പച്ചപ്പട്ട്  പരവതാനി വിരിച്ച് നിൽക്കുന്ന നെൽപ്പാടങ്ങളുടെ മധ്യ ഭാഗത്ത് ആരുടെയും മനംമയക്കിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന ആ  നാലുകെട്ടാണ്   പേരുകേട്ട കോയിക്കൽ തറവാട് . പുരുഷാധിപത്യത്തിന്റെ മേൽക്കോയ്മയിൽ അരങ്ങുവാണിരുന്ന  നമ്പൂതിരി കൂട്ടങ്ങളുടെ ആ നാലുകെട്ടിലെ  കരിപിടിച്ചടുക്കളയിൽ അന്നും പതിവുപോലെ ആ സമയം  അരി വാർക്കുന്ന തിരക്കിലായിരുന്നു പാർവ്വതി തമ്പുരാട്ടി . 
 'എടീ പാർവ്വതീ ......'  ഉമ്മറക്കോലായിൽ നിന്ന് സേതുവിന്റെ ഗർജ്ജനം .അടുക്കളയിൽ നിന്ന് അവൾ അത്  കേട്ടതും ശബ്ദവേഗത്തിൽ ഉമ്മറത്തേക്കെത്തി .അവനെ അവൾക്ക് ഭയമാണ് .ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കും അടിയും പതിവാണ് .ഇന്നെന്താണാവോ വിഷയമെന്നറിയാൻ  ഭയചകിതയായവൾ സർവ്വ  ധൈര്യവും സംഭരിച്ച് ചോദിച്ചു . 
"എന്തേ സേതുവേട്ടാ?" . ചോദിച്ചോർമ്മയേ ഉണ്ടായിരുന്നുള്ളു .  
 'കണ്ടില്ലേ നീ അത്' എന്ന് പറഞ്ഞ് അവളെ പതിയെ  മുറ്റത്തേക്ക്  തള്ളിയിട്ടതും   അവൾ മറിഞ്ഞുവീഴലും ഒരുമിച്ചായിരുന്നു  .പതിവുള്ള രീതികളിൽ നിന്നും  ഇന്നല്പം ആശ്വാസമുണ്ടെന്നോർത്ത് വേദനയിലും  അവനെ ദയനീയമായി നോക്കി. കാലങ്ങളായി തുടരുന്ന  പ്രക്രിയയ്ക്ക് അറുതിയെന്നുണ്ടാവും. കാലമാടന്റെ  ജീവൻ ആരെങ്കിലുമൊന്ന് എടുത്തിരുന്നുവെങ്കിലെന്ന്  ഉള്ളിൽ പ്രാകി   കരഞ്ഞ്  വീങ്ങിയ മുഖത്തോടെ എണീറ്റപ്പോൾ കണ്ട കാഴ്ച അവളെ വീണ്ടും പേടി പെടുത്തി .  മുറ്റത്തെ  മഴവെള്ളത്തിൽ സേതുവേട്ടന്റെ അലക്കിയിട്ട വെള്ളമുണ്ട് വീണു കിടക്കുന്നു . കണ്ടപാടെ മുണ്ടെടുത്ത് വെപ്രാളത്തോടെ   അലക്ക് കല്ലിന്റെ അടുത്തേക്ക് അവളോടി . അയാളുടെ പുലമ്പുലുകൾ കേട്ട് വിറച്ച് വീണ്ടും മുണ്ട് അലക്കി അതേ അയയിൽ  തന്നെ വിരിച്ച് നാല്    ക്ലിപ്പിട്ട് ഉറപ്പിച്ച് ഇടം കണ്ണിട്ട് അവനെ ഭീതിയോടെ  നോക്കി ഒന്നും പറയാതെ  അടുക്കളയിലേക്ക്  കയറി പോയി . ..... 
ഒന്നുമില്ലാത്ത പേരുകേട്ട തറവാട്ടിൽ നിന്ന് ഇളം വയസ്സിൽ സേതുവർമ്മ തമ്പുരാനോടൊപ്പം  ഈ വലിയ തറവാട്ടിലേക്ക് വേളികഴിപ്പിച്ച് വിട്ടതായിരുന്നു .   .ആനമെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ കഴിയാത്തോണ്ട് സ്വന്തം വീട്ടുകാരെ ധിക്കരിക്കാനും കഴിയാതെ എല്ലാ ലോകവും അവനിൽ അർപ്പിച്ച്  പോവുകയായിരുന്നു  . പുരുഷന്റെ ആകാരം മാത്രമേ അവനിൽ ഉള്ളൂ . ആറുവര്‍ഷം  കഴിഞ്ഞപ്പോൾ അവന്റെ അമ്മയും അച്ഛനും മരിച്ചു പോയി . ആ  നാലുകെട്ടിൽ അവളും അവനും പിന്നെ  ഒരേ ഒരു പൊന്നോമന മകളായ ദാത്രിയും  മാത്രമായി . രാവിലെ തുടങ്ങിയാൽ അന്തിയാകുവോളം അടിമയെപ്പോലെ പണിയും, ശകാരവും . ആരോടെന്തെങ്കിലും പറയണമെന്നുണ്ടെങ്കിലോ അടുത്തെങ്ങും ഒരു അയല്‍പക്കം പോലുമില്ല . ജീവിതം സത്യത്തിൽ കാരാഗൃഹത്തിലാണെന്നുവരെ തോന്നിയിരുന്നു . 
അവൾക്ക് അവനോട് സ്നേഹം തോന്നിയിട്ടേയില്ലായിരുന്നു  . അവനിൽ നിന്ന് ഇന്ന് വരെ സ്നേഹത്തോടെ ഒരു ചുംബനം പോലും അവൾക്ക് കിട്ടിയിട്ടില്ല . ഇട്ടുമൂടാനുള്ള പണം ഉണ്ട് . പക്ഷെ സ്ത്രീ എന്താണെന്നും അവളുടെ വികാരം എന്താണെന്നും അറിഞ്ഞ്  ഇതുവരെ  അവളോട്  പെരുമാറാൻ അവനിതുവരെ കഴിഞ്ഞിട്ടില്ല  . 
പുരുഷ പീഢനം  എന്നതാവും ശരി . ആ വലിയ നാലുകെട്ടിൽ അവളുടെ  രോദനം കേൾക്കാൻ ആരുമുണ്ടായിരുന്നില്ല . എല്ലാം അവന്റെ കീഴിൽ . ഒരെതിർവാക്ക് പറയാൻ അനുവാദമില്ല  . സ്വന്തം വീട്ടിൽ ഒന്നും ഇല്ലാത്തോണ്ട് അങ്ങോട്ട് പോകാനും അവൾ മിനക്കെട്ടിരുന്നില്ല   . എല്ലാം വിധിയെന്ന് സമാധാനിച്ച്  മുന്നോട്ട് പോവുകയായിരുന്നു  . പരാതികളും പരിഭവങ്ങളും ഉള്ളിൽ ഒതുക്കി ആ നാലുകെട്ടിൽ അടിമയെപ്പോലെ അവൾ ജീവിതം  ഹോമിച്ചുകൊണ്ടിരുന്നു  . 
മകൾ  വലുതായതോടെ അല്പം ആശ്വാസം തോന്നി തുടങ്ങി . അവളുടെ പരാതികളും പരിഭവങ്ങളും മകളോട് പറഞ്ഞ് സ്വയം ആശ്വസിച്ചു . ഗർഭിണിയായ ശേഷം ഇന്ന് വരെ കൂടെ കിടക്കണമെങ്കിൽ അടിമയെപ്പോലെ യാചിക്കണമായിരുന്നു . പിന്നെ എല്ലാം ശീലമായി . പിന്നീടുള്ള  രാത്രികളിൽ  അവളുടെ ഉറക്കം മകളോടൊപ്പം  ആയിരുന്നു . 
 ഒരു ദിവസം രാവിലെ മകൾ എണീറ്റ് വരുമ്പോൾ ഉമ്മറത്ത് മുഖത്ത് ചോരയൊലിപ്പിച്ചിരിക്കുന്ന അമ്മയെ കണ്ട് വിവരം തിരക്കി . രാവിലെ തന്നെ എന്തോ ചെറിയ കാര്യത്തിന് അമ്മയുമായി വഴക്കിട്ട് അച്ഛൻ അമ്മയുടെ മുഖത്തേക്ക് അടിച്ചപ്പോൾ  'അമ്മ താഴെ വീണെന്നും അച്ഛൻ ഒന്നും നോക്കാതെ  പറമ്പിലേക്ക് പോയെന്ന് പറഞ്ഞ്  മോളെ കെട്ടിപിടിച്ച്   അവൾ വിങ്ങി വിങ്ങി കരഞ്ഞു .അമ്മയുടെ കൈകൾ വിടുവിച്ച്  അച്ഛനോട് ഒച്ചയിടാൻ പറമ്പിലേക്ക് പോയ മകൾക്ക് അന്ന് വേണ്ടത് കിട്ടിയതും ആ അമ്മയെ ഒരു പാട് വേദനിപ്പിച്ചു . അന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായിരുന്നു പക്ഷെ  മകളെ ഓർത്ത്  ആ  ശ്രമം ഉപേക്ഷിച്ചു . 
കാലങ്ങൾ പിന്നിട്ടിരിക്കുന്നു . ജീവിതത്തിൽ ഒന്നും ആസ്വദിക്കാൻ കഴിയുന്നില്ല . അവളിലുള്ള സ്വത്വം  നഷ്ടമായിരിക്കുന്നെന്ന് അവൾ മനസ്സിലാക്കി . മകൾക്ക് പതിനെട്ട് തികഞ്ഞിരിക്കുന്നു . ഇനി അവൾ സ്വന്തം കാര്യം നോക്കിക്കോളും.മിടുക്കിയാണ് . അവൾക്ക് വേണ്ടി ഇത്രയും കാലം   ജീവിച്ചു . ഈയിടെയായുള്ള ചിന്തകളിൽ എവിടെയോ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയില്ലാത്ത പോലെ അവൾക്ക് തോന്നി ... 
അന്നൊരു ശനിയാഴ്ചയായിരുന്നു   .മകൾക്ക് അവധിയായതിനാൽ   രാവിലെ അവൾ സുന്ദരിയായി ഒരുങ്ങി മകളെയും കൂട്ടി അമ്പലത്തിലേക്ക്  പോയി .പുഷ്പാഞ്ജലിയൊക്കെ കഴിപ്പിച്ച്  വീട്ടിലേക്ക് പോരുന്ന വഴിക്ക് പാടവരമ്പിനരികിലുള്ള അത്താണിയിൽ ഇരുപ്പുറപ്പിച്ച്  മകളോട് പറഞ്ഞു . 
" അമ്മേടെ അടുത്തൊന്നിരിക്ക്യോ കുട്ട്യേ ?.   
ഇന്നമ്മേടെ  മുപ്പത്താറാം പിറന്നാളാണെന്നറിയ്യോ  ദാത്രികുട്ടിക്ക്?  .   അമ്മയ്ക്ക് ഒത്തിരി സംസാരിക്കണംന്നുണ്ട് കുട്ട്യോട്. ഇങ്ങട്  വര്യാ. " 
അത്രേം കേട്ടതും മകൾ പോയി അമ്മയുടെ അടുത്തിരുന്നു . 
 "അച്ഛനോടൊന്നും പറയാതെ പോന്നതാ എന്റെ കുട്ട്യേ .നിനക്കറിയാലോ അച്ഛൻ ഉണ്ടാക്കണ പുകിലൊക്കെ  .നമ്പൂരിയാണ് പറഞ്ഞിട്ടൊരുകാര്യല്ല്യാ . അച്ഛന് ഈ അമ്പലന്നൊക്കെ  കേട്ടാല്‍ ബാധയിളകണകൂട്ടത്തിലാ   . അമ്മ ഇത്ര കാലായിട്ട് ഒരു സുഖവും അനുഭവിച്ചിട്ടില്ല്യാ. ന്റെ  കുട്ടിയെങ്കിലും  നന്നായി പഠിക്കണം.  വലിയ ആളാവണം ട്ടോ   . സ്ത്രീകളൊക്കെ  അടിമകളല്ല  എന്ന് ലോകത്തെ അറിയിക്കണം . നിന്റെ കൈകൾ  സ്വതന്ത്രമാകുമ്പോൾ  ഈ അമ്മയുടെ കഥ പുറം ലോകത്തെ ഒന്നറിയിക്ക്യോ നീ  ". 
 അവൾ മകളെ കെട്ടിപിടിച്ച് വിങ്ങി കരഞ്ഞു .കണ്ണുനീർ അവളുടെ കവിൾത്തടങ്ങളിലൂടെ അരുവിയായൊഴുകി   .അമ്മയുടെ വേദനയെ ആശ്വസിപ്പിക്കാൻ  മകളും അശക്തയായിരുന്നു . എന്നാലും പാതി തളർന്ന അമ്മയെ കഴിയുന്നപോലാശ്വസിപ്പിച്ച് വീട്ടിൽ എത്തി . 
വീട്ടിലെത്തിയതും ഉത്സാഹവതിയായ പാർവ്വതി  ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ  ഒരുക്കി .   അവർ മൂന്ന് പേരും ഒരുമിച്ചിരുന്ന് കഴിച്ചു . ഭക്ഷണം കഴിക്കുന്നിടെ മോളമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചപ്പോഴാണ്   സേതു ഭാര്യയുടെ പിറന്നാളിനെ പറ്റി അറിയുന്നത് .ഇന്ന് വരെ ഒരു പിറന്നാളും അറിയാത്ത അവൻ , വളിച്ച ചിരിയോടെ ആദ്യമായ് മനസ്സില്ലാ മനസ്സോടെ പിറന്നാൾ ആശംസകൾ അവൾക്ക് നേർന്നു  .  വിവാഹ ശേഷം ആദ്യമായാണെങ്കിലും ഇങ്ങനെയെങ്കിലും പ്രതികരിച്ച ഭർത്താവിനോട് 
 ചെറു പുഞ്ചിരി മാത്രം മറുപടിയായി നൽകി മനോഹര ദിവസത്തിന്റെ മാധുര്യം ആദ്യമായി ആസ്വദിച്ച് എല്ലാവരുടെ ഉച്ഛിഷ്ടങ്ങൾ എടുത്ത് പുറത്ത് കളഞ്ഞ് ഊൺ മേശയെല്ലാം തുടച്ച് വൃത്തിയാക്കി അവൾ ഒറ്റയ്ക്ക്  പോയി  കിടന്നു .പുറകെ മകൾ  പഠിക്കാൻ കോലായിലേക്കും പോയി .
നേരം ത്രിസന്ധ്യയായിട്ടും  എഴുന്നേറ്റ് വരാത്ത അമ്മയെ അന്വേഷിച്ച് മുറിയുടെ വാതിലിൽ  തട്ടിയപ്പോൾ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി . ഉമ്മറകോലായിൽ    ഇരിക്കണ അച്ഛനെ കൊണ്ട്   മുറി കുത്തി തുറന്നപ്പോൾ കണ്ട കാഴ്ച ആ മകളെ തളർത്തി കളഞ്ഞു ... 
മുറിയിലെ ഫാനിൽ അബലയാം അവളുടെ അമ്മയുടെ ശരീരം തൂങ്ങി ആടുകയായിരുന്നു.പരാതികൾ എല്ലാം ഉള്ളിൽ ഒതുക്കി ആ 'അമ്മ അച്ഛന് പൂർണ്ണമായി ജീവിതം സമ്മാനിച്ച് മടങ്ങിയിരിക്കുന്നു ... 
അച്ഛൻ ആരെയെല്ലാമോ വിളിക്കുന്നു  . ആദ്യമായി അച്ഛൻ ഭ്രാന്തനായ പോലെ അവൾക്ക് തോന്നി . കോലായയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് . മുഖത്ത് ഒരു ദയനീയ ഭാവം വന്നിരിക്കുന്നു .ആരൊക്കെയോ വന്ന് അമ്മയെ ഫാനിൽ നിന്നും ഇറക്കി ഉമ്മറത്ത് കൊണ്ടുപോയി കിടത്തി . അമ്മയെ നിലത്ത് കിടത്തിയതും അച്ഛൻ അമ്മയെ കെട്ടിപിടിച്ച് വാവിട്ടു കരയുന്ന    രംഗം അവളിൽ ഒരു വികാരവും ഉണ്ടാക്കിയില്ല . അവളുടെ മുന്നിൽ അച്ഛൻ കൊലപാതകിയായിരുന്നു .
പിന്നീടങ്ങോട്ട്  അവൾക്ക്  ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല  .ഓരോ  ചടങ്ങുകൾ നടക്കുന്നു . അവസാനമായി അമ്മയ്ക്ക് വായ്‌ക്കരിയും   ,  വെള്ളവും പിന്നെ വാവിട്ടു കരഞ്ഞ്  ഉമ്മയും കൊടുത്ത് വെള്ളപുതച്ച ആ ശവ ശരീരം പട്ടടയിലേക്ക് എടുക്കുന്നത് കാണാൻ ത്രാണിയില്ലാതെ അകത്തേക്കു പോയി അമ്മയുടെ കട്ടിലിൽ  കിടന്നു . അൽപനേരം  അങ്ങനെ കിടന്ന ശേഷം  കുറച്ച്  തുണികളെല്ലാം കൂടി ഒരു  ബാഗിലാക്കി ആരോടും ഒന്നും പറയാതെ  ആ വീട് വിട്ടിറങ്ങി . 
 തെക്കേ പറമ്പിൽ    ആരൊക്കെയോ    ഒരുക്കിയ  പട്ടടയിൽ അപ്പോഴും എരിഞ്ഞു കൊണ്ടിരുന്ന   അമ്മയുടെ ശവ ശരീരത്തിന് സമീപം അവളെ നോക്കി ഭ്രാന്തനെപ്പോലെ ആരുടെയൊക്കെയോ  കൈവലയത്തിനുള്ളിൽ നിന്നുകൊണ്ട് അലമുറയിടുന്ന     അച്ഛനെ കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തിൽ ദൂരെ ചക്രവാളത്തിൽ തെളിയുന്ന ഉദയസൂര്യനിൽ പ്രതീക്ഷയർപ്പിച്ച് സ്നേഹം കൊതിക്കുന്ന മനസ്സുമായി  അവൾ  എങ്ങോട്ടോ നടന്നു നീങ്ങി .... 
Written by
ഹരിഹരൻ പങ്ങാരപ്പിള്ളി 
 
 
 
 
 
 
 

 
 
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക