരണ്ടു വർഷമെങ്കിലും ആയിക്കാണണം. പക്ഷേ സത്യമതല്ലല്ലോ.? എനിക്ക് വയസ്സ് 33. കല്യാണം കഴിഞ്ഞിട്ട് എഴു വർഷമാകുന്നു. അപ്പോൾ ഇരുപത്തൊന്നു വയസ്സുള്ള മകൾ ഉണ്ടെങ്കിൽ അത് അച്ഛൻ പറഞ്ഞ പോലെ ഈ വിവാഹത്തിലേതാകാൻ വഴിയില്ലല്ലോ.

ആകെ ഒരു പൊരുത്തക്കേട് തോന്നുന്നുണ്ടോ?
ഇപ്പൊൾ കാര്യം മനസ്സിലായില്ലേ? കൺവൊക്കേഷൻ ഡിഗ്രി കഴിഞ്ഞ മകൾക്കല്ലാട്ടോ, നഴ്സറി വിദ്യാഭ്യാസം കഴിഞ്ഞ എൻ്റെ മകൾക്ക് .
സംഗതി അടിപൊളിയായിരുന്നു.... നഴ്സറിയിൽ കൺവൊക്കേഷൻ ഗൗൺ ഒക്കെയിട്ട് തലയിൽ കറുത്തക്യാപ്പ് ഒക്കെ വച്ച് സ്റ്റേജിൽ അവളെക്കണ്ടപ്പോൾ കണ്ണു നിറഞ്ഞു,
പക്ഷേഅവൾക്കു കിട്ടിയ സർട്ടിഫിക്കറ്റിലെ വാചകം വായിച്ചപ്പോൾ പൊട്ടിച്ചിരിച്ചു പോയി.

"ദിസ് ഡിഗ്രി ഈസ് അവാർഡഡ് ടു അന്നപൂർണ്ണ ഫോർ സക്സസ് ഫുൾ കംപ്ലീഷൻ ഓഫ് പ്രീ സ്കൂൾ "-

ഹ ഹ ഹാ. ഡിഗ്രി!

സംഭവം പൊളിയല്ലേ? അങ്ങനെ അത് ഞങ്ങളുടെ ഏഴാം വിവാഹ വാർഷികത്തിന് ഞങ്ങൾക്കു കിട്ടിയ അപൂർച്ച സമ്മാനമായി.- ഇന്നത്തെ ദിവസം ശരിക്കും എൽ ഐ.സി പരസ്യത്തിൽ പറഞ്ഞ പോലെ ഡബിൾ ധമാക്കയായി.

പകൽ അൽപ്പം കറക്കവും പുറത്ത് ഹോട്ടലിൽ നിന്ന്ഭക്ഷണവും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പതിവിലും വൈകി. ഉറക്കം തീരും മുൻപ് മൊബൈലിൽ അലാം കേട്ടുണർന്നു.

ജ്യോതി എന്നും ഒന്നല്ല, രണ്ടുമൊബൈലിലും അലാം വയ്ക്കും .
ഉറങ്ങിപ്പോയി എഴുന്നേൽക്കാൻ വൈകിയാൽ വീട്ടിലെജോലി തീർത്ത് സമയത്തിന് ഓഫീസിൽ എത്താൻ പറ്റിയില്ലെങ്കിലോ എന്നാണവളുടെ പേടി.. അലാം കേൾക്കും മുൻപ് ആരും വിളിയ്ക്കാതെ തന്നെ അവൾ ഉണരും എന്നതാണ് സത്യം .എന്നാലും പേടിയാണവൾക്ക്. രാത്രി പതിനൊന്നിന് ഞാൻ ഗുഡ് നൈറ്റ് പറഞ്ഞ് തിരിഞ്ഞു കിടക്കുമ്പോഴും ബെഡ് റൂമിലെ മങ്ങിയ വെളിച്ചത്തിൽ ലാപ്പ് ടോപ്പിനു മുന്നിലായിരുന്നു ജ്യോതി. നാളെ ഓഫീസിൽ സബ്മിറ്റ് ചെയ്യാനുള്ള പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്യണമത്രേ! പിന്നെ എപ്പൊഴാണാവോ അവൾ ഉറങ്ങാൻ കിടന്നത്? പകലത്തെ അലച്ചിലിൻ്റെ ക്ഷീണം കാരണം ഞാൻ കിടന്ന പാടേ ഉറങ്ങിപ്പോയിരുന്നു.

സാധാരണ രണ്ടാമത്തെ അലാം കേൾക്കുമ്പോൾ, ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കുംപോലെ ജ്യോതി എന്നും അടുക്കളയിലേക്ക് ഒരോട്ടമാണ്. താനപ്പോൾ മുറിഞ്ഞുപോയ ഉറക്കം മുഴുമിപ്പിയ്ക്കാനായി പുതപ്പിനടിയിൽ ചുരുണ്ടുകൂടുകയാവും.

എന്നും വീണ്ടും ഞാനുറക്കത്തിലാകുമ്പോൾ ജ്യോതി മോളെ വിളിച്ചുണർത്തലും ഭക്ഷണം കഴിപ്പിക്കലും ഒരുക്കലുമെല്ലാം തകൃതിയായി ചെയ്യുന്ന തിരക്കിലാകും. മോളെ അടുത്ത ഫ്ലാറ്റിൽ ഏൽപ്പിച്ചിട്ടു വേണം അവൾക്ക് ഇറങ്ങാൻ. അവിടത്തെ ഗുജറാത്തിയാൻ്റി സ്കൂൾ ബസ് വരുമ്പോൾ കയറ്റി വിടും. തിരിച്ചു വരുമ്പോൾ അവളെ പിക്ക് ചെയ്ത് അവരുടെ വീട്ടിലിരുത്തിക്കോളും, കാപ്പിയും സ്നാക്കും കൊടുത്ത്, ഞങ്ങൾ തിരിച്ചത്തുവോളം.

നിത്യവുംതാൻ ജോലിയ്ക്കു പോകാനിറങ്ങുന്നതിന് കൃത്യം 45 മിനിറ്റ് മുൻപ് ഉറക്കമുണരുമ്പോൾ ഡൈനിംഗ് ടേബിളിൽ പ്രാതലും, ഉച്ചയ്ക്ക്തനിക്കു കഴിയ്ക്കാനുള്ള ടിഫിനും കുടിക്കാനുള്ള വെള്ളവും ബാഗും എല്ലാം റെഡിയായിരിയ്ക്കുന്നുണ്ടാകും. കുളിച്ചൊരുങ്ങുക എന്നൊരു കാര്യം മാത്രം സ്വയം ചെയ്യും താൻ. .. അതു മറ്റാരും ചെയ്തു തരാനില്ലാത്തതിനാൽ .എന്തൊരു രസമാണങ്ങനെ പുതപ്പിനടിയിൽ ചുരുണ്ടുകൂടാൻ. ഉറക്കം തീർന്നാലും മടി പിടിച്ചങ്ങനെ കിടക്കാൻ .

ജ്യോതിയുടെ രാവിലെയുള്ള തിരക്കും ശ്വാസം വിടാതെയുളളഓട്ടവും ഒക്കെ കാണുമ്പോൾ സഹായിക്കണമെന്നു തോന്നും. പക്ഷേ സന്തത സഹചാരിയായ മടി ,തന്നെ പുതപ്പിനടിയിൽ തന്നെ മൂടി ഇടാറാണ് പതിവ്.പണ്ടേ വീട്ടിൽ ജോലിയെല്ലാം ഉദ്യോഗസ്ഥയാണെങ്കിലും അമ്മ തന്നെ ചെയ്തിരുന്നതുകൊണ്ടാവാം ഞാനിങ്ങനെ മടിയനായിപ്പോയത്.പിന്നെ ആൺകുട്ടികൾ അച്ഛനെ കണ്ടാണല്ലോ പഠിക്കാറ്. അച്ഛനാകട്ടെ കിച്ചണിൻ്റെ നാലയലത്തുപോലും വരില്ല. പക്ഷേ ഓഫീസ് ജോലികളിൽ ഞാനൊരു പുലിയാണ് കേട്ടോ.

രണ്ടാമത്തെ അലാം കേട്ടിട്ടും ജ്യോതി എഴുന്നേൽക്കാതെ കിടക്കുന്നതു കണ്ട് വിളിച്ചെഴുന്നേൽപ്പിയ്ക്കാൻ നോക്കി. ഉറക്കമാണെന്നാണ് കരുതിയത്. പക്ഷേ കണ്ണും തുറന്നാണ് കിടക്കുന്നത്. ഉറക്കം നിന്നതിൻ്റെ ലക്ഷണങ്ങളുണ്ട് മുഖത്ത്.
" അലാം രണ്ടു വട്ടമടിച്ചല്ലോ, എഴുന്നേൽക്കുന്നില്ലേ? ജോലിക്കു പോകേണ്ടേ ജ്യോതീ?"

"എനിക്കു വയ്യ, രണ്ടുവട്ടം ഛർദ്ദിച്ചു, വയറു വേദനിക്കുന്നു. ഏട്ടൻ ഒന്നെണീറ്റു കിച്ചണിൽ കയറുമോ?"

"എന്നിട്ടെന്തേ എന്നെ വിളിക്കാതിരുന്നത്?ഇന്നലത്തെ ഫുഡ് പിടിച്ചു കാണില്ല. ഒരുങ്ങ്, ഹോസ്പ്പിറ്റലിൽ പോകാം."

"ഞാൻ ഒന്നു കിടക്കട്ടെ, ടാബ്‌ലറ്റ് കഴിച്ചിട്ടുണ്ട്. രാത്രി ഉറങ്ങാൻ പറ്റിയില്ല ഒന്ന് ബ്രേക്ഫാസ്റ്റ് റെഡിയാക്ക്, എനിക്ക് എണീറ്റു നിൽക്കാൻ വയ്യ."....ജ്യോതിയുടെ മറുപടി.

നിവൃർത്തിയില്ലാതെ കിച്ചണിലേക്ക് നടന്ന് വാതിൽ തുറന്നു. .... തീരെ പരിചിതമല്ലാത്ത അത്ഭുതലോകത്തിൻ്റെ വാതിൽ . നിരവധി പാത്രങ്ങൾ. കണ്ടെയിനറുകളിലെ വിവിധ തരം പൊടികൾ.അപരിചിതത്വം നിറഞ്ഞ അന്തരീക്ഷം .എവിടെ തുടങ്ങണം? എങ്ങനെ ചെയ്യണം.?

എന്തുണ്ടാക്കും പ്രാതലിന്ന്...? മനസ്സിൽ ചോദ്യമുയർന്നു.ഉപ്പുമാവാണത്രേ ഉണ്ടാക്കാനെളുപ്പം...... ഉത്തരവുമറിയാം. പക്ഷേ എങ്ങനെ? ആദ്യത്തെ പരീക്ഷണമാണ്. ."ദൈവമേ! മിന്നിച്ചേക്കണേ.''

ഉള്ളി മുറിച്ചപ്പോൾ കണ്ണു നിറഞ്ഞിട്ടാകും വിരലറ്റവും മുറിഞ്ഞു. ഒരു വിധത്തിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത് പകർത്തിവയ്ക്കുമ്പോൾ ,അടുത്ത ഞെട്ടൽ, ഉപ്പിടാൻ മറന്നു. ഉപ്പു വിതറി ഇളക്കിയ
മോഡിഫിക്കേഷനു ശേഷവും പാചകം ചെയ്ത തനിയ്ക്ക് പോലുമിഷ്ടപ്പെടാനായില്ല. കറിയില്ല, പഴം വച്ച് അഡ്ജസ്റ്റ് ചെയ്യാം.
പിടിതരാതെ പായുന്ന ക്ലോക്കിലെ സമയം.

ജ്യോതിയുടെ നിർദ്ദേശം പോലെ മോൾക്ക് നേന്ത്രപ്പഴം നെയ്യിൽ മൂപ്പിച്ചെടുത്തു.ഭക്ഷണം കൊടുത്ത്
അവളെ ഒരുക്കിയിറങ്ങുമ്പോൾ സമയം വൈകുന്നു. തൻ്റെ ബ്രേക്ക് ഫാസ്റ്റ് വേണ്ടെന്നു വച്ചു ചായ മാത്രം നിന്നുകൊണ്ടു കുടിച്ചു. ഉച്ചയ്ക്ക് കഴിക്കാനുള്ള ടിഫിൻ മറന്നു... ഉറങ്ങിക്കിടക്കുന്ന ജ്യോതിയെ ഉണർത്താതെ വാതിൽ പുറത്ത് നിന്ന് അടയ്ക്കുമ്പോൾ .

ഓഫീസിലേയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഓർത്തു ജ്യോതിയുടെ രൂപം മനസ്സിൽ. അനേകം കൈകളും കാലുകളുമുള്ള പോലെ ഓടിനടന്ന് ജോലി തീർത്ത് , ഒരാളുടെയും ഒരു കാര്യത്തിലും വീഴ്ച്ച വരുത്താത്ത ജ്യോതി. സ്നേഹം അത്ഭുതത്തിനുംആദരവിനും വഴിമാറുന്നതറിഞ്ഞു.

ഇടയ്ക്കു വിളിച്ചപ്പോൾ വേദന കുറവുണ്ട്. വല്ലാത്ത ക്ഷീണമായ തിനാൽ ലീവിലാണത്രേ അവൾ..

വൈകിട്ട് വീട്ടിലേയ്ക്ക്തിരിച്ചുള്ള യാത്രയിൽ അവിടെയെത്തിയതിനു ശേഷമുള്ള അടുക്കള കാര്യങ്ങളുടെ ചിന്തയിലായിരുന്നു. രാത്രി ചപ്പാത്തി മതി. പിന്നെ ജ്യോതിക്ക് ചൂടു കഞ്ഞിയും .

ഇന്ന് രണ്ടാം ദിവസമായപ്പോൾ അടുക്കളകുറേക്കൂടി പരിചിതം. ജ്യോതി ജോലി ചെയ്യാൻ വെളുപ്പിന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കുറേക്കൂടി വിശ്രമിയ്ക്കാൻ പറഞ്ഞത് താനാണ്.... ഇന്നു കൂടി ലീവ് എടുക്കാനും .ഞാനൽപ്പം മെച്ചപ്പെട്ടു കേട്ടോ, അൽപ്പമല്ല; ഒത്തിരി .നേരത്തേ വിഭവങ്ങൾ പ്ലാൻ ചെയ്ത് വച്ചിരുന്നു.അത് കൊണ്ടു തന്നെ ജോലികൾ ഒരു വിധം വേഗത്തിൽ തീർന്നു.ഇന്ന് ഇറങ്ങും മുമ്പ് മോളെ ഒരുക്കി, ബ്രേക്ഫാസ്റ്റ് കഴിച്ചു, കഴിപ്പിച്ചു.ഉച്ചയ്ക്കു കഴിയ്ക്കാനുള്ള ടിഫിനുമെടുത്തു.

വൈകുന്നേരം വീട്ടിലെത്തി ഫ്രെഷ് ആയി വരുമ്പോൾ ജ്യോതിയും മോളും കളിയിലാണ്. അവൾക്ക് പഴയ പ്രസന്നത തിരിച്ചു കിട്ടിയ പോലെ. ടേബിളിൽ ആവി പറക്കുന്ന ചായ റെഡി.

ചായ കഴിച്ചു തീരുന്നേരം ജ്യോതി ... സോറി, പിണങ്ങരുത് എന്ന മുഖവുരയോടെ എനിയ്ക്കു നേരെ നീട്ടിയ മൊബെലിൽ അവളുടെ ഡാൻസ് പെർഫോമൻസിൻ്റെ വീഡിയോ ഉണ്ടായിരുന്നു. .... വൈകി നൽകുന്ന വിവാഹ വാർഷിക സമ്മാനം പോലെ !

പിണങ്ങാനോ? അസുഖമാണെന്നു നടിച്ച് ഞാൻ പോയശേഷം നൃത്തം ചെയ്ത വീ ഡിയോ റെക്കോർഡ് ചെയ്ത് എന്നെ അത്ഭുതപ്പെടുത്തിയതിനോ?അമ്പരിപ്പിച്ചതിനോ? അവൾ വിവാഹത്തിനു മുന്നെപ്പോലെ നൃത്തം ചെയ്യണമെന്നത് എൻ്റെയും മോഹമായിരുന്നു. തിരക്കുകൾക്കിടയിൽ സമയം കിട്ടാതെ അവൾ മാറ്റിവച്ച അവളുടെയും മോഹം.
ഒരുചെറിയസൂത്രത്തിലൂടെയാണെങ്കിലും സമയം കണ്ടെത്തി അവൾഅവളുടെ കഴിവു പുറത്തെടുത്തല്ലോ?

രണ്ടു ദിവസം വീട്ടുജോലികൾ ഞാൻ ചെയ്തതിന്, എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതിന് പിണങ്ങാനാണെങ്കിൽ ജ്യോതി എന്നോട് എത്രമാത്രം പിണങ്ങേണ്ടി വരും. കഴിഞ്ഞ ഏഴു വർഷത്തിനിടെ എല്ലാ ദിവസവും എല്ലാ ജോലിയും ചെയ്തത് അവൾ തന്നെയാണ്. 365 x 7= 2555 ദിവസങ്ങൾ.അതിൽ ഡെലിവറിയുമായി ബന്ധപ്പെട്ട ദിവസങ്ങൾ ഒഴികെ എല്ലാം. എൻ്റെ രണ്ടു ദിവസത്തിൻ്റെ എത്ര മടങ്ങ് ?

പണ്ട്പഠിച്ചതൊന്നും മറന്നിട്ടില്ല എന്ന് തെളിയിക്കുമാറ് ലാസ്യഭംഗി
നിറഞ്ഞ നൃത്തം. ഞങ്ങൾരണ്ടു പേരുടേയും ആഗ്രഹ പൂർത്തീകരണത്തിൻ്റെ സന്തോഷം സംസാരത്തിൻ്റെ, ചിരിയുടെ അമിട്ടിനു തിരി കൊളുത്തിയപ്പോൾ ഞാൻ പറഞ്ഞു, ഇത്തവണത്തെ വിവാഹ വാർഷിക ദിനം ഡബിൾ ധമാക്ക പോലെയായി എന്ന്.

ഡമ്പിൾ അല്ല;അല്ല ത്രിബിൾ ആണെന്നു ജ്യോതി.
ശരിയാണ്..... വിവാഹ വാർഷിക ദിനം, മോളുടെ കൺവൊക്കേഷൻ.
ഒപ്പം മടിയൊക്കെ കളഞ്ഞ് ഞാൻ പുതിയൊരാളായ ദിനം.
സ്ത്രീകളെ ബഹുമാനിയ്ക്കുന്നയാൾ, അവരുടെ ത്യാഗങ്ങളെ, പരിശ്രമങ്ങളെ തിരിച്ചറിയുന്നയാൾ .

നാളെ വെളുപ്പിന്അലാം കേട്ട് തട്ടിപ്പിടഞ്ഞെണീയ്ക്കുന്ന ജ്യോതിയോടു ധൈര്യസമേതംപറയാം.... പതിനഞ്ചു മിനിറ്റുകൂടി കഴിയട്ടേ എഴുന്നേൽക്കാൻ എന്ന്. അടുക്കളയിലേയ്ക്ക് ഞാനുമുണ്ട്.

മൊബെൽ റിംഗ് ചെയ്യുന്നു. കയ്യിൽഎടുത്തു. സ്ക്രീനിൽ മുകുന്ദൻ്റെ മുഖം തെളിഞ്ഞു,ഞങ്ങൾ പതിനഞ്ചു പേരുൾപ്പെട്ട സുഹൃത്ത് സംഘത്തിൻ്റെ നേതാവ്.

"എന്തു വിശേഷം മുകുന്ദാ?"

'എടാ, ജിത്തൂ,എഫ് ബി യിൽ ആകെ ചലഞ്ചാണല്ലോ. കപ്പിൾ ചലഞ്ചിൻ്റെ കുത്തൊഴുക്കിനിടയിൽ നിങ്ങൾ രണ്ടു പേരെയും കണ്ടില്ല. ബാക്കി പതിനാലുമുണ്ടായിരുന്നു. "

"ഞാൻ കണ്ടു എല്ലാപേരുടേയും. നീയും മിനിയും അടിപൊളി "... അവനെ സന്തോഷിപ്പിയ്ക്കാൻ വേണ്ടിയാണ് ഞാനങ്ങനെ പറഞ്ഞത്.

" നീ മാത്രം അങ്ങനെ പറയും. എല്ലാവരുടേയും പോസ്റ്റ് കണ്ടതിന്നു ശേഷം മിനിയുടെ മുഖം തെളിഞ്ഞിട്ടില്ല. അവളുടെ ഭംഗിയില്ലാത്ത ഫോട്ടോയാണത്രേ ഞാൻ പോസ്റ്റ് ചെയ്തത്. അതു കൊണ്ട് ഇപ്പോൾ വീട്ടിലും മറ്റൊരുചലഞ്ചായി. പിണക്കവുമായി .

പിന്നെ നമ്മുടെ സംവിധായകനില്ലേ., നിവിൻ. അവനും നിത്യയുടേയും സിനിമാ പോസിലെഫോട്ടോ പോസ്റ്റ് ചെയ്തതും കൂടിയായപ്പോൾ പൂർത്തിയായി.അവൻ്റെ കറുത്തു ചുരുണ്ട മുടി നിറഞ്ഞ തലയോട് എൻ്റെ കഷണ്ടിയെങ്ങനെ മത്സരിയ്ക്കാൻ .അത് എൻ്റെ മിനിയ്ക്ക് മനസ്സിലാകണ്ടേ.?

അതുപോകട്ടെ. നിങ്ങളുടെ കാര്യമോ?" ഇനി നിങ്ങളുടെ വകയാണോ അടുത്ത ബോംബ് ?...മുകുന്ദൻ്റെ സ്വരത്തിൽ നിരാശ., ആകാംക്ഷ.

നിങ്ങളെപ്പോലെ എഫ് ബി യിൽ ചിരിച്ചു നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ട്, വീട്ടിൽ അടി കൂടുന്നവരല്ല ഞങ്ങൾ എന്ന് പറയാനാണ് തോന്നിയത്.പിന്നെയോർത്തു, അപ്രിയ സത്യങ്ങൾ പറയേണ്ട എന്നാണല്ലോ .

അതു കൊണ്ട്പറഞ്ഞതിങ്ങനെ...."ഇവിടെ ഞാനും ജ്യോതിയും ചലഞ്ചിലാണ്"

"ഏ, ഞങ്ങളെപ്പോലെ,നിങ്ങളും തമ്മിൽ തെറ്റിയോ?"

"ഏയ്. എൻ്റെയും ജ്യോതിയുടെയും ചലഞ്ച് മറ്റൊന്നാണ്. ആരാണ് മറ്റെയാളെ കൂടുതൽ സ്നേഹിക്കുന്നതെന്ന്? സ്നേഹം പ്രകടിപ്പിയ്ക്കുന്നതെന്ന് "

"എന്നിട്ട് ആരു ജയിച്ചു?"

"ആരും നെല്ലിട വ്യത്യാസമില്ലാതെ മുന്നേറുന്നു.രണ്ടു പേരും ഒപ്പം വിജയശ്രീലാളിതരായി..... വീണ്ടും വീണ്ടും ചലഞ്ച് ചെയ്ത്, വീണ്ടും വീണ്ടും സ്നേഹിച്ച്,..... ഒപ്പം വിജയിച്ച്...'"

(അവസാനിച്ചു)

ഡോ. വീനസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot