Slider

വിശപ്പ്

0
Image may contain: 1 person
"നാശം! ഇന്നത്തെ ദിവസമേ പോയിക്കിട്ടി,മനുഷ്യനു വായ്ക്ക് രുചിയായി ഒരു ചായപോലുമുണ്ടാക്കിത്തരാൻ അറിയില്ലെങ്കിൽ നീയൊക്കെയെന്തിനാ മാസാമാസം ശമ്പളവും വാങ്ങി വീട്ടുജോലിക്കെന്നും പറഞ്ഞ് കെട്ടിയൊരുങ്ങി വരുന്നത്,കളഞ്ഞിട്ടുപൊയ്ക്കൂടേ!ശവങ്ങൾ....." രാവിലത്തെ ബെഡ്കോഫി ചൂടാറിപ്പോയെന്ന കുറ്റത്തിന് ചായ കപ്പോടെ നിലത്തേക്ക് വലിച്ചറിഞ്ഞ് അയാൾ കലിതുള്ളി.
പതിവുസമയഅയാൾ തന്നെ അയാൾക്കുള്ള ചായ അവൾ പാകമാക്കി മേശമേൽ വച്ചതായിരുന്നു,എന്നാൽ അയാൾ അന്ന് പതിവിലും വെെകിയാണ് ഉണർന്നത്.അയാൾ റൂമിൻ്റെ കതക് തുറക്കുന്ന ശബ്ദം കേട്ടപ്പോഴേ അവൾ വീണ്ടും ചൂടുചായ കപ്പിലേക്ക് പകർന്നൊഴിക്കാൻ തുടങ്ങിയിരുന്നു ,പക്ഷേ അപ്പോഴേക്കും ഹാളിൽ ചായക്കപ്പ് വീണുടഞ്ഞു കഴിഞ്ഞിരുന്നു.
താനിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ അവൾ ചൂലും ബയ്ക്കറ്റുമായി വന്ന് വീണുടഞ്ഞ ചില്ലുകഷ്ണങ്ങൾ പെറുക്കിമാറ്റി നിലം തുടച്ചു വൃത്തിയാക്കി അടുക്കളയിലേക്ക് മടങ്ങി.
ചായ തണുത്തുപോയ ദേഷ്യം അയാളിന്ന് തീൻമേശയിൽ തീർക്കുമെന്ന് അറിയാവുന്നതുകൊണ്ട് അവൾ രാവിലത്തെ വിഭവങ്ങൾ അതീവ ശ്രദ്ധയോടെയാണ് ഉണ്ടാക്കിയത്.അപ്പവും മുട്ടക്കറിയും, ഇഡ്ഡലിയും സാമ്പാറും ,ദോശയും ചമ്മന്തിയും, ബ്രഡും ജാമും, പാലും ചായയും ഹോർലിക്സുമുൾപ്പെടെ മുഴുവൻ വിഭവങ്ങളും തീൻമേശയിൽ നിരത്തിവച്ച് അവൾ ഒക്കെയും വീണ്ടുമൊന്നു നോക്കി തിട്ടപ്പെടുത്തി.എന്തെങ്കിലുമൊന്ന് മറന്നെങ്കിൽ മുതലാളി തീർച്ചയായും അതുതന്നെ തിരക്കും തീർച്ച.ആദ്യമൊക്കെ അവൾക്ക് ഇതൊക്കെ കാണുമ്പോൾ അത്ഭുതമായിരുന്നു,ഒരാൾക്കുമാത്രം കഴിക്കാനായി ഇത്രയേറെ വിഭവങ്ങൾ ഒരുക്കുന്നതും അയാൾ അതിൽനിന്ന് അല്പമെന്തെങ്കിലും കഴിച്ചെന്നുവരുത്തി പോകുമ്പോൾ ഒക്കെയും ചവറ്റുകൂനയിലേക്ക് തട്ടുന്നതുമൊക്കെ.അങ്ങനെ ഭക്ഷണം വലിച്ചെറിയുമ്പോഴൊക്കെ വീട്ടിൽ ഒരുനേരത്തെ നല്ല ഭക്ഷണം കൊതിച്ചിരിക്കുന്ന തൻ്റെ കുഞ്ഞുങ്ങളെയോർത്ത് അവളുടെ നെഞ്ച് പിടയുമായിരുന്നു. പിന്നെപ്പിന്നെ പണമുള്ളവൻ്റെ അഹങ്കാരമെന്നോർത്ത് അവൾ സമാധാനിക്കാൻ തുടങ്ങി.
പതിവുപോലെ അന്നും മേശമേൽ നിരത്തിയ വിഭവങ്ങളിൽ നിന്ന് ജാംതേച്ചുവച്ചിരുന്ന ഒരു കഷ്ണം ബ്രെഡ് എടുത്ത് കഴിച്ചെന്നു വരുത്തി ലാപ്ടോപ്പ് ബാഗുമായി അയാൾ ധൃതിയിൽ പുറത്തേക്കു നടന്നു.ബാക്കി ഭക്ഷണങ്ങളൊക്കെയും അവൾ അതുപോലെ വേസ്റ്റ്ബാസ്ക്കറ്റിലേക്ക് തട്ടി.ജോലിക്ക് വന്ന ദിവസമേ നിർദ്ദേശം കിട്ടിയിരുന്നു അവിടെനിന്നും ഒരു അരിമണിപോലും പുറത്തുകൊണ്ടുപോകരുതെന്ന്.ആഹാരം പാചകം ചെയ്യുമ്പോൾ ഉപ്പോ വേവോ പോലും നോക്കാൻ പാടില്ലത്രേ.തുടക്കത്തിലൊരു ദിവസം അറിയാതെ കറിയുടെ ഉപ്പുനോക്കിയതിന് പിറ്റേന്നു കേട്ട തെറിക്ക് കെെയ്യും കണക്കുമില്ലായിരുന്നു.ലോകം മുഴുവൻ ബിസിനസുമായി നടക്കുന്ന ഈ മനുഷ്യൻ അടുക്കളയിലെ കാമറ നോക്കുമെന്നാരറിഞ്ഞു.നിൻ്റെയൊക്കെ എച്ചിലു തിന്നാനാണോടീ ഞാൻ നിനക്കൊക്കെ ശമ്പളം തരുന്നതെന്ന് ചോദിച്ച് ഒറ്റയടിയായിരുന്നു മുഖമടച്ച്.വേച്ചു വീഴാൻ തുടങ്ങിയതാ അവൾ,മേശമേൽ പിടികിട്ടിയതുകൊണ്ടുമാത്രം വീഴാതെ നിന്നു.അതിൽപ്പിന്നെ അവിടെനിന്ന് എന്തെങ്കിലും ആഹാരം കഴിക്കാനുള്ള ധെെര്യം അവൾക്കില്ലായിരുന്നു.
സമയം പന്ത്രണ്ട് കഴിഞ്ഞപ്പോഴേ അവൾ അയാൾക്കുള്ള ഉച്ചഭക്ഷണമൊരുക്കി വച്ചു.പായസമുൾപ്പെടെയുള്ള സദ്യവേണമെന്ന് തലേദിവസമേ പറഞ്ഞേൽപ്പിച്ചിരുന്നു.ജോലിത്തിരക്കുകൾക്കിടയിൽ അയാൾ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിനായി പോയില്ല.പതിവുപോലെ അതും അവൾ ചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞു.
ബിസിനസ് മീറ്റിനായുള്ള യാത്രയ്ക്കിടയിൽ ഡ്രെെവറെ വിട്ടു വാങ്ങിപ്പിച്ച ഒരു ബർഗറിലൊതുക്കി അയാൾ തൻ്റെ ഉച്ചഭക്ഷണം.പാക്കറ്റുപൊട്ടിച്ച് ബർഗർ വായിലേക്ക് വയ്ക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ ആ കാഴ്ച കണ്ടത്,റോഡുവക്കിലെ ചവറ്റുകൂനയിൽ നിന്ന് ആരോ വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതിയുടെ അവശിഷടം തിരഞ്ഞുപിടിച്ച് അതു വാരിത്തിന്നുന്ന മുടിനീട്ടിവളർത്തിയ ഒരു ഭ്രാന്തൻ.ആ കാഴ്ച അയാളിൽ മനംപുരട്ടലുണ്ടാക്കി.അയാൾ തൻ്റെ കെെയ്യിലിരുന്ന ബർഗർ കാറിൻ്റെ ചില്ലുതാഴ്ത്തി പുറത്തേക്കെറിഞ്ഞു.റോഡുവക്കിലേക്ക് വീണ ആ ബർഗർ ഫുഡ്പാത്തിൽ നിന്നിരുന്ന തെരുവുപയ്യൻ കൊതിയോടെ എടുത്തു തിന്നുന്നത് മുന്നോട്ടു നീങ്ങിയ കാറിൻ്റെ സെെഡ് മിററിലൂടെ കണ്ടപ്പോൾ അയാൾക്ക് ശരിക്കും ഛർദ്ദിക്കാൻ തോന്നി.
ബിസിനസ്മീറ്റ് കഴിഞ്ഞ് അയാൾ കാറിൽ കയറാൻ പാർക്കിംഗ് ഏരിയയിലെത്തിയപ്പോളാണ് അത് സംഭവിച്ചത്,മുന്നിലേക്ക് പാഞ്ഞുവന്ന കറുത്ത ഇന്നോവ കാറിലേക്ക് അയാൾ വലിച്ചു കയറ്റപ്പെട്ടത് നിമിഷങ്ങൾക്കമായിരുന്നു.കാറിനുള്ളിലേക്ക് വലിച്ചിട്ടയുടനേ ആരോ നനഞ്ഞ പഞ്ഞികൊണ്ട് തൻ്റെ മൂക്കും വായും പൊത്തിപ്പിടിച്ചതുമാത്രമേ അയാൾക്കോർമ്മയുള്ളൂ.പിന്നീട് ബോധം വരുമ്പോളേക്ക് അയാൾ ഏതോ ഇരുട്ടുമുറിയിൽ ബന്ധനസ്ഥനായിരുന്നു.കെെകാലുകൾ അനക്കാൻ വയ്യാതെ ദേഹം മുഴുവനും മുറിവുകളും ചതവുകളുമായി ഞരങ്ങുമ്പോഴും അയാൾക്ക് തീരെ സഹിക്കാൻ കഴിയാതിരുന്നത് വിശപ്പും ദാഹവുമായിരുന്നു.ഒരിറ്റു ദാഹജലത്തിനായി അയാൾ തൊണ്ടപൊട്ടി നിലവിളിച്ചെങ്കിലും വായിലൊട്ടിച്ചിരുന്ന പ്ളാസ്റ്റർ അയാളുടെ നിലവിളിയെ വിഴുങ്ങിക്കളഞ്ഞിരുന്നു.ബിസിനസിലുണ്ടായ പക അയാളുടെ ശത്രുക്കൾ വീട്ടിയത് മൂന്നു ദിവസത്തെ ശാരീരിക പീഢനങ്ങളും പട്ടിണിക്കിടലും കൊണ്ടായിരുന്നു.മൂന്നാംനാൾ മൃതപ്രായനായ ആയാളെ ആളൊഴിഞ്ഞ കുന്നിൻചെരിവിലെ കുറ്റിക്കാട്ടിലുപേക്ഷിച്ചുപോകുമ്പോളേക്ക് അയാൾ ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിലെത്തിയിരുന്നു.ശരീരത്തിലെ അവസാനതുള്ളി ജലവും ആവിയായിപോകുമ്പോലെ അയാൾക്കുതോന്നി.ആരും കടന്നുവരാത്ത ആ കുറ്റിക്കാട്ടിൽകിടന്ന് മരിക്കേണ്ടി വരുന്ന തൻ്റെ വിധിയോർത്ത് അയാൾ കണ്ണീർപൊഴിച്ചു.
സമയം രാത്രി ഏറെ വെെകിയിരുന്നു,പെട്ടെന്നാണ് അടുത്തെവിടെയോ ഒരു കാൽപ്പെരുമാറ്റം അയാൾ കേട്ടത്,ഒപ്പമെന്തൊക്കയോ പിറുപിറുക്കലുകളും.ആ കാൽപ്പെരുമാറ്റത്തിൻ്റെയുടമ തന്നെതേടിവരാനായി അയാൾ തളർന്നുകിടന്ന തൻ്റെ കെെകാലുകളിട്ടടിച്ച് നിലവിളിച്ചു പക്ഷേ അയാളുടെ നിലവിളി ദുർബ്ബലമായ കാറ്റുപോലെ അയാളിൽത്തന്നെ അവസാനിച്ചു.എങ്കിലും ഏതാനും നിമിഷങ്ങൾക്കകം ഒരു നിഴൽ രൂപം അയാളുടെ അരികിലെത്തി.തളർച്ചയിൽ പാതിയടഞ്ഞ കണ്ണുകളിൽ ആ നിഴൽ രൂപം ക്രമേണ ഒരു മനുഷ്യരൂപമായി തെളിഞ്ഞുവന്നു.ഒരിറ്റു ദാഹജലത്തിനായി അയാൾ കെെകാലിട്ടടിച്ച് ദയനീയമായി ഞരങ്ങി.അയാളുടെ മനസുവായിച്ചിട്ടെന്നപോലെ ആഗതൻ തൻ്റെ ഭാണ്ഡക്കെട്ടഴിച്ച് അതിൽ നിന്നും കുപ്പിതുറന്ന് വെള്ളം അയാളുടെ വായിലേക്ക് ഇറ്റിച്ചുവീഴ്ത്തിക്കൊടുത്തു.ചെളിയും ദുർഗന്ധവും നിറഞ്ഞ ആ വെള്ളം അയാൾ ആർത്തിയോടെ കുടിച്ചു.ഓരോ തുള്ളിജലം തൻ്റെയുള്ളിലേക്ക് കടക്കുമ്പോഴും താൻ മരണത്തിൻ്റെ വാതിൽക്കൽനിന്ന് അകന്നകന്ന് വരുന്നത് അയാൾ തിരിച്ചറിയുന്നുണ്ടായിരുന്നു.
ആഗതൻ അയാൾക്കു സമീപമിരുന്ന് തൻ്റെ ഭാണ്ഡക്കെട്ടഴിച്ചു.അതിൽ നിന്ന് ഒരു പൊതി എടുത്ത് നിലത്തുവച്ചു.ആ പൊതിയിൽ നിന്നും പഴകിയ ഭക്ഷണത്തിൻ്റെ ഗന്ധം അവിടമാകെ പടർന്നു.ആ പൊതി തുറന്ന് ആഗതൻ ഭക്ഷണം വാരി കഴിക്കാൻക്കാൻ തുടങ്ങി.അയാൾ കൊതിയോടെ ആ പൊതിയിലേക്ക് നോക്കി.അപരിചിതനായ ആ മനുഷ്യൻ ഒരുരുള ചൊറുരുട്ടി അലിവോടെ അയാളുടെ വായിലേക്ക് വച്ചുകൊടുത്തു,അയാളത് ആർത്തിയോടേ കഴിച്ചു,പഴകി നാറാൻ തുടങ്ങിയ ആ ഭക്ഷണത്തിന് ഇതുവരെ കഴിച്ച മറ്റേതൊരു ഭക്ഷണത്തെക്കാളും രുചി തോന്നി അയാൾക്കന്ന്.നന്ദിയോടെ അയാൾ ആ അപരിചിതൻ്റെ മുഖത്തേക്കുനോക്കി.നേരിയ നിലാവിൽ ആഗതൻ്റെ മുഖം വ്യക്തമായില്ലെങ്കിലും അയാളു നീണ്ടമുടിയിഴകൾ ഇളം കാറ്റിൽ മെല്ലെയിളകുന്നതയാൾ കണ്ടു.
വിജിത വിജയകുമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo