നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കർമ്മധാരേയൻ (കഥ)

…………………….

കുംഭ മറയ്ക്കാതെ ഉടുമുണ്ടു മാത്രം ചുറ്റി അരച്ചുമരിൽച്ചാരിയിരുന്ന്   കഴിഞ്ഞ എട്ടു നാഴികയായി തറവാടിന്റെ ഉമ്മറക്കഴുക്കോൽക്കൂട്ടത്തിൽത്തന്നെ കണ്ണെടുക്കാതെയിരുന്ന ആ വൃദ്ധനോട് ആ വാർത്ത കേട്ടപാതി കേൾക്കാത്തപാതി, ദൂരെ എവിടെയൊ നിന്ന് തടിമഞ്ചലിൽ നാലുപേരുടെ തോളിൽ കയറിവന്ന കൂടപ്പിറപ്പ് മാധവി തമ്പുരാട്ടിയുടെ ചോദ്യം. മറുപടിയുണ്ടായിരുന്നില്ല .പകരം മുറ്റത്ത് നിറയെ ഏതാണ്ട് എഴുപത് കിലോ തൂക്കം തെക്കെങ്ങോ മുതൽ എണ്ണിയാൽ തീരാത്ത പാടങ്ങളും ചക്രവാളം മുട്ടുന്ന പടിഞ്ഞാറെ മുറ്റവും ഓടി കടന്ന് ചുമ്മികൊണ്ട് വന്ന നാലു ശരീരങ്ങളുടെ കിതപ്പും ശ്വാസവും മാത്രം. മറുപടിക്കായി അവർ കാത്തു നിന്നപ്പോൾ കഴുക്കോലിൽ ചലനമറ്റു കിടന്നിരുന്ന അയാളുടെ ദൃഷ്ടികോണുകളിൽ ചെറുതെളിനീരുറവകൾ. പിന്നെ സാവധാനം മറക്കുടയുടെ പിടി അയഞ്ഞുകൊണ്ടിരുന്ന വയോവൃദ്ധയായ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി അത് പൊട്ടിയൊഴുകി.

നെഞ്ചത്തും നെറുകന്തലയിലും നെടുംകൈ വീണശബ്ദം. ഓരിയിടുന്ന നായ്ക്കളേ പോലെ കരയുന്നരണ്ടു സങ്കടങ്ങൾ തറവാട്ടു ഭിത്തിയിൽ ഓടി ചെന്നു തലതല്ലി കരഞ്ഞു.

അപ്പോഴെല്ലാം ചെമ്പേരിയുടെ ഊടുവഴികൾ താണ്ടിയ പല നിറങ്ങളുള്ള കാലുകളിൽ കൂടി
ആ വാർത്ത ഓരോ വീടും കയറിയിറങ്ങി നടക്കുകയായിരുന്നു.ഓടിട്ടതും
ഓലമേഞ്ഞതുമായ വീടുകൾക്ക് താഴെ കുഴഞ്ഞ ശബ്ദത്തിൽ അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കങ്ങനെ ഓടിക്കൊണ്ടെ
യിരുന്നു. കാട്ടുതീയായി ഒരു ചിരി നാട്ടിൽ പടർന്നു കയറവെ പ്ലാപ്പളളിതറവാട്ടിൽ ജൻമം
കൊണ്ടവർക്ക് അതിന്റെസുഖശീതളിമ, ഊറ്റം കൊണ്ട പാരമ്പര്യസമൃദ്ധി ഇതെല്ലാം അന്നാദ്യമായി എടുത്താൽ പൊങ്ങാത്ത ഭാരങ്ങളായി തോന്നി. സമ്പന്നമായ പാരമ്പര്യത്തിനുംജൻമിത്വത്തിനും ചന്ദ്ര ദിശകൾ ഏറെയുണ്ടായിരുന്ന തറവാടിന്റെ കുമ്മായ ചുവരുകളിൽ ചാരിയിരുന്നു പോയ ശരീരങ്ങൾ.

സത്യാണോ ഇത്തവണയും
മാറ്റല്യാ….. ?

ചെമ്പില് ഭഗോതി ചതിച്ചു…
ഇത്തവണേം …….i

ബാക്കി കേൾക്കാൻ കഴിയാതെ തമ്പുരാട്ടി ഇരുചെവികളും ഈ ലോകത്തു നിന്നും തന്റെ നിവർന്ന കൈതടങ്ങളാൽ മറച്ചു.

അൽപ്പസമയം മാത്രം .കാതുകളിൽ ഒരു ചെറു നായയുടെ മോങ്ങൽ. ഇരുവരും അതു കേൾക്കാനാവാത്തതുപോലെ ചെവിത്തടം ആഞ്ഞ് പൊത്തിപ്പിടിച്ചു. ഏതോ നീച രാശിയിലെ പേരറിയാൻ പാടില്ലാത്ത ഏതൊക്കെയൊ ഇരുൾ ഗർത്തങ്ങളിൽ വീണുപോയ തറവാടിന്റെ ഐശ്വര്യം ആ ശബ്ദത്തിൽ അശാന്തമായി ഒരു നാളത്തിനായി തപ്പി തടയുന്നു.

“.....ആറു തൂക്കവും പക്ക നേദ്യവും
അരയാൽ കാവിലെ നൂറുംപാലും
ഒക്കെ കഴിഞ്ഞിട്ടും ഇതിനെന്താ ദേവ്യേ മാറ്റല്യാത്തത് ……? ഒരു രോദനം തമ്പു
രാട്ടിയുടെ ആകാശത്തേക്കുയർന്ന നനഞ്ഞ മുഖത്തു നിന്നും അശരീരി കണക്കെ മുകളിക്ക് പോയി. മറുപടിയായിട്ടെന്ന വണ്ണം മുറ്റത്തു മാനം തൊട്ടു നിന്ന പാലമരത്തിനും അതിനു തെക്കു മാറിയ മരുതിമരത്തിനും കുടുന്നയിൽ വടക്കൻ കാറ്റ് കുരുന്നിലകളെ തഴുകി ശബ്ദിച്ചതല്ലാതെ മറ്റൊന്നും അപ്പോൾ സംഭവിച്ചില്ല.

ആ മരങ്ങൾക്ക് ഒരു വലിയ
കഥ നമ്മോടു പറയാനുണ്ട് പരസ്പരം മൂന്നു ഗജം മാത്രം ദൂരമുള്ള രണ്ടു മഹാ വൃക്ഷങ്ങൾ .മണ്ണിൽ നീട്ടി കുഴിച്ച വലിയ പൊത്തുകളിൽ വട്ടയിലയിട്ട് തറവാട്ടച്ചൻമാർ അടിയാർക്ക് ചോറു കൊടുത്തിരുന്ന കാലത്ത് അവർ യുവാക്കളായിരുന്നു . മണ്ണിൽ അധികം വണ്ണം വയ്ക്കാതെ, ശിഖരങ്ങൾ പടർന്നു കയറാതെ, എല്ലാ ഓണക്കാലത്തും ചക്കരകയറുകളിൽ ഇളം തലമുറയെ ഊഞ്ഞാലാട്ടിയിരുന്ന യുവാക്കൾ .അവർ പോലും ആഗ്രഹിക്കാതെ വിയർപ്പു
തുള്ളികൾ പതിഞ്ഞ മനുഷ്യജീവികൾ അവരുടെ ശരീരങ്ങളോട് ചേർത്തു കെട്ടിയിടപ്പെട്ടിട്ടുണ്ട് .കല്ലേ പിളർക്കുന്ന ഉഗ്രശാസനകൾ വീണിരുന്ന നാവുകൾ. ചുവന്ന നിറം പറ്റിയ വേരുകളായിരുന്നു അന്നു പലപ്പോഴുമുണ്ടായിരുന്നത് .ഒന്നുകിൽ അപ്പന്റെ ചുണ്ടിൽ നിന്നും രണ്ടു വിരൽ അകലത്തിൽ കൂടി വീഴുന്ന നാക്കില മണമുള്ള പാൽ കറ, അല്ലെങ്കിൽ കയർ കെട്ടി വരഞ്ഞ ശരീരത്തിൽ അടിയേറ്റ് തളർന്ന കുടിയാന്റെ ചുടുചോര. രണ്ടായാലും ചുവന്ന നിറം പിടിക്കാൻ എന്നും എന്തെങ്കിലുമൊന്ന് കാണുമായിരുന്നു അവരുടെ വേരുകളിൽ . അതൊക്കെ ഒരു കാലം. യവ്വനമായിരുന്നു അത്. ഒരു വൃക്ഷത്തിന്റെപ്രതികരണമില്ലാത്ത ക്ഷോഭമില്ലാത്ത വിധേയ യൗവ്വനം.

ഒരിക്കൽ ഒരു നാൾ ഒരു നായ വഴി തെറ്റി തെക്കൻ മുറ്റത്ത് എത്തപ്പെടുമ്പോൾ ആ സാധു മൃഗത്തേക്കാൾ യുവാക്കളായ മരങ്ങൾ ഭയന്നു പോയി. ഒട്ടും വൈകാതെ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഇരുകാലികളായ മനുഷ്യർക്ക് പോലും അപ്രാപ്യമായ പ്ലാപ്പളിയുടെ മുറ്റത്ത് നാലു കാലും വാലുമായി പരതി നടന്നശുദ്ധമാക്കിയ ശ്വാനനെതിരെ കാരണവരുടെ ഉഗ്രശാസനം മുഴങ്ങി.

മരുതിയിൽ നിന്നും പാലയിലേക്കായി വലച്ചു
കെട്ടിയ കയറിൽ നാലുകാലുകളും വെട്ടിമുറിക്കപ്പെട്ട ശ്വാനന്റെ പ്രാണൻപിടയുന്ന രോദനം ഓടി നടന്ന പകൽ കാലം. പിന്നെയാ മിണ്ടാപ്രാണി സൂര്യനില്ലാത്ത സന്ധ്യക്ക് ചുവന്നതെങ്കിലും തീരെ വിലയില്ലാത്ത പട്ടി ചോരയിൽ മരുതിമരത്തിന്റെ വേരു നനച്ച് ഇഹലോകവാസം വെടിഞ്ഞു.

അകത്തേ മൂത്തോർക്ക് അന്നേ ദിവസം
ഒൻപതാം മാസവും പതിനാറാം ദിവസവു
മായിരുന്നു .അകം പുറം വേർതിരിയേണ്ട നാളാവുന്നു നിറഗർഭിണിയായ മൂത്താരുടെ വയറു തിരുമ്മിചൂടുവെള്ളം പകർന്ന വയറ്റാട്ടി ഒടുവിലാ കാഴ്ച കണ്ട് കണ്ണു തളളി പോയി .ആറ്റുനോറ്റ സന്തതി പിറന്നു. പക്ഷെ കാലില്ല പകരം ശ്വാനന്റെയെന്നതു പോലെ ശോഷിച്ച പിൻ കാലുകൾ. തണുത്ത കാറ്റേറ്റ പുൽനാമ്പു പോലെ അത് തുളളി വിറക്കുന്നു. കഴുത്ത് മുതൽ തലയിലേക്ക് അത് മനുഷ്യ കുഞ്ഞുതന്നെ പക്ഷെ ശുഷ്കമായ നെഞ്ചും അതിനെ പൊതിയുന്ന ഇളംതൊലിയും നിറയെചെമ്പൻ രോമങ്ങൾ എഴുന്നു നിൽക്കുന്നു. അതിനു താഴെ ആയാസപ്പെട്ട് ഉയർന്നു താഴുന്ന വയറിലാവട്ടെ ചെമ്പു നിറം തിങ്ങിനിറഞ്ഞ് കാണപ്പെട്ടു.നാവിന് കട്ടി കുറഞ്ഞ ആ വിചിത്ര രൂപംഒന്നുകരയുന്നതും കാത്ത് വയറ്റാട്ടി നിശ്ചലമായി നിന്നു. ഒടുവിലത് സംഭവിച്ചു ഒരു മഹാദുരന്തത്തിന്റെ പ്രതീക്ഷിതമായ ഉപസംഹാരമെന്നതു പോലെ വൈകൃതം നിറഞ്ഞ ഒരു ഓരിയിടൽ.

വേദനയിലും ഞെട്ടലിലും പ്ലാപ്പള്ളി നിശബ്ദമായി .ഉഗ്രശാസനകളെ ആ ഓരിയിടൽ അത് നിമിഷങ്ങൾ കൊണ്ട് അടിത്തൂൺ പറ്റിച്ചു. ഒടുവിൽ ആ സത്യം സോമവംശ പാരമ്പര്യത്തിൽ ഊറ്റം കൊണ്ടിരുന്ന തമ്പുരാൻ തലകളെ അവമതി കൊണ്ടും ദു:ഖം കൊണ്ടും പാതാളത്തിലേക്ക് താഴ്ത്തി.

ദേവകി തമ്പുരാട്ടിയുടെ കടിഞ്ഞൂൽ... ‘

ഒരു ഇളം നായ കുട്ടിയുടെ ശബ്ദം വിണ്ടും മുഴങ്ങി. ഇനി ഒട്ടും കേൾക്കാൻ പാടില്ലാത്ത ശബ്ദം .അതിനി ഈ തറവാട്ടിൽ വേണ്ട ആരെക്കെയൊ അങ്ങനെ തീരുമാനിച്ചു. അതു കേൾക്കേണ്ട താമസംമാത്രം,
അകായിലെ പേറെടുത്ത മുറിയുടെ നാലു ചുവരുകൾ വിട്ട ആ വിചിത്ര ശബ്ദം അവിടെ നിന്ന് വരാന്തകൾ പിന്നിട്ട് അറപ്പുരയും ഓട്ടുരുളിയും കർപ്പൂര വിളക്കും കൂട്ടം കൂടിയ വടക്കൻചായ്പും കടന്ന് ഉമ്മത്തുമരങ്ങൾ നിരതിങ്ങിയ കാവിന്റ ഉള്ളിലേക്ക് കാര്യസ്ഥന്റ കൈയ്യിലിരുന്ന് നീങ്ങി. പിന്നെയെപ്പോഴോ മച്ചിൽ ഭഗവതിയുടെ ഇടത്തെ ജനാലക്കപ്പുറമുള്ള വിഷളികാവിലെ നനഞ്ഞ മണ്ണിൽ സാവധാനം
അലിഞ്ഞില്ലാതെയായി.

അതൊരു തുടക്കമായിരുന്നു. ഒരു വലിയ തുടർച്ചയുടെ തുടക്കം ദേവകി തമ്പുരാട്ടി
യിൽ ആരംഭിച്ച് മകൾ മാളവികയിലൂടെ ഇളയ അനുജത്തി രാധയിലൂടെ ഇന്ന് ഉഷയിൽ എത്തി നിൽക്കുന്ന തുടർച്ച. ഇതിനിടയിൽ ആരുമറിയാതെ അടക്കം ചെയ്യപ്പെട്ട ശബ്ദങ്ങൾക്ക് ഉമ്മത്തു മരങ്ങളും അതിനേക്കാൾ തലയെടുപ്പോടെ മുറ്റത്തു നിന്നിരുന്ന പാലയും മരുതും മാത്രം സാക്ഷിയായി. അതൊരു തുടർച്ചയായി
രുന്നു. അന്നുതൊട്ട് ഇന്നുവരെ തറവാട്ടിനെ വരിഞ്ഞ തുടർച്ച…….

നിക്കതിനെ വേണം ന്റ കുഞ്ഞിനെ……..

എല്ലാം ഓർത്ത് കോലായിൽ മരത്തിന്റെ തുഞ്ചാണിക്കൂട്ടം നോക്കിയിരുന്ന ഓപ്പോളും അനിയനും ആ ശബ്ദം കേട്ട് തല ഉയർ
ത്തി അകത്തേക്ക് നോക്കി.

പെറ്റെഴുന്നേൽക്കാതെ അകായിലെ കട്ടിലിൽ നിന്നും വിറച്ചു വീണ ഉഷയുടെ ശബ്ദം അത്ര വ്യക്തമായിരുന്നു. ഉമ്മത്തു മരങ്ങളുടെ ചുവടുകളിലേക്ക് നീങ്ങിയ കാലുകളെ അത് നിശ്ചലമാക്കി .അവിടെ മാത്രമല്ല അതാദ്യമായി ശ്വാനപാദം ആ തറവാട്ടിൽ പതിയാൻ മാത്രം ശക്തിയുമുള്ളതായിരുന്നു.

ഒടുവിൽ അതു സംഭവിച്ചു മറുപടിയില്ലാതിരുന്ന വെളുത്ത രൂപങ്ങൾ കാൺകെ

ഗതകാലങ്ങളുടെ പാരമ്പര്യ കെട്ടി മാറാപ്പുകൾക്കും തൊട്ടുകൂടായ്മകൾക്കും അവസാനം കുറിച്ച് ശോഷിച്ച ശ്വാനപാദങ്ങളും ചെമ്പൻ രോമങ്ങൾ തിങ്ങിയ ഉടലുമായി ആ വിശിഷ്ടമായ ജൻമം ഒരു വലിയ കാലം നരന്റെയും നായയുടേയും രക്തം വീണമുററത്തും വരാന്തകളിലും ഓടി കളിച്ചുതുടങ്ങി……


Written by Jyothilal G Thottathil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot