ഭഗവതിനട യൂ പീ എസ്സിൽ ഞാൻ ആറാം തരത്തിൽ പഠിക്കുമ്പോഴാണ് നമ്മുടെ അനുജൻ അവിടെ ഒന്നാം തരത്തിൽ ചേരാനായി കാലുകുത്തുന്നത്..
ആറ് വയസ്സ്,ശെരിക്കു പറഞ്ഞാൽ ഒരു കുഞ്ഞാവ.
കുഞ്ഞുവാവയെ സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നതും, തിരിച്ചു സമയത്തിന് വീടെത്തിക്കുന്നതും തുടങ്ങി എല്ലാ വിധ ചുമതലകളും അന്നുതൊട്ട് ഈ ജ്യേഷ്ഠന്റെ ചുമലുകളിലായി.
ആനന്ദത്തിൽ ആറാടേണ്ടിയിരുന്ന പതിനൊന്നേ കാലിന്റെ ഇന്റർവെൽ മണിമുഴക്കങ്ങൾ അന്ന് മുതൽ എനിക്ക് അനിയനെ പരിചരിക്കുവാനുള്ളവയായി മാറി. കരണമെന്താണെന്നല്ലേ, വഴിയേ പറയാം ..
ലോകത്തിലെ ഞാൻ കണ്ട ഏറ്റവും വലിയ മാജിക്ക്കാരിയായിരുന്നു എന്റെ അമ്മ. രാവിലെ കാൽ ലിറ്റർ പാൽ (കാൽ ലിറ്റർ എന്നു പറയാവോ എന്നെനിക്കറിയില്ല, കാരണം ചന്ദ്രൻ മാമന്റെ വീട്ടിൽ ചെന്ന് ഇരുന്നൂറു പാൽ എന്നാണ് പറയുക)വാങ്ങി അപ്പൂപ്പനും അമ്മൂമ്മയും അച്ഛനും അമ്മയും ഞാനും അനിയനും ഉൾപ്പടെയുള്ള ആറുപേർക്ക് ചായയും ഉണ്ടാക്കി, അതിൽ ബാക്കി വരുന്ന പാല് കാച്ചി കാൽ ലിറ്റർ നിറയ്ക്കാവുന്ന വാട്ടർ ബോട്ടിലിലാക്കി സ്കൂളിലേയ്ക്ക് തന്ന് വിടും എന്റെ പൊന്നമ്മച്ചി 😀.
*വളർന്നു ഇത്രയും വലുതായിട്ടും ഈ പാലിന്റെ കണക്കു മാത്രം എനിക്കിനിയും പിടി കിട്ടീട്ടില്ല 🤔*
പാല് തന്ന് വിടുന്നത് എന്തിനാണെന്നോ, നമ്മുടെ കുഞ്ഞുവാവയെ കുടിപ്പിക്കാൻ. അതെന്താ ഞാൻ കുടിച്ചാൽ ഇറങ്ങില്ലേ എന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിച്ചത്, ശെരിക്കും അതിൽ എനിക്ക് കുടിക്കാൻ ഉള്ളത് കൂടി ഉണ്ടാകും.എന്നാലും *ബകൻ *കുടിച്ചു മിച്ചം വന്നത് കുടിക്കാൻ മാത്രമേ എനിക്ക് അനുവാദം ഉണ്ടായിരുന്നുള്ളു.
അങ്ങനെ ആനന്ദകരമാകേണ്ടിയിരിക്കുന്ന എന്റെ ഇടവേളകൾ അവനെ പാല് കുടിപ്പിക്കാനും ബിസ്കറ്റ് കഴിപ്പിക്കാനും ഉള്ളതായി മാറ്റപ്പെട്ടു.
ഒരുനാൾ,വയറിൽ സ്ഥലം കുറവായതു കാരണമോ എന്തോ, മതിയെന്ന് പറഞ്ഞ് എനിക്ക് നേരെ നീട്ടിയ ബോട്ടിലിന്റെ അടിയിൽ ഞാൻ കണ്ടു കുടിക്കാതെ മിച്ചം വന്ന കുറച്ചു പാല്.ധും ധും ധും ധും ദുബി നാദം, നാദം നാദം,എന്റെ ഹൃദയം ആഘോഷ പെരുമ്പറ മുഴക്കി, കാരണം വല്ലപ്പോഴൊമുക്കെ ഇങ്ങനത്തെ അവസരങ്ങൾ വീണു കിട്ടാറുള്ളു.
ആക്രാന്തത്തോടെ ഞാൻ അതെടുത്തു വായിലേയ്ക്ക് കമഴ്ത്തിയതും തിരിച്ചു ക്ലാസ്സിൽ കേറാനുള്ള മണി മുഴങ്ങിയതുമെല്ലാം ഒരുമിച്ചായിരുന്നു.
പെട്ടെന്നുള്ള ഞെട്ടലിൽ വായിലേക്ക് കമഴ്ത്തിയ പാൽ തിരിച്ചു മൂക്ക് വഴിയും കണ്ണിൽകൂടിയും തുടങ്ങി അതിനു തോന്നിയ വഴികളിൽ കൂടിയൊക്കെ പുറത്തേക്കു പോയി. ചുരുക്കി പറഞ്ഞാൽ മണ്ടയിൽ കയറി പണ്ടാരമടങ്ങി. ധരിച്ചിരുന്ന യൂണിഫോം ഷർട്ട് പിടിച്ചു പാലൊക്കെ തുടച്ചിട്ട് ഞാൻ വേഗം എന്റെ ക്ലാസ്സിലേക്കോടി.
എന്തു പറയാനാ, അന്നാദ്യമായിട്ടാണെന്നു തോന്നുന്നു,അമ്മ അതിൽ ഹോർലിക്‌സ് കലക്കിയിരുന്നു,അങ്ങനെ കലക്കി അടച്ചു വച്ചിരിക്കുന്ന പാലിന് ഒരു വല്ലാത്ത മണമാണ്,ആ മണം മുഴുവൻ അപ്പോഴേക്കും എന്റെ ഷർട്ടിലും പരന്നു കഴിഞ്ഞിരുന്നു. അനിയന് കുടിക്കാനുള്ള പാൽ കട്ട് കുടിച്ചവൻ, തുടങ്ങി അതുവരെ കേൾക്കാത്ത പരിഹാസങ്ങൾ മുഴുവൻ കൂട്ടുകാരായ നശിച്ചവന്മാരുടെ വായിൽ നിന്നും കേട്ട ഞാൻ പിന്നീടുള്ള എന്റെ ജീവിതത്തിൽ പാല് കൂടിയേ വെറുത്തുപോയി.
ദിവസ്സേനെയുള്ള പാലും ബിസ്ക്കറ്റും കൊടുത്തുകൊടുത്തു കുഞ്ഞാവ പതിയെ പതിയെ വളർന്നു വളർന്നു വരാൻ തുടങ്ങി.
ഞാൻ ഏഴാം തരം, അവൻ രണ്ടാം തരം. അക്കാലങ്ങളിൽ നാട്ടിലെ നായർ സർവീസ് സൊസൈറ്റി വക തിരഞ്ഞെടുക്കപ്പെടുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോം സൗജന്യമായി കൊടുക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. ഒരു വീട്ടിലെ ഒരു കുട്ടിക്ക് മാത്രമേ കിട്ടു എന്നറിയാമായിരുന്നിട്ടു കൂടിയും, മാതാശ്രീ നമ്മുടെ രണ്ടു പേരുടെയും പേരുകൾ കൂടി എഴുതിക്കൊടുത്തു.
സലീംകുമാർ ഏതോ സിനിമയിൽ പറഞ്ഞതുപോലെ, ചിലപ്പോ ബിരിയാണി കിട്ടിയാലോ 😀😀
എന്തായാലും അമ്മയുടെ ഭാഗ്യ പരീക്ഷണം പകുതി വിജയിച്ചു. എൻ എസ്സ് എസ്സിന്റെ ആ വർഷത്തെ യൂണിഫോമിന് അർഹരായവരുടെ പട്ടികയിൽ നോമിന്റെ പേരും ഉണ്ടായിരുന്നു. ഒരു അവാർഡ് ജേതാവിനെപ്പോലെ സ്റ്റേജിൽ ഒക്കെ കേറി യൂണിഫോമും വാങ്ങി,ഞാനും അവനും അമ്മയും കൂടി തിരിച്ചു വീട്ടിലേയ്ക്കു നടന്നു.
ഏകദേശം വീടെത്താറായപ്പോൾ അധികം കേട്ടു പരിചയമില്ലാത്ത ഒരു തേങ്ങൽ ശബ്ദം ഞാനും അമ്മയും കേട്ടു. ഒരുപാടൊരുപാട് വിഷമങ്ങൾ ഉള്ളയൊരാൾ,വിങ്ങിപ്പൊട്ടുന്ന സങ്കടത്തെ കഷ്ട്ടപ്പെട്ടു കടിച്ചമർത്തുന്നതുപോലെയുള്ള ഒരു തരം തേങ്ങൽ.ശബ്ദം കേട്ട ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയ ഞങ്ങൾ രണ്ടാളും ഞെട്ടി, മറ്റൊന്നുമല്ല നമ്മുടെ സ്വന്തം അനുജനാണ് ഈ വിചിത്ര കരച്ചിലിനുടമ.
അമ്മയുടെ ഒരുപാടു നേരത്തെ ശ്രമഫലമായി അദ്ദേഹം തിരുവാ തുറന്ന് ഇപ്രകാരം മൊഴിഞ്ഞു. *അമ്മാ ചേട്ടന് ഇപ്പൊ രണ്ടു യൂണിഫോമായി, എനിക്ക് ഒന്നേയുള്ളൂ *.തൽക്ഷണം മഹാമനസ്ക്കനായ ഞാൻ എന്റെ കയ്യിലുള്ള ഉടുപ്പും നിക്കറിന്റെയും തുണി അവന് നേരെ നീട്ടി, പിന്നീടത് ആർക്കു വേണ്ടി തയ്ച്ചു എന്നുള്ളത് ചിലപ്പോ ഈ കഥയുടെ അടിയിൽ എവിടെയെങ്കിലും അമ്മയുടെ കമന്റ് ആയി കാണാൻ കഴിയും 😀😀
ഒരേസ്കൂളിൽ ഞങ്ങൾ ഒരുമിച്ചു പഠിച്ചത് ഈ പറഞ്ഞ വെറും രണ്ടു വർഷങ്ങൾ മാത്രമായിരുന്നു. പുന്നമ്മൂട് സ്കൂളിൽ ഞാൻ പന്ത്രണ്ടാം തരം കഴിഞ്ഞപ്പോൾ, അവൻ അവൻ അവിടെ എട്ടാം ക്ലാസ്സിൽ ചേർന്നു. അതുവരെയും അമ്മയെ കാണുമ്പോൾ ഓടി ഒളിക്കുമായിരുന്ന എന്റെ ക്ലാസ്സ് ടീച്ചർമാർ (അമ്മ സ്‌കൂളിലേക്കു വന്നിരുന്നത് എന്നെക്കുറിച്ചുള്ള പരാതികൾ നിറച്ച ഭാണ്ഡക്കെട്ടുമായിട്ടാണ് ),അവന്റെ പഠന ശേഷം അമ്മയോട് അങ്ങോട്ട് പോയി സംസാരിക്കും..
കാരണം അവൻ അവരുടെയൊക്കെ കണ്ണിലുണ്ണിയും, സ്കൂൾ ലീഡറും,പഠിപ്പിസ്റ്റും എന്നു വേണ്ട കലാതിലകനും മോഹൻലാലും ഒക്കെ ആയിരുന്നു.
ഇപ്പൊ നിങ്ങൾ ചിന്തിക്കുന്നത് ഞാൻ പറയാം. ഇതൊക്കെ ഈ സമയത്ത് ഇവൻ ഇങ്ങനെ വിളിച്ച് പറയുന്നതെന്തിനാ എന്നല്ലേ??
വെറുതെ, ഒന്നുമില്ല, നമ്മുടെ ആ കുഞ്ഞു വാവ വളർന്നു, വളർന്നു, വളർന്നു, കുറച്ചൂടെ വളർന്നു, ഒരു വലിയ ചെക്കനായി. ചുരുക്കി പറഞ്ഞാൽ പക്ഷി പശു മൃഗാതികളുടെയൊക്കെ അസുഖം ചികിൽസിച്ചു ഭേദമാക്കുന്ന ഒരു ഡോക്ടർ. ആ ഡോക്ടർ പശുപതിയുടെ മോതിരക്കല്ല്യാണമാണ് ഈ വരുന്ന തിങ്കളാഴ്ച.
കുഞ്ഞാവ വളർന്നു വലുതായതും, ദേ ഇപ്പൊ കാണുന്ന കല്യാണ പ്രായമായ വലിയ ചെക്കനായതുമെല്ലാം, ഒരു ചേട്ടന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ അൽപ്പം വേഗത്തിലായിപ്പോയില്ലേ എന്നൊരു സംശയം. പഴയതുപോലെ ഇനി തമ്മിൽ തല്ലു കൂടാനോ, പിണങ്ങി നടക്കാനോ,സ്നേഹം ഭയങ്കരമായിട്ടു കൂടുമ്പോൾ കെട്ടിപിടിച്ചു കിടക്കാനോ കാലം ഞങ്ങളെ സമ്മതിക്കില്ലേ എന്നൊരു തോന്നൽ.പിന്നിട്ടുപോയ വർഷങ്ങൾ ഞങ്ങളുടെ കുട്ടിത്തത്തെ കൂടിയാണോ കൊണ്ടുപോയത് എന്നൊരു സംശയം.
സ്വന്തം അനുജന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങിന് എത്താൻ കഴിയാത്ത ഒരു പാവം പ്രവാസിയുടെ വട്ടു ചിന്തകൾ ആയി മാത്രം നിങ്ങൾ ഇതിനെ കണ്ടാൽ മതി.
ഒരുപാട് ദൂരത്ത് നിന്നും ഒത്തിരി ആശംസകളോടെ,സ്വന്തം .
VIvek VenuGopal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക