നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാം
പതിവ് പോലെ അന്നും ഓഫിസിൽ നല്ല തിരക്കായിരുന്നു. ക്യുവിൽ നിൽക്കുന്ന ഓരോരുത്തരോടും ആവശ്യങ്ങൾ ചോദിച്ചു അപേക്ഷകൾ വാങ്ങി കൃത്യമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.
തിരക്കൊന്നു കുറഞ്ഞപ്പോൾ ഏകദേശം 60 നു മേൽ പ്രായം തോന്നുന്ന ഒരാൾ എന്റെ കൗണ്ടറിന് മുന്നിൽ വന്നു.
ഞാൻ കാര്യം തിരക്കി. കേരളത്തിന് വെളിയിൽ നിന്നും എടുത്ത ഡ്രൈവിംഗ് ലൈസൻസ് അഡ്രസ് മാറ്റുന്നതിനുവേണ്ടി.. കാര്യങ്ങൾ ഒക്കെ പറഞ്ഞു അപേക്ഷ വാങ്ങി receipt കൊടുത്തു.
പുറത്തു നിന്നുമുള്ള ലൈസൻസ് ആയതിനാൽ ഈ ഓഫിസിൽ നിന്നും ഒറിജിനൽ ലൈസൻസിങ് അതോറിറ്റിക്ക് ലെറ്റർ അയച്ചു അവിടെ നിന്നും noc വന്നാൽ മാത്രമേ ചെയ്യാൻ പറ്റുള്ളൂ. എന്തായാലും ഒരു മാസത്തിൽ കൂടുതൽ ആവും. അതൊക്കെ പറഞ്ഞു കൊടുത്തു അയാളെ വിട്ടു.
പിറ്റേ ദിവസം രാവിലെ അയാൾ എന്റെ കൗണ്ടറിന് മുന്നിൽ. ഞാൻ കാര്യം തിരക്കിയപ്പോൾ അയാളുടെ ലൈസൻസിനെ കുറിച്ച് ചോദിച്ചു. ഞാൻ പറഞ്ഞു ഒരു മാസം കഴിയും. അയാൾ പോയി. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും വന്നു.ഇങ്ങനെ രണ്ടു ദിവസം അല്ലെങ്കിൽ മൂന്നു ദിവസം കൂടുമ്പോൾ ഇയാൾ വരും. ഇയാളെ കാണുമ്പോഴേ എല്ലാവരും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങും. ചേച്ചിയുടെ ആരാധകൻ വരുന്നുണ്ടെന്ന് പറഞ്ഞ്. ഫോൺ വിളിച്ചാൽ വിവരം അറിയാൻ പറ്റുമോ എന്ന് ചോദിച്ചു. പറ്റും.. കുറച്ചു ദിവസം കഴിഞ്ഞു വിളിച്ചാൽ മതിയെന്നു പറഞ്ഞു ഓഫിസ് നമ്പർ കൊടുത്തു. അയാൾക്ക് ഓഫിസ് നമ്പർ വേണ്ട. എന്റെ പേർസണൽ നമ്പർ മതിയെന്ന്. അത് പറ്റില്ലെന്നു ഞാൻ പറഞ്ഞു. ഓഫിസ് നമ്പറിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞു. അപ്പോൾ ചോദിക്കുവാ സംസാരിക്കാൻ പറ്റുമോന്ന്. ഞാൻ ചോദിച്ചു എന്ത് സംസാരിക്കാൻ എന്ന്. ഒന്നുല്ല വെറുതെ മിണ്ടിയും പറഞ്ഞും ഇരിക്കാലോ ന്ന് കരുതി ചോദിച്ചതാണെന്ന്....ഇത് കേട്ട് എന്റെ അടുത്തസീറ്റിൽ ഉണ്ടായിരുന്ന ക്ലാർക്ക് ചിരിക്കാൻ തുടങ്ങി...
സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഒരു ഗവണ്മെന്റ് ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന് കണ്ടിട്ടുണ്ട്. ലീവ് പോയിട്ട് ഒന്ന് ശ്വാസം പോലും കഴിക്കാൻ പറ്റാതെ പണിയെടുക്കേണ്ടി വരുന്ന ഒരു ഓഫിസ് ആണ്. അപ്പോൾ ആണ് അയാൾക്ക് എന്നോട് മിണ്ടിയും പറഞ്ഞും ഇരിക്കേണ്ടത്.... കുറച്ച് സമയത്തേക്ക് ഓഫിസിൽ ചിരിയുടെ പൂരമായിരുന്നു..
ഞാൻ ലൈസൻസ് ഇഷ്യൂ ചെയ്യുന്ന സാറിനോട് പറഞ്ഞു. ഇയാൾ സ്ഥിരമായി ഇങ്ങനെ വന്നു വിശേഷം ചോദിച്ചാൽ ഞാൻ ചിലപ്പോൾ ഇയാളുടെ ലൈൻ ആയി പോകുമെന്ന്. അപ്പോൾ സാറ് പറഞ്ഞു അയ്യോ.. വേണ്ട ചേച്ചീ ഞങ്ങൾ വഴിയാധാരമായി പോകുമെന്ന്. 😀😀. സാർ അവരുടെ ലെറ്റർ വരുന്നതിന് മുൻപ് തന്നെ സൈറ്റിൽ കയറി അയാളുടെ ലൈസൻസ് ഡീറ്റെയിൽസ് നോക്കി ഉറപ്പു വരുത്തി ചെയ്തു തന്നു. അങ്ങനെ ഞാൻ രക്ഷപെട്ടു......
By: Valsala Rajan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക