മരണ വാർത്തയറിയച്ച് 'ഓൾഡ് ഏജ് ഹോമിൽ' നിന്നും വന്ന ഫോൺ കോളിന് മറ്റു ഫോർമാലിറ്റീസ് ഒന്നുമില്ലെങ്കിൽ ഇനി അമ്മയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാമല്ലോ എന്നു ചോദിച്ച മകൻ; കയ്യിലെ വളയും കഴുത്തിലെ മാലയും ആചാര പ്രകാരം തനിക്കും തന്റെ മകൾക്കുമവകാശപ്പെട്ടതാണെന്ന് വാദിച്ച മകൾ;
എങ്കിലും, ആ കർക്കിടക വാവിനും 'അമ്മ ബലിക്കാക്കയുടെ രൂപത്തിൽ തറവാട്ടു മുറ്റത്തെ മൂവാണ്ടൻ മാവിന്റെ താഴ്ന്ന ചില്ലയിൽ വന്നിരുന്നു.
വർഷങ്ങൾക്കു മുൻപ് താനും അദ്ദേഹവും കൂടെ തങ്ങളുടെ ചിതയൊരുക്കാനെന്ന പേരിൽ നട്ടു വളർത്തിയ രണ്ടു മൂവാണ്ടൻ മാവുകളും വളർന്ന് പരസ്പരം തണൽ പകർന്ന് ചേർന്നു തന്നെ നിന്നു. ഒടുവിൽ തങ്ങളിരുവരെയും വൈദ്യുതി ശ്മശാനത്തിൽ പുകച്ചു പൊടിച്ചു കളയുകയാണല്ലോ ചെയ്തത്. അദ്ദേഹത്തിനത് വലിയ പരാതിയായിരുന്നു. 'ഇപ്പോഴത്തെ കുട്ടികൾക്കുണ്ടോ പഴയ മാമൂലുകളൊക്കെ അറിയുന്നു?! അറിഞ്ഞാൽ തന്നെ അവർക്കൊക്കെ ഇതിനെപ്പോഴാ നേരം!!' എന്നും പറഞ്ഞു അദ്ദേഹത്തെ സമാധാനിപ്പിച്ചു. അന്ന് ഓൾഡ് ഏജ് ഹോമിന്റെ കാരുണ്യത്തിൽ ആ വൈദ്യുതോപകരണം അതിന്റെ ജോലി ഭംഗിയായി ചെയ്തു തീർത്തു. നിമഞ്ജനം ചെയ്യാൻ ചിതാഭസ്മം പോലും ബാക്കിയുണ്ടായില്ല. ഉണ്ടായിരുന്നെങ്കിൽ തന്നെ അത് കുട്ടികൾക്കൊരു ഭാരമാവുമായിരുന്നു.
ഇതിപ്പോ കുറെ വാവുകൾ ബലിച്ചോറുണ്ണാതെ കഴിഞ്ഞു പോയി."ജീവിച്ചിരുന്നപ്പോ ഒരു പിടി ചോറു തരാത്തവരാണ് ; ഇനിയിപ്പോ?!!" എന്നും പറഞ്ഞു പരിഹസിച്ച അച്ഛന്റെ വാക്കുകൾ ചെവിക്കൊള്ളാതെ അമ്മ ബലിക്കാക്കയുടെ രൂപം പൂണ്ടു.
'മാമു' വേണ്ടെന്നും പറഞ്ഞു മുഖം തിരിച്ച അപ്പുക്കുട്ടനും അമ്മൂട്ടനും അമ്പിളിമാമനെ കൊണ്ട് തരാം, 'കാക്ക..പൂച്ച' കളിക്കാമെന്നും പറഞ്ഞ് എത്രയെത്ര ഉണ്ണിയുരുള ചോറുകൾ ഈ അമ്മ വാരിക്കൊടുത്തിരിക്കുന്നു. നേരം ഏറെയായി; ഇനിയൊരു ചോറുരുള പ്രതീക്ഷിക്കേണ്ടതില്ല. അപ്പൂട്ടൻ കാറെടുത്തു ധൃതിയിൽ എവിടേക്കോ പോയി. മാങ്കൊമ്പിലിരുന്ന എന്നെ ഉണ്ണിക്കുട്ടൻ ചവണ കാട്ടി പേടിപ്പിച്ചു. പാവം! കുഞ്ഞിനറിയില്ലല്ലോ ഞാനവന്റെ മുത്തശ്ശിയാണെന്ന്. അമ്മൂട്ടന് പിന്നെ പണ്ടേ മലയാള മാസങ്ങളോ കർക്കിടക വാവോ, ഒന്നും അറിയില്ല; ഇതിലൊന്നും ഒട്ടും വിശ്വാസവുമില്ല. "അശ്രീകരം..." എന്നും പറഞ്ഞ് കല്ലെടുത്ത അപ്പൂട്ടന്റെ ഭാര്യയും ഇന്ന് കർക്കിടക വാവാണെന്നുള്ള കാര്യം മറന്നു പോയിട്ടുണ്ടാവണം. വല്യ മറവിക്കാരനായ അപ്പൂട്ടനെ എല്ലാം ഓർമിപ്പിക്കാറുള്ളത് അവളാണ്. എന്നാൽ, എനിക്കും അദ്ദേഹത്തിനും ഒരുമിച്ചു ജീവിക്കാൻ കഴിയുന്ന 'ഓൾഡ് ഏജ് ഹോം' തിരഞ്ഞു കണ്ടു പിടിച്ചത് അമ്മൂട്ടനും ഭർത്താവും ചേർന്നായിരുന്നു. വിദേശത്തുള്ള അവർക്ക് ഈ വയസ്സന്മാർ ഒരു ഭാരമാവരുതല്ലോ...മറുത്തൊന്നും പറയാതെ വീട് വിട്ട് ഓൾഡ് ഏജ് ഹോമിലേക്കിറങ്ങിയത് അങ്ങനെയാണ്. ഓരോന്നയവിറക്കി കണ്ണു നനഞ്ഞു; തൊണ്ടയിടറുന്നു... അമ്മക്കാക്ക ഒന്ന് - രണ്ട് കരഞ്ഞു തിരിച്ചു പറന്നു. കർക്കിടക വാവിന് ഇനിയൊരു വരവുണ്ടാവില്ല എന്ന് കഴിഞ്ഞ വർഷവും തീരുമാനിച്ചതായിരുന്നു. പക്ഷെ! വരാതിരിക്കാനാവില്ലല്ലോ; താനവരുടെ അമ്മയായി പോയില്ലേ..പിണക്കങ്ങളും, പരിഭവങ്ങളും, വാശിയുമൊന്നും ഒരമ്മയ്ക്ക് ചേർന്നതല്ലല്ലോ. !!!
* * * * * *
പരലോകത്ത് തിരിച്ചെത്തിയപ്പോൾ ബലിചോറു കിട്ടാത്ത അനേകം അമ്മക്കാക്കകൾ!!!അവരാക്കണ്ണീരുകൾ കാക്കത്തൂവലുകളിലൊളിപ്പിച്ചു. നനഞ്ഞു കുതിർന്ന കാക്കത്തൂവലുകളാണത്രെ കർക്കിടക വാവിന്റന്ന് വൈകീട്ട് മഴയായി പെയ്യുന്നത്.!!
* * * * * * *
കർക്കിടക വാവ് കഴിഞ്ഞും മഴ പെയ്തു.നേരവും കാലവുമില്ലാതെ പെയ്തു. നാടിനെ ഏകദേശം മുഴുവനായും വിഴുങ്ങിക്കൊണ്ട് അതൊരു പ്രളയമായി ; ആ കണ്ണീരുപ്പിൻ രുചിയറിഞ്ഞിട്ടും 'വിഡ്ഢിയായ മനുഷ്യൻ' മാനുഷിക മൂല്യങ്ങളെകുറിച്ച് ചിന്തിച്ചില്ല. ബന്ധങ്ങൾ പലപ്പോഴും അവന് ബന്ധനങ്ങളായനുഭവപ്പെട്ടു: ഒറ്റപ്പെട്ട വീടുകളിലും വൃദ്ധസദനങ്ങളിലും അമ്മമാർ തങ്ങളുടെ കുട്ടികളെയോർത്ത് കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു.'ഇനിയും കൂട്ടിച്ചേർക്കപ്പെടാൻ എത്രയെത്ര കാക്കത്തൂവലുകൾ !!!!!!
* * * * * * *
അനഘ വിശ്വനാഥ്
ശ്രീമതി അനഘ,
ReplyDeleteതാങ്കളുടെ കഥ 'കർക്കിടക വാവിൻറ്റന്നത്തെ മഴ' വായിച്ചു. നന്നായിരിക്കുന്നു! ഹൃദയത്തിൽ ഒരു നീറ്റൽ ഉണ്ടാക്കുന്ന അനുഭവം, അല്ല ഇന്നത്തെ യാഥാർഥ്യം! തുടർന്നുമെഴുതുക.
ആശംസകളോടെ,
ബൈജു തറയിൽ