Slider

സദ്യയും ഹിന്ദിയും

0


സദ്യ ഇല്ലാതെ എന്ത് ഓണം? പക്ഷേ സദ്യ എന്ന് പറയുമ്പോൾ എനിക്ക് ഹിന്ദി എന്നാണ് ഓർമ വരുന്നത്...
ഏകദേശം പത്ത് വയസ്സ് ഉള്ളപ്പോഴാണ് ഹിന്ദി ഭാഷയുടെ മാഹാത്മ്യം എനിക്ക്
മനസ്സിലായത്.. അതും ഒരു കല്യാണ തലേന്നത്തെ വിരുന്നിനു ഇടയിൽ...

മാമന്റെ കല്യാണം ആണ് . കല്യാണ പെണ്ണിന്റെ ബന്ധുക്കളിൽ പലരും വടക്കേ ഇന്ത്യൻ പാരമ്പര്യം ഉള്ള ക്ഷത്രിയ രക്തം ആണത്രെ... പെൺ വീട്ടിലെ ചടങ്ങ് എല്ലാം അവരുടെ രീതിയിൽ ആണ്.. പക്ഷേ നമ്മുടെ ശ്രദ്ധ സദ്യയിൽ ആണല്ലോ...ഇനി കാണില്ലേ? അവരുടെ രീതി ആകുമോ? കസിൻസ് എല്ലാം കളിച്ചു നടക്കുമ്പോഴും എന്റെ പേടി ഇതൊക്കെ ആയിരുന്നു... നമ്മുടെ കാരണവന്മാർ നടക്കുന്ന പോലെ ഒന്ന് മേൽനോട്ടം നടത്തി കളയാം ... കളിക്കാൻ എന്ന വ്യാജേന നേരത്തെ അടുക്കള വശം വഴി അങ്ങോട്ടും ഇങ്ങോട്ടും നടന്നു... ഇലയിലെ ഊണ്
തന്നെ.. സന്തോഷമായി... മൂന്ന് തരം പായസവും ഉണ്ട്... ഞാൻ ആണേൽ സദ്യക്ക് പോകുന്നത് തന്നെ പായസം ഇലയിൽ കഴിക്കാൻ ആണ്.. മുറി മലയാളം പറയുന്ന ഒരു ഹിന്ദി ക്കാരൻ
അപ്പൂപ്പൻ ഓടി നടന്നു സാമ്പാർ ഒന്ന് കൂടി ഇളക്കൂ, പപ്പടം ഒന്ന് കൂടി മൂക്കണം എന്നൊക്കെ നിർദേശങ്ങളും കൊടുക്കുന്നുണ്ട്.. ഭാഷ ഏതായാലും
കാർണോന്മർ എല്ലായിടത്തും ഒരു പോലെ തന്നെ .. ആശ്വാസമായി.. ഇനി പുള്ളി നോക്കി കൊള്ളും .. ഞാൻ കളിക്കാൻ പോയി..

കുട്ടികളുടെ സദ്യക്ക് ഉള്ള ഊഴം ആയി...എല്ലാവരും സദ്യ കഴിക്കാൻ നിരന്ന് ഇരിപ്പായി.. വിളമ്പാൻ വന്നത് കല്യാണ പെണ്ണിന്റെ ഏതൊക്കെയോ ഹിന്ദി ബന്ധുക്കൾ ആണ്... കുട്ടികൾ ആയത് കൊണ്ട് ആദ്യം തന്നെ ചോറ് ഒക്കെ കുറച്ചേ ഇടുന്നുള്ളു .. അത് എനിക്ക് അത്ര പിടിച്ചില്ല ... അനിയനും വലിയമ്മയുടെ മകളും ഒന്നും പരാതി പറയുന്നില്ല.. അത് പിന്നെ അവർക്ക് ഇൗ വിശപ്പിന്റെ അസുഖം ഇല്ലല്ലോ.. സാരമില്ല... അടുത്ത റൗണ്ട് കൊണ്ട് വരട്ടെ...

വിളമ്പുന്ന ആളുകൾക്ക് സദ്യ വിളമ്പി ശീലം ഇല്ലാത്ത കൊണ്ട് ആവും ഐറ്റംസ് ഒന്നും ശരിയായ ഓർഡറിൽ അല്ല വരുന്നത്.. വിഭവങ്ങളുടെ പേര് ഒക്കെ എന്തൊക്കെയോ പറയുന്നു.. ഇത് വേണോ? അത് വേണോ? എന്നൊക്കെ ചോദിച്ചിട്ട് ആണ് ഇടുന്നത്...
" ഇതൊക്കെ ചോദിക്കുന്നത് എന്തിന്? നമ്മൾ എല്ലാം കഴിക്കും".. ഞാൻ മനസ്സിൽ പറഞ്ഞു.
ആദ്യം തന്നെ സാമ്പാർ വന്നു.. "പരിപ്പ് കറിയും നെയ്യും ഇല്ലാതെ എന്ത് സദ്യ ആണിത്?" ഞാൻ മനസ്സിൽ പറഞ്ഞു...
പരിചയം ഉള്ള കറികൾ മാത്രം വേണം വേണം എന്ന് ഞാൻ പറഞ്ഞു കൊണ്ട് ഇരുന്നു.. അല്ലാതെ മലയാളിത്തം ഇല്ലാത്ത കറി ഒന്നും നമുക്ക് പറ്റില്ല..
അനിയച്ചാർക്കും കസിനും ഒരു ഭാവ മാറ്റവും ഇല്ല.. കിട്ടുന്നത് കിട്ടുന്ന കണക്കിൽ തട്ടി വിടുന്നു.
ആചാരങ്ങൾ പാലിക്കാത്ത പിള്ളേർ !!! ദൈവകോപം കിട്ടുമ്പോൾ പഠിക്കും..ഹും!! .. ഇത് വരെ ഉള്ള കുറ്റവും കുറവും പായസങ്ങൾ തീർത്ത് കൊള്ളും എന്ന് വയറിനെ പറഞ്ഞ് ആശ്വസിപ്പിച്ചു.. കാണിച്ചു തരാം മലയാളി ആരാണെന്ന് ...

അങ്ങനെ സദ്യ പുരോഗമിച്ചു കൊണ്ടിരിക്കുന്ന വേളയിൽ നമ്മുടെ ഹിന്ദി അപ്പൂപ്പൻ വന്നു കരെല വേണോ ബേട്ടി...എന്ന് ചോദിച്ചു.. വേണ്ട എന്ന് പറഞ്ഞാല് പുള്ളിക്ക് വിഷമം ആകണ്ടല്ലോ.. ഞാൻ ഒകെ എന്ന് പറഞ്ഞു.. വായിൽ വച്ചതും
ശർദ്ധിച്ചില്ല എന്നെ ഉള്ളൂ.. പാവക്ക ആയിരുന്നു.. ഇനി അബദ്ധം പറ്റാൻ പാടില്ല... സൂക്ഷിക്കണം..

കുറച്ച് കഴിഞ്ഞപ്പോൾ അതാ വരുന്നു.. വീണ്ടും പാവക്ക അപ്പൂപ്പൻ.. ഇത്തവണ ഞാൻ മനസ്സിൽ കരുതി... നന്നായി കേട്ട ശേഷം മാത്രം ഒകെ പറഞ്ഞാൽ
മതി. അടുത്ത് എത്തിയതും " ഖീർ വേണോ" എന്ന് ചോദിച്ചു .. ഖീര്‍ പോലും... പേര് കേട്ടാൽ തന്നെ അറിഞ്ഞൂടെ? വല്ല കോവക്കയും ആകും.. നമുക്ക് ഇതൊന്നും വേണ്ട .... ..ഞാൻ ഉടനെ പറഞ്ഞു..." നഹി..." പുള്ളി വീണ്ടും ചോദിച്ചു.. "വേണ്ടെ? " ഞാൻ വിടുമോ? "
നേഹീന്ന് പറഞ്ഞാ നഹീ" ..എന്നെ ഒന്ന് നോക്കിയിട്ട് അദ്ദേഹം മുന്നോട്ട് നടന്നു.. ഇത് കേട്ട് അടുത്ത് ഇരുന്ന എന്റെ വലിയമ്മയുടെ മകൾ ഉടനെ ഇവിടെ ഒകെ എന്ന് പറഞ്ഞു... "മണ്ടി, ഇപ്പൊ കോവക്ക കിട്ടും".. ഞാൻ കളിയാക്കാൻ റെഡി ആയി ഇരുന്നു..

പിന്നെ കണ്ട കാഴ്ച എന്റെ ജീവിതത്തിലെ ഏറ്റവും ഞെട്ടൽ ഉണ്ടാക്കുന്ന ഒന്ന് ആയിരുന്നു... അവളുടെ ഇലയിലേക്ക്‌ നല്ല പാലട പ്രഥമൻ കോരി ഒഴിക്കുന്നു ആ മനുഷ്യൻ... ഇടി വെട്ടിയ പോലെ ഞാൻ കസേരയിൽ ഇരുന്നു... ആ ഇല എന്നെ നോക്കി പുച്ഛിച്ചു...പോരെങ്കിൽ കസിന്റെ വക എന്താടീ നിനക്ക് പായസം വേണ്ടെ എന്നൊരു ചോദ്യവും... സത്യം പറഞ്ഞാല് മാനം പോവുല്ലേ?? മിണ്ടിയില്ല..
പിന്നീട് നിര നിരയായി വന്ന എല്ലാ പായസത്തിനും ആ ദുഷ്ടനായ മനുഷ്യൻ അവിടെ നിന്നും നിർദേശം കൊടുത്തു.. ആ ഇരിക്കുന്ന ബേട്ടിക്ക്‌ ഖീറ് വേണ്ടാ കേട്ടോ... എന്ന്.. ഈശ്വരാ..ഭഗവാനെ. .. അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തണേ...

ഞാൻ ആരോട് പറയും... " നമ്മൾ ചോർ ആണ് തിന്നുന്നത്.. അത് കൊണ്ട് ഖീർ, ഖീർ എന്ന് പറഞ്ഞപ്പോൾ മനസിലായില്ല" എന്ന്...

എന്തായാലും ആ സംഭവത്തിന് ശേഷം ഹിന്ദി ഹമാരി രാഷ്ട്ര ഭാഷ ആണെന്നും അത് പഠിച്ചില്ലേൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും ഞാൻ വ്യക്തമായി മനസിലാക്കി എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു..

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ ...

Sreeja Praveen


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo