ആദ്യമായ് ഞാൻ അവളേ കാണുന്നത് ഒരു ജൂൺ മാസത്തിലാണ് . അധ്യാപക ജീവിതത്തിന്റെ രണ്ടാം ആഴ്ചയിൽ . അന്നാണ് പത്താം ക്ലാസ്സിലെ ഒരു ഡിവിഷന്റെ ക്ലാസ് ടീച്ചർ ആയി ഞാൻ ചുമതല ഏറ്റത് .
പത്താം ക്ലാസ്സ് എന്ന കടമ്പ കടന്നിട്ട് കുറേ വര്ഷങ്ങളൊന്നും ആയില്ലെങ്കിലും "കാഴ്ചയിൽ ഒരു പക്വത ഒക്കെ തോന്നുന്നുണ്ട് കെട്ടോ " എന്നാരോ വെറുതേ പറഞ്ഞതു മുഖവിലയ്‌ക്കെടുത്ത് ആത്മ വിശ്വാസത്തിന്റെ ഭാരവും പേറി ഞാൻ ക്ലാസ്സിലേക്ക് നടന്നു .
സ്റ്റാഫ് റൂമിന്റെ പുറത്തുള്ള വരാന്തയിലൂടെ നേരേ നടന്നാൽ എത്തുന്ന അവസാനത്തെ ക്ലാസ്സാണ് എനിക്കു പറഞ്ഞിട്ടുള്ള പത്ത് എ . ക്ലാസ്സിന്റെ പുറകു വശത്ത് സൈഡിലായുള്ള വാതിൽ കടന്ന് അകത്തേയ്ക്കു പ്രവേശിച്ച എന്നേ ഏതോ അന്യഗ്രഹ ജീവിയെ നോക്കും പോലെ കുട്ടികൾ നോക്കി .
"നമസ്തേ സാ...ർ"പ്രതീക്ഷിച്ച എന്നോട് "ഗുഡ് മോർണിംഗ് " എന്ന് കുട്ടികളെല്ലാം ചേർന്ന് എന്നാൽ ഉച്ചത്തിലല്ലാതെ വിഷ് ചെയ്തപ്പോൾ അവരോട് എനിക്കു ചെറിയ മതിപ്പ് തോന്നി . അതു പക്ഷേ ഇംഗ്ലീഷിൽ വിഷ് ചെയ്തത് കേട്ടിട്ടല്ല , മറിച്ച് വിദ്യാർത്ഥികളുടെ അച്ചടക്ക ബോധം കണ്ടിട്ടാണ് .
ജന്മനാ ഉള്ള ജാഡ ഒക്കെ മാറ്റി വെച്ചു ഞാൻ എന്നേ പരിചയപ്പെടുത്തി. അതിനു ശേഷം അറ്റന്റൻസ് എടുക്കാൻ തുടങ്ങി . ഒരു ഉൾനാടൻ ഗ്രാമമല്ലേ , പകുതി പേരും വന്നിട്ടുണ്ടാവില്ല എന്നൊക്കെയുള്ള എന്റെ മുൻവിധിയെ പാടെ തൂത്തെറിഞ്ഞു ആ ക്ലാസ്സിലെ ഹാജർ നില .ഒരേ ഒരു പെൺകുട്ടി മാത്രം എത്തിയിട്ടില്ല .
അറ്റന്റൻസ് വിളി കഴിഞ്ഞു ബുക്ക് അടയ്ക്കാൻ തുടങ്ങിയ എന്നോട് "സാറേ അവളിപ്പം വരും ആബ്സൻഡ് ഇടല്ലേ " എന്നാരോ പറഞ്ഞു . ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയ എനിക്ക് ആ പറഞ്ഞത് ആരാണെന്ന് മനസിലായില്ലെങ്കിലും എല്ലാ മുഖങ്ങളും അത് ശരി വയ്ക്കുന്നതു പോലെ തോന്നി .
"അറ്റന്റൻസ് വിളിക്കുമ്പോൾ ക്ലാസ്സിൽ ഇല്ലാത്തവർ ഒക്കെ ഇന്നു മുതൽ അബ്സൻഡ് ആയിരിക്കും , കേട്ടല്ലോ "
എന്നു ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ്
മുൻ നിരയിലിരുന്ന ഒരു ആൺകുട്ടി ഗ്രൗണ്ടിലേക്ക് വിരൽ ചൂണ്ടി
"ദേ അവളെത്തിയല്ലോ ..."
ക്ലാസ്സിൽ നിന്ന് നോക്കിയാൽ കാണുന്നത് വിശാലമായ ഗ്രൗണ്ടാണ്. അതിന്റെ അങ്ങേ അറ്റത്ത് നിന്ന് കുടയും ചൂടി ഒരു പെൺകുട്ടി സാവധാനം നടന്നു വരുന്നു .
പാദം വരെയുള്ള പാവാട വലതു കയ്യാൽ മുട്ടറ്റം ഉയർത്തി പിടിച്ച്, തോളിൽ ചായ്ച്ചു വച്ച കുടയിൽ ഇടത്തു കൈ കൊണ്ട് താളമിട്ട് കാലു കൊണ്ട് ഗ്രൗണ്ടിലെ വെള്ളം നാലു പാടും തെറിപ്പിച്ച് മഴ ആസ്വദിച്ചു വരികയാണവൾ .. കുട മറച്ചിരിക്കുന്നു ആ മുഖം ...ഒട്ടും ധൃതി ഇല്ലാതെ , ടെൻഷൻ ഏതുമില്ലാതെ ക്ലാസ്സിന്റെ വാതിലിൽ അവൾ വന്നു നിന്നു ,എന്റെ അനുവാദത്തിനെന്നോണം .
"എന്താ ?" എന്നുള്ള എന്റെ ചോദ്യത്തോട് അവൾ പ്രതികരിച്ചത് ഒരു നോട്ടം കൊണ്ടാണ് .
"ഇവൻ ആരെടാ ?? " എന്നു തന്നെ ആയിരുന്നു ആ നോട്ടത്തിന്റെ അർത്ഥം എന്നെനിക്ക് മനസിലായത്
"എടീ ഇതു് നമ്മുടെ പുതിയ ക്ലാസ് ടീച്ചറാ പേര് റോയ് " എന്നാരോ അവളോട് പറയുന്നതു കേട്ടപ്പോഴാണ് .
"എനിക്കകത്തു കേറണം .." അവളെന്റെ നേരേ തിരിഞ്ഞു .
"എന്തിന് ?? " എന്റെ പരിഹാസത്തെ ഒരു മറു ചോദ്യം കൊണ്ടവൾ നേരിട്ടു
"സാറെന്തിനാ വന്നേ ? പഠിപ്പിക്കാനാണോ ? എന്റെ കണ്ണിലേക്കു നോക്കിയാണ് ചോദ്യം
"ആണെങ്കിൽ ?? "
എനിക്കു ശരിക്ക് ദേഷ്യം വന്നു .
" അതു കൊണ്ടാ അകത്തു കേറുന്ന കാര്യം ഞാൻ പറഞ്ഞെ .. അതു പിന്നെ എനിക്കു പഠിക്കണ്ടായോ?" അവളൊരു പ്രത്യേക ഈണത്തിൽ പറഞ്ഞു .
പിന്നൊന്നും നോക്കിയില്ല
"ഗെറ്റ് ഔട്ട് .. തർക്കുത്തരം പറയാതെ മര്യാദയ്ക്ക് ഇരിക്കാൻ മനസുള്ളവര് മാത്രം മതി എന്റെ ക്ലാസ്സിൽ . നിനക്കുള്ള സ്ഥാനം ദേ അവിടെയാ .." ഞാൻ പുറത്തേയ്ക്കു വിരൽ ചൂണ്ടി .
ക്ലാസ്സ് പെട്ടെന്ന് നിശബ്ദമായതുപോലെ .
അവൾ മെല്ലെ നടന്നു മുൻപിലെത്തി ...
ഇവളിത് എന്തിനുള്ള പുറപ്പാട് ആണ് എന്ന് ഞാൻ ചിന്തിച്ചുതീരുന്നതിനു മുൻപ് അവൾ വെട്ടിത്തിരിഞ്ഞ് ബാഗ് അവളുടെ സീറ്റിൽ വച്ചു പുറത്തേക്ക് നടന്നു . പോകുന്ന പോക്കിൽ കൂട്ടുകാരോട് ആഹ്ലാദത്തോടെ യാത്ര പറയാനും മറന്നില്ല.
അപ്പോഴും വലം കയ്യാൽ പാവാട ഉയർത്തി പിടിച്ചിരുന്നു അവൾ .
"ഇവിടെ വെള്ളപ്പൊക്കമൊന്നുമില്ല " അറിയാതെ പറഞ്ഞു പോയി .
കേട്ടതും അവൾ വീറോടെ തിരിഞ്ഞു .
"ഇതേ .. ഇതെന്റെ കയ്യ് . എന്റെ പാവാട എന്റെ ഇഷ്ടം . പുറത്താക്കിയ കുട്ടീടെ കാര്യത്തിൽ പുതിയ ക്ലാസ് ടീച്ചർ ഇടപെടാൻ വരണ്ടാ .."
ക്ലാസ്സിലെ കൂട്ട ചിരിക്കിടയിലൂടെ ഒരു ജേതാവിനേ പോലെ അവൾ പുറത്തേയ്ക്കു നടന്നു . ഒറ്റ നിമിഷം കൊണ്ട് കാറ്റു പോയ ബലൂണിന്റെ അവസ്ഥയിലായി ഞാൻ .
നിന്നേ ഞാനൊരു പാഠം പഠിപ്പിച്ചിരിക്കും പൊന്നു മോളേ എന്നു നിശബ്ദമായി പറഞ്ഞ് മനസുകൊണ്ട് ഒരു നിമിഷത്തേയ്ക്കു കോളേജ് കുമാരനായ ഞാൻ അടുത്ത നിമിഷത്തിൽ ഉത്തരവാദിത്തമുള്ള അദ്ധ്യാപകനായി ക്‌ളാസെടുക്കാൻ തുടങ്ങി ,തികച്ചും അസ്വസ്ഥമായ മനസോടെ .
ആ പീരീഡ് കഴിഞ്ഞ് ഞാൻ നേരേ പോയത് എച്ച് എം ന്റെ അടുത്തേയ്ക്കാണ് .
"സാർ .. ഒരു കംപ്ലയിന്റ് ഉണ്ട് .. "
"കംപ്ലയിന്റ് ആർക്കാ റോയ് സാറേ ? സാറിനോ അതൊ സാറിന്റെ ക്ലാസ്സിലെ പിള്ളേർക്കൊ ? "
മുഖത്തിരിക്കുന്ന കണ്ണടയ്ക്ക് മുകളിലൂടെ ഒരു നേർത്ത ചിരിയോടെ അദ്ദേഹം എന്നേ നോക്കി .
"അതെന്താ സാറേ അങ്ങനൊരു ചോദ്യം ? പരാതി എനിക്കു തന്നെയാ . എന്റെ ക്ലാസ്സിലെ ഒരു കുട്ടി താമസിച്ചാണ് ക്ലാസ്സിൽ എത്തിയത് . അതും പോരാഞ്ഞിട്ട് അവളുടെ ഒരു നീണ്ട പ്രസംഗോം. സാർ ഇതിന് എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കണം "
"സാറു പത്ത് എ യിലല്ലേ ? അങ്ങനെ കുഴപ്പക്കാരൊന്നുമുള്ള ക്‌ളാസല്ലല്ലോ അത് .
ഓ ഇന്ദുലേഖേടെ കാര്യമാണോ ? അതു വീട്ടു കളയെടോ .. ആ കൊച്ചൊരു പാവമാ.. മിടുക്കി . കേട്ടിട്ടില്ലേ ഈ സകല കലാ വല്ലഭൻ എന്നൊക്കെ .. ഇത് അതിന്റെ ഒരു ചെറിയ പെൺ വേർഷനാ ..താൻ പുതിയ ആളായതു കൊണ്ടാ അറിയാത്തത് . സാരമില്ല ഇനിയും സമയമുണ്ടല്ലോ .. വേറൊന്നുമില്ലല്ലോ .. എന്നാൽ ശരി .. "
പറഞ്ഞ് അവസാനിപ്പിച്ചത് പോലെ അദ്ദേഹം തന്റെ ജോലി തുടർന്നു .
അവിടെ നിന്നിട്ട് പ്രത്യേകിച്ചു വല്യ കാര്യമൊന്നുമില്ലെന്ന് തോന്നിയ ഞാൻ സ്റ്റാഫ് റൂമിലേക്ക് പോയി .
പിന്നീടുള്ള ദിവസങ്ങളിലും വൈകി തന്നേ അവൾ വന്നുകൊണ്ടിരുന്നു .. ക്ലാസ്സ് ടീച്ചർ ആയതു കൊണ്ടും ആദ്യത്തെ പീരീഡ് എന്നും എനിക്കായിരുന്നത് കൊണ്ടും അവളേ വഴക്കു പറഞ്ഞും പരിഹസിച്ചും എന്റെ ആദ്യ ദിവസത്തെ തട്ടു കേട് ഞാനും മാറ്റി കൊണ്ടിരുന്നു .. പക്ഷേ പിന്നീട് ഒരിക്കലും അവൾ പ്രതികരിച്ചു കണ്ടില്ല . അതെന്റെ ഉത്സാഹം കെടുത്തി , എന്നു മാത്രമല്ല എന്റെയാ പ്രവൃത്തി ഞാനും മെല്ലെ നിർത്തി .
പെട്ടെന്നൊരു ദിവസം മുതൽ അവൾ നേരത്തേ ക്ലാസ്സിലെത്തി തുടങ്ങി .
അവൾക്കപ്പോൾ എന്നേ പേടിയൊക്കെ ഉണ്ട്.
ആഹാ ..എനിക്കെന്നോട് തന്നെ മതിപ്പ് തോന്നി .
ഒരു ദിവസം എന്റെ പീരീഡ് കഴിഞ്ഞപ്പോൾ ഹോം വർക്ക് ബുക്ക് വയ്ക്കാൻ സ്റ്റാഫ് റൂമിലേക്ക് അവളേ ഞാൻ മനപ്പൂർവം പറഞ്ഞു വീട്ടു . ഇന്നവളോട് രണ്ടു് പറഞ്ഞിട്ട് തന്നെ കാര്യം എന്നു മനസ്സിൽ ഉറപ്പിച്ച് ഞാനും അവളുടെ പിന്നാലേ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു .
"സാർ ഇവിടെ വച്ചാൽ മതിയോ ?"
കൊണ്ടു പോയ ബുക്കുകൾ എന്റെ ഇരിപ്പിടത്തിന്റെ പിന്നിലായുള്ള ഷെൽഫിൽ വച്ചിട്ട് അവൾ എന്നോടു ചോദിച്ചു .
"അതു താൻ എവിടെങ്കിലും വയ്ക്ക് . എന്നിട്ട് അവിടൊന്നു നിന്നേ ."
പോകാൻ തുടങ്ങിയ ആള് ഞാൻ പറഞ്ഞതു കേട്ട് തിരിഞ്ഞു .
"എന്താ സാർ ?"
"താടിയുള്ളപ്പനേ പേടിയുള്ളു എന്നൊരു ചൊല്ലുണ്ട് . താൻ കേട്ടിട്ടുണ്ടോ ? ഇല്ലേൽ ഇപ്പോൾ കേട്ടോ . അപ്പൊൾ പറയേണ്ടതു പോലെ പറഞ്ഞാൽ അനുസരിക്കാനും ഇന്ദുലേഖയ്ക്ക് അറിയാം അല്ലേ ?"
അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി . അത്ഭുതമോ പരിഹാസമോ അങ്ങനെ എന്തൊക്കെയോ ഉള്ളൊരു നോട്ടം . സത്യം പറയണമല്ലോ , അവളുടെ കണ്ണിലും മുഖത്തും ഒക്കെ ഭാവങ്ങൾ ഇങ്ങനെ മാറി മാറി വരും . അതെങ്ങനാ ആട്ടക്കാരിയല്ലേ ? വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ .
"സാറു പറഞ്ഞ ആ ചൊല്ലുണ്ടല്ലോ ?അതു ഞാൻ കേട്ടിട്ടില്ല കെട്ടോ. കേൾക്കേണ്ട കാര്യോമില്ല. കാരണം എന്റപ്പന് താടിയില്ല . ആപ്പാപ്പന് താടിയുണ്ടാരുന്നോ എന്നറിയാനും മേലാ . അതെങ്ങനാ ഞാൻ എത്തുന്നതിനു മുൻപ് പുള്ളി അങ്ങു പോയില്ലേ ? പിന്നെ , സാർ അനുസരണക്കേട് എന്നുദ്ദേശിച്ചത് എന്റെ താമസിച്ചുള്ള വരവിനെ ആണെന്ന് മനസിലായി . അതെന്റെ അച്ഛൻ വന്നു എച് എം നോട് സ്പെഷ്യൽ പെർമിഷൻ വാങ്ങിയിരുന്നതുകൊണ്ടാ . ഇപ്പോൾ ഞാൻ സമയത്ത് ക്ലാസ്സിൽ വരുന്നത് സാറിന്റെ ഈ ഇല്ലാത്ത മീശയും താടിയും കണ്ടു പേടിച്ചിട്ടൊന്നുമല്ല.
ഒൻപതരയ്ക്ക് ഇവിടെത്തുന്ന ഒരു ബസ് കെ എസ് ആർ ടീ സീ പുതിയതായി സർവീസ് തുടങ്ങി . അതുകൊണ്ടാ ..പിന്നേ ആറു കിലോമീറ്റർ എന്നും നടന്നു വരാൻ എനിക്കു വട്ടല്ലേ ? പിന്നൊരു ചെറിയ കാര്യം കൂടി .. പഠിപ്പിക്കുന്ന അദ്ധ്യാപകരോട് പേടീം ഭയോമൊന്നുമല്ല ആദരവും സ്നേഹവും ഒക്കെയാണ് വേണ്ടതെന്നാ എന്നേ പോലെയുള്ള പിള്ളേര് ധരിച്ചു വച്ചിരിക്കുന്നത് . ആ തോന്നല് തെറ്റാണെങ്കിൽ ക്ഷമിച്ചേക്കണേ സാറേ ..."
അത്രയും പറഞ്ഞ് ഒരു ചിരിയോടെ അവൾ ഇറങ്ങിപ്പോയപ്പോൾ മീശയും താടിയും ഇല്ലാത്ത എന്റെ മുഖം മെല്ലെ ഞാനൊന്നു തഴുകി . ഒപ്പം ഈ സംഭവം ആരെങ്കിലും കണ്ടോ എന്നറിയാൻ കണ്ണുകൾ കൊണ്ട് ചുറ്റിലും ഒന്നു പരതി .
"ഇതിന്റെ വല്ല കാര്യോമുണ്ടായിരുന്നോ സാറേ ?"എന്ന് ഹിന്ദി പഠിപ്പിക്കുന്ന ജോസഫ് സാർ ..
"ഇന്നേതായാലും ഞങ്ങളിതു ആരോടും പറയില്ല അല്ലേ ജോസഫ് സാറേ " എന്ന് ബയോളജീലെ ലീന ടീച്ചർ ..
"ഈ പീരീഡ് റോയ് സാറിന് ക്ലാസ്സില്ലല്ലോ ? പോയി ഒരു സ്ട്രോങ്ങ് ചായ കുടിക്ക് .. ക്ഷീണം മാറാൻ നല്ലതാ " എന്ന് പി ടീ സാർ
അതിനു ശേഷം ഇന്ദുലേഖയെ കാണുമ്പോൾ ഒക്കെ എനിക്കൊരു വീർപ്പുമുട്ടലായിരുന്നു . ഈ ഇത്തിരി പോന്ന കൊച്ചിന്റെ മൂന്നിൽ ഒന്നുമല്ലാതായി പോയോ എന്നൊരു തോന്നൽ . എന്നാലും അവളു പറഞ്ഞ രണ്ടു് കാര്യങ്ങൾ ഞാൻ മനസ്സിൽ കുറിച്ചിട്ടു .. അതിന്റെ ഫലമായി ഞാനും എന്റെ വിദ്യാർത്ഥികളും തമ്മിലുള്ള അകലം കുറഞ്ഞു ;അല്ല ഞാൻ കുറച്ചു .. മാത്രമല്ല .. എന്റെ മുഖത്തും മീശയും താടിയും ഒക്കെ വരുമെന്ന് ഞാൻ എന്നേ .... എന്നേ മാത്രം ബോദ്ധ്യപ്പെടുത്താനും തുടങ്ങി . അപ്പോഴൊക്കെ ഇന്ദുലേഖയുടെ ചിരിക്ക് ഒരു ആക്കി ചിരിയുടെ ഛായ ഉണ്ടോ എന്ന് ഞാൻ സംശയിക്കാതിരുന്നില്ല .
അങ്ങനെ ഫസ്റ്റ് ടേം എക്സാം കഴിഞ്ഞു . എല്ലാ വിഷയത്തിലും ഇന്ദുലേഖ തന്നെ ഒന്നാം സ്ഥാനത്ത്.
പാട്ട് .. നൃത്തം .. പ്രസംഗം ..ഇതൊന്നും കൂടാതെ ചിത്ര രചന .. എല്ലാത്തിലും അവൾ മുന്നിലായിരുന്നു .
അവൾ ആരാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത് . അധ്യാപകരോട് വിദ്യാർത്ഥികൾക്ക് മാത്രമല്ല തിരിച്ചും സ്നേഹവും മതിപ്പും ഒക്കെ തോന്നാം .. അതിൽ ഒരു തെറ്റുമില്ലെന്ന് ഞാൻ എന്നേ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി.
എന്റെ ഇത്രയൂം നാളത്തെ അധ്യാപക ജീവിതത്തിലെ ഏറ്റവും പ്രീയപ്പെട്ട ഒരു കൂട്ടം വിദ്യാർത്ഥികൾക്കൊപ്പം എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടി അവൾ ആ സ്‌കൂൾ വീട്ടു .
അടുത്ത വർഷങ്ങളിലെ എന്റെ ക്ലാസ്സും കുട്ടികളും ഒക്കെ എനിക്ക് ആവേശം തന്നെ ആയിരുന്നു . വർഷങ്ങൾ പലത് പിന്നിടുമ്പോഴും പക്ഷേ എവിടെയും ഇന്ദുലേഖയെ പോലൊരു ബഹുമുഖ പ്രതിഭയെ ഞാൻ കണ്ടില്ല .. അവളേ പോലെ അവൾ മാത്രം . ഞാൻ ആദ്യമായി സ്കൂളിലെ ഗ്രൂപ്പ് ഫോട്ടോ ആൽബം തുറന്നു. അവസാനത്തേത് തുടങ്ങി പിന്നിലേക്ക് മൂന്നു നാലു പേജുകൾ മറിച്ചപ്പോൾ ഇന്ദുലേഖയുടെ ബാച്ചുകാരുടെ ഫോട്ടോ കണ്ടു .അതിൽ ഞാൻ കണ്ടു ഇടത്തെ അറ്റത്ത് ചമയങ്ങളേതുമില്ലാതെ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന സുന്ദരിക്കുട്ടിയെ . ആ മുഖം കൂടുതൽ മിഴിവോടെ കാണാൻ വേണ്ടി മാത്രം ആ ചിത്രം ഞാൻ എന്റെ മൊബൈൽ ഫോണിൽ പകർത്തി , തെറ്റാണെന്ന് മനസു പറയുന്നതൊന്നും കേൾക്കാതെ .
പിന്നെയുള്ള അവധി ദിവസങ്ങളൊക്കെ അവളേ പറ്റിയുള്ള അന്വേഷണത്തിനായി മാറ്റി വെച്ചു . അധികം കഷ്ടപ്പെടാതെ തന്നെ ഞാൻ കണ്ടെത്തി അവൾ എവിടെയാണെന്നും എന്തു ചെയ്യുകയാണെന്നും .
എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി കൂടിയായ സ്വന്തം അമ്മച്ചി ഒരു ദിവസം എന്നോടു പറഞ്ഞു "നീ ആ കൊച്ചിനേ പോയി നേരിട്ടൊന്നു കണ്ടേച്ചും വാടാ ചെറുക്കാ "എന്ന് .
"അമ്മച്ചി കൂടി വാ ഒരു ധൈര്യത്തിന് "
എന്നു പറഞ്ഞ എന്നോട് ഭിത്തിയിൽ ചിരിതൂകിയിരിക്കുന്ന അപ്പന്റെ ഫോട്ടോ ചൂണ്ടി അമ്മച്ചി പറഞ്ഞു
" നീ അങ്ങേരുടെ മോൻ തന്നെയാണോടാ ? ഒന്നുമല്ലേലും ഒരു പെണ്ണിനേ പോറ്റാനുള്ള പ്രായമൊക്കെ ആയില്ലിയോ നിനക്ക് ?മാന്യമായ ഒരു ജോലീമോണ്ട്. പിന്നെന്നതാടാ നിന്റെ പ്രശ്നം ? കെട്ടാനുള്ള പ്രായോമായില്ല , ചെലവിന് തരാനൊരു മാർഗോമില്ല . എന്നിട്ടും അങ്ങേര് എന്നേം കൊണ്ട് പൊന്നില്ലായോ ? എന്നതാ കാര്യം ? ചങ്കൊറപ്പും പിന്നെ എന്നോടുള്ള ഭ്രാന്തു പിടിക്കുന്ന സ്നേഹോം ."
ഏതോ ഓർമ്മയിൽ അമ്മച്ചി ഒന്നു മന്ദഹസിച്ചു .
"അമ്മച്ചീടെ വർത്താനം കേട്ടാൽ തോന്നുമല്ലോ ഞാനും അവളും കൂടി പ്രേമിച്ചു പാട്ടും പാടി നടക്കുവാണെന്ന്. നിങ്ങളൊന്നു വെറുതേ ഇരിക്കുന്നുണ്ടോ ?" എനിക്കു ദേഷ്യം വന്നു .
"ആ പെങ്കൊച്ചിന്റെ കാര്യം എനിക്കറിയാൻ മേലാ . എന്നാൽ നിന്റെ കാര്യം അതുപോലാണോ ? ഈ മുപ്പതാം വയസിലും കുറച്ചൂടെ കഴിയട്ടമ്മച്ചീ എന്നും പറഞ്ഞേന്റെ പൊന്നുമോനിരിക്കുന്നത് ആ കൊച്ചിന് കേട്ടു പ്രായമാകാനല്ലിയോ ? പേടിച്ചും മറ്റുമിരിക്കാതെ പോയി ചോദീരെടാ ആ കൊച്ചിനോട് നീ അതിനേ കെട്ടിക്കോട്ടെ ?എന്ന് "
മാസങ്ങൾ പിന്നെയും കടന്നു പോയി. പക്ഷേ അവളേ നേരിൽ കണ്ട് എന്റെ മനസ് തുറക്കാൻ ഉള്ള ധൈര്യം തരാൻ അമ്മച്ചീടെ മോട്ടിവേഷൻ ക്ലാസ്സുകൾക്കായില്ല .
അങ്ങനെ ഒരു ദിവസം രാവിലേ ഞങ്ങൾക്കുള്ള കഞ്ഞി വിളമ്പുകയായിരുന്നു അമ്മച്ചി . അപ്പനുള്ള കാലത്തേ ഒരു ശീലമാ ഈ കഞ്ഞി . ആഴ്ചയിൽ ഒരിക്കലെങ്കിലും നാടൻ ഭക്ഷണം വേണമെന്ന് അപ്പന് നിര്ബന്ധമാരുന്നു . കഞ്ഞീടെ കൂടെ ചേനയോ ചെമ്പോ വച്ചുണ്ടാക്കിയ ഒരു കറിയും പിന്നെ പപ്പടോം അച്ചാറും . അപ്പൻ പോയിട്ടും അമ്മച്ചി ആ പതിവ് ഇന്നും തുടരുന്നു .മേമ്പൊടിക്ക് എന്നും കാണും പണ്ട് അപ്പന്റെ കൂടെ ഒളിച്ചോടിയ കാലത്തെ എന്തെങ്കിലും ഉടായിപ്പു കഥകളും . അമ്മച്ചി കഥയ്ക്ക് വട്ടം കൂട്ടുമ്പോഴേ ഞാൻ പറയും കഞ്ഞി കഥ പറയാൻ പോകുന്നു എന്ന് . അപ്പൊൾ അമ്മച്ചി അതൊന്നു തിരുത്തും . അങ്ങനല്ലെടാ കഞ്ഞിയോട് കഥ പറയാൻ പോകുവാ എന്ന് .
അന്നും പറഞ്ഞു അമ്മച്ചി ഒരു കഥ . കണ്ണീരിന്റെ ഉപ്പുള്ള ഒരു കുഞ്ഞു കഥ .
"മൂന്നു പെങ്കൊച്ചുങ്ങളുടെ കൂടെ വളന്നത് കൊണ്ടാരിക്കും നമ്മുടെ റോയിച്ചന് ഒരു തന്റെടോം ഉശിരുമൊന്നുമില്ല അല്ലിയോടി " എന്നും പറഞ്ഞു അങ്ങേര് ദെണ്ണപ്പെടുമാരൂന്നു .
അപ്പൊൾ ഞാൻ പറയും എപ്പോഴും തന്റേടം കാണിക്കുന്നേ എന്നാത്തിനാ ? ആവശ്യമുള്ളപ്പം അവൻ കാണിച്ചോളും . നിങ്ങടെ മോനല്ലിയോ അവനെന്ന് . "
അത്രയും പറഞ്ഞ് അമ്മച്ചി എന്നേ ഒന്നു നോക്കി .
"നിനക്കോർമ്മയുണ്ടോ വരുന്നേന്റെ അടുത്ത മാസം അങ്ങേരുടെ ആണ്ടാ . ആ കല്ലറയ്ക്കൽ ചെല്ലുമ്പോൾ നീ പറഞ്ഞത് കള്ളമാരുന്നു അല്ലിയോടിന്ന് എന്നോട് അങ്ങേര് ചോദിച്ചാൽ ഞാനെന്നാ മറുപടി പറയും ? " പറഞ്ഞു നിർത്തിയിട്ട് അമ്മച്ചി കണ്ണു തുടച്ചു .
ഒന്നും മിണ്ടാതിരുന്നു കഞ്ഞി കുടിച്ചു വേഗം ഞാൻ എഴുനേറ്റു മുറിയിലേക്ക് പോയി . അര മണിക്കൂറിനുള്ളിൽ ഒരു യാത്രയ്ക്കു തയ്യാറായി ബാഗും തൂക്കി വന്ന എന്നേ കണ്ട് അമ്മച്ചി കണ്ണു മിഴിച്ചു .
"നീയിതെങ്ങോട്ടാ ഈ സമയത്തൊരു യാത്ര? ഇന്നു ശനിയാഴ്ച അല്ലിയോ ? നാളെ പഠിത്തമില്ലല്ലോ . പിന്നെന്നാ ? "
"സ്കൂളിലൊട്ടല്ലമ്മച്ചീ .. ഇതു വേറൊരു അത്യാവശ്യ കാര്യത്തിനാ . "
"എങ്ങോട്ടാണേലും പറഞ്ഞേച്ചും പോടാ "
"ഒക്കെ വന്നിട്ട് വിശദമായിട്ട് പറയാം . എന്റെ ത്രേസ്യാക്കുട്ടി ഒന്നു മുട്ടിപ്പായി പ്രാർത്ഥിച്ചേക്കണേ " എന്നും പറഞ്ഞ് ആ നെറ്റിയിൽ എന്റെ നെറ്റിയൊന്നു മുട്ടിച്ചു ഞാൻ പുറത്തേയ്ക്കു നടന്നു .
തിരുവനതപുരത്തിനുള്ള സൂപ്പർ ഫാസ്റ്റിൽ ഇരിക്കുമ്പോൾ അന്നു വരെ തോന്നാത്ത ചില സംശയങ്ങൾ എന്റെ മനസിനെ പൊള്ളിക്കാൻ തുടങ്ങി . ആറു വർഷമായി അവളേ കണ്ടിട്ട് . അവളെന്നേ ഓർക്കുന്നുണ്ടാവുമോ ? ഏയ് മറന്നു കാണുകേല . എന്നാലും അത്രേം മിടുക്കിയായ ഒരു പെണ്ണല്ലേ ? മനസു കൊണ്ടെങ്കിലും അവൾ ആരുടെ എങ്കിലും സ്വന്തമായിക്കാണുമോ ? ആ ചിന്തയിൽ ഞാനൊന്നു പിടഞ്ഞു . വേണ്ടാത്ത
ചിന്തകൾക്ക് കടിഞ്ഞാണിട്ട് ഞാൻ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി കിടന്നു .
അഞ്ചര മണിക്കൂർ നീണ്ട യാത്രയ്ക്കു ശേഷം ട്രിവാൻഡ്രം സി എ അക്കാദമിയുടെ ലേഡീസ് ഹോസ്റ്റലിലെ സന്ദർശക മുറിയിൽ അവൾക്കായി ഞാൻ കാത്തിരുന്നു . നാലഞ്ചു മിനിറ്റുകളുടെ കാത്തിരിപ്പിനൊടുവിൽ അവളെത്തി ...
ഇന്ദുലേഖ .. ഇമ വെട്ടാതെ ഞാൻ അവളേ നോക്കി. പണ്ടത്തെ ആ മിനുത്തുരുണ്ട കൊച്ചു പെൺകുട്ടിയുടെ ഓമനിത്തത്തിൽ നിന്ന് നീണ്ടു മെലിഞ്ഞ സുന്ദരിയിലേക്കുള്ള അവളുടെ വളർച്ച ഞാൻ കണ്ണു നിറച്ചു കണ്ടു .
"സാർ ... "
അവളുടെ അത്ഭുതവും ആഹ്ലാദവും നിറഞ്ഞ ശബ്ദം .
"തനിക്കെന്നേ ഓർമ്മയുണ്ടോടോ ?? "
എന്നുള്ള എന്റെ ആർദ്രമായ ചോദ്യത്തിന് നിറഞ്ഞ കണ്ണുകൾ കൊണ്ടുള്ള ഒരു നോട്ടം മാത്രമായിരുന്നു അവളുടെ മറുപടി .
"സാറെന്താ ഇവിടെ ? "
അവളുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുൻപിൽ ഞാനൊന്നു പരുങ്ങി .
"വരേണ്ട അത്യാവശ്യമുണ്ടായിരുന്നു , വന്നു. ദാറ്റ്സ് ഇറ്റ് . ".
"ഇവിടെ അടുത്താണോ സാറിന്റെ വീട് ? അതൊന്നും അറിയില്ല അതു കൊണ്ടു ചോദിച്ചതാ . അന്നൊക്കെ ചോദിക്കാൻ പേടിയാരുന്നു . ഇന്നിപ്പോൾ ഗെറ്റ് ഔട്ട് ഒന്നും അടിക്കില്ലല്ലോ . ആ ധൈര്യത്തിലാ ചോദിച്ചേ . ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയണ്ട കെട്ടോ " അവൾ മുൻകൂർ ജാമ്യമെടുത്തു .
"ഇഷ്ടക്കേടൊന്നുമില്ല പറയാം . അതിനാ വന്നതും . പക്ഷേ ഇതിനുള്ളിൽ വേണ്ടാ . പുറത്തെവിടെങ്കിലും ഇരിക്കാൻ സൗകര്യമുണ്ടോ ? " ഞാൻ ചുറ്റും നോക്കി
"ഉണ്ട് സാർ .. ദാ അവിടെ ആ ചെമ്പകത്തിനടുത്ത് ബെഞ്ച് ഉണ്ട് . അവിടെ ഇരിക്കാം . " അവൾ വാതിലിന് ഇടത്തു വശത്തേയ്ക്ക് വിരൽ ചൂണ്ടി .
പുറത്തിറങ്ങി അവൾ പറഞ്ഞ സിമന്റു ബഞ്ചിൽ ഞാനിരുന്നു . ഇരിക്കാൻ മടിച്ചു നിന്ന അവളേ നിര്ബന്ധപൂർവം ഞാൻ എന്റെ അടുത്തിരുത്തി .
"എന്താ അറിയേണ്ടത് ? ചോദിച്ചോ . ഗെറ്റ് ഔട്ട് അടിക്കില്ല വഴക്കും പറയില്ല പോരേ ?"
"അല്ലാ അങ്ങനെയല്ല ..അതു ഞാൻ വെറുതേ .." അവൾ വാക്കുകൾക്കായി പരതി .
"എങ്ങനെയല്ലെന്ന് ?
എന്തെങ്കിലും അറിയണേൽ ഇപ്പം ചോദിച്ചോ . പിന്നെ ഞാനൊന്നും പറയുകേല കേട്ടല്ലോ !! "
"എങ്കിൽ പറ എവിടെയാ സാറിന്റെ വീട് ? അച്ഛൻ 'അമ്മ ഭാര്യ കുട്ടികൾ എല്ലാരെ പറ്റിയും പറ കേൾക്കട്ടെ .."
ആകാംഷയോടെ അവളെന്നേ നോക്കി .
എന്റെ ആവേശമെല്ലാം കെട്ടടങ്ങാൻ ആ ഒരു നിമിഷം ധാരാളമായിരുന്നു . അപ്പൊൾ എന്റെ ഇല്ലാത്ത കെട്ടിയോടെ ചരിത്രം അറിയാനുള്ള ആക്രാന്തമാ അല്ലേ ?? മനസുകൊണ്ട് ഞാനവളുടെ രണ്ടു് ചെവിക്കും പിടിച്ചു .
എന്നിട്ടു മെല്ലെ പറഞ്ഞു തുടങ്ങി
"എന്റെ വീട് അങ്ങു പൂഞ്ഞാർ ആണ് . അപ്പൻ ഞങ്ങളേ ഒക്കെ വിട്ടു പോയിട്ട് എട്ടൊമ്പത് വർഷം കഴിഞ്ഞു . അമ്മച്ചിയുണ്ട് . മൂന്നു സഹോദരിമാരും അവളുമാരുടെ കെട്ടിയോന്മാരും കൊച്ചുങ്ങളും ഒക്കെയുണ്ട് . പിന്നെ എനിക്കു സ്വന്തമായിട്ട് പിള്ളേരില്ല .". ഞാൻ വാക്കുകളിൽ കുറച്ചു ശോകമിട്ട് അവളേ നോക്കി .
" അയ്യോ സത്യമായിട്ടും അതെനിക്കറിയില്ലാരുന്നു കേട്ടോ . ഞാനായിട്ട് സാറിനെ സങ്കടപ്പെടുത്തി . പ്ലീസ് എന്നോട് ക്ഷമിക്ക് .. സോറി .. " ആ
കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ട് .
" പിന്നെ എന്നാന്നു വച്ചാ ഞാൻ വിവാഹം കഴിച്ചില്ല , അതുകൊണ്ടാരിക്കും പിള്ളേരുമില്ല . അതു പോട്ടെ അതിനു താനെന്തിനാ എന്നോട് സോറി പറയുന്നേ ?"
ഒരു വളിച്ച ചിരിയോടെ ഞാനതു പറഞ്ഞപ്പോൾ അവളെന്നെ ഒരു നോട്ടം . "ഇയാൾ എന്തൊരു ദുരന്തമാ ? " എന്നോ മറ്റോ ആയിരുന്നെന്നു തോന്നുന്നു ആ നോട്ടത്തിന്റെ അർത്ഥം . അല്ലേലും അവളുടെ നോട്ടത്തിന്റെ അർത്ഥങ്ങളൊക്കെ എനിക്കെന്നും അജ്ഞാതമായിരുന്നല്ലോ
കുറച്ചു നേരത്തേ നിശബ്ദതയ്ക്ക് ഒടുവിൽ എന്റെ മുഖത്തു നോക്കാതെ അവൾ ചോദിച്ചു .
"സാറെന്താ മാര്യേജ് വേണ്ടെന്നു വച്ചത് ? "
"സത്യം പറഞ്ഞാൽ വേണ്ടെന്ന് വച്ചതല്ല. അതൊരു കഥയാ . പറയണോ ?? കഥ പറയാൻ മിടുക്കി എന്റമ്മച്ചിയാ . ആ ഗുണമൊന്നും എനിക്കു കിട്ടിയിട്ടില്ലെന്നേ . ഞാൻ പറഞ്ഞാൽ ചെലപ്പം തനിക്കു ബോറടിക്കും ."
"അതു ഞാൻ സഹിച്ചു . പിന്നെ വലിച്ചു നീട്ടാതെ ചുരുക്കി പറയണേ ..അതു വേറൊന്നും കൊണ്ടല്ല . ആറു മണി ആയാൽ സന്ദർശകരെ ഒക്കെ പുറത്താക്കി സെക്യൂരിറ്റി ഗേറ്റ് അടയ്ക്കും . ആറു മണിക്കിനി കുറച്ചേ സമയം കൂടിയേ ഉള്ളൂ . അതാ ..". നിറഞ്ഞ ആകാംഷയോടെ അവളെന്നേ നോക്കി .
ഏങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാതെ ഞാനൊരു നിമിഷം നിന്നു .
"ഏഴു വർഷങ്ങൾക്കു മുൻപായിരുന്നു ഞാനൊരു സ്കൂളിൽ ജോലിക്കു കേറിയത് . കുറച്ചകലെയുള്ളൊരു ഗ്രാമത്തിൽ. നന്മയുള്ള ആൾക്കാരേ കൊണ്ടു നിറഞ്ഞ ഒരു കൊച്ചു ഗ്രാമം . എനിക്ക് ശരിക്കും ഇഷ്ടമായി ആ നാടും സ്കൂളും കുട്ടികളേം ഒക്കെ . ആ കൂട്ടത്തിൽ ഒരു വഴക്കാളി എന്നും എന്നേ വെറുപ്പിച്ചു കൊണ്ടിരുന്നു . പിന്നെ എന്നാന്നു വച്ചാ അവളേ എനിക്കൊഴിച്ചുള്ള എല്ലാ അധ്യാപകർക്കും വല്യ കാര്യമാരുന്നു . അതിന്റെ കുറച്ച് അഹങ്കാരോം ആ സാധനത്തിനുണ്ടാരുന്നു കെട്ടോ !! " ഞാൻ ഒന്നു നിർത്തി .
"അവൾ അവിടം വീട്ടു പോയപ്പോൾ ശല്യം ഒഴിഞ്ഞെന്നു കരുതി എന്തൊരു സമാധാനമാരുന്നു എന്നറിയാമോ എനിക്ക്? പക്ഷേ ആ ശല്യമില്ലാതെ എന്റെ ദിവസങ്ങൾ നിറം കേട്ടു പോകുന്നത് ഞാൻ പതിയെ തിരിച്ചറിഞ്ഞു . ഞാനൊരു അദ്ധ്യാപകനാണെന്നും ഈ വക ചിന്തകൾ പോലും അനാവശ്യമാണെന്നും എന്റെ മനസാക്ഷി എന്നോട് നിരന്തരം വാദിച്ചു . ഇതിനിടേൽ അമ്മച്ചീടെ നിരാഹാരോം .. ഞാൻ പുര നിറഞ്ഞു നിക്കുന്നേന്നും പറഞ്ഞ്. എന്തിനാ കൂടുതൽ പറയുന്നേ ? അല്ലേലും വലിച്ചു നീട്ടാതെ കഥ തീർക്കണമെന്നല്ലിയോ താൻ പറഞ്ഞതും . കാര്യം ദാ ഇത്രേയുള്ളൂ . അവിടെ തുടങ്ങിയ യാത്ര ....എന്റെ ഒറക്കം കെടുത്തിയ ആ നക്ഷത്ര കണ്ണുകൾ തേടിയുള്ള യാത്ര ഇവിടെ ദാ തന്റെ മുൻപിൽ എത്തി അവസാനിച്ചിരിക്കുന്നു .."
പറഞ്ഞു നിർത്തിയിട്ട് ഞാൻ ഇടം കണ്ണിട്ടു അവളേ നോക്കി . അവളാണെങ്കിൽ ഒരു വികാരവുമില്ലാതെ വെറും നിലത്തു നോക്കി കുനിഞ്ഞിരിക്കുന്നു .. എന്തെങ്കിലും ഒന്നു പറയെന്റെ കൊച്ചേ എന്ന് എന്റെ അന്തരംഗം അലമുറയിട്ടു .. എവിടെ? ? അതോ ഇനി കൊള്ളാവുന്ന ഏതേലും ചെക്കൻ വളച്ചു കഴിഞ്ഞോ അവളേ ?? അങ്ങനെ വല്ലോം സംഭവിച്ചാൽ ബോബിട്ടു കൊല്ലും ഞാനെല്ലാത്തിനേം .. പിന്നല്ല എന്നോടാ കളി ..
"വീട് പൂഞ്ഞാറിലാണെന്നല്ലേ പറഞ്ഞത് ?? അപ്പൊൾ സർ തിരിച്ചെങ്ങാനാ പോകുന്നെ?"
ഓ എന്നേ പറഞ്ഞു വിടാൻ എന്തൊരു ആവേശമാ ഇവൾക്ക് . അപ്പൊൾ കാര്യം ഞാൻ ഉദ്ദേശിച്ചത് തന്നെ ... ഞാനവളെ ഒന്നിരുത്തി നോക്കി
"അല്ലാ സമയം ആറായി . അതാ .. എന്നാൽ ഞാൻ അകത്തേയ്ക്കു പൊക്കോട്ടെ . ഇനീം നിന്നാൽ വാർഡൻ വഴക്കു പറയും "
എന്റെ മറുപടിക്കോ അനുവാദത്തിനോ ഒന്നും കാത്തു നിൽക്കാതെ അവൾ തിരിഞ്ഞ് അകത്തേയ്ക്കു നടന്നു . ആരോ ചന്തയ്ക്കു പോയ പോലെ എന്ന് എന്നേ നോക്കി ഇടയ്ക്കിടയ്ക്ക് അമ്മച്ചി പറയാറുള്ള പഴഞ്ചൊല്ല് ഓർത്ത് ഒരു നെടുവീർപ്പുമിട്ട് ഞാനും നടന്നു പുറത്തേയ്ക്ക് .
"സാർ ..."
തിരിഞ്ഞു നോക്കിയ എനിക്കു വിശ്വസിക്കാനായില്ല . അവൾ എന്റെ അടുത്തേയ്ക്ക് ഓടി കിതച്ചു വരുന്നു .
"സാറിന്റെ ഒരു ഫോട്ടോ എടുത്തോട്ടെ ? പിന്നെ മൊബൈൽ നമ്പറും ?? " അവളെന്റെ മുൻപിൽ നിന്ന് അണച്ചു . സന്തോഷം കൊണ്ടെനിക്കിരിക്കാൻ അല്ല നിക്കാൻ വയ്യാതായി .
"പിന്നെന്താ . ദാ സേവ് ചെയ്‌തോ " എന്നും പറഞ്ഞു ഞാനെന്റെ നമ്പർ പറഞ്ഞു കൊടുത്തു . എന്നിട്ട് പൂത്തു നിക്കുന്ന ചെമ്പകത്തിൽ ചാരി ഫോട്ടോയ്ക്ക് പോസ് ചെയ്തു .
അവളുടെ ഫോണിൽ നിന്ന് ഇപ്പോൾ ഒരു മിസ്ഡ് കോൾ തരും ...എന്നിട്ട് "ഇതാ എന്റെ നമ്പർ .. എന്നേ വിളിക്കുമോ ചേട്ടാ? എന്നു നാണത്തോടെ അവളിപ്പോൾ ചോദിക്കും എന്നൊക്കെ ചിന്തിച്ച് പ്രതീക്ഷയുടെ ബുർജ് ഖലീഫ കേറി താഴേയ്ക്ക് നോക്കിയ എന്നോട് അവൾ പറയുവാ "അതേ ഞങ്ങൾക്കൊരു വാട്സ് ആപ് ഗ്രൂപ്പുണ്ട് . അതിൽ സാറിന്റെ ഫോട്ടോ ഇട്ടു നോക്കട്ടെ ..എത്ര പേര് തിരിച്ചറിയുമെന്ന് അറിയാല്ലോ " എന്ന് .
"എങ്കിൽ ശരി " അമ്മച്ചീടെ പഴഞ്ചൊല്ല് മനസ്സിൽ ഒന്നു കൂടി ഉരുവിട്ട് ഞാൻ ആ ഗേറ്റ് കടന്നു .
രാത്രി വണ്ടിക്ക് തന്നെ ഞാൻ എന്റെ നാട്ടിലേയ്ക്ക് തിരിച്ചു . തിരിച്ചുള്ള യാത്രയിൽ ഉടനീളം ഞാൻ ആലോചിച്ചത് അമ്മച്ചിയോട് ഇനി എന്തു പറയും എന്നു മാത്രമാണ് .
വീടിന്റെ ഗേറ്റ് കടന്നപ്പോഴേ കണ്ടു വഴിക്കണ്ണുമായി എന്നേ നോക്കിയിരിക്കുന്ന ആളിനേ . സന്തോഷം തോന്നി . ഒപ്പം.. ഈയിടെയായി അമ്മച്ചിയെ സന്തോഷിപ്പിക്കാൻ ആയി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന് ഓർത്ത് ചെറിയ സങ്കടവും
കൂട്ടുകാരന് വൈറൽ ഫീവർ ആയതു കൊണ്ട് കാണാൻ പോയതാ എന്നൊരു കുഞ്ഞു നുണ പറഞ്ഞു തീർന്നപ്പോഴേയ്ക്കും അമ്മച്ചീടെ കൈകൾ എന്റെ നെറുകയിൽ തലോടുന്നത് ഞാനറിഞ്ഞു . അനങ്ങാതെ നിശബ്ദം ഞാനിരുന്നു .
"എന്റെ മക്കള് ദെണ്ണപ്പെടെണ്ടാ .. നിന്നേ സ്വന്തമാക്കാനും മാത്രമുള്ള പുണ്യമൊന്നും ആ കൊച്ചിനില്ലെന്ന് കരുതി സമാധാനിക്ക്"
അമ്മച്ചീടെ വാക്കുകൾ എന്റെ കണ്ണു നിറച്ചു
അല്ലെങ്കിലും മക്കളുടെ മനസ് അമ്മയോളം അറിഞ്ഞ വേറേ ആരുണ്ട് . തിരിഞ്ഞ് അമ്മയേ ചേർത്തു പിടിച്ചു ആ തോളിൽ മുഖം ചായ്ച്ചു ഞാൻ നിന്നു ..
കൂട്ടുകാരനു സുഖമില്ലെന്ന് പറഞ്ഞത് വെറുതേ ആയില്ല . വൈറൽ ഫീവർ ആയിട്ടല്ല ആക്സിഡന്റ് ന്റെ രൂപത്തിൽ അതിങ്ങു വന്നു അടുത്ത ആഴ്ച്ച തന്നെ . കേട്ട പാതി ഞാനോടി ആശുപത്രിയിലേക്ക്. അവനു വേണ്ട സഹായം ഒക്കെ ചെയ്ത് വാർഡിൽ നിന്ന് റൂമിലൊക്കെ ആക്കി വന്നപ്പോൾ രാത്രി ആയി . അമ്മച്ചീടെ വിളി ഇതുവരെ വന്നില്ലല്ലോ എന്നോർത്തു ഫോൺ തിരഞ്ഞപ്പോഴാ മനസിലായത് അപ്പോഴത്തെ ആ തിരക്കിനിടയിൽ പേഴ്‌സ് മാത്രം എടുത്ത് ഓടുകയായിരുന്നു എന്ന്. വൈകാതെ അവനോടും കൂടെ ഉണ്ടായിരുന്ന ബാക്കിയുള്ളവരോടും യാത്ര പറഞ്ഞു വീട്ടിലേക്ക് ഓടി . ഇന്നെന്നതായാലും ത്രേസ്യാകുട്ടീടെ വായിലിരിക്കുന്നത് അത്രയും കേൾക്കേണ്ടി വരുമെന്നു പേടിച്ചു വന്ന ഞാൻ കാണുന്നത് സന്തോഷത്തോടെ എന്റെ ഫോണിലേക്കും നോക്കിയിരിക്കുന്ന അമ്മച്ചിയെ ആണ് .
"എന്തു പറ്റി ? എന്റെ കൊച്ചു ത്രേസ്യാ ഇന്നു വല്യ സന്തോഷത്തിലാണല്ലോ "
വൈകി വന്നതിന് ചീത്ത വിളിക്കാതിരിക്കാൻ ഞാനൊരു മുഴം മുന്നേ എറിഞ്ഞു .
"കാര്യമൊക്കെ ഉണ്ട് . നീ ഇങ്ങോട്ടിരുന്നേ . എടാ ഈശോയോടു ഞാൻ കരഞ്ഞു പറഞ്ഞതൊന്നും ഇന്നോളം നടക്കാതിരുന്നിട്ടില്ല.. അറിയാമോ നിനക്ക് .?"
ഞാൻ ഒന്നു വട്ടം കറങ്ങി ചുറ്റിനും നോക്കി . "എന്നിട്ടെവിടെ ?? കാണുന്നില്ലല്ലോ "
"നീ ആരുടെ കാര്യമാ ഈ പറയുന്നേ ? "
"അല്ലാ അപ്പനേ ഇവിടെങ്ങും കാണുന്നില്ലല്ലോ എന്നു പറയുകാരുന്നേ . അപ്പം അമ്മച്ചി കരഞ്ഞു നിലവിളിച്ചത് അപ്പനേ ഉയർത്തണേ എന്നും പറഞ്ഞല്ലാരുന്നോ ? ".
"നീ പോടാ ചെറുക്കാ .. ദൈവത്തിനു നിരക്കാത്തത് അന്നും ഇന്നും ഇനിയങ്ങോട്ടും നിന്റെയീ അമ്മച്ചി ചെയ്യുകേല . "
"അതൊന്നുമല്ല കാര്യം .എടാ ആ പെങ്കൊച്ചില്ലിയോ ? ഇന്ദുലേഖ .. അവടപ്പൻ വിളിച്ചേക്കുന്നു . അവർക്കു സമ്മതമാ അവരുടെ കൊച്ചിനേ നിനക്കു തരാനെന്നും പറഞ്ഞ്. "
കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാനിരുന്നു .
"ആ കൊച്ച് അതിന്റപ്പനോട് പറഞ്ഞെന്ന് നിന്നോടവൾക്ക് പണ്ടേ ഇഷ്ടമാരുന്നു .. ഇപ്പോഴും അതിനൊരു മാറ്റൊമില്ലെന്ന് . എന്നാലും നിന്നേ ത്തന്നെ കെട്ടു എന്നു നിര്ബന്ധമൊന്നുമില്ല അവൾക്ക് . പക്ഷേ വേറെ കല്യാണത്തെ പ്പറ്റി അവളോട് പറയരുത് എന്ന് മാത്രം .മക്കളേ സ്നേഹിക്കുന്ന അപ്പന്മാര് എന്തു ചെയ്യും?നീ പറ . അത്രേ അങ്ങേരും ചെയ്‌തുള്ളൂ .എന്നേ വിളിച്ചേച്ച് ആ കാര്യം അങ്ങു തീരുമാനിച്ചു . അങ്ങേർക്കൊരു കണ്ടീഷനേ ഒള്ളു . പെണ്ണിന്റെ പഠിത്തം ഇടയ്ക്കു വെച്ചു നിർത്തരുതെന്ന് "
" ഞാനാരാ മോൾ ?? വിട്ടു കൊടുക്കാൻ പറ്റുമോ ? ഒരു കണ്ടിഷൻ ഞാനങ്ങോട്ടും വെച്ചു . .."
"അമ്മച്ചീ ...."
"ഹാ ഞാൻ പറയട്ടെടാ ചെറുക്കാ . അങ്ങനാണേൽ കെട്ട് അപ്പന്റെ ആണ്ടിന് മുന്നേ വേണമെന്ന് .. അല്ല പിന്നെ !!"
"എന്റമ്മച്ചീ സത്യത്തിൽ നിങ്ങളാണെന്റെ മാലാഖ "
"നിന്റെ കേട്ടു കഴിയുമ്പം നീയിത് മാറ്റി പറയുകേലേടാ ??"
ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട് അമ്മച്ചിയെ കെട്ടിപ്പിടിച്ചു .
ചുരുക്കി പറഞ്ഞാൽ അപ്പന്റെ ആണ്ടു കുർബാനയ്ക്ക് അമ്മച്ചീടെ വലത് വശത്ത് നിന്നത് അവളാ നക്ഷത്രക്കണ്ണുകളുള്ള എന്റെ പെണ്ണ് !!!
കുർബാനയും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞു ഞങ്ങളെല്ലാം പോന്നിട്ടും അമ്മച്ചി തിരിഞ്ഞു നിന്ന് അപ്പനോട് പറയുവാ "ഇച്ചായാ ഇനി എനിക്കു സ്വസ്ഥമായിട്ട് നിങ്ങടെ അടുത്തോട്ടു വരാം . എന്നാന്നു വച്ചാ നിങ്ങള് ആഗ്രഹിച്ച ഗുണങ്ങളൊക്കെയുള്ള ഒരു കൊച്ചാ വന്നു കേറിയത് . ഇനി ആ പോങ്ങന്റെ കാര്യം അവളു നോക്കിക്കോളും " എന്ന് .
അമ്മച്ചീടെ ഈ വക ഡയലോഗ് വല്ലോം എന്റെ കെട്ടിയോൾ കേട്ടോ എന്ന് ഇടം കണ്ണിട്ടു നോക്കിയ എന്റെ ചെവിയിൽ അവൾ പറഞ്ഞു .
"അതേ അമ്മച്ചിക്ക് സ്നേഹം കൂടുമ്പോൾ മോനേ വിളിക്കുന്ന പേരൊക്കെ ചേച്ചിമാര് പറഞ്ഞു തന്നാരുന്നു കെട്ടോ ". എന്ന് .
ചിരിച്ചു കൊണ്ടു ഞാൻ തല കുലുക്കി .
"അതേ മാഷേ .. എന്നാ പറ്റി ? വണ്ടിയിൽ കേറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു ഒരുമാതിരി പൊട്ടന്മാരെ പോലെ തലയാട്ടുന്നു .. കുലുക്കുന്നു . ചിരിക്കുന്നു .. എന്താ നിങ്ങടെ ശരിക്കുമുള്ള പ്രശ്നം ? " അവളെന്നേ നോക്കി കണ്ണുരുട്ടി .
"എന്റെ ശരിക്കുള്ള പ്രശ്നമല്ലേ ദാ എന്റെ കൂടിരിക്കുന്നെ ?" പറഞ്ഞിട്ടു ഞാനവളെ ഒന്നു പാളി നോക്കി .. അവളുടെ മുഖത്തു വിരിഞ്ഞ ആ ഭാവത്തിന്റെ അർത്ഥം അന്ന് ആദ്യമായി എനിക്കു പിടികിട്ടി ..
ഓ ഞാൻ ഒരു കാര്യം പറയാൻ വിട്ടുപോയി . ഞങ്ങളൊരു യാത്ര പോകുവാ .ഞങ്ങളെന്നു പറഞ്ഞാൽ ഞാനും എന്റെ പ്രീയതമയും മാത്രം . അമ്മച്ചിക്ക് പണി കൊടുക്കുക എന്നുള്ളതാണല്ലോ നമ്മുടെ ആജന്മ ലക്ഷ്യം . അതുകൊണ്ട് സൽസ്വഭാവികളായ എന്റെ മക്കളെ രണ്ടിനേം അമ്മച്ചിക്കൊപ്പം നിർത്തി ഞങ്ങള് സ്‌ഥലം വീട്ടു. പണ്ട് പറഞ്ഞ അവരുടെ ആ വാട്സ് ആപ് ഗ്രൂപ്പില്ലേ ? അതിന്റെ റീയുണിയനാ . ക്ഷണം എനിക്കും ഉണ്ട് കേട്ടോ . അവരുടെ പഴയ അധ്യാപകനായും പിന്നെ ഇന്ദുലേഖയുടെ പ്രീയപ്പെട്ടവനായും ..
അമ്മച്ചി പറഞ്ഞതു പോലെ ചങ്കുറപ്പും പിന്നെ തീ പോലെ ഭ്രാന്തമായ പ്രണയവും ഒക്കെയുള്ള എന്റെ പെണ്ണിനേയും വഹിച്ചു കൊണ്ട് എന്റെ വാഹനം ഓടി കൊണ്ടേയിരുന്നു അവളേ ഞാൻ ആദ്യമായി കണ്ട ആ സ്കൂൾ ഗ്രൗണ്ടിലേക്ക് ..എന്റെ സ്വപ്ന തീരത്തേയ്ക്ക് ..
സീമ ബിനു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക