നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അയമാത്മാ (കഥയെഴുത്ത്-മത്സരം) - Entry 38

-----------------------
ഇന്ദുലേഖ തന്റെ മുറിയിലെ ജനാലയിലൂടെ പടിപ്പുരയിലേക്ക് നോക്കി. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു.

മനുഷ്യരെയുറക്കി കിടത്തിയതിനു ശേഷം, എന്തായിരിക്കും പ്രകൃതിയുടെ ലീലാവിലാസങ്ങൾ.ഓർത്തപ്പോളവൾക്ക് ചിരി വന്നു. പണ്ട് അർജ്ജുൻ ഉറങ്ങിയെന്നു ഉറപ്പു വരുത്തിയതിനു ശേഷമുള്ള തന്റെയും മാധവേട്ടന്റെയും കേളികൾ. അതുപോലെയെന്തെങ്കിലും!
അല്ലെങ്കിൽ ചില ജീവികളെ പോലെ തനിക്കുള്ള 'ഇര'യെ തേടുകയാകുമോ!
ചിലപ്പോൾ കള്ളന്മാരെ പോലെ മോഷണം നടത്തുകയാകും.
ഒരുപക്ഷെ കഥകളിലൊക്കെ കേൾക്കുന്നത് പോലെ പ്രേതങ്ങളുടെ സഞ്ചാരത്തിനു കാവൽ നിൽക്കുകയാകാനും സാധ്യതയുണ്ട്.
അങ്ങനെ തനിക്ക് ഉത്തരമറിയേണ്ട ഒരുപാടൊരുപാട് ചോദ്യങ്ങളുണ്ട്. വർഷങ്ങളായി താൻ അവയുടെ ഉത്തരങ്ങൾക്കായുള്ള അന്വേഷണത്തിലാണല്ലോ. 

ജീവിതത്തിലൊറ്റയ്ക്കായപ്പോഴാണ് ഇന്ദുലേഖ, നാട്ടിൽ വന്ന് ഈ മനയിൽ താമസമാക്കിയത്. തന്റെ സഹായത്തിനു വന്ന വള്ളിയമ്മുവിനോട് അവൾ ഒന്നേ ആവശ്യപ്പെട്ടുള്ളു. 'മൗനം!'
വള്ളിയമ്മു അത് ഇന്നേവരെ ലംഘിച്ചിട്ടില്ല. അവളുടെ കൊച്ചമ്മ ഒരു പ്രേതമാണോ എന്ന് വള്ളിയമ്മു പലപ്പോഴും സംശയിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാനുള്ള പണവും, അത് പോലെ വള്ളിയമ്മുവിനുള്ള ശമ്പളവും അടുക്കളയിലെ മരച്ചെപ്പില് കൃത്യമായി വച്ചിട്ടുണ്ടാകും. വൈകുന്നേരം പണിയെല്ലാം കഴിഞ്ഞു തിരികെ പോകാൻ നേരം ഇന്ദുലേഖയുടെ കിടപ്പുമുറിക്കു നേരെ ഒന്നെത്തി നോക്കുക അവൾക്കൊരു പതിവാണ്. എന്നാൽ അപ്പോഴും അതടഞ്ഞുതന്നെ കിടക്കുന്നുണ്ടാകും.

ജനാലയടച്ചതിനു ശേഷം ഇന്ദുലേഖ മുറിയുടെ ഇടത്തെ കോണിൽ വച്ചിരുന്ന കാൻവാസിനടുത്തേക്ക് ചെന്നു.
തന്റെ നിഴൽ ആ കാൻവാസിൽ പതിഞ്ഞത് കണ്ട് അവൾ മന്ദഹസിച്ചു. 

ആ നിഴൽ കണ്ടപ്പോൾ അവൾ 'അവനെ' ഓർക്കുകയായിരുന്നു. പടിപ്പുരയിലെ വടക്കേ മൂലയിൽ നിന്നും 'തെക്കോട്ടു' നീണ്ടു നിൽക്കുന്ന നിഴൽ.അതാണവൻ! 

"അവൻ", മാത്രമാണ്, താൻ പുറത്തിറങ്ങുന്നത് കാണാറുള്ളത്. പ്രകൃതിയെ അറിയണമെങ്കിൽ മനുഷ്യരിൽ നിന്നകലണമെന്നൊരു തോന്നൽ. അതുകൊണ്ട് തന്നെ തന്റെ കാലുകൾ വീടിനു വെളിയിലെ മണ്ണിൽ സ്പർശ്ശിക്കുന്നത്  പാതിരാത്രിക്കു ശേഷമാണ്.

പക്ഷെ അവനതെങ്ങനെ കൃത്യമായി അറിയുന്നു എന്ന് തനിക്കിപ്പോഴും നിശ്ചയമില്ല.താൻ ഉമ്മറവാതിൽ തുറക്കുമ്പോഴെല്ലാം, തന്നെ പ്രതീക്ഷിച്ചെന്നോണം അവന്റെ നിഴൽ അവിടെയുണ്ടാകും. ഒരിക്കലും അവൻ തന്റെ മുൻപിൽ വന്നിട്ടില്ല. താനൊട്ട് അവനെ പടിക്കിപ്പുറത്തേക്ക് ക്ഷണിച്ചതുമില്ല.

പതിനെട്ടു വർഷങ്ങളായി തനിക്കവനെ അറിയാമെങ്കിലും, ഈയിടെയാണ് അവനൊരു പേര് കണ്ടുപിടിക്കണമെന്ന് തനിക്ക് തോന്നിയത്. 

സമയം ഏകദേശം രാത്രി പന്ത്രണ്ടരയായിക്കാണും.
ഇന്ദുലേഖ പതിവ് പോലെ ഉമ്മറത്തെത്തി.പടിപ്പുരഭാഗത്തേക്ക്‌ നോട്ടമെറിഞ്ഞ, അവൾക്ക് ചെറിയ നിരാശ തോന്നി.അവനിന്ന് വന്നിട്ടില്ലല്ലോ.
 
അവൾ പതിയെ മനയുടെ വടക്കേ പറമ്പിലുള്ള കാവിനടുത്തേക്ക് നടന്നു. ചീവീടുകളുടെ ശബ്ദം ചിലപ്പോൾ ചിലങ്കയുടേത് പോലെയാണ്. താൻ ചിലങ്കയണിഞ്ഞാണ് നടക്കുന്നതെന്ന് വെറുതേ സങ്കൽപ്പിച്ചുകൊണ്ട് അവൾ നടന്നു. കാവിനടുത്തുള്ള ആൽത്തറമേൽ എന്നത്തേയും പോലെ ഇന്ദുലേഖ മലർന്നു കിടന്നു. നല്ല നിലാവുണ്ട്. ഉൾക്കണ്ണിലെ കാഴ്ചകൾ കാണുവാൻ പക്ഷെ വെളിച്ചം ആവശ്യമില്ലല്ലോ.

നാഗത്താൻ കാവിനടുത്തു നിന്നും വിഷസർപ്പങ്ങളുടെ ശീത്കാരം കേൾക്കുന്നുണ്ടോ.അവൾ ചെവിയോർത്തു.

" കാണാനഴകുള്ള കദ്രുവിന്റെ മക്കളെ
ആയിരം മക്കൾക്ക് പേര് നൽകൂ നല്ലച്ഛനേ"

ഇന്ദുലേഖ നാഗക്കളം പാട്ടിന്റെ വരികൾ മൂളി.പഞ്ചവർണ്ണപ്പൊടികളാൽ തീർക്കുന്ന നാഗക്കളം. കയ്യിൽ കവുങ്ങിൻ പൂക്കുലയുമായി, കളം മായ്ച്ചു കൊണ്ട് മുടിയാട്ടിയുറയുന്ന നാഗകോമരങ്ങൾ.

ഇവിടുത്തെ കാവിൽ, നാഗരാജാവും, നാഗയക്ഷിയും, മണിനാഗവും, അഞ്ജനമണി നാഗവും, പറനാഗവും,  കരിനാഗവുമെല്ലാമുണ്ടെന്നാണ് സങ്കല്പം.

ആരോ തന്നെ സസൂക്ഷ്മം വീക്ഷിക്കുന്നത് പോലെ തോന്നി ഇന്ദുലേഖയ്ക്ക്.

പൊടുന്നനെ അവളുടെ ഇടത്തെ കാലിൽ ഒരു വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു. എന്തോ  ഇഴയുന്നതു പോലെ.കണ്ണുകളിൽ ഇരുട്ട് വ്യാപിക്കുന്നവല്ലോ. അവളുടെ നെഞ്ചിടിപ്പ് വളരെ വേഗത്തിലായി.

"ഹേ, അതെന്താണ്, താൻ കാണുന്നത്. 
അത് താൻ തന്നെയല്ലേ?"

ഇന്ദുലേഖക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.

"അതെ, അതു താൻ തന്നെ. തന്റെ രൂപം തനിക്കു മുൻപിൽ വായുവിൽ നിൽക്കുന്നു.ഇതെന്തു മറിമായമാണ്!"

പെട്ടന്ന് ആ രൂപം ഒരു ചില്ലുഭരണി പോലെയായി. ഒൻപത് ദ്വാരങ്ങളുള്ള ആ ഭരണി വായുവിൽ നിന്നു കറങ്ങിക്കൊണ്ടിരിന്നു. ആ ഭരണിക്ക് ചുറ്റും മിന്നൽ കണക്കെ പ്രകാശം തെളിഞ്ഞു നിൽക്കുന്നു.

"താൻ സ്വപ്നം കാണുകയാണോ".ഇന്ദുലേഖ കണ്ണുകൾ തിരുമ്മി.

ഭരണി പെട്ടന്ന് നിശ്ചലമായി.
ആ ചില്ലുഭരണിയിലേക്ക് ഇന്ദുലേഖ സൂക്ഷിച്ചു നോക്കി. ആറു പുഷ്പങ്ങൾ കാണുന്നല്ലോ.
പ്രകാശം കണക്കെ രണ്ടിതളുള്ള ഒരെണ്ണമാണ് ഏറ്റവും മുകളിൽ, അതിനു തൊട്ടു താഴെ ഇളം നീല നിറത്തിൽ പതിനാറു ഇതളുകളുള്ള വിശുദ്ധ പുഷ്പം ! ഹാ, എന്ത് മനോഹരമാണ്!
അടുത്തത്, പുക പോലെ പന്ത്രണ്ട് ഇതളുകളുള്ള പുഷ്പം.
പത്തു ഇതളുകളുള്ള ചുവന്ന മറ്റൊരു പുഷ്പം, പിന്നെയുള്ള രണ്ടുപുഷ്പങ്ങളിൽ ഒന്നിന് വെള്ളനിറമാണ്, ആറിതളുകളും.
അവസാനത്തേതിന് മഞ്ഞനിറവും നാലിതളുകളും!

അവളാ പൂക്കൾക്ക് നേരെ കൈകൾ നീട്ടി.

പെട്ടെന്ന് ഭരണി വീണ്ടും വേഗത്തിൽ കറങ്ങുവാൻ തുടങ്ങി.ഇന്ദുലേഖക്ക് തലചുറ്റുന്നത് പോലെ അനുഭവപ്പെട്ടു.

അതാ ആ ചില്ലു ഭരണി ഇപ്പോൾ ഏഴ് ഭാഗങ്ങളായി, പെട്ടന്നത് അഞ്ചായി ചുരുങ്ങി. 

എന്തെല്ലാം മായക്കാഴ്ചകളാണ് താൻ കണ്ടുകൊണ്ടിരിക്കുന്നത്.

കണ്മുൻപിൽ അഞ്ചു മാറി മൂന്നായി, പിന്നേയതും ചുരുങ്ങി രണ്ടായി. 

"അക്ഷരം ബ്രഹ്മപരമം" ആരോ തന്റെ ചെവിയിൽ മന്ത്രിക്കുന്നത് പോലെ.

ഇപ്പോൾ താൻ കാണുന്നത് ഒരു വെളിച്ചം മാത്രമാണ്. ആ വെളിച്ചത്തിലേക്ക് അവൾ സൂക്ഷിച്ചു നോക്കി. 

"എന്തൊരത്ഭുതം, ആ വെളിച്ചത്തിൽ താൻ കാണുന്നത് തന്നെ തന്നെയാണല്ലോ!"

ആ വെളിച്ചത്തിനുള്ളിലെ സൂക്ഷ്മരൂപിയായ താൻ, തന്റെ നേരെ വിരൽ ചൂണ്ടി.

പൊടുന്നനെ ഒരു വലിയ ഇടിമുഴക്കമുണ്ടായി. ഭൂമികുലുങ്ങുന്നതു പോലെ. ഭയന്ന് വിറച്ചവൾ  നോക്കവേ, ഒരു മിന്നൽ കണക്കെ ആ വെളിച്ചം തന്റെ ശരീരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്ന് ഇന്ദുലേഖ മനസ്സിലാക്കി. 

അവൾ ശ്വസിക്കുവാൻ നന്നേ പ്രയാസപ്പെട്ടു.
താനിപ്പോൾ വളരെ നേർത്തൊരു തൂവലാണെന്ന് അവൾക്ക് തോന്നി.

അന്തരീക്ഷമാകുന്ന നദിയുടെ ഓളങ്ങളിൽ  തെന്നി നീങ്ങുന്ന ഒരു തൂവൽ വഞ്ചി.
ഒട്ടും നിനക്കാതെ അവളുടെ മനസ്സിൽ അവനെക്കുറിച്ചുള്ള ചിന്തകളലയടിച്ചു.
അവൾ പടിക്കെട്ടിലേക്ക് എത്തിനോക്കുവാൻ ശ്രമിച്ചു. 

അതാ, അവനെത്തിയിട്ടുണ്ട് !അവന്റെ നിഴൽ തനിക്ക് കാണാം!

 " ഹേയ്, 'നീ' അകത്തേക്ക് വരൂ",  അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. എന്തോ അവനെ കാണണമെന്നൊരു ആഗ്രഹം. ആ നിഴൽ പടിപ്പുര താണ്ടി അവളുടെയടുത്തേക്ക് നീങ്ങി കൊണ്ടിരുന്നു. 

ഒരു ഞെട്ടലോടെയാണ്  അവളാ സത്യം മനസ്സിലാക്കിയത്.ആ നിഴലിനു പുറകിൽ ഒരു  സ്ഥൂലശരീരമില്ലായിരുന്നു. 

അവൾ വിതുമ്പിക്കരയുവാൻ തുടങ്ങി. "അപ്പോൾ ഇന്നലെവരെ താൻ കണ്ടതെല്ലാം വെറും മിഥ്യകൾ! രജ്ജു-സർപ്പ ഭ്രാന്തിയിലൂടെയാണല്ലോ, തന്റെ ജീവിതം ഇത്രയും കാലം കടന്നു പോയത്.
പതിനെട്ടുവർഷങ്ങൾ മൗനമായിരുന്നിട്ടും തന്റെ ഹൃദയകമലത്തിൽ നിന്നും 'അഹം' എന്ന് സ്ഫുരിച്ചത് താനെന്തേ അറിഞ്ഞില്ല! പൂർണ്ണത്തിൽ നിന്നും പൂർണ്ണമെടുത്തു മാറ്റിയാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു എന്നറിയുവാൻ എന്തേ ഇത്രയും വൈകി.
തനിക്കുള്ള ചോദ്യങ്ങൾക്കുത്തരം താനാകുന്ന പുസ്തകത്തിൽ തന്നെയുണ്ടായിരുന്നു.
ആ ചോദ്യങ്ങളെല്ലാം അവസാനം എത്തിനിൽക്കുന്നത്  ഒരു ഉത്തരത്തിലേക്ക് തന്നെയല്ലേ."
 
"അതേ, അത് 'ഞാൻ' തന്നെയായിരുന്നു! അത് 'ഞാൻ' തന്നെയായിരുന്നു "

"നേഹ നാനാസ്തി കിഞ്ചന:"

അവൾ ഒരു ചെറുപുഞ്ചിരിയോടെ കണ്ണുകൾ പതുക്കെയടച്ചു.

പിറ്റേ ദിവസം, കാവിനടുത്തുള്ള ആൽത്തറയിൽ ഇന്ദുലേഖയുടെ നീല നിറം പടർന്ന ശരീരം ചലനമറ്റു കിടന്നിരുന്നു. ആത്മാവുപേക്ഷിച്ച ആ തണുത്തുറഞ്ഞ ശരീരം കണ്ട് വള്ളിയമ്മു, തന്റെ കൊച്ചമ്മയ്ക്ക് താൻ കൊടുത്ത വാക്ക് ആദ്യമായി ലംഘിച്ചു കൊണ്ട്, ഉറക്കെ നിലവിളിച്ചു. 

"വിഷം തീണ്ടിയതാണല്ലോ എന്റെ തേവരേ".

അപ്പോൾ, ആ ശബ്ദത്തെ പിന്തുടർന്നെന്നോണം പടിപ്പുര കടന്നു കൊണ്ട്, വടക്കേപറമ്പ് ലക്ഷ്യമാക്കി 'ഒരു നിഴൽ' നീണ്ടു വരുന്നുണ്ടായിരുന്നു.

(അവസാനിച്ചു)
Written by:-
ഡോ. ഐഷ ജെയ്‌സ് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot