Slider

നിഴലായ്‌ മാത്രം. - Part 9

0
കിഴക്കിനിയിലെ വലിയ ബെഡിൽ ചാരി വെച്ച തലയിണയിൽ തലയുയത്തിവെച്ചു കിടന്ന് മയങ്ങുകയായിരുന്നു പത്മനാഭൻ ഭട്ടതിരി .
മുറിയിൽ
പാദ ചലനമറിഞ്ഞ് അയാൾ പെട്ടന്ന് കണ്ണു തുറന്നു.
മുന്നിൽ വിങ്ങിപ്പൊട്ടി നിൽക്കുന്ന ദുർഗയുടെ മുഖത്തേക്കായിരുന്നു നേരെ നോട്ടം ചെന്നത്.
അവളെ കണ്ടപ്പോൾ വലിയേടത്തിന്റെ മുഖത്തൊരു ചൈതന്യമുണ്ടായി.
"എന്തിനേ ഭയന്നോടിപ്പോന്നത്. എനിക്കൊന്നുമില്ലല്ലോ ''.
വാത്സല്യത്തോടെ ഭട്ടതിരി ദുർഗയുടെ കൈ പിടിച്ചു.അവൾ തേങ്ങി.
ആ നിമിഷം വലിയേടത്തിന്റെ ഉള്ളിൽ ഒരു അപകട മണി മുഴങ്ങി.
ഉള്ളംകൈ വല്ലാതെ തണുത്തു മരവിച്ചിരിക്കുന്നു.
ബോധമണ്ഡലത്തെപോലും മരവിപ്പിക്കുന്ന കൊടും തണുപ്പ്.
ഒരു മാന്ത്രികന്റെ സ്പർശത്തിൽ മാത്രം മനസിലാക്കാവുന്ന മാറ്റം. ഇങ്ങനെയൊരു കന്യകയുടെ ലക്ഷണമെന്താണ്. എന്താണവൾക്ക് സംഭവിച്ചത്.
അവളുടെ നാഡികളിലൂടെ രക്തത്തിന് പകരം മഞ്ഞുകട്ടകൾ ഒഴുകുന്നത് പോലെ തോന്നി അയാൾക്ക്.
പത്മനാഭൻ ഭട്ടതിരിയുടെ രോമകൂപങ്ങൾ എഴുന്നു.
ഒന്നും വ്യവച്ചേദിച്ചറിയാൻ വയ്യ.
സിദ്ധികളെല്ലാം കൈമോശം വന്നു പോയോ
അറിയാതൊരു തളർച്ച ഉടലാകെ ബാധിച്ചു.
" ആ ഏലസ് സൂക്ഷിച്ചിട്ടില്ലേ തങ്കം." ചോദിച്ചപ്പോൾ പത്മനാഭൻ ഭട്ടതിരിയുടെ ശബ്ദമിടറി.
വലിയേടത്തെ മഹാമാന്ത്രികന്റെ ഗതികേട്.
മഹാ മാന്ത്രികരുടെ ആ സുരതയ്ക്കും സാത്വിക പൂജാരികളുടെ നൈർമല്യത്തിനും ഒരു പോലെ പേരുകേട്ട പരമ്പരകളിൽ തനിക്കു മാത്രമുണ്ടായ വീഴ്ച.. ഒന്നും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ.
തങ്കത്തിന്റെ കൈ തണ്ടയിൽ മുറുകി കിടക്കുന്ന ഏലസ് കാണാം. അത് നഷ്ടപ്പെട്ടിട്ടില്ല.
പക്ഷേ എന്തോ കുഴപ്പം സംഭവിച്ചത് പോലെ.
"ദേവീ മഹാമായേ.. " പത്മനാഭൻ ഭട്ടതിരി കണ്ണുകൾ ചേർത്തsച്ചു. ഒരിറ്റ് കണ്ണുനീർ കവിളിൽ പുരണ്ടു
" വലിയമ്മാമ്മേ". ദുർഗ ആ വിറയ്ക്കുന്ന കൈ പിടിച്ചു വിതുമ്പി.
"വലിയമ്മാമ്മ വിഷമിക്കരുത്.. ഒന്നും ഉണ്ടായിട്ടില്ല... ഒന്നും " അവളുടെ കണ്ണുനീർ അദ്ദേഹത്തിന്റെ നെഞ്ചിലേക്കിറ്റു വീണു.
"തങ്കം.. എനിക്കൊരു വിഷമവുമില്ല കുട്ടി.. " അയാൾ അവളുടെ കൈത്തണ്ടയിൽ തലോടി. "കരയാതെ അകത്തേക്ക് ചെല്ല്.. രുദ്രക്കുട്ടീ തങ്കത്തിനെ വിളിച്ചു കൊണ്ടു പോകൂ". അയാൾ വിവശതയോടെ പറഞ്ഞു. ആ നിമിഷങ്ങളെ നേരിടാനാകാതെ
ദേവദത്തന് പിന്നിൽ നിന്ന് വിങ്ങി കരയുകയായിരുന്നു രുദ്ര.
"വലിയമ്മാമ്മയെ കൂടുതൽ സങ്കടപ്പെടുത്താതെ തങ്കത്തിനെ കൊണ്ടു പോ മോളേ ".
ദേവദത്തൻ നിസഹായതയോടെ പറഞ്ഞു.
രുദ്ര കണ്ണീർ തുടച്ച് മുന്നോട്ടുവന്ന് അനിയത്തിയുടെ കൈപിടിച്ചു.
അവർ പരസ്പരം ആശ്വസിപ്പിക്കുന്നതു പോലെ ചേർത്തു പിടിച്ച് നടന്നു പോകുന്നത് ദേവദത്തൻ നോക്കി നിന്നു.
"അനിഷ്ടങ്ങൾ എന്തൊക്കെയോ വരണുണ്ട് കുട്ടാ "
ക്ഷീണിതമായ ശബ്ദത്തിൽ പത്മനാഭൻ ഭട്ടതിരി പറഞ്ഞു.
"നാളെത്തന്നെ പ്രായശ്ചിത്ത കർമ്മങ്ങൾ ചെയ്യണം. വിശേഷ പൂജകളും ... ഓരോന്നായി പൂർത്തീകരിക്കണം. തിരിച്ചു പിടിക്കണം നഷ്ടമായതൊക്കെയും. എന്നാലേ കളംതെറ്റിപ്പോകുന്ന കരുക്കൾ വീണ്ടെടുക്കാൻ കഴിയൂ."
"വലിയമ്മാമ്മ പറഞ്ഞാൽ മതി. എന്തിനും ഞാനൊരുക്കമാണ്". വിധേയത്വത്തോടെ ദേവദത്തൻ അയാൾക്കരികിലെ കസേരയിൽ ചെന്നിരുന്നു.
"തങ്കത്തിന്റെ വരവിൽ എന്തെങ്കിലും അസ്വഭാവികത തോന്നണുണ്ടോ കുട്ടന് "
അയാൾ ശബ്ദം താഴ്ത്തി തിരക്കി.
" ഉണ്ട്". ആലോചനാഭാവത്തിലായിരുന്നു ദേവദത്തന്റെ മറുപടി.
"പക്ഷേ അറിയാനാവുന്നില്ല എനിക്കും. പരദേവതാ കോപം. എന്നേക്കും അഹങ്കരിച്ചിരുന്ന വലിയേടത്തെ മാന്ത്രിക സിദ്ധികളിൽ ഒന്നു പോലും ഓർമയിൽ തെളിയുന്നില്ല"
നിരാശാജനകമായിരുന്നു ദേവദത്തന്റെ മുഖം.
പത്മനാഭൻ ഭട്ടതിരി അവന്റെ കൈ പിടിച്ചു.
"മനം മടുക്കരുത്. പ്രതീക്ഷ കൈവിടുകയുമരുത്. ഈ കേവല പ്രതിസന്ധി നമുക്കൊരുമിച്ച് നേരിടണം. വിളിച്ചാൽ വിളി കേൾക്കാത്ത ദേവകളൊന്നും വലിയേടത്തില്ല കുട്ടാ. എന്റെ കൈ പിഴ അവർ ക്ഷമിക്കും.പൂർവാധികം ശക്തിയോടെ വലിയേടത്തെ പാരമ്പര്യം ഞാൻ തിരിച്ചുപിടിക്കും. എന്നിട്ട് വേണം അടുത്ത മാന്ത്രികനായ നിന്നെ ഏൽപ്പിച്ച് പാരമ്പര്യം നിലനിർത്താൻ " അയാൾ കിതച്ചു.
" ഒക്കെ സാധിക്കും.
വലിയാമ്മാമ്മ മനസ് വീണ്ടെടുത്താൽ മാത്രം മതി".ദേവദത്തൻ ആശ്വസിപ്പിക്കുന്നത് പോലെയാണ് പറഞ്ഞത് -
" സിദ്ധികൾ പൂർണമായും കൈമോശം വന്നിട്ടില്ല. മിനുക്കി എടുക്കാവുന്നതേയുള്ളു. ഇപ്പോഴും എനിക്കറിയാം..തങ്കത്തിനൊപ്പം മറ്റൊരു കാലൊച്ച.. ഞാനത് കേട്ടു.മറ്റാരുടെയോ സാന്നിദ്ധ്യം. അവളുടെ രക്തത്തിലെ തണുപ്പായി ഒരു നിഴൽ' കുളക്കടവിലും സർപ്പക്കാവിലും അവളെ ഭയപ്പെടുത്തിയ അതേ അരൂപി. അറിഞ്ഞിരുന്നു എല്ലാം. പക്ഷേ ആ ഏലസ് ഭേദിച്ച് തൊടാനാവില്ല തങ്കത്തെ .. പക്ഷേ എന്നിട്ടും സംശയങ്ങൾ നിവൃത്തിക്കാനാവുന്നില്ല. ഒന്നും വേർതിരിച്ചെടുക്കാനാവുന്നില്ല"
പത്മനാഭൻ ഭട്ടതിരി ഉള്ളിലടക്കിയ വേദന ദേവദത്തനു മുമ്പിൽ തുറന്നു കാട്ടി.
പടിപ്പുരയിൽ നിന്നും ഓട്ടുമണിയുടെ ശബ്ദം മുഴങ്ങി.
ആരോ വരുന്നു. ആരുമാകട്ടെ. തുറന്നിട്ട പടിപ്പുര കടന്ന് കയറി വരട്ടെ എന്ന് കരുതി ദേവദത്തൻ എഴുന്നേറ്റില്ല.
അത്രയേറെ മനസ് വിമൂകമായിരുന്നു.
ചുറ്റുവരാന്തയിൽ കാലൊച്ച കേട്ടപ്പോൾ മനസിലായി പരിചയമുള്ളവരാണ്. ആരാണെന്ന് നോക്കാനായി ദേവദത്തൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും ശ്രീധരൻ ഭട്ടതിരി അകത്തേക്ക് കടന്നു വന്നു.
പുറകെ വെളുത്ത സാരിയുടുത്ത് പവിത്രയും.
ചെറിയമ്മാമ്മയെ കണ്ട് ദേവദത്തൻ എഴുന്നേറ്റു.
''ദത്താ ഏട്ടനെന്താ സംഭവിച്ചത് "
നിലവിളി പോലെ ശ്രീധരൻ ഭട്ടതിരി ചോദിച്ചു.
ആകെ
ഭയന്ന ഭാവമായിരുന്നു അയാൾക്ക്.
നെറ്റിയിൽ വിയർപ്പു ചാലുകൾ നിലത്തേക്ക് വീഴാൻ പാകത്തിൽ അടർന്നു നിന്നിരുന്നു.
ദേവദത്തൻ പവിത്രയെ നോക്കി. അവളുടെ മുഖത്തും നിറയെ പരിഭ്രമം കണ്ടു. ആരോ പറഞ്ഞറിഞ്ഞു പേടിച്ചുള്ള വരവാണ്.
പവിത്ര അവന്റെ മുഖത്തേക്ക് നോക്കി എന്തോ ചോദിക്കാനാഞ്ഞു. അപ്പോഴേക്കും പത്മനാഭൻ ഭട്ടതിരി ആയാസപ്പെട്ട് എഴുന്നേറ്റിരുന്നു.
ശ്രീധരൻ ഭട്ടതിരി അദ്ദേഹത്തിന്റെ കൈ പിടിച്ച് എഴുന്നേറ്റിരിക്കാൻ സഹായിച്ചു.
"എന്തൊരു കാഴ്ചയാണിത്.ന്റെ പരദേവതമാരേ ". അലമുറയിടുന്നതു പോലെ ശ്രീധരൻ ഭട്ടതിരി പരിതപിച്ചു.അയാളുടെ കണ്ണുകൾ നിറഞ്ഞു.
"എനിക്കൊന്നുമില്ല ശ്രീധരാ .. ഒന്നു തല ചുറ്റി വീണു.. അതിനാപ്പോ നീ കൊച്ചു മനയിൽ നിന്ന് ഓടിക്കിതച്ചെത്തിയത് "
പത്മനാഭൻ ഭട്ടതിരി ചിരിക്കാൻ ശ്രമിച്ചു.
"സർവ പ്രതാപിയായ ഏട്ടനെ ഇങ്ങനെ കാണേണ്ടി വന്നല്ലോ. ഇങ്ങനൊരു അനർഥം എങ്ങനെ വന്നുഭവിച്ചു .രണ്ടു നേരം മച്ചകത്ത് ദീപം കാട്ടണതല്ലേ ".
ശ്രീധരൻ ഭട്ടതിരി ദേവകളെ പഴിച്ചു.
കെടാവിളക്ക് കെട്ടുവെന്ന് അയാളോട് പറയാൻ പത്മനാഭൻ ഭട്ടതിരിയ്ക്ക് നാണക്കേട് തോന്നി.
ശ്രീധരന് അത് താങ്ങാനാവില്ല. അങ്ങനൊരു നോട്ടക്കുറവ് തന്റെ ഭാഗത്തു നിന്നും ഉണ്ടായത് അനുജൻ തന്റെ കഴിവുകേടായി വിചാരിക്കാനും മതി.
വലിയമ്മാമ്മയുടെ ബുദ്ധിമുട്ട് ദേവദത്തന് മനസിലായി.
" ഒന്നും ചോദിക്കണ്ടാ ചെറിയമ്മാമ്മേ അധികം സംസാരിപ്പിക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. " അയാൾ വലിയമ്മാമ്മയുടെ രക്ഷയ്ക്കെത്തി.
ശ്രീധരൻ ഭട്ടതിരി പെട്ടന്ന് നിയന്ത്രണം പാലിച്ചു.
പത്മനാഭൻ ഭട്ടതിരിയുടെ നോട്ടം പവിത്രയിലേക്കായി. സാരിത്തുമ്പ് കൊണ്ട് കണ്ണു തുടയ്ക്കുകയായിരുന്നു അവൾ.
"കരയണ്ട .. എത്ര ഭംഗിയാ പവിക്കുട്ടീടെ ചിരി കാണാൻ. ചിരി മാത്രം മതി ഇനി ഈ മുഖത്ത്. പവിയെ ഞാനൊന്ന് കണ്ടിട്ടും ശി നാളായി. ഇങ്ങോട്ടൊന്നും വരില്യാലോ. വെള്ളയുമുടുത്ത് അറയിൽ കയറി ഒളിച്ചിരിക്ക്യല്ലേ "
അയാൾ വാത്സല്യത്തോടെ കുറ്റപ്പെടുത്തി.
പവിത്ര നിറകണ്ണുകളോടെ മന്ദഹസിച്ചു.
" അങ്ങനെ ചിരിക്കണം കുട്ടീ. ജീവിതം തലകുത്തി മറിഞ്ഞോട്ടെ എങ്കിലും ചുണ്ടിലെ ചിരിയും ഉള്ളിലെ പ്രതീക്ഷയും കെടുത്തരുത് .ഒക്കെ ശരിയായിക്കോളും". അയാൾ പറഞ്ഞു.
" ഇപ്പോ അവൾ ഇത്തിരി ആത്മവിശ്വാസത്തിലാണ്. നൃത്തം വീണ്ടും തുടങ്ങിയതോടെ ആ ഭരണങ്ങൾ ഒഴിവാക്കാൻ വയ്യാതായില്ലേ. അതിന്റെ ഒരു തെളിച്ചം മുഖത്തുണ്ട്. ആ വിധവാക്കോലം ഒന്നു മാറി. പിന്നെ നൃത്ത പoനത്തിന് എന്നും കുറേ കുട്ടികൾ വരും.അവരോട് കളിയും ചിരിയും ഒക്കെ ആയി. ഇപ്പോ എനിക്കും ഒരു സമാധാനം. ഇനിയൊരു വേളി ഇല്ലാച്ചാലും അവൾ ജീവിക്കും. പഴേ മാതിരി കണ്ണീരുണങ്ങാത്ത മുഖവും കരച്ചിലുമായി വല്ല ഭ്രാന്തിയും ആയിപ്പോകുമെന്ന് ഒരു പാട് ഭയപ്പെട്ടു."
" ഒന്നും വരില്ല ശ്രീധരാ .ഞാനാണ് അവളുടെ ജാതകം കുറിച്ചത്. കൗമാരം കഴിയണ വരെ രാജ്ഞി യുടെ ജീവിതം. ശേഷം ദാസിയുടേത്. ഒരു വിവാഹം എങ്ങുമെത്താതെ പോകും. വിധവയാകുമെന്ന് നിന്നെ നോവിക്കാൻ മടിച്ച് ഞാൻ പറഞ്ഞില്ല. എന്നാൽ അതായിരുന്നു ജാതകം."
പത്മനാഭൻ ഭട്ടതിരിയുടെ വാക്കുകൾ അനുജന്റെയും പവിത്രയുടെയും കണ്ണുകൾ നിറച്ചു.
"എന്നാൽ യൗവ്വനം പാതി പിന്നിട്ടാൽ പിന്നെ പഴയ രാജയോഗം തന്നെ. നല്ലത് സംഭവിക്കും. കുടുംബക്ഷേത്രത്തിൽ മുടങ്ങാതെ പ്രാർഥിക്യാ.. കേട്ടോ മോളേ ".
പവിത്ര നിറകണ്ണുകളോടെ ശിരസനക്കി. വലിയമ്മാമ്മയുടെ വാക്കുകൾ ദേവദത്തന്റെ മുഖം പ്രസന്നമാക്കി. അവൻ മന്ദഹാസത്തോടെ പവിത്രയെ നോക്കി.
അവൾ മുഖം കുനിച്ചു.
"ഇപ്പോഴാ എനിക്ക് സമാധാനമായത്. ഇവിടെത്തുംവരെ സമാധാനം അറിഞ്ഞില്ല. കുഴഞ്ഞു വീണ് ബോധം നഷ്ടായെന്നും ദേഹം തളർന്നൂന്നും ഒക്കെയാ ദേശത്ത് പടരണത് "
"അതിനൊന്നും ചെവികൊടുക്കണ്ട. കുട്ടാ ഊണ് കഴിക്കാൻ ചെറിയമ്മാമ്മയും പവിയും ഉണ്ടാകുമെന്ന് രുദ്രക്കുട്ടിയോട് പറയണം".വലിയേടത്ത് നിർദ്ദേശിച്ചു.
"ചെല്ല്.. അവർ അകത്തുണ്ടാകും. തങ്കം വന്നിട്ടുണ്ട് " പത്മനാഭൻ ഭട്ടതിരി പവിത്രയോട് പറഞ്ഞു.
ദുർഗ അവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ പവിത്രയുടെ മുഖം തെളിഞ്ഞു.
രുദ്ര തന്നെ കണ്ടാലുടൻ മുഖം വീർപ്പിക്കും. ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ വളരെ ബുദ്ധിമുട്ടിയാണ് അവൾ ഒരു വാക്ക് പറയുക.
അവളെ നേരിടാൻ അതു കൊണ്ടു തന്നെ വല്ലാത്ത മടിയാണ്.
പവിത്ര ദേവദത്തന് ഏതാനും അടി അകലെയായി നടന്നു. ദേവദത്തൻ തിരിഞ്ഞു നോക്കിയില്ല. വെറുതേ അവളെ ബുദ്ധിമുട്ടിക്കരുതെന്ന് മനസു പറഞ്ഞു.
വെണ്ടക്ക സാമ്പാറിൽ കടുക് പൊട്ടിച്ച് ചേർക്കുകയായിരുന്നു രുദ്ര.
ദുർഗ അടുത്തിരുന്ന് ചീരയില അരിയുന്നു.
" രുദ്രക്കുട്ടി ചെറിയമ്മാമ്മ വന്നിട്ടുണ്ട്. കഴിച്ചിട്ടേ പോകൂ".ദേവദത്തൻ അടുത്ത് ചെന്ന് അറിയിച്ചു
"ഓ.. കൂടെ ആ നൃത്തക്കാരി വന്നില്ലേ.. "തിരിഞ്ഞു നോക്കാതെയായിരുന്നു രുദ്രയുടെ ചോദ്യം.
ദേവദത്തന്റെ മുഖം വിളറി.
ദുർഗയുടേതും.
" ഞാനുംണ്ട് ...രുദ്രക്കുട്ടീ "
അവരെ നോക്കി സാരമില്ലെന്ന് കണ്ണടച്ചുകാട്ടി കുസൃതിയോടെ പവിത്ര പറഞ്ഞു.
ആ ശബ്ദം കേട്ട് രുദ്ര ഞെട്ടിത്തിരിഞ്ഞു. പവിത്രയെ കണ്ട് അവളുടെ മുഖത്ത് ജാള്യത പടർന്നു.
ഒന്നു ദേഷ്യത്തിൽ നോക്കിയിട്ട് ദേവദത്തൻ തിരികെ പോയി
"തങ്കക്കുട്ടി എപ്പോഴാ വന്നത്‌.."
അവളെ ശ്രദ്ധിക്കാതെ പവിത്ര ദുർഗയുടെ അടുത്തിരുന്നു.
" ഒരു മണിക്കൂറ് കഴിഞ്ഞേയുള്ളു. നാളെ രാവിലെ പോകും"
"വല്യച്ഛന്റെ വിവരം അറിഞ്ഞ് വന്നതാകും അല്ലേ.. ഞാനും ആകെ ഭയന്നു"
രുദ്ര അത് കേട്ട് വെറുപ്പോടെ മുഖംകോട്ടി. "ഓ.. ഇവിടെയാർക്ക് എന്ത് സംഭവിച്ചാലും കൊച്ചു മനയിൽ ആർക്കാ നഷ്ടം.. ചെറിയമ്മാമ്മയ്ക്കല്ലാതെ"
രുദ്ര തന്റെ ദേഷ്യം പ്രകടമാക്കി.
പവിത്ര അതിന് ചെവികൊടുത്തില്ല.
" തങ്കം രണ്ടു മൂന്ന് ദിവസം കൊണ്ട് വല്ലാതെ ക്ഷീണിച്ചു.കണ്ണിന്റെ ചുവട്ടിൽ കറുപ്പ് വന്നല്ലോ. രാത്രി ഉറക്കമില്ലേ". രുദ്രയെ അവഗണിച്ച് പവിത്ര ശാസനയോടെ തിരക്കി.
"പഠിക്കാനുണ്ട് പവിയേട്ടത്തി" ദുർഗ പറഞ്ഞൊഴിഞ്ഞു.
ഇവിടെ നിന്ന് പോയതു മുതൽ വല്ലാത്തൊരു ദുരൂഹതയിലാണ് താൻ അകപ്പെട്ടതെന്നും ഉറക്കം നഷ്ടപ്പെട്ടിട്ട് മൂന്നു നാലു ദിവസമായെന്നും പറയാൻ അവൾ മടിച്ചു.
രണ്ടു പേരും തമ്മിലുള്ള സംസാരം കേൾക്കാൻ നിൽക്കാതെ രുദ്ര പണികൾ തീർത്ത് തന്റെ റൂമിലേക്ക് പോയി.
പിന്നീട് ഭക്ഷണം വിളമ്പാൻ നേരത്താണ് തിരിച്ച് വന്നത്.
അത്രയും നേരം തന്റെ അനുജത്തിയുടെ സാമീപ്യം നഷ്ടപ്പെട്ടതിന്റെ നീരസത്തോടെയാണ് അവൾ അടുക്കളയിലേക്ക് ചെന്നത്.
സമയം ഏറെ കഴിഞ്ഞെങ്കിലും ഇരുന്നിടത്ത് നിന്ന് അനങ്ങാതെ വർത്തമാനത്തിലാണ് രണ്ടു പേരും
" ഊണ് വിളമ്പാറായി.. "ആരോടെന്നില്ലാതെ പറഞ്ഞിട്ട് രുദ്ര വലിയമ്മാമ്മയെ അറിയിക്കാനായി പോയി.
" ഞാനൊന്ന് കൈയ്യും കാലും കഴുകി വരാം. തങ്കം വരുന്നോ കുളക്കടവിലേക്ക്." പവിത്ര തിരക്കി.
"എനിക്ക് പൈപ്പ് തന്നെ ധാരാളം.ഏട്ടത്തി പോയി വരൂ.".
ദുർഗ ചിരിച്ചു.
കുളത്തിലേക്ക് നേരിയ നിലാവ് പൊഴിയുന്നുണ്ടായിരുന്നു.
ചെറിയ താമരപ്പൂക്കൾ കൂട്ടമായി വിടർന്ന് നിൽക്കുന്നതിന്റെ ഭംഗി അവൾ കൺനിറയെ കണ്ടു. വലിയേടത്തെ ഏറ്റവും സുന്ദരമായ കാഴ്ച .
സ്കൂളിൽ പഠിക്കുമ്പോൾ താനും ദത്തേട്ടനുമാണ് താമര തണ്ടുകൾ വേരോടെ കൊണ്ടുവന്ന് പാകിയത്. ആ ഓർമകളെ പവിത്ര നിശബ്ദമായി വരവേറ്റു.പിന്നെ പടവുകളിറങ്ങിച്ചെന്ന് കൈവെള്ളയിൽ ജലമെടുത്ത് മുഖം കഴുകി.ആ കുളിർമയിൽ മനം മയങ്ങി അൽപ്പനേരം നിന്നതിന് ശേഷമാണ് പടികൾ കയറിയത്. അപ്പോൾ മച്ചകത്ത് ദീപം കാട്ടിയതിന് ശേഷം പൂജിച്ച ചന്ദനവും തെച്ചിപ്പൂവും വെള്ളത്തിലൊഴുക്കാനായി ദേവദത്തൻ പടിയിറങ്ങി വന്നു.
വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടായിരുന്നു അത്രയടുത്ത് പവിത്രയെ കാണുന്നത്.
അവൾ മുഖമുയർത്തി ദേവദത്തന്റ കണ്ണുകളിലേക്ക് നോക്കി മന്ദഹസിച്ചു.
അതീവ ഭംഗിയുള്ള ഒരു വെള്ളാമ്പൽ പൂവാണ് അവളെന്ന് ദേവദത്തന് തോന്നി.
എന്തിനായിരുന്നു പെണ്ണേ നീ എന്റെ സ്വപ്നങ്ങളൊക്കെ തകർത്തു കളഞ്ഞത് എന്നു ചോദിക്കാനാവാതെ നെഞ്ചു വിങ്ങി.
"ഇരുട്ടത്ത് വന്ന് നിൽക്കാൻ ഇപ്പോഴും ഭയം ഇല്ല അല്ലേ.. പഴയ ചെറിയ കുട്ടിയല്ല "
പെട്ടന്ന് മന:സാന്നിധ്യം വീണ്ടെടുത്ത് അയാൾ പറഞ്ഞു.
പുഞ്ചിരിയോടെ പവിത്ര പടികൾ കയറിപ്പോയി.
ഭക്ഷണം കഴിഞ്ഞ് അൽപ്പനേരം കൂടി സംസാരിച്ചിരുന്നിട്ടാണ് ശ്രീധരൻ ഭട്ടതിരിയും പവിത്രയും പോകാനിറങ്ങിയത്.
ദേവദത്തൻ അവരെ കാറിൽ കൊണ്ടുവിടാനായി ഇറങ്ങി.
"എനിക്കിതൊന്നും ഇഷ്ടപ്പെടുന്നില്ല. ആ രണ്ടാം കെട്ടുകാരീടെ പിന്നാലെ ദത്തേട്ടൻ നടക്കുന്നതാ മനസിലാവാത്തേ‌." രുദ്ര പിറുപിറുത്തു.
"ഏട്ടനെ വിശ്വാസമില്ലേ രുദ്രേച്ചിയ്ക്ക്.വലിയേടത്തുള്ളവരുടെ ഇഷ്ടത്തിനെതിരായി ദത്തേട്ടൻ ഒന്നും ചെയ്യില്ല."
ദുർഗ എന്തോ ഓർത്ത മട്ടിൽ പറഞ്ഞു. അവൾക്ക് അപ്പോൾ മഹേഷ് ബാലനെ ഓർമ വന്നു. ഒന്നു മിണ്ടിയിട്ട് രണ്ടു ദിവസമായി.തന്റെ കാര്യത്തിലും ഏട്ടന് നിർബന്ധമുണ്ട്. വലിയേടത്തെ ആചാരങ്ങൾ തെറ്റിക്കരുതെന്ന് .
മനസു വല്ലാതെ നോവാൻ തുടങ്ങിയപ്പോൾ അവൾ ചെന്നു കിടന്നു.
രുദ്ര അടുത്തു വന്നു കിടന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേട്ടതേയില്ലെന്ന് തോന്നി. ഇത്രമാത്രം താൻ മഹേഷിനെ സ്നേഹിച്ചിരുന്നെന്ന് മനസിലാകുകയാണ്.തിരിഞ്ഞും മറിഞ്ഞും കിടന്ന് ദുർഗ എപ്പോഴോ ഉറങ്ങിപ്പോയി.
പുലർച്ചെ ഒരുങ്ങി വലിയമ്മാമ്മയെ നമസ്കരിച്ച് ദേവത്തേനൊപ്പം തെക്കേ മനയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ദുർഗ അത്ഭുതത്തോടെ ചിന്തിച്ചു.
ഇന്നലെ അസ്വഭാവികതയൊന്നും അനുഭവപ്പെട്ടില്ല.
എല്ലാം തന്റെ തോന്നലുകൾ എന്നോർത്തപ്പോൾ അവൾക്ക് ചിരി വന്നു..
അവർ തെക്കേമനയിൽ എത്തിയപ്പോഴേക്കും കാത്തിരുന്ന് മടുത്ത് നേഹയും ജാസ്മിനും സ്വാതിയും കോളജിലേക്ക് പുറപ്പെട്ടിരുന്നു.
" ഇപ്പോൾ പോയതേയുള്ളു. ബാഗുമെടുത്ത് പുറകെ വെച്ചു പിടിച്ചോളൂ".രവി മേനോൻ ചിരിയോടെ പറഞ്ഞു.
ദേവദത്തനും രവി മേനോനും ഊർമിളയും ഹാളിൽ സംസാരിച്ചിരിക്കുന്നത് നോക്കി ദുർഗ സ്റ്റയർകേസ് കയറി.
ബാഗുമെടുത്ത് ഇറങ്ങുമ്പോൾ അടഞ്ഞു കിടന്നിരുന്ന ധ്വനിയുടെ റൂം മലർക്കെ തുറന്നിട്ടിരിക്കുന്നത് കണ്ടു.
ജാഗ്രതയോടെ ദുർഗ റൂമിലേക്ക് കയറിച്ചെന്നു.
അപ്പോൾ ബാത്റൂമിന്റെ വാതിൽ തുറന്ന് സുന്ദരിയായ ഒരു പെൺകുട്ടി പുറത്തേക്ക് വന്നു.
ദുർഗ ഞെട്ടിപ്പോയി.
ധ്വനി.
കൈകൾ നെഞ്ചിൽ കെട്ടി ധ്വനി ശാന്തമായി അവളെ നോക്കി പുഞ്ചിരിച്ചു.
ദുർഗയ്ക്ക് താൻ സ്വപ്നം കാണുകയാണെന്നു തോന്നി.
" ദുർഗ ഭാഗീരഥി "
ചിരപരിചിതയെ പോലെ ധ്വനി വിളിച്ചു.
"എനിക്കറിയാം നിന്നെ .. ചോദ്യങ്ങൾ വേണ്ട. എല്ലാം ഞാൻ പറഞ്ഞു തരും".
ധ്വനിയുടെ ശാന്തമായ ശബ്ദം കേട്ടു .
ദുർഗ വിശ്വസിക്കാനാവാതെ ചലിക്കാനാവാതെ നിന്നു.
" ഇപ്പോൾ പോയി വരൂ.. ഞാനെല്ലാം പറഞ്ഞു തരും ദുർഗയ്ക്ക്. ഭയക്കരുത്. പൊയ്ക്കോളൂ".
ദുർഗ നിന്നിടത്ത് നിന്ന് ഒന്ന് അനങ്ങി.
" ദുർഗ " ധ്വനി പെട്ടന്ന് അവളുടെ ചുമലിൽ കൈവെച്ചു.
" ഒരു കാര്യം മനസിൽ വെക്കണം. എനിക്ക് പറയാനുള്ളത് കേട്ടു തീരുന്നത് വരെ എന്നെ കുറിച്ച് ആരോടും ഒന്നും പറയരുത്. "
ദുർഗ വെറുങ്ങലിച്ച് പോയി.
മഞ്ഞിന്റെ തണുപ്പും മരവിപ്പുമായിരുന്നു ആ കൈയ്യിന്.
തന്റെ രക്തത്തിലും അതേ തണുപ്പ് പതഞ്ഞ് അലിയുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു.
............തുടരും................
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo