നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 11


നീണ്ട ഒരു ഉറക്കത്തിൽ നിന്നും ഉണർന്നതു പോലെയാണ് ദുർഗ കണ്ണ് തുറന്നത്.
മുഖത്ത് ആരോ തലോടി തഴുകി "ദുർഗ " എന്ന് വിളിക്കുന്നത് കേട്ടു.
അരികെ തൂവെള്ള ഗൗണിന്റെ മിന്നായം കണ്ടു.
ഇരുട്ടിൽ തെളിഞ്ഞ ചന്ദ്രബിംബം പോലെ ധ്വനിയുടെ മുഖം.
ഭയം ഒരു സർപ്പത്തെ പോലെ ദുർഗയുടെ ഉള്ളിൽ ഇഴഞ്ഞു.
ചലിക്കാനാവുന്നില്ല.
ശാസ്ത്രം തെറ്റിയിരിക്കുന്നു
വലിയമ്മാമ്മയ്ക്കും.
എവിടെയാണ് മാന്ത്രികനായ വലിയമ്മാമ്മ തോറ്റു പോയത്. പിഴവു സംഭവിച്ചത് വേദവ്യാസി നാണോ.
ജപിച്ചു കെട്ടിയ ഏലസിന് ഒരു ശക്തിയുമില്ലെന്നോ.
ദുർഗ നിലത്ത് നിന്നും ഭിത്തിയിലേക്ക് നിരങ്ങിയിരിക്കാൻ ശ്രമിച്ചു.
അരികെ നിഗൂഢമായ മന്ദസ്മിതവുമായി ധ്വനി.
അല്ല അവളുടെ പ്രേതം!
ധ്വനി കൈ നീട്ടി അവളെ ഒരു പുൽക്കൊടി പോലെ എഴുന്നേൽപിച്ചു നിർത്തി.
ഒരു തൂവൽ പോലെ ദുർഗ ഭിത്തിയിലേക്കൊട്ടി ചലിക്കാനാകുന്നില്ല.
നിലവിളിക്കാനും
ധ്വനിയുടെ മുഖത്തേക്ക് നോക്കാനാവാതെ ദുർഗ നിന്നു.
"ദുർഗ .. എന്നെ ഭയക്കരുത്"
അരികിൽ ധ്വനിയുടെ ശബ്ദം കേട്ടു .
" നീ കണ്ട ഭാവമാറ്റങ്ങൾ നീയെന്നെ ഒന്നു വിശ്വസിക്കാൻ വേണ്ടി മാത്രം. അതല്ലാതെ എനിക്ക് നിന്നെ ഉപദ്രവിക്കാനാവില്ല.. മരിച്ചിട്ടും ഭൂമി വിട്ടു പോകാനാവാതെ ഗതി കിട്ടാതെ അലയുന്ന ഒരു നിഴൽ "
അവളുടെ ശബ്ദത്തിലെ ഗദ്ഗദം ദുർഗ അറിഞ്ഞു.
ഒരു പ്രേതാത്മാവിന്റെ സാന്നിധ്യം. അതു സംഭവിച്ചു കഴിഞ്ഞു.
അത്രയും ചിന്തിച്ചപ്പോൾ ശരീരമാകെ പാഞ്ഞുകയറിയ വിറയലിൽ ദുർഗ വിറങ്ങലിച്ചു.
"ഈ ഭൂമിയിലിപ്പോൾ എന്നെ അറിയുന്ന ഒരാൾ മാത്രം. ദുർഗ അത് നീയാണ്. എന്നെ സഹായിക്കാൻ.
ശാപം പിടിച്ച ഒരു ആത്മാവായി എത്രനാൾ ഞാനിങ്ങനെ അലയും. പരമമായ സ്വസ്തി എനിക്ക് നീ നിഷേധിക്കരുത്.
ഒരിക്കൽ ഈ ലോകത്ത് നിന്ന് എനിക്ക് പ്രിയപ്പെട്ട എന്റെ അമ്മ, എന്റെ അച്ഛൻ എല്ലാവരും യാത്രയാകും. അന്നും ഞാനിവിടെ ശേഷിക്കും ഒരിക്കലും മോചനമില്ലാതെ. അങ്ങനെയൊരു വിധി എനിക്കുണ്ടാവരുത്. എല്ലാത്തിനും
പക്ഷേ ഈ ലോകം വിട്ടു പോകുന്നതിന് മുമ്പ് എല്ലാത്തിനും പരിഹാരമുണ്ടാക്കണം. കനലുകളെല്ലാം എരിഞ്ഞു തീരണം. അതിനാണ് ഞാനിങ്ങനെ ബാക്കിയായത്. നീയെന്നെ സഹായിച്ചേ പറ്റു".
തോളിൽ അവളുടെ കൈ - അമർന്നപ്പോൾ ദുർഗ ഞെട്ടലോടെ അകന്നു.
"നീയെന്താ ഇവിടെ വന്നു നിൽക്കുന്നത് "
ഉറക്കത്തിനിടെ അഴിഞ്ഞ മുടി വാരിക്കെട്ടി ജാസ്മിൻ അടുത്തുവന്നു.
ദുർഗ ഒരു മന്ദബുദ്ധിയെ പോലെ അവളെ നോക്കി.
"നിനക്ക് ഉറക്കമൊന്നുമില്ലേ പെണ്ണേ " ജാസ്മിൻ ദേഷ്യപ്പെട്ടു. ദുർഗ ആകാംക്ഷയോടെ ജാസ്മിനെ നോക്കി.
ഇല്ല അവൾ ധ്വനിയെ കണ്ട ഭാവമില്ല.
അവളുടെ നെറ്റി വിയർത്തു.
ധ്വനി നേർത്ത ചിരിയോടെ ദുർഗയുടെ വലതു കൈയ്യിൽ പിടിച്ചു.
ദുർഗയുടെ മുഖം വിളറിപ്പോയി.
"ബാത്റൂമിൽ പോകാൻ എഴുന്നേറ്റപ്പോഴാ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.
പകൽ കുന്തം മറിഞ്ഞ് കിടന്നുറങ്ങിയിട്ട് രാത്രി നീ പ്രേതം പോലെ ഇറങ്ങിയിരിക്കുകയാണല്ലേ.
ചെന്ന് കിടക്കെടീ. അല്ലെങ്കിൽ വലിയമ്മാമ്മ പറഞ്ഞ പ്രേതം വന്ന് പിടിയ്ക്കും."
ജാസ്മിൻ അവളുടെകൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയി.
ദുർഗ ഒരു പാവയെ പോലെ അവളെ അനുഗമിച്ചു.
കിടക്കയിലേക്ക് ചായുമ്പോൾ നോട്ടം അറിയാതെ വാതിലിന് നേരെ നീണ്ടു.
വാതിലടയ്ക്കാൻ ഭാവിക്കുകയാണ് ജാസ്മിൻ. അവളുടെ തൊട്ടരികെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ധ്വനി.
വൈദ്യുതാഘാതമേറ്റതു പോലെ ദുർഗ നോട്ടം പിൻവലിച്ചു.
ജാസ്മിന്റെ ഇത്രയടുത്ത് നിന്നിട്ട് പോലും അവളെ കാണാൻ ജാസിന് കഴിയുന്നില്ല.
ദുർഗയുടെ കണ്ണ് നിറഞ്ഞു.
ആ ഏലസ് ഊരിമാറ്റാൻ പാടില്ലായിരുന്നു. ദത്തേട്ടനും വലിയമ്മാമ്മയും പറഞ്ഞ വാക്കുകൾ അവഗണിക്കാൻ പാടില്ലായിരുന്നു.
ഇനി എന്നെങ്കിലും ധ്വനിയിൽ നിന്നും തനിക്ക് മോചനമുണ്ടാകുമോ.
ഭയന്നും വിറച്ചും ജീവിക്കാനാണോ തന്റെ വിധി. വല്ലാത്തൊരു ദുർ വിധിയായിപ്പോയി.
ധ്വനി പ്രേതരൂപിയായി മാറിയത് ഓർത്തപ്പോഴൊക്കെ ദുർഗയുടെ ശരീരം വിറച്ചു.
ഒരു വേള കൂട്ടുകാരോട് ഇത് പറഞ്ഞാലോ എന്നും ചിന്തിച്ചു.
പക്ഷേ ഒന്നുകിൽ തനിക്ക് ഭ്രാന്താണെന്ന് അവർ വിധിക്കും. ചിലപ്പോൾ ദത്തേട്ടനോട് പറയാനും മതി.
പരദേവതകൾക്കു മുമ്പിൽ അണഞ്ഞുപോയ കെടാവിളക്ക് പോലെ മന്ത്രസിദ്ധികൾ കൈമോശം വന്ന ദത്തേട്ടനും വലിയമ്മാമ്മയ്ക്കും അത് താങ്ങാനാവില്ല.
ഒരിക്കൽ കുഴഞ്ഞ് വീണ വലിയമ്മാമ്മയ്ക്ക്
മന:സ്തോഭത്താൽ എന്തെങ്കിലും സംഭവിക്കാനും മതി.
അതിലേറെ വലിയമ്മാമ്മ പൂജിച്ച് കെട്ടിയ ഏലസ് താൻ നഷ്ടപ്പെടുത്തിയെന്നറിഞ്ഞാൽ അത് സഹിക്കാനാവില്ല അവർക്ക് .
രുദ്രേച്ചി പോലും തന്നെ വെറുക്കും. ശപിക്കും.
ദുർഗ നിറഞ്ഞ കണ്ണുകൾ തുടച്ചു.
കൈത്തണ്ടയിലെ ഏലസ് കെട്ടിയ ചരട് അവൾ അഴിച്ചെടുത്തു.
മന്ത്ര പൂജാദികൾ ചെയ്ത ആ രാത്രി അവളുടെ ഓർമയിൽ തെളിഞ്ഞു
ഒരിക്കലും പാടില്ലാത്തതാണ് ചെയ്തത്.
അഴിച്ചെടുത്തതോടെ ആ രക്ഷയുടെ ശക്തി ഇല്ലാതായെന്നോ ..
ദുർഗ അത് കൈ നീട്ടി മേശപ്പുറത്തേക്കിട്ടു.
"ഉറക്കമില്ലേ ടീ നിനക്ക് "
അടുത്ത് കിടന്ന ജാസ്മിൻ ചോദിച്ചു.
" ഉറക്കം വരണില്ലാ " ദുർഗ എന്തെങ്കിലും പറയാനായി പറഞ്ഞു.
ജാസ്മിൻ ഉറങ്ങിയിട്ടും ഇരുട്ടിലേക്ക് തുറിച്ച് നോക്കി ദുർഗ കിടന്നു.
മനസ് വല്ലാതെ ദുർബലമായിപ്പോകുന്നു.
നേർ വിരുദ്ധാഗമന യോഗം.
ജാതകത്തിൽ കുറിച്ച അപൂർവ യോഗം
എന്തു വേണമെന്നിലും സംഭവിക്കട്ടെ എന്നൊരു വിപദി ധൈര്യം പെട്ടന്നുണ്ടായി.തലയിൽ വരച്ചത് അനുഭവിക്കാതെ പറ്റില്ലെന്ന് വലിയമ്മാമ്മ പറയുന്നതോർമ്മ വന്നു.
ആ കിടപ്പിൽ അവൾ ഉറങ്ങിപ്പോയി.
"ഈ പെണ്ണ് ഈ മന്ത്രവാദ ചരട് ഊരിക്കളഞ്ഞോ ".
നേഹ ബഹളം വെയ്ക്കുന്നത് കേട്ടാണ് ഉണർന്നത്.
"എന്താടി ദുർഗേ നിന്റെ അന്ധവിശ്വാസം ഇല്ലാതായോ" ദുർഗ കണ്ണു തുറന്നത് കണ്ട് നേഹ തിരക്കി.
അവൾ മിണ്ടിയില്ല.
വലിയമാമ്മ പൂജിച്ച് തന്ന ചരടെന്തേ തങ്കക്കുട്ടി അഴിച്ചു കളഞ്ഞു "
"എനിക്കത് വേണ്ടാഞ്ഞിട്ട് '
ദുർഗയുടെ സ്വരമിടറി.
ചരടുകെട്ടി നടന്നിട്ട് ഒരു കാര്യവുമില്ലെന്ന് താനും അനുഭവിച്ചതാണ്.
വലിയമ്മാമ്മയോട് പൊറുക്കാനാവാത്ത തെറ്റു ചെയ്തു പോയി .
ധിക്കാരിയായ ചെറു മകളുടെ ധാർഷ്ട്യം.
അതല്ലെങ്കിൽ ആ വാക്കുകൾക്ക് എന്തെങ്കിലും വില കൽപ്പിച്ചേനെ താൻ.
"നീയെന്താ മിണ്ടാത്തത്.ഇതിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ നിനക്ക്"
നേഹ അതുമായി അടുത്തുവന്നു.
"അതിലൊന്നും യാതൊരു കാര്യവുമില്ല.. അതു മാത്രം മനസിലായി.അഴിച്ചു കളഞ്ഞതോടെ അത് വെറും ഒരു ചരട് മാത്രമായി "
ദുർഗ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു.
" സത്യാണോ "നേഹ അവളുടെ അടുത്തിരുന്നു.
"ഞാനത് കെട്ടുന്നില്ലിനി. അതിന്റെ ശക്തിയൊക്കെ പോയി. ഒരിക്കലും അഴിച്ച് മാറ്റാൻ പാടില്ലായിരുന്നു."
നേഹയുടെ മുഖത്ത് ചിരി വിടർന്നു.
"ഇതിനൊരു ശക്തിയുമില്ലാന്ന് നിനക്കെങ്ങനെ മനസിലായി തങ്കം.. നീ പറഞ്ഞത് സത്യമാണ്. ഇത് വെറുമൊരു ചരടാണ്. ഒരു ശക്തിയുമില്ല -മന്ത്രവും തന്ത്രവുമില്ല"
ദുർഗ മനസിലാകാത്ത മട്ടിൽ അവളെ നോക്കി.
നേഹ അതിൽ കെട്ടിയ ഏലസ് വേർപ്പെടുത്തി എടുത്ത് ദുർഗയെ കാണിച്ചു.
" ഇതെന്റെയാ. മുക്കാൽ പവനുണ്ട്. എന്തിനാ വെറുതേ കളയുന്നത്. "
നേഹയുടെ കൈവെള്ളയിലെ മഞ്ഞലോഹത്തിലേക്ക് അവൾ അമ്പരപ്പോടെ നോക്കി.
"നിനക്കെങ്ങനെയറിയാം ഇതിനൊരു ശക്തിയുമില്ലെന്ന് " .
ദുർഗയുടെ നോട്ടം കൂർത്തു.
" സത്യം പറയാലോ ദുർഗേ ഇതു നിന്റെ മന്ത്രവാദ ചരടല്ല.
നീ മനഃസമാധാനത്തോടെ ഇരിക്കട്ടെ എന്നു കരുതി ഞാനും സ്വാതിയും കൂടെ നിന്നെ ചീറ്റ് ചെയ്തതാ. നീ നോക്കിക്കേ ഇതെന്റെ മാലയിൽ കിടന്ന ഏലസല്ലേ."
"നേഹേ" ദുർഗ നിയന്ത്രണം വിട്ട് ശബ്ദമുയർത്തി.
"നീയെന്താ തമാശ പറയാണോ. അപ്പോൾ വലിയമ്മാമ്മ പൂജിച്ച് കെട്ടിയ രക്ഷയെവിടെ ".
" സത്യായിട്ടും അതു പിന്നെ കണ്ടില്ലെടാ . നിന്നോടിനി നുണ പറയാൻ വയ്യ... ക്ഷമിക്കെടാ പ്ലീസ്. "
നേഹ കെഞ്ചി.
അവളുടെ മുഖത്തേക്ക് നോക്കി ദുർഗ തരിച്ചിരുന്നു.
വലിയമ്മാമ്മ കെട്ടിത്തന്ന രക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.
അതിന് പിന്നിൽ ധ്വനി തന്നെയാവണം.
ഇനി അതൊരിക്കലും തിരിച്ച് കിട്ടില്ല.
ദുർഗയുടെ മനസുരുകി.
വലിയമ്മാമ്മ ഇതറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ.
അഹങ്കാരം കൊണ്ട് കാട്ടി കൂട്ടിയതെല്ലാം തിരിച്ചടിക്കുകയാണ്.
" ഇന്നെന്താ ആരും എഴുന്നേറ്റ് റെഡിയാവുന്നില്ലേ. "
കളി കഴിഞ്ഞു വന്ന സ്വാതി അതിശയിച്ചു
"ജാസ് എപ്പോഴേ എഴുന്നേറ്റ് ആന്റിയെ സഹായിക്കാൻ താഴേയ്ക്ക് പോയി. നിങ്ങളിങ്ങനെ ഇരുന്നോ. പിന്നെ ടൈം പോയെന്ന് പറഞ്ഞ് വെപ്രാളം പിടിക്കരുത്. "
യാന്ത്രികമായാണ് ദുർഗ എഴുന്നേറ്റ് പോകാനൊരുങ്ങിയത്.
ബ്രേക്ഫാസ്റ്റ് കഴിക്കാൻ അവർ താഴേയ്ക്കു ചെന്നു.
ഊർമിള ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കുകയായിരുന്നു.
"എന്താ ആന്റീ ഇന്ന് ബ്രേക്ഫാസ്റ്റ് ഹെവിയാണല്ലോ". സ്വാതി അടുത്തുചെന്നു.
ഊർമിള സ്വാതിയേയും അവൾക്ക് പിന്നിൽ നിന്ന ദുർഗയേയും നോക്കി ചിരിച്ചു.
" ഒരു ചിക്കൻ കൊതിയൻ വരുന്നുണ്ട് കുട്ടീ ഇന്ന് . രവിയേട്ടന്റെ വലിയ സുഹൃത്തിന്റെ മകനാണ്. അഭിഷേക് .കുറച്ചു കാലമായി ബാംഗ്ലൂരായിരുന്നു. ഇനി കുറച്ച് കാലം നാട്ടിൽ കാണും. കുറേയായി ഇങ്ങോട്ടൊന്ന് വരാൻ വിളിക്കുന്നു."ഊർമിള വിശദീകരിച്ചു.
"അഭിഷേക് " ദുർഗ വെറുതേ ഉച്ചരിച്ചു.
"അവനിപ്പോൾ എത്തും ട്ടോ. നിങ്ങൾക്ക് ഒരുമിച്ചിരിക്കാം. അവനെ പരിചയപ്പെടാലോ."
ഊർമിളയുടെ മുഖം പെട്ടന്ന് വാടി.
" ധ്വനിയുടെ ബെസ്റ്റ് ഫ്രണ്ടായിരുന്നു അഭി. അവനെ കൂടി പറ്റിച്ചിട്ടാ അവൾ ഇറങ്ങിപ്പോയത് ".
പറഞ്ഞു തീരും മുൻപ് മുറ്റത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ടു .
"ഇതൊന്ന് നോക്കണേ സ്വാതീ "
ഇളക്കിക്കൊണ്ട് നിന്ന ചട്ടുകം അവളുടെ കൈയ്യിൽ കൊടുത്ത് ഊർമിള പുറത്തേക്കോടി
പുറകേ ദുർഗയും നേഹയും ചെന്നു.
സിറ്റൗട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്ന ജാസ്മിൻ ചാടിയെഴുന്നേറ്റ് ഒതുങ്ങി നിന്നു.
അവിടേക്ക് ചെന്ന ദുർഗ കണ്ടു മുറ്റത്തേക്കുള്ള വാതിലിനരികിലായി ധ്വനി നിൽക്കുന്നു.
അവളുടെ കണ്ണുകൾ വല്ലാതെ ജ്വലിക്കുന്നത് ദുർഗ കണ്ടു.
രവി മേനോന്റെയൊപ്പം അഭിഷേക് അകത്തേക്ക് കയറി വന്നു.
"എവിടെയായിരുന്നെടാ ചെക്കാ നീ.. ഇവിടെ ഞാനും അങ്കിളും തനിച്ചാണെന്ന് മറന്നു ലേ"
ഊർമിള ഓടിച്ചെന്ന് അവന്റെ കൈ പിടിച്ചു.
" ഞാനെന്റെ ഉമാന്റിയെ കാണാൻ ഓടി വന്നതല്ലേ "
അഭിഷേക് ചിരിച്ചു.
പിന്നെ അവരെ ചേർത്തു പിടിച്ച് നെറുകിൽ ഒരുമ്മ നൽകി.
"എനിക്കറിയാം ഉമാന്റിയ്ക്ക് എന്നെ കാണാൻ കൊതിയായെന്ന്. അതല്ലേ ഞാനിങ്ങ് പോന്നത്. ഇനി ഇവിടെ തന്നെ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യണം. ഒരു നല്ല ഐഡിയ ഉണ്ട്. പക്ഷേ പണച്ചെലവുണ്ട്.. ഡാഡി അത്രയ്ക്ക് കൈയ്യയച്ച് സഹായിക്കില്ല"
" പണമൊക്കെ നിനക്ക് അങ്കിളും തരില്ലേ .. അതൊന്നുമോർത്ത് ടെൻഷനടിക്കണ്ടാ ട്ടോ."
ഊർമിള അവനെ ആശ്വസിപ്പിച്ചു.
അഭിഷേകിന്റെ നോട്ടം പെൺകുട്ടികളിലേക്കെത്തി.
അവന്റെ മുഖത്ത് അത്ഭുതം പ്രകടമായി.
"ഇതെന്താ ആന്റീ ലേഡീസ് ഹോസ്റ്റലോ... ഇവരാണോ ഉമാന്റി പറഞ്ഞ പേയിംഗ് ഗസ്റ്റ് സ്...കാണാൻ നല്ല ക്യൂട്ട് പിള്ളേരാണല്ലോ. ഇവരുണ്ടെങ്കിൽ പിന്നെ ഞാനും കൂടി ഇവിടെ താമസിച്ചാലോ ''. പെൺകുട്ടികളെ സൗഹാർദ്ദ പൂർവം നോക്കി അഭിഷേക് ചിരിച്ചു.
"നല്ല പെൺകുട്ടികളാണ് അഭീ ഇവർ. ഈ ദുർഗയുണ്ടല്ലോ എന്റെ ഒരു ചെറിയ ബന്ധവുമുണ്ട്." ദുർഗയെ പിടിച്ച് അവന് നേരെ നീക്കി നിർത്തി കൊണ്ടാണ് ഊർമിള പറഞ്ഞത്.
"ഇവനെ സൂക്ഷിച്ച് നോക്ക്.. ആ കണ്ണിലേക്ക് നോക്ക്.. ചതിയന്റെ തിളക്കമല്ലേ അതിൽ ".
അപ്പോൾ ദുർഗയുടെ കാതിനരികെ ധ്വനിയുടെ ശബ്ദം മുഴങ്ങി
ദുർഗ ഞെട്ടി തിരിഞ്ഞു.
ഒരു കൂട്ടുകാരിയെ പോലെ അവളുടെ ചുമലിൽ കൈവെച്ച് ചേർന്നു നിൽക്കുകയായിരുന്നു ധ്വനി.
"ഇവനെ.. ഇവനെ എനിക്ക് കൊല്ലണം."
കാതിൽ ധ്വനിയുടെ പക നിറഞ്ഞ ശബ്ദം.
" ഇവനെ കൊല്ലാൻ ദുർഗ എന്നെ സഹായിക്കണം"
ദുർഗ നടുങ്ങി.
ആകാശമൊന്നാകെ ഇളകി തന്റെ ശിരസിൽ പതിച്ചതായി അവൾക്ക് തോന്നി.
............തുടരും................
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot