●●●●●●●●●●●●●●●●●●●●●●●●●●
ഒരു വൈകുന്നേരം മുറ്റത്തിരുന്ന്, ചെറിയ ചാറ്റൽമഴ ആസ്വദിച്ചിരിയ്ക്കുകയായിരുന്നു ഞാൻ. കൈയ്യിലിരുന്ന ചൂടു ചായ മൊത്തിക്കുടിയ്ക്കുന്നതിനിടയിലാണ് അത് ശ്രദ്ധിച്ചത്.
മതിലിനരികിലെ മന്ദാരക്കൂട്ടങ്ങൾക്കൊരനക്കം.
ചെറിയ രീതിയിലൊന്നുമല്ല. ശക്തിയായി ആരോ മതിലിനപ്പുറം നിന്ന് ചെടി വലിയ്ക്കുന്നുണ്ട്. അടുത്ത് നിന്ന തെച്ചിയിലേയ്ക്കും ചെമ്പരത്തിയിലേയ്ക്കും എത്തി കുലുക്കത്തിൻ്റെ അനുരണനം.
ആഹാ..ഇതാരപ്പാ... അറിയണമല്ലോ?
ഞാനെഴുന്നേറ്റ് മതിലിനപ്പുറത്തേയ്ക്ക് എത്തി നോക്കി.
ഓഹ് രാജമ്മാൾ ആണ്!
ഞങ്ങളുടെ സ്ട്രീറ്റിൻ്റെ സ്വന്തം പപ്പടക്കാരി. പപ്പടം, മുറുക്ക്, അപ്പം ഇതൊക്കെ അവർ ഗംഭീരരുചിയിൽ ഉണ്ടാക്കും.
പൂമോഷണം കൈയ്യോടെ പിടിച്ചപ്പോൾ അമ്മാൾക്ക് മുഖത്ത് ഒരു ചമ്മൽ.
മുഖത്തെ ചമ്മൽ മറയ്ക്കാൻ ചുവന്ന മുക്കുത്തി തിളങ്ങുന്ന മുഖം ഒന്നമർത്തിത്തുടച്ചു. മെലിഞ്ഞ കൈകൾ. മാംസം തീരെയില്ലാത്ത, നീര് വറ്റിത്തുടങ്ങിയ കവിളുകൾ.
ഞാൻ നോക്കി നിൽക്കെ ഒരു നിമിഷം!
ധൃതിയിൽ തിരിഞ്ഞ് അവർ ഒറ്റ നടത്തം.
ഇതെന്തു മര്യാദ!
സത്യം പറയാമല്ലോ?
ഒരു വാക്ക് പറയാതെയുള്ള ആ പോക്ക് എനിക്കത്ര പിടിച്ചില്ല.
പിന്നീടുള്ള ദിവസങ്ങളിലും പൂ മോഷണം തുടർന്നു. കള്ളിയെ കയ്യോടെ പിടിയ്ക്കാൻതന്നെ തീരുമാനിച്ചു. പക്ഷേ കിട്ടണ്ടേ!
ഭർത്താവാണ് പറഞ്ഞത്.
'പാവം ശിവക്ഷേത്രത്തിൽ കൊടുക്കാനാവും മോഷ്ടിക്കുന്നത്. അതിനെ 'മോഷണം'
എന്ന് താഴ്ത്തിപ്പറയല്ലേ!'
അതിൽപ്പിന്നെ ' ശരി ആയ്ക്കോട്ടെ' എന്ന മട്ടിൽ ഞാനുമിരുന്നു.
അതല്ല രസം!
രാജമ്മാൾ ഈയിടെയായി, എവിടെ എന്നെക്കണ്ടാലും ഒഴിഞ്ഞുനടന്ന് കളയും.
സാമർത്ഥ്യക്കാരിയാണ്!
മുന്നിൽ ,നേരിട്ട്- നേരിട്ട് കണ്ടാലും ചിരിയ്ക്കില്ല! ഞാൻ ചിരിച്ചാലും തിരിച്ചൊരു ചിരിയില്ല! എത്ര തവണയാണ് ചമ്മിപ്പോയത്!
ചിരിയെക്കുറിച്ച് പറഞ്ഞപ്പോൾ ഭർത്താവ് പറഞ്ഞു.
"നീ കരുതും പോലല്ല എല്ലാരും! ജീവിതത്തിൽ കുറേ അനുഭവിച്ച സ്ത്രീയാ അവർ. മുഴുക്കുടിയനായിരുന്നു അവരുടെ ഭർത്താവ്. ഒരാക്സിഡൻ്റിൽ കാലുകൾ രണ്ടും പോയിട്ടു കിടപ്പിലായി. പറക്കമുറ്റാത്ത മൂന്നു മക്കളെ വളർത്താൻ അവർ വീട്ടുവേലചെയ്തും കുപ്പിയും പാട്ടയും പെറുക്കിയും കഷ്ടപ്പെട്ടു. ഇപ്പൊ മൂത്ത മകൻ്റൊപ്പമാണ്. രണ്ടു പെൺമക്കളെ എങ്ങനെയൊക്കെയോ കെട്ടിച്ചുവിട്ടു. മകനും ആയമ്മയും ചേർന്നാണ് കുടിൽവ്യവസായം തുടങ്ങീട്ടുള്ളത്."
കൂടുതൽ അറിഞ്ഞപ്പോൾ അവരോടൊന്ന് മിണ്ടണമെന്ന് എനിക്ക് തോന്നി.
ഒരിക്കൽ അതിരാവിലെ ശിവക്ഷേത്രത്തിൽ വെച്ചും അമ്മാളെ കണ്ടു. മകൻ്റെ പിറന്നാൾ ദിവസം ഭഗവാനെ തൊഴാനും,വഴിപാട് കഴിയ്ക്കാനുമായി എത്തിയതായിരുന്നു ഞാൻ.
ദാ നേരെ മുന്നിൽ രാജമ്മാൾ! കൈയ്യിൽ എൻ്റെ വീട്ടിൽനിന്നും പൊട്ടിച്ചെടുത്ത മന്ദാരം,ചെമ്പരത്തി,തെച്ചി....
എനിക്കത് കണ്ട് സത്യത്തിൽ സ്വയം നിന്ദ തോന്നി.
ഭഗവാനെ തൊഴാൻ വരുമ്പോൾ ഒരു പൂവ് കൈയ്യിൽക്കരുതാൻ തോന്നീല്ലല്ലോ എനിക്ക്!
എന്നത്തേയും പോലെ അന്നും തൊഴുത് തിരിഞ്ഞ് നോക്കുമ്പോഴേയ്ക്കും അമ്മാൾ അപ്രത്യക്ഷമായി.
ഒരു ദിവസം അമ്മാളുടെ കൈയ്യിൽ നിന്നും കുറച്ച് ഉണ്ണിയപ്പവും പപ്പടവും വാങ്ങിയാണ് ഭർത്താവ് വന്നത്. വന്നതും ഒരു പൊതി ഉണ്ണിയപ്പം എനിക്ക് നീട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
'നിനക്ക് സ്പെഷൽ ഉണ്ണിയപ്പം പൈസവാങ്ങാതെ അമ്മാൾ തന്നുവിട്ടതാ..!"
ഞാനന്തംവിട്ടു.
"എന്തിന്..."
പിറ്റേന്ന് മതിലിനരികിൽ പതിയിരുന്ന് ആ മെലിഞ്ഞകൈകളിൽ ചാടിപിടിച്ചു. ഒട്ടും പതുപതുപ്പില്ലാത്ത കൈകളിൽ പൊട്ടിച്ച തെച്ചിക്കൊണ്ട.
മുഖത്ത് ചമ്മൽ!
പക്ഷേ ഇന്ന് പ്രത്യേകതയുണ്ട് ആ മുഖത്തിന്. ഒരു നേർത്ത പുഞ്ചിരിവിരിയുന്നുണ്ട് ആ മുഖത്ത്.
"എന്തിനാ വെറുതെ ..എനിക്ക് സ്പെഷ്യൽ തന്നത്!ഞാൻ ചോദിച്ചില്ലല്ലോ?"
മുഖത്ത് കൃത്രിമഗൗരവം വരുത്തി ഞാൻ ചോദിച്ചു.
"ഇരിയ്ക്കട്ടെ..ഒന്നും എനിക്കും വെറുതെ വേണ്ട..."
അവർ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞുവന്നത് മനസ്സിലാവാൻ എനിക്കിത്തിരി സമയം വേണ്ടിവന്നു.
എനിക്കും ചിരി വന്നു.
"മിടുക്കീ.." ഞാനവരുടെ കവിളിൽ സ്നേഹത്തോടെ തൊട്ടു.
അവരെ മനസ്സിലാക്കാൻ ഇനിയുമേറെയുണ്ടെന്ന് തോന്നി. പിന്നീടുള്ള ദിവസങ്ങളിലും പൂ മോഷണം തുടർന്നു.
ചില ജീവിതങ്ങൾ എപ്പോഴും യുദ്ധക്കളങ്ങളിലാണ്,
അവരുടെ ജീവിതാവസാനം വരെ. പക്ഷേ അവർ കൈവിടാതെ സൂക്ഷിക്കുന്ന ജീവിതമൂല്യങ്ങൾ അവരുടെ രക്ഷയ്ക്കെത്തുമായിരിക്കും.
ജീവിതം..
അത് ഒഴുകട്ടെ!
അതിങ്ങനെയായിരുന്നെങ്കിൽ!എന്ന് ചിന്തിക്കാൻ
തിരുത്താൻ ആർക്കാണാവുക!
ഓരോരുത്തരും പടയാളികളാണ്
.ജീവിതത്തിലെ സങ്കടങ്ങൾ സന്തോഷങ്ങൾ അനുഭവിച്ച് അനുഭവിച്ച്...
തുഴഞ്ഞ്...തുഴഞ്ഞിങ്ങനെ പോകട്ടെ
°°°°°°°°°°°°°
ശ്രീജ കെ മംഗലത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക