Slider

കണിക്കൊന്നപ്പൂ - ചെറുകഥ

0
Image may contain: 1 person, closeup
"എല്ലാം കിട്ടിയോ?"
കതകു തുറന്നു ഷോപ്പിംഗ്‌ കഴിഞ്ഞു എത്തിയ ഭാര്യോട് ഞാന്‍ ചോദിച്ചു
"കണികൊന്ന ഒഴികെ എല്ലാം കിട്ടി, എന്ത് തിരക്കാ സൂപ്പര്‍മാര്‍ക്കറ്റില്‍, മുടിഞ്ഞ ചൂടും, ഹോ"
അവള്‍ അതും പറഞ്ഞു കൊണ്ട് വിഷുവിനു മേടിച്ച സാധനങ്ങളും കൊണ്ട് അകത്തേക്ക് കയറി സോഫയില്‍ പോയി ഇരിന്നു.
"അവിടെ പൂ ഉണ്ടെന്നു സണ്ണി പറഞ്ഞാര്‍ന്നല്ലോ?"
കതകു അടച്ചു ഞാനും അവളുടെ അടുത്ത് വന്നിരിന്നു.
"ഉണ്ടായിരിന്നു, തീര്‍ന്നു പോയത്രേ.. ആഹ്, സാരമില്ല, പൂ ഇല്ലാണ്ട് കണി ഒരുക്കാം" - സോഫയില്‍ ചാരികൊണ്ട് കറങ്ങുന്ന ഫാനിനെ നോക്കി അവള്‍ പറഞ്ഞു
"അതൊന്നും പറ്റൂല്ല, പൂ ഇല്ലാണ്ട് എന്തോന്ന് കണി, ഇതൊക്കെ കണ്ടല്ലേ അമ്മുവും വളരുന്നെ, പൂ വേണം. ഞാന്‍ ഒപ്പിച്ചു കൊണ്ട് വരാം"
തുപ്പാന്‍ ഒരു മുറ്റം, വെള്ളം തിളപ്പിക്കുമ്പോള്‍ ഇടാന്‍ ഇച്ചിരി തുളസിയില, ഇലയപ്പം ഉണ്ടാക്കാന്‍ വയണയില, ചോറ് പൊതിയാന്‍ വാഴയില, ശുദ്ധവായുവില്‍ അല്പം മൂത്രം ഒഴിക്കല്‍ - ഫ്ലാറ്റ് ജീവിതത്തില്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങള്‍ ഉണ്ടെന്നു അറിഞ്ഞിട്ടു തന്നെയാണ് ഇവിടെ ചേക്കേറിയത്. ഒന്ന് നടന്നു നോക്കാം, എവിടേലും ഉണ്ടെങ്കിലോ.
കൊറേ നടന്നു. കടകളില്‍ ഒന്നും ഇല്ല, വഴിയോര കച്ചവടക്കാരെല്ലാം പൂ തീര്‍ന്നു വീട് പിടിച്ചു. ഒരു രക്ഷയുമില്ല. രണ്ടു കൊത്തു പൂ എങ്കിലും ഇല്ലാതെ എങ്ങിനെയാ വീട്ടില്‍ പോവുക? ഫ്ലാറ്റിനു കുറച്ചു പുറകിലായി ഒരു ചേരി പ്രദേശം ഉണ്ട്. അവിടെ കൂടി ഒന്ന് കറങ്ങി നോക്കാം. അവിടേക്ക് നടന്നു. ദൂരെ പടക്കത്തിന്റെ ഒച്ച കേള്‍ക്കുന്നുടെങ്കിലും ആ ചേരിയില്‍ വലിയ ആഘോഷം ഒന്നും ഇല്ല. പാവപ്പെട്ടവരുടെ സ്ഥലം ആണെന്ന് കേട്ടിട്ടുണ്ട്, ഞാന്‍ ഈ വഴി ആദ്യമായിട്ടാ. എട്ടു മണി കഴിഞ്ഞു. ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉണ്ടെങ്കിലും ഒരൊറ്റ കൊന്ന മരം കാണാന്‍ ഇല്ല. ചേരിയാണ് പോലും ചേരി. നടന്നു ക്ഷീണിച്ചു, സൈഡില്‍ ഒരു ചെറിയ കലിങ്ക് കണ്ടപ്പോള്‍ കുറച്ച് നേരം ഇരിക്കാം എന്ന് കരുതി. കലിങ്കിന്റെ അങ്ങേതലയ്ക്കല്‍ ഒരു പയ്യന്‍ ഇരിക്കുന്നുണ്ട്‌, എട്ടു-പത്തു വയസ്സ് കാണുമായിരിക്കും. മോശം ഏരിയ ആണ്, അവിടെ ഇരുന്നാല്‍ ചെറുക്കന്‍ സിസി ഇടുമോ എന്നൊരു പേടി, എന്നാലും തിന്നു ചീര്‍ത്തു പന്നിയെ പോലെ ആയതില്‍ പിന്നെ ഇത്രേം ദൂരം ഒന്നും നടന്നിട്ടില്ല. ഇരുന്നില്ലേല്‍ ചിലപ്പോ അറ്റാക്ക്‌ വന്നു തട്ടി പോയാലോ. ഇരുന്നേക്കാം.
ഇരുന്നിട്ട് ശ്വാസം വിടുന്നതിനു മുന്‍പേ പെണ്ണുമ്പിള്ള വിളിച്ചു. ഞാന്‍ ഫോണ്‍ എടുത്തു പറഞ്ഞു - "എടീ, പൂ കിട്ടിയില്ല, ഞാന്‍ ഒന്നൂടി കറങ്ങിയിട്ട് വന്നേക്കാം"
"അത് പറയാന്‍ അല്ല വിളിച്ചത്, അമ്മൂന് ചോറ് വേണ്ടാന്നു. വരുമ്പോ പീസ മേടിച്ചോണ്ട് വരണം എന്ന്"
"ഓ ശരി, മേടിചേക്കാം, ഒരെണ്ണം അധികം കൂടി മേടിചേക്കാം, നാളെ കണിക്കു പൂവിനു പകരം അതൊരെണ്ണം വെയ്ക്കാം" - ഞാന്‍ പുച്ഛം വാരി വിതറി.
"ഞാനല്ലലോ ഈ ശീലം ഒക്കെ ഉണ്ടാക്കിയത് , അച്ഛനും മോളും എന്താണെന്നു വച്ചാല്‍ ആയിക്കോ" - അവള്‍ പരിഭവിച്ചു
" ആയിക്കോളാമേ, അച്ഛനും മോളും അങ്ങിനെയാ, അവള്‍ക്ക് പീസയും മേടിച്ചു കൊടുക്കും നാളെ കണി കാണുമ്പോള്‍ കൊന്നപൂവും കാണിക്കും"
"ആഹ്, ശരി" - ഫോണ്‍ വച്ചിട്ട് അവള്‍ പോയി
"ശേ, വെല്ലുവിളിക്കണ്ടായിരിന്നു" ഫോണ്‍ കട്ട്‌ ചെയ്തു ഞാന്‍ സ്വയം പറഞ്ഞു
"സാറിനു കൊന്ന പൂ ആണോ വേണ്ടേ ?"
ആ പയ്യന്റെ ശബ്ദം ആണ്, ഓ ഞാന്‍ പറഞ്ഞതൊക്കെ ഇവന്‍ കേട്ടു കാണും.
"എത്ര രൂപയാ?" - അവന്‍ പറ്റിക്കും എന്ന് പൂര്‍ണ്ണവിശ്വാസം ഉള്ളത് പോലെ ഞാന്‍ ചോദിച്ചു.
"കാശൊന്നും വേണ്ട, ഞാന്‍ രാവിലെ ആ പറമ്പില്‍ നിന്നും പിച്ചിയതാ, ഒന്ന് രണ്ടു കൊത്ത് മതിയെങ്കില്‍ ഞാന്‍ വീട്ടില്‍ നിന്നും എടുത്തു തരാം"
ശേ, മോശം ആയി പോയല്ലോ, വിദ്യാഭാസം മാത്രം ഉണ്ടായാല്‍ പോരാ, മനുഷ്യരെ മനസ്സിലാക്കാന്‍ ഇനിയെന്നാ പഠിക്കുക. ചമ്മല്‍ മറച്ചു ഞാന്‍ പറഞ്ഞു.
"കിട്ടിയാല്‍ ഉപകാരം ആകും, വീട്ടില്‍ ഒരു മോള്‍ ഉണ്ട്, ഏഴു വയസ്സ്, അവളെ കണി കാണിക്കാനാ"
ഇതു കേട്ടതും ആ ചെക്കന്‍ ഒരൊറ്റ ഓട്ടം, എന്നിട്ട് ഒരു രണ്ടു മിനുട്ട് കഴിഞ്ഞതും അഞ്ചാറു കൊത്തു കൊന്നപൂവുമായി എന്റെ അരികില്‍ എത്തി, ആ പൂക്കള്‍ എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി, ആ ചെക്കന്‍ വീണ്ടും ആ കലിങ്കിന്റെ അങ്ങേ തലയ്ക്കല്‍ പോയി ഇരുന്നു.
ഞാന്‍ എഴുന്നേറ്റു അവന്റെ അരികില്‍ എത്തി ഒരു നൂറു രൂപ എടുത്തു അവനു നേരെ നീട്ടി.
"ഇതിരിക്കട്ടെ"
"അയ്യോ, വേണ്ട സാറേ. ആ പൂ പിച്ചിക്കോളാന്‍ ആ പറമ്പിലെ അവിടുത്തെ അമുമ്മ സമ്മതിച്ചതാ. കാശൊന്നും ആയിട്ടില്ല"
"അതോണ്ടല്ല, ചുമ്മാ നീ വച്ചോ"
"ഇല്ല സാറേ, ജോലി ചെയ്യാതെ കാശ് മേടിക്കരുത് എന്നെന്റെ അമ്മ പറഞ്ഞിട്ടുണ്ട് "
"എന്നാ വിഷു കൈനീട്ടം ആണെന്ന് കരുതിക്കോ"
"വേണ്ട സാറേ, സാറ് പൊയ്ക്കോ, കൈനീട്ടം ഒക്കെ നാളെ ഉച്ചക്ക് എന്റെ അമ്മ തന്നോളും"
"ഉച്ചയ്ക്കോ, സാധാരണ രാവിലെ അല്ലെ തരുന്നേ"
"അത് നിങ്ങള്‍ വലിയ ആളുകള്‍ക്കാ സാറേ, എന്റെ അമ്മ ദോ ആ കാണുന്ന ഫ്ലാറ്റിലോക്കെയാ പണിക്കു പോകുന്നെ"
അവന്‍ ചൂണ്ടികാണിച്ച ബഹുനില കെട്ടിടങ്ങളില്‍ ഒരെണ്ണത്തില്‍ ആണ് ഞാനും ജീവിക്കുന്നത്.
അവന്‍ തുടര്‍ന്നു..
"നാളെ അവിടെ നിന്നും കൈനീട്ടം കിട്ടും അമ്മയ്ക്ക്, അത് ഉച്ച ആകുമ്പോള്‍, വീട്ടില്‍ വരുമ്പോള്‍ അമ്മ എനിക്ക് തരും"
ഇത്രേം ആത്മാഭിമാനം ഉള്ള ഒരു പയ്യന്റെ മുന്നില്‍ വീണ്ടും കാശ് കാണിച്ചു ചെറുതാവാന്‍ എനിക്ക് തോന്നിയില്ല.
"വിഷു ആയിട്ട് അമ്മ എന്ത് മേടിച്ചു തരും?"
"മേടിച്ചു തരാന്‍ അമ്മക്ക് ആഗ്രഹം ഉണ്ടേലും നടക്കില്ല, എന്റെ പഠനത്തിനു മാത്രമേ അമ്മ കാശ് ചിലവാക്കു, ഉടുപ്പും, ബുക്കും ഒക്കെ വലിയ വീട്ടില്‍ നിന്നും കളയുന്നത്, അമ്മ ചോദിച്ചിട്ട് എടുത്തോണ്ട് പോരും"
നെഞ്ചില്‍ ഒരു ചെറിയ വേദന തോന്നി, അത് ഭാവികാതെ ഞാന്‍ ചോദിച്ചു - "എന്നാലും, വിഷു ആയിട്ട് ഒന്നും ഇല്ലേ? "
"ഉണ്ട്, നാളെ എന്നത്തെപോലെയും രണ്ടു നേരവും കഞ്ഞിയും മുളകും ആയിരിക്കില്ല. ഉച്ചയ്ക്ക് ചോറും, മോരും, അവിയലും കാണും. പായസം അമ്മയ്ക്ക് ആരേലും കൊടുത്തു വിട്ടാല്‍, അതും ആയി" - അത് പറയുമ്പോള്‍ അവന്റെ കണ്ണില്‍ സന്തോഷത്തിന്റെ ഒരു വെളിച്ചം എനിക്ക് കാണാന്‍ കഴിഞ്ഞു.
തൊന്നൂറ്റിയഞ്ചു കിലോയില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന എന്റെ ദുര്‍മേദസ്സ് ആ പയ്യന്റെ മുന്നില്‍ അലിഞ്ഞു ഇല്ലാണ്ട് ആയി.
വിയര്‍പ്പു പൊടിഞ്ഞ കൈകളില്‍ ആ കൊന്നപൂവും പിടിച്ചുകൊണ്ട് ഞാന്‍ തിരികെ നടന്നു. പീസ വാങ്ങാനുള്ള കട കണ്ടിട്ടും അവിടെ കയറാന്‍ എനിക്ക് തോന്നിയില്ല.
Author - Sankaran Kutty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo