Showing posts with label ശങ്കരൻകുട്ടി. Show all posts
Showing posts with label ശങ്കരൻകുട്ടി. Show all posts

ചിക്കന്‍പോകസ് - ചെറുകഥ

ചിക്കന്‍പോകസ് - ചെറുകഥ
---------------------------------------------
"നിന്‍റെ പെടലിയില്‍ എന്തിരെടെ? "
ഗിരീഷിന്‍റെ ചോദ്യം കേട്ടു റസ്റ്റ്‌റൂമില്‍ മുഖം കഴുകി കൊണ്ടിരുന്ന സുമേഷ് കണ്ണാടിയിലൂടെ തന്നെ ഗിരീഷിനെ നോക്കി.
"എന്ത്?" - മുഖം തുടച്ചു കൊണ്ട് സുമേഷ് ചോദിച്ചു..
"നിന്‍റെ പെടലിയില്‍ എന്തോ കൊറേ ചെമല പാട്"
"ചെമലയോ?, അതെന്ത്?"
"ചെമല എന്ന് പറഞ്ഞാല്‍ ചുവപ്പ്, നീ കാണുന്നില്ലേ"
സുമേഷ് കണ്ണാടിയില്‍ കൂടി കഷ്ടപ്പെട്ട് നോക്കി..
"ശരിയാണല്ലോ, എന്തോ ഉണ്ടല്ലോ? "
ഗിരീഷ്‌ അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കി, എന്നിട്ട് വിധിയെഴുതി. - "പൊളിച്ചല്ലോ, ചിക്കന്‍പോകസ് ആണല്ലോ.."
"ഒന്ന് പോടോ, എനിക്ക് പനിയൊന്നും ഇല്ലലോ"
"പനിയും, പണിയും ഒക്കെ പിന്നാലെ വന്നോളും, നീ പെട്ടന്ന് പോയി ഡോക്ടറെ കാണ്, ഇല്ലേല്‍ എല്ലാവര്‍ക്കും പടരും , ഒന്നാമത് എസി ആപ്പീസ്"
ഗിരീഷ്‌ കണ്ടാല്‍ ഒരു മണ്ടന്‍ ആണെങ്കിലും അടുപ്പിച്ചു 4 വട്ടം അപ്പ്രൈസലില്‍ അഞ്ചില്‍ അഞ്ചു മേടിച്ച പയ്യന്‍ ആണ്, അവനു തെറ്റാന്‍ വഴിയില്ല.
സുമേഷ് അങ്ങിനെ ആലോചിച്ചു തീരുന്നതിനു മുന്‍പേ ഗിരീഷ്‌ വീണ്ടും പറഞ്ഞു - "എടാ, സത്യമാ, എനിക്ക് വന്നിട്ടുള്ളതാ, പെട്ടന്ന് പോയി ഡോക്ടറെ കണ്ടു മരുന്ന് മേടിച്ചാല്‍ പടരില്ല, ഇല്ലേല്‍ മോന്തയില്‍ ഒക്കെ വന്നു ആ ആഷിക് അബുവിന്റെ ബന്ധു ആണെന്നും പറഞ്ഞു നടക്കുന്ന സൂരജിനെ പോലെ ആകും മോന്തായം"
"ഹമ്മേ, അതിലും ഭേദം ചാകുന്നതാ , ഞാന്‍ ഇറങ്ങുവാ, മാനേജരോട് ഒന്നു പറഞ്ഞെക്കണെ ഗിരീഷെ"
മനസ്സ് നല്ലോണം വിഷമിച്ച് സുമേഷ് ടെക്നോപാര്‍കില്‍ നിന്നും ഇറങ്ങി. 'ഒന്നാമത് പണ്ടേ തീരെ കാണാന്‍ കൊള്ളില്ല, ഇപ്പോഴാ ലേശം ഗ്ലാമര്‍ ഒക്കെ വച്ചു തുടങ്ങിയത്, കല്യാണം ആലോചിച്ചു തുടങ്ങിയ ഈ വേളയില്‍ തന്നെ ഈ അസുഖം വരണമായിരിന്നോ? ശേ , ഈ മുപ്പതു വര്‍ഷം തേരാപാരാ നടന്നപ്പോള്‍ തന്നുകൂടായിരിന്നോ ദൈവമേ നിനക്ക് ഈ അസുഖം'. ചിന്തകള്‍ ഓരോന്നായി അവന്‍റെ മനസ്സില്‍ താളം തുള്ളി, അവനു ഓളമായി.
വണ്ടി ഓടിച്ചു എജെ ഹോസ്പിറ്റലില്‍ എത്തി. നേരെ ടോക്കണ്‍ എടുക്കാന്‍ കൌണ്ടറില്‍ ചെന്നു. രാവിലെ പതിനൊന്നു മണിക്കും ഇത്ര തിരക്കോ ? തിരക്ക് ഉണ്ടേലും, ക്യൂ സത്യം പറഞ്ഞാല്‍ ഇല്ല, ഒരു മേശ ഉണ്ട് കൌണ്ടറില്‍, അതില്‍ നമ്മള്‍ ഒരു കൈ എങ്ങിനെ എങ്കിലും കൊണ്ട് വയ്ക്കണം, അതാണ്‌ ആദ്യ പടി. എന്നിട്ട് പയ്യെ പയ്യെ നമ്മുടെ ശരീരം വളരെ ഫ്ലെക്സിബിള്‍ ആയി ആ ഗാപ്പില്‍ നൈസായി ഇടിച്ചു ഇടിച്ചു കയറണം, ഈ ടെക്നിക് അറിയാവുന്നവര്‍ ആദ്യം ടോക്കണ്‍ മേടിക്കും. അല്ലാത്തവര്‍ മണ്ടന്മാര്‍. പിന്നേ, കഴക്കൂട്ടം സിവിലില്‍ കേറി മേടിച്ചേക്കുന്നു, ഈ നമ്മളോടാ കളി,
സുമേഷ് തന്‍റെ നാണം ഇല്ലായ്മ മുതലെടുത്ത്‌ ആ വലിയ തിരക്കിലും മുന്‍പന്തിയില്‍ എത്തി. കൊറേ ബഹളം വച്ചു ഒടുവില്‍ ഒരു സിസ്റ്റര്‍ ഫ്രീ ആയി അവനോടു ചോദിച്ചു - "ഏത് ഡോക്ടറെ കാണാനാ?"
"അതിപ്പോള്‍, ആരെയെങ്ങിലും മതി"
"എഹ്, ജനറല്‍ മെഡിസിന്‍ ആണോ"
"അയ്യോ സിസ്റ്ററെ, അതൊന്നും എനിക്ക് അറിയില്ല, പിടലിയില്‍ കുറച്ചു ചുമന്ന കുരു ഉണ്ട്, ചിക്കന്‍പോകസ് ആണോന്നു നോക്കണം"
ഇതങ്ങോട്ട് പറഞ്ഞു തീര്‍ന്നതും അത് വരെ ചലപിലാ ബഹളം വച്ചോണ്ട് നിന്ന സകല രോഗികളും, കൂടെ വന്നവരും, ആ മേശയില്‍ കൈ വച്ചോണ്ട് നിന്ന സകല ആളുകളും ഒരു ഇരുപതു മീറ്റര്‍ അങ്ങോട്ട്‌ മാറി നിന്ന് തന്നു. കമ്പ്ലീറ്റ്‌ നിശബ്ദത. ആ സിസ്റ്ററും ഉടനെ ഒരു മാസ്ക് ഒക്കെ എടുത്തു മുഖത്ത് ഫിറ്റ്‌ ചെയ്തിട്ടു ഒരു ടോക്കണ്‍ അവിടെ വച്ചിട്ട് പറഞ്ഞു - "സ്കിന്നിന്റെ ഡോക്ടര്‍ ഉണ്ട്, ടോക്കണ്‍ നമ്പര്‍ 6".
സംഭവം കൊള്ളാമല്ലോ, ഇത്രയ്ക്കു ഡിമാണ്ട് ഉള്ള രോഗമാണല്ലോ, സന്തോഷവദനനായി സുമേഷ് ടോക്കണ്‍ വാങ്ങി ഡോക്ടറുടെ അടുത്തേക്ക് പോയി.
ഊഴം വന്നപ്പോള്‍ കേറി ഡോക്ടറെ കണ്ടു.
"എന്താ പ്രശ്നം?"
"ചിക്കന്‍ പോകസ്"
"ആര് പറഞ്ഞു?"
"അത്... പിടലിയില്‍ കുരു ഉണ്ട്, മത്രുവുമല്ല ഗിരീഷ്‌ പറഞ്ഞു.."
ഡോക്ടര്‍ ഒരു ചെറിയ ടോര്‍ച്ചും ഒരു ചെറിയ സുനാപ്പിയും എടുത്തു സുമേഷിന്‍റെ പെടലിയില്‍ സൂക്ഷം നിരീക്ഷിച്ചു.
"ഗിരീഷ്‌ ഡോക്ടറാണോ?"
"അല്ല"
"മൃഗഡോക്ടറാണോ?"
"അല്ല , എന്‍റെ കൂടെ ജോലി ചെയ്യുവാ ടെക്നോപാര്‍കില്‍"
"ഓ ഐ.റ്റി, അപ്പൊ ശരി ആയിരിക്കും, ആട്ടെ, ഗൂഗിള്‍ ആണോ വിക്കിപീഡിയ ആണോ" - ഡോക്ടര്‍ നിരീക്ഷണം നിര്‍ത്തി
"അതിപ്പോ, ഗൂഗിള്‍ വഴി ആണല്ലോ വിക്കിപീഡിയ കയറുന്നത്.. " - സുമേഷ് ചമ്മല്‍ മറച്ചു.
ഡോക്ടര്‍ ലെറ്റര്‍പാഡില്‍ എന്തോ കുത്തികുറിച്ച് സുമേഷിനു കൊടുത്തു,
"ഫാര്‍മസിയില്‍ കാണിച്ചാല്‍ മതി." - എന്നിട്ട് ഡോക്ടര്‍ സെക്കണ്ട് ബെല്‍ അടിച്ചു.
ചിക്കന്‍പോകസ് കാണും, ഇല്ലേല്‍ മരുന്ന് തരില്ലലോ, ഇനീം ചോദിച്ചു ചമ്മണ്ടാ എന്ന് കരുതി സുമേഷ് സീന്‍ വിട്ടു.
കുറിപ്പ് നോക്കി, എന്തോ രണ്ടു മരുന്ന് എഴുതിയിട്ടുണ്ട്. ഫാര്‍മസിയില്‍ ചെന്ന് കുറിപ്പ് അവിടുത്തെ സ്റ്റാഫിനെ ഏല്‍പ്പിച്ചു. പുള്ളി സുമേഷിനെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ടൊരു ചോദ്യവും -"സോപ്പ് ഏതാ വേണ്ടേ? പിയ്യേസ് വേണോ മെഡിമിക്സ് വേണോ"
"സോപ്പോ - ചേട്ടാ സോപ്പൊന്നും വേണ്ടാ , മരുന്ന് മാത്രം മതി"
"അതിനു ഡോക്ടര്‍ സോപ്പ് തന്നെയാ എഴുതിയേക്കുന്നെ, കണ്ടാ?" - അങ്ങേരു കുറിപ്പ് തിരിച്ചു പൊക്കി സുമേഷിനെ കാണിച്ചു.
'ഹമ്മേ, ആ കാലമാടന്‍ സോപ്പ് എന്ന് തന്നെയാണല്ലോ എഴുതിയേക്കുന്നെ' - ആലോചനയുടെ ചമ്മലില്‍ സുമേഷ് മുങ്ങി തപ്പി.
"അത് ചിലപ്പോ ചിക്കന്‍ പോകസ് മാറിയിട്ട് കുളിക്കാന്‍ ആവും, മെഡിമിക്സ് എടുതോള്, കൂടെ മറ്റേ മരുന്നും", പുറത്തേക്ക് തുളുംബാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന ചമ്മല്‍ അവനെ ധിറുതി പിടിപ്പിച്ചു.
"മറ്റേതും മരുന്നല്ല. bath scrub എന്നാ എഴുതിയിരിക്കുന്നെ, അത് സ്റ്റോക്ക്‌ ഇല്ല"
'ഹമ്മേ, ലോക തോല്‍വി ആണല്ലോ ഇന്നത്തെ ദിവസം'- ഗിരീഷിനെ മനസ്സില്‍ പ്രാകി കൊണ്ട് സുമേഷ് പറഞ്ഞു
"ഉള്ളത് മതി" - ഇനിയും മിണ്ടുന്നതിലും നല്ലത് പരസ്പരം സീരിയല്‍ കാണുന്നതാണ് എന്ന് അവന്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കി.
സോപ്പും വാങ്ങി കാശ് കൊടുത്തു തിരിഞ്ഞു നടന്നപ്പോള്‍ ഫാര്‍മസിയിലെ ചേട്ടന്‍ പിന്നില്‍ നിന്നൊരു വിളി.
"അതേയ്", സുമേഷ് തിരിഞ്ഞു നിന്നു.
"സ്ക്രബ് പുറത്തുള്ള മെഡിക്കല്‍ഷോപ്പില്‍ കാണും, ഇനി അവിടെ ഇല്ലേല്‍ വീട്ടില്‍ ചകരി കാണില്ലേ, ചകരി. അതിട്ടു നല്ലോണ്ണം ഉരച്ച് കഴുകിയാല്‍ മതി, അഴുക്ക് പൊയ്ക്കോളും"
'മതി, നിറഞ്ഞു ചേട്ടാ'- എന്ന് ഭാവം മുഖത്ത് വരുത്തി സുമേഷ് അയാളെ നോക്കി തലയാട്ടി, തിരിച്ചു വണ്ടി എടുക്കാന്‍ നടന്നു, നടക്കുന്നതിന്‍റെ ഇടയില്‍ അവന്‍ ഫോണിലെ വാട്സപ് എടുത്ത് ഗിരീഷിന്‍റെ പേര് സെലെക്റ്റ് ചെയ്തു ഇപ്രകാരം മെസ്സേജ് ടൈപ്പ് ചെയ്തു തുടങ്ങി - "പന്ന പൊ$##@!^#!#%!^&#%!#&%!&#%&%..."

ഒരു പുട്ട് കഥ - Inspired by real events

ഒരു പുട്ട് കഥ - Inspired by real events
------------------------------------------------------
കഴക്കൂട്ടത്ത് ഞാന്‍ സ്ഥിരം ആയി രാവിലെ ഭക്ഷണം കഴിക്കുന്ന ഒരു ഹോട്ടല്‍ ഉണ്ട്. ഒരു ചെറിയ കട. കട ചെറുത് ആണേലും, ആ കട നടത്തുന്നവരുടെ മനസ്സ് വളരെ വലുതാണ്‌. പലപ്പോഴും ഹര്‍ത്താല്‍ ദിനത്തില്‍ വരെ, ഭക്ഷണം തീര്‍ന്നിട്ടും, എനിക്ക് വേണ്ടി മാത്രം പുട്ട് ഒക്കെ ഉണ്ടാക്കി തന്നിട്ടുണ്ട്, സമരക്കാരെ പേടിച്ചിട്ട് എന്നെ മാത്രം അകത്തു കയറ്റി ഫുഡ്‌ തന്നിട്ടുണ്ട്, ആ കട നടത്തുന്ന ഒരു അമ്മുമ്മയും മകനും. എപ്പോള്‍ കഴിക്കാന്‍ പോയാലും, ടെക്നോപാര്‍ക്ക് ജീവനക്കാരും, ഓട്ടോക്കാരും, കൂലി വേലയ്ക്കു പോകുന്ന ആളുകളും, അന്യസംസ്ഥാനതൊഴിലാളികളും ഉള്‍പടെ ഒരുപാടു പേര്‍ കാണും അവിടെ. സാമാന്യം ഭേദപ്പെട്ട റേറ്റ് ആണവിടെ, വീട്ടിലേത് പോലത്തെ സ്വാദും.
കഴിഞ്ഞ തിങ്കളായ്ച്ച പതിവ് പോലെ ചെന്നപ്പോള്‍ നല്ല തിരക്ക്, കിട്ടിയ ഒരു സീറ്റില്‍ കയറി ഇരിന്നു. മൂന്ന് ദോശയും, ഗ്രീന്‍പീസും പറഞ്ഞു. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ എതിരെ ഉള്ള സീറ്റില്‍ ഒരു വൃദ്ധ വന്നിരിന്നു. ബ്ലൗസും, മുണ്ടും, ഒരു മുഷിഞ്ഞ തോര്‍ത്തും ധരിച്ച ഏതാണ്ട് എഴുപതു വയസ്സ് തോന്നുന്ന ഒരു വൃദ്ധ. ചെരുപ്പില്ല, പൊട്ടില്ല, ഒരു തരി സ്വര്‍ണ്ണം പോലും ഇല്ല അവരുടെ ശരീരത്ത്. പതിവ് ആള്‍ ആയതു കൊണ്ടാവണം ഓര്‍ഡര്‍ പറയാതെ തന്നെ ഹോട്ടലിലെ ചേട്ടന്‍ ഒരു പാത്രത്തില്‍ ഒരു കുറ്റി പുട്ടും, ഒരു ഗ്ലാസ്‌ ചൂട് വെള്ളവും കൊണ്ട് ആ വൃദ്ധയുടെ മുന്നില്‍ വച്ചു. അവര്‍ കുറച്ചു പുട്ട് വായിലേക്കിടും, എന്നിട്ട് ഒരു കവിള്‍ വെള്ളം കുടിക്കും, എന്നിട്ട് പതുക്കെ പതുക്കെ അത് ചവയ്ക്കും. വീണ്ടും റിപീറ്റ്. ഞാന്‍ കഴിച്ചു കഴിഞ്ഞു ഇറങ്ങാറായപ്പോഴേക്കും അവരും കൈ കഴുകി വന്നു, അവര്‍ക്ക് വേണ്ടി പൊതിഞ്ഞു വച്ചിരുന്ന ഒരു കുറ്റി പുട്ടും കൂടി എടുത്തു 30 രൂപയും നല്‍കി യാത്രയായി. പണം കൊടുത്തു ഞാനും ഓഫീസില്‍ പോയി.
തുടര്‍ന്നങ്ങോട്ടുള്ള എല്ലാ ദിവസങ്ങളിലും, ഞാന്‍ അവരെ ശ്രദ്ധിച്ചു. ഇത് തന്നെയാണ് അവരുടെ ദിനചര്യ. കറിയോ, ചായയോ മേടിക്കാത്ത അവരെ കാണുമ്പോള്‍ എന്തോ ഒരു തരം വിഷമം എന്നും. ഒരു ദിവസം അവര്‍ കാശ് കൊടുത്തു ഇറങ്ങിയതിന്‍റെ പിറെകെ, ഞാന്‍ ആ ഹോട്ടലിലെ അമ്മുമ്മയോടു അവരെപ്പറ്റി ചോദിച്ചു, ടെക്നോപാര്‍കിന്‍റെ സൈഡ്ഗേറ്റിനു അടുത്താണ് താമസം, ഒരു മോന്‍ മാത്രം ഉണ്ട്, ദൂരെ എവിടെയോ ആണ് പണി, രണ്ടു ആഴ്ചയില്‍ ഒരിക്കല്‍ എങ്ങാനും വീട്ടില്‍ വരും. വീട്ടില്‍ പാചകം ഒന്നും ഇല്ല, ഈ ഹോട്ടലില്‍ നിന്നും മേടിച്ചോണ്ട് പോകും. ഫ്രീ ആയോ, വില കുറച്ചോ ഭക്ഷണം കൊടുത്താല്‍ സ്വീകരിക്കില്ല. എന്നും രണ്ടു കുറ്റി പുട്ട്, അല്ലെങ്കില്‍ ഉച്ചയ്ക്ക് ഒരു പൊതി ഊണ്, അതാണ്‌ പതിവ്. കേട്ടു കഴിഞ്ഞതും എന്നിലെ സോഷ്യല്‍ കമ്മിറ്റ്മെന്റ് ഉണര്‍ന്നു. ഞാന്‍ അവര്‍ നടന്ന വഴിയില്‍ പിറെകെ ബൈക്കില്‍ പോയി.
അവരുടെ കുറുകെ ബൈക്ക് നിര്‍ത്തി അവരോടു നില്‍ക്കുവാന്‍ ആംഗ്യം കാണിച്ചു. അവര്‍ നിന്നപ്പോള്‍ ഞാന്‍ പേയ്സില്‍ നിന്നും അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് എടുത്തു അവര്‍ക്ക് നേരെ നീട്ടി.
കയ്യിലെ പുട്ടിന്‍റെ പൊതി മുറുകെ പിടിച്ചു കൊണ്ട് അവര്‍ ചോദിച്ചു - "ആരാ കുഞ്ഞേ? എന്തിനാ കാശ്?"
"ഞാന്‍ എന്നും അമ്മുമ്മയെ കാണാറുണ്ട്, ഇത് എന്‍റെ ഒരു സന്തോഷത്തിനു വേണ്ടി അമ്മുമ്മ വാങ്ങണം."
"എനിക്ക് കാശിന്‍റെ ഒന്നും ആവശ്യം ഇല്ല കുഞ്ഞേ" - ചിരിച്ചു കൊണ്ട് ആ വൃദ്ധ പറഞ്ഞു.
"എന്നാലും, ഒരു മകന്‍ തരുവാ എന്ന് കരുതിയാ മതി അമ്മേ.."
"വേണ്ട മോനെ, ഒരുപാട് സന്തോഷം ആയി. പക്ഷെ വേണ്ട. ഈ വൃദ്ധക്ക്‌ ജീവിക്കാന്‍ ദിവസം രണ്ടു കുറ്റി പുട്ട്, അല്ലെങ്കില്‍ ഒരു പൊതി ഊണ്, അത് മാത്രം മതി. അത് വാങ്ങാനുള്ള കാശ് എന്‍റെ മകന്‍ മുടങ്ങാതെ എനിക്ക് നല്‍ക്കുന്നുമുണ്ട്.. എനിക്കത് മതി.."
വിയര്‍ത്തു കുളിച്ചു പോയി ഞാന്‍.
എന്‍റെ തലയില്‍ തലോടി അവര്‍ പറഞ്ഞു - "നന്നായിരിക്കട്ടെ"
എന്നിട്ട് ചിരിച്ചു കൊണ്ട് അവര്‍ യാത്രയായി..
ആ ചിന്തയില്‍ അവിടെ നിന്നും ബൈക്ക് സ്റ്റാര്‍ട്ടാക്കി ഓഫീസില്‍ എത്തി. സീറ്റില്‍ ചെന്നിരുന്നു കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി ഇമെയില്‍ എടുത്തു. ആദ്യത്തെ മെയില്‍ തുറന്നു വായിച്ചു - ഉച്ചയ്ക്ക് തക്കാരം എന്ന ഹോട്ടലില്‍ വച്ച് ട്രീറ്റ്‌ ഉണ്ടത്രേ. ഇഷ്ടമുള്ള ഐറ്റം അറ്റാച്ച് ചെയ്തിരിക്കുന്ന മെനുവില്‍ നിന്നും സെലക്ട്‌ ചെയ്തു മറുപടി അയക്കുവാന്‍. എനിക്ക് എന്നോട് തന്നെ ദേഷ്യവും, പുച്ഛവും തോന്നി. :( :(
Author - Sankaran Kutty

'അമ്മ വീട്ടില്‍ എത്തി കാണുമോ?' - ചെറുകഥ (Inspired from real incidents)


'അമ്മ വീട്ടില്‍ എത്തി കാണുമോ?' - ചെറുകഥ (Inspired from real incidents)
------------------------------------
"എന്‍റെ അമ്മേ, എനിക്ക് ഇച്ചിരി സ്വസ്ഥത തരുമോ? ഇതിപ്പോ ഈ ആഴ്ച തന്നെ മൂന്നാമത്തെ വട്ടമാ എന്നോട് ചോദിക്കുന്നത്.. അങ്ങിനെ ഫസ്റ്റ് ചാന്‍സില്‍ ബിടെക് പാസ്‌ ആവാന്‍ കഴിവുണ്ടേല്‍ ഞാന്‍ വല്ല കലക്ടറും ആയേനെ.."
"അല്ല മോനെ, ആള്‍ക്കാര്‍ ചോദിക്കുന്ന കേട്ടിട്ട് അച്ഛന് ഒരു സമാധാനവും ഇല്ലതോണ്ടാ.."
"അച്ഛന് മാത്രമല്ല, എനിക്കും വേണ്ടേ ഇച്ചിരി സമാധാനം. ഞാന്‍ അടുത്ത വട്ടം എഴുതി എടുത്തോളാം, എന്നെ ഒന്ന് വെറുതെ വിടുമോ?"
അമ്മ മൗനം..
"ഞാന്‍ നാളെ ഇങ്ങു വന്നോളാം, തൃശൂര്‍ ഒരു കല്യാണത്തിന് പോകുന്നതിനു ആണോ ഇത്രേം ബഹളം.. എല്ലാവരും വരുന്നുണ്ട്, പോയില്ലേല്‍ മോശമാ.."
"ഞാന്‍ ഒന്നും പറയുന്നില്ല.."
അമ്മ അടുക്കളയിലേക്ക് കയറി പോയി.
ശേ, കാശ് ചോദിചില്ലലോ എന്ന് മനസ്സില്‍ ആലോചിച്ചപ്പോള്‍ തന്നെ അടുക്കളയില്‍ നിന്നും ശബ്ദം വന്നു -"കാശ് മേശപ്പുറത്തു വച്ചിട്ടുണ്ട്, വേണ്ടാത്തത് ഒന്നും മേടിച്ചു കഴിച്ചു ശരീരം കേടാക്കരുത് "
"താങ്ക്സ് അമ്മേ :) " എന്നും വിളിച്ചു പറഞ്ഞു കൊണ്ട് ഞാന്‍ സ്റ്റേഷനിലേക്ക് യാത്രയായി.
ട്രെയിനില്‍ കയറി. കൂടെ കൂട്ടുകാരന്‍ രമേഷും ഉണ്ട്. ട്രെയിന്‍ എടുത്തിട്ടില്ല.
"എങ്ങിനെ പോകുന്നെടെ ഗൃഹവാസം?"
"മടുത്തു അളിയാ, ഒരേ ചോദ്യം തന്നെ കേട്ടു കേട്ടു മടുത്തു.."
"മനസ്സിലായി അളിയാ, എന്റെയും അവസ്ഥ ഇത് തന്നെയാണ്.. പുല്ല്, പാസ്‌ ആവുന്ന വരെ ഹോസ്റ്റലില്‍ തന്നെ നില്ക്കാന്‍ വകുപ്പ് ഉണ്ടായിരുന്നേല്‍ എന്ന് കൊതിച്ചു പോകും എല്ലാ ദിവസവും.."
ഫോണും കുത്തി, വിശേഷവും പറഞ്ഞു ഇരിക്കുന്നതിനിടയില്‍ ഞങ്ങളുടെ എതിരെ ഉള്ള സീറ്റില്‍ ഒരു അച്ഛനും മകനും വന്നിരിന്നു, മകന്‍ ബുദ്ധിവൈകല്യം ഉള്ള കുട്ടി ആണെന്ന് കണ്ടാല്‍ അറിയാം, ഒരു പതിനഞ്ചു വയസ്സ് തോന്നിക്കുന്ന പയ്യന്‍. ട്രെയിന്‍ എടുത്തു. കൊല്ലത്ത് നിന്നും ഏതാണ്ട് അഞ്ചു മണികൂര്‍ യാത്ര ഉണ്ട് തൃശൂര്‍ക്ക്.
വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ആ പയ്യന്‍ പുറത്തേക്ക് കണ്ണും നട്ടിരിപ്പാണ്. ആ അച്ഛന്‍ അവന്‍റെ കൈ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. എന്തോ എനിക്ക് ആ പയ്യനെ ശ്രദ്ധിക്കാതിരിക്കാന്‍ പറ്റുന്നില്ല. പയ്യന്‍ പെട്ടന്ന് തിരിഞ്ഞു അവന്‍റെ അച്ഛന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
"അമ്മ വീട്ടില്‍ എത്തി കാണുമോ?"
അവന്‍റെ മുഖത്തേക്ക് നോക്കി യാതൊരു കൂസലും ഇല്ലാതെ അയാള്‍ പറഞ്ഞു
"അമ്മ മരിച്ചു പോയി. അവള്‍ ഇനി വരില്ല"
ശരി എന്ന മട്ടില്‍ തലയാട്ടി അവന്‍ വീണ്ടും പുറത്തേക്കുള്ള കാഴ്ചകള്‍ നോക്കുന്നതില്‍ വ്യാപ്രിതനായി..
എനിക്ക് ദേഷ്യം വന്നു, എന്ത് അച്ഛനാണ് ഇങ്ങേര്? ആ പയ്യനോട് അയാള്‍ക്ക് കള്ളം പറഞ്ഞു കൂടെ? ബുദ്ധി ഇല്ലാത്ത പയ്യന്‍ അല്ലെ? തെണ്ടി, വെറുതെ ചെറുക്കനെ വിഷമിപ്പിക്കാന്‍? ദേഷ്യം ഞാന്‍ രമേശനോടു പങ്കു വയ്ക്കാം എന്ന് കരുതി അവനോടു സംസാരിക്കാന്‍ തുടങ്ങിയതും, ആ പയ്യന്‍ വീണ്ടും മുഖം അച്ഛന് നേരെ തിരിച്ചു ചോദിച്ചു.
"അമ്മ വീട്ടില്‍ എത്തി കാണുമോ?"
വീണ്ടും യാതൊരു കൂസലും ഇല്ലാതെ അയാള്‍ പറഞ്ഞു.
"അമ്മ മരിച്ചു പോയി. അവള്‍ ഇനി വരില്ല"
എനിക്ക് വളരെ വിചിത്രമായി തോന്നി. പിന്നീട് അങ്ങോട്ടുള്ള എല്ലാ അഞ്ച് മിനുട്ടിലും ആ പയ്യന്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു, അച്ഛന്‍ ഇതേ മറുപടിയും. നേരം കഴിയുംതോറും എനിക്ക് അരോചകമായി തോന്നി. പക്ഷെ ആ മനുഷ്യന്‍ ഒരു ഭാവഭേദവും ഇല്ലാതെ വീണ്ടും അതേ മറുപടി പറയുന്നു. ആലപ്പുഴ എത്തിയപ്പോള്‍ രമേശന്‍ പറഞ്ഞു വേറെ എവിടേലും പോയി ഇരിക്കാം എന്ന്. പക്ഷെ എന്‍റെ കൗതുകം എന്നെ അവിടെ നിന്നും എണീക്കാന്‍ അനുവദിച്ചില്ല. ചോദിച്ചു നോക്കാം എന്ന് ഞാന്‍ കരുതി.
"അമ്മ വരും എന്ന് പറഞ്ഞൂടെ മകനോട്‌?, ചിലപ്പോള്‍ പിന്നെ ചോദിക്കാണ്ട് ഇരുന്നാലോ?"
അയാള്‍, ഒരു പുഞ്ചിരിയോടെ പറഞ്ഞു - "ബുദ്ധി കുറവുള്ളവരോട് കള്ളം പറഞ്ഞിട്ട് നമ്മള്‍ എന്ത് നേടാനാ?"
ഹോ, ചങ്കില്‍ കൊണ്ടു, വേണ്ടായിരിന്നു.
ചമ്മല്‍ മറയ്ക്കാന്‍ ഞാന്‍ പറഞ്ഞു "സോറി"
"ഏയ്‌ , സാരമില്ല, അവന്‍ വീണ്ടും വീണ്ടും ചോദിക്കുന്നത് എന്‍റെ ഉത്തരം അവനു തൃപ്തികരം അല്ലാത്തത് കൊണ്ടാണ്. എന്ന് അവനു ഇത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നുവോ, അന്നേ അവന്‍ ഈ ചോദ്യം നിര്‍ത്തുകയുള്ളൂ. അന്ന് വരെ ഞാന്‍ ഈ മറുപടി പറയും"
അയ്യോ, എന്തോ ഒരു കൂര്‍ത്ത സാധനം നെഞ്ചത്ത് കൊണ്ടത്‌ പോലെ.
അയാള്‍ തുടര്‍ന്നു - "ഞാന്‍ അവന്‍റെ അച്ഛന്‍ ആണ്, അവനു ഉത്തരം കൊടുക്കേണ്ട ഉത്തരവാദിത്വം എനിക്ക് ഉണ്ട്, അതൊരു ബാധ്യത ആയി കാണാത്ത കാലത്തോളം എനിക്ക് മറുപടി പറയാന്‍ മുഷിച്ചില്‍ ഉണ്ടാവില്ല, താങ്കള്‍ക്ക് ഭാവിയില്‍ ഒരു കുട്ടി ഒക്കെ ആവുമ്പോള്‍ മനസ്സിലായികൊളളും"
"ഇല്ല ചേട്ടാ, എനിക്ക് മനസ്സില്ലായി" - എന്ന് പറയണം എന്നുണ്ടായിരിന്നു, സാധിച്ചില്ല.
അപ്പോഴേക്കും ആ മനുഷ്യന്‍ വീണ്ടും മകന്‍റെ ചോദ്യത്തിനുള്ള ഉത്തരം പറയാന്‍ വേണ്ടി തിരിഞ്ഞു. പക്ഷെ പുഉളി എന്നോട് സംസാരിച്ച രണ്ടു മിനുട്ടില്‍, നമ്മുടെ ഒക്കെ ഒരുമാതിരി പ്രശ്നങ്ങള്‍, നമ്മള്‍ ഭീകരമാണെന്ന്, അതൊന്നും ഒരു പ്രശ്നങ്ങളേ അല്ല എന്ന ചിന്തയുടെ വിത്ത് വിതറി കഴിഞ്ഞിട്ടുണ്ടായിരിന്നു ആ വലിയ മനുഷ്യന്‍.
Author - Sankaran Kutty

കണിക്കൊന്നപ്പൂ - ചെറുകഥ

Image may contain: 1 person, closeup
"എല്ലാം കിട്ടിയോ?"
കതകു തുറന്നു ഷോപ്പിംഗ്‌ കഴിഞ്ഞു എത്തിയ ഭാര്യോട് ഞാന്‍ ചോദിച്ചു
"കണികൊന്ന ഒഴികെ എല്ലാം കിട്ടി, എന്ത് തിരക്കാ സൂപ്പര്‍മാര്‍ക്കറ്റില്‍, മുടിഞ്ഞ ചൂടും, ഹോ"
അവള്‍ അതും പറഞ്ഞു കൊണ്ട് വിഷുവിനു മേടിച്ച സാധനങ്ങളും കൊണ്ട് അകത്തേക്ക് കയറി സോഫയില്‍ പോയി ഇരിന്നു.
"അവിടെ പൂ ഉണ്ടെന്നു സണ്ണി പറഞ്ഞാര്‍ന്നല്ലോ?"
കതകു അടച്ചു ഞാനും അവളുടെ അടുത്ത് വന്നിരിന്നു.
"ഉണ്ടായിരിന്നു, തീര്‍ന്നു പോയത്രേ.. ആഹ്, സാരമില്ല, പൂ ഇല്ലാണ്ട് കണി ഒരുക്കാം" - സോഫയില്‍ ചാരികൊണ്ട് കറങ്ങുന്ന ഫാനിനെ നോക്കി അവള്‍ പറഞ്ഞു
"അതൊന്നും പറ്റൂല്ല, പൂ ഇല്ലാണ്ട് എന്തോന്ന് കണി, ഇതൊക്കെ കണ്ടല്ലേ അമ്മുവും വളരുന്നെ, പൂ വേണം. ഞാന്‍ ഒപ്പിച്ചു കൊണ്ട് വരാം"
തുപ്പാന്‍ ഒരു മുറ്റം, വെള്ളം തിളപ്പിക്കുമ്പോള്‍ ഇടാന്‍ ഇച്ചിരി തുളസിയില, ഇലയപ്പം ഉണ്ടാക്കാന്‍ വയണയില, ചോറ് പൊതിയാന്‍ വാഴയില, ശുദ്ധവായുവില്‍ അല്പം മൂത്രം ഒഴിക്കല്‍ - ഫ്ലാറ്റ് ജീവിതത്തില്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങള്‍ ഉണ്ടെന്നു അറിഞ്ഞിട്ടു തന്നെയാണ് ഇവിടെ ചേക്കേറിയത്. ഒന്ന് നടന്നു നോക്കാം, എവിടേലും ഉണ്ടെങ്കിലോ.
കൊറേ നടന്നു. കടകളില്‍ ഒന്നും ഇല്ല, വഴിയോര കച്ചവടക്കാരെല്ലാം പൂ തീര്‍ന്നു വീട് പിടിച്ചു. ഒരു രക്ഷയുമില്ല. രണ്ടു കൊത്തു പൂ എങ്കിലും ഇല്ലാതെ എങ്ങിനെയാ വീട്ടില്‍ പോവുക? ഫ്ലാറ്റിനു കുറച്ചു പുറകിലായി ഒരു ചേരി പ്രദേശം ഉണ്ട്. അവിടെ കൂടി ഒന്ന് കറങ്ങി നോക്കാം. അവിടേക്ക് നടന്നു. ദൂരെ പടക്കത്തിന്റെ ഒച്ച കേള്‍ക്കുന്നുടെങ്കിലും ആ ചേരിയില്‍ വലിയ ആഘോഷം ഒന്നും ഇല്ല. പാവപ്പെട്ടവരുടെ സ്ഥലം ആണെന്ന് കേട്ടിട്ടുണ്ട്, ഞാന്‍ ഈ വഴി ആദ്യമായിട്ടാ. എട്ടു മണി കഴിഞ്ഞു. ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉണ്ടെങ്കിലും ഒരൊറ്റ കൊന്ന മരം കാണാന്‍ ഇല്ല. ചേരിയാണ് പോലും ചേരി. നടന്നു ക്ഷീണിച്ചു, സൈഡില്‍ ഒരു ചെറിയ കലിങ്ക് കണ്ടപ്പോള്‍ കുറച്ച് നേരം ഇരിക്കാം എന്ന് കരുതി. കലിങ്കിന്റെ അങ്ങേതലയ്ക്കല്‍ ഒരു പയ്യന്‍ ഇരിക്കുന്നുണ്ട്‌, എട്ടു-പത്തു വയസ്സ് കാണുമായിരിക്കും. മോശം ഏരിയ ആണ്, അവിടെ ഇരുന്നാല്‍ ചെറുക്കന്‍ സിസി ഇടുമോ എന്നൊരു പേടി, എന്നാലും തിന്നു ചീര്‍ത്തു പന്നിയെ പോലെ ആയതില്‍ പിന്നെ ഇത്രേം ദൂരം ഒന്നും നടന്നിട്ടില്ല. ഇരുന്നില്ലേല്‍ ചിലപ്പോ അറ്റാക്ക്‌ വന്നു തട്ടി പോയാലോ. ഇരുന്നേക്കാം.
ഇരുന്നിട്ട് ശ്വാസം വിടുന്നതിനു മുന്‍പേ പെണ്ണുമ്പിള്ള വിളിച്ചു. ഞാന്‍ ഫോണ്‍ എടുത്തു പറഞ്ഞു - "എടീ, പൂ കിട്ടിയില്ല, ഞാന്‍ ഒന്നൂടി കറങ്ങിയിട്ട് വന്നേക്കാം"
"അത് പറയാന്‍ അല്ല വിളിച്ചത്, അമ്മൂന് ചോറ് വേണ്ടാന്നു. വരുമ്പോ പീസ മേടിച്ചോണ്ട് വരണം എന്ന്"
"ഓ ശരി, മേടിചേക്കാം, ഒരെണ്ണം അധികം കൂടി മേടിചേക്കാം, നാളെ കണിക്കു പൂവിനു പകരം അതൊരെണ്ണം വെയ്ക്കാം" - ഞാന്‍ പുച്ഛം വാരി വിതറി.
"ഞാനല്ലലോ ഈ ശീലം ഒക്കെ ഉണ്ടാക്കിയത് , അച്ഛനും മോളും എന്താണെന്നു വച്ചാല്‍ ആയിക്കോ" - അവള്‍ പരിഭവിച്ചു
" ആയിക്കോളാമേ, അച്ഛനും മോളും അങ്ങിനെയാ, അവള്‍ക്ക് പീസയും മേടിച്ചു കൊടുക്കും നാളെ കണി കാണുമ്പോള്‍ കൊന്നപൂവും കാണിക്കും"
"ആഹ്, ശരി" - ഫോണ്‍ വച്ചിട്ട് അവള്‍ പോയി
"ശേ, വെല്ലുവിളിക്കണ്ടായിരിന്നു" ഫോണ്‍ കട്ട്‌ ചെയ്തു ഞാന്‍ സ്വയം പറഞ്ഞു
"സാറിനു കൊന്ന പൂ ആണോ വേണ്ടേ ?"
ആ പയ്യന്റെ ശബ്ദം ആണ്, ഓ ഞാന്‍ പറഞ്ഞതൊക്കെ ഇവന്‍ കേട്ടു കാണും.
"എത്ര രൂപയാ?" - അവന്‍ പറ്റിക്കും എന്ന് പൂര്‍ണ്ണവിശ്വാസം ഉള്ളത് പോലെ ഞാന്‍ ചോദിച്ചു.
"കാശൊന്നും വേണ്ട, ഞാന്‍ രാവിലെ ആ പറമ്പില്‍ നിന്നും പിച്ചിയതാ, ഒന്ന് രണ്ടു കൊത്ത് മതിയെങ്കില്‍ ഞാന്‍ വീട്ടില്‍ നിന്നും എടുത്തു തരാം"
ശേ, മോശം ആയി പോയല്ലോ, വിദ്യാഭാസം മാത്രം ഉണ്ടായാല്‍ പോരാ, മനുഷ്യരെ മനസ്സിലാക്കാന്‍ ഇനിയെന്നാ പഠിക്കുക. ചമ്മല്‍ മറച്ചു ഞാന്‍ പറഞ്ഞു.
"കിട്ടിയാല്‍ ഉപകാരം ആകും, വീട്ടില്‍ ഒരു മോള്‍ ഉണ്ട്, ഏഴു വയസ്സ്, അവളെ കണി കാണിക്കാനാ"
ഇതു കേട്ടതും ആ ചെക്കന്‍ ഒരൊറ്റ ഓട്ടം, എന്നിട്ട് ഒരു രണ്ടു മിനുട്ട് കഴിഞ്ഞതും അഞ്ചാറു കൊത്തു കൊന്നപൂവുമായി എന്റെ അരികില്‍ എത്തി, ആ പൂക്കള്‍ എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി, ആ ചെക്കന്‍ വീണ്ടും ആ കലിങ്കിന്റെ അങ്ങേ തലയ്ക്കല്‍ പോയി ഇരുന്നു.
ഞാന്‍ എഴുന്നേറ്റു അവന്റെ അരികില്‍ എത്തി ഒരു നൂറു രൂപ എടുത്തു അവനു നേരെ നീട്ടി.
"ഇതിരിക്കട്ടെ"
"അയ്യോ, വേണ്ട സാറേ. ആ പൂ പിച്ചിക്കോളാന്‍ ആ പറമ്പിലെ അവിടുത്തെ അമുമ്മ സമ്മതിച്ചതാ. കാശൊന്നും ആയിട്ടില്ല"
"അതോണ്ടല്ല, ചുമ്മാ നീ വച്ചോ"
"ഇല്ല സാറേ, ജോലി ചെയ്യാതെ കാശ് മേടിക്കരുത് എന്നെന്റെ അമ്മ പറഞ്ഞിട്ടുണ്ട് "
"എന്നാ വിഷു കൈനീട്ടം ആണെന്ന് കരുതിക്കോ"
"വേണ്ട സാറേ, സാറ് പൊയ്ക്കോ, കൈനീട്ടം ഒക്കെ നാളെ ഉച്ചക്ക് എന്റെ അമ്മ തന്നോളും"
"ഉച്ചയ്ക്കോ, സാധാരണ രാവിലെ അല്ലെ തരുന്നേ"
"അത് നിങ്ങള്‍ വലിയ ആളുകള്‍ക്കാ സാറേ, എന്റെ അമ്മ ദോ ആ കാണുന്ന ഫ്ലാറ്റിലോക്കെയാ പണിക്കു പോകുന്നെ"
അവന്‍ ചൂണ്ടികാണിച്ച ബഹുനില കെട്ടിടങ്ങളില്‍ ഒരെണ്ണത്തില്‍ ആണ് ഞാനും ജീവിക്കുന്നത്.
അവന്‍ തുടര്‍ന്നു..
"നാളെ അവിടെ നിന്നും കൈനീട്ടം കിട്ടും അമ്മയ്ക്ക്, അത് ഉച്ച ആകുമ്പോള്‍, വീട്ടില്‍ വരുമ്പോള്‍ അമ്മ എനിക്ക് തരും"
ഇത്രേം ആത്മാഭിമാനം ഉള്ള ഒരു പയ്യന്റെ മുന്നില്‍ വീണ്ടും കാശ് കാണിച്ചു ചെറുതാവാന്‍ എനിക്ക് തോന്നിയില്ല.
"വിഷു ആയിട്ട് അമ്മ എന്ത് മേടിച്ചു തരും?"
"മേടിച്ചു തരാന്‍ അമ്മക്ക് ആഗ്രഹം ഉണ്ടേലും നടക്കില്ല, എന്റെ പഠനത്തിനു മാത്രമേ അമ്മ കാശ് ചിലവാക്കു, ഉടുപ്പും, ബുക്കും ഒക്കെ വലിയ വീട്ടില്‍ നിന്നും കളയുന്നത്, അമ്മ ചോദിച്ചിട്ട് എടുത്തോണ്ട് പോരും"
നെഞ്ചില്‍ ഒരു ചെറിയ വേദന തോന്നി, അത് ഭാവികാതെ ഞാന്‍ ചോദിച്ചു - "എന്നാലും, വിഷു ആയിട്ട് ഒന്നും ഇല്ലേ? "
"ഉണ്ട്, നാളെ എന്നത്തെപോലെയും രണ്ടു നേരവും കഞ്ഞിയും മുളകും ആയിരിക്കില്ല. ഉച്ചയ്ക്ക് ചോറും, മോരും, അവിയലും കാണും. പായസം അമ്മയ്ക്ക് ആരേലും കൊടുത്തു വിട്ടാല്‍, അതും ആയി" - അത് പറയുമ്പോള്‍ അവന്റെ കണ്ണില്‍ സന്തോഷത്തിന്റെ ഒരു വെളിച്ചം എനിക്ക് കാണാന്‍ കഴിഞ്ഞു.
തൊന്നൂറ്റിയഞ്ചു കിലോയില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന എന്റെ ദുര്‍മേദസ്സ് ആ പയ്യന്റെ മുന്നില്‍ അലിഞ്ഞു ഇല്ലാണ്ട് ആയി.
വിയര്‍പ്പു പൊടിഞ്ഞ കൈകളില്‍ ആ കൊന്നപൂവും പിടിച്ചുകൊണ്ട് ഞാന്‍ തിരികെ നടന്നു. പീസ വാങ്ങാനുള്ള കട കണ്ടിട്ടും അവിടെ കയറാന്‍ എനിക്ക് തോന്നിയില്ല.
Author - Sankaran Kutty

ക്രിസ്തുമസ് കാര്‍ഡ്‌ - ഒരു നട്ടുച്ച പരാക്രമത്തിൻ്റെ കഥന കഥ


ഒരു പത്തു പതിനഞ്ചു വർഷം മുന്‍പ് നടന്ന സംഭവം ആണ്. പ്രീഡിഗ്രി പഠിക്കുന്ന കാലം.. ഇപ്പോഴത്തെ പിള്ളേർക്ക് അറിയാമോ എന്തോ? എന്നാ അങ്ങിനെ ഒരു ഡിഗ്രി പണ്ട് ഉണ്ടായിരിന്നു. ആ കാലത്ത് ഞങ്ങള്‍ കണക്കു പഠിക്കാന്‍ ചെമ്മാമുക്കിൽ ഒരു സാറിൻറെ വീട്ടിൽ പോകുമായിരുന്നു.. അവിടെ ഏഴാം ക്ലാസ്സ്‌ മുതല്‍ ഉള്ള കുട്ടികള്‍ പഠിക്കാൻ വരുമായിരുന്നു.. ഞങ്ങള്‍ക്ക് നാലര മണിക്കാണ് ക്ലാസ്സ്‌. അതെ സമയത്താണ് വിമല ഹൃദയ ഗേള്‍സ് ഹൈസ്കൂളിലെ കിളികളും അവിടെ എത്തുക. ആ കിളികളില്‍ ഒരെണ്ണം എൻ്റെ മാനം കവര്‍ന്നു, സോറി, ഐ മീന്‍ മനം, അവളുടെ പേര് 'സോഫി'. ജാതിയും മതവും ഒരു പ്രശ്നം ആയി ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ പറഞ്ഞു വന്നത് ഞങ്ങള്‍ രണ്ടും ഒരേ ജാതി അല്ല, ഈ ജാതി ഒക്കെ എന്നാ ഉണ്ടായത് എന്ന ഒരു മോഡ് ആയിരിന്നു ആ കാലത്ത്. ആര് എതിർത്താലും ഞാൻ അവളെ കെട്ടിയിരിക്കും. ബൈ ദി ബൈ, സോഫി ഒന്‍പതില്‍ ആണ്, ഞാന്‍ പ്രീ-ഡിഗ്രി ആദ്യ വര്‍ഷവും, ഫോര്‍ ന്യൂജനറേഷൻ, ഇറ്റ്‌ മീന്‍സ്‌ +1..
ആറ് മണിക്ക് ഞങ്ങളുടെ ക്ലാസ് വിടും, ഒരു 5 മിനിറ്റ് കഴിഞ്ഞു അവരുടെതും. ആ ഗാപില്‍ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ പോയി അവളേം കാത്തു നില്‍ക്കും, അവളെ ബസ്‌ കയറ്റി വിട്ടിട്ട് മാത്രമേ ഞാന്‍ തിരികെ പോകുന്ന വഴി ആലോചിക്കുക പോലുമുള്ളൂ.. ഒറ്റയ്ക്ക് നിന്ന് റാട്ടാന്‍ മടി ആയതിനാല്‍ ഞാന്‍ കൂട്ടത്തില്‍ സൗന്ദര്യവും, നീളവും ബുദ്ധിയും ലവലേശം ഇല്ലാത്ത അലെന്‍ ചെറിയാന്‍ അലക്സ്‌ എന്ന പയ്യനെ കൂട്ട് വിളിച്ചോണ്ട് പോയി. അവളുടെ ശ്രദ്ധ വേറെ എങ്ങോട്ടും തിരിയാതിരിക്കാൻ വേണ്ടി ആയിരിന്നു ഈ നീക്കം. ഞാൻ മാത്രമല്ല, ഒരു വിധപ്പെട്ട എല്ലാവരും ഈ പരുപാടി പണ്ട് കാലം മുതൽക്കേ അനുചരിച്ചു പോന്നിരുന്നു. ഒന്ന് ശ്രദ്ധച്ചു നോക്കിയാൽ കാണാം, എല്ലാവരുടെയും ബേസ്ഡ്ഫ്രണ്ട് അവരെക്കാൾ സൗന്ദര്യം കുറഞ്ഞവർ ആയിരിക്കും, അതൊരു സൈക്കളോടിക്കൽ മൂവ് ആണ്. :P
അങ്ങിനെ, എന്നും ഞാന്‍ അവളെ നോക്കി കണ്ണുകളാല്‍ എസ്എംഎസ് അയക്കുമായിരിന്നു, അവളും എന്നെ എന്നും നോക്കുന്നതായി എനിക്ക് തോന്നിയിരിന്നു,, അവള്‍ ഒരു ദിവസം വരാതെ ഇരുന്നാല്‍ ഞാന്‍ ആകെ തളരുമായിരിന്നു, അച്ചായൻൻറെ കടയിൽ നിന്നും സിപ്-അപ്പ് സ്വന്തം ചിലവിൽ വാങ്ങി തന്നു അലൻ എന്നെ സമാധാനിപ്പികുമായിരിന്നു. സ്നേഹത്തിന്റെ നിറകുടം ആണ് അവന്‍ എന്നെനിക്ക് അപ്പോഴാണ് മനസിലായത്, അല്ലെങ്കില്‍ എനിക്ക് വേണ്ടി ഇത്രേം നേരവും കാശും അവന്‍ കളയില്ലല്ലോ? ആ ഇടയ്ക്കു ടീവിയില്‍ ഷോലേ പടം വന്നപ്പോള്‍ അതിലെ നായകന്മാരുടെ സൗഹൃദം പോലും ഞങ്ങളുടെ സൗഹൃദത്തിൻറെ മുന്നില്‍ ഒന്നും അല്ലാലോ എന്ന് ഞാന്‍ അഹങ്കരിച്ചു. അന്നീ ചങ്ക് ബ്രോ ഒന്നും ഇല്ല. മച്ചൂ, അളിയൻ ഒക്കെയാണ് ഒപ്ടിമൽ വാക്കുകൾ.. അലൻ മുത്താണ്, ചക്കരയാണ്, തേനാണ്. <3
കമിംഗ് ബാക്ക് ടു സ്റ്റോറി,,, എൻ്റെ വായിനോട്ടം നന്നായി തന്നെ പോയിക്കൊണ്ടിരിന്നു. അങ്ങിനെ ഒരു ഡിസംബര്‍ 15 നു ക്രിസ്തുമസ് വന്നു. 'ഏഹ്, ഹെന്ത്?'. തെറ്റിയതല്ല, ക്രിസ്തുമസിനു 10 ദിവസം അവധി അല്ലെ, അതിനാല്‍ അവിടെ 15നു ആണ് സെലിബ്രേഷന്‍.. ആ പേരില്‍ ഒരു മദ്യം ഉണ്ട്, കൊറേ നാൾ ആയല്ലോ സെലിബ്രേഷന്‍ കുടിച്ചിട്ട്? സോറി, സീൻ മാറി പോയി. അത് വേറെ കാര്യം, ആഹ്! പോട്ടെ!
അങ്ങിനെ ഞാന്‍ അവള്‍ക്കു ഒരു കാര്‍ഡ്‌ കൊടുക്കാന്‍ തീരുമാനിച്ചു,. എൻ്റെ ഹൃദയം അതേപോലെ പ്രതിഫലിപ്പിക്കുന്ന ഒരു ക്രിസ്മസ് കാര്‍ഡ്‌. എൻ്റെ മനസ്സ് തുറക്കാന്‍ ഞാന്‍ തീരുമാനിച്ചു, ഞായര്‍ വൈകുന്നേരം ആണ് സെലിബ്രേഷന്‍. ശനിയാഴ്ച രാവിലെ ഞാന്‍ അലെനെയും പൊക്കി ജെറോംനഗറിലെ ഡോണ്‍-ബോസ്കോ എന്ന കടയില്‍ പോയി.. അവന്‍ കൂടെ ഉള്ളപോള്‍ എനിക്ക് നല്ല കോൺഫിഡൻസ് ആയിരിന്നു, അവന് സൗന്ദര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ സുന്ദരന്‍ ആണെന്ന് എനിക്ക് തന്നെ തോന്നും. 'ശോ, രോമാഞ്ചം'. ഓരോരോ തോന്നലുകള്‍ .അങ്ങിനെ ഞങ്ങള്‍ കടയില്‍ എത്തി. അതാ സോഫി അവിടെ നില്കുന്നു, കൂടെ വേറേം 2 കിളികള്‍.. എനിക്ക് നാണം വന്നു,, എന്തിനാണ് എന്നെ ആളുകൾ നാണം ഇല്ലാത്തവന്‍ എന്ന് വിളികുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലാവാറില്ല.. എനിക്ക് ഇന്നലെ വൈകിട്ട് കൂടി നാണം വന്നതാ.
"ഹൈ സോഫി. കൊറേ കാര്‍ഡ്‌ വാങ്ങിച്ചല്ലോ?", എൻ്റെ ആലോചനകളെ ചവിട്ടി താഴ്ത്തി കൊണ്ട് അലെന്‍ അവളോടെ സംസാരിച്ചു.
" ക്രിസ്തുമസ് അല്ലെ. എല്ലാ കൂട്ടുകാര്‍ക്കും കൊടുക്കണ്ടേ?" - കിണിച്ചു കൊണ്ട് അവളുടെ മറുപടി. 'അതെന്താ ക്രിസ്തുമസിനു കാര്‍ഡ്‌ കൊടുത്തിലേല്‍ അടുത്ത വര്‍ഷം ജനുവരി കാണില്ലേ?' - ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്തേലും ആവട്ടെ, ഞാന്‍ മാത്രം മിണ്ടാത്തത് ശരി അല്ലാലോ!!
"എക്സാം ഒക്കെ എങ്ങിനെ ഉണ്ടായിരിന്നു സോഫീ?" - ഞാനും കേറി മുട്ടി.
"ഓ, അതൊക്കെ ഇനി പേപ്പര്‍ കിട്ടിയിട്ട് ആലോചിച്ചാല്‍ പോരെ?". അവള്‍ ഒരു പുച്ഛത്തോടെ എന്നോട് പറഞ്ഞു. ഞാന്‍ വീണ്ടും നാണിച്ചു പണ്ടാരം അടങ്ങി, ശശി :/ .
"എന്നാ ഞങ്ങള്‍ പോകുന്നു"- അതും കൂടി ആഡ് ചെയ്തിട്ട് ആ കിളികള്‍ ഇറങ്ങി പോയി,, ഞാന്‍ അവരെ നോക്കി നിന്നു. പുറകില്‍ നിന്നും ഒരു തട്ട് - "ബാ അളിയാ, കാര്‍ഡ്‌ സെലക്ട്‌ ചെയ്യാം".
അങ്ങിനെ ഞങ്ങള്‍ ആ കടയാകെ അരിച്ചുപറക്കി, പടം കൊള്ളാമെങ്കില്‍ വേഡ്സ് കൊള്ളില്ല, വേഡ്സ് കൊള്ളാമെങ്കില്‍ പടം കൊള്ളില്ല, ഇത് രണ്ടും ഓക്കേ ആയാല്‍ കാശ് കറക്റ്റ് ആകുന്നതും ഇല്ല.
ഒരു പത്തു മിനിറ്റ് ആയി കാണും. "ഒന്നിങ്ങു വരുമോ"- പുറകില്‍ നിന്നൊരു ശബ്ദം.
ഞാന്‍ തിരിഞ്ഞു നോക്കി. അത് വിദ്യ ആണ്, നേരത്തെ ഇറങ്ങി പോയ കിളികളില്‍ ഒരാള്‍.
"എന്താ ദിവ്യേ?", ഞാന്‍ ആരാഞ്ഞു.
"സങ്കരനെ അല്ല, അലെനെയാ"- അവള്‍ മൊഴിഞ്ഞു, അലെന്‍ അവളെ ലക്‌ഷ്യം ആക്കി നടന്നു നീങ്ങി.
ഞാന്‍ അവളോട്‌ പറഞ്ഞു -" അതേയ്! സങ്കരന്‍ എന്നല്ല ശങ്കരന്‍ എന്നാണ്".
അവള്‍ അത് കേട്ട ഭാവം നടിച്ചില്ല.ഞാന്‍ വീണ്ടും ചമ്മി.
അവര്‍ എന്തോ സംസാരിച്ചു കൊണ്ട് താഴേക്കു പോയി. ഞാന്‍ പതുക്കെ ആ കടയുടെ ഗ്ലാസ്സിലൂടെ താഴേക്കു നോക്കി, അവന്‍ പോയി ആ കിളികള്‍ അടങ്ങുന്ന ഗാങ്ങുമായി സംസാരിക്കുന്നു, സോഫിയും ഉണ്ട്, അവളുടെ ചുരുണ്ടമുടികൾ എനിക്ക് കാർഡ് തപ്പാൻ ആത്‌മവിശ്വാസം ഏകി. എന്തേലും ആവട്ടെ എന്ന് കരുതി ഞാന്‍ വീണ്ടും കാര്‍ഡ്‌ തിരച്ചിലില്‍ വ്യാപൃതനായി. അങ്ങിനെ ഒടുവില്‍ എല്ലാം തികഞ്ഞ ഒരു കാര്‍ഡ്‌ എൻ്റെ കരങ്ങളില്‍ എത്തിപ്പെട്ടു.
'ഇത് ഓക്കേ, എൻ്റെ മനസ്സ് മുഴുവന്‍ ഈ കാര്‍ഡ്‌ പറഞ്ഞോളും :*' - ഞാന്‍ മനസ്സില്‍ പറഞ്ഞു തീരും മുന്‍പേ എൻ്റെ തോളിൽ ഒരു കൈ വന്ന് വീണു. അത് അലന്‍ ആയിരിന്നു.
"അളിയാ! ഈ കാര്‍ഡ്‌ ഓക്കേ അല്ലെ?"- ഞാന്‍ ആക്രാന്തത്തോടെ ആസ്കി.
അവന്‍ ആ കാര്‍ഡ്‌ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരികെ വച്ചു. എന്നിട്ട് അവന്‍ പുറകില്‍ ഒളിപ്പിച്ചിരുന്ന ഒരു കാര്‍ഡ്‌ എൻ്റെ നേരെ നീട്ടി. "എന്തൊരു മഹാന്‍! :D "- ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്ക് വേണ്ടി അവന്‍ കാര്‍ഡ്‌ സെലക്ട്‌ ചെയ്തു കൊണ്ട് വന്നിരിക്കുന്നു,"യെ ദോസ്തി ഹം നഹിന്‍ തോടെങ്കെ.." - ഒരു അശരീരി പോലെ ആ പാട്ടു അവിടെ മുഴങ്ങുന്നത് പോലെ എനിക്ക് അനുഫവപ്പെട്ടു. <3
ഞാന്‍ ആ കാര്‍ഡ്‌ നോക്കി..
"WOW :O ", ഐ മീന്‍ "WOWW :O ". എന്തൊരു കിടിലം പടം,, എൻ്റെ ഹൃദയം അതേപോലെ പകർത്തുന്ന പടം തന്നെ,, "അളിയാ, നീയാണ് അളിയാ അളിയൻ, നീ കിടിലം ആണളിയാ..", ഞാന്‍ അവനെ കെട്ടിപിടിച്ചു, എന്നിട്ട് ഞാന്‍ കാര്‍ഡ്‌ തുറന്നു നോക്കി. അതിൽ എന്തൊക്കെയോ എഴുതീട്ടുണ്ട് നീല പേന കൊണ്ട്. അതിൻ്റെ അകത്ത് കണ്ടത്, ശരിക്കും അത് അത് തന്നെ ആണോ? ഞാന്‍ കണ്ണ് തിരുമ്മി വീണ്ടും നോക്കി. അതെ, അത് തന്നെ.
'ടു മൈ ഡിയര്‍ അലെന്‍....' പിന്നെ കൊറേ ക്രൂരമായ വാക്കുകള്‍ (മൊത്തത്തിൽ വായിച്ചു വരുമ്പോൾ ഐ ലവ് യു എന്നാണ് അതിൻറെ അർത്ഥം)..
'വിത്ത് ലവ് ആൻഡ് കെയർ - സോഫി" ദൈവമേ! എന്തൊരു ക്രൂരത ആണ് ഇത്..
"എന്താടാ ഇത്?" - ഞാന്‍ അലനോട് അലറി.
"അളിയാ അത്, ഇത്രേം സൗന്ദര്യം ഉള്ള ഒരു പെണ്ണ് എന്നോട് ഇങ്ങിനെ പറയുമ്പോള്‍.. മാത്രവുമല്ല, നീ സുന്ദരന്‍ അല്ലെ? നിനക്ക് വേറെ പെണ്ണ് കിട്ടും. ആള്‍സോ, ഞങ്ങള്‍ ഒരേ ജാതിയാ. എല്ലാം കൊണ്ടും ഇതല്ലേടാ ശരി?
പകച്ചു പണ്ടാരം അടങ്ങി അവൻ്റെ മോന്തയിൽ നോക്കി നിന്നു ഞാൻ.
"നിനക്ക് ഒരു നായർ പെണ്ണിനെ ഞാൻ ശരി ആക്കി തരും, അച്ചായന്റെ കടയിലെ സിപ്അപ്പ് ആണേ സത്യം :) " - അവൻ കൂട്ടിച്ചേർത്തു
ഞാന്‍ നേരത്തെ കേട്ട പാട്ടിൻറെ കാസറ്റ് വള്ളി കുരുങ്ങി ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്ന പോലെ എനിക്ക് തോന്നി, ഈ അണലിയെ ആണോ ഞാൻ അളിയാ എന്ന് വിളിച്ചത്. എന്ത് കണ്ടിട്ടാണ് ഈ കോന്തനെ അവള്‍ക്കു ഇഷ്ടം ആയത്? എൻ്റെ മനസ്സ് പിടഞ്ഞു..
"എടാ അവള്‍ക്കു കൊടുക്കാന്‍ വേണ്ടി, എനിക്ക് ഒരു കാര്‍ഡ്‌ നീ തന്നെ സെലക്ട്‌ ചെയ്തു തരണം, നിനക്കാവുമ്പോൾ എൻ്റെ മനസ്സ് നല്ലപോലെ അറിയാമല്ലോ ?"- അവന്‍ പൈശാചികമായി എന്നോട് മൊഴിഞ്ഞു.
"പ്ഫ്ഹാ തെണ്ടീ" - എന്ന് മനസ്സില്‍ വിചാരിച്ച് കൊണ്ട് ഞാന്‍ ആദ്യം സെലക്ട്‌ ചെയ്ത കാര്‍ഡ്‌ അവന് സമ്മാനിച്ചു. അതിന്റെ കാശും ഞാന്‍ തന്നെ കൊടുത്തു. അതിനു ശേഷം അവനോടു ഞാൻ മിണ്ടീട്ടില്ല. അന്ന് മുതൽ ഞാൻ ആർക്കും ക്രിസ്മസ് കാർഡും കൊടുത്തിട്ടില്ല, സിപ്അപ്പ് കുടിയും ഞാൻ നിർത്തി.
കഴിഞ്ഞ ആഴ്ച ഹോംലോൺ എടുക്കാൻ ബാങ്കിൽ ചെന്നപ്പോൾ, മാനേജരെ കേറി കാണാൻ പറഞ്ഞു. മാനേജരുടെ റൂം ലക്ഷ്യമാക്കി നടന്ന ഞാൻ പുറത്തു നെയിംബോർഡിലെ പേര് കണ്ടു - 'അലൻ ചെറിയാൻ അലക്സ്'.
ലോൺ വേണ്ടാ എന്ന് മനസ്സിൽ ഉറപ്പിച്ചു, അപേക്ഷഫോം കീറി റോഡിൽ കളഞ്ഞു തിരികെ പോന്നു.
By Sankarankutty

കാമുകിയുടെ ആദ്യരാത്രി (ചെറുകഥ)


എത്ര വിചാരിച്ചിട്ടും മനസ്സിനെ അടക്കാൻ പറ്റുന്നില്ല, അവൾക്ക് എങ്ങിനെ കഴിഞ്ഞു എന്നെ ഇട്ടേച്ച് ആ കൂതറ പട്ടാളക്കാരൻറെ കൂടെ പോകാൻ.. എന്തെല്ലാം വാക്കുകൾ തന്നിരുന്നു, എൻ്റെ കൈയും പിടിച്ചു, ആ ഡീസൻറ്മുക്കിലെ വയലിൽ ആരും കാണാണ്ട്, എന്തെല്ലാം സ്വപ്‌നങ്ങൾ ഞങ്ങൾ മേഞ്ഞു ( A ബോർഡ് വയ്ക്കണ്ടല്ലോ, സ്വപ്നം അല്ലെ? ) , ഒടുവിൽ എന്നെ തേച്ച് ഒട്ടിച്ച്, ഒരാഴ്ച കൊണ്ട് കല്യാണവും ഉറപ്പിച്ചു ഇന്നവൾ മറ്റൊരുവൻറെ ആയി...
"സഹിക്കാൻ പറ്റുന്നില്ല അളിയാ... :( :( " മോങ്ങി കൊണ്ട് ഞാൻ വിതുമ്പി..
"എടാ വിഷ്ണൂ, നീ ഇത് ഇന്നലെ തുടങ്ങിയ കുടി അല്ലെ.. ഒന്ന് നിർത്തൂ.."
"ഇല്ലളിയാ , എനിക്ക് സഹിക്കാൻ പറ്റൂല, ഇന്നവളുടെ ആദ്യ രാത്രിയാ..ദാ, ഇപ്പം ഒൻപതു മണി, ഏറിയാൽ ഒരു മണികൂർ,, ഞാൻ നോക്കി വച്ചിരുന്ന മാമ്പഴമാ ആ കൂറ സുഭാഷ് കൊണ്ട് പോയത്, ആ തെണ്ടിക്ക് പട്ടാളത്തിൽ ഒട്ടകത്തിൻറെ ചാണകം വാരുന്ന പണിയാ.. ഒട്ടക തെണ്ടി.. അതിനേക്കാൾ നല്ലതല്ലേ നാട്ടിൽ ചുമ്മാ നിൽക്കുന്ന ഞാൻ, നീ പറ അളിയാ.."
"പട്ടാളത്തിൽ ഒട്ടകമോ ? എഞ്ചുവാടെ ??"
"സോറി, ഒട്ടകം അല്ല, കുതിര..കുരിത.. കുതിര തെണ്ടി.. "
"ഈ കാശ് നിരോധിച്ച സമയത്തും നിനക്കൊക്കെ കുടിക്കാൻ സാധനം കൃത്യമായി കിട്ടുന്നുണ്ടല്ലോ , ഫയങ്കരം തന്നെ.. നീ വാ, ഞാൻ വീട്ടിൽ കൊണ്ടാക്കാം.."
"ഇല്ല , ഞാൻ വരില്ല ,, അവളുടെ ആദ്യരാത്രി പണ്ടാരം അടക്കണം, എന്നാലേ എനിക്ക് മോക്ഷം കിട്ടൂ.. "
"ശരി, അവളുടെ ആദ്യ രാത്രി ഞാൻ കൊളം തോണ്ടി തരാം, അളിയൻ വാ.."
ഇതും പറഞ്ഞു സൂരജ് ഫോൺ എടുത്ത് സൗണ്ട് ആൻഡ് ലൈറ്റ് വർക്ക് നടത്തുന്ന വിപിലിനെ വിളിച്ചു എന്തൊക്കെയോ പറയുന്ന കണ്ടു, അവൻ ചങ്ക് ബ്രോയാണ്..
അല്പം കഴിഞ്ഞു ഉള്ള ബോധത്തിൽ അവൻറെ ബൈക്കിൽ കയറി ആ പട്ടാള ചേട്ടൻറെ വീടിനു സമീപം എത്തി..വീട്ടിൽ ആളൊക്കെ ഒഴിഞ്ഞു, പക്ഷെ എല്ലാ റൂമിലും വെട്ടം ഉണ്ട് , അപ്പോ ആദ്യ രാത്രി തുടങ്ങിയിട്ടില്ല, ഞാൻ സന്തോഷിച്ചു ..
വിപിൽ അവിടെ കാത്ത് നില്പുണ്ടായിരുന്നു, സൂരജിനെ കണ്ടതും വിപിൽ ചോദിച്ചു -"കൊഴപ്പം ആകുവോടെ?"'
"ഇല്ലെടാ, എല്ലാം സെറ്റ് അല്ലെ "
"ആണ്, പക്ഷെ ഇടയ്ക്ക് ആരെങ്കിലും നിർത്താൻ പറയുമോ?"
"പറയുന്നവൻ നാളെ ജയിലിൽ കിടക്കേണ്ടി വരും, അതാ മോനെ നമ്മുടെ ജനാധ്യപത്യം, നീ അതങ്ങോട്ടു പ്ലേയ്
ചെയ്തേ.., റിപ്പീറ്റ് മോഡ് ഓൺ ആണല്ലോ അല്ലെ ??"
അതേ എന്നും തലയാട്ടി കൊണ്ട് അവൻ കോളാമ്പിയിലൂടെ ഉറക്കെ നമ്മുടെ ദേശീയ ഗാനം പ്ലേ ചെയ്തു...
രാവിലെ സീഡി കറങ്ങി-കറങ്ങി ചൂടായി പൊട്ടുന്നത് വരെ അവിടെ ഒരു കാക്ക കുഞ്ഞു പോലും അനങ്ങിയില്ല...
ആദ്യ രാത്രി കൊളമാക്കിയ സൂരജിനും വിപിലിനും ഗുപ്പി വാങ്ങാൻ കാശ് എടുക്കാൻ ബാങ്കിൽ ക്യൂ നിൽക്കുന്ന എന്നോടൊപ്പം കഥാകൃത്ത് ശങ്കരൻ കുട്ടി 
Forced patriotism is like controlled fart, it won't cease good!!

ഡ്യൂക്കിൽ വന്ന ഫ്രീക്കൻ


കൂടെ ജോലി ചെയ്യുന്ന ജോജിൻറെ കല്യാണം ആണു, അടൂർ ഏതോ കാട്ടുമൂലയിൽ ആണെന്നു അറിയാം. കഴിഞ്ഞ ആഴ്ച ഡെലിവെറി ചെയ്തു കിട്ടിയ പുത്തൻ പുതിയ ഹോണ്ടാ സിറ്റി എടുത്തോണ്ട് പോകാം എന്നു ഐഡിയ ഇട്ടതു ഞാൻ തന്നെയാണ്. ബാങ്കിന് അടുത്ത 5 വർഷത്തേക്ക് ഏതാണ്ട് പത്തു ലക്ഷം രൂപ കൊടുക്കാൻ ഉണ്ട്. നമ്മുടെ ആപ്പീസിലെ 2 ചെക്കന്മാർ കൂടി ഉണ്ട്. അടിച്ചുപൊളിച്ചു പോയേക്കാം എന്നു കരുതി. :)
രാവിലെ കൊട്ടാരക്കരയിൽ കയറി തേങ്ങയും ഉടച്ചു ഉണ്ണിയപ്പവും അടിച്ചു ഞങ്ങൾ മൂന്നു ബാച്ചിലേഴ്‌സ് യാത്ര തുടങ്ങി. അടൂർ നിന്നും ഏതോ കൂതറ വഴി ഒക്കെ കയറി ഒരു ഗ്രാമ വീഥിയിൽ എത്തി. ഗ്രാമം എന്നത്തിന്റെ എല്ലാ സംഫവങ്ങളും ഉണ്ട്. പച്ചപ്പ്‌, ഹരിതാഭ, ഊഷ്മളത, പ്രകൃതിഫംഗി, അംബാസഡർ കാർ, പെട്ടി കടകൾ, പുല്ലു തിന്നാൻ കെട്ടിയിട്ട പശുക്കൾ, ജോലിയും കൂലിയും ഇല്ലാണ്ട് കവലയിൽ വന്നിരിക്കുന്ന കൊറേ ചേട്ടന്മാർ, ഡ്രസിങും ഹെയർസ്റ്റൈലും കണ്ടാൽ ആണാണോ പെണ്ണാണോ എന്നു മനസ്സിലാവാത്ത കൊറേ ഫ്രീക്കന്മാർ, അവർ ഫോണും കുത്തി കൊണ്ടു റോഡിൻറെ ഏതാണ്ട് നടുക്കായി തന്നെ ബൈക്കിന്റെ മുകളിൽ വഴിയും ബ്ലോക്ക് ചെയ്തു “നിങ്ങ എങ്ങിനെ വേണോ പൊക്കോ ” എന്ന ഫാവത്തിൽ ഇരിക്കുന്നു, അല്ല കിടക്കുന്നു.
ഗ്രാമവീഥി മുന്നേറും തോറും വിജനത കൂടി കൂടി വന്നു. കുറേക്കൂടി മുന്നോട്ടു പോയപ്പോൾ കുത്തനെ ഉള്ള ഒരു ഇറക്കം കണ്ടു. പുതിയ വണ്ടി ആയതു കൊണ്ടു വളരെ സൂക്ഷിച്ചാണ് ഓടിക്കൽ. സീറ്റിന്റെ മേളിൽ ഉള്ള പ്ലാസ്റ്റിക് കവർ പോലും മാറ്റിയിട്ടില്ല, മലയാളികൾ അല്ലെ.
വളരെ പയ്യെ ചവിട്ടി ഇറക്കി ഏതാണ്ട് ആ ഇറക്കത്തിൻറെ പകുതി എത്തിയാപ്പോൾ എന്തോ വന്നു വണ്ടീൽ തട്ടി. ‘ടമാർ പടാർ ‘.ഞാൻ ചവിട്ടി ഇറക്കി സൈഡ് ആക്കി, ഇറങ്ങി നോക്കിയപ്പോ ദേ നേരത്തെ പറഞ്ഞ ഗണത്തിൽപ്പെട്ട ഒരു ഫ്രോക്കെൻ , ക്ഷമിക്കണം ഫ്രീക്കൻ, അവൻ അവന്റെ കെടിഎം ഡ്യൂക്ക് കൊണ്ടു കയറ്റിയതാണ് . എന്റെ വണ്ടീടെ ബമ്പർ, റ്റെയിൽ ലാംപ് ഇതെല്ലാം കംപ്ലീറ്റിലി ഔട്ട്. അവനു ഒരു പരിക്കും ഇല്ല. വണ്ടി ചരിഞ്ഞു കിടപ്പോണ്ട്. എന്നിട്ട് എന്നെ നോക്കി ഒരു ചോദ്യം – “നിങ്ങൾ എന്തു പോക്കാണ് ബ്രോ”
ഏഴാം ക്ലാസ്സിൽ മോറൽസയൻസ് പഠിപ്പിച്ച ലൈല ടീച്ചറോട് മനസ്സിൽ ക്ഷമ ചോദിച്ചു കൊണ്ടു ഞാൻ അലറി – “ആരാടാ മലരേ നിൻറെ ബ്രോ, നിൻറെ കണ്ണിൽ എന്താ കുരു ആയിരുന്നോ, ഇത്രേം സ്പീഡിൽ ഈ ഇറക്കം ഇറങ്ങാൻ നീ ആരാ, ഉമ്മൻ ചാണ്ടിയോ ? >:(>:( ”.
ഓഫീസിൽ വളരെ മാന്യനായും കുലീനനായും സദ്ഗുണസമ്പന്നൻ ആയും ഇത്രയും കാലം എന്നെ കണ്ടിരുന്ന കൂടെ ഉള്ളവന്മാർ എൻറെ അക്ഷരശുദ്ധി കണ്ടു കോരിതരിച്ചു പകച്ചു മിണ്ടാട്ടം ഇല്ലാണ്ട് എന്റെ കൂടെ വന്നു സൈഡിൽ സൈഡായി നിന്നു.
“അത് ബ്രോ, ഇതിലെ കൂടി വണ്ടി ഒന്നും അധികം പോകാറില്ല”, അതും പറഞ്ഞു കൊണ്ടു കുണ്ടിയും തടവി ഫ്രീക്കൻ എഴുന്നേറ്റു അവൻറെ വണ്ടി സ്റ്റാൻഡിൽ ഇട്ടു.
വീണ്ടും ബമ്പർ നോക്കി വിഷമിച്ച ഞാൻ അവനെ അടിമുടി നോക്കി. മുടിക്ക് ഒക്കെ ഏഴെട്ട് നിറത്തിൽ ചായം പൂശിയിട്ടുണ്ട്, സ്കൈപ്പ് അല്ല സ്പൈക്ക് ഒക്കെ ചെയ്തിട്ടുണ്ട്. കാലിൽ അത്യാവശ്യം വില മതിക്കുന്ന പ്യൂമയുടെ ഷൂസ്, ക്രോണോ വാച്ച്, ഡ്യൂക് ബൈക്ക്… മെന്റൽ കാൽക്കുലേഷനിൽ അവൻ എന്തായാലും കാശിന്റെ അഹങ്കാരം ഉള്ളവൻ ആണല്ലോ.. കിട്ടുന്നതു മേടിച്ചേക്കാം. “ഒരു ഇരുപതിനായിരം രൂപ തന്നിട്ട് നീ പോയാൽ മതി ” എന്നിലെ വിലപേശൽക്കാരൻ ഉണർന്നു.
“അയ്യോ ചേട്ടാ എൻറെ കൈയ്യിൽ കാശൊന്നും ഇല്ല, എന്നെ ഒരു അനിയൻ ആയി കരുതി വെറുതെ വിടണം”
“ചേട്ടാ , അനിയാ – ഈ വാക്കൊക്കെ അറിയാമല്ലോ, എന്നിട്ടാണോടാ പുന്നാര #@$# മോനെ നേരത്തെ നീ ബ്രോ എന്നൊക്കെ ഉണ്ടാക്കിയത് ??” – ഈ തെറി കൂടി കേട്ടപ്പോൾ എന്റെ കൂടെ വന്നവന്മാർ എന്തോ അത്യാവശ്യം വന്നത് പോലെ ഫോണും എടുത്തു ആ ഇറക്കത്തിന്റെ അറ്റം ഉള്ള കലിങ്കിൽ പോയി ഇരിപ്പായി.
“നീ കാശ് തന്നിട്ടേ പോകാത്തൊള്, അടൂർ എസ്ഐ നമുക്ക് അറിയാവുന്ന ആളാ” – ഞാൻ തള്ളിയതല്ല, പുള്ളി ദിനേശിന്റെ കൂട്ടുകാരൻ അഭിലാഷിന്റെ അനിയൻ അരുണിന്റെ കൂടെ പിഎസ്സി കോച്ചിങ്‌ന് പോയ ബിജുവിന്റെ ആദ്യ ഭാര്യയുടെ അയൽക്കാരൻ ആണ്‌ ;) . വേണം എന്നു വെച്ചാൽ ഒരു 15 ഫോൺ കോളിൽ പുള്ളിയെ ഒപ്പിക്കാം.
“ചേട്ടായി ഇത് അടൂർ പരിധി അല്ല , ഇത് ആലപ്പുഴ ജില്ലാ ആണ്”
“കൗണ്ടർ അടിക്കുന്നോടാ സ്‌കൗണ്ട്രൽ, ഏതു ജില്ലാ ആണെങ്കിലും നമുക്ക് പിടിപ്പാട് ഉണ്ട്, നീ കളിക്കാണ്ട് കാശ് എടുക്കെടാ ഫ്രീക്കേ”
ഇത്രയും സംഭവം ഉണ്ടായിട്ടും ഒരു മനുഷ്യകുഞ്ഞു പോലും അതു വഴി വന്നു കണ്ടില്ല. അവന്റെ കയ്യിൽ ഇത്രേം കാശ് ഒന്നും കാണില്ല. എന്താ ചെയ്ക?
“നിന്റെ പേരെന്താ?”
“അലെൻ , അലെൻ ചെറിയാൻ “
“നീ എന്തു ചെയുവാ”
“പഠിക്കുവാ, പ്ലസ് ടു “
“അപ്പൊ നിനക്കു ലൈസെൻസ്ഉം ഇല്ലേ “
“അയ്യോ ചേട്ടാ , ലെർണേഴ്‌സ് ഉണ്ട്, അടുത്ത മാസം കിട്ടും”
“നിനക്കെത്ര വയസ് ഉണ്ട്?”
“18 “
അവൻറെ ലൈസെൻസ് കണ്ടിട്ട് എനിക്കെന്ത് കിട്ടാനാ? നമുക്ക് വേണ്ടത് കാശ് അല്ലെ കാശ് …
“സമയം പോകുന്നു അലാ, നിന്റെ വീട് എവിടാ?”
“ഇവിടെ അടുത്താ, ഒരു 2കിലോമീറ്റർ പോണം “
“ആഹാ , എന്നാ നീ നിന്റെ വീട്ടിൽ വിളിക്കു , കാശും എടുത്തോണ്ട് വരാൻ പറ, ഞങ്ങൾക്ക് വേറെ പണി ഉണ്ട്
“അയ്യോ ചേട്ടാ , വീട്ടിൽ ഒന്നും അറിയിക്കല്ലേ , കലിപ്പാകും”
“ആവണം , നിന്നെ പോലെ കാശിന്റെ അഹങ്കാരത്തിൽ കയറി നിരങ്ങുന്ന പിള്ളേരെ വളർത്തുന്ന തന്തയും തള്ളയും ഒക്കെ അറിയണം നിന്റെ ഒക്കെ പോക്കിന്റെ അവസ്ഥ, നീ ഫോൺ എടുത്തു വീട്ടിൽ വിളിക്കെടാ? “
എന്റെ ഒച്ച കേട്ടു പേടിച്ച അവൻ അപ്പൊ തന്നെ ജീൻസ് പോക്കറ്റിൽ നിന്നും ഏതോ വില കൂടിയ തൊട്ടു വിളിക്കുന്ന ഫോൺ എടുത്തു ആരെയോ വിളിച്ചു. ഞാൻ മറ്റവന്മാരോട് സംസാരിക്കാൻ പോയി, പക്ഷെ ഇവൻ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു.
“ഹലോ , ലില്ലി ചേച്ചി , ഞാൻ അലനാ , ഫോൺ ഒന്നു അപ്പന്റെ കയ്യിൽ കൊടുക്കുമോ?” പിന്നെ ഇച്ചിരി നേരം ഗാപ്. അതു കഴിഞ്ഞപ്പോ അവൻ അപ്പനോട് എന്തൊക്കെയോ പറയുന്ന കേട്ടു. ഞാൻ മൈൻഡ് ചെയ്തില്ല. അവൻ ഫോൺ വെച്ചിട്ട് “അപ്പൻ വരാമെന്ന് പറഞ്ഞു” എന്നു എന്നോട് മൊഴിഞ്ഞു. ഞാൻ അവന്റെ ബൈക്കിന്റെ താക്കോൽ ഊരി കാറിന്റെ മുന്നിൽ ചെന്നു നിന്നു. അവൻ പേടിച്ചു വിറച്ചു , അല്ലേൽ പേടി അഭിനയിച്ചു ബൈക്കിൽ ചാരി നിന്നു. മറ്റവന്മാർ കലിങ്കിന്റെ പുറത്തു ഫോണിൽ ആംഗ്രിബേർഡ്‌സും കളിച്ചോണ്ടും ഇരിന്നു. അപ്പന് വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങി.
ഒരു പത്തു മിനുറ്റ് കഴിഞ്ഞപ്പോൾ ആ വഴിയുടെ അങ്ങേ തലക്കലിൽ നിന്നും ഒരു മെലിഞ്ഞ മനുഷ്യൻ സൈക്കിൾ ചവിട്ടി വരുന്നു. ഏയ്, ഇയാൾക്കു ഇവന്റെ അപ്പൻ ആവാൻ ഉള്ള മിനിമം യോഗ്യത പോലും ഇല്ല. ഡ്യൂക് മേടിക്കാൻ കുറഞ്ഞത് ഒന്നര ലക്ഷം എങ്കിലും വേണം. പുല്ല്, ഇനിയും കാത്തിരിക്കണമല്ലോ? പക്ഷെ പുള്ളി നമ്മളെ തന്നെ ലക്ഷ്യമാക്കി വരുന്നതാവും. ഛെ, ഇവനെ അറിയാവുന്ന ഏതേലും നാട്ടുകാരൻ ആയിരിക്കും. സാധാരണ അപകടം ഉണ്ടാവുമ്പോൾ ചെറിയ വണ്ടിക്കു സപ്പോർട് ചെയ്യുക എന്നൊരു നാട്ടുനടപ്പ് ഈ നാട്ടുകാർ എന്ന അലവലാതി വിഭാഗത്തിന് ഉണ്ട്. ആഹ് , വരുന്ന പോലെ വരട്ടെ, നമ്മൾ വിട്ടു കൊടുക്കില്ല. തെറ്റ് അവന്റെ ആണ്. കാശ് മേടിച്ചിട്ടേ ഞാൻ പോകൂ. അതിനി സ്വാധീനം ഉപയോഗിച്ചു പൊലീസുകാരെ ഇവിടെ കൊണ്ടുവരേണ്ടി വന്നാലും ശരി.
വന്നപാടെ സൈക്കിൾ സ്റ്റാൻഡ് ഇട്ട് സൈഡിൽ ഒതുക്കി പുള്ളി ആ ഫ്രീക്കൻറെ മുഖത്തു ഒന്നു നോക്കിയിട്ട് എന്റെ മുന്നിൽ വന്നു ഭയഭക്തിബഹുമാനത്തോടെ മൊഴിഞ്ഞു – “സാറേ, ക്ഷമിക്കണം, എനിക്കു ഫോൺ ഇല്ല , വീട്ടിലും ഫോൺ ഇല്ല , അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ ഫോണിലാ അവൻ വിളിച്ചതു, അതോണ്ടാ ഇത്രേം താമസിച്ചേ “
“ഹെന്ത് :O”
പുള്ളി പറഞ്ഞതു മലയാളം ആണെങ്കിലും ഏതോ അന്യഭാഷാ ജീവിയുടെ വായിൽ നിന്നും എന്തോ അനർഗ നിർഗ്ഗള നാദം കേട്ടത് പോലെയാണ് എനിക്കു തോന്നിയത്. സത്യത്തിൽ ഞാൻ ഒരു ഒന്നൊന്നര ഞെട്ടൽ ഞെട്ടി. ആ ഫ്രീക്കന്റെ അച്ഛൻ ആവാൻ ഈ മനുഷ്യന് എങ്ങിനെ പറ്റും? അച്ഛൻ ആവാൻ പോയിട്ട് ജാരഅച്ഛൻ ആവാൻ പോലും ഇയാൾക്കു അർഹത ഇല്ല. ഫോൺ ഇല്ലാത്ത സൈക്കിളിൽ വരുന്ന ഒരു അച്ഛൻ, അച്ഛൻ ആണത്രേ അച്ഛൻ :/ :/
“അവൻ പോയിക്കോട്ടെ, എന്ത് സമാധാനം വേണേലും നമുക്ക് ഉണ്ടാക്കാം” – എൻറെ വില കുറഞ്ഞ ചിന്തകളെ ഭേദിച്ചു കൊണ്ടു പുള്ളി പറഞ്ഞു. ഇത്രെയും പ്രായം ഉള്ളവർ സാർ എന്ന് വിളിക്കുന്നത് ഇഷ്ടം അല്ലാത്തോണ്ട് ഞാൻ പറഞ്ഞു – “ചേട്ടാ എന്റെ പേര് സുഭാഷ് എന്നാണ്, പേര് വിളിച്ചാൽ മതി”
“ശരി കുഞ്ഞേ, വണ്ടിക്കു എന്തു ചിലവ് വരും ശരിയാക്കാൻ “
ആ കുഞ്ഞേ വിളിയിൽ ഞാൻ വീണു.
“അതിപ്പോ ചേട്ടാ ഇൻഷുറൻസ് ഉണ്ട്. പക്ഷെ നോ ക്ലെയിം ബോൺസ് വിഷയം വരുന്നുണ്ട്. അതോണ്ട് ക്ലെയിം ചെയ്യാണ്ട് റിപ്പയർ ചെയ്യാൻ ഒരു ഇരുപതിനായിരം എങ്കിലും വേണ്ടി വരും”
“അയ്യോ , ഇരുപത്തിനായിരമോ ? ഞാൻ അപ്പുറത്തെ വീട്ടിൽ നിന്നും ആയിരം രൂപ മേടിച്ചോണ്ടാ വന്നത്…. ഉടനെ തന്നെ തരാൻ…ഇച്ചിരി നേരം തന്നാൽ ഞാൻ മേടിച്ചോണ്ടു വരാം , അവൻ പൊയ്ക്കോട്ടേ , ഞാൻ വേണേൽ കടലാസ്സിൽ ഒപ്പിട്ടു തരാം”
എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇവിടെ എന്താണ് സംഭവിക്കുന്നത്.
“ചേട്ടനു എന്താ ജോലി?”
“റബ്ബർ വെട്ടൽ ആണ് കുഞ്ഞേ “
“സ്വന്തം റബ്ബർ എസ്റ്റേറ്റ് ആണോ?”
“അയ്യോ അല്ല, വേറെ മുതലാളിമാരുടെ പറമ്പിൽ പണിക്കു പോകുവാ”
“ഈ ബൈക്ക് അവന്റെ അല്ലെ?”
“അതേ , എന്റെ പേരിലാ , അത് എടുക്കുമ്പോൾ അവനു പ്രായപൂർത്തി ആയിട്ടില്ലായിരുന്നു”
“ചോദിക്കുന്നൊണ്ട് ഒന്നും തോന്നരുത് , സൈക്കിളിൽ പോകുന്ന ചേട്ടൻ മോന് ഈ ഒന്നരലക്ഷത്തിന്റെ വണ്ടി മേടിച്ചു കൊടുത്തു എന്നു പറയുമ്പോൾ , അതിനുള്ള വരുമാനം ?”
“അവൻ…. അവൻ ചത്തു കളയും എന്നു പറഞ്ഞു കുഞ്ഞേ , 2 ദിവസം കതക് അടച്ചു ഭക്ഷണം പോലും കഴിക്കാതെ ഈ സ്കൂട്ടർ മേടിച്ചില്ലേൽ ചത്തു കളയും എന്നു പറഞ്ഞു” പുള്ളി സത്യത്തിൽ വിതുമ്പി. അയാളുടെ കണ്ണുകൾ നനഞ്ഞു തുടങ്ങി.
“മുതലാളിയുടെ കയ്യിൽ നിന്നും പലിശക്കും ഇളയ മോൾക്ക്‌ വേണ്ടി കരുതി വെച്ചിരുന്ന 5 പവനും വിറ്റിട്ടാ അവനു ഈ സ്കൂട്ടർ മേടിച്ചു കൊടുത്തത്, ഒരു ആൺതരി ഇല്ലേ ഉള്ളൂ, അവൻ ചാകും എന്നു പറഞ്ഞാൽ ഞാൻ എന്തു ചെയ്യാനാ? ഞങ്ങളെ വയസ്സാം കാലത്തു നോക്കാൻ അവൻ ഇല്ലേ കാണൂ സാറേ” – അയാൾ ഷർട്ടിന്റെ കയ്യിൽ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു…
സാർ അല്ല കുഞ്ഞ് എന്നൊന്നും ഞാൻ തിരുത്താൻ പോയില്ല,, എന്റെ വായിൽ ഒരു ശബ്ദം പോലും വരുന്നില്ല. ഞാൻ ആ ഫ്രീക്കന്റെ മുഖത്തോട്ട് ഒന്നു നോക്കി. ഈ ജന്തു ആണോ ഇവരെ വയസ്സ് കാലത്തു നോക്കാൻ പോകുന്നത്. ഇവന്റെ ഈ പോക്കിന് അടുത്ത വിനയന്റെ സിനിമ ഇറങ്ങുന്നതിനു മുൻപേ ഇവൻ പുഖ ആവും, നോ ഡൗട്ട്. ഫോണേൽ ഗെയിം കളിചോണ്ടിരുന്ന ലവന്മാർ വരെ ഈ കഥന കഥ കേട്ടു ഞെട്ടി പണ്ടാരം അടങ്ങി.
“അപ്പൊ ഈ ഷൂസ്ഉം വാച്ചും ഒക്കെ?”
“കാശ് ചോദിക്കും, അവൻ തന്നെയാ എല്ലാം മേടിക്കുന്നെ, കാശ് ഇല്ലെന്നു പറഞ്ഞാൽ ബഹളം വെയ്ക്കും, ആഹാരം കഴിക്കില്ല, എങ്ങിനെ എങ്കിലും ഒപ്പിച്ചു കൊടുത്തു പോകും. അവനെയും കുറ്റം പറയാൻ പറ്റില്ല , കൂട്ടുകാർക് ഒക്കെ ഉണ്ടാകുമ്പോൾ അവനും ആഗ്രഹം കാണില്ലേ , ഈ സ്കൂട്ടർ അവന്റെ എല്ലാ കൂട്ടുകാർക്കും ഉണ്ട് കുഞ്ഞേ..”
“ഡ്യൂക്കോ ?”
“പേരൊന്നും എനിക്ക് അറീല, വൈകിട്ടു ആ കവലയിൽ ചെന്നാൽ കാണാം, എല്ലാർക്കും ഈ ജാതി വണ്ടികളാണ് ” അവനെ നോക്കീട്ട് അയാൾ തുടർന്നു “അവൻ പൊയ്ക്കോട്ടേ, കാശ് ഞാൻ ഒപ്പിച്ചു തരാം , സത്യം”
“ഇവൻ പഠിക്കുമോ? “
“പ്ലസ് ടു അഞ്ചു പേപ്പർ കൂടിയേ കിട്ടാൻ ഉള്ളൂ എന്നാ പറയുന്നേ “
നമ്മൾ പ്രീഡിഗ്രി ആയോണ്ട് ഇതിന്റെ കണക്കൊന്നും അറിയില്ല . എന്നാലും അവൻ അങ്ങേരെ പറ്റിക്കുവാ എന്നെനിക്കു മനസ്സിലായി. ഇനിയും വീട്ടിലെ കാര്യങ്ങൾ ചോദിച്ചു കൂടുതൽ ഡെസ്പ് ആവണ്ടിരിക്കാൻ ഞാൻ പറഞ്ഞു – “അവൻ പൊയ്ക്കോട്ടേ ” താക്കോൽ ഞാൻ അവന്റെ നേരെ എറിഞ്ഞു കൊടുത്തു.
താക്കോൽ കിട്ടിയപാതി അവൻ ഡ്യൂകും പറപ്പിച്ചോണ്ടു ഒറ്റ പോക്ക്.
“കുഞ്ഞ് ആ കവല വരെ വന്നാൽ മതി , ഞാൻ ആരുടേങ്കിലും കയ്യിൽ നിന്നും കാശ് മേടിച്ചു തരാം, ഞാൻ സൈക്കിളിൽ പോകാം, നിങ്ങൾ പിറകെ വന്നാൽ മതി “
“അത് വേണ്ട ചേട്ടാ , ആൾറെഡി ഞങ്ങൾ താമസിച്ചു , ഒരു കല്യാണത്തിനു ഇറങ്ങിയതാ, അവനോടു വണ്ടി സൂക്ഷിച്ചു ഓടിക്കാൻ പറഞ്ഞാൽ മതി , ഞങ്ങൾ അങ്ങോട്ടു തിരിക്കുവാ” ഇതും പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി.
ഒരു വലിയ ബാധ്യത തലയിൽ നിന്നു ഒഴിഞ്ഞത് പോലെ ഉള്ള ആഹ്ളാദം ആ മനുഷ്യൻറെ മുഖത്തു ഞാൻ കണ്ടു. “ഈ ആയിരം രൂപ കുഞ്ഞ് മേടിക്കണം, അതെങ്കിലും…”
“വേണ്ട ചേട്ടാ , ഇൻഷുറൻസ് ഉള്ളതു ഇതിനൊക്കെ അല്ലെ, ബമ്പർ ടു ബമ്പർ ആണ് , കാശ് ഒന്നും ചിലവാകില്ല, അപ്പൊ ശരി , ഞങ്ങൾ പോകുവാ ” ഞാൻ വണ്ടി സ്റ്റാർട് ആക്കി
“ഒരുപ്പാട്‌ നന്ദി ഉണ്ട് സാറന്മാരെ ” – തൊഴുകൈകളോടെയും നിറകണ്ണുകളോടെയും അയാൾ ഞങ്ങളെ നോക്കി. സീൻ ഓവർ ആകണ്ടിരിക്കാൻ ഞാൻ ടാറ്റ പറഞ്ഞു അപ്പോഴേ വണ്ടി എടുത്തു യാത്ര തുടർന്നു.
ആ സൈക്കിളിൽ വന്ന മനുഷ്യൻ കാണിച്ചതും പറഞ്ഞതും ഒക്കെ ഒരു നാടകം ആയിരിക്കണേ എന്ന പ്രാർത്ഥന ആയിരിന്നു ആ ദിവസം മുഴുവൻ. അയാൾ എന്നെ പറ്റിച്ചാലും സാരമില്ല, അയാളുടെ മകൻ അയാളെ പേടിപ്പിച്ചു ഫ്രീക്കൻ ആയി നടക്കരുതേ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്നത് ശരി ആണെങ്കിലും ഫ്രീക്കൻമ്മാരെ കണ്ടാൽ അറിയില്ലലോ വീട്ടിലെ പഞ്ഞം. ഈ സംഭവം കുറച്ചു കസിൻസുമായി പങ്കു വെച്ചപ്പോൾ ആണ് ഈ ഫ്രീക്കന്മാരിൽ ഭൂരിഭാഗവും വീട്ടിൽ പട്ടിണി ആണെങ്കിലും തന്തയെയും തള്ളയേയും പട്ടിയെ പോലെ പണി എടുപ്പിച്ചു, അവരുടെ കാശും കൊണ്ടാണ് ഈ ഷോ ഒക്കെ കാണിച്ചു നടക്കുന്നത് എന്ന പരസ്യമായ സത്യം ഞാൻ മനസ്സിലാക്കിയത്. :O :O
ഇതു ഇങ്ങനത്തെ മക്കളുള്ള സകല മാതാപിതാക്കൾക്കും ഞാൻ ഡെഡികേറ്റ് ചെയുന്നു. :( :(
PS: ഇത് ഷോർട്ട്ഫിലം ആക്കാൻ കൊടുക്കുമോ എന്ന് ചോദിച്ച് ഒരുപാടുപ്പേർ മെസ്സേജ് അയക്കുന്നുണ്ട്.. ഈ കഥയുടെ വീഡിയോ നിർമ്മാണാവകാശം ഒരു പ്രൊഡ്യൂസർ കൈവശപ്പെടുത്തി എന്നു കൂടി ഞാൻ അറിയിച്ചു കൊള്ളട്ടെ 😃😃
#SankuKadhakal
Author - Sankaran Kutty (ശങ്കരൻ കുട്ടി)

ഒടുക്കത്തെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ (പോലീസ് പിടിച്ചില്ല എങ്കിൽ )


എന്റെ പേര് മിതുൻ രാജ്. ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണു, അപ്പർ മിഡിൽ ക്ലാസ്സ്‌ എന്ന് പറയാം. ഇവിടെ തിരുവനന്തപുരം ടെക്നോപാർക്കിൽ കഴിഞ്ഞ 8 വർഷമായി ജോലി ചെയ്യുന്നു. 31 വയസ്സ്. ഭാര്യ പഠിത്തം കഴിഞ്ഞു, ജോലി ആയിട്ടില്ല. ഒരു മോൾ ഉണ്ട്, ആസ്മി - 3 വയസ്സ്. എന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയാണ്. ഞാൻ എല്ലാ വർഷവും സർക്കാരിന് ഏകദേശം 50000/- രൂപ ഇൻകം റ്റാക്സ് ഇനത്തിൽ മാത്രം അടയ്കാറുണ്ട്.
കഴിഞ്ഞ ഒരു മാസമായി ചുമ മാറാതെ ഉണ്ടായിരിന്നു. അങ്ങിനെ കൊല്ലത്തുള്ള രണ്ടു മൂന്നു ഡോക്ടർമാരെ കണ്ടതിനു ശേഷം സ്കാനിംഗ്‌ ഒക്കെ എടുത്തു, ഏതാണ്ട് 75000/- രൂപായോളും ചിലവക്കിയതിനു ശേഷം കഴിഞ്ഞ ആഴ്ച തിരുവനന്തപുരം RCC യിൽ ചെന്നു. മോഹൻലാലിന്റെ പുലിമുരുഗൻ കാണാൻ ആദ്യ ദിവസം ഇത്രേം തിരക്ക് ഇല്ലായിരിന്നു. അമ്മാതിരി ഇടി. ഇടയ്ക്കു സ്വാധീനം ഉള്ളവർ നേരത്തെ കേറി ഡോക്ടറെ കണ്ടു. 8മണി മുതൽ അവിടെ നിന്ന ഞാൻ ഏതാണ്ട് 4 മണി അടുപ്പിച്ചു ഡോക്ടറെ കണ്ടു ആ സന്തോഷ വർത്തമാനം മനസിലാക്കി. എനിക്ക് CLL ആണത്രേ (chronic lymphocytic leukemia). നമ്മൾ ഈ പോളിറ്റെകനികിൽ ഒന്നും പഠിച്ചിട്ടിലല്ലോ. അതോണ്ട്‌ യന്ത്രം തകരാറിൽ ആയതു അറിഞ്ഞില്ല. ഓടി ഓടി എഞ്ചിൻ നാശം ഏതാണ്ട് 3rd സ്റ്റേജ് ആരംഭം ആയത്രേ. ഇനീപ്പോ സർജറി പറ്റില്ല. ഏതേലും നല്ല ആശുപത്രിയിൽ പോയി കീമോയും രേടിയെഷൻ ഉം ചെയ്യണം. വില നിലവാരം തിരക്കിയപ്പോൾ കൈ പൊള്ളുന്ന ഇടപാട് ആണെന്ന് ബോധ്യമായി. കുടിച്ചും വലിച്ചും ഒന്നും വരുന്ന കാൻസർ അല്ല. വരാൻ ഉള്ളത് തത്കാൽ ടിക്കറ്റ്‌ എടുത്തു വരും.
1 ലക്ഷം രൂപയുടെ 'നക്ഷത്രത്തിന്റെ' ഇൻഷുറൻസ് ഉണ്ട്. കൊല്ലത്തെ ആശുപത്രി ബിൽ ക്ലൈം ചെയ്യാൻ നോക്കിയപ്പോൾ തന്നെ അവന്മാര് ലോക ഉടായിപ്പ് ആണെന്ന് എനിക്ക് ബോധ്യമായി. എല്ലാം കൂടി ഒരു പൈനായിരം രൂപ പോലും അവന്മാര് അപ്രൂവ് ചെയ്തില്ല ഇത് വരെ.
പ്രൈവറ്റ് ജോലി ആയതു കൊണ്ട് സ്വന്തം നിലയിൽ തന്നെ ചികിത്സ നോക്കണം. കഴിഞ്ഞ ആഴ്ച മുഴുവൻ ലീവ് എടുത്തു ഒരുപാട് രോഗികളെ ഞാൻ സന്ദർശിച്ചു. മരിച്ചു പോയവരുടെ ബന്ധുകളെയും ഞാൻ പോയി കണ്ടു. 3rd സ്റ്റേജ് ആയിട്ട് രക്ഷപ്പെട്ടവർ വിരളം. അതിൽ ഭൂരിഭാഗവും കാശ് ഉള്ളവർ മാത്രം. രെക്ഷപ്പെടൽ എന്ന് പറഞ്ഞാൽ ജീവനോടെ ഉണ്ട് എന്ന് മാത്രം. മരുന്നും പരിചാരകരുമായി മരണം കാത്തു കഴിയുന്ന കൊറേ പേർ. അല്ലാതെ രക്ഷപ്പെട്ടവർ കുടുംബം വിറ്റു. മരുന്ന് വാങ്ങാൻ കാശ് ഇല്ലാണ്ടും, വാടക പോലും കൊടുക്കാൻ കഴിയാതെയും നരക യാതന അനുഭവിക്കുന്നു. ചിലർക്ക് ഫേസ്ബുക്കിലും നിന്നും മറ്റും ചാരിടി ഇനത്തിൽ കാശ് കിട്ടീട്ടുണ്ട്. പക്ഷെ ജീവിതം പിന്നെയും ചോദ്യ ചിഹ്നമായ കൊറേ മനുഷ്യരെ ഞാൻ കണ്ടു. മാത്രവുമല്ല ബാങ്ക് അക്കൌണ്ടും ഫോട്ടോയും വെച്ചോണ്ട് ഫേസ്ബുക്കിലെ ഒരു പോസ്റ്റ്‌ ആവാൻ എനിക്കൊരു മടി. എന്റെ മോളുന്റെ ഫോട്ടോ വരെ അവന്മാര് തിരികി കയറ്റി ഓണ്‍ലൈൻ പിച്ച എടുക്കും. ആ ലൈക്‌ ഉം കമന്റും, അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ വേണ്ട.
തിരുവനതപുരത്തെ പ്രധാനപ്പെട്ട പ്രൈവറ്റ് ഹൊസ്പിറ്റൽ എല്ലാം ഏത് സ്റ്റേജിൽ കാൻസർ ആണെന്ന് പറഞ്ഞു ചെന്നാലും 'ആ ചെറിയ സ്പാന്നെർ ഇങ്ങേട്, ദിപ്പോ ശെരിയാക്കി തരാം' എന്ന് പറയും. എന്നിട്ട് നാട്ടിൽ ഉള്ളതും ഇല്ലാത്തതുമായ സകല ടെസ്റ്റും എഴുതി തരും. ചില ടെസ്റ്റ്‌ അവിടെ കാണില്ല. അത് കൊച്ചിയിൽ പോയി എടുക്കണം. തിരക്കി നോക്കിയപ്പോൾ PET TEST എന്നൊക്കെ ഉള്ള സാധനങ്ങൾ എഴുതി തരുന്നത് ആവശ്യം ഉണ്ടായിട്ട്‌ ഒന്നും അല്ല, പക്ഷെ ഒരു ടെസ്റ്റ്‌ എഴുതി കൊടുത്താൽ കമ്മീഷൻ ഇനത്തിൽ പൈനായിരം രൂപാ വരെ ഡാക്ടർനു കിട്ടുമത്രേ. ഞങ്ങടെ അവിടെ സ്ഥല / വണ്ടി കച്ചവടത്തിന് വരുന്ന ബ്രോകേർമാരോട് എനിക്ക് ഉണ്ടായിരുന്ന ദേഷ്യവും അറപ്പും അതോടെ ഇല്ലാണ്ട് ആയി. അവർ ഇത്രേം പഠിച്ചിട്ടു ഒന്നും അല്ലലോ ഈ പരുപാടി കാണിക്കുന്നേ. എന്നിട്ട് കൊറേ കാശ് പിഴിഞ്ഞു കഴിയുമ്പോൾ കൈ മലർത്തി കാണിച്ചിട്ട് "പെയ്ൻ കില്ലെർ തരാം, ഞങ്ങൾക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല " എന്ന് പറഞ്ഞു ടാറ്റാ കാണിക്കും.കോട്ടും സ്തെറ്റസ്കോപ്പും ഇട്ട കാലന്മാർ. മ്ലേച്ചം തന്നെ.
യാദൃച്ഛികം ആവണം, ഇന്ന് രാവിലെ പത്രത്തിൽ നമ്മുടെ 2-3 മന്ത്രിമാർ കുടുംബസമ്മേതം അമേരിക്കയിൽ വിദഗ്ദ ചികിത്സക്കായ്‌ പോയേച്ചു ആ തണുപ്പത്ത് കോട്ടും ഇട്ടോണ്ട് നിക്കണ ഫോട്ടം പത്രത്തിൽ കണ്ടായിരിന്നു. പണ്ടേ സ്കൂളിൽ പോകാണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങീലല്ലോ കർത്താവെ. വിദേശത്ത് ഒക്കെ ചികിത്സ സൗജന്യം ആന്നെന്നു എന്തോ ചെറിയ പ്രീമിയം അടച്ചു ഇൻഷുറൻസ് എടുത്താൽ. ഇനി ഇപ്പൊ അതിനു ഒന്നും സമയം ഇല്ല. കൂടെ പഠിച്ച ഒരു ബുദ്ധി ജീവി ഉണ്ട് ഹരീഷ് ചന്ദ്രശേഖർ , ഡോക്ടറാണ്. അവനെ വിളിച്ചു ഈ അറിഞ്ഞ രോഗ വിവരങ്ങൾ എല്ലാം ഒരു സുഹൃത്തിനു ആണെന്ന് പറഞ്ഞു, വല്ലോം നടക്കുമോ എന്ന് ആരാഞ്ഞു. ചുമ്മാ ചികിത്സിക്കാം എന്നലാണ്ട് വലിയ പ്രതീക്ഷ വേണ്ടെന്നു അവൻ മൊഴിഞ്ഞു. എനിക്ക് ആണെന്ന് പറഞ്ഞാൽ അവൻ സത്യം പറയില്ല.
അപ്പൊ ഞാൻ കുത്തി ഇരിന്നു ആലോചിച്ചു. ഈ വിവരം ആരോടും ഇത് വരെ പറഞ്ഞിട്ടില്ല. വീടും, മൊത്തത്തിൽ 30 സെന്റ് സ്ഥലവും ഉണ്ട്. സെന്റ്‌ ഒന്നിന് ഒരു മൂന്ന്-മൂന്നര ലക്ഷം കിട്ടും. ഭാര്യക്ക് അടുത്ത് തന്നെ ജോലി എന്തേലും കിട്ടുമായിരിക്കും. വിവാഹത്തിന് ഇട്ട അവളുടെ 50 പവൻ സ്വർണ്ണം. ബാങ്കിൽ ഒരു 3ലക്ഷം രൂപ ഉണ്ട്. ഒരു ഹോണ്ട ആക്ടിവ , ഹ്യുണ്ടായ് i10 കാർ. ഇത്രയും ആണ് എന്റെ ആസ്ഥി. ആസ്മിയുടെ വിവാഹം നടക്കണേൽ ഈ പറഞ്ഞ സ്ഥലവും സ്വർണ്ണവും നില നില്കേണ്ടത് അത്യാവശ്യം ആണ്. നമ്മൾ കേരളത്തിൽ ജനിച്ചു പോയില്ലേ. ഞാൻ ഇലേല്ലും അവളുടെം മോള്ടെയും ദൈനംദിന ചിലവുകൾ ഞങ്ങളുടെ മാതാപിതാക്കൾ നോക്കികൊള്ളും.
എന്നെ ചികിൽസിപിചു തുടങ്ങാൻ തന്നെ സ്വർണ്ണം വിലക്കേണ്ടി വരും. പിന്നെ പതിയെ പതിയെ അഞ്ചു - അഞ്ചു സെന്റ് വീതം സ്ഥലവും. ഞാൻ ഇനി ഒരു പക്ഷെ രക്ഷപ്പെട്ടു എണീച്ചു നിന്നാലും, ജോലിക്ക് പോയി തുടങ്ങിയാലും ഈ പോയതൊക്കെ തിരിച്ചു പിടിക്കാൻ എന്നെ കൊണ്ട് ആവില്ല. അസുഖം വന്നു കുടുംബം വിറ്റ ഒരു ശരാശരി മലയാളി ആയി ഈ ആശുപത്രി കേറി നിരങ്ങി പട്ടിയെ പോലെ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഞാൻ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു. മരിക്കാൻ പേടി ഇല്ലാഞ്ഞിട്ടല്ല, നരകത്തിൽ ജീവിക്കാൻ ഭയം ആയിട്ടാണ്.
ആസ്മിയെ സ്കൂളിൽ നിന്നും വിളിക്കാൻ അവൾ പോയിട്ടുണ്ട്. ഒരു ഫോണ്‍ മേടിക്കാൻ തന്നെ സകല സൈറ്റും കേറി റിവ്യൂ നോക്കി ഏറ്റവും വില കുറഞ്ഞ നല്ല സാധനം മേടിക്കുന്ന എന്നെ പോലെ ഒരു ശരാശരി മലയാളി ഈ എടുത്ത തീരുമാനം തെറ്റാണു എന്നു ആരും പറയില്ല എന്നാണ് എന്റെ ഒരു ദിത്.
വിഷം മേടിക്കാൻ വലിയ പാടൊന്നും ഇല്ലെന്നു ബോധ്യം ആയി. ബിയറിൽ വിഷം കലർത്തി കുടിക്കാൻ ആണ് പ്ലാൻ. പ്ലാൻ പൊളിഞ്ഞാൽ, പോലീസ് ആത്മഹത്യ ശ്രമത്തിനു പിടിച്ചില്ല എങ്കിൽ നിങ്ങൾ ഇടുന്ന കമന്റ്‌നു ഞാൻ മറുപടി തരും. എന്റെ എല്ലാ പോസ്റ്റുകളും ലൈക്കുന്നത് പോലെ ഇതും നിങ്ങൾ ലൈക്കും ഷെയറും ചെയ്യുമെന്ന വിശ്വാസത്തിൽ ഞാൻ ആത്മഹത്യ ചെയ്യാൻ പോക്കുന്നു. (y) (y)
PS: ഇത് വലിയ വിഷയം ആക്കുമ്പോൾ സർക്കാർ എന്റെ കുടുംബത്തിനു ധനസഹായം ഒന്നും കൊടുകണ്ട. ആസ്മിയുടെ പഠനത്തിന്റെയും , അവളുടെയും അവളുടെ അമ്മയുടെയും സമ്പൂർണ രോഗ ചികിത്സക്ക് ഉള്ള ചിലവും വഹിച്ചാൽ മതിയാകും. അവള്ക്ക് കൂടി ഒരു അസുഖം വന്നാൽ എന്റെ ആസ്മി ആരും ഇല്ലാത്തവൾ ആയി മാറും. ഇത് പോലെ ആയിര കണക്കിന് മിതുൻമാർ കേരളത്തിൽ ഉണ്ട്. ആത്മഹത്യ ചെയ്യാൻ പോലും ധൈര്യം ഇല്ലാത്ത പാവം മലയാളികൾ :( :(
Author : ശങ്കരൻ കുട്ടി
#SankuKadhakal

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo