നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുസാവരികുന്നിലെ ജനൽകാഴ്ചകൾ

Image may contain: 1 person, beard, eyeglasses and closeup
ഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് എന്നെ ബോർഡിങ്ങിലാക്കി, മുസാവരിക്കുന്നിന് മുകളിൽ പണികഴിപ്പിച്ച ഈ വലിയവീട്ടിലേയ്ക്ക് പപ്പയും മമ്മയും താമസം മാറുന്നത് . പിന്നീട് നഗരത്തിൽ നിന്നുള്ള ഓരോ വരവിനും മുസാവരിക്കുന്നെനിക്ക് മനോഹര കാഴ്ചകൾ ഒരുക്കിവച്ചിരുന്നു. മഞ്ഞണിഞ്ഞ മലനിരകളെ നാണിപ്പിക്കാൻ തക്കവണ്ണം , കാപ്പിമരങ്ങളിൽ വെളുത്ത പട്ടണിഞ്ഞ് നവോഢയെ പോലെ മാദക ഗന്ധവും പേറിനിന്ന മുസാവരിക്കുന്നിന്റെ പകലുകൾക്ക് ആയിരം വസന്തങ്ങളുടെ നിറയഴകായിരുന്നു.
രണ്ടുവഴികളാണ് വീട്ടിൽ എത്തിച്ചേരാൻ ഉള്ളത് , ഒന്ന് അടിവാരത്തിൽ നിന്നു കുത്തനെയുള്ള നടവഴി, അത് എത്തിച്ചേരുന്നത് റോഡ് നിരപ്പിന് താഴെയുള്ള താഴത്തെ നിലയിലാണ് , മറ്റൊന്ന് വളഞ്ഞുപുളഞ്ഞു കുന്നിൻമുകളിൽ, വീടിന് രണ്ടാം നിലയോട് ചേർന്നുള്ള പോർച്ചിൽ എത്തിച്ചേരുന്ന കല്ലുപാകിയ റോഡ്, അവിടെ നിന്നു നോക്കുമ്പോൾ വീടിന് രണ്ടു നിലകൾ ഉള്ളതായി തോന്നുകയില്ല.
മുകളിലത്തെ നിലയിൽ പുറംഭിത്തി മുഴുവൻ കണ്ണാടിയിട്ട , എൽ ആകൃതിയുള്ള വിശാലമായ ഈ ഹാൾ ആയിരുന്നു വീടിന്റെ ഏറ്റവും ഭംഗിയുള്ള ഭാഗം. ചെടികളുടെ ഇലകൾ പരസ്പരം പുണർന്നു കിടക്കുന്നത് പോലെ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത ഇരുമ്പുജനൽകമ്പികൾ മാത്രമായിരുന്നു കുന്നിൽ മുകളിൽ നിന്ന് വിദൂരതയിലേക്കുള്ള കാഴ്ചക്കും കണ്ണാടിക്കും ഇടയിലുള്ള ഏക തടസം.
എന്റെ വിവാഹദിവസമായിരുന്നു ഞാനാദ്യമായി ഈ ഹാളിൽ ഉറങ്ങിയത് , മമ്മ എനിക്ക് കണ്ടുവച്ച പെണ്ണായിരുന്ന, ഞങ്ങളുടെ കുടുംബസുഹൃത്തായ ഡോക്ടർ മാത്യൂസിന്റെ മകൾ നിമ്മി ആയിരുന്നു എന്റെ ആദ്യരാത്രിക്ക് ഹാളിലെ കണ്ണാടി ഭിത്തി ഇളനീല കർട്ടനുകളിട്ട് ഭംഗിയാക്കി എനിക്ക് മണിയറ ഒരുക്കിയത്. ഇന്റീരിയർ ഡിസൈനർ ആയിരുന്ന നിമ്മിയുടെ കരവിരുതിൽ ഹാൾ മനോഹരമായ മണിയറയായി മാറി. ഹാളിന്റെഭിത്തിയിൽ അവൾ തന്നെ വരച്ച കൃഷ്‌ണന്റെയും രാധയുടേയും മ്യൂറൽ പെയിന്റിങ് സ്ഥാപിക്കുന്നതിനിടയിൽ അവളെന്നോട് പറഞ്ഞു.
" എന്തായാലും നിന്റെ ആദ്യരാത്രി ഇവിടെ മതി,എനിക്കോ യോഗമില്ലാതെ പോയി"
അതുപറഞ്ഞവൾ പൊട്ടിച്ചിരിക്കുമ്പോൾ ജനൽവിരികളുടെ പ്രതിബിംബം കണ്ണുകളിൽ ഓളം വെട്ടി.
നിമ്മിയെനിക്ക് നല്ല കൂട്ടുകാരിയായിരുന്നു, ഗ്രേസ് എന്റെ മനസ്സിൽ കയറിയത് ആദ്യം പറഞ്ഞത് അവളോടാണ് , അന്നും അവൾ ചിരിച്ചു.അവളുടെ മനസിലെ ആഗ്രഹം എനിക്ക് മനസിലാകാഞ്ഞിട്ടായിരുന്നില്ല, പക്ഷെ അത് തിരിച്ചറിയുന്നതിനു മുന്നേതന്നെ ഗ്രേസ് എന്റെ മനസിൽ കയറിപ്പറ്റിയിരുന്നു. മമ്മയോട് ഗ്രേസിന്റെകാര്യം അവതരിച്ചതും വിവാഹത്തിന് സമ്മതിപ്പിച്ചതുമെല്ലാം നിമ്മിയാണ് .ആദ്യരാത്രിയിൽ ഗ്രേസിനെ മണിയറയിൽ കയറ്റി വിടുന്നത് വരെ നിമ്മി എല്ലാറ്റിനും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു .
ആദ്യരാത്രിയെന്നല്ല ആദ്യപുലർക്കാലം എന്നാണ് കൂടുതൽ ചേരുന്ന വാക്കെന്ന് തോന്നുന്നു , എന്റെ മാത്രം വാശിക്ക് നടന്ന വിവാഹമായിരുന്നതിനാലും മിക്കകാര്യങ്ങളും ഒറ്റക്ക് ചെയ്യേണ്ടി വന്നതിനാലും ഞാൻ മണിയറയിൽ കടന്ന് കുറച്ചു സമയത്തിനുള്ളിൽ ക്ഷീണം കൊണ്ട് ഉറങ്ങിപോയിരുന്നു. ഇടക്കെപ്പോളോ ഉറക്കം തെളിയുമ്പോൾ ഗ്രേസ് കിടക്കയിൽ ഉണ്ടായിരുന്നില്ല . തലയുയർത്തി നോക്കുമ്പോൾ ജനാലവിരികൾക്കിടയിൽ, ചില്ലുകളിൽ പതിഞ്ഞ മഞ്ഞുകണങ്ങളിൽ നീണ്ട കൈവിരലാൽ ചിത്രംവരച്ചുകൊണ്ട് പുറത്തെ നിലാവിലേയ്ക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു അവൾ. ഇളനീല ജനൽ വിരികൾ അനങ്ങുമ്പോൾ അതിനു പിന്നിലുള്ള ചില്ലകൾ പോലെയുള്ള ജനൽ കമ്പികൾ മെല്ലെ അനങ്ങുന്നത് പോലെയും പരസ്പരം പുണർന്ന് മുകളിലേയ്ക്ക് പടർന്ന് കയറുന്നതുപോലെയും തോന്നി , ആ ദൃശ്യത്തിനിടയിൽ വെളുത്ത നിശാവസ്ത്രമണിഞ്ഞ അവൾ, മേഘങ്ങൾക്ക് ഇടയിലൂടെ ഒഴുകിനീങ്ങുന്ന മാലാഖയെ പോലെ തോന്നിച്ചു.
എന്താ ഉറക്കം വന്നില്ലേ സോറി കേട്ടോ ഞാൻ ഉറങ്ങിപോയെടോ വല്ലാത്ത ക്ഷീണമായിരുന്നു എന്ന് പറഞ്ഞു കൊണ്ട് എണീറ്റ് ചെന്ന് പിന്നിൽ നിന്നവളെ പുണരുമ്പോൾ അവൾ പുറത്തേയ്ക്ക് നോക്കി പറഞ്ഞു .
"എത്ര ഭംഗിയാണ് ഇവിടെ നിന്ന് നിലാവ് കാണാൻ"
നിലാവിന്റെ ഭംഗിയിലല്ല , നിലാവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന അവളുടെ ലാവണ്യത്തിലാണ് ഞാനപ്പോൾ അലിഞ്ഞില്ലാതായത് . കൈകൾ നിധികുംഭങ്ങൾ തേടിനടക്കുമ്പോൾ പുറത്ത് നിലാവിൽ കുളിച്ചു നിൽക്കുന്ന മുസാണ്ടപൂക്കളെ നിശാശലഭങ്ങൾ പുൽകിയുണർത്തുകയായിരുന്നു.
നിമ്മി താത്കാലികമായുണ്ടാക്കിയ മണിയറ പിന്നീടങ്ങോട്ട് ഞങ്ങളുടെ സ്ഥിരം കിടപ്പുമുറിയായി മാറി,ആ ജനൽവിരകൾക്കപ്പുറം എത്രയോ പുലർകാലങ്ങൾ ഞങ്ങളൊരുമിച്ച് കണ്ടിരിക്കുന്നു. അത്രയും കാലം ആ വീട്ടിൽ താമസിച്ചിട്ടും മനോഹരമായ ആ പുലർകാലങ്ങൾ ഞാൻ കണ്ടിരുന്നില്ല, അവളാണ് പനിനീരിൽ കുളിച്ചുനിൽകുന്ന രാത്രിയെ പുലർവെയിൽ മെല്ലെ തഴുകിയുണർത്തുന്ന കാഴ്ച കാണിച്ചു തന്നത് , അങ്ങ് മുക്കോത്തി മലക്കുമുകളിൽ സൂര്യൻ എത്തിനോക്കുന്നത് ആദ്യമായി കണ്ടത് അവളുടെ ചൂടുപറ്റിയിരുന്നാണ്.
ഒരിക്കൽ ജനലിനരുകിൽ എന്റെ കരവലയത്തിൽ, പുതപ്പ് കൊണ്ട് നാണം മറച്ചിരുന്നപ്പോളാണ് അവളാദ്യമായി കണ്ണാടിച്ചില്ലിലെ മഞ്ഞുകണങ്ങളിൽ പപ്പ എന്നെഴുതിയത്. എന്നിട്ടവൾ എന്റെ ചെവിയിൽ മന്ത്രിച്ചു എനിക്കിപ്പോൾ എന്റെ പപ്പയുടെ കരവലയത്തിലിരിക്കുന്ന പോലെ സുരക്ഷിതത്വം തോന്നുന്നുവെന്ന്. ഞാനവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. മുക്കോത്തിമലമുകളിൽ നിന്ന് അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് എത്തിനോക്കിയ, ഹിമകണങ്ങളാൽ നനഞ്ഞ പുലർകാല കിരണങ്ങൾ, അവളെകൂടുതൽ സുന്ദരിയാക്കി.
ചെറുതും വലുതുമായ വഴക്കുകളായിരുന്നു ഞങ്ങളുടെ ദിവസങ്ങൾ ഓരോന്നും, പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവൾക്ക് നഷ്ടമായ പപ്പയോടുള്ള എല്ലാസ്വാതന്ത്ര്യത്തോടെയും കൂടി അവളെന്നോട് വഴക്കിട്ടു, കുഞ്ഞുകുട്ടിയെ പോലെ . എപ്പോഴുമുള്ള വഴക്കുകൾ ഇടക്കെങ്കിലും മുഷിപ്പിച്ചിരുന്നുവെങ്കിലും ,ആ പരിഭവങ്ങളെല്ലാം പുലർകാലങ്ങളിലെ ഭ്രാന്തുകളിൽ അലിഞ്ഞില്ലാതായി. ഓരോ വഴക്കുകൾക്ക് ശേഷവും ഇണങ്ങാൻ അവസരമില്ലാതായി പോയാൽ അനാവശ്യ പിണക്കം തന്നേക്കാവുന്ന വിഷമകളെ പറ്റി ഞാനവളെ ഓർമിപ്പിച്ചു.
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന ഒരു പുലർകാലത്ത് ടെറസിൽ പോയി മഴ നനഞ്ഞത് , നിലാവിൽ അടിവാരത്തൊഴുകുന്ന പുഴ കാണാൻ പോയത്, വീടിന്റെ പിൻമുറ്റത്തുള്ള പടികളിൽ പോയിരുന്ന് നേരംവെളുപ്പിച്ചത് .ചുരുങ്ങിയ വർഷങ്ങൾക്കിടയിലെ പുലർകാല ഓർമകൾ എണ്ണമറ്റതാണ്.
പപ്പയെന്നെ പോത്തുപോലെ വളർന്നു കഴിഞ്ഞും എടുത്തുകൊണ്ടു നടക്കുമായിരുന്നെന്നും അവളുടെ വീട്ടിലെ അടുക്കളയുടെ മുകളിൽ ഉണ്ടായിരുന്ന തട്ടിൽ എടുത്തു വയ്ക്കുമായിരുന്നുവെന്നും പറഞ്ഞത് ഈ അടുത്തദിവസമാണ് ,അന്ന് ഞാനവളെ എടുത്ത് ഹാളിലുണ്ടായിരുന്ന തടിയലമാരയുടെ മുകളിൽ ഇരുത്തി. അന്നവൾ കുറെ കരഞ്ഞു, പിറ്റേ ദിവസം തന്നെ നിസാര കാര്യത്തിന് പതിവ് പോലെ വഴക്കും ഉണ്ടാക്കി.അപ്പോഴത്തെ ദേഷ്യത്തിനു ബൈക്കുമെടുത്ത് ഓടിച്ചു പോന്നതാണ്. പിന്നെയുള്ള പുലർകാലമൊന്നും ഓർമയിൽ വരുന്നില്ല. ഓർമകളുടെ വീണകമ്പികളിൽ ഒരു മൂളക്കംപോലെ എന്തോ ഒന്നു മാത്രം അവശേഷിക്കുന്നു. അകലെ കാണുന്ന നാണയ വട്ടത്തിലുള്ള ചെറിയ വെളിച്ചത്തിലേക്ക് ഇരുട്ടുനിറഞ്ഞ ഒരു തുരങ്കത്തിലൂടെ വേഗത്തിൽ ഒഴുകിനീങ്ങുന്നത് മാത്രമാണ് അവസാന ഓർമകളിൽ തെളിയുന്നത്.
വീണ്ടും ഓർമകൾ തെളിയുമ്പോൾ ജനാലക്കപ്പുറം മഞ്ഞുകണങ്ങൾ കാഴ്ച മറക്കുന്നുണ്ട് . ജനാലക്കിപ്പുറം ഒറ്റക്കായത് കൊണ്ടാവണം വല്ലാതെ തണുക്കുന്നു. ജനാലക്ക് ഇപ്പുറം തന്നെയാണോ ഞാൻ, അതോ മുന്നിലുള്ളത് വെറുമൊരു ചില്ലുപാളിയാണോ, ഞാൻ ചുറ്റും നോക്കി, യാന്ത്രികമായി ജനാലവിരികൾ നേരെയിടാൻ ശ്രമിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി നിൽക്കുന്നത് നിമ്മിയല്ലേ. മമ്മയും പപ്പയും എവിടെ. പരിചയമുള്ള മറ്റുചില മുഖങ്ങളും അവ്യക്തമായി അവിടിവിടെ ഉണ്ട്. നിശ്ശബ്ദചിത്രം കാണുന്നത് പോലെയുള്ള ഒരു മൂകത ആയിരുന്നു അപ്പോൾ അവിടെങ്ങും. ഇടക്കൊക്കെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന അവ്യക്ത രൂപങ്ങളുടെ കാലടി ശബ്ദംപോലും ചെവികളിൽ എത്തുന്നില്ല. ചില്ലുമറക്കപ്പുറം ഉയരുന്ന പുക എവിടെനിന്നാണ്. മനസിലൂടെ കടന്നുപോയ അനേകം ചോദ്യങ്ങൾക്കിടയിലും ഞാൻ തിരയുന്നത് അവളുടെ മുഖമായിരുന്നു.
ഇടയ്ക്കിടെ ഊർന്നുവീഴുന്ന ജലകണങ്ങൾ മുന്നിലുള്ള കണ്ണാടിയിൽ പടരുന്നുണ്ട്, പെട്ടെന്നാണ് നീണ്ട കൈവിരലുകൾ തുടച്ചു മാറ്റിയ കണ്ണാടിക്കപ്പുറം അവളുടെ തുടുത്ത കവിളുകൾ അവ്യക്തമായി കണ്ടത് . എനിക്കേറ്റവും ഇഷ്ടമെന്ന് ആയിരംവട്ടം പറഞ്ഞിട്ടുള്ള അവളുടെ ചുണ്ടുകൾ അനങ്ങുന്നുണ്ട് പക്ഷെ ചില്ലുമറകടന്ന് ആ ശബ്ദമെത്തുന്നില്ല, അവൾ കരയുകയാണോ. എന്റെ കൊച്ച് കരയല്ലേയെന്ന എന്റെ നിലവിളി പുറത്തേയ്ക്ക് വരാതെ തൊണ്ടകുഴികളിൽ വീണുമരിച്ചു.
അപ്പോൾ മറ്റൊരു പുലർകാലത്തെ വരവേൽക്കാൻ മുക്കോത്തിമലമുകളിൽ നിന്നു എത്തിനോക്കിയ ആദിത്യൻ മുസവരിക്കുന്നിലെ പൂക്കളിൽ വെൺ ചിത്രങ്ങൾ എഴുതാൻ തുടങ്ങിയിരുന്നു. അപ്പോളും ചില്ലുപാളിയിലെ മഞ്ഞുകണങ്ങളെ
നീണ്ടുമെലിഞ്ഞ അവളുടെ കൈകൾ ഇടയ്ക്കിടെ തുടച്ചു വൃത്തിയാക്കുന്നുണ്ടായിരുന്നു. ഇന്നെന്താണ് ആ കൈകൾ ചില്ലിനപ്പുറം ആയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകാതെ, വഴക്ക്മാറ്റി കൂടാനും,ഒരുമിച്ചൊരു പുലർകാലം വീണ്ടും കാണാനുമാവാത്തവിധം അവൾ അപ്പുറത്ത് പെട്ട്പോയെന്ന് തോന്നിയപ്പോൾ , ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് വീണ്ടും നനുത്ത പുലർകാല ഓർമകളിലേക്ക് തിരിച്ചുപോയി.
***** ******
ജോബി മുക്കാടൻ
03/09/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot