Slider

പെൻഷൻ

0
Image may contain: 1 person, smiling, selfie and closeup
"മാധവീ, ഒന്നു നിന്നെടി " റോഡിൽ കൂടി പോവുകയായിരുന്ന മാധവിയമ്മയെ കണ്ടപ്പോൾ ജാനുവമ്മ വിളിച്ചു.
"എന്താ ജാനുവേച്ചി" അവർ ജാനുവമ്മയുടെ അടുത്തേക്ക് ചെന്നു.
"എടി പെണ്ണെ നിനക്ക് പെൻഷൻ കാശു വന്നോടി? "
"ആ എനിക്കിന്നലെ കിട്ടി ചേച്ചി. കൊച്ചുമക്കക്ക് ഓണത്തിനെന്തെങ്കിലും വാങ്ങി കൊടുക്കാന്ന് കരുതി ഇറങ്ങിതാ ഞാൻ "
"എനിക്ക് വന്നില്ലാലോടി പെണ്ണെ. ഇനി എന്റെ പേരെങ്ങാനും ഇല്ലേയാവോ. " അവർ വേവലാതിപെട്ടു.
"ആ പറഞ്ഞു തീർന്നില്ലല്ല, ദേ വരണെണ്ട് ജാനുവേച്ചി" മാധവിയമ്മ പറഞ്ഞു.
"എന്നെ കാത്തിരിക്കേരുന്നോ അമ്മേ " പെൻഷനുമായി വന്നയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
"ആ മോനെ, മോനെ ദൈവം അനുഗ്രഹിക്കും.എത്ര ദിവസായിന്നോ ഞാൻ വഴിലേക്കും നോക്കിയിരിക്കുന്നു "
"എന്ന ദേ ഒപ്പിട്ട് വാങ്ങിച്ചോ " അയാൾ പറഞ്ഞു.
"എന്ന ഞാൻ പോവേണെട്ടോ ജാനുവേച്ചി" മാധവിയമ്മ യാത്ര പറഞ്ഞിറങ്ങി.
വിറയ്ക്കുന്ന കൈകൊണ്ട് ഒപ്പിട്ട് കൊടുത്ത് ജാനുവമ്മ പെൻഷൻ കാശ് വാങ്ങി.
"ഹോ, അമ്മയ്ക്കിപ്പോ സമാധാനം ആയല്ലോ. എത്ര ദിവസായി നോക്കിയിരിക്കുന്നു. കാശ് വന്നില്ലല്ലോ വന്നില്ലാലോ എന്നും പറഞ്ഞു സ്വായിര്യം തന്നിട്ടില്ല ബാക്കിയൊള്ളോർക്ക് " സാവിത്രി അമ്മയെ കളിയാക്കി.
ഒരു ചെറിയ കള്ളചിരിയോടെ പൈസ മരുമകളെ ഏൽപിച്ചു ജനുവമ്മ പറഞ്ഞു.
" നീയിതൊന്നെണ്ണി നോക്ക്യേ പെണ്ണെ "
"ശരിയാ അമ്മേ നാലുമാസത്തെ കാശുണ്ട്, ഇന്നാ അമ്മ തന്നെ വച്ചോ,."
"നീയിതിന്ന് കുറച്ചു കാശെടുത്ത് അടുക്കളയിലേക്ക് എന്താന്ന് വച്ചാ വാങ്ങ് . പാവം എന്റെ മോൻ ഒറ്റയ്ക്ക് എത്രനാളിയി കഷ്ടപ്പെടുന്നു. "
"എന്റമ്മേ, അമ്മയിതെടുത്ത് വച്ചേ. ഇവിടിപ്പോ ആവശ്യത്തിന് സാധനങ്ങളൊക്കെയുണ്ട് "
"എടി മോളെ, പ്രകാശന്റെ കൊച്ചുങ്ങക്ക് ഓണത്തിനെന്തെങ്കിലും വാങ്ങി കൊടുക്കണം. സീത അറിയണ്ട. അറിഞ്ഞ പിന്നെ അവള്ടെ മക്കക്ക് കൊടുത്തില്ലന്ന് പരാതിയാകും, അല്ലെങ്കിലേ പറച്ചിലാ അമ്മയ്ക്ക് ആണ്മക്കളോടാ സ്നേഹം എന്ന് "
"അമ്മേ, അമ്മയിപ്പോ ഈ കാശ് അവിടെങ്ങാനും വയ്ക്ക്. അമ്മയ്ക്ക് വല്ല മരുന്നോ കുഴമ്പോ വാങ്ങിക്കാം "
"എനിക്കിപ്പോ മരുന്നും കുഴമ്പുമൊക്കെ ഇവിടുണ്ട്.നീ ഇതിന്ന് കുറച്ചു കാശെടുത്ത് മക്കക്ക് കൊതിയുള്ളതെന്താന്ന് വച്ചാ വാങ്ങി കൊടുക്ക് "
"ഈ അമ്മെടൊരു കാര്യം. ഇപ്പൊ അമ്മേടെ പേഴ്സിൽ തന്നെ വെച്ചിട്ടുണ്ട്. ആവശ്യോള്ളപ്പൊ ഞാൻ ചോദിച്ചോളാം "
"ആ, നീയെന്ത വച്ചാ ചെയ്യ്, നിക്കെന്തിനാപ്പൊ കാശ്? ന്റെ മക്കള് കിടന്ന് കഷ്ടപ്പെടുന്ന കാണുമ്പോഴാ എനിക്ക് പ്രയാസം. അവർക്കൊരു നേരത്തെ അരി വാങ്ങാൻ പറ്റിയ അത്രേം ആയല്ലോന്നോർത്ത "
"ഭഗവാനെ, കൃഷ്ണാ..ന്റെ മക്കളെ കാത്തോളണേ "
വിറയ്ക്കുന്ന കൈകൾ കൂപ്പി ജാനുവമ്മ പ്രാർത്ഥിച്ചു. അവരുടെ നരച്ച കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.
@ജിസു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo