നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഖഡ്‌ഗരാവണൻ പ്രണയിച്ചപ്പോൾ (സന്ദർഭം)


Best of Nallezhuth - No 11- 
മേരുപര്‍വ്വതത്തിന്റെ താഴ്വരയിൽ മണികേശുനാഥൻ എന്ന അസുരചക്രവർത്തിയുടെ സൈന്യയാത്ര കണ്ട് ദേവന്മാർ വരെ ആശ്ചര്യഭരിതരായി നിന്നു. ലക്ഷക്കണക്കിന്‌ ആനകളും കുതിരകളും കാലാളുകളും, അവർക്കാവശ്യമായ തത്തുല്യമായി ചലിക്കുന്ന ആയുധനിർമ്മാണശാലകളും താളത്തിന് അണിയായി നടന്നു വരുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തും വിധം ആയിരുന്നു. മണികേശുനാഥൻ നിര്‍ദ്ദയനും അത്യാഗ്രഹിയും, ഈ ലോകം മുഴുവൻ തന്റെ നിയന്ത്രണത്തിൽ വരണം എന്ന ഒറ്റ ലക്ഷ്യത്തിൽ യുദ്ധം ചെയ്തു വരികയുമായിരുന്നു.
പടനയിച്ച് രഥത്തിൽ ഇരുന്നു വരികയായിരുന്ന മണികേശുനാഥൻ അദ്ദേഹത്തിന്റെ സൈന്യത്തോട് മുന്നേറ്റം നിറുത്താനായി കൈ കൊണ്ട് ആംഗ്യം കാണിച്ചു. ദൂരെ മറുവശത്ത് നിന്ന് ഒരു രഥം വരുന്നത് എല്ലാപേരും ശ്രദ്ധിച്ചു. അത് മണികേശുനാഥന്റെ രഥത്തിനടുത്തെത്തി, അതിൽ നിന്നും അതിസുന്ദരിയായ ഒരു സ്ത്രീ ഇറങ്ങി.
"മണികേശുനാഥാ, ഞാൻ ഭൂമി ദേവിയാണ്. ഭൂമിയുടെ സംരക്ഷണം എന്റെ ചുമതലയും. ഇപ്പോൾ നിങ്ങൾ സഞ്ചരിക്കുന്നത് മേരുപര്‍വ്വതത്തിന്റെ താഴ്വരയിൽ ആണ്, ഇത് സ്ഥിതിചെയുന്നത് വിശ്വമധ്യത്തിലാണ്. ഈ ലോകത്തിന്റെ സമതുലിതാവസ്ഥ നിലനിറുത്തുന്ന തുലാസ്‌ ആണ് ഈ പർവ്വതം. ഇത് കടലും പർവ്വതവും ഒന്നിക്കുന്ന സ്ഥലവും . അതിന്റെ ഉത്തരദേശത്തു കൂടി ഇത്രയും പേർ ഒന്നിച്ച് ഇക്കണ്ട ആയുധങ്ങളുമായി പോകുമ്പോൾ അത് ഭൂമിയുടെതന്നെ നിലനില്‍പ്പിനെ ബാധിക്കും. സൂര്യസിദ്ധാന്തം പോലും അറിയാതെയാണോ താങ്കൾ ഈ ലോകം പിടിച്ചടക്കണം എന്ന അത്യാര്‍ത്തിയോടെ ഇറങ്ങി തിരിച്ചത്. യുദ്ധം ചെയുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, പക്ഷെ ഭൂമിക്കു ദോഷം വരുന്നതൊന്നും ചെയ്യാൻ ഞാൻ അനുവദിക്കില്ല. ഉടൻ തന്നെ താങ്കളും താങ്കളുടെ സേനയും വഴി മാറി പോകേണ്ടതാണ്."
മണികേശുനാഥൻ ഉറക്കെ അട്ടഹസിച്ചു. എന്നിട്ട് പുച്ഛത്തോടെ ദേവിയെ നോക്കി.
"കൗമാര പ്രായം കഴിഞ്ഞു യൗവ്വനത്തിലേക്ക് കാലെടുത്തു വച്ചിട്ട് ദിവസങ്ങൾ പോലും ആയിട്ടില്ലാത്ത നിന്നെ ഭൂമിയുടെ ദേവിയായി നിയോഗിച്ചത് ആരാണ്? നിന്റെ അപക്വത നിന്റെ വാക്കുകളിൽ വ്യക്തമാണ്."
"പ്രായം കൊണ്ടല്ല പക്വതയും പദവിയും നിശ്ചയിക്കുന്നത്, സ്വാഭാവദാര്‍ഢ്യം കൊണ്ടാണ്. അധികപ്രസംഗം നടത്തിയാൽ താങ്കൾ നില്ക്കുന്നത് ഭൂമിയിലാണ് എന്ന് മറക്കണ്ട. അവിടെ ഒരു ഗര്‍ത്തമുണ്ടാക്കി താങ്കളെയും താങ്കളുടെ ഈ പടയെയും പാതാളത്തിലേക്ക്‌ തള്ളാൻ എനിക്ക് നിമിഷനേരം മതി."
ഭൂമിദേവിയുടെ വാക്കുകൾ കേട്ട് കുപിതനായ മണികേശുനാഥൻ, തന്റെ സേനാനായകനോട് ദേവിയെ പിടിച്ചു കെട്ടി കൂടെ കൊണ്ട് വരാൻ ആജ്ഞാപിച്ചു. അതുകേട്ട് ഭൂമിദേവിയും വാളുമായി രഥത്തിൽ നിന്നും ഇറങ്ങി യുദ്ധസന്നദ്ധയായി. ദേവിയുടെ അടുത്തേക്ക് പാഞ്ഞടുത്ത സേനാനായകന്റെ വാൾ കയ്യിൽ നിന്നും തട്ടി തെറിപ്പിച്ചുകൊണ്ട്‌ ഒരു പടക്കുന്തം അയാളുടെ കുറച്ചു മുന്നിലായി നിലത്ത് തറച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ എല്ലാപേരും സ്‌തംഭിച്ചു നിന്നു. ആ പടകുന്തം തന്റെ സേനയുടെ ദശയിൽ നിന്നാണ് വന്നതെന്ന് മനസിലാക്കിയ മണികേശുനാഥൻ ഉറക്കെ അലറി.
"ആരാണ് ഇത് ചെയ്തത് ? കൂടെ നിന്ന് ചതിച്ച ദ്രോഹി ആരാണ് ? മുന്നിലേക്ക്‌ വരൂ."
അറുപത്തിനാല് പേർ അടങ്ങുന്ന മൂവായിരത്തിൽ പരം ചതുര സമൂഹമുള്ള ആ സേനയിൽ, പിന്നിലേക്ക്‌ പത്താമത്തെ സമൂഹത്തിൽ നിന്നും സുന്ദരനും ദൃഢഗാത്രനുമായ ഒരു യുവാവ് ആത്മവിശ്വാസത്തോടും തലയെടുപ്പോടും കൂടി മുന്നോട്ടു വന്നു.
"ഞാനാണ് ആ പടകുന്തം എറിഞ്ഞത്."
ആ യുവാവിന്റെ വാക്കുക്കൾ കേട്ട് മണികേശുനാഥൻ അയാളെ കോപത്തോടെ തുറിച്ചുനോക്കി.
"ആരാണ് നീ? ധിക്കാരി!"
"ഞാൻ രാവണൻ. അങ്ങയുടെ പത്താം ചതുരസമൂഹത്തിന്റെ സേനാനായകൻ"
"എന്നിട്ടാണൊ നീ മുഖ്യസേനാനായകന് നേരെ പടകുന്തം എറിഞ്ഞത് "
"യുദ്ധ നിയമങ്ങൾ ലംഘിക്കാൻ മുഖ്യസേനാനായകനെന്നല്ല, അങ്ങേക്ക് പോലും അധികാരം ഇല്ല. ദൂതനെയും, തേരാളിയെയും, സ്ത്രീയെയും ഉപദ്രവിക്കാൻ പാടില്ല; അതാണ്‌ നിയമം. യുദ്ധ-നിയമങ്ങൾ പാലിക്കാനുള്ളതാണ്. അത് പാലിക്കുക തന്നെ വേണം."
രാവണന്റെ മറുപടി കേട്ട് മണികേശുനാഥൻ തന്റെ വാളുമായി രാവണനെ ആക്രമിക്കാൻ ഇറങ്ങവേ അദ്ദേഹത്തിന്റെ മന്ത്രിയും ആത്മമിത്രവുമായ ദിവ്യദത്തൻ തൊട്ടടുത്തുള്ള രഥത്തിൽ നിന്നും ഇറങ്ങി ബഹുമാനപൂർവ്വം മണികേശുനാഥനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
"രാജൻ, രാവണൻ നമ്മുടെ ഏറ്റവും മികച്ച സേനാനായകരിൽ ഒരാളാണ്. രാവണൻ നയിക്കുന്ന പത്താം ചതുരസമൂഹമാണ്‌ നമ്മുടെ സൈന്യത്തിൽ ഏറ്റവും കാര്യക്ഷമമായ സേനാവിഭാഗം. നമ്മൾ ഇത്രയും യുദ്ധം നടത്തിയിട്ടും ഒരു അത്യാഹിതം പോലും സംഭവിക്കാതെ അറുപത്തിനാല്‌ പേരും അക്ഷതമായ നിലകൊള്ളുന്ന ഒരേ ഒരു സേനാവിഭാഗവും രാവണന്റെ തന്നെയാണ്. രാവണൻ നമ്മുടെ സേനക്ക് ഒരു മുതല്‍ക്കൂട്ട് തന്നെ ആണ്. ദയവായി അങ്ങ് ഇത്തവണത്തേക്ക് മാപ്പു നൽകിയാലും."
രാവണൻ ആരേയും കൂസാതെ മണികേശുനാഥന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. ദിവ്യദത്തൻ രാവണന് നേരെ നോക്കി, രാവണനോടായി പറഞ്ഞു.
"രാവണാ, ഈ സൈന്യത്തിൽ നിന്നെ അംഗമായി ചേർത്തത് ഞാൻ ആണ്, അതും നിന്റെ പിതാവ് വിശ്രവ മുനിയുടെ വാക്കുകൾ എതിർത്ത് കൊണ്ട്. അദ്ദേഹം നിന്നെ പറ്റി എന്താണ് പറഞ്ഞത് എന്ന് അറിയാമോ? നീ ഒരു ആനയെ പോലെ ആണെന്നാണ്. സവിശേഷതകൾ ഏറെയുണ്ട് ഒരാനയ്ക്ക്. ആനയെ യുദ്ധത്തിനു ഉപയോഗിക്കാം, തടിപിടിപ്പിക്കാം, ഉത്സവത്തിനു എഴുന്നള്ളിക്കം. പക്ഷെ ആനക്ക് മദംപൊട്ടിയാലോ, അത് ആദ്യം ആക്രമിക്കുക അതിന്റെ സംരക്ഷകനെ ആയിരിക്കും. നിന്റെ പിതാവിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കും വിധമാണ് നീ ഇപ്പോൾ പെരുമാറുന്നത്."
രാവണൻ ദിവ്യദത്തനെ വണങ്ങി.
"അങ്ങയോടു എനിക്ക് എന്നും ബഹുമാനമേ ഉള്ളു. എനിക്ക് ഈ മഹാസേനയിൽ യുദ്ധം ചെയ്യാൻ അവസരം തന്നതിന് ഞാൻ അങ്ങയോടു എന്നും കൃതജ്ഞതയുള്ളവനായിരിക്കും, എന്നുകരുതി യുദ്ധത്തിൽ അനീതി കണ്ടാൽ പ്രതികരിക്കാതിരിക്കാൻ ഞാൻ എന്റെ ധര്‍മ്മനീതിയൊന്നും ആർക്കും അടിയറവ് വെച്ചിട്ടില്ല."
ഇതെല്ലം കേട്ടു നിന്ന മണികേശുനാഥൻ ദൃഢസ്വരത്തിൽ രാവണനോടായി പറഞ്ഞു.
"ദിവ്യദത്തന്റെ വാക്ക് മാത്രമാണ് നിന്നിൽ ഇപ്പോഴും ജീവൻ നിലനില്ക്കാൻ കാരണം. പ്രായശ്ചിത്തം ചെയ്യാൻ ഒരു അവസരം കൂടി തരാം. നീ തന്നെ ധിക്കാരിയായ ഈ ദേവിയുടെ ശിരസ്സ്‌ കൊയ്യണം. "
രാവണൻ തിരിഞ്ഞു ഭൂമി ദേവിയെ നോക്കിയ ശേഷം ഒരു പരിഹാസം കലർന്ന ചിരിയോടെ മണികേശുനാഥന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞു. ഒരു ഗര്‍ജ്ജന സ്വരത്തിൽ പറഞ്ഞു.
"അല്ലയോ രാജൻ, അങ്ങ് ഒന്ന് അറിയുക. രാവണൻ ഒരാളെ വധിക്കണം എന്ന് തീരുമാനിച്ചാൽ, എത്ര കോടി ആളുകൾ അയാളെ സംരക്ഷിച്ചാലും രാവണൻ അയാളെ വധിച്ചിരിക്കും. അതുപോലെതന്നെ രാവണൻ ഒരാളെ സംരക്ഷിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചാൽ, എത്ര കോടി ആളുകൾ അവരെ ആക്രമിക്കാൻ ശ്രമിച്ചാലും ഒരു തരിമണല് പോലും അയാളുടെ പുറത്തു വീഴില്ല."
രാവണന്റെ വാക്കുകൾ കേട്ട് അടുത്ത് നിന്ന മുഖ്യസേനാനായകൻ നിലത്തു വീണ തന്റെ വാളെടുത്തു രാവണനു നേരെ ചെന്നു. രാവണന്റെ കയ്യിൽ ഇരുന്ന കഠാര നിമിഷങ്ങൾക്കകം മുഖ്യസേനാനായകന്റെ കണ്ഠം തുളച്ച് അകത്തുകയറി. അദ്ദേഹത്തിന്റെ ചലനമറ്റ ശരീരം നിലത്തു വീണത്‌ കണ്ട് മണികേശുനാഥൻ ഉഗ്രകൊപത്തിൽ രാവണന് നേരെ വിരൽ ചൂണ്ടി അലറി ആജ്ഞാപിച്ചു.
" ഈ ദ്രോഹിയുടെ തല അറുത്ത്, ജീവനറ്റ ഇവന്റെ ശരീരം കഴുകന്മാർക്ക് ഭക്ഷണമാക്കൂ..."
രാജാവിന്റെ വാക്കുകേട്ട് രാവണനെ ആക്രമിക്കാനായി മുന്നോട്ടാഞ്ഞ മഹാസേനയെ നോക്കി രാവണൻ ഉറക്കെ പറഞ്ഞു.
"യുദ്ധത്തിന് ഞാൻ തയ്യാറാണ്. ഇത്രയും വർഷം എന്നോടൊപ്പം യുദ്ധസതീര്‍ത്ഥ്യരായി കൂടെ നിന്നവരാണ് നിങ്ങൾ. നിങ്ങളുടെ ചക്രവർത്തി യുദ്ധം ചെയ്യുന്നത് രാജ്യങ്ങൾ കീഴടക്കാൻ വേണ്ടിയാണ്. അദ്ദേഹത്തിന്റെ മന്ത്രി ദിവ്യദത്തൻ യുദ്ധം ചെയ്യുന്നത് സ്ഥാനമാനങ്ങൾ മോഹിച്ചാണ്. നിങ്ങൾ ഒരോരുത്തരും യുദ്ധം ചെയ്യുന്നത് അതൊരു ഉദ്യോഗമായി കണ്ടു വേതനത്തിനു വേണ്ടിയാണ്. പക്ഷെ ഞാൻ യുദ്ധം ചെയ്യുന്നത് യുദ്ധം ചെയ്യാൻ വേണ്ടി മാത്രമാണ്. യുദ്ധം നിങ്ങൾക്ക് ഒരു ക്രിയയും എനിക്ക് അതൊരു വികാരവുമാണ്. യോദ്ധാവാകാൻ നിങ്ങൾ തീരുമാനിച്ചതാണ്, ഞാൻ ജനിച്ചതേ യോദ്ധാവായിട്ടാണ്. എന്നോടൊപ്പം യുദ്ധം ചെയ്തിരുന്ന നിങ്ങളോട് എനിക്ക് സ്നേഹവും ബഹുമാനവും ഉണ്ട്. പക്ഷെ ഇവിടെ, ഈ യുദ്ധഭൂമിയിൽ എനിക്ക് നേരെ വരുന്ന ആരും എനിക്ക് ശത്രു തന്നെ ആയിരിക്കും. മുഖ്യസേനാനായകന്റെ വിധി തന്നെയായിരിക്കും നിങ്ങൾക്കും ഉണ്ടാകുക. "
ഇത്രയും പറഞ്ഞു രാവണൻ ഭൂമിദേവിയുടെ അടുത്തെത്തി, ദേവിയോട് രഥത്തിൽ കയറാൻ അവശ്യപെട്ടു , രാവണനും കൂടെ കയറി. കുതിരയുടെ കടിഞ്ഞാൻ ഇടതു കൈ കൊണ്ട് പിടിച്ച്, രഥം സേനക്ക് സമാന്തരമായി തിരിച്ചു അതിവേഗത്തിൽ മുന്നോട്ട് ഓടിച്ചു പോകുന്നതുകണ്ട് രാവണൻ യുദ്ധഭൂമി വിട്ട് ഒളിച്ചോടുകയാണോ എന്ന് ഒരു നിമിഷത്തേക്ക് പലരും തെറ്റിദ്ധരിച്ചു.
കുറച്ചു ദൂരം ചെന്ന രാവണൻ രഥം തിരിച്ച് ആ മഹാസേനക്ക് അഭിമുഖമായി നിറുത്തി. ഒരു ചെറിയ ചിരിയോടെ രാവണൻ പിന്നിൽ ഇരിക്കുന്ന ഭൂമി ദേവിയെ നോക്കി രണ്ടു കണ്ണും ചിമ്മി കാണിച്ചു. ആയോധനകലകളിൽ നിപുണയായിരുന്നെങ്കിലും ആദ്യമായി ഒരു യുദ്ധം നേരിൽ കാണുന്ന അങ്കലാപ്പുണ്ടായിരുന്നു ദേവിയുടെ മനസ്സിൽ. രാവണൻ രഥത്തിൽ എഴുന്നേറ്റു നിന്ന് സേനയോടായി ഉറക്കെ പ്രഖ്യാപിച്ചു.
"യോദ്ധാക്കളെ, നിങ്ങൾക്കേവർക്കും വീരമൃത്യു ആശംസിച്ചു കൊള്ളുന്നു."
ഇത്രയും പറഞ്ഞു രാവണൻ രഥത്തിൽ ആ മഹാസേനക്ക് നേരെ പാഞ്ഞടുക്കുന്നതിനിടെ അരയിൽ നിന്നും പതിനാലടി നീളവും ഒൻപത് വായ്‌ത്തലകളുമുള്ള ചുരുട്ടുവാൾ പുറത്തെടുത്തു. അതിന്റെ ദളങ്ങളുടെ അറ്റം നിലത്തടിക്കുന്ന ശബ്ദം ആ മഹാസേനയുടെ തെക്കേ വരിയിലെ അവസാന പടയാളിക്കു വരെ ശ്രവണയോഗ്യമായിരുന്നു. രഥത്തിന്റെ ചക്രങ്ങളുടെ വേഗതയിൽ അന്തരീക്ഷത്തിൽ ഉയരുന്ന പൂഴിയെ രാവണൻ ഉറുമി ഒരു പ്രത്യേകരീതിയിൽ ചലിപ്പിച്ചു മണൽ കൊണ്ട് ഒരു ചുഴലിക്കാറ്റ്‌ തന്നെ അവിടെ സൃഷ്ടിച്ചു.
രഥത്തിന്റെ രണ്ടു ചക്രങ്ങളിൽ നിന്നും ആകാശം വരെ മുട്ടുന്ന മണൽ ചുഴലി കാറ്റിന്റെ അകമ്പടിയോടെ അവർക്ക് നേരെ സീൽക്കാരത്തോടെ അടുത്തു. മദം പൊട്ടിയ ഒറ്റയാനെ പോലെ വരുന്ന രാവണനെ സേനയിൽ ഉള്ളവരെല്ലാം അമ്പരപ്പോടെ നോക്കി നിന്നു.
ഇതിനിടക്കെപ്പോഴോ ദേവി മോഹാലസ്യത്തോടെ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു. അതേ യുദ്ധഭൂമി. ചുറ്റുമുള്ള ശത്രുക്കളുടെ ചലനങ്ങൾ എല്ലാം മന്ദഗതിയിലാണ്. യുദ്ധത്തിന്റെ ആരവം ഒന്നും തന്നെ ഇല്ല. രാവണൻ സാധാരണഗതിയിൽ തന്നെ രഥത്തിൽ നിന്നും യുദ്ധം ചെയ്യുന്നു, എന്നിട്ട് തിരിഞ്ഞു ദേവിയോടായി പറയുന്നു.
"എന്റെ പിന്നിൽ അലയടിക്കുന്ന തിരകൾ സാക്ഷിയായി, എന്റെ മുന്നിൽ ശരവർഷം പായിക്കുന്ന ഈ ശത്രുസേന സാക്ഷിയായി, ഞാൻ ഇതാ പ്രതിജ്ഞ ചെയ്യുന്നു. ഈ ലോകത്തിലെ എല്ലാ പ്രതിബന്ധവും നശിപ്പിച്ചു, നിനക്ക് നേരെ വരുന്ന എല്ലാ അനർത്ഥത്തിൽ നിന്നും നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം. അതിനുപകരമായി എനിക്ക് വേണ്ടത് നിന്റെ ഒരു വാക്ക് മാത്രമാണ്. ഇപ്പോൾ തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന ഒരു പടയാളി മാത്രമാണ് ഞാൻ. നാളെ ഏഴ് പ്രഭുക്കളുടെ നാട് കീഴടക്കി ഞാൻ ഒരു രാജാവാകും. അത് കഴിഞ്ഞ് പതിനാലു രാജാക്കന്മാരുടെ രാജ്യം കീഴടക്കി ഞാൻ ഒരു ചക്രവർത്തിയുമാകും. അന്ന് എന്റെ അഖണ്ഡസാമ്രാജ്യം ഞാൻ നിനക്ക് സമർപ്പിക്കുമ്പോൾ, എനിക്ക് വിശ്രമിക്കാൻ നിന്റെ മാറിന്റെ സ്വൈര്യവും നിന്റെ ആലിംഗനത്തിന്റെ സുരക്ഷിതത്വവും, എനിക്ക് വേണ്ടി മാത്രമായി നീ സമർപ്പിക്കണം. അതിൽ അനന്തമായി ഞാൻ വിശ്രമിക്കും..."
നിമിഷങ്ങൾക്കകം ദാരുണമായ ഒരു വിലപം കേട്ടുകൊണ്ട് ഭൂമീ ദേവി ആ മയക്കത്തിൽ നിന്നും, ആ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു. മണികേശുനാഥന്റെ ശിരസ്സ്‌ അറ്റ് വീഴുന്ന കാഴ്ച കണ്ടാണ്‌ ദേവി കണ്ണ് തുറന്നത്. ഒരു നിമിഷത്തേക്ക് രാവണൻ ഒഴിച്ച് മറ്റെല്ലാ പേരും സ്തംഭിച്ചു നിന്നു. രാവണൻ യുദ്ധസന്നദ്ധനായി അടുത്ത ആളിന്റെ അടുത്തേക്ക് തിരിഞ്ഞപ്പോൾ അയാൾ ആയുധം താഴെ ഇട്ടു. ഒരു ചീട്ടുകൊട്ടാരം തകർന്നു വീഴുന്ന മുറയിൽ തൊട്ടടുത്ത്‌ നിന്നവർ ഓരോരുത്തരായി ആയുധം താഴെ ഇട്ടു. രാവണൻ ഒരു ചെറു പുഞ്ചിരിയോട്‌ കൂടി എല്ലാരോടുമായി പറഞ്ഞു.
"നിങ്ങൾ എല്ലാപേരും നല്ലതുപോലെ പൊരുതി. ലോകത്തിന്റെ പാതി കീഴടക്കിയിട്ടും തന്റെ ഏറ്റവും മികച്ച പോരാളിയുടെ പേര് പോലും അറിയാത്ത മണികേശുനാഥൻ ഒരു നല്ല ചക്രവർത്തിയേ അല്ല. മികച്ച യോദ്ധാക്കളെ കണ്ടെത്തുകയും അവരെ ബഹുമാനിക്കുകയും, നിലനിറുത്തുകയും ചെയുന്നവനാണ് നല്ല ഒരു ചക്രവർത്തി. അങ്ങനെ ഒരാളെ കണ്ടെത്തി അദ്ദേഹത്തിന്റെ കീഴിൽ പോരാളിയായി ചേരൂ. ഇപ്പോൾ പിരിഞ്ഞു പോയിക്കോള്ളൂ. നിങ്ങളുടെ വരവും കാത്ത് കുറെ സ്ത്രീകളും കുട്ടികളും, നിങ്ങളുടെ കുടുംബം; വർഷങ്ങളായി കാത്തു നിൽക്കുന്നുണ്ടാവും. അവരവരുടെ വസതികളിലേക്ക് മടങ്ങി പോകൂ. "
ഇത്രയും പറഞ്ഞു രാവണൻ രഥം തെളിച്ചു കടൽക്കരയെ ലക്ഷ്യമാക്കി നീങ്ങി. രാവണന്റെ രഥം പോകുന്നത് കണ്ട്, പരുക്കേറ്റ ദിവ്യദത്തൻ ആത്മഗതം പോലെ പറഞ്ഞു. "എന്റെ അടുത്ത തലമുറയോ അതിന്റെ അടുത്ത തലമുറയോ വരെ മാത്രമേ എന്നെ ഓർക്കൂ എന്നാണ് ഞാൻ കരുതിയത്‌. ഇന്ന് ഞാൻ സന്തുഷ്ടനാണ്. ആ പോകുന്നത് ചരിത്രം തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ഒരു യോദ്ധവാണ്. അദ്ദേഹത്തോടൊപ്പവും അദ്ദേഹത്തെ എതിർത്തും പൊരുതിയ ഒരു യോദ്ധവായി ഞാൻ അറിയപ്പെടും. ഉഗ്രപ്രതാപിയായ രാവണന്റെ യുഗത്തിൽ ജീവിച്ചിരുന്ന ഒരാളായി ഞാൻ സ്‌മരിക്കപ്പെടും... "
................................
(ഞാൻ എഴുതിയ 'ഖഡ്‌ഗരാവണൻ പ്രണയിച്ചപ്പോൾ' എന്ന പുസ്തകത്തിൽ നിന്ന്.)
Praveen P Gopinath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot