Slider

തനിയാവർത്തനം

0
തനിയാവർത്തനം !(കഥ )

“ആയെ മേരെ വദൻ കെ ലോഗോം, സര ആങ് മേ ബർ ലോ പാനി ..
ജോ ഷാഹിദ് ഹ്യൂയെ ഹേ ഉൻ ക്കി, സര യാദ് കരോ കുർബാനി ...”
(എന്റെ രാജ്യ വാസികളെ നിങ്ങളൊന്നു കണ്ണ് നിറക്കു ..
രാജ്യത്തിന് വേണ്ടി ജീവൻ കളഞ്ഞവരെ സ്മരിക്കൂ..)
ലതാജിയുടെ മധുര ശബ്ദം ഞങളുടെ കൊച്ചു വീട്ടിൽ മുഴങ്ങി കേൾക്കുന്നു. ഭർത്താവെന്നും അതി രാവിലെ ഈ ഗാനം കേൾക്കുമായിരുന്നു .ഇന്നെന്റെ കൊച്ചു മകൻ അഭിക്കും രാവിലെ ഈ ഗാനം കേട്ടാലേ തൃപ്തിയാവു ..
വെള്ള യൂണിഫോമിൽ അച്ഛന്റെയും അച്ഛച്ഛന്റെയും മാലയിട്ട ചിത്രങ്ങൾക്ക് മുന്നിൽ നിന്ന് “ജയ് ഹിന്ദ്” പറഞ്ഞ ശേഷം എന്നെ നോക്കി അഭി പറഞ്ഞു –“ഗ്രാനി, ഞാനും സോൾജിർ ആവും”
അവനെ ഞാൻ എന്നോട് ചേര്ത്തു നിർത്തി. എന്റെ അരക്കൊപ്പമുണ്ട് അഭിക്ക് പൊക്കം. കുസൃതിക്കാരൻ.
നിറുകയിൽ തലോടി ഞാൻ പറഞ്ഞു –“വേണ്ട അഭി, മോൻ അമ്മയെ പോലെ എഞ്ചിനീയർ ആയാൽ മതി”
“No Granny, No “-ദേഷ്യത്തിൽ അവന്റെ മുഖം ചുവന്നു. ബാഗുമെടുത്തു അവൻ വെളിയിലേക്കോടി. കുർത്തി വലിച്ചിട്ടു മുടിയൊന്നു മാടിയൊതുക്കി അവന്റെ പിന്നാലെ ഞാൻ ധൃതിയിൽ പായുമ്പോൾ വാതിൽക്കൽ വിനയ-അഭിയുടെ 'അമ്മ!
അവളെ കാണുമ്പോൾ എന്റെ മനസ്സിൽ ഒറ്റ ചോദ്യമേ ഉള്ളു -പെയ്യാൻ വിതുമ്പി നിൽക്കുന്ന കാര്മേഘങ്ങളെ നീ എവിടെയാണ് കുട്ടി ഒളിപ്പിക്കുന്നതു ?
അഭിയെ സ്കൂൾ ബസിൽ കയറ്റി വിട്ടു വരുമ്പോൾ വിനയ ജോലിക്കു പോവാൻ തയ്യാറായി ,മാലയിട്ട ചിത്രങ്ങൾക്ക് മുന്നിൽ തല കുമ്പിട്ടു നിൽക്കുന്നു.
അവളെ നോക്കി ഞാൻ സോഫയിൽ ഇരുന്നു. വിനയ എന്നോട് യാത്ര പറഞ്ഞു വാതിൽ ചാരി പുറത്തേക്കു കടന്നു
കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാന്റെ ഭാര്യയാണ് ഞാൻ. എന്റെ ഏക മകൻ ലഡാക്കിലെ മഞ്ഞു പാളികളിൽ മൂന്ന് വർഷമായി ഒളിച്ചു കിടക്കുന്നു..
ഓരോ എസ് ടി ഡി കോളിന് മുന്നിലും പെയ്യാ തൊഴിയുന്ന മഴമേഘങ്ങൾ കണ്ടില്ലെന്നു വെച്ച് ഞാൻ ഒഴിഞ്ഞു മാറും ...പ്രതീക്ഷയാണ്,ഓരോ നിമിഷവും ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നത്.
ജോ ഷാഹിദ് ഹ്യൂയെ ഹേ ഉൻ ക്കി, സര യാദ് കരോ കുർബാനി ..
ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റു ..
**
“ഗ്രാനി ഇത്തവണ കാശ്മീരിലേക്കാണ് എന്റെ പോസ്റ്റിങ്ങ് “-അഭി പറഞ്ഞത് ഞെട്ടലോടെ ഞാൻ കേട്ടു .
കാശ്മീർ, ഭീകരാക്രമണം കൊണ്ട് തകർന്നിരിക്കുന്ന കാശ്മീർ !
.. എന്റെ ബോധ മണ്ഡലത്തിലേക്ക് വെടിയൊച്ചകൾ ഇരച്ചു കയറി
അഭിയെ യാത്രയയക്കാൻ താഴേക്ക് ചെല്ലുമ്പോൾ എല്ലാ തവണയും പോലെ കണ്ണിലെ കാറിളക്കം കവിള് നനച്ചൊഴുകി..
കാശ് മീരിലേക്കാണ് അവന്റെ യാത്രയെന്നറിഞ്ഞത് മുതൽ എന്തോ എനിക്ക് ഒരുത്സാഹവും തോന്നിയില്ല.
അത് കൊണ്ട് തന്നെയാണ് വിനയ അഭിയുടെ വിവാഹക്കാര്യം സൂചിപ്പിച്ചപ്പോൾ അടുത്ത തവണയാവട്ടെ എന്ന് ഞാൻ വിലക്കിയത്..
“ഗ്രാനി” എന്ന് പറഞ്ഞു എന്നെയവൻ പുണര്ന്നു. “ഒരു ധീര ജവാന്റെ ഭാര്യ, 'അമ്മ ,അമ്മൂമ്മ ..കരയാൻ പാടില്ല ഗ്രാനി”
അഭിയുടെ കാർ കണ്ണെത്താ ദൂരത്തു മറഞ്ഞപ്പോൾ വിനയയെ കൂട്ടി ഞാൻ വീട്ടിലേക്കു മടങ്ങി
സന്തോഷം വന്നാലും സങ്കടം വന്നാലും ഞാൻ പെയ്തൊഴിയുമ്പോൾ, കാറു കെട്ടി നിൽക്കുന്ന നീലാകാശം പോലെ എന്റെ മരുമകൾ. എന്നിട്ടും ഞങ്ങൾ ഒരു കുടകീഴിൽ.. എന്തൊരു വിരോധാഭാസം!
**
“ഗ്രാനി ഞാൻ ഇവിടെയെത്തി “- അഭിയുടെ ശബ്ദത്തിലെ പതർച്ച പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ തിരിച്ചു ചോദിച്ചു, വില കുറഞ്ഞ ഒരു ചോദ്യം- “അവിടെ തണുപ്പുണ്ടോ അഭി?”
മറുപടി വരുന്നതിനു മുന്നേ കേട്ടു, ഒരുവൻ സ്ഫോടനം!
ഫോൺ എന്റെ കൈയിൽ നിന്നും തെറിച്ചു വീണു.. വീണ്ടുമെടുത്തു ഞാനുറക്കെ വിളിച്ചു “അഭി, അഭി, …എന്റെ പൊന്നു മോനെ ..”
അപ്പുറത്തു നിന്നും മറുപടിയൊന്നും കേൾക്കാതെ കസേരയിൽ ഞാൻ തളർന്നിരുന്നു. വിനയ ഓടി പോയി വെള്ളമെടുത്തു എന്റെ മുഖത്തൊഴിച്ചു ... അവളുടെ കൈയിൽ നിന്നും ആർത്തിയോടെ അത് വാങ്ങി ഞാൻ കുടിച്ചു
എനിക്കും വിനയക്കുമിടയിൽ കനത്ത മൗനം മാത്രം !
അല്പം കഴിഞ്ഞു വിനയ ടി വി ഓൺ ചെയ്തു. ഫ്ലാഷ് ന്യൂസ് മിന്നി മറയുന്നു..”കാശ്മീരിൽ ഭീകരാക്രമണത്തിൽഒരു മലയാളിയടക്കം മൂന്ന് സൈനികർ കൊല്ലപ്പെട്ടു..”
തളർന്നോടിഞ്ഞ താമര തണ്ടു പോലെ ഞാൻ വിനയയുടെ മടിയിലേക്കു വീണു. എന്റെ വിരലുകളിൽ വിരൽ കോർത്ത അവളുടെ കൈകളുടെ കരുത്തിൽ ഞാൻ അത്ഭുതപ്പെട്ടു..
“അല്ലയോ ദേശ സ്നേഹികളെ ...ഇവിടെരണ്ടു വിധവകൾ , രണ്ടു അമ്മമാർ , ഒരു മുത്തശി ... അവരുടെ കണ്ണുകളിലെ കണ്ണീർ വറ്റിയിരിക്കുന്നു ഇവർക്ക് വേണ്ടി രണ്ടിറ്റു കണ്ണീർ നിങ്ങൾ പൊഴിക്കു .... ആ ധീര ജവാന്മാർക്ക് വേണ്ടി ഒന്നുറക്കെ കരയൂ”- ഒരു ഭ്രാന്തിയെപ്പോലെ ഞാൻ പുലമ്പി.
പിന്നെ പതറിയ സ്വരത്തിൽ പാടി..
“കോയി സിഖ് കോയി ജാ ത്ത മറാത്താ, കോയി ഖൂർഘ കോയി മദിരാസി..
സറഹദ് പേ മർ നെ വാലേ , ഹര് വീർ ഥാ ഭാരത് വാസി….
ജോ ഖൂൻ ഗിരാ പർവത് പ ർ, വോ ഖൂൻ ത്ഥ ഹിന്ദുസ്ഥാനി”
(ചിലർ സിഖ്ചിലർ ജാത്ത ചിലർ മറാത്താ, ചിലർ ഖൂർഘ ചിലർ മദിരാസി ..എന്നിട്ടും അതിർത്തിയിൽ മരിച്ച ഓരോ ധീരനും ഇന്ത്യക്കാരനായിരുന്നു ..പർവ്വതങ്ങളിൽ വീണ അവരുടെ രക്തം ഇന്ത്യയുടേതായിരുന്നു)** Sani John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo