നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമാൽ (കഥയെഴുത്ത്-മത്സരം) - Entry 16


"അനക്ക് ജ്യൂസടിക്കാനറിയാമോ"  

"പഠിക്കാം"

"ങ്ഹാഎന്നാ അകത്ത് പോയി വേഗം പഠിക്ക്എന്നിട്ട് വേണം ഒരിക്കലീ നൈഫിലെ ബല്ല്യ കച്ചോടക്കാരനാകാൻ "

രണ്ട് വർഷം മുൻപ് ആദ്യമായി ദുബായിലെ ആ പീടികയിലെത്തുമ്പോഴുള്ള ഹാസിമ്മിക്കയുടെ വാക്കുകൾ ഇപ്പോഴും സുഹാന്റെ ചെവികളിലുണ്ട്. വിമാനങ്ങളും ഹെലികോപ്ടറുകളുമില്ലാത്ത  അറബി നാട്ടിലെ ആകാശത്ത് പക്ഷികൾ മാത്രം എല്ലാം അവരുടേത് മാത്രമാണെന്ന മട്ടിൽ പാറിപറക്കുന്നു. അവയെക്കാളും ഉയരത്തിൽ അനന്ത വിഹായസ്സിലൂടെ പാറി പാറക്കണമെന്ന് വാശിപിടിച്ചപ്രപഞ്ചത്തെ നിയന്ത്രിക്കുമെന്ന് പറഞ്ഞ മനുഷ്യനിത് എന്തുപറ്റി?അറിയില്ല.

അറബി നാട്ടിലെ ആ മണൽപ്പരപ്പിൽ ഒരു അനാഥ പ്രേതത്തെ പോലെ ഹാസിമ്മിക്കയുടെ മൃത ശരീരം കബറടക്കുന്നത് അൽപ്പം ദൂരെ മാറി നിന്ന് സുഹാനും ഷെരീഫിക്കയും കണ്ടുഅവസാനമായി ഒരു നോക്ക് കാണാനും അന്ത്യ ചുംബനം നൽകാനും സുഹ്‌റ താത്തയില്ല.മക്കളായ ഖദീജയും ആമിനയുമില്ല.വീശിയടിച്ച കാറ്റ് പതിയെ  യാത്ര പറഞ്ഞ്  പോകാനൊരുങ്ങി. ആ മണല്പരപ്പിന്റെ ഏതെങ്കിലുമൊരു മൂലയിൽ നേർസിലിൻ എന്ന യെമൻകാരി സ്ത്രീ അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും. പെയ്തൊഴിഞ്ഞ മഴയുടെ ഈറൻ തുള്ളികൾ അവളുടെ കണ്ണുകളിൽ  ഒരുപക്ഷെ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ടാവുംഹാസിമ്മിക്കയുടെ ആത്മാംശത്തിലെ അവസാന തുള്ളിയും വായുവിലലിഞ്ഞ് ചേരുന്ന നിമിഷം പെയ്യാൻ ബാക്കി വച്ച മഴത്തുള്ളികളെ തൂവിക്കൊണ്ട് എവിടേയ്ക്കെങ്കിലും അവൾ മറയുമായിരിക്കും.

സുഹാൻ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ ഒരിക്കൽപ്പോലും ആ സ്ത്രീയുടെ മുഖം കണ്ടിട്ടില്ല. കറുത്ത ഹിജാബിനിടയിലെ കൺപീലികളാലല്ലാതെ ആരും അവരുടെ മുഖം അങ്ങനെ കാണാറില്ല. ചിറക് വിടർത്തി പാറുന്ന കരിമേഘ  പക്ഷിയെപ്പോലെ എപ്പോഴെങ്കിലും പറന്ന് വന്ന്കിട്ടുന്നതൊക്കെ കൊത്തിയെടുത്ത് അനന്തതയിലേക്ക് അവർ മറയും.

"അവർ ആരാണിക്കാ?"

കബറടക്കം കഴിഞ്ഞ് തിരികെ നൈഫിലേക്കുള്ള യാത്രയിൽ തിരക്കില്ലാത്ത റോഡിലൂടെ വളഞ്ഞും പുളഞ്ഞും പാതകൾ ചുറ്റി പായുന്ന കാറിന്റെ പിറക് സീറ്റിൽ പുറത്തെ കാഴ്ചകൾ നോക്കിയിരുന്ന ഷെരീഫിക്കയോട് അവൻ ചോദിച്ചു.

 " ഇടക്കിടെ സഹായം തേടിയെത്തും.കടയിൽ നിന്ന് മുടങ്ങാതെ ഭക്ഷണം കൊടുക്കും.ഹാസിമ്മിക്കയുമായി അഞ്ചാറ് വർഷത്തെ പരിചയമുണ്ട് "

‘അമാൽ’ എന്ന യെമൻ പെൺകുട്ടിയെ പറ്റി  മുൻപെങ്ങോ ഫേസ്‌ബുക്കിൽ  വായിച്ചതാണ് സുഹാന് ആ രാജ്യത്തെക്കുറിച്ച് ആകെയുള്ള അറിവ്. 'അമാൽ’ എന്ന പേരിന് പ്രതീക്ഷയെന്നാണ് അർത്ഥമത്രേ. ഏഴാം വയസ്സിൽ ചെങ്കടലിനെ ചുംബിച്ച് കിടക്കുന്ന മാതൃ രാജ്യമായ യെമനിലെ ആഭ്യന്തര യുദ്ദം മൂലം ശോഷിച്ചവശയായ അവളുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ നൊമ്പരമായി തീർന്നത്, ഉന്തി നിന്ന നെഞ്ചെല്ലിൻ കൂടാരവും  അസാധാരണമായ വലിപ്പത്തോടെ നീണ്ട് പിണഞ്ഞ ഞരമ്പുകളും പുറത്തേക്ക് തള്ളി നിന്നത്പേരിലെ പ്രതീക്ഷ പോലും ബാക്കി നിർത്താതെ ഒരു നവംബർ ഒന്നിന് സിറിയയിലെ ആഭ്യന്തര യുദ്ദം നിമിത്തം അസ്തമിച്ച എൺപത്തി അയ്യായിരം കുട്ടികളിലൊരാളായി അവൾ മാറിയത്.

മേൽച്ചുണ്ടിന് മുകളിലെ വടിച്ച് മാറ്റിയ മീശത്തടം തടവിക്കൊണ്ട് ഷെരീഫിക്ക പറഞ്ഞു.

"ഓരോ പത്ത് മിനിട്ടിലും ഓരോ കുഞ്ഞ് വീതം മരിക്കുന്ന രാജ്യത്ത് നിന്നും ഒരു അഭയാർത്ഥിയെപ്പോലെ പണ്ടെങ്ങോ എത്തിയതാണ് അവർ "

സോനാപൂരിൽ നിന്നും കാർ നൈഫിലെ 'മെഹ്താഭ് ഹാസിം ഖുറേഷി’എന്നെഴുതി വച്ചിട്ടുള്ള ചായക്കടയ്ക്ക് മുന്നിൽ വന്നു നിന്നു.ശ്വസിക്കാൻ പോലും ഭയന്ന ശാപകാലം കഴിഞ്ഞ ആലസ്യത്തിൽ  തെരുവുകൾ കിതയ്ക്കുന്നുണ്ടായിരുന്നു.അനസ്യൂതം ആളുകൾ തിങ്ങി നിറയുമായിരുന്ന  നൈഫിലെ ചെറുതും വലുതുമായ കടകളും അത്തർ മണം പൂശിയ  തെരുവോരങ്ങളും വൈകുന്നേരമായപ്പോഴേക്കും ചലിക്കാൻ തുടങ്ങി.നേപ്പാളികളും ബംഗാളികളും പട്ടാണികളും കൂട്ടത്തോടെ അവിടവിടെ നിന്ന്  കടലാസ്സ്  കോപ്പയിൽ വൈകുന്നേരത്തെ ചായ നുണയുന്നു.സജീവമായിക്കൊണ്ടിരിക്കുന്ന മാളുകളും പാർലറുകളും തേടി ഫിലിപ്പീനി സ്ത്രീകൾ പരക്കം പായുന്നു. അടച്ചിട്ട പീടികയ്ക്ക് സമീപത്ത് നിറുത്തിയിരുന്ന കാർ കണ്ട് കടയിലെ സഹായി പീറ്റർ എവിടെന്നോ പാഞ്ഞ് വന്നു. യാത്രക്കൂലി വാങ്ങി കാർ മടങ്ങിപ്പോയി.ഹാസിമ്മിക്കയുടെ ചായക്കടയിൽ ഇനിമുതൽ അദ്ദേഹമില്ല!ഷെരീഫിക്ക ദീർഘമായൊന്ന് നിശ്വസിച്ചു.

ഷെരീഫിക്കയും പീറ്ററും താമസ സ്ഥലത്തേക്ക് നടന്നു.കുറച്ച് നാൾ മുൻപ് വരെ നൈഫ് ശോകമൂകമായിരുന്നു.ഹാസിമ്മിക്കഎന്ന വിളിപ്പേരുള്ള മെഹ്‌താഭ് ഹാസിം ഖുറേഷി എന്ന മലബാറുകാരൻ പത്തിരുപത് വർഷങ്ങളായി നടത്തിപോകുന്നതാണ് നൈഫിലെ ചായ പീടിക.ചോറും,ബിരിയാണീം,കുഴിമന്തീം,സമൂസയും,ഏലയ്ക്കാ മണമുള്ള സുലൈമാനിയ്ക്കുമായി പാതിരാത്രി വരെ രുചി ഭേദങ്ങളില്ലാതെ രാജ്യങ്ങൾ വരി നിൽക്കുമായിരുന്നു.ഇരുട്ടിന്റെ മറ പറ്റി മെഹ്താബ് ഹാസിം ഖുറേഷി എന്നെഴുതിയ കടയുടെ മുകളിലൂടെ  സുഹാൻ ആകാശത്തേക്ക്  നോക്കി. നിറയെ നക്ഷത്രങ്ങൾ, ഉദിച്ച് നിൽക്കുന്ന ചന്ദ്ര ബിംബം.എല്ലാം പഴയതുപോലെ.സുഹാൻ പ്രതീക്ഷയോടെ റൂമിലേക്ക് നടന്നു.

ഒരാഴ്ച കഴിഞ്ഞ് വീണ്ടും കട തുറക്കുമ്പോൾ നൈഫ് കൂടുതൽ ഉണർവോടെ ഉയർത്തെഴുന്നേറ്റിരുന്നു. മാരകരോഗം വിട്ടൊഴിഞ്ഞശേഷമുള്ള പുതിയ ലോകം കാണാൻ സഞ്ചാരികൾ എത്തി തുടങ്ങി. എല്ലാം പുതിയൊരു തുടക്കമായി തീരട്ടെയെന്ന് പ്രത്യാശിച്ച് സുഹാൻ കട തുറന്നു. സുന്ദരമായ ഒരു ദിവസം മുഴുവനും മുന്നിൽ  ബാക്കി നില്പ്പുണ്ട്.

"വെറുമൊരു  അണുവിനെ  പേടിച്ച് തിന്ന് വീർപ്പിച്ച ദേഹം പൊതിഞ്ഞ് സൂക്ഷിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യൻ എത്ര നിസ്സാരനാണ്!" പ്രഭാത ഭക്ഷണം പാർസൽ പറഞ്ഞ് കാത്തിരിക്കുകയായിരുന്ന കഷണ്ടി കയറി കണ്ണട വച്ച  മലബാറുകാരൻ, നാട്ടിലെ പഴയ മാഷാണെന്ന് തോന്നുംഇപ്പോഴത്തെ മനുഷ്യ ജീവിതത്തെ അടയാളപ്പെടുത്തി. മേശ തുടച്ചു വൃത്തിയാക്കിയശേഷം പീറ്റർ കൊണ്ട്  കൊടുത്ത ചൂട് ചായ ഒരു കവിൾ അണ്ണാക്കിലേക്ക് കമിഴ്ത്തിക്കൊണ്ടയാൾ പത്ര താളുകൾ മറിച്ച് നോക്കി.

അകത്ത്‌ അടുക്കളയിൽ തിളച്ച എണ്ണയിൽ മുരിയുന്ന ഇറച്ചിയുടെയും മീനിന്റേയും മണം പൊന്തി. ഷെരീഫിക്ക നിത്യവുമുള്ള പാർസലുകാർക്കുള്ള പൊതികൾ തയ്യാറാക്കി വയ്ക്കുന്നതിനൊപ്പം പതിവ് തെറ്റിക്കാതെ രണ്ട് പൊതികൾ മുൻവശത്തുള്ള മേശമേൽ കൊണ്ട് വച്ചു. യെമൻ വിഭവങ്ങളായ മഡ്ഫൂണും സൽടാഹുമടങ്ങുന്ന പൊതികളിൽ ഈച്ച പറ്റാതിരിക്കാൻ സുഹാൻ അതിന് മീതെ ഒരു കുട്ട കമിഴ്ത്തി വച്ചു.

"ഇക്കാഅവർക്കുള്ള  ഭക്ഷണത്തിനായി ആരും ഇനി ഈ വഴിക്ക് വരുമെന്ന് തോന്നുന്നില്ല"

"ങ്ഹാവരുന്നെങ്കിൽ വരട്ടെ "

"മ്മ്‌ടെ ഹാസിമ്മിക്ക ഓരുടെ മുഖം കണ്ടിട്ടൊണ്ടാ? "

"ഒരിക്കൽ"

"എന്നിട്ട് മൂപ്പരെന്ത് പറഞ്ഞു?"

"ഓളുടെ ചന്തം പടച്ചോൻ ഓൾക്ക് കൊടുത്ത രണ്ടാമത്തെ ശിക്ഷയാണെന്ന് പറഞ്ഞു."

കടയുടെ മുന്നിൽ  അന്നേരം ഒരു കാർ വന്നു നിന്നു. അതിലിരുന്ന രണ്ട് പേരിൽ ഒരാൾ ഷെരീഫിക്കയെ ആംഗ്യം കാട്ടി അടുത്തേക്ക് വിളിച്ചുഎന്തോ ചോദിച്ചറിഞ്ഞ് കാർ എതിർ വശത്തുള്ള ഇലക്ട്രോണിക്സ് കടയുടെ പിറകുവശത്തേക്ക്  വളഞ്ഞ് പോയി.

"അവർ ആരാ ഷെരീഫിക്കാ?, എന്താ പ്രശ്‍നം?” സുഹാൻ വിവരം തിരക്കി.

ഷെരീഫിക്ക നെറ്റിത്തടം ചൊറിഞ്ഞ് ശബ്ദം താഴ്ത്തി പറഞ്ഞു." അവർ നേർസലിനെ തിരക്കി വന്നവരാണ്. എനിക്കറിയില്ലെന്ന് ഞാൻ പറഞ്ഞു"

"കുഴപ്പമാകുമോ?"

"എന്ത് കുഴപ്പംകണ്ടിട്ട് ആകെയൊരു പന്തികേട് "

ഞൊടിയിടയിൽബലിഷ്ഠമായ രണ്ട് കൈകൾ ഷെരീഫിക്കയുടെ കഴുത്തിന്  പിറകിലൂടെ ചുറ്റി മുറുകുന്നത് കണ്ട് സുഹാൻ അമ്പരന്നു.ഷെരീഫിക്കയുടെ നെഞ്ച് പിടയുന്ന ശബ്ദംബഹളം കേട്ട് അടുക്കളയിൽ നിന്നും പീറ്റർ ഓടി വന്നു. ചെറുക്കാൻ ശ്രമിച്ച സുഹാനോടും പീറ്ററോടും എന്തോ ഹിന്ദിയിൽ ഗർജ്ജിച്ചുകൊണ്ട് അയാൾ കഴുത്തിലെ പിടി അയച്ചു. ശ്വാസം കിട്ടാതെ വീർപ്പുമുട്ടുകയായിരുന്ന ഷെരീഫിക്ക കിതപ്പോടെ അയാളെ തിരിഞ്ഞു നോക്കി. കറുത്ത തലമുടി. മീശയിലും മുഖത്തും ചെമ്പൻ രോമങ്ങൾ.കൂർത്ത കണ്ണുകളിൽ ചോരപ്പൂവിന്റെ ചുകപ്പ്. ജീൻസും ബനിയനുമണിഞ്ഞ ഹിന്ദിക്കാരൻ അവിടെ വച്ചിരുന്ന പലകക്കഷ്ണം തട്ടിയെറിഞ്ഞ് ആക്രോശിച്ചുകൊണ്ട് പുറത്തിറങ്ങി. എതിർ വശത്തുള്ള ഇലക്ട്രോണിക്സ് കടയുടെ സമീപത്ത് നിർത്തിയിരുന്ന കാറിനടുത്തേക്ക് അയാൾ നടക്കുമ്പോൾ കാറിലുണ്ടായിരുന്ന രണ്ടാമൻ ഇറങ്ങി വന്നു.

"അതേയ്അയാളൊരു പാകിസ്ഥാനിയാണ്.വെറുതെ മലയാളികളുടെ വെല കളയരുത്. മിസ്റ്റർ ഹാസിമ്മിമ്മിനെ കാണാൻ മിക്കപ്പോഴും ഇവിടെ വരാറുള്ള  സ്ത്രീയെ അറിയില്ലെന്ന് കള്ളം പറഞ്ഞതുകൊണ്ടല്ലേ നിങ്ങളെ അയാൾ തല്ലാൻ വന്നത്. അവരെ  രണ്ട് ദിവസമായി കാണാനില്ല.അന്യ നാട്ടിൽ വന്ന് പെണ്ണുങ്ങളെ പെഴപ്പിച്ച് കുട്ട്യോളെ ഉണ്ടാക്കുമ്പം ആലോചിക്കണമായിരുന്നെന്നാണ് അയാളിപ്പോൾ പറഞ്ഞിറങ്ങിയത്"

അത്രയും പറഞ്ഞ് അയാൾ കാറിനടുത്തേക്ക് തിരികെ നടന്നു.ഇരമ്പുന്ന കാറിൽ   പാകിസ്താനിയുടെ മൊബൈൽ ശബ്ദിക്കുന്നുണ്ടായിരുന്നു. അമർഷത്തോടെയുള്ള സംഭാഷണം ധൃതിയിൽ അവസാനിപ്പിച്ച് കാർ മുരൾച്ചയോടെ തിരിക്കുന്നേരം അയാൾ കടയുടെ മുകൾ ഭാഗത്തെഴുതി വച്ചിട്ടുള്ള പേരിലൂടെ കണ്ണോടിച്ചു. ഹോട്ടൽ മാലിന്യങ്ങൾ  നിക്ഷേപിക്കുന്ന ഭീമൻ വേസ്റ്റ് ടാങ്ക് അകത്തേക്ക് കമിഴ്ത്തിയ ശേഷം കടന്നു പോയ  മുനിസിപ്പാലിറ്റി ലോറിയിൽ നിന്നും ചീഞ്ഞളിഞ്ഞ ഗന്ധം പരന്നു. ആ ഗന്ധം ശ്വസിച്ചുകൊണ്ട് കാർ ലോറിയുടെ പിറകെ പുക പരത്തി പാഞ്ഞുപോയി.

ഇരുണ്ട ആകാശത്തെങ്ങും ഒരു നക്ഷത്രം പോലുമുണ്ടായിരുന്നില്ല.താഴെ കാത് പൊട്ടുന്ന ശബ്ദകോലാഹലങ്ങളാണ്. പൊട്ടിച്ചിരികൾകൊഞ്ചലുകൾഉന്മാദ ശബ്ദങ്ങൾ,നിലവിളികൾഏതോ പ്രേരിത ശക്തിയാൽ സുഹാൻ അവിടേക്ക് ചെന്നു. ശുശ്രൂഷിക്കാനാരുമില്ലാതെ പേറ്റുനോവെടുത്ത് നിലവിളിക്കുന്ന ഗർഭിണികൾകുടുസ്സു മുറികളിൽ ശ്വാസം കിട്ടാതെ പിടയുന്ന പിഞ്ച് ബാല്യങ്ങൾ. പഠിക്കാനും കൂട്ടുകൂടാനും ആനന്ദിക്കാനുമാവാതെ ഉരുകി തീരാറായ  പിഞ്ചോമനകൾ.അറപ്പ് തോന്നിക്കുന്ന ലൈംഗിക ചൂഷണങ്ങൾ ഒരിടത്ത്ഭീതിപ്പെടുത്തുന്ന അടിമ കച്ചവടങ്ങൾ മറ്റൊരിടത്ത്. പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്ന മൃത ശരീരങ്ങൾ കൊത്തി വലിക്കാൻ കഴുകന്മാർ തയ്യാറായി നിൽക്കുന്നു. സുഹാൻ പുറത്തേക്കോടി. വിറയോടെ  ഓടിക്കിതച്ചെത്തുമ്പോൾ ഭാരമുള്ള ഉരുളൻ കല്ല് കൊണ്ട് ആ കെട്ടിട കവാടം മൂടിയിരുന്നു.ദേഹത്തേക്ക് പാഞ്ഞടുക്കാൻ തുടങ്ങിയ കല്ലിനെ തള്ളിമാറ്റാനെന്ന വിധം സർവ്വ ശക്തിയുമെടുത്ത് തള്ളി പുറത്ത് കൂട്ടിയിട്ടിരുന്ന മൺകൂനയിൽ വന്ന് വീണ് ഞെട്ടിയുണരുമ്പോൾ നേരം വെളുത്തിട്ടുണ്ടായിരുന്നു. ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത സ്വപ്‌നങ്ങൾ ഈയിടെയാണ് കാണാൻ തുടങ്ങിയതെന്ന് സുഹാനന്നേരം ഓർത്തുപോയി.

പിറ്റേദിവസം ഉച്ച കഴിയും വരെ കടയിൽ നല്ല തിരക്കായിരുന്നു. മുരിഞ്ഞ ഇറച്ചി മണം മാറി സമൂസയുടെയും പഴം പൊരിയുടെയും മണം പരന്നുപാർസൽ മൂടിവച്ച കുട്ടയ്ക്ക് ചുറ്റും വട്ടമിട്ട് പറന്ന ഈച്ചകളിലൊരെണ്ണം മച്ചിൽ തൂക്കിയ കീട നശീകരണ യന്ത്രത്തിൽ കുടുങ്ങി കരിഞ്ഞ് വീണു.പീറ്റർ കുട്ട തുറന്ന്  ഇന്നലെ വച്ച പഴകിയ ഭക്ഷണമെടുത്ത് ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു.

"പഴകിയ ഭക്ഷണം വിഷത്തിന് തുല്യം,പട്ടിണിക്കാർ പത്തറുപതിനായിരം പറന്ന് വരികിലും" അതു കണ്ട് നിന്ന മലബാറി മാഷ് സാഹിത്യം തടവിയിറക്കി പാർസലെടുത്ത് സ്ഥലം വിട്ടു. മുരിയാറായ പലഹാരം എണ്ണയിൽ നിന്ന് വാങ്ങാൻ പീറ്ററിനെ ചുമതലപ്പെടുത്തി ഷെരീഫിക്ക മുൻ വശത്തേക്ക് വരുന്നേരം സുഹാന്റെ മൊബൈൽ ഗൃഹാതുരത്വമുണർത്തുന്ന ഒരു ഗാനം പാടിക്കൊണ്ട് ശബ്ദിച്ചു.

"ഹലോ സുഹാനോടാണോ ഞാൻ സംസാരിക്കുന്നത്? "അങ്ങേത്തലയ്ക്കൽ ഒരു സ്ത്രീ ശബ്ദം. സുഹാൻ പരിഭ്രമത്തോടെ മൊബൈൽ സ്പീക്കർ മോഡിലേക്ക് മാറ്റി.

"സുഹാൻഎനിക്ക് നിങ്ങളെ അത്യാവശ്യമായി ഒന്ന് നേരിൽ കാണണം.അൽപ്പം വളച്ച് കെട്ടലുകളുടെ ആവശ്യമുണ്ടെന്ന് കൂട്ടിക്കോ. കഴിയുമെങ്കിൽ ഇന്ന് തന്നെ കാണണം അതും ഒറ്റയ്ക്ക്. എന്റെ സുഹൃത്ത് നിങ്ങളെ പ്രതീക്ഷിച്ച് അവിടെ പുറത്ത്  നിൽപ്പുണ്ട്....”

ഫോൺ മാറ്റി പിടിച്ച് സുഹാൻ പുറത്തേക്ക് നോക്കി.റോഡരികിൽ കാറുമായി ഇന്നലെ വന്ന പാകിസ്ഥാനി നിൽപ്പുണ്ട്‌.

"പേടിക്കണ്ടടോഒന്നുമില്ലേലും വിളിച്ചത് ഒരു പെണ്ണല്ലേപിന്നേഞാനിപ്പോൾ സംസാരിക്കുന്നത് നേർസിലിന്റെ ഫോണിൽ നിന്നാണ്. അതിലെ സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ളത്  മിസ്റ്റർ  മെഹ്‌താഭ് ഹാസിമിന്റെ പേരിലാണ്. വരാൻ മടിച്ചാൽ ഒരു പക്ഷേ താനും കുടുങ്ങിയേക്കും...ഹലോ...പിന്നേയ്ഇയാൾ വരുമ്പോൾ ആ ഭക്ഷണ പൊതികൾ എടുക്കാൻ മറക്കരുത്അതൊരു അപേക്ഷയാണ്  ”

ഭീഷിണിയും ഗൗരവും കലർന്ന മധുരമുള്ള ശബ്ദത്തിൽ ആ സ്ത്രീ പറഞ്ഞവസാനിപ്പിച്ചു.      "നമുക്ക് പൊലീസിലറിയിക്കാം” സുഹാന്റെ ചുമലുകളിൽ കൈ വച്ച് അത് പറയുമ്പോഴും ഷെരീഫിക്കയുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു.

"അതൊന്നും വേണ്ടിക്കാ ഞാനൊന്ന് പോയി വരാം. കുഴപ്പോന്നും കാണൂല ”എവിടെ നിന്നോ പകർന്ന് കിട്ടിയ ധൈര്യവുമായി രണ്ടാമതൊന്ന് ചിന്തിക്കാതെ സുഹാൻ കാറിനടുത്തേക്ക് നടന്നു. മറ്റേതോ ഒരു ബാഹ്യ ശക്തി അവനെ നിയന്ത്രിക്കുന്നതായി  ഷെരീഫിക്കയ്ക്ക് തോന്നി.അയാൾ തിടുക്കത്തിൽ  അകത്ത് പോയി രണ്ട്  പൊതികളെടുത്ത് സുഹാന്റെ കൈയ്യിൽ കൊടുത്തു.

"മോനെ...എന്തായാലും ഇത് വച്ചോളൂ. ആഹാരം നല്കുന്നവന്റെ കൈയ്യിൽ കടിക്കുന്നവർ അറബി നാട്ടില് കുറവാണ്" സുഹാൻ ഒന്നും മിണ്ടാതെ അതു വാങ്ങി കാറിൽ കയറി. പാകിസ്താനിയുടെ ചോര ചീന്തിയ കണ്ണുകൾ കാറിനുള്ളിൽ തിളങ്ങി. സിഗരറ്റ് കര പുരണ്ട ചുണ്ടുകൾ എന്തോ ശബ്ദിച്ചു.

"ആരെ പാർസൽ ലെക്കേ ആ...ആപ്കേലിയെ ഏക് യമൻ പാർസൽ ഉദർ ഭീ തയ്യാർ ഹെ"

കാർ കൊടുങ്കാറ്റായി പറന്നു. ചീറി പാഞ്ഞ കാറിനുള്ളിൽ  മുഴങ്ങിയ ഹിന്ദി ഗാനത്തിനൊപ്പം പാകിസ്താനിയുടെ ചുണ്ടുകൾ കൂടി ശബ്ദിച്ച് അലോസരപ്പെടുത്തിയപ്പോൾ സുഹാന് തല പെരുത്തു.ഇഴയുന്ന മെട്രോ ട്രെയിനുകളെയും, പച്ച നിറം തെളിയാനായി നിരനിരയായി കാത്തുകിടക്കുന്ന ഇളം മഞ്ഞയും ചുവപ്പും നിറത്തിലുള്ള  ടാക്സികളെയും വകഞ്ഞ് മാറ്റി മറ്റൊരു റോഡിലൂടെ സഞ്ചരിച്ച ആ വെള്ള കാർ ചെന്ന് നിന്നത് അജ്മാനിലെ  ഉൾപ്രദേശത്തുള്ള ഒരു പഴയ കെട്ടിടത്തിന്റെ  മുന്നിലാണ്.അടുത്തെങ്ങും മറ്റ് കെട്ടിടങ്ങളോ കടകളോ ഇല്ലാതെ തീർത്തും ഒറ്റപ്പെട്ട്  നിൽക്കുന്ന ഒരു പ്രദേശം. ചൂടുള്ള പൊടിക്കാറ്റ്  അവിടെങ്ങും വീശിയടിച്ചു. പെയിന്റ് പോയി ഉടൻ മറിഞ്ഞ് വീഴുമെന്ന് തോന്നിച്ച കെട്ടിടത്തിനുള്ളിലേക്ക്  നടക്കുമ്പോഴും പാകിസ്താനിയുടെ ചുണ്ടുകൾ ആ ഹിന്ദി ഗാനത്തെ ഹനിക്കുന്നുണ്ടായിരുന്നു. സുഹാൻ അയാളെ അനുഗമിച്ചു. ഒരേ  സമയം ഒരാൾക്ക് മാത്രം കടക്കാവുന്ന ഇടുങ്ങിയ ഇരുണ്ട ഇടനാഴിയിലൂടെ പാകിസ്ഥാനി മൊബൈൽ ടോർച്ച് തെളിയിച്ച് മുന്നോട്ട് പോയി.കുടുസ്സായ കുറെ മുറികളിൽ പല പല രാജ്യക്കാരായ  സ്ത്രീകളും കുട്ടികളും കാലടി ശബ്ദം കേട്ട് ശ്വാസമടക്കി നിൽക്കുന്നു. വീണ്ടും മുന്നോട്ട് നടന്നപ്പോൾ  അറബിയും ഹിന്ദിയും  കലർത്തിയുള്ള ഒരു സ്ത്രീ ശബ്ദം കേൾക്കയായി.ആ ശബ്ദം കൂടുതൽ  അടുത്തടുത്ത് വന്നു. ഒടുവിൽ ചെന്നെത്തപ്പെട്ടത് അത്യാവശ്യം  വലിപ്പവും പ്രകാശവുമുള്ള മുറിയിലേക്കാണ്.അവിടെ മുറിയുടെ  നേർ മധ്യത്തിലായി ഇട്ടിരിക്കുന്ന മേശയ്ക്ക് പിറകിൽ തടിച്ച് കൊഴുത്ത ഒരു  സ്ത്രീയിരിപ്പുണ്ട്. ഫോൺ സംഭാഷണം മതിയാക്കിയപ്പോൾ പാകിസ്ഥാനി അവരോട് എന്തോ പറഞ്ഞ് പുറത്തേക്ക് പോയി. സ്ത്രീയുടെ മുഖം സുഹാന് നേരെ തിരിഞ്ഞു.

"എന്താ തന്റെ പേര് പറഞ്ഞത്?" മൊബൈലിൽ കേട്ട മധുരം തുളുമ്പുന്ന മലയാളി സ്ത്രീ ശബ്ദം അവനോട് ചോദിച്ചു.

"സുഹാൻ"

"പേടിക്കണ്ട സുഹാൻഞാൻ കണ്ണൂർക്കാരിയാണ്. ജീവിക്കാൻ വേണ്ടി തന്നെപ്പോലെ സ്വപ്‌നങ്ങൾ കൂട്ടി വച്ച് ഒരിക്കൽ ഇറങ്ങി തിരിച്ചവൾ! മനുഷ്യക്കടത്തെന്ന് കേട്ടിട്ടുണ്ടോ സുഹാൻ?പത്ത് വർഷം മുൻപ് എത്തിപ്പെട്ടതാണ് ഞാൻ ഈ അറബിനാട്ടിൽ.ആവശ്യക്കാർ എല്ലാം കഴിഞ്ഞ് വലിച്ചെറിഞ്ഞപ്പോൾ കിട്ടിയ ജോലിയും ഒളിച്ചും പാത്തും ചെയ്യേണ്ട ഗതികേടോർത്ത് ആദ്യം കുറെ കരഞ്ഞു.കുടുംബം പട്ടിണിയിലാകുമെന്നോർത്തപ്പോൾ ശീലമാക്കാൻ ശ്രമിച്ചു"

ഗദ്ഗദത്തിനൊടുവിൽ ആ സ്ത്രീ കൂടുതൽ ഗൗരവം തോന്നിക്കുന്ന സംഭാഷണങ്ങളിലേക്ക് തിരിഞ്ഞു.

" ജോലി ചെയ്യുന്നതിനുള്ള അനുമതി പത്രമോ, ജനിച്ചതിന് രേഖകളോസ്കൂളിന്റേയോ ആശുപത്രിയുടെയോ തിണ്ണ പോലും കണ്ടിട്ടില്ലാത്തവരോ ആയ സ്ത്രീകളും കുട്ടികളുമടങ്ങുന്നവരാണ് ഇവിടത്തെ അന്തേവാസികളെല്ലാം. ഇവിടേക്കുവരുമ്പോൾ സുഹാൻ ആ സ്ത്രീകളെ ശ്രദ്ദിച്ചില്ലേ?അന്നം മുട്ടാതിരിക്കാൻ അടിമ വേലകൾ ചെയ്യാൻ വന്നവരാണവരെല്ലാം. അവിഹിത ഗർഭം പേറേണ്ടി വന്നപ്പോൾ ചിലരൊക്കെ അനാരോഗ്യകരമായ ഗർഭഛിദ്രത്തിന് ശ്രമിച്ച് രോഗികളായി തീർന്നു. എല്ലും തോലുമായി ആ കുടുസ്സ്മുറികളിൽ കഴിയുന്ന കുട്ടികളെ സുഹാൻ കണ്ടില്ലേ?കളിയും ചിരിയുമില്ലാതെ ജനനത്തിലെ അശാസ്ത്രീയത കൊണ്ട് തന്നെ രോഗികളാണ് ആ പിഞ്ചോമനകളിൽ മിക്കവരും. മാരകമായ രോഗം വന്നിട്ടും ആശുപതികളിൽ പോകാനോ, ജോലിക്ക് പോകാനോ  ആകാതെ ഉരുകിയുരുകി ജീവിതം ഹോമിക്കുന്ന അവിഹിത അമ്മമാരുണ്ടിവിടെ. നടന്നത് ബലാൽസംഗമായാൽക്കൂടി ഇരയും ശിക്ഷിക്കപ്പെടുന്ന നിയമങ്ങളുള്ള നാട്ടിൽ അവരെയൊക്കെ ആരാണ് സഹായിക്കാനുള്ളത് സുഹാൻഎല്ലാം അറിഞ്ഞുകൊണ്ട് ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്ന ചുരുക്കം ചിലരിൽ ഒരാളാണ് മിസ്റ്റർ മെഹ്‌താഭ് ഹാസിം. "

സുഹാൻ അമ്പരപ്പോടെ അവരെ കേട്ടിരുന്നു.

"ഇതുകൊണ്ടൊക്കെയാണ് ചില വളച്ചുകെട്ടലുകൾ ആവശ്യമാണെന്ന് തോന്നിയത്. ബാക്കിയെല്ലാം സുഹാനെ ഇവിടെയെത്തിക്കാനുള്ള പാകിസ്താനിയുടെ തിരക്കഥ. അതിന് ക്ഷമ ചോദിക്കുന്നു. ” ആ സ്ത്രീ സുഹാനെ മറ്റൊരിടത്തേക്ക് നയിച്ചു.

"സുഹാൻഒന്ന് എന്റെ കൂടെ വരൂ"

ഇടനാഴിയിലൂടെ നടന്ന് ആ സ്ത്രീ സുഹാനെ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ട് പോയി. വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ച ഉരുളൻ തടിക്കഷ്ണങ്ങൾ പോലെ  ഒരു മൂലയിൽ അവിടെ എന്തോ കൂട്ടിയിട്ടിരിക്കുന്നത് അവർ ചൂണ്ടി കാട്ടി.

 "ദാ അതിൽ ഒരെണ്ണം നേർസിലിനാണ്അവിഹിത ഗർഭത്തിൽ പിറന്ന അഞ്ച് വയസുള്ള മകളെ അനാഥയാക്കി അവൾ അവളുടെ ദുരിത ജീവിതത്തിന് വിരാമമിട്ടു. രണ്ട് ദിവസം മിസ്സിംഗ്‌ ആയിരുന്നു. കെട്ടിടത്തിന് പിറകിലായി മരിച്ച്‌ കിടന്നത് ഇന്നെലയാണ് കണ്ടത്. നേർസലിനിലൂടെയാണ് മിസ്റ്റർ ഹാസിം ഞങ്ങളെക്കുറിച്ചറിയുന്നത്. അവളെയും ആരോ ചതിച്ചതും അദ്ദേഹത്തിനറിയാമായിരുന്നു. അവൾക്കും മകൾക്കും കഴിക്കാനുള്ള ഭക്ഷണപ്പൊതികൾ മിസ്റ്റർ ഹാസിം എല്ലാദിവസവും ഇവിടെ എത്തിക്കുമായിരുന്നു. "

സമയവും സന്ദർഭവും നോക്കി കൂട്ടത്തോടെ സംസ്കരിക്കാൻ സൂക്ഷിച്ചിരിക്കുന്ന അനധികൃത മൃതശരീരങ്ങൾ! പാകിസ്ഥാനി സൂചിപ്പിച്ച പാർസൽ! സുഹാന് തല പെരുത്തു. അവൻ തിരിഞ്ഞ് കണ്ണുകൾ ഇറുക്കിയടച്ചു. മൂക്കുപൊത്തിപ്പിടിച്ച് അവർ സുഹാനെ മറ്റൊരു മുറിയുടെ അരികിലെത്തിച്ചു. അവിടെ വെളുത്ത് മെലിഞ്ഞ്കുഴിഞ്ഞ കണ്ണുകളുമായി ഒരു പെൺകുട്ടി ചുമർ പറ്റി നില്പുണ്ടായിരുന്നു. അവർ ആ പെൺകുട്ടിയെ പരിചയപ്പെടുത്തി.

"ഇവൾ അമാൽപുതിയ പ്രതീക്ഷനേർസിലിന്റെ മകൾ"

സുഹാന്റെ കൈയ്യിൽ തൂങ്ങിയാടുന്ന ഭക്ഷണ പൊതികൾ കണ്ട് അമാൽ ചിറി നക്കി തുടച്ചു. വിശപ്പകറ്റാനാകുമെന്ന പ്രതീക്ഷയിൽ അവളുടെ കുഴിഞ്ഞ കണ്ണുകളിൽ ഒരു തിരിനാളം തെളിഞ്ഞു. ഇറ്റു വീഴാൻ വെമ്പിയ ഉമിനീർ തുള്ളികൾ നുണഞ്ഞിറക്കി സുഹാന്റെ കൈകളിൽ നിന്നുമത് നേടിയെടുത്തപ്പോഴുള്ള അവളുടെ മുഖത്തെ  പുഞ്ചിരിക്ക് ചന്ദ്ര ബിംബത്തെക്കാൾ ശോഭയുണ്ടായിരുന്നു.

"നോക്കൂ സുഹാൻശ്വസിക്കാൻ പോലും ഭയക്കുന്ന ഞങ്ങൾക്ക് ആരെയും ഭീഷിണിപ്പെടുത്താനാകില്ല. ഏതാണ്ട് ആറ് വർഷം മുൻപ് മിസ്റ്റർ ഹാസിമിനോട്  ആവശ്യപ്പെട്ടതുപോലെനല്ല ഭക്ഷണം, വസ്ത്രംദയഅനുകമ്പ,…അതൊക്കെ മാത്രമാണ് ഇവൾക്ക് വേണ്ടിയും ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്. ഇതൊക്കെ നിങ്ങളെക്കൊണ്ട് സാധിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വിളിപ്പിച്ചത്. അതിൽ ഹാസിം സന്തോഷിക്കുകയേയുള്ളൂ. "

പിന്നെയും എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നിയെങ്കിലും ആ സ്ത്രീ പിന്നെ മിണ്ടിയില്ല. മുറിക്കുള്ളിലെ വെറും തറയിലിരുന്ന് ആർത്തിയോടെ ആഹാരം വാരി വിഴുങ്ങുന്ന അമാലിനെ സുഹാൻ കൈവിരലുകളാൽ ചുംബിച്ചു. ഹൃദയം നുറുങ്ങുന്ന വേദനയിൽ ഒരിക്കൽ കൂടി അവളെ നോക്കിയശേഷം പുറത്തേക്ക് നടന്നു. ഗുഹാ കവാടം പോലുള്ള വാതിൽ അവിടെ തുറന്നിരിപ്പുണ്ടായിരുന്നു. പൊടിക്കാറ്റിൽ പാറിപ്പറന്ന പകൽ മായാൻ  തുടങ്ങിപൊടുന്നനെ ഇറുന്നു വീഴാൻ തുടങ്ങിയ മഞ്ഞിൻ തുള്ളിയെ കണ്ണോട് ചേർത്ത് നടന്നകലുമ്പോൾ എവിടെ നിന്നോ  ശോകാർദ്രമായ ഒരു പേർഷ്യൻ ഗീതം മൂളുന്നുണ്ടായിരുന്നു. 

Written by വിനോദ് ആനന്ദ് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot