നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 10


ധ്വനി.
തെക്കേ മനയിലെ തന്റെ റൂമിൽ ഒളിച്ചു താമസിക്കുന്ന പെൺകുട്ടി.
അവൾ എങ്ങോട്ടോ ഇറങ്ങിപ്പോയെന്ന് അവളുടെ അച്ഛനും അമ്മയും തന്നെ പ്രചരിപ്പിക്കുന്നു.
എല്ലാവർക്കും മുന്നിൽ മകളെ കാണാനില്ലാത്തതുപോലെ അജ്ഞത നടിക്കുന്നു.
എന്തിന്.
അതിന്റെ ഉത്തരമാണ് ധ്വനി പറഞ്ഞു തരേണ്ടത്.
ഒരു പക്ഷേ അവളുടെ കാമുകൻ അവളെ ഉപേക്ഷിച്ചതാകാം.ഒരു തീരുമാനമുണ്ടാകുന്നത് വരെ രവിയങ്കിളും ഊർമിളാൻറിയും മൗനം പാലിക്കുന്നതാകാം .
ഫാമിലി ബാക്ഗ്രൗണ്ടാണല്ലോ ഇപ്പോൾ എല്ലാവർക്കും പ്രശ്നം.
അതു കൊണ്ട് ആരും അറിയാതെ ഒതുക്കി തീർക്കാനായിരിക്കും ശ്രമം.
അതല്ലെങ്കിൽ ധ്വനി ഗർഭിണിയായിരിക്കുമോ
ആരും അറിയാതെ താമസിച്ച് ആ കുഞ്ഞിനെ ഉപേക്ഷിച്ച് ഏതെങ്കിലും അനാഥാലയത്തിൽ ഏൽപിക്കാനുള്ള പദ്ധതിയായിരിക്കുമോ.
എന്തായാലും അങ്ങനെയെങ്കിൽ അങ്കിളും ആൻറിയും തന്നെയും കൂട്ടുകാരികളെയും അവിടെ കയറ്റി താമസിപ്പിക്കില്ല.
ധ്വനിയുടെ റൂം വേണമെങ്കിൽ ഉപയോഗിച്ചോളൂ എന്ന് പറയില്ല.
ദുർഗയുടെ തലപുകഞ്ഞു.
ചിന്തകൾ കാടുകയറുകയാണ് .
" ദുർഗ ഭാഗീരഥി ഏതോ സ്വപ്ന ലോകത്താണ്". "
ക്ലാസെടുത്തു കൊണ്ടിരുന്ന പ്രഫ.സിദ്ദിഖ് അസീസ് പറഞ്ഞു.
അതും അവൾ കേട്ടില്ല.
"ദുർഗാ " അടുത്തിരുന്ന സ്വാതി അവളെ തോണ്ടി.
ദുർഗ ഞെട്ടി കൺമിഴിച്ചു.
ആ ഭാവം കണ്ട് ക്ലാസ് ഒന്നാകെ കൂട്ടച്ചിരി മുഴങ്ങി.
" സെക്കൻറ് സെമസ്റ്റർ എക്സാം അടുത്തു ദുർഗാ .. എക്സാമിന് ഇങ്ങനെ സ്വപ്നം കാണരുത് " .
പ്രൊഫ. സിദിഖ് ചിരിയോടെ ഓർമിപ്പിച്ചു.
"പിന്നെ.. കിനാവ് കാണുന്ന പ്രായമാണ്. എ നിവേ ക്ലാസിൽ ശ്രദ്ധിക്കുക " .
കണ്ണും കാതും തുറന്ന് വെച്ചിട്ടും ദുർഗയ്ക്ക് യാതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
മഞ്ഞപ്പിത്ത ഭീഷണി ഉള്ളതിനാൽ ക്യാംപസിൽ അധികം തങ്ങി നിൽക്കരുതെന്ന് രവി മേനോൻ പ്രത്യേകം പറഞ്ഞിരുന്നു.പത്രങ്ങളിൽ തുടർച്ചയായി വാർത്തകൾ വരുണ്ടണ്ട്.
അതുകൊണ്ടാവാം കൃഷി വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും എഞ്ചിനീയറിംഗ് കോളജിലെ ജലസ്രോതസുകൾ സന്ദർശിക്കാനെത്തിയിരുന്നു.
നാനൂറോളം കുട്ടികൾക്കാണ് മഞ്ഞപ്പിത്തം പടർന്നുപിടിച്ചത്.
അതിന്റെ ഉറവിടം കണ്ടെത്താനുള്ള സന്ദർശനമാണ്.
ക്ലാസ് കഴിഞ്ഞപ്പോൾ
നേഹയും സ്വാതിയും ജാസ്മിനും മന്ത്രിയുടെ സന്ദർശന കാഴ്ച കാണാനായി പോയി.
"ഞാൻ വരുന്നില്ല. യാത്രാ ക്ഷീണമാണെന്ന് തോന്നുന്നു. വയ്യ... ഞാൻ പോകുവാണ്. നിങ്ങൾ വന്നേക്ക് "
ദുർഗ അവർക്കൊപ്പം ചെല്ലാൻ വിസമ്മതിച്ചു.
"നിനക്കെന്തു പറ്റി ദുർഗാ .. ഡിപ്രഷനുണ്ടോ.. അതോ മറ്റു വല്ല പ്രശ്നവുമുണ്ടോ.. നിന്റെ ക്യാരക്ടർ തന്നെ മാറിപ്പോയല്ലോ".നേഹ ദേഷ്യപ്പെട്ടു.
ദുർഗ അതിന് മറുപടി പറഞ്ഞില്ല. കൂട്ടുകാരികൾ കുറ്റപ്പെടുത്തുന്നത് ശരിയാണ്.
അവരോടൊപ്പം കഴിയുമ്പോഴും ഒറ്റയ്ക്കാവുകയാണ് താൻ.
മനസിൽ കിടന്ന് പുകയുന്നതിന് ഉത്തരം കിട്ടിയില്ലെങ്കിൽ തനിക്ക് ഭ്രാന്ത് പിടിക്കും.
സ്കൂട്ടിയുമെടുത്ത് ക്യാംപസിന് പുറത്ത് കടക്കുമ്പോൾ കണ്ണുകൾ അറിയാതെ മഹേഷിനെ തിരഞ്ഞു.
ഇന്ന് വെള്ളിയാഴ്ച.
മഹിയ്ക്ക് നൈറ്റാണ്.
അങ്ങനെയാകുമ്പോൾ പകൽ തന്നെ ഇവിടെ വെച്ച് കാണാൻ വരുമായിരുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞു.
ഭത്തേട്ടൻ ആഗ്രഹിക്കുന്നത് പോലെ മഹിയേട്ടനെ മറക്കാൻ കഴിയുമോ തനിക്ക്
വലിയേടത്തു നിന്നും അനുവാദം കിട്ടിയാൽ മാത്രം പ്രണയം മുന്നോട്ട് കൊണ്ടുപോകൂ എന്ന് നേരത്തെ തന്നെ മഹിയേട്ടനോട് പറഞ്ഞിരുന്നു.
ശല്യപ്പെടുത്താൻ പുറകെ വരാത്തത് അന്നു തനിക്ക് "ഓ.കെ ".എന്നു സമ്മതം തന്നിരുന്നത് കൊണ്ട് മാത്രമാണ്.
സ്കൂട്ടിയിൽ വിയ്യൂർ പവർ സ്റ്റേഷൻ പിന്നിടുന്നത് വരെ അവൾ മഹേഷിന്റെ ബൈക്കോ കാറോ പ്രതീക്ഷിച്ചു.
വഴിയരികിൽ കാത്തുനിന്ന് കൈയ്യോടെ പിടിച്ചു കൊണ്ടു പോകുന്നതായിരുന്നു സ്റ്റൈൽ.
വിയൂർ ജയിൽ വളപ്പിന്റെ ഭാഗമായ ഫ്രീഡം പാർക്കിൽ ചെന്നിരുന്ന് കുറേ നേരം സംസാരിക്കും.
അതൊന്നും ഇനിയൊരിക്കലും സംഭവിക്കില്ലേ എന്നോർത്തപ്പോൾ അവളുടെ ഹൃദയം വേദനിച്ചു.
എങ്കിലും അവൾ വേഗത്തിൽ സ്കൂട്ടി പറത്തി.
മഹേഷിന്റെ പ്രശ്നം പരിഹരിക്കുന്നതിനേക്കാൾ അത്യാവശ്യമാണ് ധ്വനിയെ സംബന്ധിച്ച കാര്യങ്ങൾ അറിയുന്നത്.
എന്നിട്ട് വേണം തെക്കേത്ത് മനയിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.
ആരെയും കണ്ണും പൂട്ടി വിശ്വസിക്കരുതെന്നാണ് ഈ കള്ളക്കളികൾ ഓർമിപ്പിക്കുന്നത്.
ഇത്ര വലിയ കള്ളത്തരം ചെയ്യുന്ന രവിയങ്കിളിനെയും ആന്റിയേയും വിശ്വസിച്ച് എങ്ങനെ അവിടെ കഴിയും.
സ്കൂട്ടി തെക്കേത്ത് മനയുടെ ഗെയ്റ്റിനരികെ നിർത്തി അവൾ ചെന്ന് ഗേറ്റ് തുറന്നു.
സിറ്റൗട്ടിൽ ഇരുന്ന് മേനോൻ ആരോടോ മൊബൈലിൽ സംസാരിക്കുന്നുണ്ടായിരുന്നു
ദുർഗയെ കണ്ട് അയാൾ സംഭാഷണം അവസാനിപ്പിച്ചു.
"ആഹാ വൈകി പോയ ആൾ നേരത്തെ എത്തിയോ " അയാൾ ചിരിയോടെ തിരക്കി.
"എവിടെ കുട്ടി പട്ടാളം ".
" വരുന്നുണ്ട്.. " ദുർഗ മന്ദഹസിക്കാൻ ശ്രമിച്ചെങ്കിലും അത് വിളറിപ്പോയി.
"ആന്റി കിടക്കുകയാ... വിശക്കുന്നുണ്ടെങ്കിൽ ഫുഡ് എടുത്ത് കഴിച്ചോട്ടോ". വാത്സല്യത്തോടെ അയാൾ പറഞ്ഞു.
"ശരി അങ്കിൾ " അവൾ തലയാട്ടി.
പിന്നെ സ്റ്റയർകേസ് കയറി
ധ്വനിയുടെ റൂമിന് മുന്നിലെത്തിയപ്പോൾ അവളുടെ കാലുകൾ അറിയാതെ വിറപൂണ്ടു.
വാതിൽ പുറത്ത് നിന്ന് കുറ്റിയിട്ട് പൂട്ടിയിരിക്കുന്നു. അവൾക്ക് സമനില തെറ്റുന്നത് പോലെ തോന്നി.
താൻ കണ്ടു പിടിച്ചെന്ന് അറിഞ്ഞതോടെ അവർ ധ്വനിയെ ഇവിടെ നിന്നും മാറ്റിക്കാണുമോ .
" ഫ്രോഡ് " രവി മേനോന്റെ വാത്സല്യഭാവം മനസിൽ വന്നതോടെ അവൾ ആത്മഗതം ചെയ്തു.
" ഇതിന്റെ സത്യം എന്താണെന്നറിഞ്ഞേ വലിയേടത്തെ ദുർഗ ഭാഗീരഥി ഇവിടെ നിന്നും പോകൂ."
അപ്പോൾ ശക്തമായ കാറ്റിൽ ജനാല വരികൾ പാറി ഉലയുന്നത് കണ്ടു.
ദുർഗ തങ്ങളുടെ റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറി. കൊളുത്തിടാൻ മറന്ന ഒരു ജനൽ പാളി കാറ്റിൽ ഭിത്തിയിൽ വന്നിടിച്ച് വല്ലാത്ത ശബ്ദമുണ്ടാക്കി.
അവൾ അത് വലിച്ചടച്ചു.
വസ്ത്രം മാറാതെ തന്നെ അവൾ കിടന്നു.
ആ കിടപ്പിൽ കണ്ണുകൾ പെട്ടന്ന് അടഞ്ഞുപോയി.
കഴിഞ്ഞ ദിവസങ്ങളിൽ ശരിയായ ഉറക്കം കിട്ടാത്തത് കൊണ്ടാവണം അവൾ ലക്കുകെട്ട് കിടന്നുറങ്ങി.
യുഗാന്തരങ്ങളോളം അങ്ങനെ കിടന്നുറങ്ങിയെന്ന് തോന്നി.
ആരോ വിളിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്.
അരികിൽ ധ്വനി.
ദുർഗയുടെ ഉറക്കച്ചടവ് വാർന്നു പോയി.
ഒരു നടുക്കത്തോടെ ഒന്നുകൂടി നോക്കുമ്പോൾ ജാസ്മിനാണ്.
അരികിൽ നേഹയും സ്വാതിയുമുണ്ട്.
"എന്തൊരു ഉറക്കമാടീ തങ്കം... വിളിക്കണ്ടാന്ന് കരുതി ഇത്ര നേരം കാത്തു. ഇപ്പോൾ സമയം ഒമ്പത് ..എഴുന്നേറ്റ് വേഗം കുളിച്ചിട്ട് വാ.. ഊർമിളാന്റി ഫുഡ് കഴിക്കാൻ വിളിക്കുന്നു".
ജാസ്മിൻ പറഞ്ഞു.
വിശ്വാസം വരാതെ ദുർഗ അവളെ തന്നെ ഉറ്റുനോക്കി.
"എടീ മന്ദബുദ്ധി എഴുന്നേറ്റ് പോയി കുളിക്കാൻ "
ജാസ്മിൻ അവളെ പിടിച്ചെഴുന്നേൽപിച്ചു.
"എന്തൊരു നോട്ടമാണ് ദുർഗാ ഭാഗീരഥി ഇത്.. മനുഷ്യൻ പേടിച്ച് പോകുമല്ലോ."
നേഹ കളിയാക്കി.
" അവളുടെ പേര് കേട്ടാൽ തന്നെ ആരും പേടിച്ചോടുമല്ലോ ഒരു ഹൊറർ നെയിം ".
സ്വാതി പൊട്ടിച്ചിരിച്ചു.
പ്രതികരിക്കാൻ നിൽക്കാതെ
ദുർഗ മുടി വാരിക്കെട്ടി എഴുന്നേറ്റു.
"വേഗം വാ പെണ്ണേ... ആന്റി കുറേ നേരമായി വിളിക്കുന്നു."
ജാസ്മിൻ പറഞ്ഞു.
"ഒന്നുറങ്ങാനും സമ്മതിക്കരുത് ട്ടോ ദുഷ്ടകളേ " അവർക്കു നേരെ ചുണ്ടു കോട്ടി കാണിച്ച്
ഉറക്കം വിട്ടുമാറാത്ത ഭാവത്തിൽ ആലസ്യത്തോടെ ദുർഗ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി.
കുളി കഴിഞ്ഞതോടെ ക്ഷീണം പൂർണമായും വിട്ടുമാറി.
ഉത്സാഹത്തോടെയാണ് അവൾ കൂട്ടുകാരികൾക്കൊപ്പം ചെന്നത്.
ധ്വനിയുടെ റൂമിന്റെ വാതിൽ അതേപടി പൂട്ടിക്കിടക്കുകയായിരുന്നു ഇന്ന് അവളെ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഉണ്ടായ സംഭവങ്ങളും ധ്വനിയെ കണ്ടതും അവൾ പറഞ്ഞതുമെല്ലാം ജാസിനെയും നേഹ യേയും സ്വതിയേയും അറിയിക്കുമെന്ന് ദുർഗ മനസിൽ ഉറപ്പിച്ചു.
ഇവിടെ നിൽക്കണോ വേണ്ടയോ എന്ന് അവർ കൂടി തീരുമാനിക്കട്ടെ." സുന്ദരിക്കുട്ടികൾ എത്തിയോ ".
അവരെ കണ്ട് ഊൺ മേശയിൽ പാത്രങ്ങൾ നിരത്തി വെക്കുകയായിരുന്ന ഊർമ്മിള ശാസനയോടെ ചോദിച്ചു.
"എത്ര നേരമായീന്നറിയ്യോ വിളിക്കുന്നു. നിങ്ങളെ കാത്തിരുന്ന് മടുത്ത് രവിയേട്ടൻ കഴിച്ചു "
" ദുർഗയുടെ നീരാട്ട് ഒന്നു കഴിയണ്ടേ ". സ്വാതി കുറ്റപ്പെടുത്തി.
"വെറുതേയെന്റെ തങ്കത്തിനെ കുറ്റം പറയണ്ടാട്ടോ " ഊർമിള ചിരിച്ചു.
ദുർഗയുടെ കണ്ണുകൾ വിടർന്നു.
"ഊർമിളാന്റിയ്ക്ക് എന്റെ നിക് നെയിം എങ്ങനെ മനസിലായി "
അവൾ ചോദിച്ചു '
" അതേപ്പോ നന്നായത്.രാവിലെ ദത്തൻ വിളിക്കുന്നത് കേട്ടല്ലോ."
ചപ്പാത്തിയും കുറുമയും വിളമ്പുന്നതിനിടെ അവർ ദുർഗയെ നോക്കി കുസൃതിയോടെ ചിരിച്ചു.
ദുർഗയ്ക്ക് ചിരി വന്നില്ല.
തന്റെ സംശയങ്ങൾ ശരിയാണെങ്കിൽ ഈ നിൽക്കുന്ന സ്ത്രീ അത്ര നിഷ്ക്കളങ്കയൊന്നുമല്ല.
ദത്തേട്ടന് അതിത് വരെ മനസിലായിട്ടില്ല.
"വാ.. വ്.. ആന്റീടെ കൈപ്പുണ്യം പറയാതെ വയ്യ.നാലു ചപ്പാത്തി ഞാൻ ഒറ്റയിരുപ്പിന് കഴിച്ചു
ജാസ്മിൻ കൈ വിരൽ കൊണ്ട് സൂപ്പർ എന്ന് ആംഗ്യം കാട്ടി പറഞ്ഞു.
"എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി. ഞാൻ ഉണ്ടാക്കി തരാം. ബീഫും മീനും ചിക്കനും ഒക്കെ. ഞാൻ വെജാണ്. കഴിക്കില്ല.എന്നാൽ അങ്കിളതൊക്കെ കഴിക്കും. യൂ ടൂബ് നോക്കി ഞാനത് കുക്ക് ചെയ്യാനും പഠിച്ചു. "
"താങ്ക്സ് ആന്റീ.. ഇവിടെ വെജ് മാത്രമേ കിട്ടൂന്ന് പേടിച്ചു .. ഹോ.. രക്ഷപെട്ടു".നേഹ സന്തോഷം പ്രകടിപ്പിച്ചു.
" പാലക്കാടൻ അഗ്രഹാരക്കുട്ടിയാ.. പക്ഷേ ആന്റീ ഇവൾക്ക് നോൺ മഹാ കൊതിയാ"
ജാസ്മിന്റെ പറച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു.
ദുർഗയും.
ഭക്ഷണം കഴിച്ച് അൽപ നേരം ടി.വി പ്രോഗ്രാമും കണ്ടിട്ടാണ് നാലുപേരും ഉറങ്ങാനായി പോയത്.
ധ്വനിയെ കുറിച്ച് കൊണ്ടായിരുന്നു ദുർഗ നടന്നത്.
എന്തോ പറയാനുണ്ടവൾക്ക്.
എന്തായിരിക്കു മത്
എപ്പോഴായിരിക്കും അത് പറയുക.
അങ്കിളും ആന്റിയും അവളെ ഇവിടെ നിന്ന് മാറ്റിക്കാണുമോ.
ദുർഗ ആശങ്കയോടെ ധ്വനിയുടെ റൂമിലേക്ക് നോട്ടം പായിച്ചു.
അസ്വഭാവികമായി
യാതൊന്നും സംഭവിക്കാത്ത മട്ടിൽ ശാന്തമായ അന്തരീക്ഷം
"ഇനി ആദ്യം അൽപ്പം പഠിത്തം.. പിന്നെ മൊബൈലിൽ തോണ്ടൽ.. എന്നിട്ട് ഉറക്കം. അതല്ലേ ഇന്നത്തെ അജൻഡ " റൂമിൽ എത്തിയ പാടേ ജാസ്മിൻ തിരക്കി.
" ആയിക്കോട്ടെ ..പഠിത്തം ഉപേക്ഷിക്കാൻ പറ്റില്ലല്ലോ. ഭാവിയിൽ വൻ കിട കെട്ടിട സമുച്ചയങ്ങൾ നമ്മുടെ പ്ലാനിന് അനുസരിച്ച് ഉയർന്നു വരേണ്ടതല്ലേ."
നേഹ ബാഗ് തുറന്ന് പുസ്തകമെടുത്തു.
നാലുപേരും പഠിത്തം തുടങ്ങിയപ്പോഴേക്ക് ദുർഗയുടെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി.
മഹേഷ് ബാലൻ
ദുർഗ അടിമുടി ഒന്നുലഞ്ഞു.
ആ ശബ്ദം കേൾക്കാൻ മനസ് കുതികുത്തി.
വല്ലാത്തൊരു വെമ്പൽ
മൊബൈൽ രണ്ടു തവണ റിംഗ് അടിച്ചു തീർന്നു.
മൂന്നാമതും റിംഗ്ടോൺ മുഴക്കിയതോടെ ജാസ്മിൻ കാതു പൊത്തി
" നാശം അതൊന്നെടുക്കുന്നുണ്ടോ ദുർഗേ.മനുഷ്യനിവിടെ പഠിക്കാനിരിക്കുമ്പഴാണോ "
" കോൾ എടുക്കുന്നില്ലെങ്കിൽ സൈലൻറ് ആക്കി വെച്ചു കൂടേ .അല്ലെങ്കിൽ സ്വിച്ച് ഓഫ് ചെയ്യ്.. " നേഹ പറഞ്ഞു.
" പാവം.. എന്റെ ഏട്ടനായിരിക്കും വിളിക്കുന്നെ. അതിനെ തേച്ചു "
സ്വാതി തന്റെ അനിഷ്ടം മറച്ചു വെച്ചില്ല
" നിന്റെ ദത്തേട്ടനോട് പറഞ്ഞേക്ക് അങ്ങേർക്ക് അയാളുടെ അനുജത്തിയോടുള്ള സെന്റിമെൻസ് എനിക്കെന്റെ ഏട്ടനോടും ഉണ്ടെന്ന് "
അതോടെ ദുർഗയ്ക്ക് മതിയായി.
അവൾമൊബൈൽ സ്വിച്ച് ഓഫ് ചെയ്തു.
മഹിയേട്ടന്റെ മനസ് പിടയുമെന്നറിയാം.എങ്കിലും വേർപാടിന്റെ ഈ വേദന ഒരിക്കൽ അനുഭവിക്കേണ്ടതാണ്.
ദത്തേട്ടന് പവിത്രയെ പോലെ തനിക്ക് മഹിയേട്ടനും പാടില്ലാത്ത ബന്ധമാണ്.
വലിയേടത്ത് ആരെയും വേദനിപ്പിക്കാൻ വയ്യ.
പരദേവതകളുടെ മനസു ശപിച്ചാൽ ഗതി കിട്ടാതെ അലയേണ്ടി വരും.
പവിത്രയെ പോലെ.
തല്ലിച്ചരടറ്റ് വിധവയായി സ്നേഹിച്ചവനെ എന്നേക്കുമായി നഷ്ടപ്പെട്ട്....
ചിന്ത അത്രത്തോളമെത്തിയപ്പോൾ ദുർഗയുടെ ഹൃദയം നൊന്തു.
കണ്ണുകൾ നിറഞ്ഞു.
ഈ ഇഷ്ടത്തിന്റെ ആയുസിനെക്കാൾ താൻ പ്രാധാന്യം കൽപ്പിക്കുന്നത് മഹിയേട്ടന്റെ ആയുസിനാണ്.
പാo പുസ്തകലേക്ക് മുഖം അണച്ച് അവൾ ഇരുന്നു.
കണ്ണീർ വീണ് നോട്ട് ബുക്കിന്റെ താളുകൾ നനഞ്ഞു.
"ദ്ദുർഗേ.. എടീ പൊട്ടി "
സ്വാതി വന്ന് അവളെ പിടിച്ചെഴുന്നേൽപിക്കാൻ ശ്രമിച്ചു.
"സോറി ടാ .. ഞാൻ വെറുതേ പറഞ്ഞതല്ലേ . എഴുന്നേൽക്ക് .. എനിക്കറിയാം നിന്നെ ".
ദുർഗ പെട്ടന്ന് എങ്ങലടിച്ചു കരഞ്ഞു
"ജാസ്.. ഇതു കണ്ടോ.. ഈ പെണ്ണ് "സ്വാതി വിഷണ്ണയായി
ജാസ്മിൻ അത് നിസാരമാക്കി.
"അവൾ അവിടെ കിടന്നു കുറച്ച് കരഞ്ഞോട്ടെ. അപ്പോൾ സങ്കടം തീരും. കരഞ്ഞൂന്ന് വെച്ച് ചത്തുപോകത്തില്ല."
"എന്തൊരു ജീവിയാടീ നീ" നേഹ അതു കേട്ട് ജാസ്മിനോട് ദേഷ്യപ്പെട്ടു.
അവളും ചെന്ന് ദുർഗയെ വിളിച്ചെങ്കിലും ദുർഗ മുഖമുയർത്തിയില്ല.
വിളിച്ചിട്ടും കാര്യമില്ലെന്ന് കണ്ട് സ്വാതിയും നേഹയും നിരാശരായി.
"ഇതാ ഞാൻ പറഞ്ഞത് കരയുന്നോര് കരയട്ടേന്ന്.. നിങ്ങളിരുന്ന് പഠിക്കാൻ നോക്കിക്കേ" ജാസ്മിൻ ചിരിച്ചു.
നേഹയും സ്വാതിയും ചെന്ന് പുസ്തകമെടുത്തു.
പഠിച്ചു കഴിഞ്ഞ് അവർ എഴുന്നേൽക്കുമ്പോഴും ദുർഗ അതേ ഇരിപ്പിലാണ്.
ആ ഭാവം കണ്ട് ഇത്തവണ ജാസ്മിന്റെ ഹൃദയവും അലിഞ്ഞു.
"ദുർഗേ.. വന്ന് കിടന്നേ " അവൾ ചെന്ന് തെല്ല് ബലം പ്രയോഗിച്ച് പിടിച്ചു വലിച്ചുകൊണ്ട് വിളിച്ചു.
പ്രതിഷേധിക്കാൻ ശ്രമിക്കാതെ ദുർഗ എഴുന്നേറ്റു. കണ്ണീർ തുടയ്ക്കാതെ തന്നെ അവൾക്കൊപ്പം ചെന്നു.
" തേപ്പുകാരിയാണെങ്കിലും നമുക്കൊരു മനസാക്ഷി വേണ്ടേ"
ജാസ്മിൻ അവളെ കളിയാക്കി.
ഒരക്ഷരം മിണ്ടാതെ ദുർഗ മുഖം വീർപ്പിച്ച് ചെന്നു കിടന്നു.
പകൽ ഉറങ്ങിയതുകൊണ്ട് അവൾക്ക് ഉറക്കം വന്നതേയില്ല
തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം കടന്നു പോയി.
പാതിരാത്രിയിലെപ്പോഴോ ദൂരെ നിന്നും ഏതോ പക്ഷി അരോചകമായി ശബ്ദമുണ്ടാക്കാൻ തുടങ്ങി.
ഒപ്പം നായ്ക്കൾ ഓരിയിടുന്നു.
കാലൻ കൂവൽ.
അശുഭം.
മരണം നിശ്ചയം.
വലിയമ്മാമ്മ പറഞ്ഞു തന്ന ലക്ഷണങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി
ഒരു ഉൾഭയം ഉടൽ പൊതിഞ്ഞു.
അപ്പോൾ കുറ്റിയിട്ടിരുന്ന വാതിൽ ആരോ തള്ളിത്തുറക്കുന്ന ശബ്ദം കേട്ടു .ദേഹമാകെ പാഞ്ഞു പോയ ഭീതിയോടെ അവൾ എഴുന്നേറ്റിരുന്നു.
ശരീരം കിലുകിലെ വിറച്ചു.
നോട്ടം വാതിലിന് നേരെ പാളി
അവിടെ സീറോ ബൾബിന്റെ ചുവന്ന വെളിച്ചത്തിൽ വെളുത്ത ഗ്ലൗണിട്ട് നിൽക്കുന്ന ധ്വനിയെ കണ്ടു .
അടച്ച് കുറ്റിയിട്ടിരുന്ന വാതിൽ അവൾ എങ്ങനെ തള്ളി തുറന്നുവെന്ന് ദുർഗ അമ്പരന്നു.
ധ്വനി അവളെ നോക്കി മന്ദഹസിച്ചു
എഴുന്നേറ്റു വാ എന്ന് ആംഗ്യം കാട്ടി.
ദുർഗ സ്വയമറിയാതെ എഴുന്നേറ്റ് അവൾക്കൊപ്പം നടന്നു.
ധ്വനി നടക്കുകയല്ല ഒഴുകി നീങ്ങുകയാണെന്ന് ദുർഗയ്ക്ക് തോന്നി.
ബാൽക്കണിയുടെ അങ്ങേയറ്റത്താണ് ധ്വനി ചെന്നു നിന്നത്.
തൊട്ടു പിന്നിൽ ദുർഗയും നിന്നു.
സ്റ്റീൽ റെയ്ലിംഗിൽ ചാരി ധ്വനി തിരിഞ്ഞ് ദുർഗയ്ക്ക് അഭിമുഖമായി നിന്നു.
"ധ്വനി " തികട്ടി വന്ന കോപമടക്കി ദുർഗ വിളിച്ചു.
"എന്തിനാണ് നീ എന്നെ ഇങ്ങോട്ട് വിളിച്ചത്.എന്താണ് നിനക്ക് പറയാനുള്ളത് . എന്തിനാണ് നീ മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാതെ മറഞ്ഞിരിക്കുന്നത് "
ഒന്നിനു പുറകെ ഒന്നായി ദുർഗ ഉള്ളിലടക്കിയ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ നിയന്ത്രണം വിട്ട് പുറത്തേക്കുവന്നു.
ധ്വനി ചിരിച്ചു.
" എല്ലാവരുടെ ദൃഷ്ടിയിലും ഞാൻ പതിയില്ല ദുർഗാ ഭാഗീരഥി. "
ധ്വനിയുടെ ശബ്ദം മുഴങ്ങി.
ആ വാക്കുകളുടെ അർഥമറിയാതെ ദുർഗ അവളെ തറച്ച് നോക്കി.
" കാർത്തിക നക്ഷത്രത്തിന്റെ അത്യപൂർവ പാദത്തിൽ ജനിച്ചവൾ.കന്യക .ജാതകത്തിൽ അതിലും അപൂർവമായ
നേർ വിരുദ്ധാഗമന യോഗം .. ഇരുപത് വയസ് കഴിഞ്ഞാൽ ഒരു പ്രേതാത്മാവ് നിന്റെയൊപ്പം ചേരാനിടയുണ്ട് അല്ലേ". അവൾ ചിരിച്ചു.
ധ്വനിയുടെ നോട്ടം തന്റെ തലച്ചോറ് പിളർത്തുന്നതായി ദുർഗയ്ക്ക് തോന്നി.
"എന്നിട്ടും നിനക്കെന്നെ മനസിലായില്ലേ ദുർഗാ .."
ധ്വനി നെഞ്ചിൽ കൈ കെട്ടി നിന്നു.
വീശിയടിച്ചെത്തിയ കാറ്റിൽ ധ്വനിയുടെ വസ്ത്രം ഉലഞ്ഞു.
ദുർഗയുടേയും.
ദുർഗ അവളെ മനസിലാകാത്ത ഭാവത്തിൽ നോക്കി.
"എന്നെ ഭയക്കാതെ .. ഒട്ടും ഭയക്കാതെ നീയത് മനസിലാക്കണം. നിന്റെ ജാതകത്തിലെ ആ വിധി സംഭവിച്ചു കഴിഞ്ഞു. ആ പ്രേതാത്മാവ് ഞാനാണ്. "
ദുർഗയിലേക്ക് പെട്ടന്ന് പേടി ഇരച്ചുകയറി.
'' നുണ ". അവൾ ധ്വനിയ്ക്ക നേരെ കൈ ചൂണ്ടി.
" നിന്നെ ഞാൻ കണ്ടു പിടിച്ചപ്പോൾ നിങ്ങൾ സൃഷ്ടിച്ച കഥ. ഞാൻ ഈ നൂറ്റാണ്ടിൽ ജീവിക്കുന്നവളാണ്. മണ്ടിയാണെന്ന് കരുതിയോ നീ. എല്ലാം പൊളിയുമെന്നായപ്പോൾ ദത്തേട്ടൻ പറഞ്ഞതെല്ലാം കൂട്ടി വെച്ച് നീങ്ങൾ ഒരു നുണയുണ്ടാക്കി അല്ലേ.. പ്രേതം പോലും. എന്തിനാണിത്ര നാടകമെന്ന് ഞാൻ ഊർമിളാന്റിയോടും രവിയങ്കിളിനോടും ചോദിച്ചോളാം.പിന്നെ നാളെ നേരം വെളുക്കുന്നത് വരെയേ ദുർഗയും ഫ്രണ്ട്സും ഇവിടെ കാണൂ. നുണകൾ കൊണ്ട് കെട്ടിയ ഈ കോട്ടയ്ക്കുള്ളിൽ കഴിയാൻ ഞങ്ങളെ കിട്ടില്ല".
ദുർഗ അവൾക്ക് നേരെ കൈ ചൂണ്ടി നിന്ന് കിതച്ചു.
ധ്വനി ശാന്തമായ ഭാവത്തിൽ തന്നെ നിൽക്കുകയായിരുന്നു.
"ദുർഗ .. ഞാൻ പറഞ്ഞത് സത്യമാണ്.
ഗതികിട്ടാതലയുന്ന ഒരു ആത്മാവാണ് ഞാൻ. നിനക്കല്ലാതെ മറ്റാർക്കും എന്നെ കാണാനാവില്ല. മനസിലാക്കാനാവില്ല. സഹായിക്കാനും കഴിയില്ല."
"ഭ്രാന്ത് ". അവൾ പൂർത്തിയാക്കുന്നതിന് മുമ്പ് ദുർഗ അലറി.
"ഇനി ആത്മാവാണെങ്കിൽ തന്നെ അങ്ങനൊന്നു കടന്നു കൂടാതിരിക്കാൻ വലിയമ്മാമ്മ വേണ്ടത് ചെയ്തിട്ടുണ്ട്. നീ കണ്ടോ ഈ കൈയ്യിൽ കിടക്കുന്ന രക്ഷ"
ദുർഗ ഉടുപ്പിന്റെ കൈ വലിച്ച് മാറ്റി അത് കാണിച്ചു.
ധ്വനി മന്ദഹസിച്ചതേയുള്ളു.
"എനിക്കറിയാം എന്തു ചെയ്യണമെന്ന് . ഞാൻ പോകുന്നു."
ദുർഗ വെട്ടിത്തിരിഞ്ഞു നടന്നു.
ധ്വനിയുടെ ഭാവം മാറി.
മുഖത്ത് വന്യത പ്രകടമായി.
ദുർഗ അവരുടെ റൂമിന് മുന്നിലെത്തിയതും അവളുടെ ചുമലിൽ ഒരു കൈ പതിഞ്ഞു.
അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി.
ധ്വനി അപ്പോഴും അകലെ ബാൽക്കണിയുടെ അങ്ങേയറ്റത്ത് നിൽപ്പുണ്ട്. പക്ഷേ അവളുടെ കൈയ്യാണ്
വള്ളി പോലെ നീണ്ടുവന്ന് തന്റെ ചുമലിൽ വിശ്രമിക്കുന്നത്.
ദുർഗ അലറി വിളിക്കാനാഞ്ഞു.
ഭയം ഒരു തിരമാല പോലെ ദുർഗയെ പൊതിഞ്ഞു.
ദേഹം വിയർപ്പിൽ മുങ്ങി
നിലവിളിക്കാൻ വായ് തുറന്നെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
മിഴിച്ച കണ്ണുകളുമായി ദുർഗ ഒരിക്കൽ കൂടി നോക്കി.
ആ നിമിഷം ധ്വനിയുടെ കൈ ചുരുങ്ങി ചുരുങ്ങി സാധാരണ നിലയിലായി.
അടുത്ത നിമിഷം ദൂരെ നിന്ന അവൾ ദുർഗയുടെ തൊട്ടു മുന്നിൽ പൊട്ടിവീണതു പോലെ വന്നു നിന്നു.
"നിനക്കിപ്പോൾ വിശ്വാസമായോ "
ധ്വനി ചോദിച്ചു
നൂറ് ചീവീടുകൾ ഒന്നിച്ച് ശബ്ദിച്ചാലുണ്ടാകുന്ന മുഴക്കമായിരുന്നു ആ ചോദ്യത്തിന് .
ധ്വനി ദുർഗയെ തറച്ചു നോക്കി.
അവളുടെ കണ്ണുകൾക്കുള്ളിൽ പെട്ടന്ന് രണ്ട് രക്ത അരുവികൾ പ്രത്യക്ഷപ്പെട്ടു. കണ്ണുകൾ
നിറഞ്ഞ് രക്ത ചാലുകൾ കവിളിലേക്കിറ്റു.
.
............തുടരും................
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot