Slider

ചിരി

0
Image may contain: 1 person, selfie, closeup and outdoor
എന്റെ സതീഷേട്ടാ നിങ്ങളിതെന്തു പ്രാന്താണ് ഇപ്പറയുന്നത്..
രാധികേ നീ ഒന്നും പറയണ്ടാ ഇതെന്റെ കുറെ നാളത്തെ ആഗ്രഹം ആണിത്. ഇന്ന് ഞാൻ അത് തീർത്തിട്ടു തന്നെയുള്ളൂ കാര്യം.
ആരെങ്കിലും കാണിക്കുന്ന പണിയാണോ സതീഷേട്ട ഇതു. അതും ഈ പാതി രാത്രിയിൽ. കല്യാണത്തിന് ഇനി രണ്ടാഴ്ച തികച്ചില്ല.
രാധികേ നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഇന്ന് എനിക്കിതു സാധിക്കാതെ ഉറക്കമില്ല.
ഇതും പറഞ്ഞു സതീശൻ ഫോൺ കട്ട്‌ ചെയ്തു.
സതീശന്റെയും രാധികയുടെയും കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. കല്യാണത്തിന് അധികം നാൾ കൂടിയില്ല. കല്യാണം ഉറപ്പിച്ച അന്നുമുതൽ കൂടികേറിയ മോഹമാണ് സതീശന്. ആഗ്രഹം മറ്റൊന്നുമല്ല "രാത്രിയിൽ രാധികയെ അവളുടെ മുറിയിൽ ചെന്നു ഒന്ന് കാണണം. സതീശന്റെ ഈ ആഗ്രഹത്തിന് പിന്നിൽ സതീശന്റെ തന്നെ കൂട്ടുകാരായ സുനിയുടെയും അജിയുടെയും വീര കഥകൾ തന്നെയാണ്. പല രാത്രികളിലും പണി കഴിഞ്ഞുള്ള ചെറിയ കമ്പനിക്കിടയിൽ മദ്യം അകത്തു ചെന്ന് കഴിയുമ്പോൾ അജിയും സുനിയും അവരുടെ കാമുകിമാരുടെ വീട്ടിൽ രാത്രി ഇടയ്ക്കിടയ്ക്ക് അവരെ കാണാൻ ചെല്ലുന്ന കഥകൾ പറയും. പ്രണയം തലയ്ക്കു പിടിച്ചു രാത്രിയിൽ കാമുകിയെ കാണാൻ ചെല്ലുന്നത്ര രസം വേറെയില്ലെന്നാണ് അജിയുടെയും സുനിയുടെയും വാദം, വീട്ടുകാരുടെയെല്ലാം കണ്ണ് വെട്ടിച്ചു കാമുകിമാരുടെ മുറിയിൽ എത്തുന്നതിന്റെ ഒരു ത്രില്ല് ജീവിതത്തിൽ ഒന്നു അനുഭവിച്ചു അറിയേണ്ടതു തന്നെയാണ് എന്നാണ് ആ കാമുകന്മാരുടെ പക്ഷം.ഇതൊക്കെ കേട്ട് അന്ന് മനസ്സിൽ കയറിയതാണ് പൂതിയാണ് ഇന്ന് സതീശൻ നടപ്പിലാക്കാൻ പോകുന്നത്.
അന്നത്തെ പതിവ് കമ്പനിക്കിടയിലും വിശ്വ വിഖ്യതമായ ആ രണ്ടു കാമുകൻമാരുടെ വീര കഥകൾ കെട്ടപ്പോൾ തന്നെ സതീശനും ഏതാണ്ടൊക്കെ ഉറപ്പിച്ച മട്ടായി. പ്രേമിച്ച പെണ്ണിന്റെ വീട്ടിൽ ആരും അറിയാതെ പാതിരാത്രിയിൽ ചെന്നു കാണുന്ന ആ ഒരു ത്രില്ല് എനിക്കും ഒന്നു അനുഭവിക്കണമെന്നു സതീശൻ തീർച്ചപ്പെടുത്തി.
അന്ന് സതീശൻ നേരത്തെ തന്നെ വീട്ടിലെത്തി. സതീശൻ വീട്ടിലെത്തുമ്പോൾ സതീശന്റെ പെങ്ങൾ അമ്മു ടീവിയിൽ മീശ മാധവൻ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
കാൽ കഴുകി ഹാളിലേക്ക് കയറവേ ടിവിയിലേക്കു ഒന്നു നോക്കിയ സതീശന്റെ നെഞ്ചോന്നു മിന്നി. മീശ മാധവനിലെ ദിലീപേട്ടൻ കാവ്യാ മാധവന്റെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം. പെങ്ങളെ അകത്തേക്കു ഓടിച്ചിട്ടു വിട്ടിട്ടു സതീശൻ കൺകുളിർക്കെയിരുന്നു ആ രംഗം ആസ്വദിച്ചു. പതിവിലും രണ്ടെണ്ണം കൂടുതൽ അടിച്ച സതീശന് ദിലീപിന്റെ സ്ഥാനത്തു തന്നെത്തന്നേയും കാവ്യാ മാധവന്റെ സ്ഥാനത്തു രാധികയെയും ആയി തോന്നി.
മുറിയിൽ ചെന്നു അക്ഷമനായി സതീശൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എത്രയും വേഗം തന്നെ തന്റെ കാവ്യാമാധവന്റെ അടുത്തെത്താൻ സതീശന്റെ മനസ് വെമ്പൽ കൊണ്ടു. എല്ലാവരും ഉറങ്ങിയതിനു ശേഷം ഏകദേശം ഒരു പന്ത്രണ്ടു മണിയോട് കൂടി സതീശൻ വീട്ടിൽ നിന്നും ഇറങ്ങി.
പുറമെയുള്ള ഇരുട്ട് സതീശനെ ഒന്നു ഭയത്തിലാഴ്ത്തി. ഒരടി മുന്നോട്ടു വെക്കാൻ കഴിയാതെ സതീശന്റെ കാലു വിറച്ചു. നേരത്തെ അടിച്ചതിന്റെ കിക് ഇറങ്ങിയിരിക്കുന്നു. സതീശൻ നേരെ വിറകു പുരയിലേക്കു പോയി. വിറകു പുരയിലെത്തിയ സതീശൻ ഇരുട്ടത്താകെ പരതി.ഒരു പ്ലാസ്റ്റിക് കുപ്പിയിൽ സതീശന്റെ കൈ തടഞ്ഞു നേരിയ ഫോണിന്റെ വെളിച്ചത്തിൽ സതീശൻ ആ പേര് വായിച്ചു.
" ജവാൻ ' ഏതായാലും മൊത്തം അച്ഛൻ കുടിച്ചു തീർത്തട്ടില്ല. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന ജവാൻ " ഒറ്റ വലിക്കു സതീശൻ വലിച്ചു കേറ്റി.
ശ്യോ " സതീശന്റെ അടി വയർ തൊട്ടു മുകളിലേക്കു കട്ട തീ പോലെ തോന്നി.
ദൈവമേ ഈ കട്ട ലോക്കൽ ആണോ അച്ഛൻ അടിച്ചു കയറ്റുന്നത്.
ഒരു രണ്ടു മിനുട്ടത്തേക്കു സതീശന്റെ ലക്കും ലഗാനും പോയി.
ജവാൻ നൽകിയ ഊർജത്തിൽ സതീശൻ ഇരുട്ടിനെ വെല്ലു വിളിച്ചു കൊണ്ടു മുന്നോട്ടു നീങ്ങി.
പാത്തും പതുങ്ങിയും സതീശൻ രാധികയുടെ വീടിന്റെ അടുത്തെത്തി.
പോക്കറ്റിൽ നിന്നും ഫോണെടുത്തു രാധികയെ വിളിച്ചു.
രണ്ടു മൂന്നു വട്ടം രാധികയെ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിൽ അരിശം മൂത്ത സതീശൻ നിന്നെ കാണിച്ചു തരാമെടി എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു പറമ്പിൽ നിന്നും ഒരു ചൊറിയണ്ണത്തിന്റെ ചെടി വേരോടെ പറിച്ചെടുത്തു.
പറിച്ചെടുത്ത ചൊറിയണ്ണം തന്റെ മുണ്ടിന്റെ മടക്കിൽ വച്ചുകെട്ടി സതീശൻ വീടിനു ചുറ്റും കറങ്ങി.രാധികയുടെ മുറി മുകളിൽ ആണെന്ന് സതീശന് നേരത്തെ അറിയാമായിരുന്നു. മുറിയോടു ചേർന്ന് ഒരു കൊന്ന മരം നിൽക്കുന്നുമുണ്ട്.
സാധാരണ മരം പോലെയല്ല കൊന്ന മരം കയറാൻ ഗ്രിപ്പ് കിട്ടില്ല. സതീശൻ തന്റെ തലയിൽ കെട്ടിയിരുന്ന തോര്തെടുത്തു വട്ടത്തിൽ നന്നായി മുറുക്കി കെട്ടി. ശേഷം കാലിൽ തളപ്പായി ആ കെട്ടു ഉപയോഗിച്ചു.
രണ്ടു കാലും ഒരു പോലെ കൊന്നമരത്തിൻ തടിയിൽ ചാടി കയറ്റി. മരം കേറി തീരെ വശമില്ലാത്ത സതീശൻ എങ്ങനെയൊക്കെയോ ഏന്തി വലിഞ്ഞു മുകളിൽ രാധികയുടെ മുറിയുടെ അടുത്തായി എത്തി. ഒരു കാൽ ചാണിന്റെ ദൂരമേ മേൽക്കൂരയിലുള്ള ഓടിൻപ്പുറത്തേക്കു ഉണ്ടായിരുന്നുള്ളു. സതീശൻ ഒച്ച പൊങ്ങാത്ത രീതിയിൽ തന്റെ നീണ്ട കാലു ഓടിൻപ്പുറത്തേക്കു നീട്ടിവച്ചു.
പകുതി വിജയിച്ച ഭാവത്തിൽ സതീശൻ ഓടിൻപുറത്തിരുന്നു മീശ പിരിച്ചു ചന്ദ്രനെ നോക്കി കണ്ണിറുക്കി.
രാധികയുടെ മുറിയുടെ മേൽക്കൂരയിലെ ഓട് സതീശൻ വളരെ സാവധാനത്തിൽ ഇളക്കി മാറ്റി. ഒരാൾക്ക് ഇറങ്ങാവുന്ന ചെറിയ വിടവിലൂടെ സതീശൻ നുഴഞ്ഞു നീങ്ങി.
ഒരു കള്ളന്റെ മെയ് വഴക്കത്തോടെ വിടവിലൂടെ ആടിയാടി സതീശൻ രാധികയുടെ മുറിയുടെ ഒരു മൂലയിൽ ഇറങ്ങി.ഓടിട്ട വീടായതു കൊണ്ടു പുറത്തെ നിലാവെളിച്ചം മുറിയിൽ ചെറുവെട്ടം പരത്തിയിട്ടുണ്ട്. മങ്ങിയ വെട്ടത്തിൽ തന്റെ കാവ്യാമാധവൻ കട്ടിൽ വെട്ടിയിട്ട ചക്കപോലെ കിടക്കുന്നത് സതീശൻ കണ്ടു.
പെണ്ണിന് ലേശം കൂർക്കം വലിയുടെ അസ്കിതി ഉണ്ടെന്നു വിളിച്ചറിയിച്ചുകൊണ്ടു ട്രെയിൻ പോകുന്നത് പോലെ രണ്ടു ഘന ഗംഭീരം ഒച്ചയും. ഇനി ഇതു ഇവൾ തന്നെയല്ലേ, ആകെ പുതച്ചു മൂടിയിരിക്കുന്നു. ചിലപ്പോൾ ഞാൻ വരില്ലെന്ന് കരുതിക്കാണും. സതീശന്റെ വാക്ക് വെറും വാക്കല്ല എന്നു ഇവളെയൊന്നു അറിയാക്കണമല്ലോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു സതീശൻ മെല്ലെ മുണ്ടിന്റെ മടക്കിൽ നിന്നും ചൊറിയണ്ണതിന്റെ
ചെടിയെടുത്തു.
മൂടിപുതച്ചുറങ്ങുന്ന രാധികയുടെ കൈ തണ്ടയിൽ സതീശൻ ചൊറിയണ്ണത്തിന്റെ ഇലയോടിച്ചു.ഇല കൈ തണ്ടയിൽ വച്ചിട്ടും ഉറങ്ങുന്ന ആളിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല. ഇവളെന്താ കാണ്ഡ മൃഗത്തിന്റെ ജാതിയോ എന്ന് പറഞ്ഞു കൊണ്ടു സതീശൻ വീണ്ടും ശക്തിയായി ചൊറിയണ്ണം ഉരച്ചു.
കയ്യിൽ വിരലോടിയതും, അസഹ്യമായ ചൊറിച്ചിലും ഉണ്ടായപ്പോൾ ഉറങ്ങി കിടന്ന രൂപം മാന്തികൊണ്ടു കണ്ണ് തുറന്നു.
അയ്യോ,, ഒരൊറ്റ അലർച്ച ആയിരുന്നു..
ഒച്ച കേട്ടതും വീട് മുഴുവൻ ലൈറ്റ് തെളിഞ്ഞു.
ഒച്ച കേട്ടപ്പോൾ ആണ് താൻ ചൊറിഞ്ഞത് രാധികയുടെ ചെറിയമ്മയുടെ മേത്തിട്ടായിരുന്നു എന്ന് സതീശനു മനസിലായത്.
താഴെയുള്ളവർ ഒച്ചകേട്ടു മുകളിലേക്കു വരുന്നത് മനസിലാക്കിയ സതീശൻ ചൊറിയണം വലിച്ചെറിഞ്ഞു മുണ്ടും മടക്കി കുത്തി വാതിലു തുറന്നു പുറത്തേക്കോടി.
മുകളിലെ നിലയിലെ ചാരു പടിയിൽ ചവുട്ടി സതീശൻ ഓടുമ്പുറത്തെത്തി.
രാധികയുടെ അച്ഛനും രണ്ടു ആങ്ങളമാരും ചെറിയമ്മയുടെ മുറിയിലെത്തി.
സുഭദ്ര ചെറിയമ്മേ.. ന്തിനാ നിലവിളിച്ചേ.
പേടിച്ചരണ്ട ചെറിയമ്മ ഒരു '"ആൾരൂപം'" ഇവിടെ മുറിയിൽ എന്ന് പറഞ്ഞു.
ഇതു കേട്ട വഴി രാധികയുടെ അച്ഛനും രണ്ടു ആങ്ങളമാരും കൂടി വടിയും കമ്പിയുമായി പുറത്തേക്കിറങ്ങി.
വേണ്ട നീലകണ്ഠ അതാരായാലും ഇപ്പൊ നിങ്ങള് പുറത്തേക്കു പോകണ്ട.
രാധികയുടെ മുത്തശ്ശി ആയിരുന്നു അപ്പറഞ്ഞത്.
മുത്തശ്ശി ഒന്നു പോകുന്നുണ്ടോ, മേലെത്തെ വീട്ടിൽ കയറിയ ആ കള്ളനെ ഇന്ന് ഞങ്ങൾ വച്ചേക്കില്ല. രാധികയുടെ മൂത്ത ചേട്ടൻ രഘുവായിരുന്നു അത്.
രഘു '"ചുറ്റിനും വളയെടാ അവൻ തൊടി വിട്ടു പുറത്തു പോയിട്ടുണ്ടാവില്ല. പണിക്കരെയും വിളിച്ചോ.. നീലകണ്ഠൻ ആക്രോശിച്ചു.
രാധികയുടെ അച്ഛനും ആങ്ങളമാരും പിന്നെ പണിക്കാരും കൂടി വീട് ചുറ്റും വളഞ്ഞു.
ഈ സമയം രാധിക മുറിക്കുള്ളിൽ പേടിച്ചിരിക്കുകയായിരുന്നു. ഇന്ന് സതീശേട്ടന്റെ കയ്യും കാലും ഇവരുടെ കയ്യിൽ കിട്ടിയാൽ ഓടിക്കുമെന്നോർത് രാധിക വേഗം ഫോണെടുത്തു സതീശനെ വിളിച്ചു.
ഹെലോ സതീശേട്ട...
എന്റെ രാധികേ ഞാൻ ഇവിടെ ഓടുമ്പുറത്തു തന്നെ ഉണ്ടെടി. താഴെ ചുറ്റിലും നിന്റെ അച്ഛനും ആങ്ങളമാരും വളഞ്ഞിരിക്കുകയാ.
നിങ്ങളോട് ഞാൻ നൂറുവട്ടം പറഞ്ഞതല്ലേ സതീഷേട്ട, രാത്രി ഇങ്ങോട്ട് എന്നെ കാണൻ വരല്ലേയെന്നു.
എന്റെ രാധികേ ഞാൻ ഒരു ത്രില്ലിനു ഇങ്ങു വന്നതല്ലേ.
നിങ്ങടെ ത്രില്ല്.. ബുദ്ധിയുണ്ടെങ്കിൽ രക്ഷപ്പെട്ടോ.
രാധിക പറഞ്ഞത് അനുസരിച്ചു വീണ്ടും സതീശൻ ഓടിളക്കി. വീടിനോടു തൊട്ടു ചേർന്നുള്ള പത്തായപ്പുരയുടെ ഓടിളക്കി അകത്തേക്കു ഇറങ്ങി.
പണിക്കാര് തൊടി മുഴുവനും അരിച്ചു പെറുക്കി.
നീലകണ്ഠ ഇങ്ങു കേറി പോരെ. കള്ളനിപ്പോ ഈ പഞ്ചായത്ത്‌ വിട്ടു കാണും.
എന്റെ ബലമായ സംശയം അവൻ ഇവിടെ എവിടെയോ ഇരിക്കുന്നുണ്ട് എന്ന് തന്നെയാണ്. രാധികയുടെ രണ്ടാമത്തെ ചേട്ടൻ വിനു കൂട്ടിച്ചേർത്തു.
അച്ഛനും ആങ്ങളമാരും താഴെ നിന്നും പറയുന്നതെല്ലാം കേട്ടു രാധിക കൂടുതൽ വിഷമത്തിലായി.
ന്റെ ദേവിയേ,, സതീശേട്ടനെ കാത്തോളണേ..
സതീശൻ മുട്ടിടിച്ചു ഈ സമയം പത്തായപ്പുരയിൽ ഇരിക്കുകയാണ്.
പത്തായപ്പുരയിലാണെങ്കിൽ ചേന വലുപ്പത്തിൽ ആണ് എലികൾ ഓടിക്കളിക്കുന്നത്.
നീലകണ്ഠ'" തെരഞ്ഞു മതിയായെങ്കിൽ മതി. നമുക്ക് നാളെ പോലീസിൽ ഒരു പരാതി കൊടുക്കാം. അവര് കണ്ടുപിടിക്കട്ടെ കള്ളനെ. ഇത്തവണ രാധികയുടെ മുത്തശ്ശനായിരുന്നു ഇതു പറഞ്ഞത്.
അതിനു വന്ന നിഴൽ രൂപം കള്ളൻ ആണെന്ന് ആരാ പറഞ്ഞത്.
സുഭദ്ര ചെറിയമ്മ ഉമ്മറതേക്ക് വന്നു പറഞ്ഞു.
എല്ലാരും സംശയാസ്പദമായി സുഭദ്ര ചെറിയമ്മയെ നോക്കി.
ദേവിയെ ഇനി സതീശേട്ടനെ ചെറിയമ്മ കണ്ടുവോ. രാധിക നെഞ്ചിൽ കൈ വച്ചു പറഞ്ഞു.
മറുത '" വന്നത് മറുത തന്നെയാ, നിക്ക് സംശയോല. ദ കണ്ടില്ലേ മുറിയുടെ മൂലയിൽ നിന്നും കിട്ടീതാ. സുഭദ്ര " എല്ലാരും കാൺകെ ചൊറിയണ്ണത്തിന്റെ വേരോടു കൂടിയ ചെടി പൊക്കിപ്പിടിച്ചു.
ന്റെ,, ദേവിയെ.. മുത്തശി നെഞ്ചിൽ കൈ വച്ചു പരിഭ്രാന്തിയിലായി.
എല്ലാം കേട്ടുകൊണ്ട് മുറിയിൽ ഇരുന്നുകൊണ്ട് രാധികയും പത്തായപ്പുരയിലിരുന്നു സതീശനും വെപ്രാളപ്പെട്ടു.
നാളെ തന്നെ തിരുമേനിയോടു ഇത്രടം വരെ ഒന്നു വരാൻ പറയി നീലാണ്ടാ.. മുത്തശ്ശനും പറഞ്ഞു.
രഘു തിരച്ചിൽ മതിയാക്കാം..
രാധികയുടെ അച്ഛനും ആങ്ങളമാരും തിരിഞ്ഞു അകത്തേക്കു നടന്നു.
രാധിക ജനലിലൂടെ അവരെല്ലാം അകത്തേക്കു പോകുന്നത് തെല്ലൊരു ആശ്വാസത്തോടെ നോക്കി നിന്നു.
ഈ സമയം പത്തായപ്പുരയിൽ നിന്നും ഒരു എലി സതീശന്റെ കാലിലൂടെ അരിച്ചു മുണ്ടിലേക്കു കയറി.
എലി കയറിയ വെപ്രാളത്തിൽ സതീശൻ കാലു ശക്തിയായി കുടഞ്ഞെറിഞ്ഞു.
സതീശന്റെ കാലുകൊണ്ട് പത്തായപ്പുരയിലെ ആട്ടിയ വെളിച്ചെണ്ണ എടുത്തുവെക്കുന്ന ഇരുമ്പ് പാത്രം തട്ടി താഴേക്കു ഒച്ചയിൽ പതിച്ചു.
അച്ഛാ... പത്തായ പുരയിൽ ആരോ ഉണ്ട്.
അകത്തേക്കു കയറിയ രഘു സർവ്വശക്തിയുമെടുത്ത് മുറ്റത്തേക്ക് ചാടി.
വരിനെടാ.. നീലണ്ഠൻ പണിക്കാരെയും കൂട്ടി പത്തായ പുര ലക്ഷ്യമാക്കി നീങ്ങി.
ഈശ്വരാ സതീശേട്ടൻ... രാധികയുടെ കണ്ണിൽ നിന്നും കണ്ണുനീരൊഴുകി.
സതീശന്റെ തൊണ്ടക്കുഴി വറ്റി. ശരീരം ആകെ വിറച്ചു. നെഞ്ചിടിപ്പു കൂടി സതീശൻ ഭിത്തിയിൽ പിടിച്ചു നിന്നു.
രഘു, നീ വാതിൽ ചവുട്ടി തുറക്ക്.. അവൻ ജീവനോടെ ഇവിടെ നിന്നും പോവരുത്.
നീലാണ്ടേട്ട അത് മറുത ആയിരിക്കും.
പെങ്ങളൊന്നു മിണ്ടാണ്ടിരിക്കണ്ടോ,, ഒരു മറുത '" നീലാണ്ടന്റെ സകലദേഷ്യവും പുറത്തു ചാടി, കണ്ണുകൾ രണ്ടും ചുവന്നു.
രാധിക ജനലിലൂടെ പുറത്തെ പത്തായപുരയിലേക്കു നോക്കി കരഞ്ഞു കൊണ്ടിരുന്നു.
സതീശന്റെ നെഞ്ച് പെരുമ്പഴ മുഴക്കി.
കമ്പിയുമായി വാതിലിനു അടുത്തേക്ക് പോകുന്ന രഘുവിനെ കണ്ടു രാധിക കട്ടിലിലേക്ക് വീണു.
രഘു വാതിലിൽ ആഞ്ഞു ചവുട്ടി..
ഈ സമയം രാധിക എന്തോ ഉറപ്പിച്ച പോലെ. കട്ടിലിൽ നിന്നും എഴുന്നേറ്റു.
അയ്യോ,, അയ്യോ.. രാധിക വലിയ വായിൽ നിലവിളിച്ചു. അയ്യോ രക്ഷിക്കണേ.
രാധികയുടെ ഒച്ച വീടാകെ മുഴങ്ങി.
അയ്യോ ന്റെ '"കുട്ടി'" മുത്തശ്ശിയും സുഭദ്രയും നിലവിളിച്ചു കൊണ്ടു മുകളിലേക്കോടി.
രഘു നീ ഇവിടെ നിക്ക് എന്ന് പറഞ്ഞു രാധികയുടെ അച്ഛനും ബാക്കിയുള്ളവരും രാധികയുടെ മുറിയിലേക്കോടി.
ഈ ഒരു നിമിഷത്തിൽ സകല ധൈര്യവും വീണ്ടെടുത്ത സതീശൻ തന്റെ മുണ്ടെടുത്തു പുറത്തു കെട്ടി, തോർത്തെടുത്തു മുഖം മറച്ചു. പത്തായപ്പുരയുടെ ഒരു മൂലയിൽ ഒരു കുപ്പിയിൽ മണ്ണെണ്ണ ഉണ്ടായിരുന്നതിൽ നിന്നും കുറച്ചെടുത്തു മുണ്ടിലേക്ക് ഒഴിച്ചു ശേഷം അവിടെ കിടന്നൊരു തീപ്പെട്ടിയെടുത്തു മുണ്ടിനു തീ കൊളുത്തി. എന്നിട്ട് ഹു'" ഹു '"എന്നൊരു അലർച്ചയോടെ പത്തായപ്പുരയുടെ വാതിലും ചവിട്ടി പൊളിച്ചു ഇറങ്ങിയോടി. തീ യോടെ ഒരാൾ രൂപം ഇറങ്ങി വരുന്നത് കണ്ടു രഘു നിലവിളിച്ചു.
അയ്യോ മറുത, മറുത..
പോയ പോക്കിന് രഘുവിന്റെ പുറത്തിനിട്ടു സതീശൻ ഒരു ചവിട്ടും കൊടുത്തു.
രാധികയുടെ മുറിയിൽ ചെന്ന ആൾകൂട്ടം രഘുവിന്റെ ഒച്ച കേട്ട് ജനലിലൂടെ പുറത്തേക്കു നോക്കി.
പുറത്തേക്കു നോക്കിയ അവരെല്ലാം ആ കാഴ്ച കണ്ടു നടുങ്ങി.
തീയും പുകയുമായി ഒരാൾ തൊടിയിലൂടെ ഓടുന്നു.
അയ്യോ മറുത, കൊള്ളി പിശാശ്.. രാധികയുടെ മുത്തശ്ശിയുടെ ബോധം പോയി.
സതീശൻ നൂറേ നൂറിൽ തീ പിടിപ്പിച്ച മുണ്ടുമായി ഓടി. ഓടിയ വഴിയിൽ ഒന്നു രണ്ടു ഉണക്ക വാഴ കൈ നിൽക്കുന്നതിനാൽ തീ അതിലും കേറി പിടിച്ചു. വാഴ രണ്ടും നിന്നും കത്തി. മുണ്ടിലെ തീ ഒരുവിധം കത്തി കയറിയപ്പോൾ സതീശൻ മുണ്ടെടുത്തു ഓടുന്ന വഴിയിൽ കണ്ട വയ്ക്കോൽ കൂനയിലേക്കു എറിഞ്ഞിട്ടു.
ഒരു വശത്തു വയ്ക്കോൽ കൂനയും മറുവശത്തു വാഴയും നിന്നു കത്തികൊണ്ടിരിന്നു.
നീലാണ്ടനടക്കം എല്ലാവരും ഭീതിയോടെ ഈ കാഴ്ച കണ്ടു നടുങ്ങിയപ്പോൾ ഒരാൾ മാത്രം നിന്നു ചിരിക്കുന്നുണ്ടായിരുന്നു.
Aneesh pt.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo