Slider

യാത്രാസൗഹൃദം (കഥയെഴുത്തു മത്സരം - Entry 1)

0

1. രണ്ടു മാസത്തെ നീണ്ട അവധി കഴിഞ്ഞു മുംബൈയിലേക്കു പോകുവാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ....കല്യാണം കഴിഞ്ഞു രണ്ടുവർഷമായെങ്കിലും ഇത്രയും നാൾ ലീവു കിട്ടുന്നത് ആദ്യമായാണ് അതുകൊണ്ടാകണം ഭാര്യയെയും എന്റെ ആദ്യകുഞ്ഞിനെയും വിട്ടു പോകുവാൻ മനസ്സു വരുന്നില്ല...ഒരു സ്വകാര്യകമ്പനിയിൽ നിന്നും ലീവു കിട്ടുന്നതിനുള്ള പരിമിതി എല്ലാം മറന്നു മാനേജറുടെ കാലുപിടിച്ചു ഭാര്യയുടെ പ്രസവത്തിനു മുന്നേ എത്തുവാനുള്ള ശ്രമത്തിലാണ്‌.അങ്ങിനെയാണ് ഈ ലീവു ഒപ്പിച്ചെടുത്തത്‌...എന്തായാലും ഇനിയല്ലേ ജീവിതത്തിൽ കുറച്ചു ഉത്തരവാദിത്തമെല്ലാം വരേണ്ടത് എന്ന അച്ഛന്റെ വാക്കും കൂടെ ആയപ്പോൾ ...പിന്നെ വേറൊന്നും ചിന്തിച്ചില്ല....മൂന്നുമാസം കഴിഞ്ഞു ഒരു വീടെല്ലാം റെഡി ആക്കി ഭാര്യയെയും കുഞ്ഞിനെയും അങ്ങോട്ടു കൊണ്ടുപോകണം എന്ന ഉറച്ച തീരുമാനമെടുത്തിട്ടാണ് വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങിയത്

2. മൂന്നര മണിക്കുള്ള ജയന്തി ജനത എക്സ്പ്രെസ് കാത്തു റയിൽവേ പ്ലാറ്റ്‌ഫോമിൽ ഇരിക്കാൻ തുടങ്ങിയിട്ടു നേരം കുറച്ചായി .അപ്പോഴാണ് മൈക്കിലൂടെ അരമണിക്കൂർ ലേറ്റ് ആയി ഓടുന്നു എന്നുള്ള വാർത്ത വന്നത്...ഒത്തിരി മുഷിപ്പിച്ചെങ്കിലും വേറെ വഴി ഇല്ലാല്ലോ എന്നു റയിൽവേ ഡിപ്പാർട്ടുമെന്റിനും അറിയാം...അതുകൊണ്ടായിരിക്കണം നമ്മുടെ സമയത്തിനു അവർ വിലനൽകാത്തത്...അപ്പോഴാണ് ഞാൻ തൊട്ടടുത്ത ബഞ്ചിൽ ഇരിക്കുന്ന വയോധികനായ ആ വ്യക്തിയെ കാണുവാൻ ഇടവന്നത്‌, അറുപതിനോടടുത്തു പ്രായം കാണണം...മുഖം അത്ര ശാന്തമല്ല...മുഖത്തെ ചുളിവുകൾ എടുത്തു കാണിക്കുന്നുണ്ടെങ്കിലും ഒരു ആഢ്യത്വം ഒക്കെ നിറഞ്ഞുനില്പുണ്ട്...എല്ലാ യാത്രയിലും ഓരോരോ അപരിചിതരെ കണ്ടുമുട്ടുന്നതും അവരുമായി ഒരു സൗഹൃദ സംഭാഷണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും
...ഒരു യാത്രാസൗഹൃദം അധികം നീണ്ടു നിൽക്കാറില്ല...
അങ്ങകലെ ട്രെയിൻ വരുന്നതിന്റെ ചൂളം വിളികൾ കേൾക്കുവാൻ തുടങ്ങി സ്വന്തം നാടിനെ ഒന്നുകൂടെ ചുറ്റിക്കറങ്ങി നോക്കി ഒരു നേടുവീർപ്പോടെ അവിടെ നിന്നും എഴുന്നേറ്റു...ഒരുപാട് പേർ ഇറങ്ങുകയും കേറുകയും ചെയ്യുന്നുണ്ട് എന്റെ കംപാർട്ട്മെന്റിൽ എത്താൻ ഇത്തിരിദൂരം നടക്കേണ്ടി വന്നു...സീറ്റ് നമ്പർ നോക്കി S37 സൈഡ് സീറ്റ് ആയതുകൊണ്ട് തട്ടീം മുട്ടീം ഇരിക്കണ്ടാല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്...അങ്ങിനെ കുറച്ചു നാളത്തേക്ക് നാടിനോട് വിട..അതുവരെ ഉള്ള ഓർമകളെല്ലാം മനസ്സിലൂടെ ഒരു വട്ടം കടന്നു പോയി...സീസൺ സമയമായത് കൊണ്ടായിരിക്കണം അത്യാവശ്യം നല്ല തിരക്കുണ്ട്....തൊട്ടടുത്ത സീറ്റിൽ ഒരു ഹിന്ദി ഫാമിലി ആണ് ഇരിക്കുന്നത്....ആരും സംസാരിക്കാൻ ഇല്ലല്ലോ എന്നുള്ള നീരസത്തിൽ ഇനി എങ്ങിനെ മുപ്പത്താറു മണിക്കൂർ കഴിച്ചുകൂട്ടും എന്നു ആലോചിച്ചിരിക്കവേ എന്റെ തൊട്ടടുത്ത സീറ്റിൽ റയിൽവേ പ്ലാറ്റ്ഫോമിൽ കണ്ട ആ മനുഷ്യൻ വന്നിരുന്നു.
ട്രെയിനിന്റെ ചൂളം വിളി അങ്ങകലെ കേൾക്കാമായിരുന്നു..പതിയെ സ്റ്റേഷൻ വിട്ടു നീങ്ങുമ്പോൾ ടയറുകൾ പാളങ്ങളിൽ ഉരസുന്ന ശബ്ദം അലസോരം ഉളവാക്കികൊണ്ടിരുന്നു...അപ്പോഴും ആ വൃദ്ധൻ ദൂരത്തേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു.....

3. നാട്ടിൽ വന്നതിനു ശേഷം ഉള്ള ഒരു ദുശ്ശീലമായിരുന്നു ഉച്ചമയക്കം...ഇന്നത് നടന്നില്ല അതിന്റെ ആലസ്യം പതിയെ എന്നെ വന്നു മൂടുവാൻ തുടങ്ങി...നല്ല ഒരു മയക്കം കഴിഞ്ഞു എഴുന്നേറ്റപ്പോഴേക്കും നേരം നന്നായി ഇരുട്ടിയിരുന്നു....അപ്പോഴും പാളങ്ങളിൽ ടയർ ഉരയുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു...ഞാൻ ഉറക്കത്തിന്റെ ആലസ്യം വിടാൻ വേണ്ടി റയിൽവേ കാന്റീനിൽ വരുന്ന ചായക്കാരനേയും കാത്തു ഇരിക്കുവാൻ തുടങ്ങി..അത്ര സുഖമുള്ള ചായ അല്ലേലും കുടിച്ചില്ലേൽ ഒരു ഉഷാറു കിട്ടത്തില്ല.. ചായക്കാരൻ വന്നപ്പോൾ തൊട്ടടുത്തിരിക്കുന്ന അദ്ദേഹത്തോട് ഒരു സൗഹൃദത്തിന്റെ തുടക്കമെന്നോണം ചായ വേണമോ എന്നൊരു ചെറുപുഞ്ചിരിയും കലർത്തി ചോദിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ട എന്നു പറയാൻ മനസ്സു വന്നില്ല....ചായ കുടിക്കുന്നിനിടയിൽ വെറുതെ സൗഹൃദം പുതുക്കാനെന്നോണം "എവിടെയാ വീട്???"
അദ്ദേഹം:വീട്....വീട് അങ്ങു നെന്മാറയിലാണ്..
കൂടുതൽ അദ്ദേഹം ഒന്നും പറയുന്നില്ല എന്നു കണ്ടപ്പോൾ...
ഞാൻ:നെന്മാറയിൽ ആ പൂരമൊക്കെ നടക്കുന്ന അമ്പലത്തിനടുത്തണോ???
ഞാൻ ഒരു തവണ ആ പൂരത്തിനൊക്കെ വന്നിട്ടുണ്ട്. അവിടുത്തെ വെടിക്കെട്ടാണ് വെടിക്കെട്ടു.....ഇങ്ങനൊക്കെ പറഞ്ഞിട്ടു വെറുതെ ഒന്ന് അദ്ദേഹത്തെ ഒളികണ്ണിട്ടുനോക്കി....എന്റെ വാക്കുകൾക്കു ചെവികൊടുക്കുന്നതല്ലാതെ...മുഖത്തു ഒരു ഭാവപ്രകടനങ്ങളും തെളിയുന്നുണ്ടായിരുന്നില്ല....പിന്നെ ഞാൻ കൂടുതൽ ഒന്നും മിണ്ടാൻ നിന്നില്ല...
അപ്പോഴാണ് ഓർത്തതു വീട്ടിലോട്ടു വിളിച്ചില്ലെന്നു...ഫോണെടുത്തു ഭാര്യയെ വിളിച്ചു അവൾക്കാണേൽ ഞാൻ പൊന്നതിൽ പിന്നെ ഒറ്റക്കായതിന്റെ ഒരു വിഷമവും..ഞാൻ കേറിയതിൽ പിന്നെ വിളിക്കാത്തതിന്റെ പരിഭവവും ...ഉണ്ടായിരുന്നു...എന്റെ സംസാരം കേട്ടിരുന്ന അദ്ദേഹം...
ആരാ ഭാര്യയാണോ??? കല്യാണം കഴിഞ്ഞിട്ടു അധികനാൾ ആയില്ലെന്നു തോന്നുന്നു...
എന്നു ചെറു പുഞ്ചിരിയോടുകൂടെ ചോദിച്ചപ്പോൾ...എനിക്കു പറയാതിരിക്കാനായില്ല....എന്റെ നിർത്താതെയുള്ള സംസാരം കേട്ടതുകൊണ്ടാകണം അദ്ദേഹത്തിന്റെ മനസ്സൊന്നു തണുത്തെന്നു തോന്നുന്നു...ആ മുഖത്തു ചെറിയ ചെറു പുഞ്ചിരിയൊക്കെകാണാൻ തുടങ്ങി...
ഞാൻ: സമയം ഒൻപതു കഴിഞ്ഞു നമുക്ക് വല്ലതും കഴിക്കാം
ഇതു കേട്ട് അദ്ദേഹം പറഞ്ഞു
"വേണ്ട സുഹൃത്തെ.. ഞാൻ കാന്റീനിൽ നിന്നും വല്ലതും വാങ്ങാം താങ്കൾ കഴിച്ചോളൂ...
ഒരു പക്ഷെ അദ്ദേഹത്തിന്റെ അഭിമാനം അതിനു സമ്മതിക്കാത്തതാകാം എന്നെനിക്കു തോന്നി.
ഞാൻ പറഞ്ഞു....
അങ്കിളെ അതു നമുക്ക് പിന്നെ വാങ്ങാം വേണേൽ എനിക്കും വാങ്ങിത്തന്നേക്കു...ഇപ്പോ നമുക്ക് ഇതു കഴിക്കാം ...ഇതു കണ്ടില്ലേ ഭാര്യയുടെ സ്നേഹം മുഴുവൻ നിറച്ചു വച്ചു തന്നേക്കുവാ....ഇതെല്ലാം ഞാൻ എങ്ങിനെ തിന്നു തീർക്കാനാണ് നാളേക്ക് വക്കാനും പറ്റത്തില്ല...
മനസ്സില്ലാമനസ്സോടെ എന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹവും ഞാനും ഒരുമിച്ചിരുന്നു കഴിക്കാൻ തുടങ്ങി...
പതിയെ അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സു തുറന്നു തുടങ്ങി...ഇങ്ങിനെ ഇരുന്നു കഴിക്കുമ്പോൾ എനിക്കു ഓർമ്മവരുന്നത് എന്റെ പ്രവാസകാലമാണ്...അതു പറഞ്ഞതും ഒരു തുള്ളി കണ്ണുനീർ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങി...എന്തു പറയണമെന്നറിയതെ ഞാൻ ആകെ തരിച്ചിരുന്നു പോയി ...കുറച്ചു നേരത്തിനു ഞങ്ങൾ രണ്ടു പേരും നിശബ്ദരായി....ഭക്ഷണം കഴിച്ചു തീർത്തു....

4. ഇരുട്ടിന്റെ കറുത്ത മൂടുപടത്തിൽ ഒരു കുഞ്ഞു മിന്നാമിനുങ്ങായി ട്രെയിൻ അതിന്റെ പാളത്തിലൂടെ തീതുപ്പി ഓടിക്കൊണ്ടിരിക്കുന്നു...
കംപാർട്ട്‌മെന്റിലെ ഒരുവിധപ്പെട്ട എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു...എന്തുകൊണ്ടോ എനിക്ക് ഉറക്കം വരുന്നുണ്ടാരുന്നില്ല.....ഞാൻ അദ്ദേഹത്തോട് ചോദിക്കണമോ വേണ്ടയോ അതോ എങ്ങിനെ തുടങ്ങണം എന്നുള്ള സംശയമാണോ എന്നറിയില്ല..ഞാൻ അദ്ദേഹത്തോട് മുഖവുര ഇല്ലാതെ ഞാൻ ചോദിക്കാൻ തീരുമാനിച്ചു
"അങ്കിളെ ....നിങ്ങൾ ആകെ വിഷമത്തിലാണല്ലോ...എന്തു പറ്റി... എന്നോട് പറയാൻ പറ്റാത്തത് വല്ലതും ആണോ.....അല്ലാ !എന്റെ അമ്മ പറഞ്ഞിട്ടുണ്ട്...നമ്മുടെ വിഷമങ്ങൾ ആരോടെങ്കിലും ഒന്നു പറഞ്ഞാൽ പകുതി ആശ്വാസമാകുമെന്നു അതാ ഞാൻ......ബുദ്ധിമുട്ടാണേൽ വേണ്ട അങ്കിളിനെ ഞാൻ നിർബന്ധിക്കില്ല". ഒരു മകനെ പോലെ എന്നെ കണ്ടതുകൊണ്ടോ എന്തോ അദ്ദേഹം ഒരു ചെറു പുഞ്ചിരിയിൽ എല്ലാം ഒതുക്കി..എന്നിട്ടു ഒരു ദീർഘനിശ്വാസം വിട്ടു പതിയെ പറയുവാൻ തുടങ്ങി.

5. ജീവിതത്തിന്റെ നല്ലൊരു പങ്കും മക്കൾക്കും കുടുംബത്തിനും വേണ്ടി മരുഭൂമിയിൽ ജീവിച്ചു തീർത്ത ഞാൻ ഇപ്പോൾ ഒരു ജീവച്ചവമായിരിക്കുന്നു...ഒരു ആശകളും ആഗ്രഹങ്ങളും ഇല്ലാത്ത....എന്റെ കഥ കേട്ടിട്ടു എന്തിനാ വെറുതെ നല്ലൊരു യാത്രയുടെ സുഖം കളയുന്നത്??
അതൊന്നും സാരല്യ അങ്കിളേ
അങ്കിൾ പറ..... എനിക്കാണേൽ ഉറക്കവും വരുന്നില്ല...
അങ്ങിനെ അദ്ദേഹം പറഞ്ഞുതുടങ്ങി
1980 കളിലെ ആദ്യകാലങ്ങളിൽ ഗൾഫ്‌ കണ്ട മനുഷ്യനാണ് ഞാൻ...അന്നെനിക്ക് വയസ്സു 23 കഴിഞ്ഞിട്ടേ ഉള്ളു....വീട്ടിലെ പ്രാരാബ്ധവും 12മക്കൾ ഉള്ള വീട്ടിലെ അഞ്ചാമനും ആയ ഞാൻ നാട് വിടാൻ തീരുമാനിച്ചു ...വളരെ തുച്ഛമായ ശമ്പളം ആയിട്ടുപോലും നല്ല ഒരു കമ്പനിയിൽ ഡ്രൈവർ ആയി ജോലി കിട്ടി. സൗദിയിലെ ദമ്മാമിൽ ആയിരുന്നു ഞാൻ , 300 റിയൽ ആണ് ശമ്പളം. അന്നത്തെ ചോരത്തിളപ്പിൽ അതൊന്നും കാര്യമാക്കിയില്ല ഗൾഫ്‌കാരൻഎന്ന ലേബൽ മാത്രം മതിയായിരുന്നു എനിക്കു...
എന്റെ കൂടെ കൂടുതലും പാക്കിസ്ഥാനികളും ഹിന്ദികാരും ആയിരുന്നു...അതിന്റെ ഗുണം പെട്ടന്ന് ഹിന്ദി പഠിക്കാൻ പെറ്റിയെന്നുള്ളതാണ്....ആദ്യ തവണ പോയിട്ടു ഞാൻ 4 വർഷം കഴിഞ്ഞാണ് വീട്ടിലേക്കു വരുന്നത്..അതൊരു ആഘോഷം തന്നെ ആയിരുന്നു...വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ലാതിരുന്ന എനിക്കു....ഗൾഫ്‌കാരൻ എന്നു പേരു വീണ ദിവസം....ദിവസങ്ങൾ ഇങ്ങിനെ കഴിഞ്ഞു പോയി....പ്രായം 27 നോട് അടുത്തുപോയ കാര്യം ഞാൻ പോലും മറന്നിരുന്നു....വീട്ടുകാരെല്ലാം ഞാൻ വന്ന പുതുക്കത്തിൽ തന്നെ അച്ഛൻ ഇവനെ ഇങ്ങിനെ വിട്ടാൽ ശരിയാകില്ല...ഇപ്രാവശ്യം പെണ്ണ് കെട്ടിച്ചിട്ടെ വിടുന്നുള്ളൂ...അല്ലേൽ ഇവൻ പിന്നെ കാണണമെങ്കിൽ 4 വർഷം കഴിയേണ്ടി വരും എന്ന് കുടുംബത്തിൽ തമാശരൂപേണ പറഞ്ഞു.അതികം വൈകാതെ തന്നെ കല്യാണവും നടന്നു...അതും എന്നേകാട്ടിലും സാമ്പത്തികമുള്ള നല്ലൊരു വീട്ടിൽ നിന്നും കൂടുതൽ നാൾ ലീവൊന്നും ഇല്ലാത്തതുകൊണ്ട്...ഞാൻ ഗൾഫിലോട്ടു തന്നെ തിരിച്ചു കയറി . അന്ന് നമ്മൾ ഇപ്പോൾ പോകുന്ന പോലൊന്നുമല്ല...ബോംബെയിൽ വന്നു വേണം ഫ്ലൈറ്റ് കയറാൻ...അതും രണ്ടും മൂന്നും ദിവസം കാത്തിരുന്നു...ഭക്ഷണവും വെള്ളവും ഒന്നും ഇല്ലാതെ....ഹാം അതൊക്കെ ഒരു കാലം.
കല്യാണം കഴിഞ്ഞിട്ടു പോയ ഞാൻ പണ്ട് 4 വർഷം നിന്നവൻ ഇപ്പോൾ 4ദിവസം നിൽക്കാൻ പറ്റാത്ത അവസ്ഥയായി.....അവിടെ നിന്നും അങ്ങിനെ ഒന്നും വിളിക്കാനോന്നും പറ്റില്ല കത്തുകൾ അയച്ചാൽ ഇവിടെ കിട്ടാൻ ഒത്തിരി ദിവസം എടുക്കും....
ആദ്യത്തെ മറക്കാനാകാത്ത സന്തോഷം അവൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴായിരുന്നു.....അങ്ങിനെ ഞങ്ങൾക്ക് ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടായി...അവർക്കു നല്ലൊരു വിദ്യാഭ്യാസം കൊടുക്കുക എന്നു മാത്രമായിരുന്നു പിന്നീടുള്ള എന്റെ ലക്ഷ്യം ...അടുത്തുള്ള സെൻട്രൽ സിലബസിൽ തന്നെ ചേർത്തു....പിന്നീടങ്ങോട്ട് എന്റെ ശമ്പളമൊന്നും ഒന്നിനും തികയാതായി....ആ ഇടക്കാണു വീടിന്റെ ഭാഗം വായ്‌പും എല്ലാം ഉണ്ടായത് നിർഭാഗ്യവശാൽ നാട്ടിലെ വ്യവസ്ഥിതി ഒന്നും അറിയാതിരുന്ന ഞാൻ ഭാര്യയുടെ വാക്കു കേട്ടു അവളുടെ വീടിനടുത്തായി കുറച്ചു സ്ഥലം വാങ്ങി കൂടെ കുറച്ചു ലോണെടുത്തു നല്ലൊരു വീട് വച്ചു.
ഇതെല്ലാം കേട്ടിരുന്ന എനിക്ക് ഏതോ സിനിമയിലെ കഥ പോലെ തോന്നിപ്പോയി ..അപ്പോഴാണ് ആ പഴയ ചിന്തയിൽ നിന്നും മാറി രാത്രി കഴിക്കാനുള്ള മരുന്നിന്റെ കാര്യം ഓർമ്മവന്നത്. അദ്ദേഹം ഗുളികകൾ എല്ലാം എടുത്തു എനിക്കു കാണിച്ചു തന്നിട്ട് ചെറു ചിരിച്ചിരിയോടെ പറഞ്ഞു ഇതു കണ്ടോ ഇതാണെന്റെ ഇപ്പോഴത്തെ സമ്പാദ്യം കുറച്ചു ഷുഗറും,പ്രഷറും പിന്നെ ഹൃദയത്തിൽ ചെറിയ ഒരു ബ്ലോക്കും..
ഇതെല്ലാം കേട്ടിരുന്ന ഞാൻ എത്ര ഭാഗ്യവാനാണെന്നു തോന്നിപോയി...ഒരു നിമിഷം

6. ജീവിതകഥയുടെ രണ്ടാം ഭാഗം.

മക്കൾക്കെല്ലാം ഞാൻ ഒരു രണ്ടുവർഷം കൂടുമ്പോൾ വരുന്ന അതിഥി മാത്രമായി തീർന്നിരുന്നു....അവർക്ക് കൂടുതൽ അടുപ്പം അവളുടെ വീട്ടുകാരോടും പിന്നെ അവളും മാത്രമായിരുന്നു....പൈസക്കു മാത്രം ഉപയോഗിക്കുന്ന ഒരു മെഷീൻ . അതായി തീർന്നിരുന്നു...എന്റെ അവസ്ഥ....ജീവിതബന്ധങ്ങൾ എല്ലാം ഒരു കുടക്കീഴിൽ വേണമെന്നുണ്ടായിരുന്ന എനിക്കു എല്ലാം കൈവിട്ടു പോയെന്നു അപ്പോഴാണ് മനസ്സിലായത്. ..
കാലങ്ങൾ കടന്നു പോയി മകൻ എൻജിനീയറിങ്ങും മകൾ ഡോക്ടറും ആയി....പഠനചിലവിനായി...ഞാൻ എന്റെ സമ്പാദ്യമെല്ലാം...അവർക്കു വേണ്ടി നീക്കി വച്ചു...എനിക്കായി ഞാൻ ഒന്നും കരുതിയില്ല...ഒരു നേടുവീർപ്പോടെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു....അങ്ങിനെ മക്കളെ എല്ലാം നല്ലരീതിയിൽ കെട്ടിച്ചു വിട്ടു....ഇപ്പോൾ മകൾ അവളുടെ ഹസ്ബെന്റിന്റെ കൂടെ അങ്ങു അമേരിക്കായിലാ....മകനാണേൽ വേറെ വീടെല്ലാം വച്ചു....അവന്റെ ഭാര്യയുടെ കൂടെ സുഖമായി കഴിയുന്നു...
ഞാൻ:അപ്പോൾ ആന്റി അവരെവിടയാ...??!!! ഞാൻ അറിയാതെ ചോദിച്ചു പോയി...
എന്റെ ഭാര്യ..അവൾ മാത്രമായിരുന്നു..എനിക്കു ആകെ ഒരു ആശ്വാസം..മകൻ ജോലി എല്ലാം കിട്ടി വേറെ വീട്ടിൽ താമസമായപ്പോൾ മകന്റെ കൂടെ ഉണ്ടായിരുന്നു..കുറച്ചു നാൾ .. പിന്നീട് അവളും എന്നെ ജീവിതത്തിൽ തനിച്ചാക്കി പോയി.... ഒരു ലീവിന് നാട്ടിൽ വന്ന ഞാൻ കാണുന്നത് എന്റെ ആഗ്രഹങ്ങൾക്കൊത്തു ഞാൻ പണിതുയർത്തിയ എന്റെ വീടും സ്ഥലവും കാടു പിടിച്ചു കിടക്കുന്നതാണ് അതു കണ്ടപ്പോൾ എനിക്കു സഹിക്കാൻ കഴിഞ്ഞില്ല....അവർക്കൊന്നും അതിന്റെ വില അറിയില്ലല്ലോ.....
പിന്നീട് എന്റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് വരാൻ തീരുമാനിച്ചു....വയസ്സും ,കാലവും കഴിഞ്ഞു പോയത്...ഞാൻ അറിയുന്നുണ്ടായിരുന്നില്ല....60 വയസ്സു കഴിഞ്ഞാൽ പിന്നെ ഗൾഫിൽ നിൽക്കാൻ പറ്റില്ലത്രേ... അങ്ങിനെ നാട്ടിൽ വന്നു. മകനും പേരക്കുട്ടിയുടേയും എല്ലാവരുടെയും കൂടെ നിൽക്കാം എന്നു വിചാരിച്ചു...നാട്ടിലേക്ക് വന്നതാ....പക്ഷെ.....
പകുതിയിൽ അവിടെ നിർത്തി..പിന്നെ പറയണമോ..വേണ്ടയോ എന്നുള്ള ചിന്തയിൽ അദ്ദേഹം....എന്നെക്കുറിച്ചു ചോദിച്ചു...
ഞാൻ പറഞ്ഞു അതൊക്കെ ഞാൻ പറയാം അങ്കിളെ... അങ്കിള് ബാക്കി കൂടെ പറ... മനസ്സില്ലാമനസ്സോടെ അദ്ദേഹം ബാക്കി കൂടെ പറഞ്ഞു തുടങ്ങി..

7. നാട്ടിൽ വന്നിട്ടു മൂന്നു നാലു ദിവസങ്ങൾ അങ്ങിനെ സന്തോഷത്തോടെ കഴിഞ്ഞു പോയി....പിന്നെ മകനും മകന്റെ ഭാര്യക്കും ഞാനൊരു അധികപ്പറ്റാണെന്നു തോന്നിതുടങ്ങി വയസ്സാം കാലത്തു കാണിക്കുന്ന ചെറിയ കുസൃതിത്തരങ്ങൾ അവർക്ക് ഇഷ്ടപ്പെടാതെ വന്നപ്പോൾ മരുമകൾ മകനോട് പറയുന്നത് കേട്ടു.....വല്ല വൃദ്ധസദനത്തിൽ ആക്കിയലോ എന്നു...കാരണം ഈ ഷുഗറും പ്രഷറും ഉള്ളവർക്ക് വേറെ ഭക്ഷണം ഉണ്ടാക്കാൻ വയ്യാത്രേ....
എന്തായാലും പിറ്റേ ദിവസം മകനെ വിളിച്ചു അവനെ അടുത്തിരുത്തി ഞാൻ പറഞ്ഞു...എന്നെകുറിച്ചോർത്തു നിങ്ങൾ ബുദ്ധിമുട്ടേണ്ട..എന്റെ സമ്പാദ്യമെല്ലാം ഞാൻ നിന്റെ പേരിൽ എഴുതി വച്ചിട്ടുണ്ട്....എനിക്കൊരു യാത്രപോകണം അതിനുള്ള പൈസ കുറച്ചു എനിക്കു തന്നാൽ മതി...പിന്നെ എനിക്കു 35 വർഷം ഗൾഫിൽ നിന്നും കിട്ടിയ കുറച്ചു തുകയുണ്ട്...അതു ഞാൻ ബാങ്കിൽ ഇട്ടിട്ടുണ്ട്...അതു മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കണം......
മകൻ:അപ്പ എങ്ങോട്ടു പോകുവാ.....??
അതു നീ എന്തായാലും അറിയണ്ട ....ഒരു തീർത്ഥയാത്ര അതു ഈ അവസ്ഥയിൽ നല്ലതാണെന്നു തോന്നുന്നു...
അന്നേരം അവനു തോന്നിയിട്ടുണ്ടാകാം അപ്പൻ ഒരു അഭിമാനി തന്നെ,
താനറിയാത്ത...തന്റെ അപ്പനെ അടുത്തറിയാൻ കിട്ടിയ കുറച്ചു നിമിഷം...
പിറ്റേ ദിവസം ഞാൻ പോകുവാൻ തീരുമാനിച്ചു എന്റെ ഒരു സുഹൃത്ത് ഉണ്ട് മുബൈയിൽ പേര് സൈനുദ്ധീൻ അവനും ഭാര്യയും പാല് കൊണ്ടു ചീസ് ഉണ്ടാക്കി വിൽക്കുന്ന കട നടത്തിക്കൊണ്ടിരിക്കുന്നു.....എന്റെ കാര്യങ്ങളെല്ലാം അറിയുന്ന അവൻ ഗൾഫിലായിരുന്നപ്പോഴേ പറയുമായിരുന്നു....നിനക്കെന്തെങ്കിലും വിഷമം ഉണ്ടാവുകയാണെങ്കിൽ നീ ഇങ്ങോട്ട് പോരേ ഞാനും എന്റെ ഭാര്യയും മാത്രമേ ഉള്ളു അവിടെ....അങ്ങിനെ ആണ് ഞാൻ അവനെ വിളിച്ചത്...റയിൽവേ സ്റ്റേഷനിൽ ഞാൻ കാത്തു നിൽക്കാം നീ വാ എന്നു മാത്രമേ അവൻ പറഞ്ഞുള്ളു.....ഒന്നുമില്ലേലും ഇറുകിപ്പിടിച്ച ജീവിതത്തിൽ മുന്നോട്ടു പോകുന്നതിനെക്കാട്ടിലും ഭേദം സ്വതന്ത്രമായ അടുത്തറിയുന്ന സുഹൃത്തിന്റെ കൂടെ ഇരിക്കുന്നതാണ് എന്നു ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്....പിന്നെ വേറൊന്നും ചിന്തിച്ചില്ല....എല്ലാവരോടും യാത്രപറഞ്ഞു ഞാൻ ഇങ്ങു പോന്നു...
ഇത്രയൊക്കെ ഉള്ളു ഒരു മനുഷ്യന്റെ ജീവിതം...അവസാനം എല്ലാവരും ഉണ്ടാകും എന്ന് തോന്നുന്നതെല്ലാം വെറുതെ ആണ്....ഒരിക്കലും മക്കൾക്ക് വേണ്ടി ജീവിക്കരുത്...അതാണ് ഞാൻ പഠിച്ച പാഠം...ഇത്രയും പറഞ്ഞു നിർത്തി അദ്ദേഹം എന്നോട് പറഞ്ഞു....മതി ഇനി നമുക്ക് കിടക്കാം രാവിലെ റയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ എന്നെ വിളിക്കാൻ മറക്കരുത്...ഇപ്പോഴേ നേരം ഒരുപാട് വൈകി....
അങ്ങിനെ ഞങ്ങൾ ഉറങ്ങാൻ കിടന്നു അപ്പർ ബർത്തിൽ ഞാൻ കിടന്നു....താഴെ അദ്ദേഹവും.....

8. ശരിക്കും എന്തു ജീവിതമാണ് മനുഷ്യന്മാർ ജീവിച്ചു തീർക്കുന്നത്...പ്രത്യേകിച്ചും മലയാളികൾ.....അവർ അവർക്കായി ഒന്നും ചെയ്യുന്നില്ല അടുത്ത തലമുറക്ക് വേണ്ടി ജീവിക്കുന്നു....ഞാൻ എന്നോട് തന്നെ ചോദിച്ചു....പിന്നീട് എപ്പോഴാ ഞാൻ ഉറങ്ങിയതെന്നു ഓർമ്മയില്ല....രാവിലെ മുംബൈയിലെ റെയിൽവേസ്റ്റേഷനിൽ വണ്ടി നിന്നപ്പോഴാണ് ഞാൻ കണ്ണു തുറന്നതു..നേരം 9.30 ആയിരിക്കുന്നു..... കംപാർട്ട്‌മെന്റുകൾ എല്ലാം കാലിയായിരിക്കുന്നു.... ഞാൻ പെട്ടെന്ന് താഴെ ഇറങ്ങി നോക്കുമ്പോൾ അങ്കിൾ നല്ല ഉറക്കത്തിലാണ് ഒരു വശത്തേക്ക് ചെരിഞ്ഞു കിടക്കുന്ന അങ്കിളിനെ ഞാൻ ഒന്ന് വിളിച്ചു നോക്കി
അങ്കിൾ എഴുന്നേൽക്ക്‌ മുംബൈ എത്തി...അങ്കിൾ...അ... ങ്കിൾ അനക്കമൊന്നും ഇല്ലാതിരുന്നപ്പോൾ എനിക്കാകെ....എന്തുചെയ്യണമെന്നു അറിയാതെ കൈയെല്ലാം വിറങ്ങലിച്ചുപോയി.....ഓടിപ്പോയി സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു....ആകെകൂടെ ഒരു മരവിപ്പ് ശരീരത്തെ മൂടിയിരുന്നു...ഇന്നു വെളുക്കുവോളം എന്നോട് സംസാരിച്ചിരുന്ന ആ മനുഷ്യൻ.....റെയിൽവേ പോലീസ്സും മെഡിക്കൽ ടീം എല്ലാവരും എത്തി...എന്തു ചെയ്യണമെന്നറിയാതെ ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ റയിൽവേ പോലീസ് "അദ്ദേഹത്തെ കുറിച്ചു വല്ലതും അറിയാവോ" എന്നു എന്നോട് ചോദിച്ചു....ഒരു കൂടെ ഉള്ള യാത്രക്കാരൻ എന്നതിലുപരി എനിക്കവരോട് ഒന്നും പറയുവാൻ കഴിഞ്ഞില്ല....പരിശോധിച്ച ഡോക്ടർ മരണം എന്നു വിധി എഴുതി. മരിച്ചിട്ടു മൂന്നു മണിക്കൂറിൽ കൂടുതൽ ആയിക്കാണുമെന്നാണ് പറഞ്ഞത്.....അദ്ദേഹത്തിന്റെ ബാഗ്‌ പരിശോധിച്ച പോലീസ് ഒരു നമ്പർ കണ്ടെടുത്തു മലയാളി ആയതു കൊണ്ട് ഈ നമ്പറിൽ ഒന്നു വിളിച്ചു കാര്യം പറയുവാൻ പറഞ്ഞു.
ഞാൻ ഫോണിൽ നിന്നും വിളിച്ചു അപ്പുറത്തും റിങ്ങിങ് ശബ്ദം കേൾക്കുന്നുണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ശബ്ദം കേട്ടു
ഞാൻ:ഹലോ ദാമോദരൻ പിള്ളയുടെ വീടല്ലേ
സ്ത്രീ:അല്ലല്ലോ ആരാ വിളിക്കുന്നത്??
ഞാൻ:ചേട്ടനൊന്നു കൊടുക്കാവോ....
സ്ത്രീ:ചേട്ടൻ കുളിക്കുവാണല്ലോ, ആരു വിളിച്ചെന്നു പറയണം
ഞാൻ:വന്നിട്ടു വേഗം ഈ നമ്പറിൽ വിളിക്കാൻ പറയണേ
എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ എനിക്കൊരു ഫോൺ വന്നു നമ്പർ കണ്ടപ്പോൾ തന്നെ നാട്ടിൽ നിന്നാണെന്നു മനസ്സിലായി...ഞാൻ അദ്ദേഹത്തിന്റെ മകനോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചു..ബാഗിൽ നിന്നും കിട്ടിയ നമ്പർ ആണെന്ന് പറഞ്ഞു...എന്തുകൊണ്ടെന്നറിയില്ല..മകൻ ഇനി ഇതു കേസും പ്രശ്നങ്ങളും ആകുമെന്ന് വിചരിച്ചിട്ടൊ എന്തോ ഒഴിഞ്ഞു മാറാൻ ശ്രമിച്ച പോലെ തോന്നി...ഇങ്ങനൊരു വ്യക്തിയെ അറിയില്ലെന്നും ഈ നമ്പർ എങ്ങിനെ അവർക്കു കിട്ടിയെന്നു അറിയില്ലെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു...

9. ഇനി ഇദ്ദേഹത്തെ ഇട്ടേച്ചു പോകണോ അതോ ഒരു മകന്റെ സ്ഥാനത്തു നിന്നും ചെയ്യേണ്ടത് ചെയ്യണമോ എന്നു ഞാൻ സ്വന്തം മനസ്സാക്ഷിയോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു......വെറും 36 മണിക്കൂറിന്റ ബന്ധം..അതെന്നെ ഒരു ആയുസ്സിന്റെ അടുപ്പത്തിലേക്കു എത്തിച്ചിരിക്കുന്നു.... ഒരു പക്ഷെ ഇതും ഒരു നിയോഗമായിരിക്കാം...ഞാൻ എന്തായാലും കൂടെ നിൽക്കുവാൻ തന്നെ തീരുമാനിച്ചു....ബോഡി പോസ്റ്മാർട്ടത്തിനു വേണ്ടി ഹോസ്പിറ്റലിലേക്കു മാറ്റി...
അപ്പോഴാണ് ഓർത്തത്... ഇവിടെ അദ്ദേഹത്തിനൊരു സുഹൃത്ത് ഉള്ള കാര്യം..ഞാൻ പോലീസിനോട് കാര്യം പറഞ്ഞു.....ബാഗിൽ നിന്നും കിട്ടിയ സൈനുദ്ദീൻ എന്നുള്ള പേരിൽ നമ്പർ കണ്ടപ്പോൾ ഞാൻ പോലീസിന്റെ സഹായത്തോട് കൂടെ അദ്ദേഹത്തെ വിളിച്ചു ...കാര്യം പറഞ്ഞു....ഇപ്പോൾ നിൽക്കുന്ന ഹോസ്പ്പിറ്റലിന്റെ പേരും പറഞ്ഞു കൊടുത്തു..അരമണിക്കൂർ കഴിഞ്ഞു കാണും ഇക്കായും ഭാര്യയും എന്റെ അടുക്കലേക്കു ഓടിയെത്തി ...കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ ഇക്കയുടെ കണ്ണു നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.....എന്തായാലും മോനെ അല്ലാഹു കാക്കും...എന്നു ആ ഉമ്മ നിറകണ്ണുകളോട് എന്നോട് പറഞ്ഞപ്പോൾ എനിക്കെന്തു പറയണമെന്നറിയാതെ ഒരുതുള്ളി കണ്ണുനീർ മാത്രം തുളുമ്പി നിന്നു. ഞാൻ ഇക്കയെ വിളിച്ചു അദ്ദേഹത്തിന്റെ വീട്ടിലോട്ടു വിളിച്ച കാര്യങ്ങൾ വിശദീകരിച്ചു...അല്ലേലും എനിക്കറിയാമായിരുന്നു ഇങ്ങിനെയൊക്കെയെ നടക്കു എന്നു അതുകൊണ്ടാ ഞാൻ അവനോടു എന്റെ അടുക്കലേക്കു വരാൻ പറഞ്ഞത്.....
എന്തായാലും ഇക്ക ആചാരപ്രകാരം തന്നെ ബോഡി മറവു ചെയ്യണം ഒരു മകന്റെ സ്ഥാനത്തുനിന്നും ഞാൻ അതു ചെയ്തുകൊള്ളാം...
എന്റെ മനസ്സിൽ വന്നു ആരോ പറഞ്ഞുതന്ന പോലെ തോന്നി എനിക്ക്....
പോസ്റ്റുമാർട്ടം കഴിഞ്ഞു അവിടെ ഉള്ള ഗവർണമെന്റ് ശ്മശാനത്തിൽ ബോഡി മറവു ചെയ്തു...അടുത്തുള്ള ഒരു നദിക്കരയിൽ പോയി പിതൃദർപ്പണവും നടത്തി...ഇക്കായും ഭാര്യയും എല്ലാ കാര്യത്തിനും എന്റെ കൂടെ ഉണ്ടായിരുന്നു.....അന്നത്തെ ദിവസം ഇക്കയുടെ വീട്ടിൽ താമസിച്ചു.ഞങ്ങൾക്ക് കാര്യമായൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല ഒരു മരണവീടിന് സമാനമായിരുന്നു അന്നത്തെ ദിവസം അവിടുത്തെ അന്തരീക്ഷം ...അടുത്തദിവസം എന്റെ ജോലിസ്ഥലത്തേക്ക്‌ പോകുവാൻ തയ്യാറായി..അവിടെ നിന്നും കുറച്ചു ദൂരം ഉണ്ടായിരുന്നു....ഇക്കയോടും എല്ലാവരോടും യാത്രപറഞ്ഞിറങ്ങി....ഞാൻ ബസ്സിൽ കയറി....

10. മൂന്നുദിവസത്തിനുള്ളിൽ എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് ഊഹിക്കാൻ പോലും കഴിയുന്നുണ്ടാരുന്നില്ല....സത്യത്തിൽ ആരുടെ ഭാഗത്താണ് തെറ്റു???അല്ലെങ്കിൽ ആരാണ് ശരി??നല്ലരീതിയിൽ പഠിപ്പിച്ചു ഇല്ലായ്മകൾ ഒന്നും അറിയിക്കാതെ വളർത്തി വലുതാക്കിയ ആ വലിയ മനുഷ്യനാണോ???
.അതോ ഇംഗ്ലീഷ് മീഡിയം എല്ലാം പഠിച്ചു പുതിയ സംസ്കാര രീതികൾ പിന്തുടരുന്ന ഈ പുതിയ സമൂഹത്തിനാണോ??
.ആരോടാണ് ദൈവം തന്റെ കണക്കു പുസ്തകം തുറന്നു വക്കുക????
പിന്നെ എന്തിനു വേണ്ടിയാ ഇങ്ങിനെ ഒരു കുടുംബ ബന്ധങ്ങൾ.....???
ഒരുപാട് ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താനാവാതെ ഞാൻ
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകാൻ കഴിഞ്ഞ പുണ്യവുമായി... എന്റെ ജോലിസ്ഥലത്തേക്കു യാത്ര തുടങ്ങി....
യാത്രക്കിടയിലുള്ള സൗഹൃദങ്ങൾക്കു ആഴം കുറവാണെങ്കിലും മനസ്സിന്റെ ആഴത്തിൽ പതിഞ്ഞ ആ സൗഹൃദം എന്നും ഒരു നീറുന്ന നൊമ്പരമായി നിറഞ്ഞു നിൽക്കുന്നു............

പേര് : അനീഷ്‌ബാല കുനിപ്പാറ
ഇമെയിൽ : aneeshbala23@gmail.com
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo