നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രരോദനം (കഥ )

Best of Nallezhuth - No 10
നാണിയമ്മ ഉറക്കെയുറക്കെ കരഞ്ഞു. നെഞ്ചുതല്ലി, വിങ്ങിപ്പൊട്ടി വാവിട്ടുകരഞ്ഞു..!
എനിക്കത് ഒരു മധുരഗാനം പോലെ ആശ്വാസകരമായിരുന്നു എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല; വൈരുധ്യാത്മകവും!
റെയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനായി വിരമിച്ച പ്രഭമാമന്റെ മരണം, നാട്ടിലുള്ളവർക്കെല്ലാം സങ്കടകരമായ സംഭവമായിരുന്നു.
എഴുപത്തിയഞ്ചു വയസ്സുവരെയുള്ള ജീവിതത്തിൽ അദ്ദേഹം എല്ലാ മേഖലകളിലും അനുഷ്ഠിച്ചുപോന്ന സന്മാർഗികത്വം, മറ്റുള്ളവർക്ക് മാതൃകാപരമായിരുന്നു. അതിനാൽ തന്നെ മരണാനന്തരചടങ്ങിൽ പങ്കുകൊള്ളാൻ കണക്കിലധികം പുരുഷാരം തടിച്ചു കൂടിയിരുന്നു. റീത്തുകളുടെ ആധിക്യം, ഒരു ശവശരീരത്തെ പോലും വീർപ്പുമുട്ടിക്കാൻ പോന്നതാണെന്ന് എനിക്കു തോന്നി.
ചടങ്ങുകളുടെ ഒരുക്കങ്ങളെല്ലാം ഉയർന്ന നിലവാരത്തിൽ, പ്രഭമാമന്റെ മക്കൾ ഏർപ്പെടുത്തിയിരുന്നു. രണ്ട് ആണ്മക്കളും ഒരു മകളുമാണ് അദ്ദേഹത്തിന്. മൂവരും അമേരിക്ക കാനഡ തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബസമേതം പണം കൊയ്യുന്നു!..
പ്രഭമാമന്റെ ഭാര്യ, സതീദേവി ടീച്ചർ രണ്ടു വർഷങ്ങൾക്കു മുൻപ് മരിച്ചുപോയി. പിന്നീട് ആ വലിയ വീട്ടിൽ മാമനും അദ്ദേഹത്തെ പരിചരിക്കാൻ ഏർപ്പാടാക്കിയ ഒരു ജോഡി പുരുഷവനിതാ സഹായിയും മാമന്റെ പ്രിയപ്പെട്ട അൾസേഷ്യൻ നായയും മാത്രം അവശേഷിച്ചു.
ടീച്ചറുടെ മരണത്തിനു പങ്കെടുത്ത ശേഷം പിന്നീട് ഇപ്പോഴാണ് മക്കളെത്തുന്നത്!. അതും കാനഡയിൽ നിന്നും മകൾ എത്തിച്ചേരാൻ വേണ്ടി പ്രഭമാമന് അധിക രണ്ടു ദിനങ്ങൾ കൂടി ഐസുപെട്ടിയിൽ വിശ്രമിക്കേണ്ടി വന്നു.
അയൽക്കാരൻ എന്നതിനേക്കാൾ പ്രഭമാമനോടുണ്ടായിരുന്നത് ഒരു പിതൃ നിർവിശേഷ സ്നേഹമായിരുന്നു, പണ്ടുമുതലേ. സതീദേവി ടീച്ചറും സ്നേഹവതിയായിരുന്നു മറ്റുള്ളവരോട്. എന്നാൽ ചെറുപ്പത്തിലേ ബോർഡിങ്ങിലും, പിന്നീട് വിദേശത്തുമൊക്കെ അയച്ചു മുന്തിയ വിദ്യാഭ്യാസം കരസ്ഥമാക്കി കൊടുക്കപ്പെട്ട അവരുടെ മക്കൾക്ക് ഞങ്ങൾ അയൽക്കാരോ നാട്ടുകാരോ ഒന്നും പരിചിതർ ആയിരുന്നില്ല.
ഒരുമകന്റെ വിവാഹം മാത്രം ഗുരുവായൂർ വച്ചു നടത്തിയതിനാൽ അയൽക്കാരിൽ ചിലർക്കെങ്കിലും പങ്കുകൊള്ളാൻ പറ്റി.
ബാക്കിയുള്ള മക്കൾ തന്നിഷ്ടപ്രകാരം വിവാഹിതരാവുകയാണ് ചെയ്തത്!
നാണിയമ്മ ആ വീട്ടിലെ പണ്ടുമുതലേയുള്ള സഹായി ആയിരുന്നു. അടുക്കളയിലും പറമ്പിലും രോഗബാധിതയായ ടീച്ചറുടെ കിടക്കക്കരികിലും, ടീച്ചറുടെ മരണശേഷം ഒരുവർഷം കഴിഞ്ഞു ശയ്യാവലംബിയായിപ്പോയ പ്രഭമാമന്റെ ആരോഗ്യ പരിചരണത്തിലുമൊക്കെ നാണിയമ്മയുടെ അർപ്പണബോധത്തോടെയുള്ള ഇടപെടൽ തുടർന്നുപോന്നു.
എന്നാൽ വിദേശത്തുള്ള മക്കൾ, നാട്ടിലെ നാണിയമ്മയുടെ പരിചരണത്തിൽ തൃപ്തിക്കുറവുണ്ടായിട്ടു ഒരു ഏജൻസി മുഖേന ഏർപ്പാടാക്കിയ ഒരു പുരുഷനും സ്ത്രീയുമാണ് ഇപ്പോൾ വീട്ടുഭരണം. അതോടെ നാണിയമ്മക്ക് നിർബന്ധിത റിട്ടയർമെന്റ് ആയി !
പ്രഭമാമനെ റിമോട്ട് കസേരയിലിരുത്തി സഞ്ചരിപ്പിക്കാനും മക്കൾക്കും അച്ഛനും വീഡിയോ ചാറ്റ് നടത്താൻ സഹായിക്കാനുമൊന്നും നാണിയമ്മക്ക് പ്രാവീണ്യമുണ്ടായിരുന്നില്ല എന്നത് ഒരു ശക്തമായ കാരണമായിരുന്നു. തന്റെ ചൂരും ചൂടുമറിഞ്ഞ അന്തരീക്ഷത്തിൽ നിന്ന്‌, കാർമേഘം പെയ്തൊഴിയും കണക്ക് കരഞ്ഞുകൊണ്ടാണ് നാണിയമ്മ ഇറങ്ങിയത്.
നാണിയമ്മയുടെ സേവനത്തിലെ ആത്മാർത്ഥതയും അർപ്പണബോധവുമൊന്നും വാടകവാല്യക്കാർക്ക് ഉണ്ടായിരുന്നില്ല. പ്രഭമാമന്റെ ഇഷ്ടാനിഷ്ടങ്ങളോ, രുചിഭേദങ്ങളോ അവർക്ക് ശീലമായിരുന്നില്ല. ശമ്പളത്തിനുള്ള സേവനം അവർ അളന്നു തൂക്കി നൽകിക്കൊണ്ടിരുന്നു, അത്രമാത്രം !
അവരൊരിക്കലും പ്രഭമാമന്റെ പക്കപ്പിറന്നാളുകളിൽ ക്ഷേത്ര വഴിപാടുകൾ മുടങ്ങാതെ കഴിച്ചിരുന്നില്ല. അദ്ദേഹത്തിന് ഏറെയിഷ്ടമായിരുന്ന വാഴക്കൂമ്പ് തോരൻ പാചക മെനുവിൽ ഉൾപ്പെടുത്തുമായിരുന്നില്ല.
ആഞ്ഞിലിപ്പഴത്തിന്റെ ഉണങ്ങിയ കുരു വറുത്തെടുത്ത് കൊറിക്കാൻ നൽകാൻ മിനക്കെടുമായിരുന്നില്ല.
ഇതൊക്കെ സതീദേവിടീച്ചറും അവരുടെ മരണശേഷം നാണിയമ്മയും ചെയ്തു പോന്നതാണ്. പ്രഭമാമന്റെ ഇഷ്ടങ്ങൾ പറയാതെ തന്നെ സന്ദർഭത്തിനനുസരിച്ചു മനസ്സിലാക്കാനുള്ള ഒരു ടെലിപ്പതി, സന്നദ്ധത കൊണ്ട് ഇരുവർക്കും സിദ്ധിച്ചിരുന്നു.
നാണിയമ്മ, ഒരിക്കലും ടീച്ചർക്ക്‌ പകരമായിരുന്നില്ല. എന്നിരുന്നാലും ഒരമ്മയുടെയോ സഹോദരിയുടെയോ ഒക്കെ സ്ഥാനത്തു നിന്നുകൊണ്ട് അവർ പ്രഭമാമനെ പരിചരിച്ചു.
എന്നാൽ അവർ അവിടുന്നുപോയപ്പോൾ ആ നഷ്ടം ഒരു കനത്ത ആഘാതമായിട്ടാണ് പ്രഭമാമന് അനുഭവപ്പെട്ടതെന്ന് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.
ഇടക്കൊരു സന്ദർശനം നടത്തിയപ്പോൾ മാമനെ വളരെ പരിക്ഷീണിതനായിട്ടാണ് കണ്ടത്. മാമന് പരിചരണം വേണ്ടത് മനസ്സിനാണെന്ന് എനിക്കു മനസ്സിലായിരുന്നു. അധികകാലം അദ്ദേഹമുണ്ടാവില്ലെന്നും.
സ്വന്തം വളർത്തു പട്ടിയെ ഒന്നു തലോടാൻ പോലുമാവാതെ മാമൻ കുണ്ഠിതപ്പെട്ടിരിക്കാം. അലെർജിക്കു കരണമാകുമത്രേ അതൊക്കെ!
മകളുടെ വീട്ടിൽ സ്ഥിരതാമസമാക്കിയ നാണിയമ്മ മരണവിവരമറിഞ്ഞെത്തിയപ്പോൾ ചടങ്ങുകൾ ആരംഭിച്ചുകഴിഞ്ഞിരുന്നു.
ബന്ധുക്കളും നാട്ടുകാരും ഒപ്പം ജോലിചെയ്തവരും പ്രമുഖരുമൊക്കയടങ്ങുന്നയാൾക്കൂട്ടം നിശബ്ദത പാലിച്ചു നിന്നു. ഒരു പിഞ്ചുകുഞ്ഞു കരയുന്ന ശബ്ദം, അതു നിറുത്താൻ അടക്കത്തിൽ ശ്രമിക്കുന്ന അമ്മയുടെ ശബ്ദം, അൾസേഷ്യൻ നായ ശബ്ദമൊതുക്കി മോങ്ങുന്ന ഒച്ച, കർമ്മിയുടെ മന്ത്രോച്ചാരണം-ഇവയൊഴിച്ചാൽ ബാക്കിയെല്ലാം അതീവമൗനം!
വലിയ ആൾക്കാർ മരിച്ച വീട്ടിൽ ആരും തന്നെ ശബ്ദമുയർത്തി കരയാറില്ല എന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
എത്ര ദുഖമുണ്ടെങ്കിലും കരച്ചിലിനെ ചേർത്തു വെച്ച ചുണ്ടുകൾ കൊണ്ടു മതിൽ കെട്ടി തടഞ്ഞ്, തപ്ത നിശ്വാസമാക്കി മൂക്കിലൂടെ പുറത്തുവിടും!
അറിയാതെ അൽപ്പം വിതുമ്പിപ്പോയാൽ അപരാധമായി കരുതി ആത്മനിയന്ത്രണം പാലിക്കും.
ഇവിടെയും അതുതന്നെ ! ഞാൻ നിരീക്ഷിച്ചു.
മൂത്തമകനാണ് പ്രധാനമായി കർമ്മം ചെയ്യുന്നത്. അദ്ദേഹം ഈറനുടുത്തു വന്നിട്ടുണ്ട്. ഇളയമകൻ അദേഹത്തിന്റെ അടുത്തു നിൽക്കുന്നു. മകൾ അൽപ്പം മാറി ഒരു കസേരയിൽ ഇരിക്കുന്നു. ഒപ്പം ഭർത്താവുമുണ്ട്.
ദുഖമുണ്ടോ ഇല്ലയോ എന്നു തിരിച്ചറിയാനാവാത്ത മുഖഭാവം. പ്രതികരണങ്ങളെല്ലാം ചുണ്ടുകൾ ചേർത്തു പിടിച്ചുകൊണ്ടുള്ള മുഖം കുലുക്കലുകൾ! ചില ഇഗ്ലീഷ് സിനിമകളിലെ പ്രത്യേകതരം അഭിനയരീതിയെ ഓർമ്മിപ്പിച്ചു അത്‌!
ഒട്ടും കരഞ്ഞു പോകരുതെന്ന് അവരെല്ലാം ദൃഢപ്രതിഞ്ജയെടുത്തിട്ടുണ്ടെന്ന് എനിക്കു തോന്നി. വാതുറന്നുള്ള കരച്ചിലോ വികാരപ്രകടനങ്ങളോ ഒക്കെ അവർ കാത്തുസൂക്ഷിച്ചു പോരുന്ന സാംസ്‌കാരിക പ്രതിബിംബത്തെ ഉടച്ചു കളഞ്ഞേക്കുമെന്ന് അവർ ഭയപ്പെടുന്നുണ്ടായിരിക്കാം !
മതിലിനു പുറത്തു നിന്നു നോക്കുന്ന ആർക്കും അതൊരു മരണവീടാണെന്നു തോന്നുമായിരുന്നില്ല. ഏതോ യോഗം സമാരംഭിക്കുന്നതിനു മുൻപുള്ള പ്രാർത്ഥനാഗാനസമയത്തു പാലിക്കുന്ന നിശബ്ദതയായി തോന്നിക്കുന്ന അനുഭവം!
സത്യത്തിൽ ആരെങ്കിലും ഒന്നു പൊട്ടിക്കരഞ്ഞിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചുപോയി.!
എറ്റവും നിഷ്കളങ്കമായ, അങ്ങേയറ്റം ആത്മാർത്ഥമായ, അതിരറ്റു ഹൃദയസ്പർശിയായ ഒരു വിലാപം ഈ അന്തരീക്ഷം അർഹിക്കുന്നില്ലേ? !
ഒരു ജീവിതകാലം മുഴുവൻ ചെയ്ത സൽപ്രവർത്തികൾ, അധികം പേർക്കും അറിയാൻ കഴിയാതെ പോയ, പരസ്യ പ്പെടുത്താൻ ആഗ്രഹിക്കാത്ത മറുകൈ സഹായങ്ങൾ, ആർക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണകളോ വിരോധമോ അദ്ദേഹത്തിനൊടുണ്ടെങ്കിൽ അതു തിരുത്താനുതകുന്ന നിരപരാധിത്വ വെളിപ്പെടുത്തലുകൾ, പൂർത്തീകരിക്കാനാവാതെ പോയ ആഗ്രഹങ്ങൾ -ഒക്കെയും പതം പറഞ്ഞു കരയാൻ ഒരാളെ ഈ വീട് മോഹിക്കുന്നില്ലേ?
അതിനു പകരം തികച്ചും നിർവികാരവും മൗനനിമഗ്നവുമായ ഒരു ശൈലി ഇപ്പോൾ ഭൂഷണമല്ലെന്നാണ് എനിക്കു തോന്നിയത്.
ഒരേയൊരു ശബ്‌ദയാനമായ വിതുമ്പിക്കരച്ചിൽ ആഗ്രഹിച്ചുകൊണ്ടു നിന്നപ്പോഴാണ് ആ കരച്ചിൽ കേട്ടത്.. നാണിയമ്മയുടെ കരച്ചിൽ.. !
നാണിയമ്മ ഉറക്കെയുറക്കെ കരഞ്ഞു. നെഞ്ചുതല്ലി, വിങ്ങിപ്പൊട്ടി വാവിട്ടുകരഞ്ഞു..!
അതോടെ അതിസാന്ദ്രനിശബ്ദമായി അവിടം.
എല്ലാവരും അസാധാരണ സ്ത്രീയെ എന്നപോലെ അവരെ തുറിച്ചുനോക്കി !
"എന്റെ സാറേ.. ഇട്ടേച്ചു പൊയ്ക്കളഞ്ഞല്ലോ.. "
നാണിയമ്മ പതം പറഞ്ഞു കരയാൻ തുടങ്ങിയപ്പോൾ ഞാൻ ആശ്വാസത്തോടെ ഒന്നിളകി നിന്നു. മനസ്സിന് എന്തൊരു ലാഘവത്വം !
"മക്കളാരെങ്കിലും ഒരാഴ്ചയെങ്കിലും കൂടെനിൽക്കണമെന്ന് എന്തുമാത്രം ആശിച്ചതാ.. എന്നിട്ടിപ്പോ. " നാണിയമ്മ പൊട്ടിപ്പൊട്ടി കരഞ്ഞു.
അതുകേട്ടു നായ മോങ്ങി.
"എന്റെ ബ്രൂണോ മോനേ " നാണിയമ്മ പട്ടി കിടക്കുന്ന ഭാഗത്തേക്ക്‌ നോക്കി നെഞ്ചുതല്ലി:
"നിനക്കിനി ആരുണ്ടെടാ.. നിന്നെ കളിപ്പിക്കാൻ ഇനി ആരാ ഒള്ളത്.. "
അപ്പോഴാണ് നാണിയമ്മ പ്രഭമാമന്റെ മൂത്ത മകനെ കണ്ടത്. അടിയന്തര ചടങ്ങിനുള്ള വേഷത്തിൽ ഈറനണിഞ്ഞു നിന്ന അയാളുടെ അരികിലെത്തി ആ കൈകൾ കൂട്ടിപ്പിടിച്ചു നാണിയമ്മ വിങ്ങിപ്പൊട്ടി :
"സാറിന്റെ കടിഞ്ഞൂൽക്കനിയല്യോ...ജീവനോടെ ഒരു നോക്കു കാണാൻ എത്തീല്ലല്ലോ... "
പിന്നെ തെക്കു ഭാഗത്തു കായ്ച്ചു നിൽക്കുന്ന തത്തച്ചുണ്ടൻ മാവ് ചൂണ്ടി കരഞ്ഞുകൊണ്ട് പറഞ്ഞു: "ദാ ആ മാവില്ലേ, അത്‌ കുഞ്ഞിനെ പെറ്റ അന്നു സാറ് നട്ടതാ... എന്നോടു പറഞ്ഞിട്ടുണ്ട്, ഒണക്കു വരുമ്പോ കുറച്ചു വെള്ളമൊഴിച്ചു കൊടുക്കണേ നാണിയമ്മേ ന്ന്.. മൂത്ത മോന്റെ പ്രായമാണെന്ന്.. !"
അതോടെ അവർ സഹിക്കാനാവാതെ തേങ്ങിക്കരഞ്ഞുകൊണ്ടു മുഖം പൊത്തി:
"മരിക്കുമ്പോ അതിന്റെ കൊമ്പു വെട്ടിയെടുത്തു വേണം ദഹിപ്പിക്കാനെന്ന്.. മക്കൾക്ക് അന്നേരം വരാനായില്ലെങ്കി, ഒരാശ്വാസത്തിനാണെന്ന്.. !!"
അതോടെ അവർ നിശബ്ദയായി.
ആൾക്കൂട്ടമാകെ ഒരു വല്ലാത്ത വീർപ്പുമുട്ടലിൽ മനസ്സിരമ്പി നിന്നു.
ഒറ്റ നിമിഷം !
നാണിയമ്മയുടെ നിശ്ശബ്ദതക്കു മീതെ വേറൊരു കിതപ്പുകലർന്ന തേങ്ങൽ പൊങ്ങിവന്നു.
നോക്കുമ്പോൾ നാണിയമ്മയുടെ മുന്നിൽ നിന്നു പ്രഭമാമന്റെ മൂത്തമകൻ വിങ്ങിപ്പൊട്ടുകയാണ്!!
പവിത്രമണിഞ്ഞ രണ്ടുകൈകളും കൊണ്ടു മുഖം പൊത്തി അദ്ദേഹം പൊട്ടിക്കരഞ്ഞു.
ആ കരച്ചിൽ ഇളയ മകനിലേക്കും മകളിലേക്കും ഒരു കുഞ്ഞണക്കെട്ടു പൊട്ടിയതുപോലെ വ്യാപിച്ചു. അതോടെ, അതുവരെ ബദ്ധപ്പെട്ടു കരച്ചിൽ നിയന്ത്രിച്ചിരുന്ന ബന്ധുക്കൾ, മറ്റ് സുഹൃത്തുക്കൾ, നാട്ടുകാർ, അൾസേഷ്യൻ നായ ഒക്കെ ആ മഹാവിലാപത്തിലേക്കു ക്രമമായി ഒഴുകിയെത്തി..ആദ്യം കരഞ്ഞുറങ്ങിയ കൈക്കുഞ്ഞും ഉണർന്നു കരയാൻ തുടങ്ങി.
ഞാൻ മെല്ലെ ചുവടു പിന്നോട്ടു വെച്ചു ആൾക്കൂട്ടത്തിനു വെളിയിലെത്തി.
മതിൽ കടന്നു പുറത്തുവന്നു നിന്നു. പിന്നെ കണ്ണുകൾ അടച്ചു കാതു കൂർപ്പിച്ചു !
അതെ ! മരിച്ച വീട്ടിലെ കരച്ചിൽ !
എനിക്ക് ആഹ്ലാദം തോന്നിയത് ഒട്ടും വൈരുധ്യാത്മകമല്ലെന്ന് ഇതു വായിക്കുന്നവർക്കും തീർച്ചയാണെന്ന് എനിക്കറിയാം!
-ഞാൻ കണ്ണുകൾ തുറന്നപ്പോൾ അതിൽ നിറഞ്ഞ ജലം ആനന്ദക്കണ്ണീരാണെന്നും !!
Rbk muthukulam

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot