നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരുഭൂമിയിലെ ഗന്ധർവ്വൻ - (കഥയെഴുത്ത്‌ -മത്സരം) - Entry 17


വല്ല്യാമ്മാവന്റെ   മകൻ നരേന്ദ്രന്റെ കല്യാണത്തിന് ഒരാഴ്ച അവധിയെടുത്ത് തറവാട്ടിൽ എത്തിയതായിരുന്നു ഗൗരി. നഗരത്തിലെ തന്നെ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി... മനോഹരമായി നൃത്തം ചെയ്യുകയും പാട്ട്  പാടുകയും ചെയ്യുന്നവൾ.

           തറവാട്ടിൽ നിലനിൽക്കുന്ന ആചാരമനുസരിച്ച് തറവാടിന്റെ  അനന്തരാവകാശി. അവളെ എല്ലാവർക്കും ജീവനാണ്. അതിസുന്ദരിയായ അവളെ ഒരു ദേവതയായിട്ടാണ് അവർ കരുതുന്നത് തന്നെ. 

         വലിയൊരു തറവാടാണ് അത്....    ഒരു കൂട്ടുകുടുംബം.വിശാലമായ തോട്ടത്തിന് നടുവിലെ,  വലിയൊരു നാലുകെട്ടും ആമ്പൽക്കുളവും...പുതിയ തലമുറയിലെ കുട്ടികൾക്കായി ഒരു കൊച്ചു പാർക്കും ബാഡ്മിന്റൺ കോർട്ടും, പഴമയുടെ പ്രൗഡി വിളിച്ചോതുന്നത് എങ്കിലും പുതുമ ചേർത്ത് നിർമ്മിച്ചത്. 
തറവാടിനോട് ചേർന്ന്...പരദേവതയെ കുടിയിരുത്തിയിരിക്കുന്ന അമ്പലം,  ചുറ്റും ദേവ വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു. കിഴക്കുമാറി സർപ്പക്കാവ്...നാഗങ്ങൾക്ക് സ്വൈര്യവിഹാരം നടത്താൻ കൊടുത്തിരിക്കുന്ന ഒരേക്കറോളം ഭൂമി വിട്ട് ബാക്കി വരുന്ന സ്ഥലം മുഴുവനും വെട്ടിയൊരുക്കി കൃഷികൾ ചെയ്തിരിക്കുന്നു. പശുക്കൾക്കായി പ്രത്യേകം നിർമ്മിച്ച ഒരു ഫാം കൂടിയുണ്ട്.
          
അന്ന് പൗർണമി ആയിരുന്നു
 
തറവാട്ടുമുറ്റത്ത് മുത്തശ്ശി നട്ട,  നിശാഗന്ധിയിൽ ആദ്യ പൂവ്‌  വിരിഞ്ഞ ദിവസം...പൂവ്  കാണാനായി  ഓടിയെത്തിയവരിൽ നിന്നും അവളെ മാത്രം മാറ്റി നിർത്തി മുത്തശ്ശി പറഞ്ഞു...

"മോളെ...ഗൗരികുട്ടിയെ ..... നിശാഗന്ധി പൂക്കുന്ന ദിവസം ഗന്ധർവന്മാർ ഇറങ്ങും...കന്യകമാരായ പെൺകുട്ടികളെ തേടി...മോള് അകത്തു  കയറി പോയ്‌കൊള്ളൂ...." 

ചിരിയടക്കാൻ വയ്യാതെ അവൾ നിന്നു. കുടുംബത്തിൽ വേറെയും കന്യകമാർ ഉണ്ടെങ്കിലും ഗൗരിയോട് മാത്രം മുത്തശ്ശി അങ്ങനെ പറയാൻ കാരണം ഉണ്ട്... തറവാട്ടിലെ ആചാരാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുവാനും,  അനുസരണക്കേട് കാണിക്കാനും, കുറുമ്പു കാണിക്കാനും അവളായിരുന്നു മുൻപില്. 
"ഹ......ഹ.....ഹ ഒന്ന് പോയെ മുത്തശ്ശിയെ...... ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാ  ഗന്ധർവ്വന്മാർ.....???"
എല്ലാവരും പൊട്ടിച്ചിരിച്ചു എങ്കിലും മുതിർന്നവർ പറയുന്നത് അനുസരിക്കേണ്ടത് തന്നെയാണെന്ന് അച്ഛൻ ഒരു നോട്ടത്തിലൂടെ പറയാതെ പറഞ്ഞു. 

അങ്ങനെ അകത്തളത്തിൽ എത്തിയ അവൾ പാതിരാവില്,  എല്ലാവരും ഉറങ്ങിയ നേരം നോക്കി നടു  മുറ്റത്തെത്തിയപ്പോൾ അവൾക്കായി അതിമനോഹരമായ ഒരു സ്വപ്ന ലോകം തീർത്തു കഴിഞ്ഞിരുന്നു പ്രകൃതി.

പൗർണമി രാവിലെ നിഗൂഢമായ നിശബ്ദതയിൽ മരങ്ങളും നിഴലുകളും മുഴുക്കാപ്പ് ചാർത്തുന്ന ദൃശ്യം കണ്ടിട്ടുണ്ടോ നിങ്ങള്... വശ്യതയാർന്ന ആ ഭംഗി അവൾ  ആസ്വദിക്കുവെ ...

'തൊട്ടു മുമ്പിൽ ഒരു പുരുഷൻ!!!' 

നിറനിലാവിൽ ശോഭിച്ചു നിൽക്കുന്ന ആ മുഖം ദർശിച്ച മാത്രയിൽ മനസ്സിൽ ഒരു വെള്ളിടി വെട്ടി... രോമാവൃതവും ബലിഷ്ഠമായ ശരീരം... രത്നങ്ങൾ പതിച്ച ആടയാഭരണങ്ങൾ... കാന്തശക്തിയുള്ള കണ്ണുകൾ വലിച്ചടുപ്പിക്കുന്നത് പോലെ... ചുണ്ടിലൊരു കുസൃതി ഒളിപ്പിച്ച പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അവന് കാണെ..... കാണെ  വല്ല്യായമ്മാവന്റെ മകൻ നരേന്ദ്രൻ ചായ തോന്നി അവൾക്ക്... 

 "ഡാ.....നരേന്ദ്രാ... നീയോ!!? "

തന്നേക്കാൾ രണ്ടു വയസ്സിനു മൂത്തത്  ആണെങ്കിലും അവൾ അവനെ പേരുചൊല്ലിയെ വിളിക്കാറുള്ളൂ. "വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്......."
" ഹ.....ഹ...ഹ...." അവൻ പൊട്ടിച്ചിരിച്ചു 
ഷർട്ട് ഇടാതെ...കസവുമുണ്ട് മാത്രമുടുത്ത്‌,  കഴുത്തിൽ ഒരു വലിയ രുദ്രാക്ഷമാലയും...സ്വർണ്ണ ചെയിനും  ഒക്കെ ഇട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്ന അവനെ ഇടിക്കാൻ ഗൗരി അടുത്തെത്തിയതും...അവൻ അവളെ വലിച്ചു നെഞ്ചോട് ചേർത്തതും ഒരുമിച്ചായിരുന്നു...

" ഗൗരിക്കുട്ടി...ഇനിയും സമയം കഴിഞ്ഞു പോയിട്ടില്ല... നീ ഒന്നു സമ്മതം മൂളിയാൽ മാത്രം മതി നിന്റെ ഈ കഴുത്തിൽ ഞാൻ താലി കെട്ടാം... എന്റെ മുറപെണ്ണല്ലേ നീ......." 
അവന്റെ കരവലയത്തിന് ഉള്ളിൽ നിന്നുകൊണ്ട് തന്നെയാണ് ഗൗരി മറുപടി കൊടുത്തത്. 
"നരേന്ദ്രൻ...നീ എന്റെ അമ്മയുടെ ആങ്ങളയുടെ മകനാണ്... രക്തബന്ധമുള്ളവര്  കെട്ടാൻ പാടില്ല എന്ന് വൈദ്യ ശാസ്ത്രത്തിൽ പറയുന്നുണ്ട്...എനിക്ക് അതിന് പറ്റില്ല!"

 "അവളും....അവളുടെ ഒരു എം ബി ബി എ സ്സും......" 

അവൻ ദേഷ്യപ്പെട്ടു 
"ഡോക്ടറാവാൻ പഠിക്കാൻ പോയതുകൊണ്ടല്ലേ നീ നിലപാട് മാറ്റിയത്.....?  ഇല്ലായിരുന്നെങ്കിൽ നീ എന്റെ പെണ്ണ് ആകേണ്ടവൾ ആയിരുന്നു..."
  
"നീയും റെപ്യുട്ടഡ് യാട്ടുള്ള ഒരു ഉദ്യോഗസ്ഥൻ അല്ലേ കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവില്ലേ...." നീരസം കലർന്നിരുന്നു അവളുടെ വാക്കുകളിൽ. 

"ഈ തറവാട്ടിൽ നിലനിൽക്കുന്ന ആചാരം തന്നെയാണ് മുറപ്പെണ്ണിനെ കെട്ടുക എന്നത്.... നീ പറഞ്ഞത് വെറും ഒരു ന്യായീകരണം മാത്രമാണ് ഞാൻ പറഞ്ഞാൽ നിഷേധിക്കാനാവുമോ നിനക്ക്???" ഇളയമ്മാവന്റെ മകൻ ഹരിയുമായുള്ള തന്റെ ഫ്രണ്ട്ഷിപ്പിനെ അവൻ മറ്റൊരു തലത്തിൽ കണ്ടുകൊണ്ട് ആണ് ഇത് പറയുന്നത് എന്ന് ഗൗരിക്ക് മനസ്സിലായി. നഷ്ടപെടലിന്റെ വേദന നിഴലിച്ചിരുന്നു അവന്റെ സംസാരത്തിൽ.   

"നരേന്ദ്രാ  നീ വെറുതെ എഴുതാപ്പുറം വായിക്കരുത്...എന്റെ മനസ്സിൽ ആരുമില്ല."

         "ഞാൻ സൂചിപ്പിച്ചു എന്ന് മാത്രം,  നീ വിസമ്മതിച്ചതിന്റെ  വാശിക്ക് അച്ഛൻ എത്ര പെട്ടെന്നാണ് എനിക്ക് പെണ്ണിനെ കണ്ടു പിടിച്ചത്....!
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല രണ്ടുദിവസം കഴിഞ്ഞാൽ എന്റെ കല്യാണം അല്ലേ നീ പറഞ്ഞതുപോലെ ഞാൻ മാറി തന്നിരിക്കുന്നു."

" ഹ..  ഹ.. അങ്ങനെ വഴിക്ക് വാ മോനേ...."
അവനും ആ ചിരിയിൽ പങ്കു ചേർന്നു. മെല്ലെ നടന്ന് തൊടിക്കപ്പുറമുള്ള  ചെമ്പക മരച്ചോട്ടിൽ എത്തിക്കഴിഞ്ഞിരുന്നു അപ്പോൾ അവർ.

" ഡാ.......ഈ ചെമ്പകമരചുവട്ടിലല്ലേ  ഗന്ധർവന്മാരെ  കാണുക...??? " അവൻ വീണ്ടും ചിരിച്ചു സാമാന്യം കളിയാക്കി തന്നെ.
"ആട്ടെ.......നരേന്ദ്രാ നീ എന്തിനാ  രാത്രി പുറത്തിറങ്ങി വന്നത്? "

"അതോ...നീ എന്നെ ഫോൺ ചെയ്ത് ചോദിച്ചില്ലേ ഈ ഗന്ധർവ്വന്മാർ സത്യമാണോന്ന്..?  അപ്പോഴെ എനിക്ക് കത്തി...ഇന്ന്  പാതിരാത്രി നീയ് സേർച്ച് ചെയ്യാൻ ഇറങ്ങും...ന്ന്  എന്നാൽ നിനക്കിട്ടു ഒരു പണി തരാനാണ് വെറുതെ ഇവിടെ വന്നു നിന്നത്."അതും പറഞ്ഞ് അവൻ വീണ്ടും പൊട്ടിച്ചിരിച്ചു.

" കൊറച്ചൂടെ അട്ടഹസിക്ക്..."അവനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് അവൾ തുടർന്നു..."മനുഷ്യനെ വെറുതെ പറ്റിച്ചു. " സത്യമല്ലെന്നു അറിയാമായിരുന്നിട്ടും ഗന്ധർവനെ കാണാൻ കിട്ടാത്തതിലുള്ള നിരാശ ആ വാക്കുകളിൽ  നിഴലിച്ചിരുന്നു. 

അപ്പോഴും നിലയ്ക്കാത്ത ചിരിക്കൊടുവില്   അവൻ പറഞ്ഞു "അപ്പോൾ...നീ ഒരു ഗന്ധർവനെ പ്രതീക്ഷിക്കുന്നുണ്ട്...അല്ലേ...?  ഇവിടെ ഒരു ഗന്ധർവൻ മുഴുവനായിട്ട് നിൽക്കുന്നത് നിന്റെ കാഴ്ചയിൽ പിടിക്കുന്നില്ലേ.....??? "

 പുറത്ത് ഊക്കനൊരു ഇടിയായിരുന്നു അവന് അവൾ കൊടുത്ത മറുപടി.
"മതി...   മതി ഗൗരിക്കുട്ടി...ഇടി കൊള്ളാൻ വയ്യ... നീ അകത്തു പോയി കിടന്നുറങ്ങാൻ നോക്ക്... ഗന്ധർവ്വന്മാര്... വെറുതെ മനുഷ്യനെ പറ്റിക്കാൻ ആയിട്ട് ഓരോരോ  മുത്തശ്ശികഥകൾ മാത്രം....എനിക്ക് ഉറക്കം വരുന്നു ഞാൻ പോകുന്നു."

" ഞാൻ പൊയ്ക്കോളാം നീ ചെല്ല് നരേന്ദ്രാ..... "

"ദേ...പാതിരാത്രി കറങ്ങി നടക്കാതെ വേഗം പൊയ്ക്കോ...വല്ല ഇഴജന്തുക്കളും വരും." അതും പറഞ്ഞു, അവൻ നടന്നകന്നു.
 
           കുറച്ചുനേരം ആകാശം നോക്കി  അവൾ ചെമ്പക മരച്ചുവട്ടിൽ ഇരുന്നു... പിന്നെ ആ പുൽത്തകിടിയിലേക്ക് കിടന്നു... എന്തൊരു സുഖം...പാതിരാത്രി ആകാശം നോക്കി...പ്രകൃതി ഭംഗി കണ്ടു കിടക്കാൻ...കൂട്ടിന് നിശാഗന്ധിയുടെയും,  ഇലഞ്ഞിയുടെയും,  ചെമ്പക പൂവിന്റെയും....  പിന്നെ ഏതൊക്കെയോ പേരറിയാത്ത പൂക്കളുടെ ഗന്ധവും പേറി  നല്ല തണുത്ത കാറ്റും..... നിദ്രാദേവി അവളെ തഴുകി ഉറക്കി.
ഉണർന്നത് വലിയൊരു അലർച്ച കേട്ടാണ്.

"അയ്യോ....ചതിച്ചല്ലോ.....ന്റെ  ദേവി...!!!"
 
അമ്മയുടെ നിലവിളിയാണ്... കോറസ്സായി അമ്മായിമാരും മുത്തശ്ശിയും കൂടി.
നേരം നന്നായി വെളുത്തിരിക്കുന്നു. അവൾക്കു ചുറ്റിലുമായി ആളുകളുടെ ഒരു വൃത്തം രൂപപ്പെട്ടപ്പോൾ ആണ് ഗൗരിക്കുട്ടിക്ക്  സ്ഥലകാലബോധം വന്നത്..... ചെമ്പക മരച്ചുവട്ടിലാണ്  താൻ കിടക്കുന്നത്....'കന്യക ചെമ്പക മരച്ചുവട്ടിൽ...ഗന്ധർവ്വൻ പ്രാപിച്ച പെണ്ണ്...!!!
പോരേ പൂരം.......വെടിക്കെട്ടിന് തീ കൊളുത്തി.......! 
ഒറ്റ രാത്രിയുടെ വ്യത്യാസത്തിൽ തന്നെ ഒരു അന്യഗ്രഹ ജീവിയെ പോലെ എല്ലാവരും തുറിച്ചു നോക്കുന്നത് കണ്ട് അത്ഭുതപ്പെടുകയായിരുന്നു ഗൗരി... അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറായില്ല അവളിലെ വൈദ്യശാസ്ത്ര വിദ്യാർത്ഥിനി...! "ഞാനൊരു കന്യകയാണെന്ന് ടെസ്റ്റ് നടത്തിയാൽ തീരുന്ന പ്രശ്നമല്ലേ  ഉള്ളൂ..."

 കാരണവന്മാരുടെ ശബ്ദത്തിന്റെ കാഠിന്യത്തില് ആ  നേർത്ത ശബ്ദം ആരും ഗൗനിച്ചില്ല...കണ്ണാലെ കണ്ടതല്ലേ ഗൗരി ചെമ്പക മരച്ചുവട്ടിൽ  കിടക്കുന്നത്. അവർക്ക് അത് മാത്രം മതി...'തെളിവ് '...അതാണല്ലോ പ്രധാനം... ഏത് ശിക്ഷാവിധിക്കും !!!അതിന്റെ ഉൾവശങ്ങൾ ഒന്നും ആരും  അറിയാൻ ശ്രമിച്ചില്ല...അല്ലെങ്കിൽ ആ അറിവ് അടിച്ചമർത്തപ്പെടുകയായിരുന്നു. അകത്തളത്തിലെ  ഒരു കുടുസ്സു മുറിയിൽ അവൾ വീട്ടുതടങ്കലിലായി... 

(രാത്രി മുറ്റത്തിറങ്ങിയ വല്ല്യാമ്മാവൻ കണ്ടത് ഗൗരിക്കുട്ടിയുടെ അടുത്ത് ഒരു പുരുഷൻ നിൽക്കുന്നതായി ആണെന്ന് സുഭദ്രചിറ്റ അവളുടെ ചെവിയിൽ അടക്കം പറഞ്ഞിരുന്നു.)

'രാത്രി... ഇത്രയും ദൂരെ നിന്നു തന്നെ തിരിച്ചറിഞ്ഞ ആൾക്ക് സ്വന്തം മകനെ തിരിച്ചറിയാതിരിക്കാൻ ആവുമോ...? ' ഗൗരിയുടെ ചിന്തകൾ.....ഒന്നിനോടൊന്നു കൂട്ടിച്ചേർക്കാനാവാതെ.....അലഞ്ഞു.

'നരേന്ദ്രന്റെ  കല്യാണം മുടങ്ങി...
പെണ്ണ് അയൽക്കാരനായ അന്യമതക്കാരനുമായി ഒളിച്ചോടി പോയതിനും... നേരെചൊവ്വേ നോക്കി നടക്കാതെ കാല് തെറ്റി വീണു സുഭദ്രചിറ്റയുടെ  കൈയൊടിഞ്ഞതിനും...  തൊഴുത്തിലെ  പൂവാലി പശു പാമ്പുകടിയേറ്റ് പിടഞ്ഞുവീണു ചത്തതിനും ഒക്കെ അവർ പുതിയ മാനം കണ്ടെത്തി...!!!

തറവാട്ടിലെ  അനിഷ്ട സംഭവങ്ങൾക്കു കാരണം ഗൗരിയുടെ ഇപ്പോഴത്തെ അവസ്ഥയാണെന്ന്  എല്ലാവരും വിധിയെഴുതി.!
എന്താണ് തന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന് ഗൗരിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല...ഒരു രാത്രി പുറത്ത് കിടന്നുറങ്ങിയാൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ??? 

    പ്രശ്നം വെച്ച്...കളം വരച്ച്...കവടി നിരത്തി...നമ്പൂതിരിപ്പാട് പറഞ്ഞു "ഗന്ധർവ്വ സ്പർശമേറ്റ പെൺകുട്ടി തറവാടിന് ശാപമാണ്...."

" കൊന്നുകളയുക!!!"

 തറവാടിന്റെ  അനന്തരാവകാശിയെ കൊന്നുകളയാനോ  പടിയടച്ച് പിണ്ഡം വയ്ക്കാനോ കാരണവന്മാർക്ക് കഴിയില്ല... അതുകൊണ്ട് അവർ വീണ്ടും, പ്രശ്നപരിഹാരം തേടി... അങ്ങനെ ഗ്രഹനിലകളുടെ കൂട്ടിക്കിഴിച്ചിലുകളിൽ അവൾക്ക് വിധിച്ചു...

"അജ്ഞാതവാസം 7 വർഷത്തേക്ക് തറവാട്ടിൽ കാലുകുത്താൻ പാടില്ല... തറവാടുമായി യാതൊരു ബന്ധവുമില്ലാതെ കടലിനക്കരെ യിലേക്ക് നാടുകടത്തുക... ഏഴു വർഷവും ഏഴു ദിവസവും ഏഴ് നാഴികയും പിന്നിടുന്ന ദിവസം തറവാട്ടിൽ പ്രവേശിക്കാം."

    'ഇതിലും ഭേദം ഒറ്റയടിക്ക് കൊല്ലുക' തന്നെയാണെന്ന് ഗൗരി തറപ്പിച്ചുപറഞ്ഞുവെങ്കിലും അവളുടെ ശബ്ദത്തിന് ആരും വില കൽപ്പിച്ചില്ല. അങ്ങനെയാണ് അവൾ ചുവന്ന ആകാശത്തിൻ കീഴില്  വീശിയടിക്കുന്ന മണക്കാറ്റിന്  നടുവിലുള്ള ഈ മരുഭൂമിയിൽ എത്തപ്പെട്ടത്....
മിഡിലീസ്റ്റിൽ ഉള്ള  അമേരിക്കൻ യൂണിവേഴ്സിറ്റി(AUM)യിൽ  തുടർപഠനത്തിന് ചേർന്നപ്പോൾ ഒരു തരം പകയായിരുന്നു അവളുടെ മനസ്സിൽ...  എല്ലാവരോടുമുള്ള വെറുപ്പ് അവളെ,  അവളല്ലാതെയാക്കി മാറ്റി!

ഒറ്റപ്പെടലിന്റെ വേദന...
ഒരു സുപ്രഭാതത്തിൽ എല്ലാവരെയും പിരിഞ്ഞു തനിച്ചാവുക...
ഭ്രാന്തന്റെ നൂലിഴകൾ തലച്ചോറിൽ കെട്ടുപിണഞ്ഞ ഉറക്കമില്ലാത്ത.... രാവുകളിൽ ആണ് അവൾ അക്ഷരങ്ങളെ പ്രണയിച്ചത്.
.....വായന......
എല്ലാം മറക്കാനുള്ള ഒരു ദിവ്യഔഷധം  ആയി അവൾക്ക്...
നാടുമായുള്ള ആകെ ബന്ധം പഠനത്തിനാവശ്യമായ പണം അക്കൗണ്ടിൽ നിന്നും പിൻവലിക്കുക എന്നത് മാത്രമാണ്... പഠനാനന്തരം ഒരു ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന സമയം ആ ബന്ധവും അവൾ അറത്തു  മുറിച്ചു കളഞ്ഞു.

വളരെ യാദൃശ്ചികമായി ഒരു വായനയിലാണ് അവൾ ആ ബ്ലോഗ് കണ്ടത്...

"നരേന്ദ്രന്റെ  കവിതകൾ "

ഗൂഗിളിൽ സെർച്ച് നടത്തിയപ്പോൾ അവൾക്ക് തിരിച്ചറിയാനായി അത്  വലിയ അമ്മാവന്റെ മകൻ നരേന്ദ്രൻ  തന്നെയാണെന്ന്...

പിന്നീടുള്ള രാവുകളിൽ ആ  അക്ഷരങ്ങൾ ആയിരുന്നു അവളുടെ കൂട്ട്...തന്റെ ലാപ്ടോപ്  സ്ക്രീന്  അപ്പുറം ഇരുന്നുകൊണ്ട് ആ  അക്ഷരങ്ങളുടെ... ഹൃദയതാളം... നിശ്വാസം...ഒക്കെ അവൾ ഏറ്റുവാങ്ങി. 

കാലദേശത്തിനധീനനായ  ഗഗനചാരിയുടെ മാന്ത്രിക ലോകം വീണ്ടും അവൾക്കു മുമ്പിൽ തുറന്നു... 

"മരുഭൂമിയിലെ ഗന്ധർവൻ "എന്ന്

അവൾ പേരിട്ടു വിളിച്ച ആ കവിതകളായിരുന്നു അവളുടെ ജീവൻ നിലനിർത്തിയിരുന്നത്...

ഉറക്കം വരാത്ത രാത്രികളില്  കവിതകൾ വായിച്ചു കിടക്കുന്ന അവളുടെ മുമ്പിൽ ആ പൗർണമിലെ  അത്ഭുത നിമിഷങ്ങൾ വീണ്ടും അരങ്ങേറി.... 
കവിതയിൽ അക്ഷരങ്ങളായി ഉറങ്ങുന്ന അവൻ...രാത്രിയിലെ  നിഗൂഢയാമങ്ങളിൽ സംഗീതമഴ പൊഴിച്ചുകൊണ്ട് ലാപ്ടോപ്പിൽ  നിന്നും അക്ഷരങ്ങളായി ഇറങ്ങി..... ജ്വലിക്കുന്ന പ്രകാശകണങ്ങൾക്കൊപ്പം  കറങ്ങിക്കറങ്ങി........ അവസാനം....
അവൾ ഒന്ന് നിനച്ചാൽ അവൻ ഏതു രൂപത്തിലും അവൾക്കു മുൻപിൽ
 വേഷപ്പകർച്ച നടത്തുമായിരുന്നു!!!

 മഴയായി... മഞ്ഞായി...പൂവായ്...... പാവയായി ഒക്കെ അവളെ അത്ഭുതപ്പെടുത്തുമായിരുന്നുഅവൻ...... ഒടുക്കം പുലർച്ചെ അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി അക്ഷരങ്ങളായി വിഘടിച്ച് വീണ്ടും ഒരു കവിതയായി ആ  സ്ക്രീനിനുള്ളില് അവൻ  ഉറങ്ങുമ്പോൾ ഗാഢനിദ്രയിൽ ആയിരിക്കും അവളും...... 
അതിരാവിലെ അലാറത്തിന്റെ  ശബ്ദം കേട്ടു ഉണരുന്ന അവൾക്ക് ഓർമ്മയുള്ളത് ഒരു കവിത വായിച്ചു ഉറങ്ങിപ്പോയത് മാത്രമാകും!

 ഏഴു വർഷങ്ങൾക്കു ശേഷം

               ഇത്രയും കാലത്തെ അജ്ഞാത വാസത്തിനു ശേഷം ഗൗരിയൊരു ഡോക്ടറായി തറവാട്ടിനു  മുമ്പിലെത്തി.   
അന്ന് പടിയിറങ്ങി പോയപ്പോൾ താൻ പൊഴിച്ച കണ്ണീരു വീണ,   തറവാട്ടിൽ പുഞ്ചിരിയോടെ ഗൗരി വലതുകാൽ വച്ച് കയറി... തലയുയർത്തിപ്പിടിച്ച് തന്നെ!
ഒരു തെറ്റും ചെയ്യാത്ത തന്നെ ശിക്ഷിച്ചതിൽ ഉള്ള പ്രതികാരവും വാശിയും നെഞ്ചിൽ കിടന്നു പുളയുന്നു.... 
ഗൗരി എത്തിയത് അറിഞ്ഞു നടുമുറ്റത്ത് വന്നവരിൽ മുത്തശ്ശിയും,  വലിയ അമ്മാവനും,  നരേന്ദ്രനും ഇല്ലായിരുന്നു...
 പുതിയ ചില കൂടിച്ചേരലുകൾ... അപരിചിതമായ ചില മുഖങ്ങൾ... 

മഴവില്ലിന്റെ ചാരുതയിൽ വരച്ചുചേർത്ത ഒരു കളർ ഫോട്ടോ ആണ് പ്രതീക്ഷിച്ചത്.....
പക്ഷേ ഇത് കറുപ്പും വെളുപ്പും ചാര നിറവും മാത്രം ഉപയോഗിച്ചു വരച്ച ഒരു ചിത്രം മാത്രമാണ്......കാലം എന്ന  ചിത്രകാരന് ഇത്ര കളർ സെൻസ് ഇല്ലേ !!?.... .

 മനസ്സിൽ പൊന്തിവന്ന വൈരാഗ്യം കെട്ടടങ്ങിയത് പോലെ... ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടത്...തൊടിയും മുറ്റമൊക്കെ കാടുകയറി അന്യം നിന്നു പോയ പോലെ പ്രസരിപ്പ് നഷ്ടപ്പെട്ട കുറെ മനുഷ്യ കോലങ്ങളും,  തറവാടും....
ഒരു തരം ശ്മശാന മൂകത തളം കെട്ടി നിൽക്കുന്നു...
മനസ്സിലെ  പ്രതികാരവും വാശിയും ഒക്കെ  ഉരുകിയൊലിച്ചു പോയി...... അവിടെ ഒരു നൊമ്പരം കിനിഞ്ഞിറങ്ങി... 

സംസാരിക്കാനാവാതെ  നിൽക്കുന്ന എല്ലാ മുഖങ്ങളിലും കുറ്റബോധം നിഴലിക്കുന്നു...

"ഞാൻ രാഹുൽ...ഭദ്രചിറ്റയുടെ യുടെ മകൻ" എന്ന് പറഞ്ഞ കൂട്ടത്തിൽ പ്രസരിപ്പ് ഉണ്ടെന്ന്   തോന്നിക്കുന്ന ചെറുപ്പക്കാരൻ ഗൗരിയുടെ  കയ്യിൽ പിടിച്ചു.
"ചേച്ചി വാ.... ഒരുപാട് പറയാനുണ്ട്...

     അകത്തളത്തിലെ  താഴിട്ടു പൂട്ടിയ ഒരു മുറിയിലേക്ക് ആണ് അവൻ അവളെ കൊണ്ടു പോയത്.
ജനാലവഴി നോക്കിയപ്പോൾ അകത്ത് ഒരു കൽപ്രതിമ കണക്കെ നരേന്ദ്രൻ ഇരിക്കുന്നു...താടി വെച്ചിട്ടുണ്ട്...ആ കണ്ണുകളിൽ പ്രകാശം ഇല്ലായിരുന്നു നിശ്ചലമായ മിഴികളോടെ ഇരിക്കുന്ന അവനെ സാകൂതം വീക്ഷിച്ചപ്പോളാണ്   കണ്ടത്...നീണ്ടുനിവർന്ന് കിടക്കുന്ന ഒരു ചങ്ങലയാൽ ബന്ധിതമാണ് കാലുകൾ!!!

'നെഞ്ചുപൊട്ടി പോകുന്നത് പോലെ തോന്നി അവൾക്ക് '

"അതേ...ചേച്ചി...ഞാനാണ് നരേന്ദ്രന്റെ  കവിതകൾ എന്ന ബ്ലോഗ് എഴുതുന്നത്. അന്ന് ചേച്ചിയെ തറവാട്ടിൽ നിന്നും പുറത്താക്കാൻ വല്യമ്മാവൻ കളിച്ച നാടകം.....തറവാട്ട് സ്വത്ത് സ്വന്തമാക്കാൻ, ആണെന്ന് തിരിച്ചറിഞ്ഞ നരേന്ദ്രൻ... താൻ കാരണമാണ് ഗൗരിക്കുട്ടിക്ക് ഈ ഗതി വന്നത് എന്ന് പറഞ്ഞ് ഒരുപാട് സങ്കടപ്പെട്ടു..... താമസിയാതെ  വിഷാദരോഗത്തിന് അടിമയായി... പിന്നെ പിന്നെ വിഷാദം വഴിമാറി ഉന്മാദ അവസ്ഥയായി..."
അവൻ തുടർന്നു.... 
"ഒരുപാട് ചികിത്സിച്ചു...രക്ഷപ്പെടാൻ സാധ്യതയില്ല... വിഷാദരോഗവും ഉന്മാദ അവസ്ഥയും മാറിമാറി ഒരു ബോധമണ്ഡലത്തെ കീഴടക്കുമ്പോൾ ചിലപ്പോൾ സ്വയം മരിക്കാം  അല്ലെങ്കിൽ മറ്റൊരാളെ കൊല്ലാം  അതാണ് ചങ്ങലക്കിട്ടിരിക്കുന്നത്....
ഉറക്കം വരാത്ത രാവുകളിൽ നിർത്താതെ കവിതചൊല്ലും  അതെല്ലാം റെക്കോർഡ് ചെയ്ത് ഞാൻ എഴുതി ബ്ലോഗില് ചേർക്കാറുണ്ട്....
ചിലപ്പോൾ ദിവസങ്ങളോളം കുത്തി പിടിച്ചിരുന്നു എഴുതും.....
ചില ദിവസങ്ങൾ തുടർച്ചയായി കിടന്നുറങ്ങും...
വല്ലാത്ത ഒരു അവസ്ഥയാണിത്... വല്യമ്മാവൻ ഇതെല്ലാം കണ്ടാണ് ആത്മഹത്യചെയ്തത്... മുത്തശ്ശി സങ്കടം സഹിക്കവയ്യാതെ കണ്ണുകളടച്ചു... ബാക്കിയുള്ളവർ ചേച്ചിയുടെ വരവിനായി  കാത്തിരിക്കുകയായിരുന്നു...
തറവാട് ഭാഗം വച്ച് പിരിയാൻ... വിൽപത്രത്തിൽ ഒപ്പ് വയ്ക്കേണ്ടത്  ഗൗരി ചേച്ചിയാണ്."

അവൾ അവന്റെ വാക്കുകൾ ശ്രദ്ധിക്കാതെ   നരേന്ദ്രനെ നോക്കി നിൽക്കുകയായിരുന്നു...

"നീ ഈ മുറിയുടെ  താക്കോൽ  ഇങ്ങു തന്നെ " 

 "വേണ്ട...ചേച്ചി അകത്തു കയറണ്ട... ചില നേരങ്ങളിൽ ആളു വല്ലാതെ വയലന്റാണ്.... അപകടമാണ്... മുറി ക്ലീൻ ചെയ്യാനും ഭക്ഷണം കൊടുക്കാനും ഞാൻ മാത്രമാണ് അകത്തു കയറുന്നത്...അല്ലാതെ ആരെയും അടുപ്പിക്കില്ല.... "

 "അത് സാരമില്ല.... ഇതെന്റെ നരേന്ദ്രൻ അല്ലേ..."

അവൾ വാതിൽ തുറന്ന് അകത്തുകടന്നു.... അകത്തുനിന്നും ലോക്കും  ചെയ്തു.
കട്ടിലിൽ...കാലു നീട്ടി, ഭിത്തിയിൽ ചാരി ചലനമില്ലാത്ത കണ്ണുകളാൽ ഇരിക്കുന്ന അവന്റെ  തൊട്ടടുത്ത് ഒരു നിശ്വാസത്തിൻ അപ്പുറം ഇരുന്നു അവൾ. 

മരുഭൂമിയിലെ തന്റെ രാവുകൾക്ക് നിറം പകർന്നവൻ...അക്ഷരങ്ങളായി തന്നെ വാരിപ്പുണർന്നവൻ..  കഴിഞ്ഞ രാവ് വരയും തന്റെ അടുത്തു വന്നവൻ...
യാതൊരു ഭാവഭേദവും ഇല്ലാതെ വികാരങ്ങളില്ലാത്ത ഇരിക്കുന്ന അവന്റെ  കൈകളിൽ സ്പർശിച്ചു കൊണ്ട് ഗൗരി വിളിച്ചു...
           " നരേന്ദ്രാ..."
ആ ഒരു സ്പർശനം മതിയായിരുന്നു... ആ ഒറ്റ വിളി മതിയായിരുന്നു... അവനെ ഭൂതകാലത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരുവാൻ.... 

"ഗൗരിക്കുട്ടി...നീ വന്നുവോ...?"

അവൻ അവളെ ഗാഢമായ് പുണർന്നു...
"നീ കണ്ടോ... തറവാട്ടിലെ ഇപ്പോഴത്തെ അവസ്ഥ!!!
ശാപമോക്ഷം വേണം തറവാടിന്... അതിന് അന്ന് വിധിച്ച വിധി നടപ്പാക്കേണ്ടതായിട്ടുണ്ട്.....

വെറുതെ കേട്ടിരുന്നതേയുള്ളൂ  ഗൗരി... അവൻ ഗൗരി കുട്ടിയുടെ മുഖം കൈവെള്ളയിലെടുത്ത് പുഞ്ചിരിച്ചു.... പിന്നെ ഉറക്കെ.....ഉറക്കെച്ചിരിച്ചു.... നീണ്ടുനിവർന്നു കിടന്നു ചങ്ങല വലിച്ചെടുത്തു  നിമിഷാർദ്ധങ്ങൾ കൊണ്ട് അവളുടെ കഴുത്തിൽ വലിഞ്ഞുമുറുക്കി................

 ജനാലവഴി ഇതെല്ലാം കണ്ടു നിന്നവരുടെ  നിലവിളിയിൽ......
അവളുടെ പ്രാണൻ പിടയുന്ന  കുറുകൽ  അലിഞ്ഞുചേർന്നു!

" ശാപമോക്ഷം കൊടുത്തു ഞാൻ തറവാടിന്...ഇനി ഈ തറവാട് നശിക്കില്ല..."

കണ്ണീര് പൊടിഞ്ഞ കണ്ണുകളാൽ അവളെ അമർത്തി ചുംബിച്ചപ്പോൾ അവൻ വന്യമായി നിലവിളിച്ചു...
അതുവരെ പിടിച്ചുവച്ച വികാരങ്ങളൊക്കെ താങ്ങാനാവാതെ ആ ഹൃദയം പൊട്ടിച്ചിതറി....
കടവായിലൂടെ  ഒലിച്ചിറങ്ങുന്ന രക്തത്തുള്ളികളാലെ  അവളുടെ ചുണ്ടിൽ രക്തമുദ്ര ചാർത്തി...അവൻ മെല്ലെ മിഴികൾ പൂട്ടി !

 അപ്പോൾ മാനത്ത്‌ പൗർണമി നിലാവ് തെളിഞ്ഞിരുന്നു....
 ഭൂമി വിട്ടകന്ന രണ്ട് ആത്മാക്കളെയും വഹിച്ചുകൊണ്ട് ഒരു വെൺമേഘ തുണ്ട് ഗന്ധർവ്വലോകം 
ലക്ഷ്യമാക്കി യാത്ര തിരിച്ചിരുന്നു... 

ഇതുവരെയും ആരും കാണാത്ത ഗന്ധർവ്വലോകത്തേക്ക്...!!!

Written by Suni Pazhooparampil Mathai

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot