നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിവാഹ വാർഷികം

Image may contain: one or more people, eyeglasses, beard and closeup

( ജോളി ചക്രമാക്കിൽ )
നേരം , അടീപിടിച്ചു കരിയാൻ തുടങ്ങുന്ന
ഒരു സായാഹ്നത്തിൽ ,
കോലായിലെ ചാരുകസേരയിലങ്ങിനെ
കാലുംനീട്ടി കോട്ടുവായ് ഇട്ടിരിക്കുന്നേരം
ജീവിതംപോലെ ചൂടാറിയ , ഒരു കപ്പ് വിത്തൗട്ട് കട്ടൻ കാപ്പി അവൾ എന്റെ നേർക്ക് നീട്ടി, അതു വാങ്ങി ചുണ്ടോടു ചേർക്കവെ .
കത്തുന്ന കണ്ണുകളൊടെ ...
" എണീറ്റു പോയി വല്ലതും വാങ്ങിക്കൊണ്ടുവന്നാ
അതുവല്ലതും രാത്രിയ്ക്ക് അണ്ണാക്കിലോട്ട് കുത്തിയിറക്കാം "
എന്നും പറഞ്ഞ് പെട്ടി ഓട്ടോ യൂ ടേൺ എടുക്കുന്നതു പോലെ വെട്ടിത്തിരിഞ്ഞു
അവൾ അകത്തേയ്ക്കു പോയി
പോകുന്ന വഴി ചെറിയൊരു മർമ്മരമായി
ഇത്രയും കൂടെ കാതിൽ പതിച്ചു .
" എപ്പ നോക്കിയാലും ഫോണിൽ
ഈ തോണ്ടലു തന്നെ ...
വല്ല ഉപകാരവുമുണ്ടോ ... രാമായണമെഴുത്തല്ലേ ...!
വാല്മീകി ആവാനായിരിക്കും.
അതിനിനി ഒരു
വാല്..! കൂടിയേ മുളയ്ക്കാനുള്ളൂ "
ഇനിയിവിടെ ഇരുന്നാൽ ശരിയാവില്ല
പതിയെ ആസനവും ഇരിപ്പിടവുമായുള്ള ബന്ധം വിച്ഛേദിക്കവേ ...
വായുവിലൂടെ ഒരു സഞ്ചിയും തുണ്ടുകടലാസും പാറി പറന്നു മുന്നിൽ വന്നു വീണു.
വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റാണ്
മാസാദ്യ ചടങ്ങുകളാണ്.
പലച്ചരക്കു കടക്കാരൻ രാധാസ്റ്റോറിലെ
രാധേട്ടനെ ( രാധാകൃഷ്ണൻ എന്നാ പേര് )
ലിസ്റ്റ് കൊടുത്തേൽപ്പിച്ച് സാധനങ്ങൾ എടുത്ത് വയ്ക്കാൻ പറഞ്ഞ് അടുത്തുള്ള
എ.റ്റി.എം - ലേയ്ക്ക് നടന്നു
പണമെടുത്ത് തിരിച്ചു വരുമ്പോഴേയ്ക്കും സാധനങ്ങൾ ഒക്കെ റെഡി . ബില്ലും ലിസ്റ്റും തിരിച്ചു തരുമ്പോൾ .. കൂടെ ചിരിയോടെ
ഒരു വിവാഹ വാർഷിക ആശംസയും :
ഇതെന്താ കഥ എന്നോർക്കവെ ..
" ലിസ്റ്റിലുണ്ട് " രാധേട്ടൻ വീണ്ടും ചിരിച്ചു
ലിസ്റ്റ് വായിച്ച് അവസാനമെത്തുമ്പോൾ
" 4- Sep- വിവാഹ വാർഷികം "
ഓഹോ ... അപ്പ അതാണ് വിത്തൗട്ട്
കട്ടൻക്കാപ്പിയുടെ അവതാരലക്ഷ്യം.
ലിസ്റ്റ് വായിച്ചു നോക്കാഞ്ഞത് അബദ്ധമായി.
കോപ്പിയടി പിടിച്ച മാഷിന്റെ മുഖത്ത് നോക്കി ചിരിക്കണ പോലുള്ള ഒരു ചിരി രാധേട്ടനു തിരിച്ചു കൊടുത്തു. അടുത്തുള്ള ബേക്കറിയിലോട്ടു നടന്നു.
എന്നാലും ഈ സുക്കറണ്ണൻ എന്തു പണിയാ കാണിച്ചേ ഒരു സൂചന പോലും തന്നില്ല.
എന്തിന് ഒരു അണ്ണനും , ഒരു അണ്ണാറക്കണ്ണൻ
പോലും ഒന്നും ഉണർത്തിയില്ല .
ആ പോട്ടെ ...!
ബേക്കറിയിൽ ചെന്ന് ഒരു അഞ്ഞൂറു ഗ്രാം
ചെറി പൊതിഞ്ഞു വാങ്ങി.
ഇതുകൊണ്ട് ഒപ്പിക്കാം ...
കവറിനു പുറത്ത്
പേന കൊണ്ട് ,4- Sep വിവാഹ വാർഷികം
എന്നെഴുതി "ന "യുടെ ഒന്നും മൂന്നും കാലുകൾ നീട്ടിവലിച്ച് മുട്ടിച്ച് രണ്ട് ചിഹ്നവും വരച്ചു വച്ചു
പണ്ട് പഠിക്കുന്ന കാലത്ത് അവൾ ഹോസ്റ്റലിലായിരിക്കുമ്പോൾ
കാണാൻ ചെല്ലുമ്പോൾ കാണിക്ക
ഈ ചുവന്ന തേൻ മധുരമൂറുന്ന ചെറി പഴങ്ങളായിരുന്നു ..
കവറിനു പുറത്ത് കാലുകൾ കൂട്ടിക്കെട്ടിയ
"ന 'യും
സാധനങ്ങൾ അടക്കിയൊതുക്കി വച്ച ശേഷം
കയ്യിൽ ചെറി പായ്ക്കറ്റുമായി ഇതെന്നാ സംഭവം എന്ന് ചോദിച്ച് അവൾ അടുത്തു വന്നു.
" അത് ലിസ്റ്റിൽ അവസാനത്തെ ഐറ്റം...!
" 4- Sep വിവാഹ വാർഷികം .
പായ്ക്കറ്റ് തുറക്കവെ അവളുടെ മുഖത്തെ ബ്ളാക്ക് ഫോറസ്റ്റ് പതിയെ
പഴുത്ത ചെറിക്കാടുകൾക്ക് വഴിമാറിക്കൊടുത്തു ...
" വൊ ,എന്നാലും ഇതു വല്ലതും ഓർമ്മയുണ്ടോ !?.
ഇരുപത്തിനാലു വർഷമായി . ഇപ്പഴും തട്ടിപ്പിന് ഒരു കുറവുമില്ല
" അഞ്ഞൂറ് ചെറിയും രണ്ടു ആഡ്യനും ...
" എന്നതാ ആലോചിക്കുന്നേ ...?!
" എന്നാലും ഞാൻ നിന്റെ ചാച്ചനെ
തോൽപ്പിച്ചത് ഓർക്കുവാ ...!
" എന്റെ ചാച്ചനെ തോൽപ്പിക്കാനൊന്നും
നിങ്ങളായിട്ടില്ല ....സ്വപ്നം കണ്ടാ മതി ..!
" അല്ലാ .. പുള്ളി നിന്നെ ഇരുപത്തിമൂന്നു കൊല്ലമല്ലേ
വളർത്തിയുള്ളൂ ....?
ഇപ്പ എന്റെ കൂടെയായിട്ട് ഇരുപത്തിനാലു ആയില്ലേ ..
അപ്പ ആരാ ...
ആരാ ... തോറ്റത്...!
" ഞാനാ ..തോറ്റത് ...!
ചാച്ചൻ എന്നെ തട്ടാതെയും മുട്ടാതെയും ഇരുപത്തിമൂന്നു കൊല്ലം പൊന്നുപോലെയാ നോക്കിയത് ...
നിങ്ങളോ ....? !
ഞാൻ പോയി അരി അടുപ്പത്തിടട്ടെ ...
ഒരു ചെറിയെടുത്ത് വായിൽ വച്ചു തന്നിട്ട് ..നിങ്ങളിവിടെ തോൽപ്പിച്ചോണ്ടിരുന്നോ ..
എന്നും പറഞ്ഞവൾ ചിരിച്ചോണ്ട് അടുക്കളയിലേയ്ക്ക് പോയി ...
നീണ്ട ഇരുപത്തിനാലു വർഷമായ് ,
"ജോ "എന്ന റിപ്പബ്ളിക്കും " ജി " എന്ന റിപ്പബ്ളിക്കും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് .
സ്വന്തം ഭരണഘടനയും അതിർത്തികളും , സ്വയംഭരണാവകാശങ്ങളും ,ദേശീയ പതാകയും ,ദേശീയഗാനവും ഒക്കെയുള്ള രണ്ടു വ്യത്യസ്ഥ റിപ്പബ്ളിക്കുകൾ .
ചെറിയ ചെറിയ അവകാശതർക്കങ്ങളും ഭരണഘടന ലംഘനങ്ങളുമൊക്കെയായി സുന്ദര സുരഭിലമായി കടന്നുപോന്ന രണ്ടു ഡസൻ വർഷങ്ങൾ ...
രാത്രി പതാകകൾ പരസ്പരം കൈമാറി
അതിരുകൾ നിർണ്ണയിക്കുന്ന ഉച്ചകോടി അവസാനിപ്പിച്ച് മേശപ്പുറത്ത് മൂടിവച്ച
ഗ്ലാസ്സിലെ വെള്ളമെടുത്ത് ഞാൻ
കുടിക്കവെ അവൾ പതിയെ പറഞ്ഞു .
" എന്നാലും ചാച്ചൻ പാവമാ "
" അതു ശരിയാ നല്ല ബുദ്ധിയുമുണ്ട് "
" ങ്ങും!
" അതുക്കൊണ്ടല്ലേ ...നിന്നെ
എനിക്ക് കെട്ടിച്ചു തന്നത് ...!
" വൊ .പിന്നെ ... ശുഭരാത്രി.
എനിക്കുറക്കം വരുന്നു .
" എനിക്കും ...
പ്രഭാതത്തിന്റെ വെൺമ മുഴുവൻ ആവാഹിച്ച് അതിരിലെ മന്ദാരച്ചെടിയിലൊരു വെള്ളമന്ദാരം കോലായിൽ ചാരു കസേരയിൽ ഇരുന്നു പത്രം വായിക്കുന്ന എന്നെ നോക്കി ചിരി തൂകി കൊണ്ടു നിന്നു .
ജി " അപ്പോൾ പാലൊഴിച്ച മധുരമേറെ
ചേർത്തൊരു ആറ്റാത്ത ചായ എനിക്ക് നേരെ നീട്ടി ....." എന്നാലും ചാച്ചൻ പാവാ "
" ശരിയാ ... ബുദ്ധിമാനും .!
ഞാൻ ചായക്കപ്പ് ചുണ്ടോട് ചേർത്ത് , തലയിളക്കി കൊണ്ടിരിക്കുന്ന
വെളുത്ത മന്ദാര പൂവിനെ
കണ്ണിറുക്കി കാണിച്ചുകൊണ്ട്
പതിയെ ചായ മൊത്തി മൊത്തി
കുടിക്കാൻ തുടങ്ങി ....
സുപ്രഭാതം ....
2019 - 09 - 09
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot