Slider

തെന്നൽ (കഥയെഴുത്ത്‌ -മത്സരം) - Entry 19

കഴിഞ്ഞ വർഷം ഇതേ സമയം എനിയ്ക്കു തോന്നിയിരുന്നു  ഞാൻ ആഞ്ഞിലി കുന്നേലെ ശോശാമ്മച്ചി പോലെയാണെന്ന്. കഞ്ഞിപ്പശമുക്കി ഇസ്തിരിയിട്ട തൂവെള്ള മുണ്ട് ഞൊറി വച്ചുടുത്ത് ചട്ടയും മാലയുംമേക്കാ മോതിരവുമൊക്കെ അണിഞ്ഞ് മാളിക വീടിൻ്റെ മുറ്റത്തു കൂടി അമ്മച്ചിനടക്കുന്നത് കാണുമ്പോൾ പാറി നടക്കുന്ന വിശറി വാലുള്ള വെള്ള പ്രാവിനെയാണോർമ്മ വരിക.  സ്വർണ്ണവർണ്ണമുള്ള ആറ്റുമണൽ വിരിച്ച മുറ്റത്തിനെ അതിരിടുന്ന പാതി ഇഷ്ടികയും അതിനു മേൽ ക്രാസിയും വച്ചുപണി തീർന്ന മതിലിനിടയിലൂടെ നിത്യവും പല തരത്തിലുള്ള പൂക്കൾ തല നീട്ടും. മുറ്റത്ത് പല ഉയരത്തിൽ പല നിറത്തിൽ കുന്നുകൾ തീർക്കുന്ന നാളികേരവും അടക്കയും പച്ചക്കറികളും. താഴെ നിവർത്തിയ പനമ്പിൽ വെയിൽ കൊള്ളുന്ന കൊപ്ര . അതിനിടയിൽ ജോലിക്കാർക്ക് നിർദ്ദേശം കൊടുക്കുന്ന  ശോശാമ്മച്ചി .

അപ്പച്ചൻ്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വാടക വീടു തേടി നടന്നപ്പോഴാണ് ആഞ്ഞിലിക്കുന്നേൽക്കാരുടെ വാടകവീടിനെപ്പറ്റിയറിഞ്ഞത്.സാധാരണ ഡോക്ടർമാർക്കു മാത്രം വാടകയ്ക്കു കൊടുത്തിരുന്ന വീട് വില്ലേജ് ഓഫീസറായതിനാലാകും അപ്പച്ചനു വാടകയ്ക്ക്  കൊടുത്തത്.നാട് ഇഷ്ടപ്പെട്ട് രണ്ടു മൂന്നു വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഈ നാട്ടിൽ തന്നെ വീടുവച്ചു സ്ഥിരതാമസമാക്കി.ഞാനന്ന് പത്താം ക്ലാസിൽ. സ്കൂളിലേയ്ക്കുള്ള യാത്രക്കിടയിൽ ആഞ്ഞിലിക്കുന്നേൽ വീടിനടുത്തെത്തുമ്പോൾ ഞാൻ നടപ്പു പതിയെയാക്കും, പൂക്കളെ നോക്കി നോക്കി, നോക്കി. ഒരു ദിവസം മതിലിനിടയിലൂടെ തല നീട്ടിയ റോസാപ്പൂവിനെ തൊട്ടുതലോടി നിന്നതു കണ്ടിട്ട് ശോശാമ്മച്ചി അടുത്തു വിളിച്ച് ഇരു വശത്തും മെടഞ്ഞിട്ട തലമുടിയിൽ തിരുകി തന്ന പൂവ് നഷ്ടപ്പെടാതിരിക്കാൻ ഒത്തിരിക്കാലം ഞാനതെൻ്റെ പുസ്തകത്താളിനിടയിൽ വച്ച് ഉണക്കി സൂക്ഷിച്ചിരുന്നു .

പ്രീഡിഗ്രിയ്ക്ക് കോളേജ് ഫസ്റ്റായതിനും കഥ എഴുതിയതിനും കോളേജിൽ നിന്ന് സമ്മാനം കിട്ടിയതറിഞ്ഞ് ശോശാമ്മച്ചി എന്നെ വിളിപ്പിച്ച് ഒരു സമ്മാനം തന്നു, വെള്ളി നിറത്തിൽ ക്യാപ്പുള്ള ഒരു വിലപിടിച്ച പേന .അമ്മച്ചി ഇതെല്ലാം എങ്ങനെയറിഞ്ഞു എന്നു് അത്ഭുതം കൂറിയ എന്നോട് കൊച്ചുമകനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു - "സണ്ണിച്ചൻ നിൻ്റെ കോളേജിലല്ലേ.രണ്ടു വർഷം സീനിയറാണെങ്കിലും  അവന് നിൻ്റെ കാര്യം പറയുമ്പോൾ നൂറു നാവാ... "

എം.എ.പരീക്ഷയെഴുതി നിൽക്കുമ്പോഴാണ് എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് സണ്ണിച്ചൻ്റെ വിവാഹാലോചന വന്നത്. സ്വകാര്യ ബാങ്കടക്കം സാമ്പത്തികമായി ഉന്നതരായ ആഞ്ഞിലി കുന്നുകാരുമായി ബന്ധത്തിന് അപ്പച്ചന് വിമുഖതയുണ്ടായിട്ടും കൊച്ചു മോനു വേണ്ടി കല്യാണ ആലോചനയുമായി വന്ന ശോശാമ്മച്ചിയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധത്തിന് വഴങ്ങി, വിവാഹം നടന്നു. അങ്ങനെ ഞാൻ ആഞ്ഞിലിക്കുന്നിലെ വധുവായി, ഒരു ഉദ്യോഗസ്ഥയാകണം, എഴുത്തുകാരിയാകണം എന്നിങ്ങനെയുള്ള ആഗ്രഹങ്ങളെ മാറ്റിവച്ചു കൊണ്ട്.

ഒരു വർഷത്തിനു ശേഷം ശോശാമ്മച്ചി കിടപ്പിലായപ്പോൾ വീട്ടു ഭരണം മമ്മിയുടെ ചുമലിലായി,  ശോശാമ്മച്ചിയുടെ അത്ര മിടുക്കിയൊന്നുമല്ലെന്നാലും.   സുന്ദരിയാണ് മമ്മി .പിശുക്കനാണെങ്കിലും പപ്പ വാങ്ങിക്കൊടുക്കുന്ന തരാതരത്തിലുള്ള പട്ടുസാരിയണിഞ്ഞ്  നീല ജീപ്പിൽ പപ്പയുടെ ഇടതുവശത്തിരുന്ന് യാത്ര ചെയ്യുന്ന മമ്മി വാസ്തവത്തിൽ നാട്ടിലെ സ്ത്രീകളുടെ സ്വപ്നമെന്ന് വിശേഷിപ്പിയ്ക്കാവുന്ന ഇരിപ്പിടത്തിലാണിരുന്നത്. ഉദ്യോഗസ്ഥ യാകണമെന്നഎൻ്റെ ആഗ്രഹം പലവുരു പറഞ്ഞെങ്കിലും അതെല്ലാം വീണത് അറു പിശുക്കനെങ്കിലും കുടുംബ മഹിമ ഉയർത്തിപ്പിടിക്കുന്ന പപ്പയുടെ ബധിരകർണ്ണങ്ങളിൽ.അങ്ങനെ ഞാൻ വെറും വീട്ടുകാരിയായി.ആറു വർഷങ്ങൾക്കു ശേഷം മമ്മി ഹാർട്ട് അറ്റാക്കിലൂടെ യാത്രയായപ്പോൾ ഞാ നായി വീട്ടമ്മ. കാലം കഴിയുന്തോറും സണ്ണിച്ചനും ഏറെ മാറി .... കുന്നിൻ മുകളിലുള്ള മാളിക വീട്ടിലേയ്ക്ക് ഉള്ള യാത്രയിൽ താഴെ റോഡിൽ വച്ച് എൻജിൻ ഓഫ് ചെയ്ത മോപ്പഡുമായി ബദ്ധപ്പെട്ട് കുന്നുകയറി  വരുന്ന ശോശാമ്മച്ചിയുടെ കെട്ടിയോൻ വർക്കിഅപ്പച്ചനേക്കാൾ, പിന്നെ പപ്പയെക്കാൾ ഏറെയേറെ പിശുക്കനായി.

കഥയെഴുതാൻ പേന കയ്യിലെടുക്കാൻ കൊതിച്ചിരുന്ന എൻ്റെ ആഗ്രഹങ്ങളുടെ നാമ്പ് അറുത്തു കൊണ്ട് നാളികേരത്തിൻ്റെയും മറ്റു കാർഷിക വിളകളുടെയും കണക്ക് തെറ്റാതെയെഴുതാൻ കണക്കു പുസ്തകം കയ്യിൽ വച്ചു തന്നു സണ്ണി. ...
"കഥയെഴുതാൻ പുസ്തകം വാങ്ങി കാശു കളയുന്നതിനു പകരം നാലു കാശുണ്ടാക്കുന്നതിൻ്റെ കണക്കെഴുതാൻ നോക്ക് "

വീട്ടിലേയ്ക്കുള്ള സാധനങ്ങൾ എല്ലാം കൃത്യമായി സണ്ണി വീട്ടിലെത്തിച്ചു തരും, പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്തുണ്ടാക്കും. വലിയ സമ്പന്ന കുടം ബമാണെന്നാലും സ്വന്തമായി ഒരു ജോലിയും സമ്പാദ്യവുമൊന്നുമില്ലാതെ ഞാനങ്ങനെ വിഷമിച്ചു ജീവിച്ചു., എൻ്റെ ഇഷ്ടമനുസരിച്ച് ഒരു പൊട്ടു പോലും സ്വതന്ത്രമായി വാങ്ങാനാകാതെ. അപ്പോഴാണ് വീട്ടിൽ ജോലിക്കു വന്നിരുന്ന ചേടത്തി പറഞ്ഞതിൻ്റെ പൊരുൾ പിടി കിട്ടിയത്.സ്വന്തം വീട്ടിലെ നാളികേരവും അരിയും വെളിച്ചെണ്ണയുമെല്ലാം ചേടത്തി വഴി വാടക വീട്ടുകാർക്ക് കരിച്ചന്ത പോലെ കടത്തി അത്യാവശ്യം പൈസ സ്വന്തമായുണ്ടാക്കുന്ന വീട്ടമ്മമാരായിരുന്നു ശോശാമ്മച്ചിയും മമ്മിയും എല്ലാമെന്ന്. എൻ്റെ വീട്ടിൽ അമ്മച്ചി എന്നും അഭിമാനപൂർവ്വം പറയാറുണ്ടായിരുന്നു, "നിങ്ങടെ അപ്പച്ചൻ ധാരാളം രൂപ ഇവിടെ കൊണ്ടു വയ്ക്കാറുണ്ട്. അതിൽ ഒരു രൂപ പോലും ഇതുവരെ ഞാൻ സ്വന്തമാക്കിയിട്ടില്ല". അമ്മച്ചിയുടെ വാക്കുകളെ പിൻതുടരുന്ന ഞാനങ്ങനെ സമ്പത്തിൻ്റെ നടുവിൽ ദരിദ്രയായി ജീവിച്ചു..... സ്വന്തം അപ്പച്ചനിൽ നിന്നെല്ലാം മറച്ചു വച്ച്.പാവം അപ്പച്ചൻ കരുതിക്കോട്ടെ മകൾ സ്വർഗ്ഗത്തിലാണ് വാസമെന്ന്. എന്നു വച്ച് എനിയ്ക്ക് ആവശ്യത്തിലേറെ ആഭരണങ്ങൾ വാങ്ങിത്തരാൻ സണ്ണിച്ച ന് ഇഷ്ടമായിരുന്നു. തുണിത്തരങ്ങൾ വാങ്ങി കളയുന്ന രൂപയ്ക്ക് ഒരു ഗ്രാം സ്വർണ്ണം കൂടി വാങ്ങാമെന്നാണ് സണ്ണിച്ചൻ്റെ പോളിസി.

" ഫോൺ വിളിക്കാൻ ഈ ചെറിയ ഫോൺ തന്നെ ധാരാളം'' - എന്റെ തീരെ ചെറിയ മൊബൈൽ ഫോണിനെപ്പറ്റി സണ്ണിച്ചൻ്റെ  കമൻറ് ആണിത്.അങ്ങനെ സണ്ണിച്ചൻ്റെ പിടിവാശിയിൽ ഇൻറർനെറ്റും,വാട്ട് സാപ്പും ഫേസ് ബുക്കുമെല്ലാം  എനിക്കന്യമായി.മനസ്സിലെ കഥകൾ എഴുതി വയ്ക്കാനുള്ള സാഹചര്യമില്ലാതെ സണ്ണിച്ചൻ തന്ന കണക്കു ബുക്കിനു പിന്നിൽ ഞാനെൻ്റെ സന്തോഷങ്ങളെ ഒറ്റവാക്കിൽ കുറിച്ചു വച്ചു.

1. പൊതിച്ചോറ്

(ഇത് പണ്ടത്തെ സ്കൂൾ കാലത്തെ, അമ്മ തന്നു വിടാറുള്ള, ഇലയിൽ പൊതിഞ്ഞ പൊതിച്ചോറിൻ്റെ രുചിയുമായി ഈയിടെ ഒരു ദിവസം അമ്മ കൊടുത്തു വിട്ട പൊതിച്ചോറുമായി അപ്പച്ചൻ വീട്ടിൽ വന്നു,ആരും കാണാതെ എനിക്ക് തന്നു )

2. മൊബൈൽ ഫോൺ

(പറമ്പിൽ ജോലിക്കാർക്കിടയിൽ നടക്കുമ്പോൾ ലാൻ്റ് ഫോൺ റിംഗ് ചെയ്യുന്നത് കേൾക്കാതെ പോകുന്നതിൽ നിന്നു രക്ഷപ്പെട്ടു )

എൻജിനീയറിംഗ് പഠനത്തിനപ്പുറം സിനിമയേയും ഷോർട്ട് ഫിലിമുകളെയും ഇഷ്ടപ്പെടുന്ന എൻ്റെ മകൻ ബിജോയ് അവയ്ക്കു വേണ്ടി കഥ തിരഞ്ഞു കഷ്ടപ്പെടുമ്പോൾ ഞാനെൻ്റെ മനസ്സിലെ കഥ പറയാൻ ശ്രമിച്ചിട്ടും വീട്ടിലെ നാല് ചുമരിനകത്തു തളച്ചിടപ്പെട്ട വിവരമില്ലാത്ത വീട്ടമ്മ എന്ന ധാരണയുണ്ടാക്കിയ അവഗണനയുടെ കയ്പ്പും എനിക്കു സ്വന്തം.

സീമ, എൻ്റെ ബാല്യകാലസുഹൃത്ത് കൃഷി യാഫീസറുടെ രൂപത്തിൽ ആഞ്ഞിലി കുന്നിലേയ്ക്ക് കയറി വന്നതിൽ പിന്നെയാണ് എൻ്റെ ജീവിതം മാറി മറിഞ്ഞത്...... ആദ്യം ഞാനവളുടെ ദൃഷ്ടിയിൽപ്പെടാതെ മറഞ്ഞു നിന്നു .സ്കൂൾ കോളേജ് കാലങ്ങളിൽ ഉദ്യോഗമെന്ന എൻ്റെ സ്വപ്നം സദാ അവളോട് പങ്കുവച്ചിട്ട് ഇപ്പോൾ ഞാൻ വെറും വീട്ടമ്മ! എൻ്റെ ലോകത്തിലേക്ക് തള്ളിക്കയറിയ അവൾ സമ്മാനിച്ച പുതിയ മൊബൈലിലൂടെ ഇൻ്റർനെറ്റും ഫേസ് ബുക്കും വാട്ട് സാപ്പുമെല്ലാം  കടന്നു വന്നു .പണ്ടത്തെ സ്വപ്നം പോലെ കഥാകാരിയാകാൻ പ്രേരണയേകിയതവളാണ്. അവളുടെ വിസ്തൃതമായ സുഹൃത്ത് വലയത്തിലൂടെ എൻ്റെ കഥകൾഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഷോർട്ട് ഫിലിമുകളുടെ രാജകുമാരനെന്നു വിശേഷിപ്പിക്കുന്ന സംവിധായകൻ്റെ കരസ്പർശമറിഞ്ഞു -തെന്നൽ എന്ന തൂലികാനാമത്തിലൂടെ.

ഇന്നലെ അദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ ടി.വിയിൽ ഉണ്ടായിരുന്നു. സംസാര മദ്ധ്യേ അദ്ദേഹം പറഞ്ഞു ''എൻ്റെ ഫിലിമുകളുടെ സ്വീകാര്യതയ്ക്ക് ഏറ്റവും പ്രധാന കാരണം അതിൻ്റെ കഥയാണ്, തെന്നലിൻ്റെ കഥകൾ .തെന്നലെന്ന തൂലികാനാമത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന കരങ്ങൾക്ക് ചില നേരങ്ങളിൽ കൊടുങ്കാറ്റിൻ്റെ തീവ്രതയുണ്ട്. ,സ്നേഹത്തിൻ്റെ സുഗന്ധമുണ്ട്, വാത്സല്യത്തിൻ്റെ മധുരമുണ്ട്. ,യുവത്വത്തിൻ്റെ ചടുലതയുണ്ട്‌. പക്ഷേ ചെറിയ സ്ക്രീനിൽ മാത്രം പ്രത്യക്ഷപ്പെടേണ്ടയാ ളല്ല  ഈ അനുഗ്രഹീത. വെള്ളിവെളിച്ചത്തിൽ പ്രത്യക്ഷപ്പെടാനിഷ്ടപ്പെടാതെ മറഞ്ഞിരിക്കുന്ന കഥാകാരിയോട് ഞാനെൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. പക്ഷേ നിങ്ങൾക്ക് സിനിമയുടെ വിശാല ക്യാൻവാസിൽ ആ നാമം പ്രത്യക്ഷപ്പെടുന്നതു കാണാൻ ഏറെ കാത്തിരിക്കേണ്ടി വരില്ല."

കേൾക്കവേ സന്തോഷത്താൽ ഹൃദയം നിറഞ്ഞു തുളുമ്പി. വീട്ടിലെ അരസികന്മാരോട് പങ്കുവയ്ക്കാനാകാതെ ഞാനെൻ്റെ സന്തോഷം കണക്കു പുസ്തകത്തിൻ്റെ പുറം താളിലെഴുതി,

3. തെന്നലിന് സുഗന്ധമേറുന്നു.

ഇന്ന് പുന:സംപ്രേക്ഷണം ചെയ്ത അഭിമുഖം കേൾക്കവേ ബിജോയ് പറഞ്ഞു. "ഈ തെന്നലിനെന്താ ഒന്നു വെളിച്ചത്തു വന്നാൽ.? ഞാനവരെ അറിഞ്ഞിരുന്നുവെങ്കിൽ അവരുടെ ഒരു കഥ വാങ്ങി ഞാൻ അടിപൊളിയൊരു ഷോർട്ട് ഫിലിം ചെയ്യുമായിരുന്നു. കഷ്ടം! എന്നല്ലാതെ എന്തു പറയാൻ."

ആരാരുമറിയാതെ എൻ്റെ എഴുത്തുമുറിയായി മാറ്റിയ , വീട്ടിലെ എണ്ണമറ്റ മുറികളൊന്നിൽ നിന്നും  മേശവലിപ്പു തുറന്ന് എൻ്റെ എഴുത്തുപുസ്തകം ഒന്നെടുത്ത് ഞാൻ ബിജോയുടെ മുന്നിൽ നിവർത്തി വച്ചു. പേജുകൾ മറിച്ച  അവന്റെ വിരലുകൾ ഒടുവിൽ കഥയുടെ അവസാനമെഴുതിയ പേരിൽ അനക്കമറ്റു നിന്നു -

തെന്നൽ .

അത്ഭുതാതിരേകത്തോടെ, അവിശ്വാസ്യതയോടെ എന്നെ നോക്കി. ..... കെട്ടിപ്പുണർന്നു.പിന്നെ മന്ത്രിച്ചു,
" അറിഞ്ഞില്ലല്ലോ ഞാൻ ഈ തെന്നലിനെ !''

ഇന്നെനിക്ക് കണക്കു പുസ്തകത്തിൻ്റെ പുറം താളിൽ എൻ്റെ നാലാമത്തെ സന്തോഷം കുറിച്ചിടണം,

4. മധുര പ്രതികാരം

-----------------------

ഡോ. വീനസ്

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo