നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആത്മാവിനൊരു കാവൽ.(കഥ)

Best of Nallezhuth - No 13 -
ബാത്ത്റൂമിന് പുറത്തുള്ള അമ്പത്തിരണ്ടാം നമ്പർ സി സി ടി വി ക്യാമറയും എണ്ണിക്കഴിഞ്ഞു. ആ കെട്ടിടം ഒരു വലത് നടന്ന് പൂർത്തിയാക്കി അവൻ തന്റെ കാബിനടുത്തേക്ക് നടന്നു.
ജനറേറ്ററിന്റെ ശബ്ദത്തിന്റെ മുഴക്കത്തോടൊപ്പം നേരിയ കാറ്റ് ചൂളം വിളിച്ചു വരുന്ന ശബ്ദം. അതിനൊരു താളമായി തറയിൽ പതിയുന്ന ബൂട്ടിന്റെ ശബ്ദവും ആസ്വദിച്ചവൻ നടന്നു. ഇരുട്ടിലേക്ക് ടോർച്ച് തെളിച്ച് നടക്കവെ പെട്ടെന്ന് കാലിൽ എന്തോ തടഞ്ഞ് നിന്നു.
ടോർച്ച് താഴേക്ക് തെളിച്ചപ്പോൾ കണ്ടു.
കറുത്ത നിറത്തിലൊരു പേന.
പക്ഷേ അവൻ നിന്നതിന് ശേഷവും അവൻ നടന്ന താളത്തിൽ ആ ബൂട്ടിന്റെ ശബ്ദം പിന്നെയും നാല് അഞ്ച് സ്‌റ്റെപ്പുകൾ വയ്ക്കുന്നതായി ശബ്ദം അവൻ ശ്രദ്ധിച്ചു.
പുറകിലേക്ക് ടോർച്ച് തെളിച്ചു.
ആരുമില്ല...
"അല്ലേലും ഇവിടെ ആരു വരാനാണ്.. "
മനസ്സിൽ ചിന്തിച്ചു കൊണ്ട് കുനിഞ്ഞ് ആ പേനയെടുത്ത് തിരിച്ചും മറിച്ചും നോക്കി.
അതിലെ പൊടി ഊതിക്കളഞ്ഞ് പോക്കറ്റിൽ വച്ചു.
മെയിൻ ഗേറ്റിനരികിലെ സെക്യൂരിറ്റി റൂമിലെ വാതിൽ തുറന്നവൻ അകത്ത് കയറി.
എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഒരു മുറി ആയിരുന്നു അത്.
മുന്നിൽ മൂന്ന് വലിയ കമ്പ്യൂട്ടർ സ്ക്രീനുകൾ.
ചെറിയ ചെറിയ കോളങ്ങൾക്കുള്ളിൽ അമ്പത്തിരണ്ട് ക്യാമറകളുടെ ദൃശ്യങ്ങൾ.
ഒന്ന്, രണ്ട് എന്ന രീതിയിൽ രേഖപ്പെടുത്തി കാണിക്കുന്നുണ്ട്.
അതിന് മുകളിലെ മരത്തടി കബോർഡ് അറകളിൽ നിറഞ്ഞിരിക്കുന്ന ഫയലുകൾ.
മേശപ്പുറത്തുള്ള കമ്പ്യൂട്ടർ,കീ..പാഡ്.
പഴയ മാതൃകയിലുള്ള ഇറ്റാലിയൻ ലിപിയിലെ ഒരു ഘടികാരത്തിന്റെ ടിക് ടിക് ശബ്ദം മാത്രം ഉണ്ട്.
എല്ലാം വീക്ഷിച്ച് കൊണ്ടവൻ കസേരയിലേക്കിരുന്നു.
ക്യാമറ നമ്പർ 32 ൽ കണ്ടു കൊണ്ടിരുന്ന സ്ക്രീനിലെ കാഴ്ച മാഞ്ഞു.
ഒരു കറുത്ത നിറം മാത്രമായി.
മൗസ് അവൻ ആ ക്യാമറയിൽ ഫോക്കസ് ചെയ്ത് ഓൺ ഓക്കാൻ ശ്രമിച്ചു.
പുറകിലെ വാതിൽ ആരോ തളളി തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ടവൻ തിരിഞ്ഞ് നോക്കി. ലോക്ക് ഹാൻഡിൽ തിരിയുന്നുണ്ട്.
വാതിൽ തുറക്കാനായി.
മുൻവശത്തെ ഗ്ലാസിലൂടെ പുറത്തുള്ള കാഴ്ചയിൽ, ഈന്തപ്പനകളുടെ ഇലകൾ കാറ്റിൽ ശക്തിയായി ഉലയുന്നു.
"കാറ്റായിരിക്കാം."അവൻ മനസ്സിൽ ചിന്തിച്ചു.
അപ്പോഴേക്കും മുപ്പത്തിരണ്ടാം നമ്പർ ക്യാമറ ദൃശ്യം വീണ്ടും വന്നു.
അതിൽ വാട്ടർ ടാങ്കിലേക്കുള്ള ടവ്വറിലേക്ക് കയറുന്ന വാതിൽ തുറന്നിരിക്കുന്നു.
"ങേ...ഞാനിപ്പോൾ അടച്ചിട്ട് വന്നതാണല്ലോ?
പിന്നെ ആരാ തുറന്നത്?"
ഒറ്റയ്ക്കാണെന്നുള്ള ചിന്തയും, രാത്രിയുമൊന്നും എന്തുകൊണ്ടോ അവനിൽ അപ്പോഴും യാതൊരു ഭയവും ഉണ്ടാക്കുന്നുണ്ടായിരുന്നില്ല.
പെട്ടെന്നാണ് അമ്പത്തിരണ്ടാം നമ്പർ ക്യാമറ ദൃശ്യവും മറഞ്ഞത്.
നീളമുള്ള കറുത്ത നിറത്തിലെ ടോർച്ച് കൈയ്യിലെടുത്തവൻ,
അവിടെ എന്താണെന്ന് നോക്കാനായി എഴുന്നേറ്റു.
ആരോ തള്ളിയിട്ടത് പോലെ മുകളിലെ അറയിലിരുന്ന ഫയലുകളിലൊന്ന് താഴേക്ക് വീണു.
അതിനകത്തെ കടലാസ്സുകൾ അവിടെയാകെ ചിതറി.
പല ഭാഷകളിലായുള്ള കഥ പോലെ എഴുതി തീർത്ത കുറെ കടലാസ്സുകൾ.
എല്ലാത്തിന് മുകളിലും ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ, ഉഗാണ്ട, ഫിലിപ്പൈൻ, ഈജിപ്റ്റ്, ഘാന, ഇന്ത്യ എന്നെഴുതിയിരിക്കുന്ന കടലാസ്സുകളിൽ ആ കണ്ണുകൾ നിന്നു.
അത് ഓരോന്നായി എടുത്തവൻ കസേരയിലേക്കിരുന്നു.
പല ഭാഷകളിലായി എഴുതിയിരുന്നവയിൽ ഒന്ന് മലയാളമായിരുന്നു.
ആ കടലാസുകൾ അവൻ ക്രമപ്പെടുത്തി വച്ചു. പന്ത്രണ്ട് എണ്ണം.
അതിലെ ഒന്നാം പേജുമായി അവൻ വായിക്കാനിരുന്നു.
വായനയിലെ കാഴ്ച്ചകൾ ചിത്രങ്ങളായി അവന്റെ മനസ്സിലേക്ക് വന്നു.
ഇരുവശവും മരുഭൂമിയ്ക്ക് നടുവിലൂടെയുള്ള റോഡ്. അതിൽ നിന്ന്,
ഈന്തപ്പനകളുടെ പച്ചപ്പുകൾ നിറഞ്ഞ റോഡിലേക്ക് കാർ കയറിയിട്ട് ഒരു മണിക്കൂറിലേറെയായി.
അതിലെ ഡ്രൈവർ എന്നോട് ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല.
പുറത്തെ കാഴ്ച്ചകളിൽ, വനത്തിൽ വൃക്ഷങ്ങൾ കൂട്ടമായി നിൽക്കുന്നത് പോലെയല്ലാതെ ഈന്തപ്പനകൾ ഇരുവശവും ക്രമമായി വരികളായി വളർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്.
ഓരോ ഈന്തപ്പനകളുടെ ചുവട്ടിലും കാണുന്നു. പാമ്പുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നത് പോലെ കറുത്ത കുഞ്ഞു പൈപ്പുകൾ ചുറ്റിക്കിടക്കുന്നു.
അതിലെ കുഞ്ഞു ദ്വാരങ്ങളിൽ നിന്ന് ചീറ്റിത്തെറിക്കുന്ന വെള്ളം.
കാടിനുള്ളിലേക്ക് പ്രയാസപ്പെട്ടു കടന്നു വരുന്ന സൂര്യപ്രകാശത്തിൽ മഴവില്ല് തെളിഞ്ഞു കാണുന്നുണ്ട്.
"മനോഹരമായ കാഴ്ച.."
ഞാൻ മനസ്സിൽ നാടിനെ ഓർത്തു.
"എല്ലാ വൃക്ഷങ്ങളും വെട്ടി നശിപ്പിക്കുന്നവർ,
ഒരു തുള്ളി ജലത്തിനായി കോൺക്രീറ്റുകൾക്കിടയിൽ മണ്ണിനെ തേടുന്ന വേരുകൾ.
കാവൽക്കാരൻ വിസയിൽ ഈ നാട്ടിലെത്തി. ഇന്നലെ ഇന്റെർവ്യൂ ആയിരുന്നു.
എന്താ അവർ തന്ന ജോലി..?"
"മിസ്റ്റർ..ഇത്രെയേ ഉള്ളു നിങ്ങളുടെ ജോലി.
ഒരു കാരണവശാലും ഇലക്ട്രിസിറ്റി പവർ നിലയ്ക്കാൻ പാടില്ല.
അഞ്ച് ജനറേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഭക്ഷണ സാധനങ്ങളും ജനറേറ്ററിനുള്ള ഇന്ധനവുമായി ഒരു വാഹനം അവിടെ വരും.
അതുവരെ നിങ്ങൾ ഒറ്റയ്ക്കായിരിക്കുമവിടെ.
ഈ ബിൽഡിംഗ് സൂക്ഷിക്കുക എന്നതാണ് നിങ്ങളുടെ ജോലി.
52 ക്യാമറയിലെ വിഷൽസ് നമ്മൾ ഇവിടെയും കാണുന്നുണ്ട്.
ചില ക്യാമറകൾ മോഷൻസ് ക്യാമറകളാണ്. അതിന്റെ മുന്നിലൂടെ എന്തെങ്കിലും ചലനമുണ്ടായാൽ മാത്രം റിക്കോഡ് ആകുന്നവ.
ഒരു കാരണവശാലും ബിൽഡിങ്ങിനകത്ത് കയറാനോ, അതിനകത്ത് എന്താണെന്ന് അറിയാനോ ശ്രമിക്കരുത്.
കണ്ടല്ലോ അവിടത്തെ ഓരോ നിമിഷങ്ങളും നമ്മൾ ഇവിടെ കാണുന്നുണ്ട്."
ചുവരിലെ വലിയ സ്ക്രീനിലെ ദൃശ്യങ്ങൾ.
നാല് പേർ ഉണ്ടായിരുന്നു.
ആ ഇൻറർവ്യൂ ബോർഡിൽ.
അതിലെ മലയാളി ഡോക്ടർ പറഞ്ഞു നിർത്തി.
സ്ക്രീനിലെ ദൃശ്യങ്ങളിൽ ഒരു വലിയ കെട്ടിടവും, മുൻവശത്തെ സെക്യൂരിറ്റി റൂമും, ഗേറ്റും,
ഒരു കോർണറിൽ ഉയർന്നു നിൽക്കുന്ന വാട്ടർ ടാങ്ക് ടവ്വറും,
പുറകുവശത്തെ അഞ്ച് ജനറേറ്റർ മുറികൾ, അടുത്ത കോർണറിലെ ബാത്ത് റൂം ബിൽഡിംഗ്, ഒക്കെ ഞാൻ കണ്ടു.
"ഗവൺമെന്റ് അപ്രൂവ് കമ്പനി അവൈലബിൾ ലൈസൻസ് ഉള്ള സെക്യൂരിറ്റി ആശുപത്രി പ്രാപ്പർട്ടിയിൽ വേണം.
എന്ന നിയമം ഈ നാട്ടിൽ നിർബന്ധം ഉള്ളത് കൊണ്ടാണ് നമുക്ക് നിങ്ങളുടെ കമ്പനിയിൽ നിന്ന് ഒരാളിനെ ആവശ്യമായി വന്നത്.
താങ്കൾക്ക് ഈ ജോലി നമ്മൾ തരുകയാണെങ്കിൽ ചെയ്യാൻ തയ്യാറാണല്ലോ അല്ലേ...?"
ചോദ്യം ഞാൻ കേട്ടെങ്കിലും
സ്ക്രീനിൽ കാണുന്ന ദൃശ്യങ്ങളിലെ വാട്ടർ ടാങ്ക് ടവറിലെ വാതിലിലേക്കായിരുന്നു.
എന്റെ കണ്ണുകൾ.
സ്വപ്നത്തിലെവിടെയോ കണ്ടു മറന്നൊരോർമ്മ.
"എന്താ ആലോചിക്കുന്നത് താങ്കൾ തയ്യാറാണോ ഈ ജോലിയ്ക്ക്."
"അതെ... അതെ... "
ഓർമ്മയിൽ അന്ന് സമ്മതിച്ച വാക്കുകൾ ആ വാഹനത്തിലുളളിലിരുന്ന് അറിയാതെ നാവിൽ നിന്നും പുറത്ത് വന്നു.
"എന്താ... എന്താ പറഞ്ഞത് "......?
അത് കേട്ട് ഡ്രൈവർ മൗനം വെടിഞ്ഞു.
''ങേ...നിങ്ങൾ മലയാളി ആയിരുന്നോ "
യാത്ര തുടങ്ങി രണ്ടു മണിക്കൂറിന് ശേഷമുണ്ടായ അവന്റെ ചോദ്യം.
അതിനുള്ള മറുപടിയിൽ എന്റെ ശബ്ദത്തിലാ അതിശയവും ഉണ്ടായിരുന്നു.
"അതെ മലയാളിയാണ് എന്റെ പേര് കരീം എന്താ നിങ്ങളുടെ പേര്.. "
ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചു കൊണ്ട് എന്റെ മുഖത്ത് പോലും നോക്കാതെ ആയിരുന്നു അവന്റെ സംസാരം.
"എന്റെ പേര് ആൽബി നാട്ടിൽ തഞ്ചാവൂർ ആണ്..."
കാർ ഒരു കുഴിയിറങ്ങി ഒന്നുലഞ്ഞു പിന്നെ അവന്റെ ചോദ്യം വന്നു
"ഓഹോ ക്രിസ്ത്യാനി ആണ് അല്ലേ..? "
"അതെ... "ഞാൻ മറുപടി പറഞ്ഞപ്പോൾ ആദ്യമായി അവൻ എന്റെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു.
"അതു കൊള്ളാമല്ലോ... ക്രിസ്ത്യാനിയായ തഞ്ചാവൂരുള്ള മലയാളി."
ഞാനുമൊന്ന് ചിരിച്ചു.
മനസ്സിന് ചെറിയൊരു ആശ്വാസമായി തുടങ്ങിയിരുന്നു.
"വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാളി ഇവിടെ സെക്യൂരിറ്റി ആയി വരുന്നത്.
ഇതിന് മുൻപ് ഒരു ഉഗാണ്ടക്കാരൻ ആയിരുന്നു അതിന് മുൻപൊരു പാകിസ്ഥാനി
രണ്ടു പേരെയും കൊണ്ട് വിട്ടത് ഞാൻ തന്നെയാണ്.
കമ്പനി എല്ലാ പേരെയും
നാട്ടിൽ കയറ്റി വിട്ടു.
കറന്റ് പോയപ്പോൾ ജനറേറ്റർ ഓണാക്കിയില്ല എന്നാ കേട്ടത്..."
അവൻ പറഞ്ഞ് നിർത്തിയപ്പോൾ കാർ റോഡവസാനിച്ച് ഒരു വലിയ ഗേറ്റിന് മുൻപിൽ എത്തിയിരുന്നു.
തുറന്ന ഗേറ്റിനകത്ത് നിന്ന് ആ കാർ ഈന്തപ്പന കാടുകൾക്ക് നടുവിലൂടെയുള്ള റോഡിലൂടെ കൺമറയുന്നതും നോക്കി ഞാൻ നിന്നു.
പിന്നെ ഗേറ്റടച്ച് അകത്ത് കയറി.
ഇനിയീ പന്ത്രണ്ട് ഏക്കർ ചുറ്റളവിലെ മതിലിനുള്ളിൽ ഈ കെട്ടിടവും ഞാനും മാത്രം. രാത്രിയും പകലും
കാവൽക്കാരൻ.
സൂര്യൻ മറഞ്ഞു.
ചന്ദ്രന് അന്ന് നല്ല നിലാവായിരുന്നു.
ടോർച്ചിന്റെ ആവശ്യമില്ലെങ്കിലും അവിടെ ഉണ്ടായിരുന്ന വലിയ ടോർച്ചുമായി ഞാൻ ആ കെട്ടിടം ചുറ്റാൻ ഇറങ്ങി.
ഒന്ന്...രണ്ട്....ക്യാമറകൾ ഓരോന്നോയി എണ്ണി നീങ്ങി.
മുപ്പത്തിരണ്ടാം നമ്പർ ക്യാമറ,
വാട്ടർ ടാങ്കിലേക്കുള്ള വാതിൽ വഴി ഞാൻ ആ ടവറിൽ കയറി മുകളിലെത്തി.
പരിസരം മുഴുവൻ വിമാനത്തിലിരുന്ന് ഒരു കാട് കാണുന്നത് പോലെ.
ഈന്തപ്പനകളുടെ മുകൾവശം മാത്രം ഇരുട്ടുമുടി നിൽക്കുന്നത് കാണാം.
അതിന് നടുവിലൂടെ ഇഴയുന്ന പെരുപാമ്പിനെ പോലെ കിടക്കുന്ന റോഡ്.
ദൂരെ പൊട്ടു പോലെ ഒരു വാഹനത്തിന്റെ പ്രകാശമുണ്ട്.
താഴെയിറങ്ങി.
ആ ഇരുമ്പ് വാതിൽ വലിച്ചടച്ചു.
അകത്ത് നിന്ന് തള്ളിയാൽ തുറക്കാവുന്ന രീതിയിലുള്ള എമർജൻസി ലോക്ക് ആയിരുന്നത്. പുറത്ത് നിന്ന് പൂട്ടിയാലും അകത്ത് നിന്ന് ലോക്ക്ബാറിൽ തള്ളിയാൽ തുറക്കാവുന്ന രീതിയിലുള്ളത്.
ഞാൻ പുറത്തിറങ്ങി.
ആ വാതിൽ താക്കോൽ കൊണ്ട് പൂട്ടി.
ഒരു റൗണ്ട് നടന്ന് മുൻവശത്തെത്തി.
കെട്ടിടത്തിലെ വാതിലിലെ വിടവിലൂടെ അകത്തേക്ക് നോക്കി.
ഒന്നും കാണുന്നില്ല.
എ സി യുടെ മൂളൽ മാത്രം കേൾക്കാം.
"കാറ്റിലൂടെ ഒരു ഗന്ധം വരുന്നുണ്ടോ..?
ഇനി വല്ല മോർച്ചറിയോ മറ്റോ ആയിരിക്കുമോ..?
ഏയ്.. ഇല്ല അതൊന്നുമല്ലെന്ന് അന്ന് ഇന്റർവ്യൂയിൽ പറഞ്ഞതാണല്ലോ..?
എന്നാലും ആശുപത്രിക്കാർക്ക് എന്തിനാ ഇങ്ങനെ ഒരു ഗോഡൗൺ..?
കറന്റ് പോകാൻ പാടില്ല.
എന്തായിരിക്കുമിവിടെ സൂക്ഷിച്ചിരിക്കുന്നത്..?"
ചിന്തിച്ച് കൊണ്ട് ഞാൻ മുൻവശത്തെ സെക്യൂരിറ്റി റൂമിലെത്തി.
അതിനുള്ളിൽ തറയിൽ ചിതറിയ നിലയിൽ കുറെ കടലാസ്സുകൾ കിടക്കുന്നുണ്ടായിരുന്നു.
പല ഭാഷകളിലായി എന്തൊക്കെയോ എഴുതി കൂട്ടിയിരിക്കുന്ന കടലാസ്സുകൾ.
സംസ്കൃത കോളേജിൽ പഠിച്ചിറങ്ങിയതിനാൽ സംസ്കൃതം അറിയാവുന്ന ഞാൻ,
അതിലെ സംസ്കൃതത്തിലെഴുതിയ കടലാസ്സുകൾ അടുക്കിയെടുത്തു.
മുന്നിലെ സിസിടിവി ദൃശ്യത്തിൽ അപ്പോൾ 32-ാം നമ്പർ ക്യാമറയിൽ ആ വാതിൽ തുറന്നിരിക്കുന്നതായി കണ്ടു.
"ഞാൻ പൂട്ടിയതാണല്ലോ പിന്നെയെങ്ങനെ..?"
ചിന്തിച്ചു ഞാൻ ആ കടലാസ്സുകളുമായി കസേരയിലേക്കിരുന്നു.
ആ സംസ്കൃത അക്ഷരങ്ങളുമായി.
വായന നിർത്തി അവൻ ആ കടലാസ്സുകൾ മേശയിലേക്കിട്ടു.
ഇനി ഒരെണ്ണം മാത്രം ബാക്കിയുള്ളു. അതുവരെയില്ലാതിരുന്ന ഒരു ഭയം അവനെ ബാധിച്ചിരുന്നു.
എ സി യുടെ തണുപ്പിലും ആ ശരീരം വിയർത്തു.
"ഇതുവരെ തനിക്ക് സംഭവിച്ചത്.
തനിക്ക് മുൻപേ വന്ന വേറെ ആരോ ഇവിടെ എഴുതി വച്ചിരിക്കുന്നു.
അപ്പോൾ ഈ പല പല ഭാഷകളിലായി എഴുതിയിരിക്കുന്നതെല്ലാം
ഒന്നു തന്നെയാകില്ലേ...?"
ഭയപ്പെടുത്തുന്ന ചിന്തകൾ കാടുകയറി.
സംസ്കൃതത്തിൽ എഴുതിയിരുന്ന കടലാസ്സുകൾ.
അന്ന് ആൽബി വായിച്ച് തീർത്തത് എന്തായിരിക്കും.
ധൈര്യത്തോടെ ബാക്കി ഉള്ള ഒരു കടലാസ്സവൻ എടുത്തു.
"ഞാൻ രാമമൂർത്തി.
ഞാനല്ലാതെ ഇവിടെ ഒരാൾ കൂടെ ഉണ്ട്.
പക്ഷേ അവനെ അല്ലെങ്കിൽ അവളെ കാണാനാകില്ല.
ശബ്ദം മാത്രമെ ഉള്ളു.
ഇന്നിവിടെ എന്റെ അവസാനത്തെ ദിവസമാണ്. ഇന്ന് ഞാൻ ഇവിടെ വൈദ്യുതി നിർത്തിവയ്ക്കും. എനിക്കറിയണം.
എയർക്കണ്ടീഷൻ മെഷീനുകളുടെ മൂളൽ ഇവിടെ നിലയ്ക്കുമ്പോൾ,
വൈദ്യുതിയുടെ പ്രകാശം ഇരുട്ടിന് വഴിമാറിക്കൊടുക്കട്ടെ.
ഒരിക്കലും അടയാത്ത ആ വാതിലിന്റെ രഹസ്യം.
ഈ കെട്ടിടത്തിനകത്ത് എന്റെ നെഞ്ചിനുള്ളിലെക്കാൾ ഉച്ചത്തിൽ മിടിക്കുന്ന ശബ്ദത്തിന്റെ ഉറവിടം.
കുഞ്ഞ് തേങ്ങലുകൾക്ക് കാരണം. നിലവിളികൾക്ക് പരിഹാരം.
ആരാണ് എന്റെ കൂടെ വാട്ടർ ടാങ്കിനുള്ളിലെ പടികളിലൂടെ പുറകെ കയറി വരുമായിരുന്നത്..?
ഞാൻ നിന്നതിന് ശേഷവും എന്തിനാണത് വീണ്ടും പാദങ്ങൾ ചലിച്ച് ആ ശബ്ദം എന്നെ കേൾപ്പിക്കുന്നത്..?
നിന്റെ രൂപം എവിടെ...?
ഒരുദിവസം ഉറക്കെ ഞാനിത് ചോദിച്ചപ്പോൾ
ആകാശം മുട്ടെ എന്ന് തോന്നിപ്പിക്കുന്ന ആ ടവ്വറിന് മുകളിൽ നിന്നെന്നവണ്ണം കാറ്റിനെ മുറിക്കുന്ന ശബ്ദത്തോടെയെന്തോ താഴെ വീഴുന്ന ശബ്ദമാണ് നീ മറുപടി തന്നത്.
താഴേക്ക് നോക്കിയ എനിക്ക് നീ തന്ന കാഴ്ച ചോര ഉണങ്ങിപ്പിടിച്ച ഈ പേനയായിരുന്നു.
ജീവിതത്തിൽ ഇന്നുവരെ ഒരു കത്ത് പോലും എഴുതിയിട്ടില്ലാത്ത എന്നെ കൊണ്ട് ഈ പേനയിലൂടെ നിന്നെ അറിയിക്കുവാൻ ഇന്ന് ശ്രമിക്കുന്നു.
പറയൂ ആരാണ് നീ.....?
ഇപ്പോൾ ഇത് വായിക്കുന്നില്ലേ നീ..
നിന്റെ മനസ്സിൽ നിന്ന് നഷ്ടപ്പെട്ടൊരാളായിരിക്കാം ഞാൻ.
ഇന്ന് ഞാനീ ഭൂമിയിലില്ല.
പക്ഷേ അത് നിനക്കറിയില്ല.
എനിക്ക് വേണ്ടി നീ ഇനി കാത്തിരിക്കരുത്.
എന്റെ പേരിൽ നിനക്ക് വരുന്ന കാശും കടലാസ്സിലെ അക്ഷരങ്ങൾ ഒന്നും എന്റെതല്ല.
എന്നെയും അക്ഷരങ്ങളേയും ഭയപ്പെട്ടവർ അത് എന്നേ അവസാനിപ്പിച്ചു കഴിഞ്ഞു.
എനിക്ക് പറയണം. ഞാനാരാണെന്ന്.
ഇവിടെ ഇതിനുള്ളിൽ എന്താണെന്ന്
നിന്നിലൂടെ...
മോഹങ്ങൾ ഒരുപാട് ഉള്ളിലൊതുക്കി കടൽ കടന്നു വന്നവനെ കാത്തിരിക്കുന്നവരെ ഇനി നീ ആണ് എല്ലാം അറിയിക്കേണ്ടത്.
ഇതാ ഇത് വായിച്ചിരിക്കുന്ന നിന്റെ തൊട്ടു പിന്നിൽ ഞാനുണ്ട്.
പിൻകഴുത്തിൽ എന്റെ ശ്വാസത്തിന്റെ ചൂട് അനുഭവപ്പെടുന്നില്ലേ...?
കൂടെ..ചുട്ചോരയുടെ ഗന്ധവും."
വായന നിർത്തി.
അവൻ പെട്ടെന്ന് പുറകിലേക്ക് നോക്കി.
ഇല്ല.. ഒന്നുമില്ല.
പക്ഷേ.. എന്തോ ഒരു ഗന്ധം തങ്ങി നിൽക്കുന്നത് പോലെ.
അവൻ വീണ്ടും വായന തുടർന്നു.
"എന്താ നീ ഭയന്നു പോയോ..?
എന്തിനാ തിരിഞ്ഞ് നോക്കിയത്..?
ഇത് ഞാനാണ്. എനിക്ക് പറയണം. ആ കഥ നിന്നിലൂടെ..
വൈദ്യുതി ബന്ധം വേർപെടുത്തൂ.
ഞാൻ വരട്ടെ നിന്നിലേക്ക്.
നീ എഴുതൂ ഞാൻ പറയുന്ന കഥ.
ആ പേന ഒന്നെടുത്തേ.
ഞാൻ നിന്നോട് കൂടെത്തന്നെ ഉണ്ട്.
എന്നെ തിരത്തൊരാൾ വരുമ്പോൾ വായിക്കണമിത്."
ജനറേറ്ററിന്റെ ശബ്ദം നിലച്ചു.
ഇരുട്ട് മൂടിയ ആ പ്രദേശത്തിനു മുകളിൽ ഒരു കുഞ്ഞു നക്ഷത്രം മാത്രം പ്രകാശമായ് സാക്ഷിയായി.
വായിച്ചു നിർത്തിയ വരികൾക്കടിയിലായി ശൂന്യമായ കടലാസ്സ് ഭാഗങ്ങൾ കാണുമ്പോൾ പിൻകഴുത്തിൽ ഒരു ചൂട്കാറ്റിന്റെ സ്പർശനമേറ്റു.
''തിരിഞ്ഞു നോക്കരുത്." മനസ്സിലുറപ്പിച്ചു.
വായന നിർത്തി.
വഴിയിൽ നിന്ന് കിട്ടിയ കറുത്ത നിറത്തിലെ പേനയെടുത്ത്
അവനിലൂടെ ആരോ വീണ്ടും എഴുതാൻ ആരംഭിച്ചിരുന്നു.
Written by 
Jayachandran
ജെ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot