നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഏതോ വകുപ്പിലെ ചുംബനം

Image may contain: 1 person, smiling, closeup
മാപ്പോട്ടിപ്പറമ്പിലെ സുമേടെ പിറകെ നടന്ന് "നീ പോടാ നാറീ " എന്ന് മറുപടി കിട്ടിയ അന്നു മുതൽ ആകപ്പാടെ പൊളിഞ്ഞുവാരിക്കെട്ടി നടക്കുകയാണ് കുഞ്ഞുമോൻ.....അണ്ടികളഞ്ഞ അണ്ണാനെപ്പോലെനടക്കുന്നത് എന്താണെന്നു പലരും ചോദിച്ചെങ്കിലും "ഓ....ചുമ്മാ" എന്ന മറുപടിയായിരുന്നു എല്ലാര്‍ക്കും കൊടുത്തത്
അങ്ങനിരിക്കെ ‍ ഒരു ദിവസം കാലത്ത് ചന്ദ്രൻ ചേട്ടന്റെ ചായക്കടയിലിരുന്ന് കുഞ്ഞുമോൻ ദോശ കഴിച്ചു കൊണ്ടിരുന്നപ്പോളായിരുന്നു
സുമേടെ വീട്ടീന്ന് കോറസ്സായിട്ടൊരു വിളിച്ചുകൂവൽ......
കേട്ടത് സുമേടെ വീട്ടിൽ നിന്നാണെന്നു ചെവി വട്ടംപിടിച്ചറിഞ്ഞ കുഞ്ഞുമോൻ പിന്നൊന്നും ആലോചിച്ചില്ല ..... സോമന്‍റെ ചീനീം തട്ടിപ്പിഴുത് കയ്യാല രണ്ടെണ്ണം കെളന്നു ചാടി അങ്ങോട്ടേക്കോടി ...ഓട്ടത്തിൽ തന്നെ കുഞ്ഞുമോൻ കണക്കു കൂട്ടി
"കെളവൻ അടിച്ചു പോയിക്കാണും".....
കട്ടിലിനു ചുറ്റുമായി സുമ, സുമയുടെ അമ്മ സാവിത്രിച്ചേയി, അയൽവക്കത്തെ ഭാർഗ്ഗവൻ ചേട്ടൻ, പുള്ളീടെ ഭാര്യ സരളച്ചേയി, അവരുടെ രണ്ട് പിള്ളാര്........ഭാര്‍ഗ്ഗവന്‍‍ ചേട്ടന്‍റെ തോളത്തു കൈവെച്ചു ഗ്യാപ്പാക്കി നോക്കുമ്പോള്‍ അനക്കമില്ലാതെ വാ പിളർന്ന് വലിഞ്ഞു മുറുകി കിടക്കുന്നു വേലുമൂപ്പീന്ന്....
ഉള്ളിലുള്ള സുമയോടുള്ള പ്രേമംകൊണ്ട് വിഷാദം കയ്യീന്നിട്ട് മൂപ്പീന്നിന്റെ അടുത്തേക്ക് ചെന്ന് തുറിച്ചു നിന്ന കണ്ണുകൾ അമർത്തിയടച്ചതും കുഞ്ഞുമോനാണ്, ആദ്യമായിട്ടാണ് ഒരു ശവത്തിനു ഷട്ടറിടുന്നതും ....
തൊട്ടുപിറകെതന്നെ കടയിലിരുന്നവരും അയൽവക്കത്തുകാരുമൊക്കെയായി ആള് കൂടിക്കൊണ്ടിരുന്നു... കാലത്ത് ദൂരെ എവിടെയോ പണിക്കുപോയ സുമേടച്ഛൻ ഗോപാലൻ ചേട്ടനും വന്ന് മൂപ്പീന്നിന്റെ തലക്കീഴിൽ വന്ന് താടിക്ക് കയ്യും കുത്തി കുറച്ചു നേരമിരുന്നിട്ട് പുറത്ത് പന്തലുകെട്ടുകാരോട് അവരുടെ അറിവിനു മുകളിൽ നിന്ന് എന്തൊക്കയോ നിർദ്ദേശങ്ങൾ കൊടുക്കുന്നു.....
ഇതിനിടക്ക് ഒരോട്ടോ വന്നു നിന്നതും സാരിത്തലപ്പു കൊണ്ട് കണ്ണു തുടച്ച് സുമയുടെ ചേച്ചി സുഷമേച്ചി പിള്ളേരുമായി അകത്തേക്ക് കയറിപ്പോയി.....
വിഷാദമുഖിയായി സുമ അവിടെക്കിടന്നു കറങ്ങുമ്പോള്‍ സുമയെ ആത്മാര്‍ത്ഥത കാണിക്കാനായി പന്തലുകാരോടൊപ്പം ഇടയ്ക്ക് അവിടേം പോയി വെരകുന്നുണ്ട് കുഞ്ഞുമോന്‍ , അടുക്കളയില്‍ കട്ടന്‍ ചായ ഇടുന്നത് സുമയാണന്നു മനസ്സിലാക്കിയ കുഞ്ഞുമോൻ സപ്ലയര്‍ പണിയിലായി പിന്നെ കൂടുതല്‍ ശ്രദ്ധ, ആരെങ്കിലും വന്നാല്‍ അടുക്കളയിലേക്കൊരോട്ടമാണ് കുഞ്ഞുമോന്‍. തിരിച്ച് കട്ടൻ ചായേം കൊണ്ട് മാപ്പോട്ടിറമ്പിലെ ആൺതരിയെപ്പോലെ പുഞ്ചിരി തൂകി അതിഥികളുടെ അടുത്തേക്ക്.....
പന്തലുകാരുടെ ഇഴക്കയറ് കവുങ്ങേല്‍ വലിച്ചുകെട്ടുന്ന സമയത്ത് രണ്ടുമൂന്നാളുകള് അങ്ങോട്ടേക്ക് വന്നതും വലിച്ചു പിടിച്ച ടാര്‍പ്പയുടെ കയറേന്നു പിടീംവിട്ട് കുഞ്ഞുമോന്‍ ‍ ശര്‍ര്‍ന്നിറങ്ങി അടുക്കളയിലേക്കോടി
കുഞ്ഞുമോന്റച്ഛൻ വാസുവേട്ടൻ ദൂരെ മാറി ഒരു കസേരയിൽ കാലും പിണച്ചുവെച്ച് ബീഡീം വലിച്ചുകൊണ്ട് മകന്‍റെ കസർത്തുകൾ പലതും കണ്ട് അത്ഭുതപ്പെടുന്നുണ്ട് ..... തള്ള ഒരുകലം വെള്ളം കോരി അടുക്കളേൽ കൊണ്ടു വാടാന്നു പറഞ്ഞാൽ " ങ്ങള് വേണേക്കോരെ"ന്നു പറഞ്ഞ് ടീവീലോട്ടും നോക്കി ഇരിക്കുന്നവൻ" ഇതിനിടക്ക് ജീവിതത്തിലാദ്യമായിട്ട് കുഞ്ഞുമോൻ അച്ഛനോടും ചോദിച്ചു "ഒരു കട്ടനടിക്കുന്നോ ന്ന് "....
വീടിനു ഗുണമില്ലെങ്കിലും നാടിനെങ്കിലും ഉണ്ടല്ലോന്നു ചിന്തിച്ച് വാസുവേട്ടന്‍ ബീഡിയേലൊരു റേസിംഗ് നടത്തി പുറത്തേക്കുവിട്ടു ....
"സുമേ ഒന്ന്..... സുമേ രണ്ട് ....... സുമേ നാല്".......... എന്നൊക്കെ അടുക്കളവാതിലില്‍ വന്ന് ആദ്യം ചമ്മലോടെ പറഞ്ഞെങ്കിലും അനുസരണയോടെയുള്ള സുമയുടെ മൂളലും ഗ്ലാസിലേക്ക് വിനയത്തോടെയുള്ള ഒഴിക്കലുമൊക്കെ ആയപ്പോള്‍ അകത്തേക്ക് കയറി ആധികാരികമായി ഓര്‍ഡര്‍ പറയാന്‍ തുടങ്ങി....
അടുപ്പില്‍ ‍നിന്നും ചൂടുകലം വാങ്ങുമ്പോള്‍ മാറിക്കേ കൈ പൊള്ളുമെന്നുപറഞ്ഞു കലത്തേല്‍ പിടിക്കാന്‍ പോയ കുഞ്ഞുമോനോട് "വേണ്ടാടെ ഞാന്‍ ഒഴിച്ചുതരാം" എന്ന സ്നേഹം ചുരത്തിയ വാക്കുകള്‍ കുഞ്ഞുമോനില്‍ പ്രണയത്തിന്‍റെ അന്ന്യായ വേലിയേറ്റം തന്നെയായിരുന്നു ഉണ്ടാക്കിയത് .......
വഴിയിൽ വായിനോക്കി നിൽക്കുമ്പോൾ മനപ്പൂർവ്വം റോഡു സൈഡിലുള്ള തെങ്ങിന്റെ മണ്ടക്കും നോക്കി വെറുപ്പറിയിച്ചുകൊണ്ടു നടന്നു പോകുന്ന സുമയിൽ വല്ലാത്തൊരു കുളിര് .....
അടുക്കള വിട്ട് എങ്ങോട്ടും പോകാൻ തോന്നാതെ, അപ്പുറത്തു കേൾക്കുന്ന ഇടയ്ക്കുള്ള നിലവിളികള്‍ക്കിടയിലും കുഞ്ഞുമോന്റെ കട്ടന്‍ വിളിക്ക് അറിയാതെ കാതോർക്കുകയാണ് സുമ.....
പ്രണയത്തിന്‍റെ അടുക്കളവാതില്‍ തുറന്നു കട്ടനെടുക്കാന്‍ പോകുമ്പോള്‍ അനുഭവിക്കുന്ന സുഖം പ്രാന്തായി കുഞ്ഞുമോൻ വന്ന് മുറ്റത്തുകാണിക്കുന്നുണ്ട്......
പുതിയതായി ആരെങ്കിലും വരുന്നുണ്ടോ
എന്ന നോട്ടവും വന്നെങ്കിൽ അടുക്കളയിലേക്ക് ആവേശത്തോടെയുള്ള ഓട്ടവുമൊക്കെയായി കുഞ്ഞുമോന്‍ തകര്‍ക്കുകയാണ് ....
ഇതിനിടക്ക് അടുക്കളയിൽ നിന്നും ഓടി വന്ന് ആരുടേയാ സൈക്കിളെടുത്ത് എലിവാണം പോലെ പുറത്തോട്ട്....... ഒട്ടും താമസിക്കാതെ അലറിത്തല്ലി അവിടെനിന്ന ആരുടേം നെഞ്ചത്തുകേറ്റാതെ വെട്ടിച്ചുപറിച്ച് സൈക്കിള് കയ്യാലേല്‍ എറിഞ്ഞിട്ട് ഒരു കവറില്‍ കൊണ്ടുവന്ന തേയ്ലയും പഞ്ചസാരയുമായി ഓടിക്കൊണ്ടു നേരെ അടുക്കളയിലേക്ക്......കുറേ കഴിഞ്ഞ് പാത്രത്തില്‍ കട്ടന്‍ചായ നിറച്ച ഗ്ലാസ്സുമായി കുഞ്ഞുമോന്‍ മൃദു പുഞ്ചിരിവരുത്തി പന്തലിലേക്ക് ....
അയൽവക്കത്ത് അത്യാഹിതം സംഭവിക്കുമ്പോഴുള്ള ആത്മാർത്ഥതയല്ല അവന്റെ ഈ കുന്തളിപ്പിനു പിന്നിലെന്ന് വാസുവേട്ടന് ഏറെക്കുറെ കാര്യങ്ങൾ ബോധ്യമായിത്തുടങ്ങി......
മുറ്റത്ത് ആളുകൾ കൂടുന്നതിനൊപ്പം അടുക്കളയിലും അംഗസംഖ്യ കൂടുന്നുണ്ട്......
കുഞ്ഞുമോന്റെ മനസ്സിൽ സുമയോടുള്ള പ്രേമം തിളച്ച എണ്ണയിൽ കടുക് പൊട്ടിത്തെറിക്കുന്നതു പോലെയെന്നോ പ്രസവവേദനയുടെ പുളച്ചിലെന്നോ പറയാം......അടുക്കളയിൽ വച്ചുള്ള സുമയുടെ പുഞ്ചിരിയും വിറയലോടെയുള്ള കട്ടൻ പകരലുമൊക്കെ ഓർത്ത് ഇടയ്ക്ക് മുറ്റത്തു വന്ന് വിദൂരതയിലേക്ക് നോക്കി പുഞ്ചിരിക്കുന്നു, കുഞ്ഞുമോൻ ആകെപ്പാടെ നിർവൃതിയുടെ കൊടുമുടിയിലാണ്.....
വേലു മൂപ്പീന്നിന്റെ ആത്മാവ് ഇതെല്ലാം കണ്ടു കൊണ്ട് ഒരു പക്ഷെ തന്തക്കു വിളിച്ചു കൊണ്ട് കുഞ്ഞുമോന്റെ പിറകേ തന്നെയുണ്ടാവും.........
കട്ടൻ കൊടുപ്പൊക്കെ ഒതുങ്ങിയതും ഇരിക്കപ്പൊറുതി കിട്ടാതെ കുഞ്ഞുമോന്‍ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട എന്തോ സംഗതി തപ്പിയിറങ്ങിയ വ്യാജേന അടുക്കള വശത്തേക്ക് ചെല്ലുമ്പോൾ സുമ കിണറ്റുകരയിൽ മൂന്നാല് കുടം അടുക്കി വെച്ച് വെള്ളം കോരാൻ തുടങ്ങുന്നു....
കയ്യിൽ കിട്ടിയ കാടിച്ചരുവം പൊക്കിക്കൊണ്ട് കുഞ്ഞുമോൻ ഒരാവശ്യോമില്ലാതെ കിണറ്റുകരയിലേക്ക് ഓടിച്ചെന്നതും തൊട്ടീം കയറും കിണറ്റിലേക്ക് വിട്ടുകൊണ്ടിരുന്ന സുമ ചരുവോം കൊണ്ടു ചാടി വന്ന കുഞ്ഞുമോനെ നോക്കി കയറില്‍ ഉയർത്തിപ്പിടിച്ച കയ്യിലേക്ക് മുഖം താങ്ങി ചെറുതായി ചിരിച്ചു കൊണ്ട് ചോദിച്ചു......
"എന്താ വേണ്ടേ" ?
വെ ...വെള്ളം.....
"ഇതിലെന്തിനാ ? ആടിന് കൊടുക്കാനോ" എന്നു ചോദിച്ച് ചുറ്റുവട്ടം കണ്ണോടിച്ചു കൊണ്ടു സുമ പറഞ്ഞു......
"അപ്പുറത്തേക്ക് പോ .... പെരക്കകത്തൂന്ന് ആൾക്കാര് നോക്കുന്നുണ്ട് "......
പറയാതെ പറഞ്ഞ ഒരിഷ്ടത്തിന്റെ വേറിട്ട വെർഷൻ കേട്ട് മനസ്സുനിറഞ്ഞ കുഞ്ഞുമോൻ സുമ വലിക്കാൻ തുടങ്ങിയ കയറില്‍ പിടിച്ചിട്ട് പറഞ്ഞു.....
"ഞാൻ കോരിത്തരാം".....
തിരിച്ച് അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞതും സുമ പ്രതീക്ഷിച്ച ഒരു പിൻവിളി ...
"നിൽക്ക് , പോകല്ലേ".....
ജനലിന്റെ ഭാഗത്തേക്ക് നോക്കി ആരുമില്ലന്ന് ഉറപ്പു വരുത്തി സുമ ചെറുചിരിയോടെ കുഞ്ഞുമോനെ നോക്കി..
അന്ന് കത്ത് നീട്ടിക്കൊണ്ട് നിന്ന എന്നെ "പോടാ നാറീ " ന്ന് എന്തിനാ വിളിച്ചേ ?
നാണവും, ആവലാതിയും, ആകാംഷയും,ആക്രാന്തവും,പ്രേമവും വിറയലും സമാസമം ചേർത്ത കുഞ്ഞുമോന്‍റെ ചോദ്യത്തിന് സുമയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല ......
ഒന്നുകൂടി ഏങ്കോണിച്ച് ജന്നലിന്‍റെ ഭാഗത്തേക്കു നോക്കിയിട്ട് സുമ പറഞ്ഞു :-
"അപ്പളങ്ങനെ പറഞ്ഞെങ്കിലും
ഇപ്പളെനിക്കിഷ്ട്ടവാ"......... 
ഞാന്‍ പോവാണെന്നു പറഞ്ഞു നാണത്തോടെ അടുക്കളഭാഗത്തേക്ക് ഓടിപ്പോകുന്ന സുമയെ നോക്കിയിട്ട് റിമോട്ടില്‍ ഫാസ്റ്റടിക്കുന്നതുപോലെ കുടത്തിലെല്ലാം വെള്ളംകോരി നിറച്ചിട്ട്‌ ഓടി മുറ്റത്തുവന്നു കെട്ടുപൊട്ടിയ പശൂനേപ്പോലെ കുഞ്ഞുമോന്‍റെ പ്രാന്തും നോക്കി അച്ഛന്‍ വാസുവേട്ടന്‍ താടിക്കു കയ്യുംകൊടുത്ത് അവിടെത്തന്നെയിരിപ്പുണ്ട് ......
ഒടുവില്‍ ചിതയിലേക്കെടുക്കും മുന്‍പ് വേലു മൂപ്പീന്നിനൊരു ചുംബനം  കൊടുക്കാന്‍ തോന്നിയെങ്കിലും " ഏതുവകുപ്പില്‍" എന്ന നാട്ടുകാരുടെ ചോദ്യത്തെ ഭയന്ന കുഞ്ഞുമോന്‍ മൂപ്പീന്നിന്റെ കനലും ചാരോം കെട്ടടങ്ങിയശേഷമാണ് നിറഞ്ഞ മനസ്സോടെ വീട്ടിലേക്കു നടന്നത് ..... 
സന്തോഷ്‌ നൂറനാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot