Slider

'അമ്മ വീട്ടില്‍ എത്തി കാണുമോ?' - ചെറുകഥ (Inspired from real incidents)

0

'അമ്മ വീട്ടില്‍ എത്തി കാണുമോ?' - ചെറുകഥ (Inspired from real incidents)
------------------------------------
"എന്‍റെ അമ്മേ, എനിക്ക് ഇച്ചിരി സ്വസ്ഥത തരുമോ? ഇതിപ്പോ ഈ ആഴ്ച തന്നെ മൂന്നാമത്തെ വട്ടമാ എന്നോട് ചോദിക്കുന്നത്.. അങ്ങിനെ ഫസ്റ്റ് ചാന്‍സില്‍ ബിടെക് പാസ്‌ ആവാന്‍ കഴിവുണ്ടേല്‍ ഞാന്‍ വല്ല കലക്ടറും ആയേനെ.."
"അല്ല മോനെ, ആള്‍ക്കാര്‍ ചോദിക്കുന്ന കേട്ടിട്ട് അച്ഛന് ഒരു സമാധാനവും ഇല്ലതോണ്ടാ.."
"അച്ഛന് മാത്രമല്ല, എനിക്കും വേണ്ടേ ഇച്ചിരി സമാധാനം. ഞാന്‍ അടുത്ത വട്ടം എഴുതി എടുത്തോളാം, എന്നെ ഒന്ന് വെറുതെ വിടുമോ?"
അമ്മ മൗനം..
"ഞാന്‍ നാളെ ഇങ്ങു വന്നോളാം, തൃശൂര്‍ ഒരു കല്യാണത്തിന് പോകുന്നതിനു ആണോ ഇത്രേം ബഹളം.. എല്ലാവരും വരുന്നുണ്ട്, പോയില്ലേല്‍ മോശമാ.."
"ഞാന്‍ ഒന്നും പറയുന്നില്ല.."
അമ്മ അടുക്കളയിലേക്ക് കയറി പോയി.
ശേ, കാശ് ചോദിചില്ലലോ എന്ന് മനസ്സില്‍ ആലോചിച്ചപ്പോള്‍ തന്നെ അടുക്കളയില്‍ നിന്നും ശബ്ദം വന്നു -"കാശ് മേശപ്പുറത്തു വച്ചിട്ടുണ്ട്, വേണ്ടാത്തത് ഒന്നും മേടിച്ചു കഴിച്ചു ശരീരം കേടാക്കരുത് "
"താങ്ക്സ് അമ്മേ :) " എന്നും വിളിച്ചു പറഞ്ഞു കൊണ്ട് ഞാന്‍ സ്റ്റേഷനിലേക്ക് യാത്രയായി.
ട്രെയിനില്‍ കയറി. കൂടെ കൂട്ടുകാരന്‍ രമേഷും ഉണ്ട്. ട്രെയിന്‍ എടുത്തിട്ടില്ല.
"എങ്ങിനെ പോകുന്നെടെ ഗൃഹവാസം?"
"മടുത്തു അളിയാ, ഒരേ ചോദ്യം തന്നെ കേട്ടു കേട്ടു മടുത്തു.."
"മനസ്സിലായി അളിയാ, എന്റെയും അവസ്ഥ ഇത് തന്നെയാണ്.. പുല്ല്, പാസ്‌ ആവുന്ന വരെ ഹോസ്റ്റലില്‍ തന്നെ നില്ക്കാന്‍ വകുപ്പ് ഉണ്ടായിരുന്നേല്‍ എന്ന് കൊതിച്ചു പോകും എല്ലാ ദിവസവും.."
ഫോണും കുത്തി, വിശേഷവും പറഞ്ഞു ഇരിക്കുന്നതിനിടയില്‍ ഞങ്ങളുടെ എതിരെ ഉള്ള സീറ്റില്‍ ഒരു അച്ഛനും മകനും വന്നിരിന്നു, മകന്‍ ബുദ്ധിവൈകല്യം ഉള്ള കുട്ടി ആണെന്ന് കണ്ടാല്‍ അറിയാം, ഒരു പതിനഞ്ചു വയസ്സ് തോന്നിക്കുന്ന പയ്യന്‍. ട്രെയിന്‍ എടുത്തു. കൊല്ലത്ത് നിന്നും ഏതാണ്ട് അഞ്ചു മണികൂര്‍ യാത്ര ഉണ്ട് തൃശൂര്‍ക്ക്.
വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ആ പയ്യന്‍ പുറത്തേക്ക് കണ്ണും നട്ടിരിപ്പാണ്. ആ അച്ഛന്‍ അവന്‍റെ കൈ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. എന്തോ എനിക്ക് ആ പയ്യനെ ശ്രദ്ധിക്കാതിരിക്കാന്‍ പറ്റുന്നില്ല. പയ്യന്‍ പെട്ടന്ന് തിരിഞ്ഞു അവന്‍റെ അച്ഛന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
"അമ്മ വീട്ടില്‍ എത്തി കാണുമോ?"
അവന്‍റെ മുഖത്തേക്ക് നോക്കി യാതൊരു കൂസലും ഇല്ലാതെ അയാള്‍ പറഞ്ഞു
"അമ്മ മരിച്ചു പോയി. അവള്‍ ഇനി വരില്ല"
ശരി എന്ന മട്ടില്‍ തലയാട്ടി അവന്‍ വീണ്ടും പുറത്തേക്കുള്ള കാഴ്ചകള്‍ നോക്കുന്നതില്‍ വ്യാപ്രിതനായി..
എനിക്ക് ദേഷ്യം വന്നു, എന്ത് അച്ഛനാണ് ഇങ്ങേര്? ആ പയ്യനോട് അയാള്‍ക്ക് കള്ളം പറഞ്ഞു കൂടെ? ബുദ്ധി ഇല്ലാത്ത പയ്യന്‍ അല്ലെ? തെണ്ടി, വെറുതെ ചെറുക്കനെ വിഷമിപ്പിക്കാന്‍? ദേഷ്യം ഞാന്‍ രമേശനോടു പങ്കു വയ്ക്കാം എന്ന് കരുതി അവനോടു സംസാരിക്കാന്‍ തുടങ്ങിയതും, ആ പയ്യന്‍ വീണ്ടും മുഖം അച്ഛന് നേരെ തിരിച്ചു ചോദിച്ചു.
"അമ്മ വീട്ടില്‍ എത്തി കാണുമോ?"
വീണ്ടും യാതൊരു കൂസലും ഇല്ലാതെ അയാള്‍ പറഞ്ഞു.
"അമ്മ മരിച്ചു പോയി. അവള്‍ ഇനി വരില്ല"
എനിക്ക് വളരെ വിചിത്രമായി തോന്നി. പിന്നീട് അങ്ങോട്ടുള്ള എല്ലാ അഞ്ച് മിനുട്ടിലും ആ പയ്യന്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു, അച്ഛന്‍ ഇതേ മറുപടിയും. നേരം കഴിയുംതോറും എനിക്ക് അരോചകമായി തോന്നി. പക്ഷെ ആ മനുഷ്യന്‍ ഒരു ഭാവഭേദവും ഇല്ലാതെ വീണ്ടും അതേ മറുപടി പറയുന്നു. ആലപ്പുഴ എത്തിയപ്പോള്‍ രമേശന്‍ പറഞ്ഞു വേറെ എവിടേലും പോയി ഇരിക്കാം എന്ന്. പക്ഷെ എന്‍റെ കൗതുകം എന്നെ അവിടെ നിന്നും എണീക്കാന്‍ അനുവദിച്ചില്ല. ചോദിച്ചു നോക്കാം എന്ന് ഞാന്‍ കരുതി.
"അമ്മ വരും എന്ന് പറഞ്ഞൂടെ മകനോട്‌?, ചിലപ്പോള്‍ പിന്നെ ചോദിക്കാണ്ട് ഇരുന്നാലോ?"
അയാള്‍, ഒരു പുഞ്ചിരിയോടെ പറഞ്ഞു - "ബുദ്ധി കുറവുള്ളവരോട് കള്ളം പറഞ്ഞിട്ട് നമ്മള്‍ എന്ത് നേടാനാ?"
ഹോ, ചങ്കില്‍ കൊണ്ടു, വേണ്ടായിരിന്നു.
ചമ്മല്‍ മറയ്ക്കാന്‍ ഞാന്‍ പറഞ്ഞു "സോറി"
"ഏയ്‌ , സാരമില്ല, അവന്‍ വീണ്ടും വീണ്ടും ചോദിക്കുന്നത് എന്‍റെ ഉത്തരം അവനു തൃപ്തികരം അല്ലാത്തത് കൊണ്ടാണ്. എന്ന് അവനു ഇത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നുവോ, അന്നേ അവന്‍ ഈ ചോദ്യം നിര്‍ത്തുകയുള്ളൂ. അന്ന് വരെ ഞാന്‍ ഈ മറുപടി പറയും"
അയ്യോ, എന്തോ ഒരു കൂര്‍ത്ത സാധനം നെഞ്ചത്ത് കൊണ്ടത്‌ പോലെ.
അയാള്‍ തുടര്‍ന്നു - "ഞാന്‍ അവന്‍റെ അച്ഛന്‍ ആണ്, അവനു ഉത്തരം കൊടുക്കേണ്ട ഉത്തരവാദിത്വം എനിക്ക് ഉണ്ട്, അതൊരു ബാധ്യത ആയി കാണാത്ത കാലത്തോളം എനിക്ക് മറുപടി പറയാന്‍ മുഷിച്ചില്‍ ഉണ്ടാവില്ല, താങ്കള്‍ക്ക് ഭാവിയില്‍ ഒരു കുട്ടി ഒക്കെ ആവുമ്പോള്‍ മനസ്സിലായികൊളളും"
"ഇല്ല ചേട്ടാ, എനിക്ക് മനസ്സില്ലായി" - എന്ന് പറയണം എന്നുണ്ടായിരിന്നു, സാധിച്ചില്ല.
അപ്പോഴേക്കും ആ മനുഷ്യന്‍ വീണ്ടും മകന്‍റെ ചോദ്യത്തിനുള്ള ഉത്തരം പറയാന്‍ വേണ്ടി തിരിഞ്ഞു. പക്ഷെ പുഉളി എന്നോട് സംസാരിച്ച രണ്ടു മിനുട്ടില്‍, നമ്മുടെ ഒക്കെ ഒരുമാതിരി പ്രശ്നങ്ങള്‍, നമ്മള്‍ ഭീകരമാണെന്ന്, അതൊന്നും ഒരു പ്രശ്നങ്ങളേ അല്ല എന്ന ചിന്തയുടെ വിത്ത് വിതറി കഴിഞ്ഞിട്ടുണ്ടായിരിന്നു ആ വലിയ മനുഷ്യന്‍.
Author - Sankaran Kutty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo