നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഭിമുഖം.

Image may contain: 1 person, selfie, closeup and outdoor
തിരുവോണ ദിവസം.
അബുദാബിയിലെ പ്രവാസി ജോലിക്കാരുടെ പറുദ്ദീസ്സയായ,മുസ്സഫ എന്ന നഗരം.
മുസ്സഫ നഗരത്തിലെ ഒരു സിഗ്നലിലെ കാഴ്ച്ചകൾ, ഒരാൺകുട്ടി ക്യാമറയിലൂടെ ഒപ്പിയെടുക്കുന്നു.
അവന്റെ പുറകിലായി നീളത്തിലൊരു മൈക്കും പിടിച്ച് കൊണ്ട് ഒരു പെൺകുട്ടിയുമുണ്ട്.
തിരക്കേറിയ ആ റോഡും പരിസരങ്ങളും ക്യാമറയ്ക്കുള്ളിലേയ്ക്ക് അവൻ ഒപ്പിയെടുത്തു.
നേരം പുലർന്ന് വെയിലായി കഴിഞ്ഞിരുന്നു.
തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ.
ഒരു വശത്ത് തിരക്കിലേക്കിറങ്ങാൻ പച്ച ലൈറ്റും കാത്തു നിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര.
ഒരുവശത്ത് ചുവപ്പ് ലൈറ്റും വീഴും മുൻപെ കടന്ന് പോകാൻ മത്സരിക്കുന്ന വാഹനങ്ങൾ. ക്യാമറയിലെ കാഴ്ച്ച ചുറ്റി കറങ്ങി വന്നു. കാൽനടയാത്രക്കാരനുള്ള പച്ച ലൈറ്റും കാത്ത് നിന്ന അയാളിലെത്തി.
പച്ച ലൈറ്റ് വീഴാനുള്ള സമയം
40.. 39.. 38 എന്നിങ്ങനെ താഴേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു.
നീല നിറത്തിലെ ഷർട്ടും പാന്റും ഒന്നായി കൂട്ടി ചേർത്ത വസ്ത്രം ധരിച്ചൊരാൾ,
തലമുടിയും താടിയും നരവീണിട്ടുണ്ട്.
കാലിലെ സുരക്ഷാ ബൂട്ടുകളിൽ സിമന്റിന്റെ വെള്ള നിറം. വെയിലിൽ വിയർത്ത് പുറകിലെ ഷർട്ടിന്റെ മുതുക് ഭാഗത്ത് നനവ് വീഴുന്നു.
ക്യാമറയും, മൈക്കുമായി അവർ അയാൾക്കരികിലെത്തി.
"തിരുവോണ ദിവസമായ ഇന്ന് സീ ടി വിയിൽ നമുക്ക് വഴിയാത്രക്കാരനായ ഒരു പ്രവാസിയെ പരിചയപ്പെടാം."
നീളത്തിലുള്ള മൈക്കിലൂടെ പെൺകുട്ടി പറയുന്നതിലേക്ക് അവൻ ക്യാമറ തിരിച്ചു.
"ഹലോ സാർ സമസ്ക്കാരം,
നമ്മൾ സീ ടി വി യിൽ നിന്നും വരുന്നു. തിരുവോണ ദിവസമായ ഇന്ന് രണ്ട് മിനിട്ട് വിശേഷങ്ങൾ പങ്ക് വയ്ക്കാൻ കഴിയുമോ?"
സിഗ്നലിലെ പച്ചവെളിച്ചവും നോക്കി നിന്ന അയാൾ തിരിഞ്ഞ് അവർ രണ്ടു പേരെയും നോക്കി.
ക്യാമറയിലൂടെ അവനും അയാളെ ഒപ്പിയെടുത്തു.
ഒരു കൈയ്യിലൊരു സഞ്ചി അയാൾ തൂക്കിപ്പിടിച്ചിരുന്നു.
സഞ്ചിയിൽ കാണുന്ന മലയാള അക്ഷരങ്ങളാണ്. ഒരു മുഖവുരയില്ലാതെ ചോദ്യങ്ങളുമായി അവരെ അയാളുടെ മുന്നിലെത്തിച്ചത്.
ചുരുട്ടി വച്ചിരിക്കുന്ന ഒരു വാഴയില ആ സഞ്ചിയുടെ പുറത്തേയ്ക്ക് കാണാം.
"താങ്കൾ ഡ്യൂട്ടിയ്ക്ക് പോകുകയാണോ?
ഇന്നും ഡ്യൂട്ടിയുണ്ടോ?
ഇന്നൊരു ദിവസം ലീവ് എടുത്തു കൂടായിരുന്നോ?റൂമിൽ കൂട്ടുകാരുമായി ഓണം ആഘോഷിക്കുമായിരുന്നല്ലോ?"
ചോദ്യങ്ങൾ കഴിഞ്ഞ് പെൺകുട്ടി മൈക്ക് അയാളിലേക്ക് നീട്ടിപ്പിടിച്ചു.
അയാളൊന്നു ചിരിച്ചു.
മഞ്ഞ നിറമാർന്ന പല്ലുകൾ.
അതിൽ ഒന്നു രണ്ടെണ്ണം കൊഴിഞ്ഞ് പോയ വിടവും കണ്ടു.
"ഓണം ആഘോഷിക്കുവാണല്ലോ?
കണ്ടില്ലേ? സദ്യയും വാഴയിലയും.
എല്ലാം രാവിലെ നാല് മണിക്കേ കിട്ടി.
ഉച്ചയ്ക്ക് ഈ ഇല ഇട്ട് സദ്യ കഴിക്കും."
അയാൾ കൈയ്യിലിരുന്ന സഞ്ചി ഉയർത്തി കാണിച്ചു.
'അതിജീവിക്കും നമ്മൾ.' എന്ന് പച്ച നിറത്തിൽ അച്ചടിച്ച അക്ഷരങ്ങളും,
വെള്ളത്തിൽ നിന്നും ഉയർന്ന് വരുന്ന നാടിന്റെ ചിത്രവും ആലേഖനം ചെയ്ത, ഇളം മഞ്ഞ നിറത്തിലെ തുണി സഞ്ചി.
"എന്നാണ് ഇനി നാട്ടിലേക്ക് പോകുന്നത്?
ലീവ് കിട്ടാത്തത് കൊണ്ടാണോ നാട്ടിൽ പോകാത്തത്?"
ഉത്തരത്തിനായി മൈക്ക് അവൾ വീണ്ടും അയാളിലേക്ക് നീട്ടി.
"അല്ല ലീവൊക്കെ ഉണ്ടായിരുന്നു.
ഓണം, ഉത്സവം ഇങ്ങനെയുള്ള അവസരങ്ങളിൽ നാട്ടിൽ പോകാനാണ് ഏതൊരു പ്രവാസിയുടെയും ആഗ്രഹം, സന്തോഷം. എന്നാലും മറ്റുള്ളവരുടെ കൂടെ ഒരുപാട് സന്തോഷങ്ങൾ നോക്കുമ്പോൾ, പോകാതിരിക്കാനാണ് ശ്രമിക്കുന്നത്. "
"അതെന്തു പറ്റി ?"നീളത്തിലുള്ള മൈക്ക് അവൾ തന്നിലേക്കടുപ്പിച്ച് ചോദിച്ചിട്ട്,
വീണ്ടും അയാൾക്ക് നേരെ നീട്ടി.
"അത് ആഘോഷ ദിവസങ്ങളിൽ നാട്ടിൽ ചെന്നാൽ സന്തോഷമാണ്.
പക്ഷേ.. ഓണമായാലും, ഉത്സവമായാലും മുപ്പത് ദിവസത്തെ അവധിയിൽ,
കൂടുതലും കൂട്ടുകാരും ആഘോഷങ്ങളും ഒക്കെ ആയി ദിവസങ്ങൾ കുറെയങ്ങ് പോകും.
അച്ഛൻ, അമ്മ, ഭാര്യ, മക്കൾ ഇവരോടൊപ്പമുള്ള സമയം വളരെ കുറവായി മാറും.
പരാതിയും പരിഭവങ്ങളും സമ്പാദ്യമാകുന്നു.
തിരികെയെത്തി. ഇതൊക്കെ ഓർമ്മയിൽ പിന്നെ സങ്കടമാകുന്നു. അതുകൊണ്ട്, നാട്ടിൽ ഒരു ആഘോഷങ്ങളും ഇല്ലാത്ത സമയം നോക്കി അവധിയ്ക്ക് പോകണം.
മുഴുവൻ സമയവും അവർക്ക് തന്നെ നൽകണം.അതാണ് ആഗ്രഹം."
കേട്ടു നിന്ന പെൺകുട്ടി പെട്ടെന്ന് ചോദ്യങ്ങൾ മറന്നു.
അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.
കുഴിഞ്ഞ കണ്ണുകൾക്കുള്ളിൽ നിന്ന് നിസ്സഹായതയുടെ പരിഹാരമായി മനസ്സ് കണ്ടെത്തിയ കപട ന്യായീകരണങ്ങൾ.
അവളുടെ മിഴികൾ ചൂഴ്ന്നെടുക്കുമെന്ന് കരുതി അയാൾ സിഗ്നലിലെ പച്ച ലൈറ്റിനായി മുഖം തിരിച്ചു.
പച്ച ലൈറ്റ് അപ്പോഴേക്കും തെളിഞ്ഞ്, അത് മാറി ചുവപ്പായി. അയാൾക്ക് ഒരവസരം നഷ്ടമായിരുന്നു.
ഇപ്പോൾ പച്ച ലൈറ്റിനായി 55.. 54.. എന്നിങ്ങനെ വീണ്ടും കുറഞ്ഞ് തുടങ്ങി.
"അതെന്താ ചേട്ടാ നാട്ടിലെ വിശേഷങ്ങൾ ആഘോഷങ്ങളല്ലേ?
മനപ്പൂർവ്വം അതൊഴിവാക്കുന്നതെന്തിനാ?
പോയ് വരാമായിരുന്നല്ലോ?"
ക്യാമറയുമായി നിന്ന ആൺകുട്ടിയായിരുന്നു. പെൺകുട്ടിയുടെ നിശബ്ദയ്ക്കിടയിൽ കയറി അത് ചോദിച്ചത്.
"ഹ ഹ എന്ത് ആഘോഷങ്ങൾ സഹോദരാ? ജീവിതമെന്ന ആഘോഷത്തിന്റെ, ആയുസ്സിലെ അധികഭാഗവും മനപ്പൂർവ്വം ഒഴിവാക്കുന്നവനല്ലേ പ്രവാസി.
അതിലും വലുത് പിന്നെന്ത് നഷ്ടപ്പെടലാണ്?"
ചോദ്യം തിരിച്ചായി.
സിഗ്നലിൽ പച്ച ലൈറ്റ് വീഴാൻ സമയമാകാറായി.
"ശരി ഇത്രയും നേരം ഓണവിശേഷങ്ങൾ പങ്ക് വച്ച ചേട്ടന് നന്ദി പറഞ്ഞു കൊണ്ട്,
ഇനി എന്താണ് മറ്റ് ഓണാഘോഷങ്ങൾ?"
സിഗ്നൽ വീഴും മുൻപെ ഉത്തരം കിട്ടാനായി ധൃതിയിലായിരുന്നു. അവളുടെ ചോദ്യം.
ഒരു കൈയ്യിലെ സഞ്ചി അയാൾ മറുകൈയ്യിലേക്ക് മാറ്റിപ്പിടിച്ചു.
"ആഘോഷമൊക്കെയുണ്ട്.
ഡ്യൂട്ടി കഴിഞ്ഞ് വന്ന് നമ്മൾ മുറിയിലെ ചങ്ങാതിമാരെല്ലാം കൂടെ ഒന്ന് കൂടും.
ക്യാമ്പിന് പുറകിൽ വിശാലമായ മരുഭൂമിയാണ്. എന്റെ വീടിനരികിലും ഉണ്ട്. അതുപോലെ കറുത്ത മണൽ നിറഞ്ഞൊരു പറമ്പ്.
കട്ട റമ്മും, ഭക്ഷണവുമായി രാത്രിയാ മണലിൽ വട്ടം ചുറ്റിയിരിക്കണം.
മെഴുകുതിരിയുടെ വെളിച്ചത്തിൽ കുപ്പി പൊട്ടിച്ച് ഗ്ലാസ്റ്റുകളിൽ നിറയ്ക്കണം.
അതെടുത്ത് തമ്മിൽ മുട്ടിച്ച് കഴിക്കും.
കുപ്പി ഒഴിയുമ്പോഴേക്കും ഉൻമത്തനായിരിക്കും.
ആകാശം നിറയെ നക്ഷത്രങ്ങൾ പൂത്ത് നിൽക്കുന്നത്, ഒരു തടസ്സവുമില്ലാതെ ആ മരുഭൂമിയിലിരുന്ന് കാണാം.
മൂന്ന് നക്ഷത്രങ്ങൾഅടുത്തടുത്തായി വരിവരിയായി നിൽക്കുന്നുണ്ട്.
അരികിൽ അർദ്ധ ചന്ദ്രനുമുണ്ട്.
നാട്ടിലെ കറുത്ത മണൽക്കാടിലിരുന്നാലും ഈ നക്ഷത്രങ്ങളെ ഇതുപോലെ കാണാം.
രണ്ടു കൈകളും വശങ്ങളിലേക്ക് നീട്ടി, തല ഉയർത്തി ആകാശത്തേയ്ക്ക് നോക്കിയാ കാഴ്ച്ച ആസ്വദിക്കണം.
ആകാശത്തിന് അതിർവരമ്പുകൾ ആരും അതിർത്തി ചുവരുകൾ കെട്ടി വേർതിരിച്ച് സ്വന്തമാക്കാത്തത് നന്നായി.
മലർന്ന് നിന്ന് ഈ കാഴ്ച്ച കാണുമ്പോൾ എനിക്ക് ചുറ്റിലുമൊരു അതിർത്തി പ്രദേശവും ഞാനതിന് പുറത്തുമല്ല.
തന്റെ നാട്, എന്റെ സ്വന്തം നാട്ടിലെ അതെ കാഴ്ച്ചകളാണീ ആകാശത്തിലും കാണുന്നത്.
മുകളിലേക്ക് നോക്കി എനിക്ക് ഉറക്കെ ഉറക്കെ വെറുപ്പിന്റെ ഭാഷ ഉച്ചത്തിൽ അലറി വിളിച്ച് ഉൻമത്തനാകണം."
കാൽനടക്കാരന്റെ സിഗ്നൽ വീണ് അയാൾ റോഡ് ക്രോസ് ചെയ്ത് പോയി കഴിഞ്ഞിട്ട് നിമിഷങ്ങളായിരുന്നു.
മൈക്കും പിടിച്ച് അവൾ അയാൾ പറഞ്ഞ കാഴ്ച്ചകളും മനസ്സിൽ കണ്ട് നിന്നു.
ദൂരേയ്ക്ക് നടന്നകലുന്ന അയാളെ ക്യാമറയിൽ അവൻ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
ഇടയ്ക്കിടക്ക് കൈയ്യിലെ തുണിസഞ്ചി കൈമാറ്റി പിടിച്ച്, പതിയെ പതിയെ അയാൾ ക്യാമറയിൽ നിന്നും അകന്നു.
തുണിസഞ്ചിയിൽ നിന്നും പുറത്തേയ്ക്ക് കാണുന്ന വാഴയിലയിൽ കൊണ്ട് സൂം ചെയ്ത് അവനാ കാഴ്ച്ച നിർത്തി.
അവൻ ക്യാമറ മാറ്റി വീണ്ടും അവളുടെ മുഖത്തേയ്ക്ക്.
"സീ ടിവിയിൽ ഇത്രയും നേരം നമ്മൾ ഓണ വിശേഷങ്ങൾ കണ്ടതും,കേട്ടതും ഒരു പ്രവാസി ചേട്ടനിൽ നിന്നാണ്.
ആ ചേട്ടൻ അവസാനം പറഞ്ഞ് നിർത്തിയ പോലെ
എന്റെ എല്ലാ സൗഹൃദങ്ങൾക്കും, നാടിനും ഓണാംശംസകൾ നേർന്ന് കൊണ്ട്. അൽപ്പസമയത്തിനകം ഇനി നമുക്ക് അടുത്തൊരു വിശിഷ്ടഅതിഥിയുമായി വിശേഷങ്ങൾ പങ്ക് വയ്ക്കാം.
കാത്തിരിക്കൂ ഞങ്ങൾ നിങ്ങളോടൊപ്പം.
സൈനബ &രാഹുൽ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot