ഇന്ന് ഫേസ്ബുക്കിൽ തോണ്ടി കൊണ്ടിരിക്കെ വാട്സാപ്പിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു. ഇവിടുന്നോടി അവിടെ ചെന്നു നോക്കുമ്പോൾ എൽപി സ്കൂൾ മുതലേ കൂടെ പഠിച്ച കൂട്ടുകാരി ജിഷയാണ് .പതിവില്ലാതെ എന്താണെന്ന് കരുതി മെസ്സേജിനു റിപ്ലൈ കൊടുത്തപ്പോൾ വളരെ ശങ്കയോടെ അവൾ എനിക്കൊരു വീഡിയോ അയച്ചു തന്നു. ഡൗൺലോഡ് ചെയ്ത് പ്ലേ ചെയ്തു നോക്കുമ്പോൾ അവളുടെ ഡാൻസ് റെക്കോർഡ് ചെയ്തതായിരുന്നു ആ വീഡിയോ. അതുകണ്ടപ്പോൾ സത്യത്തിൽ വലിയ സന്തോഷം തോന്നി. ഡാൻസ് ചെയ്യുന്ന അവളെ കണ്ടപ്പോൾ ഞാനും എന്റെ സ്കൂൾ കാലഘട്ടത്തിലേക്ക് തിരികെ പോയതുപോലെ.
പണ്ട് ഞങ്ങൾ ഹൈസ്കൂളിൽ പഠിച്ചിരുന്നപ്പോൾ സ്കൂൾ യുവജനോത്സവങ്ങളിൽ പ്രധാന സ്ഥാനം വഹിച്ചിരുന്ന ആളാണ് ജിഷ. സിംഗിൾ ഡാൻസിലും ഗ്രൂപ്പ് ഡാൻസിലും തിരുവാതിരക്കളിയിലും എല്ലാം ജിഷ ഉണ്ടെങ്കിൽ ആ ഗ്രൂപ്പുകാർ തന്നെയാണ് കൂടുതൽ പോയിന്റ് നേടി പ്രഥമസ്ഥാനം അടിച്ചെടുക്കാറുള്ളത്. പലപ്പോഴും ജിഷ ഉൾപ്പെടുന്ന ഗ്രൂപ്പിൽ തന്നെയാണ് ഞാനും ഉണ്ടാകാറുള്ളത്. വേറെ ഏതൊക്കെ പ്രോഗ്രാം സ്കിപ് ചെയ്താലും ജിഷയുടെ ചെസ് നമ്പർ വിളിക്കുമ്പോൾ ഞാനടക്കമുള്ള ഒരുകൂട്ടം പെൺപിള്ളേര് ഇടിച്ചുകയറി സ്റ്റേജിനു മുന്നിൽ തന്നെ സ്ഥാനം പിടിക്കാറുണ്ട്.
മണിച്ചിത്രത്താഴ് സിനിമ ഇറങ്ങിയവർഷം "ഒരു മുറൈ വന്ത് പാർത്തായ"എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് നാഗവല്ലിയായി അവൾ ഞങ്ങളെ വിസ്മയിപ്പിച്ചത് ഇന്നലെ എന്നത് പോലെ ഞാനോർക്കുന്നു .. സ്കൂൾ കാലഘട്ടത്തിനു ശേഷം കുറേ വർഷങ്ങൾ ഞങ്ങളാരും തമ്മിൽ കണ്ടിരുന്നില്ല. ഇന്നത്തെപ്പോലെ ഫോണും സോഷ്യൽ മീഡിയയും ഒന്നും അന്ന് ഇല്ലായിരുന്നല്ലോ. വർഷങ്ങൾക്കുശേഷം എന്റെ മക്കൾ പഠിച്ചിരുന്ന സ്കൂളിലെ എൽകെജി ടീച്ചർ ആയിട്ടാണ് ഞാൻ അവളെ പിന്നീട് കാണുന്നത്. ജീവിത പ്രാരാബ്ധങ്ങൾ ഞങ്ങളെ പല വേഷങ്ങളും കെട്ടിയാടിച്ചിരുന്നു. അതുകൊണ്ടുതന്നെ അന്ന് സംസാരിച്ചതിനിടയിൽ ഡാൻസും പാട്ടും ഒന്നും കടന്നുവന്നില്ല. പിന്നീട് ഇടയ്ക്കിടെ എവിടെയെങ്കിലും വെച്ച് തമ്മിൽ കാണും , സംസാരിക്കും അത്രതന്നെ..
സത്യം പറഞ്ഞാൽ ഞാൻ ഇപ്പോഴും അവളുടെ ഡാൻസിന്റെ ആരാധിക തന്നെയാണ്. വർഷങ്ങളായി തേച്ചുമിനുക്കാതെ, പൊടിയും ക്ലാവും പിടിച്ച ഒരു ഓട്ടുപാത്രം പോലെ അവളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കലാവാസനയെ തുടച്ചു മിനുക്കി തിളക്കമുള്ളതാക്കാൻ അവൾക്കൊരു പ്രചോദനമാകാനെങ്കിലും എന്നെക്കൊണ്ട് കഴിഞ്ഞാൽ അതിലേറെ സന്തോഷമുള്ള കാര്യം മറ്റെന്താണുള്ളത്.
വിവാഹത്തോടെ ഓരോ പെണ്ണും വേണ്ടെന്നു വെക്കുന്ന അവളുടേതായ ഇഷ്ടങ്ങൾ ഒരുപാടുണ്ട്. ഭർത്താവിനും കുട്ടികൾക്കും ബന്ധുക്കൾക്കും വേണ്ടി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളെയും സന്തോഷങ്ങളെയും മറന്ന്, ചുറ്റുമുള്ളവർക്ക് വേണ്ടി കെട്ടിയാടുന്ന ജീവിത വേഷങ്ങളിൽ ഒന്ന് പോലും അവളെ സംതൃപ്തയാക്കുന്നതായി ഉണ്ടാവില്ല. കൂടെയുള്ള ആരും തന്നെ അത് തിരിച്ചറിയുന്നുമുണ്ടാവില്ല. പല വേഷങ്ങൾ പലർക്കും വേണ്ടി ആടുമ്പോൾ ഒരുവേഷമെങ്കിലും അവനവനു വേണ്ടി ഭംഗിയാക്കാൻ കഴിഞ്ഞാൽ അതിനോളം ആത്മനിർവൃതി വേറെ ഉണ്ടാവില്ല.
ഏറെ ഭയത്തോടെ റെക്കോർഡ് ചെയ്ത അവളുടെ പെർഫോമൻസ് വളരെ സങ്കോചത്തോടെയാണ് ഭർത്താവിന്റെ മുന്നിൽ കാണിച്ചതെന്ന് അവളെന്നോട് പറഞ്ഞു. പ്രതീക്ഷിച്ചതിലും വിപരീതമായി അദ്ദേഹം അവളെ കൈകൊടുത്ത് അഭിനന്ദിച്ചു എന്ന് ഹൃദയം നിറഞ്ഞ ആനന്ദത്തോടുകൂടി ആണ് അവൾ എന്നോട് പങ്കു വച്ചത്.എനിക്കത് കേട്ടപ്പോൾ സന്തോഷമായി. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന പങ്കാളിയുമായി ഒരു ജന്മം മുഴുവൻ ജീവിക്കേണ്ടിവരുന്ന എത്രയോ സ്ത്രീകളുണ്ട്.
പ്രിയപ്പെട്ട ആണുങ്ങളെ,
കൂടെയുള്ളവളുടെ ഇഷ്ടങ്ങളെ അടിച്ചമർത്തി അവളുടെ തലയ്ക്കു മുകളിൽ ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും മാത്രം വലിയൊരു ചുമടുവച്ചു കൊടുക്കുമ്പോൾ നിങ്ങൾ ഓർക്കണം., കൂടെയുള്ളതും ഒരു മനുഷ്യനാണ്. ചെറുതെങ്കിലും അവളിലും എന്തെങ്കിലുമൊക്കെ ഒരു കഴിവ് ഉണ്ടായിരിക്കുമെന്ന്.കുഞ്ഞുനാൾ മുതൽ വിവാഹം വരെയും കൊണ്ടുനടന്നിരുന്ന മനോഹരമായ ഒരു സ്വപ്നം അവൾക്കും കാണുമെന്ന് . ആ സ്വപ്നം നേടിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും സ്വപ്നം കാണാനുള്ള അവളുടെ മനസ്സിനെ നിങ്ങൾ ചങ്ങലക്കിടരുത്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവളുടെ ചിന്താശേഷിയെ ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും പേരിൽ നിങ്ങൾ ഇല്ലാതാക്കരുത്. കുടുംബത്തിനുവേണ്ടി അവൾ ചെയ്യുന്ന ഓരോ ചെറിയ കാര്യവും അംഗീകരിക്കേണ്ടതും അഭിനന്ദിക്കേണ്ടതും തന്നെയാണ്. നോക്കൂ ,സ്നേഹം നിറഞ്ഞ ചില വാക്കുകൾ മാത്രം മതി അവളെ നിങ്ങൾ ചേർത്തു നിർത്തുന്നു എന്ന് അടയാളപ്പെടുത്താൻ. കൂടെയുള്ളവളുടെ മുന്നിൽ നടക്കാതെ അവളോട് ചേർന്ന് തന്നെ നടക്കൂ,ജീവിതത്തിലും ചിന്തകളിലും. അവിടെയാണ് നിങ്ങൾ ഒരു നല്ല പങ്കാളിയാകുന്നത്, അവളുടെ മനസ്സറിയുന്ന കൂട്ടുകാരനും കാമുകനും സഹോദരനും പിതാവും ആകുന്നത്.
(ഇതൊരിക്കലും ഒരു സ്ത്രീപക്ഷ വാദിയുടെ എഴുത്തല്ല .ചുറ്റിനുമുള്ള പലരെയും കാണുകയും അറിയുകയും ചെയ്യുമ്പോൾ പറഞ്ഞു പോകുന്നതാണ് .ഇതുപോലൊക്കെ തന്നെയാണ് നമ്മുടെയെല്ലാം വീട്ടിലെ മിക്കവാറും സ്ത്രീകളുടെ കുടുംബജീവിതം .അതിൽ നമ്മുടെയൊക്കെ പെണ്മക്കളും സഹോദരിമാരും ഉൾപ്പെടുന്നുണ്ട് .ഒരായുസ്സ് മുഴുവൻ ഭർത്താവിനും മക്കൾക്കും കുടുംബത്തിനും വേണ്ടി ജീവിച്ചിട്ട് രോഗവസ്ഥയിൽ പോലും ഒരു മനുഷ്യനോടുള്ള പരിഗണന പോലും കിട്ടാതെ മരിച്ചുപോകുന്ന എത്രയോ സ്ത്രീ ജന്മങ്ങൾ ...അവരുടെയൊക്കെ മനസ്സിൽ എന്തെല്ലാം സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നിരിക്കണം .പങ്കുവെക്കപ്പെടുക പോലും ഇല്ലാതെ മണ്ണോടു ചേരുന്ന അവരുടെ മാത്രം ഇഷ്ടങ്ങൾ .)
Written by Gowry Kalyani
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക