Slider

ഒരു പുട്ട് കഥ - Inspired by real events

0
ഒരു പുട്ട് കഥ - Inspired by real events
------------------------------------------------------
കഴക്കൂട്ടത്ത് ഞാന്‍ സ്ഥിരം ആയി രാവിലെ ഭക്ഷണം കഴിക്കുന്ന ഒരു ഹോട്ടല്‍ ഉണ്ട്. ഒരു ചെറിയ കട. കട ചെറുത് ആണേലും, ആ കട നടത്തുന്നവരുടെ മനസ്സ് വളരെ വലുതാണ്‌. പലപ്പോഴും ഹര്‍ത്താല്‍ ദിനത്തില്‍ വരെ, ഭക്ഷണം തീര്‍ന്നിട്ടും, എനിക്ക് വേണ്ടി മാത്രം പുട്ട് ഒക്കെ ഉണ്ടാക്കി തന്നിട്ടുണ്ട്, സമരക്കാരെ പേടിച്ചിട്ട് എന്നെ മാത്രം അകത്തു കയറ്റി ഫുഡ്‌ തന്നിട്ടുണ്ട്, ആ കട നടത്തുന്ന ഒരു അമ്മുമ്മയും മകനും. എപ്പോള്‍ കഴിക്കാന്‍ പോയാലും, ടെക്നോപാര്‍ക്ക് ജീവനക്കാരും, ഓട്ടോക്കാരും, കൂലി വേലയ്ക്കു പോകുന്ന ആളുകളും, അന്യസംസ്ഥാനതൊഴിലാളികളും ഉള്‍പടെ ഒരുപാടു പേര്‍ കാണും അവിടെ. സാമാന്യം ഭേദപ്പെട്ട റേറ്റ് ആണവിടെ, വീട്ടിലേത് പോലത്തെ സ്വാദും.
കഴിഞ്ഞ തിങ്കളായ്ച്ച പതിവ് പോലെ ചെന്നപ്പോള്‍ നല്ല തിരക്ക്, കിട്ടിയ ഒരു സീറ്റില്‍ കയറി ഇരിന്നു. മൂന്ന് ദോശയും, ഗ്രീന്‍പീസും പറഞ്ഞു. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ എതിരെ ഉള്ള സീറ്റില്‍ ഒരു വൃദ്ധ വന്നിരിന്നു. ബ്ലൗസും, മുണ്ടും, ഒരു മുഷിഞ്ഞ തോര്‍ത്തും ധരിച്ച ഏതാണ്ട് എഴുപതു വയസ്സ് തോന്നുന്ന ഒരു വൃദ്ധ. ചെരുപ്പില്ല, പൊട്ടില്ല, ഒരു തരി സ്വര്‍ണ്ണം പോലും ഇല്ല അവരുടെ ശരീരത്ത്. പതിവ് ആള്‍ ആയതു കൊണ്ടാവണം ഓര്‍ഡര്‍ പറയാതെ തന്നെ ഹോട്ടലിലെ ചേട്ടന്‍ ഒരു പാത്രത്തില്‍ ഒരു കുറ്റി പുട്ടും, ഒരു ഗ്ലാസ്‌ ചൂട് വെള്ളവും കൊണ്ട് ആ വൃദ്ധയുടെ മുന്നില്‍ വച്ചു. അവര്‍ കുറച്ചു പുട്ട് വായിലേക്കിടും, എന്നിട്ട് ഒരു കവിള്‍ വെള്ളം കുടിക്കും, എന്നിട്ട് പതുക്കെ പതുക്കെ അത് ചവയ്ക്കും. വീണ്ടും റിപീറ്റ്. ഞാന്‍ കഴിച്ചു കഴിഞ്ഞു ഇറങ്ങാറായപ്പോഴേക്കും അവരും കൈ കഴുകി വന്നു, അവര്‍ക്ക് വേണ്ടി പൊതിഞ്ഞു വച്ചിരുന്ന ഒരു കുറ്റി പുട്ടും കൂടി എടുത്തു 30 രൂപയും നല്‍കി യാത്രയായി. പണം കൊടുത്തു ഞാനും ഓഫീസില്‍ പോയി.
തുടര്‍ന്നങ്ങോട്ടുള്ള എല്ലാ ദിവസങ്ങളിലും, ഞാന്‍ അവരെ ശ്രദ്ധിച്ചു. ഇത് തന്നെയാണ് അവരുടെ ദിനചര്യ. കറിയോ, ചായയോ മേടിക്കാത്ത അവരെ കാണുമ്പോള്‍ എന്തോ ഒരു തരം വിഷമം എന്നും. ഒരു ദിവസം അവര്‍ കാശ് കൊടുത്തു ഇറങ്ങിയതിന്‍റെ പിറെകെ, ഞാന്‍ ആ ഹോട്ടലിലെ അമ്മുമ്മയോടു അവരെപ്പറ്റി ചോദിച്ചു, ടെക്നോപാര്‍കിന്‍റെ സൈഡ്ഗേറ്റിനു അടുത്താണ് താമസം, ഒരു മോന്‍ മാത്രം ഉണ്ട്, ദൂരെ എവിടെയോ ആണ് പണി, രണ്ടു ആഴ്ചയില്‍ ഒരിക്കല്‍ എങ്ങാനും വീട്ടില്‍ വരും. വീട്ടില്‍ പാചകം ഒന്നും ഇല്ല, ഈ ഹോട്ടലില്‍ നിന്നും മേടിച്ചോണ്ട് പോകും. ഫ്രീ ആയോ, വില കുറച്ചോ ഭക്ഷണം കൊടുത്താല്‍ സ്വീകരിക്കില്ല. എന്നും രണ്ടു കുറ്റി പുട്ട്, അല്ലെങ്കില്‍ ഉച്ചയ്ക്ക് ഒരു പൊതി ഊണ്, അതാണ്‌ പതിവ്. കേട്ടു കഴിഞ്ഞതും എന്നിലെ സോഷ്യല്‍ കമ്മിറ്റ്മെന്റ് ഉണര്‍ന്നു. ഞാന്‍ അവര്‍ നടന്ന വഴിയില്‍ പിറെകെ ബൈക്കില്‍ പോയി.
അവരുടെ കുറുകെ ബൈക്ക് നിര്‍ത്തി അവരോടു നില്‍ക്കുവാന്‍ ആംഗ്യം കാണിച്ചു. അവര്‍ നിന്നപ്പോള്‍ ഞാന്‍ പേയ്സില്‍ നിന്നും അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് എടുത്തു അവര്‍ക്ക് നേരെ നീട്ടി.
കയ്യിലെ പുട്ടിന്‍റെ പൊതി മുറുകെ പിടിച്ചു കൊണ്ട് അവര്‍ ചോദിച്ചു - "ആരാ കുഞ്ഞേ? എന്തിനാ കാശ്?"
"ഞാന്‍ എന്നും അമ്മുമ്മയെ കാണാറുണ്ട്, ഇത് എന്‍റെ ഒരു സന്തോഷത്തിനു വേണ്ടി അമ്മുമ്മ വാങ്ങണം."
"എനിക്ക് കാശിന്‍റെ ഒന്നും ആവശ്യം ഇല്ല കുഞ്ഞേ" - ചിരിച്ചു കൊണ്ട് ആ വൃദ്ധ പറഞ്ഞു.
"എന്നാലും, ഒരു മകന്‍ തരുവാ എന്ന് കരുതിയാ മതി അമ്മേ.."
"വേണ്ട മോനെ, ഒരുപാട് സന്തോഷം ആയി. പക്ഷെ വേണ്ട. ഈ വൃദ്ധക്ക്‌ ജീവിക്കാന്‍ ദിവസം രണ്ടു കുറ്റി പുട്ട്, അല്ലെങ്കില്‍ ഒരു പൊതി ഊണ്, അത് മാത്രം മതി. അത് വാങ്ങാനുള്ള കാശ് എന്‍റെ മകന്‍ മുടങ്ങാതെ എനിക്ക് നല്‍ക്കുന്നുമുണ്ട്.. എനിക്കത് മതി.."
വിയര്‍ത്തു കുളിച്ചു പോയി ഞാന്‍.
എന്‍റെ തലയില്‍ തലോടി അവര്‍ പറഞ്ഞു - "നന്നായിരിക്കട്ടെ"
എന്നിട്ട് ചിരിച്ചു കൊണ്ട് അവര്‍ യാത്രയായി..
ആ ചിന്തയില്‍ അവിടെ നിന്നും ബൈക്ക് സ്റ്റാര്‍ട്ടാക്കി ഓഫീസില്‍ എത്തി. സീറ്റില്‍ ചെന്നിരുന്നു കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി ഇമെയില്‍ എടുത്തു. ആദ്യത്തെ മെയില്‍ തുറന്നു വായിച്ചു - ഉച്ചയ്ക്ക് തക്കാരം എന്ന ഹോട്ടലില്‍ വച്ച് ട്രീറ്റ്‌ ഉണ്ടത്രേ. ഇഷ്ടമുള്ള ഐറ്റം അറ്റാച്ച് ചെയ്തിരിക്കുന്ന മെനുവില്‍ നിന്നും സെലക്ട്‌ ചെയ്തു മറുപടി അയക്കുവാന്‍. എനിക്ക് എന്നോട് തന്നെ ദേഷ്യവും, പുച്ഛവും തോന്നി. :( :(
Author - Sankaran Kutty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo