ഫ്ലാറ്റിൽ ഇന്നലെ ഒരു ഗെറ്റ് ടുഗെദർ ആയിരുന്നു,ആ പരിപാടിയുടെ കാര്യം ആദ്യം പറഞ്ഞപ്പോഴേ ഞാൻ പ്രസിഡണ്ട് സുമൻ ലാൽ സാറിനോട് പറഞ്ഞു. കഠിനമായ വയറു വേദന മൂലം എനിക്ക് പങ്കെടുക്കാൻ പറ്റാത്തതിൽ ഖേദം രേഖപെടുത്തിക്കൊള്ളുന്നു.
വയറു വേദനയോ? എന്ന് ?
എന്നാണോ ഈ പരിപാടി, അന്ന്
അതെന്താ?
എനിക്കീ ഗെറ്റ് ടുഗെദർ,സംസാരം ,സ്റ്റേജ് ഒക്കെ അലർജി ആണ് സാറെ
അയ്യോ,അങ്ങനെ ഒന്നുമില്ല, നമ്മൾ ജസ്റ്റിൻ പടമാടൻ എന്ന ഒരു സൈക്കിയാട്രിസ്റ്റിനെ സംസാരിക്കാൻ വിളിക്കുന്നുണ്ട്, പുള്ളി ഒന്ന് നിറുത്തിയിട്ട് വേണ്ടേ ബാക്കി ഉള്ളവർ സംസാരിക്കാൻ ?
ഉറപ്പാണോ?
പിന്നെ, പുള്ളി എത്ര മണിക്കൂർ വേണോ സംസാരിക്കും, ഫുൾ കോമഡി, ഇത്തവണ കുടുംബബന്ധങ്ങൾ ഒക്കെ ആണ് ടോപ്പിക്ക് .നമുക്ക് ആളെ ഇനീം കൊണ്ട് വരാം,
അങ്ങനെ വൈകിട്ട് ആറേ കാൽ ആയപ്പോൾ ഞങ്ങൾ ഇരുപത്തൊന്നാം നിലയിൽ ഉള്ള റൂഫ് ടോപ് പാർട്ടി ഏരിയയിൽ പോയി.മുന്നിൽ സീറ്റ് ഉണ്ടെങ്കിലും പുറകിൽ പോയിരുന്നു. ആറേ മുക്കാൽ ആയപ്പോൾ എല്ലാരും എത്തി,നമ്മുടെ മുഖ്യാതിഥി വന്നു .സംസാരം തുടങ്ങി
അനർഗനിർഗ്ഗളമായി പുള്ളി സംസാരിച്ചു,ഇന്നത്തെ നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ജീവിതം,ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടി ഒടുവിൽ ജീവിക്കാൻ മറന്നു പോകുന്നവരുടെ കാര്യം. കൂടി വരുന്ന ആത്മഹത്യകൾ.കുട്ടികളുടെ പ്രശ്നങ്ങൾ എല്ലാം സൂപ്പർ കോമഡി ആയി അദ്ദേഹം അവതരിപ്പിച്ചു, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ പ്രസിഡന്റ് ആംഗ്യം കാണിച്ചതനുസരിച്ചു അദ്ദേഹം സ്‌പീച്ച് നിറുത്തി.അപ്പോഴും ആർക്കും മതിയായിട്ടുണ്ടായിരുന്നില്ല.
അസോസിയേഷൻ സെക്രട്ടറി മൈക്ക് എടുത്തു,അടുത്തതായി ഇദ്ദേഹത്തെ ആദരിക്കാൻ ഫ്ളാറ്റിലെ മറ്റൊരു വലിയ കലാകാരനെ ഞാൻ ക്ഷണിക്കാൻ പോവുകയാണ്,ബാലസാഹിത്യ അക്കാദമി അവാർഡ് ഒക്കെ വാങ്ങിയ ,എന്നും നമ്മളെ ഫേസ് ബുക്കിലൂടെ ചിരിപ്പിക്കുന്ന.....
എന്റെ കണ്ണിൽ ഇരുട്ട് കയറി,സ്ഥലം ഒന്നും മനസിലാകുന്നില്ല, ഞാൻ പതിയെ ശ്യാമയോട് പറഞ്ഞു, ഞാൻ താഴെ പോയിട്ടു വരാമേ
ഇപ്പൊ എങ്ങോട്ടു പോണു
വട്ടിയൂർക്കാവ് സ്ഥലത്തു തേങ്ങാ വെട്ടണ്ടേ, ഇന്നല്ലേ അയാളെ വരാൻ പറഞ്ഞത് , ഒന്നിലും ഒരു ശ്രദ്ധയുമില്ല
അത് നാളെയല്ലേ?
ഇന്ന് രാത്രി വെട്ടിയത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ
അജോയ് ചേട്ടാ....അജോയ് ചേട്ടാ....ആരൊക്കെയോ വിളിക്കുന്നു മുന്നോട്ടു ചെല്ലാൻ
നീ പക പോക്കുകയാണല്ലേടാ....എൻ എഫ് വർഗീസിന്റെ ശബ്ദത്തിൽ ഞാൻ സ്വയം പറഞ്ഞു...
മഹാപാപി ...പണ്ട് ഫ്ളാറ്റിലെ സെക്യൂരിറ്റി സിസ്റ്റത്തെ കളിയാക്കി ഞാൻ എഴുതിയതിനുള്ള പണി തന്നതാണോ....
ഇരുന്നൊറ്റമ്പതു കിലോ വീതം തോന്നിച്ച രണ്ടു കാലും കൈ കൊണ്ട് എടുത്തു മുന്നോട്ടു വെച്ച് ഞാൻ വേദിയിലേക്ക് പോയി, അവിടെ നിന്ന ആർക്കോ കൈ കൊടുത്തു,
നമസ്കാരം ജസ്റ്റിസ് പനങ്ങോടൻ സാർ
ജസ്റ്റിൻ പടമാടൻ ,അത് ഞാനാണ്,മറ്റേതു കെയർ ടേക്കർ
മനസിലായി ജസ്റ്റർ തടിമാടൻ സാറല്ലേ, എനിക്കറിയാം
ഞാൻ കെയർ ടേക്കർ തന്ന ഒരു മൊമെന്റോ എടുത്തു അദ്ദേഹത്തിന് കൊടുത്തു,പിന്നെ കൈ പിടിച്ചു കുലുക്കി.
എനിക്ക് നിങ്ങടെ ബുക്കുകൾ വേണം
നാളെ തരാം...ഇപ്പൊ പൊക്കോട്ടെ....കണ്ണ് കണ്ടൂട...അതാണ്
ഞാൻ തപ്പിത്തടഞ്ഞു പോയി രണ്ടാം വരിയിൽ ഇരുന്നിരുന്ന മൂന്നാം നിലയിലെ റിങ്കുവിന്റെ മടിയിൽ പോയിരുന്നു
അയ്യോ,.......റിങ്കു അലറി
എല്ലാവരും കൂടെ എന്നെ പൊക്കി എടുത്തു എന്റെ കസേരയിൽ കൊണ്ടിരുത്തി
ശ്യാമ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു, ശ്യാമേ ടെൻഷൻ വന്നാൽ കണ്ണ് കാണില്ല എന്നറിഞ്ഞൂടെ? റിങ്കു ആ കസേരയിൽ ഉള്ളത് ഞാൻ കണ്ടില്ല..
ഇത്രയും ഹൈറ്റ് ഉള്ള റിങ്കുവിനെ കണ്ടില്ല അല്ലെ
ഇല്ല.അമ്മയാണേ സത്യം
ശ്വാസം ഒന്ന് നേരെ വിട്ടു ഞാൻ ചുറ്റും നോക്കി. ബാക്കി എല്ലാവരും സുഖമായി ഇരിക്കുന്നു, അവർക്കൊന്നും സ്റ്റേജിൽ പോണ്ടല്ലോ,സാഹിത്യകാരൻ ആവണ്ടായിരുന്നു
പെട്ടെന്ന് അതാ സെക്രട്ടറി വീണ്ടും, ഇനി എല്ലാവരും മുന്നോട്ടു വന്നു സ്വയം പരിചയപ്പെടുത്തണം ,അജോയ് ചേട്ടൻ, അനൂപ് എല്ലാവരും ഓരോരുത്തരായി വരൂ
ഓ വീണ്ടും.....
ഞാൻ പതിയെ എണീറ്റ് ടെറസിന്റെ വക്കിൽ ഉള്ള കമ്പി വലയിൽ പിടിച്ചു കയറി, കെയർ ടേക്കർ ശ്രീധരൻ ചേട്ടൻ ഓടി വന്നു പിടിച്ചു, എന്താ സാറെ ?
ജീവിതം വെറുത്തു ശ്രീധരൻ ചേട്ടാ...ആഹാരം കഴിക്കാൻ മാത്രം വാ തുറന്നാൽ മതി എന്ന് ഉറപ്പു തന്നത് കൊണ്ടാണ് ഞാൻ വന്നത്,എന്നെക്കൊണ്ട് വയ്യ....
അതിനിടെ കണ്ടു എട്ടു സീ യിലെ പുതുതായി വന്ന സുരേഷ് കുടുംബ സമേതം പോയി കൂളായി സ്വയം പരിചയപ്പെടുത്തുന്നു, ഞാൻ അടുത്തിരുന്ന ബിജോയുടെ ഭാര്യ നിത്യയോട് ചോദിച്ചു ,
എന്നെ എല്ലാവര്ക്കും നന്നായി അറിയാമല്ലോ, ശ്യാമ അച്ചു കിച്ചു എല്ലാരും ഫേമസ് അല്ലെ, കഥകളിൽ കൂടി,ഇനി ഒരു പരിചയപ്പെടുത്തൽ വേണോ
പിന്നെ, അത് വേണം,കഥകളും പോസ്റ്റും വായിക്കാത്തവരും ഉണ്ടല്ലോ
അവരെ ഒക്കെ ലിഫ്റ്റിൽ വെച്ച് ഞാൻ പരിചയപ്പെട്ടോളാം ,സത്യം ഞാൻ കള്ളം പറയാറില്ല
പോരാ പോരാ പോരാ ......നിത്യ എന്നെ എണീപ്പിച്ചു ഉന്തിത്തള്ളി മുന്നിലേക്ക് വിട്ടു
മൈക്ക് തരുന്നതിനു മുൻപ് തന്നെ ബിജോയ് എന്റെ കുറെ പോസ്റ്റുകളെ പറ്റി പറഞ്ഞു,എന്റെ കോമഡി വായിച്ചു ഓഫിസിൽ ഇരുന്നു ചിരിച്ച കഥ പറഞ്ഞു, ഏകദേശം പത്തു മിനിറ്റ് എന്നെപ്പറ്റി വിവരണം കഴിഞ്ഞപ്പോൾ
കൂൾ ആയി കിണിച്ചു കൊണ്ട് അടുത്ത് നിൽക്കുന്ന ശ്യാമയോട് ഞാൻ ചോദിച്ചു
ബിജോയ് എല്ലാം പറഞ്ഞ സ്ഥിതിക്ക് നമുക്ക് പോയി ആഹാരം കഴിച്ചാലോ ?
അപ്പോൾ ബിജോയ് പറഞ്ഞു, ഇനി അജോയ് ചേട്ടൻ തന്നെപ്പറ്റിയും കുടുംബത്തെപ്പറ്റിയും ,പറയും,പിന്നെ എഴുത്തിനെപ്പറ്റി,കഥകളെപ്പറ്റി,
പേര് അജോയ് നാള് പൂരം ജോലി റെയിൽവേ എന്ന് പറഞ്ഞിട്ട് ഓടാൻ ഇരുന്ന എന്റെ കണ്ണിൽ എവിടെ നിന്നോ വീണ്ടും ഇരുട്ട് കയറി. മുന്നിൽ ഇരുന്നു നോക്കുന്നവരെല്ലാം ഏതോ ഭീകരന്മാർ ആയി എനിക്ക് തോന്നി
ഞാൻ അജോയ് ,സെവൻത് സ്റ്റാൻഡേർഡിൽ പഠിക്കുന്നു,ശേ, സെവൻ എ യിൽ താമസിക്കുന്നു, റെയിൽവേ ആണല്ലേ .... ജോലിയേ..... ബുക്ക്, മാമ്പഴക്കാലം...അങ്ങനെ ഒരു..പിന്നെ കൽക്കണ്ടം....അല്ലേ ശ്യാമേ
ഞാൻ ശ്യാമയുടെ നേരെ മൈക്ക് നീട്ടി
ഞാൻ ശ്യാമ ,റെയിൽവേ യിൽ ജോലി ചെയ്യുന്നു,അജോയ് ടെ കഥകളിൽ കൂടെ ഞാനും ഇപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ട ആളാണ്
വീണ്ടും മൈക്ക് വാങ്ങി ഞാൻ പറഞ്ഞു, നാരങ്ങാ മുട്ടായി.... അവാർഡ്... .ബാലസാഹിത്യം....ഞാൻ ഇങ്ങനെ....ആദ്യം എഴുതിയപ്പോൾ ......അല്ലെ ശ്യാമേ
ഞാൻ ശ്യാമയുടെ നേരെ മൈക്ക് നീട്ടി
ഞാൻ ശ്യാമ ,റെയിൽവേ യിൽ ജോലി ചെയ്യുന്നു,അജോയ് ടെ കഥകളിൽ കൂടെ ഞാനും ഇപ്പോൾ എല്ലാവര്ക്കും പ്രിയപ്പെട്ട ആളാണ്
മക്കൾ....അച്ചു ആണ് മൂത്തതെന്നു തോന്നുന്നു....അവൻ എവിടെയോ എം ബീ എ യോ എന്തോ ചെയ്യുന്നു, രണ്ടാമത്തേത് കിച്ചു....അല്ലെ ശ്യാമേ.... അവൻ എൽ എൽ ബി ...അല്ലേ ശ്യാമേ
ഞാൻ ശ്യാമയുടെ നേരെ മൈക്ക് നീട്ടി
ഞാൻ ശ്യാമ ,റെയിൽവേ യിൽ ജോലി ചെയ്യുന്നു,അജോയ് ടെ കഥകളിൽ കൂടെ ഞാനും ഇപ്പോൾ എല്ലാവര്ക്കും പ്രിയപ്പെട്ട ആളാണ്
അത്രയും ആയപ്പോൾ ജീവിതം വെറുത്ത ബിജോയ് മൈക്ക് തട്ടിപ്പറിച്ചു എന്നോട് പൊക്കോളാൻ പറഞ്ഞു, ശ്യാമ ഒരു പാട്ടു പാടാൻ വേണ്ടി അവിടെ നിന്നു, ഞാൻ തപ്പിത്തടഞ്ഞു പോയി പതിനാലിലെ ദിവ്യയുടെ മടിയിൽ ഇരിക്കാൻ പ്ലാൻ ചെയ്‌തെങ്കിലും സംഭവം മുൻകൂട്ടി കണ്ട, മനുവിന്റെ ഭാര്യ മീനാക്ഷി എന്നെ കൃത്യം എന്റെ സീറ്റിൽ തന്നെ കൊണ്ടിരുത്തി
പാട്ട് കഴിഞ്ഞു ശ്യാമ തിരികെ വന്നപ്പോൾ ഞാൻ ആഹാരം എടുക്കാൻ പോയി, ആ സമയം പ്രസിഡന്റ് സുമൻ ലാൽ സാറിന്റെ ഭാര്യ മേരി ചേച്ചി മൈക്ക് കയ്യിലെടുത്തു, ഞാൻ ഒരു ചപ്പാത്തി മുറിച്ചു ചിക്കൻ കറിയിൽ മുക്കി വായിലോട്ടു വെച്ചതേ ഉള്ളു. അതാ ചേച്ചി വെച്ച് കാച്ചുന്നു
അജോയ് എനിക്ക് രണ്ടു ബുക്കുകൾ തന്നു,വായിച്ചു തുടങ്ങിയ ഞാൻ ചിരിച്ചു മരിച്ചു,നിങ്ങൾ എല്ലാവരും വായിക്കണം,എന്നും കാലത്തേ എനിക്കിത് തന്നാ പണി, അജോയ് ടെ ഫേസ് ബുക്ക് ....നല്ല രസവാന്നേ
ചേച്ചിയും എന്നെപ്പറ്റിത്തന്നെ പറയുന്നു, ഇനിയും സ്റ്റേജിൽ വിളിക്കും എന്ന് പേടിച്ചു ഞാൻ ബുഫേ കൗണ്ടറിൽ നിൽക്കുന്ന പയ്യന്മാരുടെ ഇടയിൽ ഒളിച്ചു നിന്നു, അതിന്ടെ ഒരു അമ്മച്ചി പ്ളേറ്റുമായി വന്നു കൃത്യം എന്റെ നേരെ നീട്ടി ,
രണ്ടു ചപ്പാത്തി ഇച്ചരെ ചിക്കൻ ,പുലാവ് വേണ്ട
ചപ്പാത്തീം ഇല്ല ചിക്കനും ഇല്ല, വീട്ടിൽ പോയി ഉണ്ടാക്കി കഴിച്ചൂടെ അമ്മച്ചീ, നാണമില്ലല്ലോ ,എനിക്ക് ദേഷ്യം വന്നു
വാട്ട്? അമ്മച്ചി കണ്ണുരുട്ടുന്നു,
അയ്യോ മാഡം,ഇത് ഞങ്ങടെ ആളല്ല, സോറി ,വേറെ ആരോ ആണ്
വിളമ്പുന്ന പയ്യന്മാർ ആ പ്ലേറ്റ് വാങ്ങി അവർക്കു ആഹാരം കൊടുത്തു പിന്നെ എന്നെ തുറിച്ചു നോക്കി ,അപ്പോഴേക്കും ചേച്ചി എന്നെ പുകഴ്ത്തി ഉള്ള സംസാരം നിറുത്തി ഒരു അടിപൊളി പാട്ടും പാടി തിരികെ വന്നിരുന്നു കഴിഞ്ഞു.
ഞാൻ പോയി ചേച്ചിയോട് പറഞ്ഞു ,ഇതിപ്പോ ഞാൻ പറഞ്ഞു പറയിച്ചതു പോലെ ആയല്ലോ ചേച്ചീ....ഏതായാലും നന്ദി എന്റെ ബുക്ക് വാങ്ങണം എന്ന് എല്ലാവരോടും പറഞ്ഞതിന്
അതിനിടെ സ്റ്റേജിൽ കുട്ടികൾ അവതരിപ്പിച്ച ഡാൻസും പാട്ടും എല്ലാം നടക്കുന്നുണ്ടായിരുന്നു
അവസാനമായി സ്റ്റേജിൽ വിളിച്ചത് ശ്രീധരൻ ചേട്ടനെ ആയിരുന്നു, ശ്രീധരൻ ചേട്ടൻ ചെറിയ വാക്കുകളിൽ ആത്മാർഥതയോടെ കാര്യങ്ങൾ പറഞ്ഞു,അതിനിടെ ബിജോയ് പിന്നെയും വന്നു,
ഈ ചേട്ടനെ വെച്ചൊരു സൂപ്പർ തിരക്കഥ എഴുതി ഞങ്ങൾ ഷൂട്ട് ചെയ്തു,അതിൽ ചേട്ടൻ നന്നായി അഭിനയിച്ചു ഞാനൊക്കെ അത് അഭിനയിച്ചു കുളമാക്കി, ആ മനോഹരമായ സ്ക്രിപ്റ്റ് എഴുതിയത് നമ്മുടെ അജോയ് ചേട്ടനാണ്
എല്ലാം തീർന്നു എന്ന് സമാധാനിച്ച് ഐസ് ക്രീം തിന്നു കൊണ്ടിരുന്ന ഞാൻ വീണ്ടും ഞെട്ടി ,ഇനീം വിളിക്കുമെന്ന് പേടിച്ചു ഞാൻ മുഖം ഒരു വശത്തേക്ക് ചരിച്ചു ഗോഷ്ഠി കാണിച്ചു കൊണ്ടിരുന്നു,ഒരു കാരണവശാലും ആളെ പിടി കിട്ടരുത്
അടുത്തിരുന്ന ഡോക്ടർ അനൂപ് എന്നെ ഒന്ന് നോക്കിയ ശേഷം ഞെട്ടലോടെ തിരിഞ്ഞിരുന്നു,
ഞാൻ ഒരു സമർത്ഥൻ തന്നെ, അനൂപിന് പോലും എന്നെ മനസിലായില്ല
ശ്രദ്ധിച്ചു കേട്ടപ്പോൾ അനൂപ് അടുത്തിരുന്ന ഭാര്യ രേണുവിനോട് പറയുന്നു, ആരോടും പറയണ്ട, അജോയ് ചേട്ടന് ഫേഷ്യൽ പാൾസിയുടെ തുടക്കമാണ്,പാവം,ശ്യാമ ചേച്ചി എങ്ങനെ സഹിക്കും
മുഖം ഞാൻ ഉടനെ നേരെ ആക്കി, കാരണം അവിടെ എല്ലാം കഴിഞ്ഞു ജനഗണമനയും പാടി, തിരികെ ലിഫ്റ്റിൽ കേറാൻ നിന്നപ്പോൾ സുമൻ ലാൽ സാർ പറഞ്ഞു,ഇനി ജൂലായിൽ ആണ് അടുത്ത പരിപാടി. അജോയ് അന്നൊരു കഥ പറയണം
ഉറപ്പായും പറയാം സാറെ ,ഞാൻ കൈ കൊടുത്തു
ലിഫ്റ്റിൽ വെച്ച് ശ്യാമ ചോദിച്ചു, അജോയ് പറയുമോ കഥ,കൊള്ളാമല്ലോ, ഏതു കഥയാണ് ?
വേറെ ഗതിയില്ലാതെ രണ്ടു പേരെ കൊല്ലേണ്ടി വന്ന ഒരു പാവം മനുഷ്യന്റെ കഥയാണ് ,
സുമൻ ലാൽ സാർ അത് കേട്ടപ്പോൾ താൽപ്പര്യത്തോടെ തിരിഞ്ഞു, അജോയ് അത്തരം കഥകളും എഴുതുമോ? ആര് ആരേ കൊല്ലുന്ന കഥയാണ്
സാഹിത്യകാരൻ കൂടിയായ ഒരു സാധാരണ അസോസിയേഷൻ മെമ്പർ ഗത്യന്തരമില്ലാതെ ഒരു രാത്രി അവിടത്തെ പ്രസിഡന്റിനേയും സെക്രട്ടറിയേയും റൂഫ് ടോപ്പിൽ നിന്നും താഴേക്ക് തള്ളിയിട്ടു കൊല്ലുന്ന കഥയാണ്,വേണമെങ്കിൽ ഇപ്പോൾത്തന്നെ വിവരിച്ചു പറയാം
പതിനൊന്നിൽ ഇറങ്ങേണ്ട സുമൻലാൽ സാർ വെപ്രാളത്തിൽ സകല നിലകളിലെയും ബട്ടൺ പ്രസ് ചെയ്യുന്നത് കണ്ട് ഞാൻ ഒരു ക്രൂരമായ ചിരിയോടെ നിന്നു
അജോയ് കുമാർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക