നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിൻസൻറ്മീറലിൻറെ വളർത്തുമൃഗങ്ങൾ! (കഥ)


Best of Nallezhuth - No 12
ഡിസംബറിൻറെ മഞ്ഞുതുള്ളികൾ നിരാലംബമായ് പൊഴിയുവാനാകാതെ മരച്ചില്ലകളിൽത്തന്നെ കീഴ്ക്കാംതൂക്കായ് ഉറഞ്ഞുനിന്ന ഒരു പ്രഭാതമായിരുന്നു അത്.!
ശരീരത്തിൽ കുത്തുന്ന ശിശിരസൂചികളുടെ

പുകവലയങ്ങളിലൂടെ വിൻസറ്മീറൽ വേച്ചുവേച്ച് നടന്നു.
കൂടെ,വർഷങ്ങൾക്കപ്പുറം ഇതേവഴിയിലൂടെയുണ്ടായ ഒരു യാത്രയുടെ മൃഗസഹജമായ ഓർമ്മ അയവെട്ടി അലൻ എന്ന ആ ചെമ്മരിയാടും.
യജമാനനായ കിഴവൻ മീറലിനെപ്പോലെ വൃദ്ധവും വേച്ചതുമായിരുന്നു അതിൻറേയും ചുവടുകൾ.
ഹിമം പെയ്തടിഞ്ഞ വഴിയോരങ്ങളിലെ വീടുകളുടെയെല്ലാം മുന്നിൽ തൂക്കിയ,ക്രിസ്തുമസ് നക്ഷത്രങ്ങളുടെ നിറഭേദങ്ങളെ നോക്കി,അടുത്തുതന്നെ വന്നണഞ്ഞേക്കാവുന്ന വസന്തകാലത്തിൻറെ വർണ്ണവൈവിധ്യങ്ങളെ ഗർഭംപേറിയ ശാഖികളോടെ ട്യൂലിപ്മരങ്ങളും ഇലയുതിർന്ന്..മരച്ചുനിന്നു.
"അപ്പുപ്പാ.. അതിനെ വിറ്റുകളയല്ലേ,ഡിലൻ എനിക്ക് വയലിൻ കൊണ്ടുത്തരാമെന്ന് ഏറ്റിട്ടുള്ളതല്ലേ?'
വീട്ടിൽനിന്നിറങ്ങുമ്പോൾ,കേട്ടതായ് ഭാവിക്കാതെയും മറുത്തൊന്നും പറയാതെയും അവഗണിച്ചതെങ്കിലും അന്നയുടെ വാക്കുകൾ മീറലിൻറെ ചെവികളിൽ അപ്പോഴും തങ്ങിനിന്നിരുന്നു.
ഡിലനോയി!
കഴിഞ്ഞ വസന്തകാലത്താണ്,ചാൾസ് രണ്ടാമൻ രാജാവിൻറെ മുഖഛായയും ജോൺ മിൽട്ടൻറെ കാവ്യഭംഗികലർന്ന സംഭാഷണ ചാതുരിയുമുള്ള അവനെ മീറൽ ആദ്യമായ് കാണുന്നത്.ഒരേ ഉരുവത്തിലെ രണ്ട് ചരിത്രവൈരുദ്ധ്യങ്ങളുടെ കൂടിക്കലർപ്പുകളിൽത്തന്നെ ഡിലനോയി,ചലിക്കുന്ന ഒരു തമാശയായേ കിഴവന് തോന്നിയുള്ളൂ. പിന്നീട് അസ്മീർ പുഷ്പച്ചന്തയിൽനിന്നും മുന്തിയയിനം പൂക്കൂടകളുമായ് അവൻ അന്നയെ പെണ്ണുചോദിച്ചുവന്നതോടെയാണ് മീറലിന് ആ തമാശ കാര്യമായ് അലട്ടാൻതുടങ്ങിയത്.
റെഡ് ലൈറ്റ് ഡ്സ്ട്രിക്ടിലെ അവൻറെ ജോലിതന്നെയായിരുന്നു,രണ്ടാമതൊന്നാലോചിക്കാതെ അവനെ ആട്ടിപ്പുറത്താക്കാനും പിന്നീടിങ്ങോട്ടും ഈ യാത്രയിലുടനീളവും വെറുപ്പോടെ ഓർക്കാനും കാരണമായത്.
അവനെപ്പറ്റിയുള്ള കൊച്ചുമകളുടെ വാചകങ്ങളുടെ ഉൾക്കിടിലം അയാളുടെ ഇടയ്ക്കൊന്നുകുറഞ്ഞ കാൽചലനങ്ങളെ വേഗത്തിലാക്കി.
ആംസ്റ്റർഡാമിൽ താൻ വരുന്നതുമുതലേയുള്ള സാമുവേൽ മാർവേലിൻറെ റൊട്ടിക്കടയോളമെത്തിയപ്പോഴാണ് ആവേഗം ഒന്ന് കുറഞ്ഞത്.
മുന്നിലെ വിളക്കുകാലിൽ ആടിനെ കെട്ടി,മീറൽ കടയ്ക്കുള്ളിലെ സുഖമുള്ള ഇളംചൂടിലേക്ക് കയറി.
അതിനിടയിൽ,പടികളിലൊന്നിൽ മരച്ചെരുപ്പുടക്കി കിഴവൻ വീഴാനൊരുങ്ങുന്നതുകണ്ട്,പാൽക്കട്ടി ശ്രദ്ധയോടെ പകർന്നുവച്ചുകൊണ്ടുനിന്ന പാത്രമവിടിട്ട് മാർവെൽ മീറലിനുനേരേ കൈയുനീട്ടി.വളരെ നാളിനുശേഷമുള്ള ഒരു ചിരിയുടെ ആയാസതയോടെ പക്ഷേ മീറൽ അത് നിരസിച്ചുകൊണ്ട്,തീയ്യുകാഞ്ഞ് നാലുകാലിൽ അലസമായ് നിന്നുറങ്ങുന്ന ബഞ്ചുകളിലൊന്നിലമർന്നു.കാലിടറിയ മരപ്പടികളുടെ കോണുകൾ ഇപ്പോഴും കണ്ണുകൾക്ക് പിടിതരാതെ നിരാകൃതമായ്തന്നെ കിടക്കുന്നത് കണ്ട് കിഴവൻ വിളറി.
കടയിൽ പത്തിരുപതു വയസ്സിൻറെ ചടുലതയോടെ വൃത്തിപ്രവൃത്തികളിലേർപ്പെട്ടുനിന്നിരുന്ന ഒരുത്തൻ,മിൽട്ടൻറെ കവിതാശകലങ്ങൾ തെറ്റിച്ചാണെങ്കിലും മൂളിക്കൊണ്ടിരുന്നത് അയാളിലുടലെടുത്ത വിളർച്ചയെ ഒന്നുകൂടി കൂട്ടി.
"അന്ധതയായുസ്സിൻ പാതിയെത്തും മുന്നേ
ഇനിയുമെത്രയോ ചെയ്യുവാനുള്ളെന്നിൽനിന്നും
അങ്ങെന്തിനാണീ വെളിച്ചം നീക്കിക്കളഞ്ഞത്"
ഇതിനിടെ,
"കുറേ നാളായല്ലോ-പിന്നീട് വർഷങ്ങളായല്ലോയെന്ന് തിരുത്തി-ഇങ്ങോട്ടൊക്കെ കണ്ടിട്ട്" എന്ന് ഒരു നല്ല കച്ചവടക്കാരൻറെ സൗമ്യതയോടെ മാർവേൽ,അയാളോട് കുശലാന്വേഷണംനടത്തി.അപ്പോഴേക്കും പഴയ പതിവുകാരന് പ്രിയമായിരുന്നതായ് ഓർമ്മയുള്ള അൽപ്പം കൂടുതൽ മൊരിഞ്ഞ റൊട്ടികളും,കൂടെ ജാമും പാൽക്കട്ടിയും മാർവേൽ മീറലിനുമുന്നിലേക്ക് എടുത്തുവച്ചിരുന്നു.കുറച്ചുമുന്നേ അയാളുടെ കൈയ്ത്താങ്ങ് നിരസിച്ച അതേ ചിരിയോടെ മീറൽ ചായമാത്രം ആവശ്യപ്പെട്ടു.
അന്നത്തെ ദിവസം ആദ്യമായ് മീറലിൻറെ വായിൽനിന്നുതിർന്ന ആ സ്വരം നനഞ്ഞിരുന്നു.
കവിടിക്കപ്പുകളിലേക്ക് പകർന്ന ചൂടുചായ പരവേശത്തോടെ മോന്തി,മീറൽ അകംതണുത്തൊന്ന് നിശ്വസിച്ചു.വയസ്സൻവായയിൽനിന്നപ്പോൾ കൊടുംതണുപ്പിൻറേതോ ചായയുടേതോ എന്ന് ഇഴപിരിച്ചെടുക്കാനാവാത്ത ഒരു നീരാവിവട്ടം പുറപ്പെട്ട് മാർവെലിൻറെ മുഖത്തുതട്ടി.അതിൻറെ പ്രാചീനമായ ദുഷിച്ച ഗന്ധം പക്ഷേ,ഒരു റൊട്ടിക്കടക്കാരൻറെ നിർവൃതിയോടെ അയാൾ മുകർന്നെടുത്തു.അതിനൊപ്പം വിടർന്ന കണ്ണുകളിലേക്ക്,പുറത്തെ വിളക്കുകാലിനു കീഴേയുള്ള നാലുകാൽ ചലനങ്ങളുടക്കി.
"ഇതെന്താ താങ്കളീ ആടുമായാണോ വന്നത്?"
അൻപതുവയസ്സിൻറെ തഴക്കത്തോടെ ആ ചെമ്മരിയാടിൻറെ പ്രായവും ഏകദേശം കൃത്യമായ തൂക്കവും അതിനകം മാർവേലിൻറെ ജരബാധിക്കാത്ത കണ്ണുകൾ അളന്നെടുത്തിരുന്നു.
"അതേ മാർവേൽ..ഞാനവനെ ഇവിടേക്കുതന്നെ കൊണ്ടുവന്നതാണ്"
കുറച്ചു നിമിഷങ്ങൾക്കുശേഷം,കൂറമണമുതിരുന്ന പഴകിപ്പിഞ്ചിയ കമ്പിളിയുടുപ്പിൻറെ കീശയിലേക്ക് പത്ത് പൗണ്ട് എണ്ണിത്തിട്ടപ്പെടുത്താതെതന്നെ തിരുകിവച്ച്,മീറൽ എഴന്നേറ്റു.
ഊരിവച്ച മരച്ചെരുപ്പുകളിൽ കുഞ്ചിരോമങ്ങൾ പോലെ പറ്റിയ മഞ്ഞിൽ വഴുക്കി ഇടംവലമുലഞ്ഞ ചുവടുകളോടെ അയാൾ അലനടുത്തെത്തി.
റൊട്ടിക്കടയുടെ പിറകിലെ ലായത്തിൽനിന്നു വരുന്ന ആട്ടിൻചോരയുടെ മണമുള്ള കാറ്റിൽ,ഏതോ ചില ഓർമ്മകളിൽ കെട്ടപ്പെട്ടപോലെ,തിര്യക്കുകളുടെ ഒരു മുഖഭാവത്തോടെ അതങ്ങനെ നിൽക്കുകയായിരുന്നു.
വിളക്കുകാലും വിജനമായ പാതയും, അരികിലെ, ഇടതൂർന്ന് ഇലയൂർന്ന് കുത്തിനിറുത്തിയ അസ്ഥിപഞ്ചരങ്ങളെപ്പോലെയുള്ള മരങ്ങളോടുമൊപ്പം യജമാനനും ആ വളർത്തുമൃഗവും,മഞ്ഞിനേക്കാൾ ഉറകൂടുന്ന ഒരു മൗനത്തിൽ ആമഗ്നമായി.
റൊട്ടിയടുപ്പിൻറെ ചൂടുപകർന്ന ഒരു മുരടനക്കവുമായ് ആ തണുത്ത മൗനത്തിനേ ഉടച്ച് മാർവെൽ വന്ന് അലൻറെ വിളക്കുകാലിലെ കെട്ടഴിക്കുന്നതുവരെ.
അതിനേയുംകൊണ്ട് അയാൾ ലായത്തിലേക്കു നടക്കുന്നത് തിരിഞ്ഞൊന്ന് നോക്കുകപോലും ചെയ്യാനാവാതെ കിഴവൻ നടന്നുതുടങ്ങി.
ഒൻപതുവർഷങ്ങൾക്കുമുന്നേ റൈൻനദിയുടെ തീരത്തെ ആഷ്മരക്കൂട്ടങ്ങൾക്കിടയിൽനിന്നും അവനെ കണ്ടെത്തിയ ആ ദിവസം കാഴ്ചയുടെ അപാരതകൾ മങ്ങിത്തുടങ്ങിയ വൃദ്ധനയനങ്ങൾക്കുമുന്നിൽ,പുകമഞ്ഞിൻറെ നേരിയ മങ്ങൽപോലുമില്ലാതെ തെളിഞ്ഞു.
ധ്രുവപ്പൂച്ചകളുടെ ഇടയിൽനിന്ന് അവനെ രക്ഷിച്ചെടുത്തതും മാർവേലിൻറെ കടയിൽനിന്നുള്ള ഇത്തരമൊരു മടക്കത്തിലായിരുന്നല്ലോ എന്ന് വേദനയോടെ ഓർത്തു.
ആയുസ്സിൻറെ സന്ധ്യയിരുണ്ടുതുടങ്ങിയ വഴിയരികിലെ മരക്കൂട്ടങ്ങൾക്കിടയിലിരുന്ന്,ഒരായിരം ധ്രുവപ്പൂച്ചകൾ പല്ലിളിക്കുന്നതായ് അയാൾക്കുതോന്നി.
ദിവാലൈൻ തെരുവിലെത്തിയപ്പോഴേക്കും ഇരുട്ടായിത്തുടങ്ങിയിരുന്നു.!
അതിനൊപ്പം ജനങ്ങളുംകുഴഞ്ഞ തെരുവിലൂടെ വാദ്യോപകരണങ്ങൾ വിൽക്കുന്ന ഒരു കടയ്ക്കായ് അയാൾ തട്ടിത്തടഞ്ഞുനടന്നു.
ക്രിസ്തുമസ് തലേന്നിൻറെ ആഘോഷവുമായ് ആംസ്റ്റർഡാമിലെ പുതുതലമുറ പുളയ്ക്കുന്ന ദിവാലൈനിൽ ഒരോർമ്മത്തെറ്റുപോലെ കിഴവൻ മീറൽ.!
ചുണ്ടുകളിൽ മുനിഞ്ഞ് തലച്ചോറിൽ ആളിപ്പടരുന്ന മരിയുവാനയുടെ ശ്വാസംമുട്ടിക്കുന്ന പുകമറകളും,ഗ്ലാസുകളിൽനിന്ന് കവിളുകളിലേക്ക് നുരയുന്ന അബ്സാന്തിൻറെ ഘനഘ്രാണവുമല്ലാതെ ഒരു വാദ്യോപകരണക്കടയുടെ സാമീപ്യം അയാൾക്ക് ഗ്രഹിക്കുവാനേയായില്ല.
നിശാചരൻമാരുടെ നഗരം എന്നത് ലോകത്തെ ഏതൊരു പ്രദേശത്തേക്കാളും ഇണങ്ങുക ആംസ്റ്റാർഡാമിനുതന്നെയാകുമെന്ന തിരിച്ചറിവോടെ,നിശയും നിരാശയും പീളകെട്ടിയ കണ്ണുകളോടെ കിഴവൻ വീട്ടിലേക്കു നടന്നു.
തൊട്ടടുത്ത് ഔഡേക്കെർക്ക് എന്ന പുരാതനമായ പള്ളി,ക്രിസ്തുമസാഘോഷത്തിൻറെ യാതൊരു ഒരുക്കങ്ങളുമില്ലാതെ,ഇരുവശങ്ങളിലായ് ഇണചേർന്നുകിടക്കുന്ന ചുവന്നതെരുവിലെ പീതവെട്ടംപുതച്ച് ഏകാന്തമായ് കാണപ്പെട്ടു.പള്ളിമണിയുടെ ചരിത്രം ക്ലാവുപിടിച്ച നാവിനെ,ഹിമം നാലാമത്തെ പാളിയും തീർത്ത് പൂട്ടിയിട്ടിരുന്നു.നഗരാവേഗങ്ങളുടെ ദുഷിച്ച ഗലികൾക്കിടയിൽ താനും ഔഡേക്കെർക്കും ഒന്നായ് മാറുന്നതായ് അയാൾക്കനുഭവപ്പെട്ടു.
റെഡ് ലൈറ്റ് ഡിസ്ട്രിക്ടിടിനോരം ചേർന്നൊഴുകുന്ന കനാലിനരികിലൂടെയുള്ള കുറുക്കുവഴിയേ നടക്കുമ്പോൾ,ഗ്രോയിൻ ഫ്ലൂവീലിൻറെ ഈരടികൾക്കൊപ്പിച്ച് ഒരു വയലിൻറെ മാന്ദ്രസ്ഥായിയിലുള്ള മീട്ടൽ കാതിൽവന്നു വീഴുന്നുണ്ട്.
ഇടയ്ക്കൊക്കെ ആന്ദോളനദോളനങ്ങളുടെ വിറയ്ക്കുന്ന നിശ്വാസങ്ങളും..കുറുകലുകളും..ഭോഗമൂർച്ഛകളുടെ മുരളലുകളും...
അതിനിടയിൽ അവനുണ്ടാകും.ഡിലനോയി!
കണ്ണാടിക്കൂടുകളിലെ വേശപ്പെണ്ണുങ്ങളുടെ ആംഗചലനങ്ങൾക്കൊപ്പിച്ച് വയലിനിൽ കവിതകളുതിർത്തുകൊണ്ട്..ചിരിച്ചുകൊണ്ട്.
രാജാവിൻറെ മുഖഛായയോടെ കവിയുടെ മുഖഭാവങ്ങളോടെ.
ഇടയ്ക്കൊന്നവസാനിച്ച വാദനത്തിനിടയിലെ നാവുകുഴഞ്ഞ് ലഹരിതമായ ആരവങ്ങൾക്കിടയിലൂടെ പ്രതീക്ഷിച്ചതുപോലെ,"ഓ..പ്രിയ ഡിലനോയ്" എന്നുതുടങ്ങുന്ന പ്രശംസാവചനങ്ങൾ ഉയർന്നുതുടങ്ങി.
"നീയൊരു മാന്ത്രികൻതന്നെ.."
"നിൻറെ വിരലുകളിലൂടെ സ്വർഗ്ഗം ഭൂമിലേക്കിറ്റുന്നു.."
അങ്ങനെയുള്ള നൈമിഷികസുഖങ്ങളുടെ ദുഷിച്ച ആർപ്പുകളുടെ പ്രവേഗപരിധികളിൽനിന്ന് പുറത്തേയ്ക്ക് നടന്ന് മീറൽ വീടിനോടടുത്തു.
രാവേറെയായ്,തൻറെ കൊച്ചുമകൾ മാത്രമേ വീട്ടിലുള്ളല്ലോ എന്ന ആധി,
അലനെ വിറ്റുകളഞ്ഞതിൻറെ വേദനയും
ഡിലനോയിയെ ഓർത്തുള്ള വെറുപ്പും
വയലിനേപ്രതിയുള്ള തേടലുകളും നിറഞ്ഞ,ഒരു പകൽനീളം നീണ്ട യാത്രയുടെയൊടുവിൽ,പൊടുന്നനേ ഒരു കറുത്തകമ്പളംപോലെ കിഴവനുമേൽ പൊട്ടിവീണു.
സമയം പതിനൊന്നിനോടടുക്കുന്നുണ്ടാവാം.
വിജാഗിരികളിളകി വീഴാറായ വാതിലിലെ താക്കോൽപഴുതിനായ് കണ്ണുകൾ കീഴ്മേലിഴഞ്ഞെങ്കിലും,ഒടുവിൽ കൈയുകൊണ്ട് തപ്പിനോക്കേണ്ടിവന്നു അയാൾക്കതിൽ താക്കോലിടുവാൻ.
മരവാതിൽതുറന്നകത്തുകയറുമ്പോൾ,പിന്നിൽ വെളിച്ചത്തിൻറെ മറ്റൊരു വാതിൽ ആരോ,മെല്ലെ..മെല്ലെ ചാരുന്നത് അയാൾ വിറയലോടെയറിഞ്ഞു.!
അകത്തെ മുറിയിൽ എപ്പോഴോ ഉറക്കമായിരുന്നു അന്ന.
കൗമാരത്തിൻറെ പതുപതുപ്പുകൾ ശോശന്നമലരുകളായ് പൂത്തുനിന്ന അന്നയുടെ മുഖത്തിൻറെ ഇനിയൊരു പതിപ്പെന്ന് തോന്നിക്കുംവിധമുള്ള 'ഇസൻ'റെ ഛായാചിത്രത്തിൻറെ മാതൃത്വത്തോടൊട്ടി ചെറുമകൾ കിടക്കുന്നതുകണ്ട്,ഇരുപത്തഞ്ചോളം വർഷങ്ങൾക്കുമുന്നേ തല്ലിക്കൊഴിച്ച പിതൃഭാവങ്ങൾ,കാലംതെറ്റി പൂക്കുന്ന കോൺഫിറസ് വനമരങ്ങൾപോലെ തന്നിൽ വീണ്ടും നാമ്പിടുന്നതയാളറിഞ്ഞു.
ഇസൻ..തൻറെ മകൾ!!
റാന്തലിൻറെ തവിട്ടും മഞ്ഞയും കലർന്ന മുനിഞ്ഞവെട്ടംമാത്രം പുതച്ചുറങ്ങുന്ന ചെറുമകളെ പുതപ്പിച്ച്,പതിവുപോലൊരു വരണ്ട ഉമ്മയും നൽകി മുത്തച്ഛൻ മീറൽ തൻറെ കിടപ്പറയിലേക്കുപോയി,പാതിരാവോളം നീണ്ട അലച്ചിലുകൾ കുടുന്നുപൊങ്ങി ചുക്കിയ പാദങ്ങളോടെ.
തണുപ്പുകാല രാത്രികളിൽ അവിടങ്ങളിലെ ഒരു വീടിൻറെപോലും ജനാലകൾ തുറക്കാതിരുന്നപ്പോഴും കിഴവൻറെ കട്ടിലിനരികിലെ നേർത്ത ജാലകം പതിവുപോലെ തുറന്നുകിടന്നു.
അലൻറെ തൊഴുത്തിലേക്ക് തുറക്കുന്ന അതിൻറെ കടൽക്കാറ്റേറ്റു തുരുമ്പിച്ച കമ്പിയഴികൾക്കിടയിലൂടെ യജമാനൻറെ നോട്ടം കനിവോടെ തെന്നിവീണു.
തണുപ്പുകാലത്തിനും മുന്നേ അവനായ് കരുതിവച്ച വൈക്കോൽകെട്ടുകൾക്കുമേൽ കിഴവൻറെ കണ്ണുകൾ പരവേശത്തോടെ മേഞ്ഞുനടന്നു.
നെഞ്ചിൽ കുരുങ്ങിപ്പോയ ഒരു ഏങ്ങലോടെ ശേഷം അയാളാ ജനാല എന്നന്നേക്കുമായെന്നവണ്ണം അടച്ച് തഴുതിട്ട്,കട്ടിലിലെ മുഷിപ്പിലേക്ക് നിവർന്നു.
ധ്രുവപ്പൂച്ചകളും ഡിലനോയിയും അന്നയും ചുവന്നതെരുവും ഔഡേകെർക്കിലെ പുരാതനമായ ശ്മശാനവും മാത്രം മാറിമാറി തെളിഞ്ഞിരുന്ന വയസ്സൻ സ്വപ്നങ്ങളിൽ ഇന്നു പക്ഷേ,മറ്റുചിലതൊക്കെയായിരുന്നു ഉറക്കം തിരക്കഥയെഴുതിവച്ചിരുന്നത്.
ഇരുപത്തെട്ട് വയസ്സുള്ള വിൻസൻറ് മീറൽ.ഒലിവർ രാജാവിൻറെ സൈന്ന്യത്തിലെ തടിമിടുക്കുള്ള പടയാളി.
കൊളോണിലെ തെരുവോരങ്ങളിലൂടെ കുതിരപ്പുറത്തെ സൈനികവേഷത്തിലെ ആഢ്യമായ സായാഹ്നസവാരികൾ...
കുതിരയുടെ മുഖം ഭാരിച്ചതെങ്കിലും പ്രസന്നമായിരുന്നു.കാരണം,അതിന് അലൻറെ മുഖമായിരുന്നു.കൊളോണിൽനിന്ന് പതുക്കെ കുളമ്പുകൾ, താമസസ്ഥലമായ തിരക്കുകളൊഴിഞ്ഞ ഹെയ്ഡൻബർഗിലേക്ക്..അതിനിടയിലെപ്പോഴോ തൂവെള്ള വസ്ത്രമണിഞ്ഞ് ജൂലിയാനയുമുണ്ട് ഇപ്പോൾ.
പിന്നെ..നെക്കർ നദിയുടെ തീരങ്ങളിലൂടെ,ചോളപ്പാടങ്ങളിൽ പണിയെടുത്ത് ദാരിദ്ര്യം തഴമ്പിച്ച അവളുടെ കൈയ്പിടിച്ച്...
നദിയുടെ കുറുകേയുള്ള കല്ലുപാലത്തിൽ, ഹൃദയാകൃതിയിലുള്ള താഴുകളിട്ട് പൂട്ടുന്നു.ഹൈയ്ഡൻബർഗിലെ ഒട്ടുമിക്ക കമിതാക്കളേയുംപോലെ.
പൊടുന്നനേ..
ചാൾസ് രണ്ടാമൻറെ സൈന്യം കല്ലുപാലത്തിൻറെ ഇരുവശങ്ങളും കവിയുന്നു.
ആർത്തടുക്കുന്ന മുഖങ്ങളെല്ലാം ധ്രൂവപ്പൂച്ചകളുടേതായിരുന്നു. വാൾത്തലപ്പുകൾക്കിടയിലും ജൂലിയാന കരുത്തുറ്റ ഒരു ആലിംഗനത്തിൽ സുരക്ഷിതയായിരുന്നു.
മങ്ങിയ ഒരു രാത്രിയ്ക്കുശേഷം,ആഭ്യന്തരയുദ്ധത്തിൻറെ ഗന്ധകഗന്ധത്തിൽനിന്ന് ആംസ്റ്റർഡാമിൻറെ നിതാന്തശാന്തതയിലേക്ക്.കൂടെ..നെക്കറിൽനിന്ന് ഒഴുകിയൊഴുകി..റൈനിൻറെ തീരത്തെ ആഷ്മരക്കൂട്ടങ്ങളിൽ അലനും.
മധുവിധുവിൻറെ നാളുകൾ..
ഗർഭകാലത്തിൻറെ ആശങ്കകൾ..അവശതകൾ.
എല്ലാത്തിനുമൊടുവിൽ,നൊന്തുപെറ്റ പെൺകുഞ്ഞിൻറെ മുഖമൊന്ന് കാണാൻ,മരണം കൊരുത്തുവലിക്കുന്ന വേദനയിലും തുറിച്ചുനിന്ന ജൂലിയാനയുടെ നനഞ്ഞു നിശ്ചലമായ കണ്ണുകൾ!
കഴിഞ്ഞദിവസത്തെ യാത്ര കഴയ്ക്കുന്ന കാലുകളും,സ്വപ്നത്തിൽ ഒരു ജീവിതം മൊത്തം ചുറ്റിനടന്നു തളർന്ന മനസ്സുമായി രാവിലെയുണർന്ന് മീറൽ അന്നയുടെ മുറിയിലെത്തി.
പതിവില്ലാത്തവിധം കിടക്കവിരി വൃത്തിയായ് മടക്കിവച്ചിരുന്നെങ്കിലും പതിവുറക്കവുമായ് അന്നയവിടെയില്ലായിരുന്നു.വീട്ടിൽ മറ്റെവിടയെങ്കിലുമെന്ന ചിന്തയോടെ തിരിഞ്ഞ അയാൾ പക്ഷേ,ഇസൻറെ ഛായാചിത്രവും അവിടെയില്ലയെന്നത് കണ്ടില്ല.തപ്പിയും തടഞ്ഞും വീടിനകമെല്ലാം പരതിയശേഷം അയാൾ പൂമുഖവാതിൽ തുറന്ന ആ സമയംതന്നെ,അകന്ന മരപ്പലകകളുടെ ചേർപ്പിൽനിന്നും ഒരു കടലാസ് പാറി,കൃത്യം മുഖത്തേക്കും പിന്നെ ഊർന്ന് കാൽച്ചുവട്ടിലേക്കും വീണു.
അതിലെ ഡച്ചുലിപിയിലെ വരികളെ തിമിരവും മഞ്ഞുംചേർന്ന് കിഴവന് വായിക്കാനാകാത്തവണ്ണം വികൃതമാക്കിയിരുന്നെങ്കിലും ആ കടലാസ്സുതുണ്ട് മുഖത്തേക്ക് പാറിവീണ ഞൊടിയിൽത്തന്നെ,താൻ ജീവിതത്തിൽ വീണ്ടും തോൽക്കുകയും ആദ്യമായ് എന്നേക്കുമായ് ഒറ്റയ്ക്കായ്പോയീ എന്നും അയാൾക്ക് മനസ്സിലായിരുന്നു.!
അമ്മ ചുവന്നതെരുവിലെ ചാർച്ചക്കാരനുമായ് അവിടേക്കുതന്നെ പോയിരുന്നുവെന്നും,അമ്മുമ്മയെപ്പോലെ പ്രസവശേഷം മരണംപൂകിയതായിരുന്നുവെന്നും,ശേഷം വേശ്യാലയത്തിൽനിന്ന് പുറംതള്ളിയ വെറുമൊരു ചോരത്തുടിപ്പിനെ വളർത്തി വലുതാക്കിയതുമാണെന്ന പാപമയമായ സത്യത്തിനു പകരം,ഇല്ലാത്ത ഒരു അപകടത്തിൽ മരിച്ചു പോയ മാതാപിതാക്കളുടെ മകളായ് ചെറുമകളെ ഒന്നുമറിയിക്കാതെ വളർത്തിയതിൻറെ കൊടിയ പശ്ചാത്താപം അയാളെ ഗ്രസിച്ചു.
ലോകത്തിൻറെ സകലപാപങ്ങളും ഏറ്റെടുടുക്കാൻ ഒരുവൻ ജനിയ്ക്കുവാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ,വായമൂടിക്കെട്ടിയ പാപശേഷിപ്പുകളുടെ ഒരു പഴകിപ്പിഞ്ചിയ ചാക്കുകെട്ടുപോലെ കിഴവൻ വാതിൽപ്പടിയിൽ വശംചരിഞ്ഞിരുന്നു.
ഇടത്തേ വാരിയെല്ലിലപ്പോൾ കുത്തിയ പൗണ്ടുകളുടെ കനത്തിൽ അയാൾ പിടഞ്ഞുണർന്നു.!
അലൻറെ ചൂടും ചൂരും തൊഴുത്തിൽനിന്ന് കുറുമ്പോടെയോടിവന്ന് അയാളെ കുത്തിയെഴുന്നേൽപ്പിച്ചു.!!
ഉറക്കമുണരാതെ മൂടിപ്പുതച്ചുറങ്ങുന്ന മെഡോവ്സ്കുകളും കോണിഫറസ് ഇടതൂർന്ന വനമേഖലകളും പഴയ പട്ടാളവീര്യത്തോടെ ചവുട്ടിത്തള്ളി മീറൽ നടന്നു..ചിലപ്പോഴൊക്കെ ഓടി.
ഇടയ്ക്കൊന്നും അയാളെ ഒന്ന് വിശ്രമിക്കാൻപോലും വിടാതെ അപായമണിമുഴങ്ങുന്നതുപോലെ നാണയത്തുട്ടുകൾ കൂറക്കീശയിൽ വഴിനീളെ ആർത്തലച്ചുകൊണ്ടിരുന്നു.ശീതക്കാറ്റിൽ അവിടവിടെ നിലംപൊത്തിയ ചില കാട്ടുമരങ്ങളുടെ ചില്ലകളിൽതട്ടി ഇടയ്ക്കൊക്കെ അയാൾ വീണു.അതിനിടയിലെപ്പോഴോ തെറിച്ചുപോയ മരച്ചെരുപ്പുകളുടെ അഭാവം കാലിൽ മഞ്ഞിൻറെ കഠാരമുനകളാഴ്ത്തുന്നതൊന്നും അയാൾ വകവച്ചതേയില്ല.
നഖങ്ങളടർന്ന്,ചോരക്കറയൊഴുകിയ പാദങ്ങളോടെ മാർവേലിൻറെ കടയിലെത്തുമ്പോഴേക്കും കടയടച്ചിരുന്നു.അതോ ചാരിയിരിക്കുകയാണോ മരപ്പലകകൾ.
തലേദിവസം കണ്ടതിലും അവ്യക്തമായിപ്പോയി കടയുടെ ദൃശ്യം തനിക്കെന്ന് മീറലിന് മനസ്സിലായി.
"മാർവേൽ....!!"
കിതപ്പുകളടക്കാൻ പാടുപെട്ട് മുട്ടുകാലിൽ കൈയുകളൂന്നി അയാൾ വിളിച്ചു.
കടയുടെ പിറകിൽനിന്നും ചോരതെറിച്ചുപടർന്ന ഉടലോടെ മാർവെൽ പ്രത്യക്ഷനായി,കൈയിൽ ചോരയുണങ്ങാത്ത വലിയ കശാപ്പുകത്തിയോടെ.
ആധിയോടെ ആ രൂപവും ഘ്രാണവും ഗ്രഹിച്ചെടുത്ത് മീറൽ കുപ്പായക്കീശയിലെ തുട്ടുകൾ വാരി മാർവേലിനു നീട്ടി.
ദയനീയമായ..പ്രതീക്ഷകൾ കുത്തിനിറച്ച ഒരു നോട്ടത്തോടെ മറ്റേ കൈയ്കൊണ്ട് മാർവേലിൻറെ രക്തം വഴുവഴുത്ത തോളിൽ തെരുപ്പിടിച്ചുകൊണ്ട്.
ലാഭം നഷ്ടമായ കച്ചവടക്കാരൻറേയും കശാപ്പുകാരൻറേയും ഭാവഹാവാദികളോടെ തെല്ലുനേരം മൗനത്തിലാണ്ടു മാർവേൽ.
"ഓ..നിങ്ങളുടെ ആടിനെ എനിക്കറിയാനാവില്ല.നിങ്ങൾതന്നെ കണ്ടുപിടിച്ചോളൂ"
നൂറോളം വരുന്ന ആ ചെമ്മരിയാടിൻ പറ്റത്തെനോക്കി,കിഴവനെക്കൊണ്ട് സാധിക്കുകയില്ലയെന്ന ഉത്തമബോധ്യത്തോടെ ക്രൂരമായ ഒരു അട്ടഹാസം പല്ലുകൾക്കിടയിലിട്ട് ഞെരിച്ച് മാർവേൽ എന്നിട്ട് സാകൂതം നോക്കിനിന്നു.
ഇളകുകയും ഉലയുകയും ചെയ്യുന്ന വെറും പഞ്ഞിക്കെട്ടുകളായ്മാത്രം അവ കണ്ണുകളിൽ പടരുന്നതറിഞ്ഞ് നിസ്സഹായനായ് മീറൽ നിന്നു.
വലിയ മതിൽക്കെട്ടിനുള്ളിലെ ചോരമണക്കുന്ന കൊലയറയ്ക്കുള്ളിലേക്ക് മീറൽ വീണ്ടും വീണ്ടും കണ്ണുതുറിച്ചുനോക്കി.
പൂർണ്ണമായും കാഴ്ചയിറങ്ങിപ്പോയ കണ്ണുകൾ ഇറുകെയടച്ച്
ഹൃദയം പൊടിഞ്ഞ..സ്നേഹം നിറച്ച..കണ്ണീരുപൊള്ളിയ ഒരേങ്ങലോടെ മീറൽ അലറിവിളിച്ചുകരഞ്ഞുകൊണ്ട് തറയിലേക്കിരുന്നു.
ആ കരച്ചിലിലെ അവസാനതുള്ളി കണ്ണുനീർ,കണ്ണിലവശേഷിച്ച കാഴ്ചയുടെ അവസാനകണികയും തുടച്ചെടുത്ത് താഴെ രണ്ടു കണ്ണുകളിലേക്കടർന്നു പടർന്നു പ്രകാശിച്ചു.
മുട്ടിയുരുമ്മിയ രോമച്ചൂരിൽ കിഴവൻ അലനെ മണത്തു.!
സന്ധ്യയുടെ ചോപ്പണിഞ്ഞ ഓക്കുമരച്ചില്ലകളുടെ നീളൻ നിഴലുകൾ തണുത്തുകിടന്ന വഴിയിലൂടെ യജമാനന് മുന്നേ അലൻ നടന്നു.
പിറകേ..അവൻറെ ചൂരിൻറെ കൈയ്ത്തുമ്പ് വിടാതെപിടിച്ച് വിൻസൻറ് മീറലും.
ദൂരെ അയാളുടെ കൂരച്ചരിവിലെ തൊഴുത്തപ്പോൾ,യാതൊരു അലങ്കാരങ്ങളുമില്ലാതെതന്നെ ആ സന്ധ്യയിലെ ലോകത്തെ ഏറ്റവും വിശുദ്ധമായ പുൽക്കൂടായ് പ്രകാശിച്ചുനിന്നു.
Written by: ജയൻ താളീരാടി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot