Slider

കണ്ണന്‍കുട്ടാ നീയിതു കുടിക്കുന്നുണ്ടോ ?

0

കണ്ണന്‍കുട്ടാ നീയിതു കുടിക്കുന്നുണ്ടോ ?
ഇല്ലേ ഞാന്‍ ദേ ഈ അപ്പൂനുകൊടുക്കും... ന്നാ അപ്പൂ...മോന്‍ കുടിച്ചോ, കണ്ണന്‍കുട്ടന് വേണ്ട...
ടീവിയിലേക്ക് കണ്ണുംതള്ളി മുന്നോട്ടും പിന്നോട്ടും സൈക്കിളുന്തിക്കളിക്കുന്ന കണ്ണന്‍കുട്ടന്‍ തിടുക്കത്തിലിറങ്ങി ഒടിവന്നിട്ട് അപ്പൂന്‍റെ നേര്‍ക്കുനീണ്ട ആ ഗ്ലാസ്സ് പിടിച്ചുവാങ്ങി വായിലേക്കുവെച്ച് കഷ്ടിച്ച് രണ്ടുകവിള്‍ ഇറക്കും, എന്നിട്ടവന്‍ പിന്നെയുമോടും സൈക്കിളിലേക്ക്...
അപ്പൂനു കൊടുക്കുമെന്ന ഭീഷണിയില്‍ അമ്മിണിയമ്മ കണ്ണന്‍കുട്ടനേയൂട്ടിക്കുന്നതൊരു പതിവ് കാഴ്ച്ചയാണ്,
അപ്പു സുധയുടെ വിരലില്‍തൂങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ മിക്കപ്പോഴും അന്ന് ടീവിയില്‍ കണ്ട എന്തിന്‍റെയെങ്കിലും സംശയങ്ങളുമുണ്ടാവും,
ഒരിക്കല്‍ അപ്പു ചോദിച്ചു...
ന്തുവാമ്മേ കണ്ണന്‍കുട്ടനു കുടിക്കാന്‍ കൊടുക്കുന്നേ ?
ആ അമ്മയ്ക്കറിയില്ല.....
നല്ല മണവാമ്മേ അയിന്.... നാളെ അമ്മിണിയമ്മയോടു ചോയിച്ചിട്ട് അച്ഛനോട് കടേന്നു മേടിച്ചോണ്ടുവരാന്‍ പറയാവോമ്മേ...
ഉം പറയാം.....
വാസുവേട്ടാ അപ്പുവിനു നാളെ ഒരുകുപ്പി ഹോര്‍ലിക്സ് വങ്ങാവോന്നു രാത്രിയില്‍ സുധ പറയുമ്പോള്‍ കണ്ണടച്ചുകിടന്ന അപ്പു പെട്ടന്ന് ചെവികൂര്‍പ്പിച്ചു,
"ഹോര്‍ലിക്സോ " അതെന്തുവാമ്മേന്നു ചോദിക്കാനായി തലയുയര്‍ത്താന്‍ തുടങ്ങിയതും വാസൂന്‍റെ മറുപടി ഉടനെവന്നു....
"പിന്നേ...ഹോര്‍ലിക്സ്, പാല് വാങ്ങിച്ച കാശുകൊടുത്തിട്ട് മാസം രണ്ടായി അപ്പളാ "....ഇതെന്തുവാ പുതിയൊരു ശീലം ? നീയീ ആവശ്യവില്ലാത്ത കാര്യവൊന്നും അവനേ പഠിപ്പിക്കല്ലേ...
ഓ... ടീവി കാണാന്‍പോകുമ്പം അങ്ങേലെ കണ്ണന്‍കുട്ടന് കുടിക്കാന്‍കൊടുക്കും .... അതിന്‍റെ മണംപിടിച്ചിട്ട് എന്തുവാന്നെന്നോടു ചോദിച്ചപ്പം എനിക്കങ്ങ് സങ്കടം തോന്നി,
നോക്കട്ടെ....പണിക്കാശീന്നിച്ചിരി മിച്ചംപിടിച്ച് അവനൊരു നിക്കറുമുടുപ്പും മേടിക്കണവെന്നു വിചാരിച്ചിരിക്കുവാ ഞാന്‍, വീട്ടുചെലവ് കഴിഞ്ഞെന്തെങ്കിലും കയ്യിലുണ്ടേല്‍ത്തന്നെ എവുടുന്നെങ്കിലും ഒരു കല്ല്യാണവോ പാലുകാച്ചോ വരും..... പിന്നെ കിട്ടുന്നിടത്തൂന്നു കടോം കുടെ വാങ്ങിക്കും പോകാതിരിക്കാന്‍ പറ്റുവോ ?
അല്ല...നീയെന്തിനാ അവനേംകൊണ്ട് അവിടെപ്പോയി അതൊക്കെ കാണിക്കുന്നത്, അവനാഗ്രഹിക്കുന്നതൊക്കെ സാധിച്ചുകൊടുക്കാന്‍ മനസ്സുമാത്രമുണ്ടായിട്ടു കാര്യവുണ്ടോ ?
എല്ലാം കേട്ടുകിടന്ന അപ്പു സുധയുടെ മുകളില്‍ക്കൂടി വലിഞ്ഞുകയറി നടുവിലേക്കൂഴ്ന്നിറങ്ങി വാസൂനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു
"എനിക്കൊന്നും വേണ്ടച്ഛാ......അമ്മയോടു ഞാന്‍ ചുമ്മാ പറഞ്ഞതാ, കണ്ണന്‍റച്ഛനു പൈസ ഉണ്ടായിട്ടല്ലേ അതൊക്കെ വാങ്ങിക്കുന്നെ ".....
ഒരഞ്ചുവയസ്സുകാരന്‍ വീട്ടിലെ ഇല്ലായ്മകളെ അറിഞ്ഞുജീവിക്കാന്‍ കാണിച്ച മനസ്സുകൊണ്ടോ, ഇത്രത്തോളം ഒരച്ഛന്‍റെ മനസ്സുവായിക്കാന്‍ കഴിയുന്നതുകൊണ്ടോ ഈറനണിഞ്ഞ കണ്ണുകളോടെ സുധ അപ്പുവിനെ ചേര്‍ത്തുപിടിച്ചു....
കാലത്ത് വാസു പണിക്കുപോകാനായി സൈക്കിളിന്‍റെ സ്റ്റാന്‍റ് തട്ടിയ ശബ്ദം കേട്ടിട്ട് അപ്പു ഓടിവന്നു പതിവുമുത്തം നല്‍കി ചെറുചിരിയോടെ റ്റാറ്റാക്കയ്യുമായി നില്‍ക്കുമ്പോള്‍ സുധ അടുക്കളയില്‍ നിന്നു വിളിച്ചുപറയുന്നുണ്ട് .....
മോനേ സ്കൂളില്‍ പോവണ്ടേ .....വാ കുളിക്കാം
സന്ധ്യകഴിയുമ്പോള്‍ മുറ്റത്ത്‌ ചരലില്‍ ഉണ്ടാക്കുന്ന സൈക്കിളിന്‍റെ ടയറുരുളുന്ന ശബ്ദമാണ് അച്ഛന്‍ പണികഴിഞ്ഞു വന്നൂന്നുള്ള അപ്പൂനു കിട്ടുന്ന അറിയിപ്പ്‌, കാലുംനീട്ടിയിരുന്നു മടിയില്‍ സ്ലേറ്റും വെച്ച് അപ്പു തല കുമ്പിട്ടിരുന്നു കല്ലുപെന്‍സിലുകൊണ്ടെന്തോ കുത്തിവരയ്ക്കുമ്പോള്‍ കൈ രണ്ടും പിറകില്‍കെട്ടി വാസു പമ്മിവന്നിട്ട് "അപ്പൂസേ"ന്നു നീട്ടിയൊരുവിളി.....
അപ്പു തലയുയര്‍ത്തി അച്ഛനെപ്പംവന്നെന്ന അത്ഭുതത്തോടെ ചിരിച്ചുകൊണ്ടു ചാടിയെണീറ്റതും "ടെണ്‍ ട ടേം" ന്നൊരു ശബ്ദമുണ്ടാക്കിക്കൊണ്ട് പിറകില്‍ മറച്ചു പിടിച്ചുകൊണ്ടുവന്ന ഒരുകുപ്പി ഹോര്‍ലിക്സ് അപ്പൂന്‍റെ മുന്നിലേക്ക്‌ നീട്ടി.....
അച്ഛന്‍റെ കയ്യീ പൈസയില്ലല്ലോ......വേണ്ടാരുന്നച്ഛാ.......
പറഞ്ഞു മുഴുവിക്കുംമുന്‍പേ വാസു അപ്പൂന്‍റെ കയ്യിലേക്ക്‌ ആ ഹോര്‍ലിക്സ് കുപ്പി വെച്ചുകൊടുത്തിട്ട് തലയില്‍ തടവിക്കൊണ്ടു പറഞ്ഞു,
"ആരുപറഞ്ഞു അച്ഛന്‍റെ കയ്യി കാശില്ലന്ന്‍, അച്ഛന്‍ കഷ്ടപ്പെടുന്നത് മോനുവേണ്ടിയല്ലേടാ അപ്പൂസേ......
ഇതീന്ന് മോനിച്ചിരി കലക്കിത്തരട്ടേന്നു പറഞ്ഞു സുധ ഹോര്‍ലിക്സ് കുപ്പി വാങ്ങി അടുക്കളയിലേക്ക് പോകുമ്പോള്‍ അപ്പു ചിരിയോടെ.... ആവേശത്തോടെ വിളിച്ചുപറഞ്ഞു.....
എനിക്കും.....അച്ഛനും.... അമ്മയ്ക്കും..... ഓരോ ഗ്ലാസ്സ് ഹോര്‍ലിക്സ് :-)
------------------------------
സന്തോഷ് നൂറനാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo