നല്ലുണ്ണ്യൂര്....
വടക്കു നിന്നിങ്ങ് തെക്ക് അച്ചൻ കോവിലാറ്റിന്റെ കരയിൽ വന്നിരുന്നും ഭക്തനെ കാക്കുന്ന വടക്കും നാഥന്റെ നാട് ....
എന്റെയും.
ഒരേ സമയം ഹൃദയത്തെ പൊള്ളിയ്ക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന ഓർമ്മകൾ ഉറങ്ങുന്ന നാട് .
65 വർഷങ്ങൾക്കിടയിൽ എന്റേതെന്ന് ഞാൻ പറയാനിഷ്ടപ്പെടുന്ന ഒരേയൊരു നാട് .
ഓ...ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ...അല്ലേ?
നിങ്ങൾക്കറിയുന്നുണ്ടാവില്ല.
ഈ നാടുപേക്ഷിച്ച് പോയിട്ട് 42 വർഷമായി.
ഇന്നൊരു തിരിച്ചു വരവാണ്. ഓർമ്മകളിലൂടെ....
ക്ലിം... ക്ലിം... ബെല്ലടിച്ചു കൊണ്ട് എന്റെ സൈക്കിളിൽ ആ ഇടവഴിയിലൂടെ.... ഏലാ തോടിന്റെ കരയിലൂടെ.... കൈത പൂത്തു നിൽക്കുന്ന വയൽ വരമ്പിലൂടെ പോകുമ്പോഴാണ് കിലുകിലെ ചിരിച്ചും കൊണ്ടൊരു കിലുക്കാംപെട്ടി മുന്നിലേക്ക് എടുത്തു ചാടിയത്...
ഇരുനിറത്തിൽ രണ്ടുവശവും കെട്ടിയ ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും പതിഞ്ഞമൂക്കുമായി ഒരു കുഞ്ഞിക്കുരുത്തക്കേട് പെണ്ണ്. പെട്ടെന്ന് അവൾ സൈക്കിളിനു മുന്നിലേക്ക് ചാടിയതു കൊണ്ട് എന്റെ ബാലൻസ് പോയി വീഴാൻ തുടങ്ങി. ഒരു വിധത്തിൽ വീഴാതെ ഒരു കാൽ താഴെ ചവിട്ടി നിർത്തി നിന്നു. അതിനിടയിൽ വളരെ ചെറുതായി സൈക്കിളിന്റെ ഹാൻഡിൽ അവളുടെ കയ്യിലൊന്ന് തട്ടി. "എവിടെ നോക്കിയാടി നടക്കുന്നെ ?" ചോദ്യം തീരും മുമ്പേ അവൾ ഉറക്കെ കരയാൻ തുടങ്ങി. അവൾക്ക് പിന്നാലെ ഓടി വന്ന കൂട്ടുകാരി ഞാനെന്തോ വലിയ തെറ്റു ചെയ്ത പോലെ നോക്കാനും കൂടി തുടങ്ങിയതോടെ "വഴിയിലൂടെ ഓടിക്കളിക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ " എന്ന് പറഞ്ഞിട്ട് മുഖത്ത് നോക്കാതെ വേഗം സൈക്കിൾ ആഞ്ഞുചവിട്ടി ഞാൻ പോയി. അടുത്ത വളവ് തിരിയും മുമ്പേ ഞാൻ അവളുടെ ചിരി വീണ്ടും കേട്ടു. വീട്ടിൽ ചെന്നിട്ടും പിന്നെ ഓരോ പണികൾ ചെയ്യുമ്പോഴും കാതുകളിൽ നിറയെ അവളുടെ ചിരിയായിരുന്നു. എവിടെയൊക്കെ പോകുമ്പോഴും അവിടെയൊക്കെ അവളെ കാണാൻ തുടങ്ങുന്ന മാന്ത്രികത അനുഭവിക്കുകയായിരുന്നു പിന്നീട്. ഒരിയ്ക്കൽ പോലുമൊന്ന് മിണ്ടിയിട്ടില്ല. കണ്ണുകളറിയാതെ ഇടയുമ്പോഴൊക്കെയും അവൾ പെട്ടെന്ന് നോട്ടം മാറ്റും. മലയരിക്കുന്ന് അമ്പലത്തിന് വടക്ക് കുളത്തിനപ്പുറം നീണ്ടുനിവർന്നു കിടക്കുന്ന വയലിനക്കരെയാണ് അവളുടെ വീട്...
തോട്ടത്തിലെ രാധാകൃഷ്ണൻ നായരുടെ മകളാണ്....
സമ്പന്നനെങ്കിലും ഹൃദയം നിറയെ നൻമയുള്ളയാളാണ് തോട്ടത്തിൽ രാധാകൃഷ്ണൻ നായർ എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
ഞാനോ....
ചാണകം മെഴുകിയ തറയിൽ ഓലക്കുടിലിൽ ഉണ്ണാനും ഉടുക്കാനുമില്ലാതെ കിടക്കുന്നവൻ...
എന്നോ ഉപേക്ഷിച്ചു പോയ അച്ഛനെയും ഓർത്ത് പ്രലോഭനങ്ങളിലൊന്നും വീഴാതെ അയൽവക്കങ്ങളിലെ അടുക്കളയിൽ.... വയലിൽ... പണിയെടുക്കുന്ന ലക്ഷ്മിയുടെ മകൻ....
അപ്പുറത്തേ വീട്ടിലെ ഉണ്ണിയ്ക്ക് പുതിയ സൈക്കിൾ കിട്ടിയപ്പോൾ പഴയത് ദാനമായി എനിയ്ക്ക് കിട്ടി. വിശക്കുമ്പോഴും സങ്കടം വരുമ്പോഴും ഞാനാ വഴിയിലൂടെ സൈക്കിളോടിക്കും...
അന്ന് അങ്ങനെ പോകുമ്പോഴാണ് വീണ്ടും അവളെ കണ്ടത്. കൂട്ടുകാരി കൂടെ ഇല്ലെന്ന് കണ്ടപ്പോൾ ഒരു വാക്ക് മിണ്ടാൻ തോന്നി. അടുത്ത് കൊണ്ടുചെന്ന് സൈക്കിൾ നിർത്തി. അവൾ ചുറ്റിലും നോക്കി പേടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ചിരി വന്നു. "നിന്റെ പേരെന്താ? എത്രാം ക്ലാസിലാ പഠിക്കുന്നെ ?" എന്റെ ചോദ്യം കേട്ട് മുഖമുയർത്തി നോക്കി. കണ്ണുകളിൽ ഒരാശ്വാസം നിറയുന്നുണ്ട്. "കാർത്തിക, എല്ലാരും പൊന്നൂന്ന് വിളിയ്ക്കും. ഞാൻ 8ആം ക്ലാസിലാ പഠിക്കുന്നെ. അണ്ണന്റെ പേരെന്താ? " പിന്നെ ഒരു പെരുമഴയായിരുന്നു. ചോദ്യങ്ങളുടെ പെരുമഴ...
പിന്നെപ്പിന്നെ കാണുമ്പോൾ ചിരിയ്ക്കാൻ തുടങ്ങി...മിണ്ടാനും....
അവളുടെ സ്കൂളിൽ തന്നെയായിരുന്നു ഞാനും പഠിച്ചിരുന്നത്, 10-ാം ക്ലാസു വരെ ... നല്ല മാർക്കോടെ പാസായി. പക്ഷേ....പിന്നെ പഠിക്കാൻ ഒന്നും പോയില്ല. അമ്മയുടെ ആരോഗ്യം മോശമാണ്. അതുകൊണ്ട് കെട്ടിടംപണിയ്ക്കു പോയി തുടങ്ങി. ഒരു അനിയൻ ഉണ്ട്. അവനെ വിശപ്പറിയാതെ പഠിപ്പിച്ചു. കാലം കടന്നുപോയി.... ഞാനും പൊന്നുവും അടുത്ത കൂട്ടുകാരാണ് ഇപ്പോൾ. എന്തും പരസ്പരം തുറന്നു പറയുന്ന സൗഹൃദം. ഒരു ദിവസം വളരെ സങ്കടത്തിലാണ് പൊന്നു വന്നത്. അവൾ കൃഷ്ണൻ നായർ മെമ്മോറിയൽ കോളേജിൽ പ്രീഡിഗ്രി രണ്ടാം വർഷമാണ്. എനിയ്ക്ക് അന്ന് അവരുടെ വയലിലായിരുന്നു പണി. ക്ലാസു കഴിഞ്ഞ് അന്നത്തെ വിശേഷങ്ങളുമായി അവൾ എന്നെ കാണാൻ വരാറുണ്ട്. ലൈബ്രറിയിൽ നിന്നെടുത്ത നല്ല ചില പുസ്തകങ്ങളും കൊണ്ടു തരും. ചിലപ്പോഴൊക്കെ അവളുടെ അച്ഛനും കൂടെ ഉണ്ടാവും.
അന്ന് അവളൊറ്റയ്ക്കാണ് വന്നത്.
ബസ് സ്റ്റോപ്പിൽ ഒരു ചായക്കടയുണ്ട്. ചേലങ്ങേലെ മുതലാളിയുടെയാണ് ആ കട. നല്ല ദോശയും സാമ്പാറും, പുട്ടും പഴവും, പാലപ്പവും മുട്ടക്കറിയും, വെട്ടുകേക്കുമൊക്കെ കിട്ടുന്നതു കൊണ്ട് എപ്പോഴും കടയിൽ തിരക്കാണ്. ഉമ്മയുടെ കൈപ്പുണ്യം നാട്ടിലൊക്കെ പ്രശസ്തമാണ്.
അന്ന് പൊന്നു ബസിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ പരിമ്പ്രത്തെ വേണു അവളോട് ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞെന്ന്. വേണുവും ഞാനും ഒരുമിച്ചു പഠിച്ചതാ.... പെൺകുട്ടികൾ അവനൊരു ഭ്രമമാണ്. സ്കൂളിൽ വച്ച് എത്രയോ പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നു. പൊന്നു അവനോട് താത്പര്യം ഇല്ലെന്ന് പറഞ്ഞിട്ട് മുന്നോട്ട് നടന്നു. ഓരോന്ന് പറഞ്ഞ് അവനും പിന്നാലെ കൂടി. വയലിന് മുമ്പുള്ള തെങ്ങിൻ തോപ്പിൽ വച്ച് അവൻ അവളുടെ കയ്യിൽ കയറിപ്പിടിച്ചു. ബലപ്രയോഗത്തിനിടയിൽ അവളുടെ കയ്യിലെ കുപ്പിവളകളൊക്കെ പൊട്ടി കൈയ്യാകെ ചോരയൊലിച്ചിരിക്കുകയാണ്. തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് വേഗം അവളുടെ കൈ തുടച്ച് കുളത്തിലെ വെള്ളത്തിൽ കൊണ്ടു പോയി കൈ കഴുകി വൃത്തിയാക്കി ആശ്വസിപ്പിച്ചു വീട്ടിലേക്ക് വിട്ടു. തൽക്കാലം അച്ഛനോട് ഒന്നും പറയണ്ട. വേണുവിന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്ന് വാക്കു കൊടുത്തു. അന്നു വൈകിട്ട് മുഴുവൻ അതു തന്നെയായിരുന്നു ആലോചന. രാത്രി 8 - മണിയൊക്കെയായപ്പോൾ പരിമ്പ്രത്തേക്ക് പോയി. വേണുവിനെ കണ്ടു. ഒന്നുമറിയാത്തതു പോലെ അവൻ എന്നോട് സംസാരിച്ചു. പതിയെ അവനേ വിളിച്ച് പുറത്തേക്ക് നടന്നു... ഏലാത്തോടിന്റെ കരയിലേക്ക്. അവിടെ ചെന്നപാടെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചു.
ആദ്യമൊന്ന് പകച്ചെങ്കിലും കാര്യം മനസിലായപ്പോൾ അവന്റെ ശൈലി മാറി.. "നിന്റെ പെണ്ണാണെന്ന് അറിഞ്ഞില്ലാ.. ഇനി പിന്നാലെ നടക്കില്ല " എന്ന് ക്ഷമ ചോദിച്ചു. പിന്നെ അവനെ സമാധാനത്തിൽ വിളിച്ച് അടുത്തിരുത്തി പറഞ്ഞു. " അവൾ എന്റെ പെണ്ണല്ല. അവളുടെ അമ്മാവന്റെ മകൻ കാർത്തികേയനുമായി അവൾ ഇഷ്ടത്തിലാണ്. പിന്നെ, എനിയ്ക്ക് ... അവളെന്റെ ഏറ്റവും നല്ല കൂട്ടുകാരിയാണ്. അവളുടെ കണ്ണുനിറയുന്നത് ഞാൻ കണ്ടുനിൽക്കില്ല " എന്ന്. തൃപ്തിയില്ലാത്ത ഒരു മൂളലായിരുന്നു അവന്റെ മറുപടി. അവന്റെ ഉള്ളിൽ നുരഞ്ഞുയർന്ന പക ഞാൻ തിരിച്ചറിഞ്ഞില്ല, പിറ്റേന്ന് അവളുടെ അച്ഛൻ എന്നെ പിടിച്ചു നിർത്തി അടിയ്ക്കും വരെ. ഞാനും പൊന്നുവും തമ്മിൽ ഇഷ്ടത്തിലാണെന്നും അത് ശരിയല്ലെന്ന് പറഞ്ഞതിന് ഞാൻ അവനെ ഉപദ്രവിച്ചെന്നുമൊക്കെ അവൻ അദ്ദേഹത്തോട് പറഞ്ഞു. മോശമായ ചില സാഹചര്യങ്ങളിൽ ഞങ്ങളെ വയൽ വരമ്പിൽ കണ്ടിട്ടുണ്ടെന്നും കൈമാറുന്ന പുസ്തകങ്ങൾക്കിടയിൽ കത്തുകൾ ഒളിപ്പിക്കുന്നുവെന്നുമൊക്കെ പൊടിപ്പും തൊങ്ങലും വച്ച് കഥ മെനഞ്ഞ് അവൻ ഞങ്ങളെ ശത്രുക്കളാക്കി. പൊന്നുവിന്റെ കല്യാണം ഉടനേ തന്നെ നടത്താൻ അവർ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് കുറച്ചു പൈസ ശരിയാക്കിയാൽ ഗൾഫിലേക്കൊരു വിസ ഒപ്പിച്ചുതരാമെന്ന് അമ്മയുടെ ഒരകന്ന ബന്ധു പറയുന്നത്. ഉണ്ടായിരുന്ന വീടും വസ്തുവും പണയത്തിലാക്കി പൈസ ഒപ്പിച്ചു കൊടുത്തു. പെട്രോൾ പമ്പിലായിരുന്നു ജോലി. കിട്ടുന്ന ശമ്പളം മിച്ചം പിടിച്ചൊരു ചെറിയ വീട് വച്ചു. അനിയനു ഗവൺമെന്റ് ജോലിയായി. അവൻ കൂടെ ജോലി ചെയ്ത പെൺകുട്ടിയെ കല്യാണം കഴിച്ചു. ഇതിനിടെയെങ്ങും ഞാൻ നാട്ടിലേക്ക് വന്നേയില്ല. അമ്മയെ കാണുമ്പോഴൊക്കെ പൊന്നു എന്നെ തിരക്കാറുണ്ട്. 42 വർഷം കഴിഞ്ഞു.... ഇന്നോളം ഒരു വിവാഹം കഴിയ്ക്കാൻ തോന്നിയിട്ടേയില്ല. അമ്മയ്ക്കിപ്പോ 82 വയസായി. ഈയിടെയായി ചിലആരോഗ്യപ്രശ്നങ്ങൾ ഉണ്ട്... എന്നെ കാണണമെന്നും പറഞ്ഞ് കരച്ചിൽ ആണ്...
അതു ഞാൻ ഇവിടെ വന്നതു മുതൽ അമ്മ അങ്ങനെയാണ്...
അല്ലെങ്കിലും കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞാണല്ലോ...
എനിയ്ക്കും അമ്മയേം അനിയനേമൊക്കെ കാണാൻ തോന്നാറുണ്ട് പക്ഷേ.... ടിക്കറ്റെടുക്കാൻ ചിന്തിക്കുമ്പോഴേക്കും പിന്നീടാവാമെന്ന് തോന്നും. അങ്ങനെ നീണ്ടു നീണ്ടു 42 വർഷങ്ങൾ കഴിഞ്ഞു. 23 ആം വയസ്സിൽ വിമാനം കയറിയതാണ്. ഞാൻ കണ്ണാടിയിലേക്കൊന്നു നോക്കി. കറുത്ത കനമുള്ള മുടി കൊഴിഞ്ഞ് കഷണ്ടിയായിട്ടുണ്ട്. ചെവിയ്ക്കിരുവശവുമുള്ള മുടിയും താടിയുമൊക്കെ നരച്ചിരിക്കുന്നു. ചെറുതായി കുടവയറുണ്ട്. നെഞ്ചിലെ രോമങ്ങൾക്കിടയിലും വെളുപ്പ് കലർന്നിട്ടുണ്ട്. പൊന്നുവും നരച്ചിട്ടുണ്ടാവുമോ? നാട്ടിൽ ആകെയുള്ള സൗഹൃദം അവളാണ്. ഇത്രയും വർഷങ്ങൾ കഴിഞ്ഞും സ്നേഹം നിറഞ്ഞ ആ കണ്ണുകളും ചിരിയും ഓർമ്മയിൽ പോലും ആശ്വാസം പകരുന്നുണ്ട്. ഇത്തവണ നാട്ടിലെത്തണം. ഇന്ന് ജൂലൈ 15 ആണ്.ആഗസ്റ്റ് 15- സെപ്റ്റംബർ 20 ആണ് ലീവ്. ടിക്കറ്റെടുത്തു. പിന്നീടൊരു തിരക്കായിരുന്നു. ഓരോരുത്തർക്കും വേണ്ടി സമ്മാനങ്ങൾ വാങ്ങിച്ചു. അനിയനൊരു മൊബൈൽ. അവന്റെ ഭാര്യയ്ക്ക് , അനിയത്തിയ്ക്ക്, ഒരു വാച്ച്. കുഞ്ഞിന് കുറച്ച് ഡ്രസും കളിപ്പാട്ടവും . അമ്മയ്ക്ക് .... അമ്മയ്ക്കെന്താ വാങ്ങേണ്ടത്? അറിയുന്നില്ല.... കുറച്ച് നട്ട്സും ബദാമും ഒന്നു രണ്ടു സാരിയും ഒരു സ്വർണ്ണമാലയും വാങ്ങി. പൊന്നുവിന്....
അവൾക്ക് ഞാൻ ഒന്നും വാങ്ങിയില്ല...
ആഗസ്റ്റ് 15 ന് നാട്ടിലെത്തി.
എന്തൊരു മാറ്റമാണിവിടെ.!!!
എന്റെ നാടല്ല ഇതെന്ന് തോന്നുന്നു.
അമ്മ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു...
സദ്യവട്ടമൊരുക്കി അനിയനും ഭാര്യയും കാത്തിരിക്കുകയായിരുന്നു. ഊണു കഴിഞ്ഞൊന്നുറങ്ങിയിട്ട് വൈകുന്നേരം പൊന്നുവിന്റെ വീട്ടിലേക്ക് പോയി.. അവളുടെ അച്ഛനും വയസ്സായി. കണ്ടിട്ട് എന്നെ മനസിലായില്ല. പേരു പറഞ്ഞപ്പോൾ കണ്ണിൽ കുറ്റബോധം നിറയുന്നതു കണ്ടു. പൊന്നു പിറ്റേ ദിവസം വരുന്നുണ്ടത്രേ... അന്നുമുഴുവൻ വല്ലാത്തൊരു വെപ്രാളമായിരുന്നു. അവളെ കാണാൻ ....
ആദ്യമായെന്റെ കണ്ണിലൂറിയ പ്രണയം തിരിച്ചറിഞ്ഞതും തിരുത്തിയതും സുഹൃത്തായ് കൂടെ വേണമെന്ന് ആവശ്യപ്പെട്ടതും അവളാണ്.
ആ വാക്കു പാലിക്കുവാനാണിന്നോളം ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കാഞ്ഞതും .
പൊന്നുവുമായുള്ള സൗഹൃദത്തിന് ഭാര്യ തടസമുണ്ടാക്കിയാലോ ...?
ഓരോന്നാലോചിച്ചിരുന്ന് രാത്രി വൈകിയാണ് ഉറങ്ങിയത്. പിറ്റേന്ന് ഉച്ചയൂണും കഴിഞ്ഞ് പൊന്നുവിന്റെ വീട്ടിലേക്കിറങ്ങി. ഏലാത്തോടിനടുത്തെത്തിയപ്പോൾ പൊന്നുവിനെ കണ്ടു. വരുന്ന വഴിയാണ്. മുടിയൊക്കെ നരകയറിത്തുടങ്ങി. കണ്ണുകൾ ലേശം കുഴിഞ്ഞ് വിഷാദാത്മകമായിരിക്കുന്നു. എങ്കിലും ആ തിളക്കം ... അതു നഷ്ടമായിട്ടില്ല. കൂടെ ആരുമില്ല.... അപ്പോഴാണ് ഞാൻ ഓർക്കുന്നത്. പൊന്നു എന്നെക്കുറിച്ച് ചോദിച്ചു എന്ന് മാത്രമേ അമ്മ പറഞ്ഞിട്ടുള്ളൂ. അവളെക്കുറിച്ച്
ഞാൻ ഒന്നും ചോദിച്ചിട്ടില്ല. അമ്മ ഒന്നും പറഞ്ഞിട്ടുമില്ല. വീട്ടിലേക്ക് നടക്കുന്നതിനിടെ അവളെല്ലാം പറഞ്ഞു. കല്യാണം കഴിഞ്ഞ് ആഗ്രഹിച്ചതു പോലെ സന്തോഷം നിറഞ്ഞ... സ്നേഹം നിറഞ്ഞ 3 വർഷക്കാലത്തെ ജീവിതം. ഗർഭിണിയായി 5ാം മാസത്തിലെ ആക്സിഡന്റ്... കാർത്തികേയന്റെ മരണം...
അലസിപ്പോയ ഗർഭം...
നില തെറ്റിയ മനസുമായുള്ള രണ്ടു വർഷക്കാലത്തെ ആശുപത്രിജീവിതം...
പിന്നെയിത്ര കാലവും ഒറ്റയ്ക്ക്....
അച്ഛനും അമ്മയ്ക്കും സഹോദരനും ഭാരമാവാതെ...
മിണ്ടാനായില്ല തിരിച്ചൊന്നും...
ഞങ്ങൾ നടന്ന് അവളുടെ വീടെത്തി...
അച്ഛൻ സന്തോഷത്തോടെ മകളെ ചേർത്തു നിർത്തി...
ഒരാഴ്ച നിൽക്കാനുണ്ടാവുമെന്നാണ് അവൾ പറഞ്ഞത്. ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല.
ഓർമ്മകളിൽ നിന്നുണർന്ന് കലണ്ടർ എടുത്തു നോക്കി.
ഇന്ന് ബുധൻ...
ഇന്നാണ് അവൾ തിരികെ പോകുന്നത്. യാത്രയാക്കാനോടി ചെന്നു ഞാനും...
യാത്രപറഞ്ഞിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
ഞാൻ അവളുടെ അച്ഛന്റെ ചാരു കസേരയ്ക്കരികിലേക്ക് ചെന്നു മുട്ടുകുത്തി അടുത്തിരുന്നു....
പതിയെ ചോദിച്ചു....
"ഇനി എനിയ്ക്കു തരുമോ ഈ പൊന്നുവിനെ?"
അവളതു കേട്ട് ഞെട്ടിത്തിരിഞ്ഞു.
അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ കൈകൾ നനയ്ക്കാൻ തുടങ്ങി.
ഞാൻ അവളെ തിരിഞ്ഞൊന്ന് നോക്കി. കണ്ണുകൾ തുളുമ്പുന്നുണ്ട്. പഴയ പാവാടക്കാരിയെ ഓർമ്മ വന്നു. പതിയെ അടുത്ത് ചെന്നു. കൈ നീട്ടി.... മറ്റേതോ ലോകത്തിലെന്നപോലെയാണവൾ നിൽക്കുന്നത്. പെട്ടെന്നാരോ അവളുടെ കൈ പിടിച്ചെന്റെ കയ്യിലേൽപിച്ചു...
നെറുകയിൽ തൊട്ട ആശീർവാദവുമായി അച്ഛൻ...
വാതിലിനടുത്തപ്പോൾ അവളുടെ അമ്മ നേര്യതിന്റെ തുമ്പുകൊണ്ട് കണ്ണു തുടക്കുന്നുണ്ടായിരുന്നു...
കൈകൾ കോർത്ത് ഞങ്ങളാ
ഏലാത്തോടിന്റെ കരയിലൂടെ....
ഇടവഴിയിലൂടെ .....
ഇനിയെത്ര കാതങ്ങൾ ....
ഇനിയെത്ര സ്വപ്നങ്ങൾ....
=============================
താത്രിക്കുട്ടി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക