Night blooming Jasmine (കഥ )
വിശാലമായ വീട്ടുപറമ്പിലെ, പുതിയ ഒരംഗത്തെപ്പോലെ അത് വന്നു ചേർന്നു. അമ്മ കുഴിയെടുത്തു ആ ചെറിയ തൈ മണ്ണിലേക്ക് ആഴത്തിൽ ഇറക്കിവയ്ക്കുമ്പോൾ അമ്മയുടെ അരികിൽ ഉത്സാഹത്തോടെ അവൾ ഇരുന്നു ഒരു കപ്പ് വെള്ളവുമായ്. അതിന്റെ ചുവട്ടിലേയ്ക്കായി വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ സന്ദേഹത്തോടെ അമ്മയുടെ മുഖത്തേയ്‌ക്കും അവൾ കണ്ണോടിച്ചിരുന്നു, അമ്മയുടെ മതി മോളെയെന്നുള്ള നിർദ്ദേശം അതായിരുന്നു ആ കുഞ്ഞു മുഖം പ്രതീക്ഷിച്ചിരുന്നത്. അവൾക്കറിയില്ലായിരുന്നു അവൾ ഉത്സാഹപൂർവ്വം നനയ്ക്കുന്ന ആ ചെടി എന്തായിരുന്നുവെന്നു. വെള്ളം അതിന്റെ വേരുകളെ നനച്ചുകഴിഞ്ഞപ്പോൾ അവൾ വീണ്ടും അമ്മയുടെ മുഖത്തേയ്ക്കു സംശയത്തോടെ നോക്കി. ഇത്തവണയും അമ്മയുടെ ഊഹം തെറ്റിയിരുന്നില്ല, മകളുടെ സംശയം എന്തായിരുന്നു എന്നു അവളുടെ കണ്ണുകളിലൂടെ തന്നെ ആ അമ്മ തിരിച്ചറിഞ്ഞിരുന്നു. "ഇത് മോൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു പഴത്തിന്റെ ചെടിയാണ് " ആ അമ്മ സ്നേഹത്തോടെ മറുപടി നൽകി. വീണ്ടും അവൾ അമ്മയുടെ കണ്ണുകളിലേക്കു തന്നെ തുറിച്ചു നോക്കി നിന്നു. "ഇതു പ്ലം എന്ന ഫലം തരുന്ന ചെടിയാണ്.അതിനു നല്ല സ്വാദാണ്. ചുവപ്പു നിറത്തിലുള്ള ആ ഫലം മധുരമുള്ളതാണ്, കുറെ വളർന്നു കഴിയുമ്പോൾ ആ വൃക്ഷത്തിൽനിന്നും ധാരാളം പ്ലംസ് നമുക്കു കിട്ടും. അതിനു നല്ല മധുരവും പുളിപ്പും കലർന്ന സ്വാദാണ്, അങ്ങനെ ആ ചെടിയെക്കുറിച്ച് സങ്കൽപ്പങ്ങൾ പകർന്നു നൽകി. ആ കുഞ്ഞു ഹൃദയം ഇതുവരെയും രുചിച്ചിട്ടില്ലാത്ത ഫലത്തെ തന്റെ സങ്കല്പത്തിൽ കൊണ്ടു വന്നു. അതു രുചിക്കുക എന്നതിനേക്കാൾ താൻ ആദ്യമായി നനച്ച ആ ചെടിയിൽ ഫലം വരുന്നതും കാത്തു ദിവസങ്ങൾ തള്ളി നീക്കി. വളർന്നു തുടങ്ങിയ ഓരോ ശിഖരങ്ങളും അവളുടെ ഉള്ളിൽ പുതിയ പ്രതീക്ഷകൾ തന്നു. അതിന്റെ വേരുകളെ നനയ്ക്കാൻ അവൾ എന്നും ആവേശം കാട്ടി. സ്കൂളിലെ തന്റെ ആത്മ മിത്രങ്ങളോട് അവൾ അതേക്കുറിച്ചു വാചാലയായി. തന്റെ പ്ലംസ് അവർക്കും പുതിയ ഒരു അനുഭവമായി. തന്റെ മുറിയുടെ ജനാലകൾ തുറന്നാൽ അവൾക്കതു കാണാമായിരുന്നു. ഇടക്കിടെ അതും നോക്കി ആവേശത്തോടെ നിന്നു. അവളോടൊപ്പം തന്നെ അവളുടെ പ്ലംസ് ചെടിയും വളർന്നു. പൊടുന്നനെ അതിന്റെ ശിഖരങ്ങളുടെ അഗ്രഭാഗത്തായി വെള്ളയും പച്ചയും കലർന്ന ചെറിയ മൊട്ടുകൾ വന്നു. അതു പൂക്കുന്ന കണ്ട അവൾ അമ്മയുടെ അരികിലേക്കായി ഓടി, അവൾ അതു അമ്മയെ അറിയിച്ചു ആവേശത്തോടെ. ആ കുഞ്ഞു മനസു അതിരില്ലാതെ സന്തോഷിച്ചിരിക്കുന്നു. ഫലം തരുന്നതിനു മുന്നോടിയായി അതു പൂത്തിരിക്കുന്നു. അവൾ അങ്ങനെ വിശ്വസിച്ചിരുന്നു. പക്ഷെ അതു കണ്ട മാത്രയിൽ തന്നെ അമ്മയുടെ മുഖം മ്ലാനമായി. ആ നഴ്സറിക്കാർ തങ്ങളെ പറ്റിച്ചിരിക്കുന്നു. ആ അമ്മ അതു മനസിലാക്കി. അവൾ അമ്മയുടെ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ നോക്കി നിന്നു. തങ്ങളുടെ പ്ലം ചെടി പൂത്തിരിക്കുന്നു. എന്നു മാത്രമാണ് അവൾ കേൾക്കാൻ ആഗ്രഹിച്ചത്. അമ്മ വളരെ നേരം ആ മൊട്ടുകളെ തന്നെ നോക്കി നിന്നു. അമ്മ മകളുടെ സന്തോഷം നിറഞ്ഞ മുഖത്തേക്ക് നോക്കി . ആ കുഞ്ഞു മുഖം കാണവേ, അവളെ വേദനിപ്പിക്കാൻ അമ്മയ്ക്ക് മനസു വന്നില്ല. അമ്മയും സന്തോഷപൂർവം തന്നെ പറഞ്ഞു അതെ മോളെ നമ്മുടെ പ്ലംസ് പൂത്തു തളിർത്തിരിക്കുന്നു. ഉടനെ തന്നെ നമുക്കു പ്ലം ലഭിക്കും. അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം കളിയാടി.
ദിവസങ്ങൾ കഴിഞ്ഞു പോയി..ഒരു രാത്രിയിൽ വീടിനു ചുറ്റും എന്തെന്നില്ലാത്ത ഒരു സുഗന്ധം.. അവൾ പതിയെ ജനാല തുറന്നു നോക്കി. തന്റെ പ്ലം ചെടി മുഴുവൻ പൂക്കൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.. വാക്കുകൾക്ക് വിവരിക്കാനാവാത്ത സുഗന്ധവും.. അവൾ ഉടനെ അമ്മയെ വിളിച്ചു. അമ്മയും ആ കാഴ്ച്ച വളരെ ആസ്വദിച്ചു കണ്ടു.അവളുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ അമ്മ പതിയെ പറഞ്ഞു. "മോളെ അതു നീ കരുതും പോലെ പ്ലം തരുന്ന മരം അല്ല.. ആ നഴ്സറിക്കാർ നമ്മളെ പറ്റിച്ചിരിക്കുന്നു. ഇതു രാത്രിയിൽ വിരിയുന്ന മുല്ലപ്പൂക്കൾ ആണ്. ഇതിൽ ഇനി ഫലം വരില്ല. പക്ഷെ ആ കാഴ്ച, അതിന്റെ സുഗന്ധം, അവളുടെ മനസ്സിൽ അപ്പോൾ അതു പകർന്ന സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. അതു മനസിലാക്കിയിട്ടാവണം അമ്മ അവളോട് അപ്പോൾ താൻ മനസ്സിലാക്കിയ സത്യം പറഞ്ഞത്. പക്ഷെ അതു അവളെ അപ്പോൾ അത്രകണ്ട് വേദനിപ്പിച്ചില്ല. അമ്മ അങ്ങനെ തന്നെ ആണ്. മക്കളെ വേദനിപ്പിക്കാതിരിക്കാൻ പല കുഞ്ഞു കള്ളങ്ങളും സത്യമാണെന്നു പറയും, പല കുഞ്ഞു സത്യങ്ങളും കള്ളമാണെന്നും.. തന്റെ കുഞ്ഞിന്റെ മനസു നോവരുതെന്നു മാത്രമേ ചിന്തിക്കൂ... അതുപോലെ തന്നെ ദൈവവും നമ്മൾ ആഗ്രഹുക്കുന്നതു തരാതെ തരുന്നതിൽ അദൃശ്യമായ സൗന്ദര്യം ഒളിപ്പിച്ചു വച്ചിരിക്കും. അതു കാണാൻ കാലങ്ങൾ കഴിയണം, അല്ലെങ്കിൽ അക കണ്ണ് തുറന്നു നോക്കണം. എല്ലാത്തിലും ഒരു സൗന്ദര്യം ഉണ്ട്... അവൾ ഇന്നും പ്രണയിക്കുന്നു രാത്രിയിൽ മാത്രം വിരിയുന്ന ആ മുല്ലപൂക്കളെ.. ഒരു പക്ഷെ പ്ലംസിനു പകർന്നു തരാൻ കഴിയാത്ത പ്രണയം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക