നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

* പൊന്നോണത്തിന്നോർമ്മകൾ *

Image may contain: Benny TJ, suit
ഓണമിങ്ങെത്തി പൊന്നോണമെത്തി
മാവേലി മന്നന്റെ,യോർമ്മയെത്തി
കള്ളവുമില്ലാ ചതിവുമില്ലാതൊരു
നാടുഭരിച്ചൊരു തമ്പുരാന്റെ
ആത്മബലിയുടെ,യോർമ്മയെത്തി.
ഉത്സവ ലഹരിയിൽ തുള്ളിക്കളിച്ചും
തൊടിയിലും പാടത്തും പൂക്കൾപ്പറിച്ചും
പുലർകാലേ മുറ്റത്തു പൂക്കളം തീർക്കും
തൊട്ടയൽപക്കത്തെ,യുണ്ണിയെക്കണ്ടപ്പോൾ
അറിയാതെ ഞാനുമൊരുണ്ണിയായി.
ചാണകമെഴുതിയ വീട്ടുമുറ്റത്ത്
അത്തംമുതൽ തിരുവോണംവരെ
തുമ്പപ്പൂ പിച്ചിപ്പൂ കൊങ്ങിണിപ്പൂവും
മുല്ലയും തുളസിയും മുക്കുറ്റിപ്പൂവും
ചെമ്പരത്തിപൂന്തേനും കുടിച്ചും
തൊട്ടാവാടിതൻ പൂക്കൾപ്പറിച്ചും
വാശിയോ,ടത്തച്ചമയമൊരുക്കീതും
ഓണക്കളികളിലൊന്നാമനായതും
അരവയർ നിറയാത്ത കാലത്തിലന്നും
എന്നെന്നും പൊന്നോണമാകട്ടെന്നാശിച്ചു
ഓണസദ്യ നിറവയറുണ്ടതും.
ഓണക്കോടികൾ കണ്ടു കൊതിച്ചതും
സ്ക്കൂളുതുറന്നപ്പോ,ളോണക്കോടീടെ
പുത്തൻ മണമന്നാഞ്ഞു ശ്വസിച്ചതും
പുത്തൻകോടിക്കു നുള്ളുകൊടുത്തപ്പോൾ
ടീച്ചറിൻ നഖമുന ചെവിയിൽപ്പതിഞ്ഞതും
സുഖമുള്ളൊരെത്രയോ മധുരാമാ,മോർമ്മകൾ
നിറദീപമായുള്ളിൽ തെളിഞ്ഞുവല്ലോ
ബാല്യമേ,നീതന്ന ഓണത്തിന്നോർമ്മകൾ
അണയാതിരിക്കെട്ടെന്നുള്ളിലെന്നും.
ബെന്നി ടി.ജെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot