നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൈവത്താളുകള്‍(കഥ)


Best of Nallezhuth - No 4
ഞാനാരാണെന്നൊള്ളത് നിങ്ങക്ക് -എനിക്കും-വഴിയേ മനസ്സിലാകും ആ വഴീടറ്റത്തൊരു ലോറിയിടിയൊണ്ട്-ഞാനാരാണെന്നൊള്ളതല്ല കാര്യം, ഞാന്‍ പറയാമ്പോകുന്നതാ, ശ്രദ്ധിച്ചിരുന്നോണം പിന്നെ മനസ്സിലായില്ലാ മണാ കുണാന്ന് പറഞ്ഞേക്കല്ല്. അല്ലേലും ഞാനൊണ്ടാക്കി വിടുന്നേനെല്ലാം അങ്ങനൊരു പരാതിയൊണ്ട്.
എന്നാ പിന്നെ കേട്ടോ..
റോഡ്പണിക്കായിട്ട് അണക്കരവഴിക്കൊള്ള അത്തിമരം വെട്ടുമ്പഴാരുന്നത് പതിവ് പോലെ മാര്‍ച്ചിലെ വെയിലെത്തിനോക്കുന്ന ഒരെട്ട് മണി, റോഡിലെങ്ങും ആരുമില്ല, കാറും ബൈക്കുമില്ല. പറഞ്ഞ് പണിയിച്ച പോലൊരനക്കമില്ലായ്മ.
കളരിക്കന്‍ ആന്‍റണി തലേലെ തോര്‍ത്തൊന്ന് മുറുക്കീട്ട് മിഷ്യന്‍ വാളൊന്ന് ഓടിച്ച് നോക്കി. ചുമ്മാ ഒരുടെസ്റ്റിന്, എന്നാണ്ടൊരു കാറിച്ച കേട്ടപോലാന്‍റണി വാളോഫാക്കി ' കൂട്ടത്തിലൊള്ള സാബൂനേം മുരുകനേം തിരിഞ്ഞ് നോക്കി-അവമ്മാരയാടെ കാലേലോ കയ്യേലോ ചോരപ്പാട് തെരയുവാരുന്നു
ഇല്ല.
പിന്നാരാ കാറിയേ..?
"ഏത് പൂ... മോനേലുവാട്ട്. "
ആന്‍റണി വാള് കറക്കി അത്തിമരത്തിന്‍റെ കാലിനെടേലോട്ട് വെച്ചു. പെട്ടന്നൊരു കൂട്ടക്കരച്ചിലങ്ങ് പൊട്ടിവീണു. പക്കിയേം പറവേം പരുന്തിനേം കരയിക്കാന്‍ കവികളാരുമില്ലാരുന്നു, ബുജ്ജികളുമില്ല പട്ടാപ്പകല് ,പെരുവഴി, പ്രേതങ്ങളുമല്ല.
ആന്‍റണി നോക്കുമ്പഴാണ്ട് ചൗണ്ട തുണിക്കെട്ട് പോലെ മൂന്നെണ്ണം നെഞ്ചത്തടിച്ച് കാറുന്നു. ചെറിയാച്ചന്‍റവടെ ചിരിച്ചോമ്മാര്‍ - പല്ലതേരില്ല. കുളിക്കത്തില്ല, ചെളീം, ചെടേം പിടിച്ച താടീം മുടീം.
ഒന്നിനെ കണ്ടാ രണ്ടുമല്ലാത്ത മോഴ. ഒരുത്തനാന്നോ ഒരുത്തിയാണോന്ന്, വാ ആര്‍ക്കറിയാം.
ഒന്നിന്‍റെ മൊഖത്ത് ചരല് വാരിയെറിഞ്ഞ പോലെ വസൂരിക്കല - ഇവമ്മാരിങ്ങനെ പതുക്കെ വന്ന് നടുവളച്ച് കുത്തിയിരിക്കുവാരുന്നില്ല. മിന്നായം പോലാരുന്നു, തല്ലിയലയാണ് കണ്ടത്.
"എന്നാടാ ആരേലും ചത്തോ"?
കേട്ട ഭാവമില്ല ങേഹെ... നെഞ്ചത്ത് നോകാതിടിച്ച് കണ്ണുനീര് വരാതൊള്ള കള്ളകാറിച്ച .
ആന്‍റണി പിന്നേം വാള് കറക്കി, മരത്തിന്‍റെ കാല് മുറിഞ്ഞു. തലപ്പിരുണ്ടു. ചെറകടീം ചെലപ്പും പൊങ്ങി. സാബൂന്‍റേം മുരുകന്‍റേം മുഖത്തും മുടീലും തുള്ളി. വീണു, ആണുംപെണ്ണുമല്ലാത്തോന്‍ മരത്തടീല്‍ തലതല്ലിക്കരഞ്ഞു. അവന്‍ കുത്തിയിരുപ്പീന്ന് എണീറ്റ് നിന്നത് ആന്‍റണി കണ്ടിട്ടില്ല. കൂടെയൊള്ളോര് കണ്ടില്ല. കുത്തിയിരിക്കുന്നോര് പെരുമ്പറപോലെ നെഞ്ച് തല്ലിക്കരയുവാണിപ്പോ കണ്ണീന്ന് ചോരവരും. മുമ്പാകമെല്ലാം നനഞ്ഞു കുതുന്നു. ആന്‍റണി അതീന്ന് കണ്ണടച്ചു. പിന്നെ കാതുമടച്ചു അവന്‍റെ തലക്കാത്ത് വാളിന്‍റെ മൂളക്കം മാത്രം, ഉച്ചകൊണ്ടാ മരത്തിന്‍റെ ആകാശം ചെരിഞ്ഞു.
***
കേഴയോ മ്ലാവോ ആണെന്നാ ബെന്നിച്ചന്‍ കരുതീത് - മേരിമാതാ എര്‍ത്ത് മൂവേഴ്സിന്‍റെ ബോര്‍വെല്‍ മെഷീന്‍ കാലത്ത് ആറ് മണിക്ക് വീടിന്‍റെ മുറ്റത്ത് വന്ന് നിന്നു. ബംഗാളികളൊരു പതിനഞ്ച് മിനിറ്റ്കൊണ്ട് കുഴല്‍ കെണറ് കുത്താനൊള്ള കോല് - മൂരീടെപോലെ മണ്ണി മുട്ടിച്ച് നിര്‍ത്തി. അന്നേരവാരുന്നത്, ഏലത്തി, മ്ലാവോ കേഴയോ പോലാ കാറിച്ച കേട്ടത്.
ബെന്നീം ബംഗാളികളും ചുറ്റും നോക്കി. ഒന്നും കണ്ടില്ല, ഒന്നും മിണ്ടീമില്ല ബെന്നിക്ക് ഹിന്ദി അറിയാമ്മേല.
മുറ്റത്തെ കെണറ് പറ്റി താഴത്തെ തോടും കൊളോം പറ്റി, മഴ പറ്റി .ഒടുക്കത്തെ മാര്‍ഗ്ഗമാണിത് മൂന്നേക്കറേലോം ഒരു ഭാര്യേം രണ്ട് പിള്ളേരും രണ്ട് കറവ പശും ഞാനും ജീവിച്ച് പോകാനൊള്ളതാ കര്‍ത്താവേ...
ബെന്നി ഉള്ളുരുകി ഒരു കുരിശു വരച്ചു, കണ്ണ് തൊറന്നപ്പം യന്ത്രക്കോല് മണ്ണ് തൊളച്ചു താന്നു. പെട്ടന്ന് ബംഗാളി ഭായ് മെഷിന്‍റെ എഞ്ചിനോഫാക്കി.
പാണ്ടക്കെട്ട് പോലെ മൂന്നെണ്ണം ഡ്രില്ലിങ് ലൈന് താഴെ തല്ലി അലച്ച് കരയുന്നു. അപ്പനേം അമ്മേം കണ്‍മുന്നിലിട്ട് വെട്ടിക്കൊല്ലുന്ന കണ്ട പിള്ളാരടെ പോലൊള്ള കരച്ചിലാണ്.
ബെന്നിക്കങ്ങ് പാവം തോന്നി, തൊണ്ട പൊട്ട്ന്നപോലൊള്ള അലറിക്കരച്ചില്‍ - ബെന്നി ഓടിച്ചെന്ന് മൊഖത്തോട്ട് കുനിയുമ്പഴാണ് പിടികിട്ടിയത്
"ങാഹ ഇവമ്മാരാരുന്നോ.. "
ചെറിയാച്ചന്‍റവടെ ചിരിച്ചോമ്മാരാണ്. ബെന്നി ഒരേലത്തട്ടയിങ്ങോട്ടൊടിച്ചു, മൂന്നെണ്ണത്തിന്‍റേം പൊറം പൊള്ള്ന്ന പോലെ വെച്ച് വീക്കി - ബംഗാളിയോട് എഞ്ചിനോണാക്കാന്‍ വിളിച്ച് പറഞ്ഞു.
അവരനങ്ങിയില്ല മൂന്ന് പേരും. അവര് കരഞ്ഞത് അടികൊണ്ടാരുന്നില്ല. ഉച്ചയാകാറായപ്പഴേക്കും ഏലത്തേലെല്ലാം അരിപ്പത്തട്ടിലരിപ്പൊടി വെറക്കുന്നപോലെ കല്ല് പൊടി വെറച്ചൂര്‍ന്നു ഭൂമീടെ നെഞ്ചില്‍ കുട്ടീന്ന് .
ഡ്രില്ലിങ് ലൈനിന്‍റെ ചോട്ടിലെ മൂന്ന് പേരും പൊടി മൂടി, കണ്ണും മൂക്കുമില്ല, കരയുകേം ചൊമക്കുകേം ചെയ്യുന്ന വാ മാത്രം. എടക്ക് മൂക്കൊന്ന് തുമ്മി തൊറക്കും. നാല് മണി ആയപ്പഴേക്കും ഭൂമിക്കടീന്ന് വെള്ളം പൊട്ടിയൊഴുകി ഹൃദയരക്തം പോലെ ബെന്നീടെ കെട്ട്യോള് റാണി പായസം വെക്കാനോടി.
******
വഴിതെറ്റിച്ചെന്നപോലാരുന്നു, അതുമൊരാറ് മണിക്ക് .പുല്ല് മേഞ്ഞൊരൊറ്റ ഷെഡേയൊള്ളവിടെ - വറീതിന്‍റെറച്ചിക്കട - വറീത് മാടിനെ അഴിച്ചോണ്ടെ പൊറകി ക്കെട്ടി. ഇരുട്ട് പോലൊരു പോത്ത്. തിരിച്ച് ഷെഡി വന്ന് ഒരു തിറുതീമില്ലാതെ പയ്യൊരു ബീഡിയെടുത്ത് കത്തിച്ചു. ചുമ്മാ ഫോണെടുത്തൊന്ന് നേരം നോക്കി. പൊറകോട്ട് തിരിഞ്ഞപ്പഴാണത് കേട്ടത്, മാടിനെ കൂച്ചിക്കെട്ടിയില്ല, കൂടമെടുത്തില്ല, അതിന്‍റെ നെറുകംതലയൊടച്ചില്ല അതിന്ന് മുന്നേ.
രാത്രിയാണോ കാറിയേന്ന് വറീതൊന്നെത്തിനോക്കി. പകലാണോ...?
പിന്നവര് പാത്തിരുന്നു. മാട്പെടച്ചപ്പഴും മിണ്ടിയില്ല. അവരത് കാണുന്നൊണ്ടാരുന്നു. പകലും രാത്രിയും കരിനീലചേര്‍ന്ന അതിന്‍റെ കണ്ണ് വേദനയില്ലാതത് ചിമ്മുന്നു. കരച്ചിലില്ല, കൈ കാലിട്ടടി, ചാണകക്കുഴീലോട്ടൊഴുകുന്ന ചോരച്ചാല്. അതിന്‍റെ കൈക്കൂടിനെടേലെ തോലീന് വറീത് വരയിട്ടപ്പം മാത്രം അവര് മൂന്ന് പാടും ചെതറി വീണു.
ചെറിയൊന്‍റവടെ ചിരിച്ചോമ്മാര് .
വറീത് കത്തി വായിട്ട് ഞെട്ടിയെഴുന്നേറ്റ് നിന്ന് തെറിവിളിച്ചു, ചെറിയാന്‍റവടെ ചിരിച്ചോമ്മാര്
ചെറിയാന് രണ്ടാമ്പിള്ളാരാരുന്നു ജോമിത്തും, ജെസ്ബിനും. പതിനേഴും പത്തൊമ്പതും വയസാരുന്നു. ഒരുവെളുപ്പാങ്കാലത്ത് ബുള്ളറ്റ് ടിപ്പറിലിടിച്ച് രണ്ടും ചത്തു. എളേ ചെറുക്കന്‍റെ തലച്ചോറ് ചെതറിയാരുന്നു. രണ്ട് പേരും ജില്ലേലെ വോളിബോള്‍ ടീമീവരെ പൊങ്ങിയ ആറടി പൊക്കക്കാര്‍ മാസം മാസം നാടിനോരോ കപ്പടിച്ചോണ്ട് വരുന്നോര്.
നാട്ട്കാര് കരഞ്ഞു. ചെറിയാനും, റോസമ്മേം കരഞ്ഞു, കളരിക്കന്‍ ആന്‍റണി കരഞ്ഞു, തുണ്ടിപ്പുറം ബെന്നി കരഞ്ഞു, കശാപ്പ്കാരന്‍ വറീത് കരഞ്ഞു.
മൂന്ന് പേര് മാത്രം ചിരിച്ചു. തെരുവ് പട്ടികളെപ്പോലെ കെട്ടിമറിഞ്ഞൊച്ചയൊണ്ടാക്കി, ശവം പള്ളീലോട്ടെടുക്കാന്‍ നേരവാരുന്നു. വട്ടമ്മാരാണ് ,കിറുക്കന്‍മാര്‍, തെണ്ടികള്‍ ഈ ഭാഗത്തെങ്ങും കണ്ടിട്ടില്ലല്ലോന്ന് നാട്ട്കാരന്തിച്ച് നോക്കുമ്പം ചിരി ചുമ്മാതല്ല ചത്ത് മലച്ച് കെടക്കുന്ന കുഞ്ഞുങ്ങളെ നോക്കി കൈചൂണ്ടി ആര്‍ത്ത് ചിരിക്കുവാണ്.
അവരെ അന്നവിടെവെച്ചാദ്യം കണ്ടത് നാട്ട്കാരാരുന്നില്ല. കുന്നിന്‍ ചെരുവിലെ ഏലക്കാട്ടില്‍ താമസിക്കുന്ന ഒരെഴുത്ത്കാരിയില്ലേ, സുനൂന്ന് പറയുന്ന ഇരുനെറക്കാരി സുന്ദരിക്കൊച്ച്.
ഏലക്കാടിന് നടുക്ക് മണ്ണും മൊളേം പുല്ലും മേഞ്ഞൊണ്ടാക്കിയ വീട്ടിലാരുന്നവള് താമസം. പാതിമുക്കാലം കഥേലും കാലോളം നാട്ടിലും ജീവിക്കുന്ന പെണ്ണ്.
ഒരു വെളുപ്പാങ്കാലത്തൊറക്കത്തി സുനു കണ്ടു വലിയകാടിന് നടുക്ക് വല്ല്യൊരു പുല്‍ മൈതാനം. ചുറ്റും കാടാണ്. കോറേനേരം ഒന്നുമില്ല വെറും ശൂന്യത. പിന്നെ പതുക്കെ കാടനങ്ങി. പത്തി വിരിച്ചൊരു മൂര്‍ഖന്‍ എറങ്ങി വന്നു. മുള്ളെഴിച്ചൊരു മുള്ളന്‍ പന്നി, ഒരു കണ്ടന്‍ കാട്ട്പൂച്ച വേണോ വേണ്ടേന്ന് എറങ്ങിവന്നേച്ച് തിരിച്ച് കേറിപ്പോയി.
ഒരു മലമുഴക്കി പറന്നെറങ്ങി വന്നു. അവര്‌ മൂന്ന് പേരുചതുപ്പിന് നടുക്ക്. ആയിരം ജന്തുജാലങ്ങളവരെ കാടിനിടയിലൂടെ തലയിട്ട് നോക്കി.
സുനു ഒന്ന് തിരിഞ്ഞു കിടന്നപ്പോ ആ മൂന്ന് പേരും ചതുപ്പിന് നടുക്കൂന്ന് മൂന്ന് മനുഷ്യരായി ഇരുകാലില്‍ നിവര്‍ന്നു. പല്ല്തേരും, കുളീം അലക്കുമില്ലാത്ത കോലത്തി. സുനു കണ്ണ് തൊറന്നു.
ചെറിയാന്‍റെ വീട്ടീന്ന് മൂന്നാല് പയ്യമ്മാര് കൂടി അവരെ പിടിച്ച് വലിച്ച് വഴീലെറക്കി വിട്ടു. ഡെറ്റോളിന്‍റെ സോപ്പ്കൊണ്ട് കൈകഴുകി, ഏലക്കാ പറിച്ച് ചവച്ചു, എന്നിട്ടും നാറ്റം പോകാത്ത പോലെ ചുമ്മാ ഷോ കാണിച്ചു.
പ്രതികരിക്കാന്‍ ധൈര്യമില്ലാത്തൊരു എഴുത്തുകാരിപ്പെണ്ണിന്റെ മനസ്സീന്നൊണ്ടായവരാണവരെന്ന് നമ്മക്ക് ചുമ്മാ കരുതാം. അവളൊരു കാട്ടുപൂച്ചേടെ നടത്തമാരുന്നു. മുഖം കുനിച്ച് പിടിച്ച് എന്നാ എല്ലാം, എല്ലാരേം കണ്ട് ,ഒരു മന്ത്രവാദിനി.
വറീതിന്‍റെ കടേല്‍ എറച്ചിക്ക് വന്നേക്കാള്‍ വല്ല്യ ആള്‍ക്കൂട്ടമാരുന്നു. അവരലറിക്കരഞ്ഞത് പോത്തിന്‍റെ വയറ് പൊളന്നേനാരുന്നില്ല, ചെറിയാച്ചന്‍റെ മക്കളെ ഇതുപോലെ തോലുരിച്ച് തൂക്കാത്തേനാരുന്നു. അവരടെ ചങ്കും കരളും പണ്ടോം കണ്ട് നാട്ട്കാര് കൊതി വെള്ളവൊക്കാത്തേനാരുന്നു, അന്നവരിതുപോലെ കൊതിച്ച് ചിരിക്കാത്തേന്.
ചാവിനും അടക്കിനുമെടേലൊള്ള നേരം ഫോണില്‍ നോക്കിയിരിക്കുകേം എടക്കെടക്ക് കരയുകേം വിതുമ്പുകേം ചെയ്യുന്ന ഏര്‍പ്പാടല്ലിവിടെ .പോത്തിന്‍റെ ചോരതെറിച്ച കോലത്തിലവര് നെഞ്ച് തല്ലിക്കരഞ്ഞു.
******
പണ്ട് പുല്ല്മേട്ടെ മകരവെളക്കിന്‍റെ തിക്കിലും തെരക്കിലും പെട്ട് നൂറ്റാറ് പേര് ചത്തതോര്‍ക്കുന്നൊണ്ടോ ? പിന്നെ തേക്കടി ബോട്ട് ദുരന്തം നാപ്പത്തഞ്ച് പേരിക്കൂടുതല് ചത്തു അന്നേരമൊന്നും കാണാത്തത്ര തല്ലിയലേം കരച്ചിലുമാണിവിടെ. ആമയാറ്റിനും വണ്ടന്‍മേടിനുമെടക്കൊള്ള വല്ല്യൊരു വളവൊണ്ട്. അവടെ ഓരാനേടെ വലിപ്പമൊള്ള സിമന്‍റ് പ്രതിമ കാണാം, ആ ബൊമ്മക്ക് താഴെ വല്യ കഥയൊണ്ട്. പണ്ട് പണ്ടവിടെ, എന്നുപറഞ്ഞാല്‍ മനുഷ്യരേക്കാളും പണ്ടവിടെ വലിയ ചതുപ്പ് നെലങ്ങളാരുന്നു. കറുകയും, കോറയും തഴയും കൂട്ടം കൂടി നിക്കുന്ന നീര്‍ച്ചോല. പത്ത് കൊല്ലം മുമ്പ് വരെ അതങ്ങനെ തന്നാരുന്നു. ഇപ്പം ചതുപ്പിന് ചുറ്റുമൊള്ള മരമൊണങ്ങി, പുല്ലും തഴേം, വെള്ളോം മൂടി ചൊവപ്പൻ കരമണ്ണ് വീണു. ആരുമങ്ങോട്ടെത്തിനോക്കാതിരിക്കാന്‍ ആനയോളം പോന്നൊരു വിഗ്രഹത്തിന്‍റെ മറ വന്നു. ചതുപ്പിന്‍റെ കഴുത്തോളം മണ്ണ് വീണ് മൂടി. അവിടെയാണവരിപ്പം ചങ്കത്തടിച്ച് കരയുന്നെ. ഇനിയൊരിക്കലുമവിടെ കറുകയില്ല, തഴയും തവളയുമില്ല. ഭൂമിവാഴാനുള്ള വെള്ളമില്ല. പുല്ല്മേട്ടേലെ നൂറ്റാറിന്റെ നഷ്ടമല്ലത്, തേക്കടീലെ നാപ്പത്തഞ്ച് മനുഷ്യന്‍റെ നഷ്ടമാണ്, ഈ തല്ലിയലേം കരച്ചിലും ഭൂമീടെ നഷ്ടത്തിനാണ്. ടിപ്പറുകാര്‍ ചിരിച്ചു. ജെ.സി.ബിക്കാര്‍ ചിരിച്ചു,
മൂവരാ ചൊകപ്പന്‍ കരമണ്ണിനടീലെ ചതുപ്പ് മാന്തിക്കരഞ്ഞു. എലികളെപ്പോലെ.
*****
ഏലക്കാടിന് നടുക്കൂടെ എറണാകൊളത്തേക്കാള്‍ നല്ല റോഡൊണ് വണ്ടി അരമണിക്കൂറ് കൊണ്ട് കട്ടപ്പനെ മിഷ്യനാശുപത്രീ ചെല്ലും. എന്നിട്ടും തറപ്പേലെ സെബിന്‍റെ പെണ്ണുമ്പിള്ള വീടിന്‍റെ വര്‍ക്കേരിയായികെടന്ന് പെറ്റു. ജീപ്പിന്‍റെ ടയറ്കളും ടാറ് വീപ്പേം മുട്ടിവെറകിന്‍റെയെടേക്കെടന്ന് ജിന്‍സി ഞെളിപിരികൊണ്ടു. കൊച്ച് കാറ്ന്നേന് മുന്നേ മൂന്ന് തല്ലിയലേം കാറിച്ചേം പൊട്ടിവീണു. ജിന്‍സി പേറ് മറന്ന് ഒരു കൊല്ലം മുന്നേ ഇരുപത്തൊന്ന് വയസൊണ്ടാരുന്നപ്പഴത്തെപ്പോലെ "ങേ"..ന്ന് തലപൊക്കി നോക്കി.
അട്ടപ്പാടീല്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസിച്ചെറുക്കനെപോലെ മൂന്നെണ്ണം. ഒരെണ്ണം ചെറുക്കനോ പെണ്ണോന്ന് അറിയാമ്മേല. പിശാശിനെ കണ്ട് പേടിച്ചിട്ടെന്നപോലാണാ കരച്ചില്‍. കുഞ്ഞ് കരഞ്ഞപ്പളേക്കും പേടി കൂടി. ജിന്‍സീം പേടിച്ചു. കൊച്ചിന് കൊമ്പോണ്ടോന്നവള് കാലിനെടക്കൂടെ നോക്കി - അവര് കണ്ടത് കൊമ്പും പല്ലും കൂര്‍ത്തനഖോമൊന്നുമാരുന്നില്ല. പിഴുതെറിയുന്ന മരങ്ങള് കണ്ടു, കാര്‍ന്നിടിയുന്ന കുന്നുകള്, ചെമ്മണ്ണ് വീണ് ശ്വാസം മുട്ടിപ്പിടയുന്ന ചതുപ്പുകള്, കാടിനും കുന്നിനും പകരം വളന്ന് പൊങ്ങിയ കെട്ടിടങ്ങള്, മഞ്ഞിനും മഴക്കും പകരം എരിതീവെയില്, പത്താണ്ട് മഴ മറന്ന ആകാശം.
പെറ്റ് വീണ കൊച്ച് കൈകാലെളക്കി കരയുന്നു. അതൊരു മരയോന്തോ, മലമൊഴക്കിയോ, വില്ലൂന്നി പാമ്പോ ആയി കാട്ടിലേക്കെഴഞ്ഞു പോകാന്‍ ഭൂമി നേരം കാത്തു. പക്ഷെങ്കിലത് ഒച്ചത്തിലൊച്ചത്തി ദുരന്തം കൂവിക്കിടന്നു. നാഗം തീണ്ടിയ കൊരങ്ങ് പോലവരും പേടികൊണ്ട് ചീവീടായി. ജിന്‍സിയത് കണ്ട് പേടിച്ച് വെരണ്ട് "മമ്മീ, മമ്മീ, മമ്മീ യേ.."ന്ന് പൊറകോട്ടെഴഞ്ഞ് ഭിത്തിയേപോയി നിവര്‍ന്നു.
ചതുപ്പിലും കന്നിമണ്ണിലും കാട്ട് ചോലയിലും ടാറും, കോണ്‍ക്രീറ്റും വീണപ്പോഴവര് ചാവ് വീട്പോലെ ചങ്കത്തടിച്ച് കരഞ്ഞു. ആശുപത്രീടെ പേറ് മുറികള്‍ക്ക് പുറത്ത്. വല്ലപ്പോഴും മാത്രം മരിച്ചടക്കിന്‍റെ തൊട്ടടുത്തുള്ള എറച്ചിക്കടയില്‍. മണ്ണ് മാന്തികള്‍ക്ക് മുന്നില്‍.
മനുഷ്യന്‍റെ മരിച്ചടക്കിനവര്‍ ചിരിച്ചു മറിഞ്ഞു. മറ്റൊന്നിനും തീറ്റിയാകാതെ ചെതേലും കല്ലറേലും തടിയൊളിപ്പിക്കുന്ന നാണംകെട്ട ശവങ്ങളോട് - ഭൂമീലെ എല്ലാ കൊഴപ്പത്തിനും കാരണം പ്ലാസ്റ്റിക് എന്ന് സദാചാരം ഛര്‍ദ്ദിക്കുന്ന സാറന്‍മാരോട് - സകല ജീവനും തലമുറകള്‍ ജനിച്ച് ജീവിക്കണ്ട മണ്ണും വെള്ളോം, വായൂം, ഈ ഭൂമീന്ന് എന്നന്നേക്കുമായി കുഴിച്ച് മൂടുമ്പം സാറമ്മാര് എ.എല്‍.എയും, എം.പിയും, മെമ്പറും, മേയറും, പ്രസിഡന്‍റുമായി വന്ന് കൊതുക് കൊല്ലുന്നു. കുപ്പേലും ഓടേലും കൈയൊറയിട്ട് കുഞ്ഞിപ്പിള്ളാരടെ പൂഷഡി പോലെ പ്ലാസ്റ്റിക് നുള്ളിപ്പെറുക്കുന്നു. ജൂണ്‍ 5നൊരു കുഴികുത്തി ആഫ്രിക്കേം, ആമസോണും നട്ട് വെള്ളമൊഴിക്കുന്നു. ഇവരടെ കവലപ്രസംഗങ്ങള്‍ക്ക് മുന്നിലാ മൂവര് കൈചൂണ്ടി, തലതല്ലി, കുണ്ടിയാട്ടിച്ചിരിച്ചു. എം.എല്‍.എടെ കരിമുഖം പുകഞ്ഞു. എംപീടെ പാല്‍മുഖം ചൊവന്നു. മേയറും മെമ്പറും പ്രസിഡന്‍റുമാരും വാക്കുളുക്കി നിന്നു. അവര് ചിരിച്ച് ചിരിച്ച് ചിരിച്ച് മറിഞ്ഞു, തൂറിയെറിഞ്ഞാ പൊള്ളത്തരത്തിലോട്ട്.
ചിരിച്ചും കരഞ്ഞുമൊടുവിലൊരു പൊലര്‍ച്ചെ അവര്‍ക്ക് പൊറകിലൊരു ടിപ്പര്‍ ലോറീടെ ലൈറ്റ് തെളിഞ്ഞു. മൂന്ന് പേരടേം കണ്ണ് മഞ്ഞളിച്ചു. അതൊരാള്‍പ്പാര്‍പ്പില്ലാത്ത കാട്ടേരിയ ആരുന്നു. ഏലക്കാടുകളിലെ പ്രേതങ്ങളലഞ്ഞ് നടക്കുന്ന ശവക്കോട്ടപ്പറമ്പ്. ലോറിയൊന്ന് എരച്ച് ചാടി, പോര് കാളേപ്പോലെ, മൂന്ന് പേരും ഒരേ വഴിക്കോടി, ലോറി കാട്ട് വഴിയേ ചാടീം ചൊരമാന്തീം പൊറകേ, നിമിഷ നേരംകൊണ്ടത് ഏറ്റോം പൊറകിലോടുന്നോളെ റോഡിലടപോലൊട്ടിക്കും. ചോരേം തലച്ചോറും ചെതറും.
ഞാനാരാണെന്നിപ്പം നിങ്ങക്ക് പിടികിട്ടിക്കാണുവല്ലോ. പക്ഷെ എനിക്കാ ലോറിപിടിച്ചാ കിട്ടുന്നില്ല. ടിപ്പറിടിച്ച് മരിച്ചു എന്ന് നിങ്ങള് പത്രത്തി വായിക്കുന്നതല്ലെ - ഞാനാ ഡ്രൈവറടെ കഴുത്തിന് കൈയിട്ട് പിടിച്ചേലും അവനത് ചെലന്തിവലപോലെ തൂത്ത്മാറ്റി. ലൈറ്റ് കെടുത്താന്‍ നോക്കിയേലുമത് ഒന്ന് ഡിമ്മായിട്ട് മിന്നി കത്തി, ഞാന്‍ റോഡിലോട്ട് പറന്ന് ചാടി ഓടുന്ന മൂന്നിനേം ആകാശത്തോട്ടുയര്‍ത്താന്‍ നോക്കിയേലും എനിക്കൊരു മുടിയിഴപോലും പൊക്കാന്‍ പറ്റിയില്ല. എഴുത്ത് കാരീടെ തോന്നലിലുരുവം കൊണ്ടവരായോണ്ടാരിക്കും ഈ ലോറിയിടീം അവള് കുറിച്ചിട്ടൊണ്ടാരിക്കും. ഞാന്‍ സുനൂന്‍റെ മണ്‍കുടിലിലോട്ട് ഒരു പുള്ളിനെപോലെ പറന്ന് ചെന്നു.
ആ പെണ്ണിന്‍റെ വെളുപ്പാന്‍കാലത്തെ ഉറക്കത്തിന് ചുറ്റും നൂറ് നൂറ് പുസ്തകങ്ങളും കയ്യെഴുത്ത് കടലാസുകളും ചിതറിക്കെടന്നു. ഒരു പെണ്ണിനിത്ര അടുക്കും ചിട്ടയുമില്ലാത്ത - അലങ്കോലങ്ങളുണ്ടാകുമോ ? എനിക്കവടെ പുതപ്പ് മാറ്റി ആണോ പെണ്ണോന്ന് നോക്കാന്‍ തോന്നിയേലും ലോറിക്ക് മുന്നിലോടുന്നൊരടെ കിതപ്പ് കേട്ട് ഞാൻ അക്ഷരങ്ങള്‍ക്കെടേല്‍ പരതി. എനിക്ക് നിങ്ങളേക്കാള്‍ വേഗത്തില്‍ അക്ഷരങ്ങള്‍ക്കെടേലോടാന്‍ പറ്റി പക്ഷെ എങ്ങുമില്ലാ മൂവര്, മൂര്‍ഖനും മുള്ളനും മലമുഴക്കിയുമില്ല. കൊല്ലാന്‍ പായുന്ന ലോറിയില്ല. വെട്ടിത്തിരുത്താന്‍ പറ്റാതെന്‍റെ പേനേം കയ്യും വെറച്ചു. മുള്ളനേം, മൂര്‍ഖനേം, മലമുഴക്കിയേമെനിക്ക് കടലാസീന്ന് കാട്ടിലെത്തിക്കാനായില്ല. പിന്നെവിടെയാണവരുടെ രക്ഷപെടലിന്‍റെ രഹസ്യമുള്ളത്, മരിച്ചപോലുറങ്ങുന്ന ഇവള്‍ക്കുള്ളിലാണോ ? ഞാനവളെ കുലുക്കി വിളിച്ചു. ലോറീടെ എരമ്പലും ഓട്ന്നോരടെ കെതപ്പും എന്‍റെ കാതി കേക്കാം. ഇവളറിയുന്നില്ല. ഞാനവടെ കാതില്‍ ചുണ്ട് ചേര്‍ത്ത് സുനൂ സുനൂന്ന് നീട്ടി വിളിച്ചു. കവിളില്‍ കടിച്ചു. വിരല് പിടിച്ച് ഞെരിച്ചു. പക്ഷെ ചിലന്തിവലപോലെ ദുര്‍ബലമാരുന്നെല്ലാം.
കാട്ടുവഴി ലോറിയൊന്ന് പൊങ്ങിച്ചാടുന്ന ഒച്ചകേട്ട് ഞാന്‍ പറന്നതിന്‍റെ മോളിലെത്തി. അത് സഡന്‍ ബ്രേക്കിട്ട് നിന്നു. ലൈറ്റണച്ചു. പക്ഷേ അതിന് മുന്നേ ഞാന്‍ കണ്ടു ഞെട്ടലോടെ. ഏലത്തിലകളില്‍ ചെതറിത്തെറിച്ച ചോര. മഴ പോലത് മണ്ണിലേക്ക് ചാറി.
നിങ്ങക്കെന്നെ മുഴുവനായിട്ട് മനസിലായില്ലേലും എനിക്കിപ്പഴെന്നെ മനസ്സിലാകുന്നു. നിങ്ങള്‍ സ്വാര്‍ത്ഥതകൊണ്ടും തന്‍കാര്യങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും കെട്ടിയിട്ട വെറുമൊരു പൂടപ്പട്ടിയാണ് ഞാന്‍ .വെളുത്ത് പഞ്ഞിക്കെട്ടുപോലൊരെണ്ണം. വലിയ വലിയ ദേവായങ്ങളിലിരുന്ന് നിങ്ങടെ പ്രണയവും വിവാഹവും, സൗഭാഗ്യങ്ങളും നടത്തിത്തരാനെ എനിക്കാവൂ. നിങ്ങടെ പനീം തലവേദനേം, ജലദോഷോം മാറ്റാനും കുഞ്ഞുങ്ങടെ കരപ്പന്‍ ചികിത്സിക്കാനും, പ്രേതബാധക്കുള്ള മന്ത്രവാദം നടത്താനും.
ഭൂമിയിലെ മറ്റ് ചരാചരങ്ങളെല്ലാം
ദൈവമില്ലായ്മയില്‍ നശിക്കും, ഒപ്പം നിങ്ങളും .കാരണം പനി മാറിയതുകൊണ്ടോ ലോട്ടറി അടിച്ചതുകൊണ്ടോ അല്ല ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്.

Written by Sunu S Thankamma

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot