'' വിശന്നു കൊടല് കരിയുന്നു ''
തന്റെ വയറു തടവി കൊണ്ട് സഫുവാന്റെ വിലാപം .
'' എനിക്കാണേൽ വിശന്നിട്ട് കണ്ണും കാണുന്നില്ല '' കൂടെ പിറപ്പിനോട് ഐക്യം പ്രഖ്യാപിച്ചു ബാബുവും വയറു തടവി .
'' എങ്കിൽ നമുക്കീ ഹോട്ടലിൽ കയറി വല്ലതും കഴിച്ചാലോ ?.നല്ല അടിച്ച പൊറോട്ട കിട്ടും ഇവിടെ . വേഗം വാ .. അല്ലെങ്കിൽ അത് തീർന്നു തീര്ന്നു പോകും ... ''
സഫുവാൻ ബാബുവിനെയും കൂട്ടി നേരെ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു .
'' ഇക്കാ .. രണ്ടു പൊറോട്ടയും ചിക്കൻ ചുക്കയും ''
ഭക്ഷണത്തിന്റെ മോഹിപ്പിക്കുന്ന മണം മൂക്കിൽ പാഞ്ഞു കയറിയതോടെ സഫ്‌വാൻ വിളിച്ചു പറഞ്ഞു . രണ്ടു പേരും വളരെ വേഗത്തിൽ തന്നെ കൈ കഴുകി ഒഴിഞ്ഞരിക്കുന്ന ഒരു മേശയുടെ രണ്ട് കസേരകളിൽ സ്ഥാനം പിടിച്ചു .
'' ഇവിടത്തെ പൊറോട്ട കഴിചാലുണ്ടല്ലോ ഈ വഴി കടന്നു പോകുമ്പോ തന്നെ വിശപ്പിന്റെ വിളി വരും '' പൊറോട്ടയുടെ മഹത്വങ്ങൾ സഹോദരൻ ബാബുവിന് വിവരിച്ചു കൊടുക്കുകയാണ് സഫ്‌വാൻ .
'' അതിപ്പോ നിനക്ക് ജന്മന അങ്ങനെ തന്നെ അല്ലെ .. വയറു നിറഞ്ഞെന്നു നീ ഒരിക്കൽ പോലും പറയണത് ഞാൻ കേട്ടിട്ടില്ല ''
'' അതല്ല .. ഇത് തിന്നാൽ പൊളിക്കും .. തിന്നു നോക്ക് .. ദാ നോക്ക് ആ പകിസ്ഥാനിയുടെ മുൻപിൽ ആവി പറക്കുന്ന പൊറോട്ട .. കണ്ടോ കണ്ടോ ... ഇപ്പൊ തന്നെ വായിൽ വെള്ളം ഊറി.. അതിന്റെ ഒപ്പം ചിക്കൻ ചുക്കയും ഒന്ന് തടവി വായിലേക്കിട്ടാൽ ഉണ്ടല്ലോ ''
പൊറോട്ട എത്താൻ വൈകുന്ന നേരം അവരുടെ കണ്ണുകൾ അവരെ മോഹിപ്പിച്ച അപ്പുറത്തെ മേശയിലെ പൊറോട്ടയിലായിരുന്നു . അൽപ സമയത്തിനകം പിച്ചി ചീന്താൻ വിധിക്കപ്പെട്ട ആ പൊറോട്ടയിലേക്ക് ആ പാകിസ്ഥാനിയുടെ കരങ്ങൾ ആഞ്ഞടുക്കുന്നത് കൊതിയോടെ അവർ നോക്കി നിന്നു .
വാർദ്ധക്യം ബാധിച്ച അയാളുടെ കരങ്ങൾക്ക് പക്ഷെ ഒരു ചെറുപ്പക്കാരന്റെ വഴക്കം ആയിരുന്നു . അസുഖ ബാധിതനയാത് കൊണ്ടാകാം അയാൾ വല്ലാതെ ചുമക്കുന്നുണ്ടായിരുന്നു . ഇടക്കൊരു നിമിഷം പൊറോട്ട മർദ്ദനത്തിന് ഇടവേള കൊടുത്തു അയാൾ വാ തുറന്നിരിക്കുന്നുണ്ട് . ജലദോഷം ബാധിച്ചു തുമ്മലുമുണ്ടയാൾക്ക് എന്ന് തോന്നുന്നു . അതൊന്നും പക്ഷെ അയാളുടെ ലക്ഷ്യങ്ങളെ തടയുന്ന ഒന്നായിരുന്നില്ല . തുമ്മലടക്കാൻ അയാൾ നന്നേ പാട് പെടുന്നുണ്ടായിരുന്നുവെങ്കിലും അയാളുടെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമാരാൻ വിധിക്കപ്പെട്ട ആ പൊറോട്ട തുമ്മലിന്റെ ലക്ഷണങ്ങൾ വക വെക്കാതെ അയാൾ വായ്ക്കകത്താക്കി .
പെട്ടെന്നാണ് അത് സംഭവിച്ചത് . ഒരു നിമിഷം എന്താണ് സംഭവിച്ചതെന്നു മനസ്സിലാകാതെ ബാബുവും സഫുവും , അവരുടെ കണ്ണുകൾ ഇരുൾ മൂടിയിരുന്നു . മിസ്സൈൽ കണക്കെ എന്തൊക്കെയോ അവരുടെ നേരെ പാഞ്ഞടുക്കുന്നത് മാത്രം അവർ കണ്ടു .കണ്ണുകൾ തുറന്നു നോക്കുമ്പോൾ അവർ തിരിച്ചറിഞ്ഞു തങ്ങളുടെ മുഖവും മറ്റും പൊറോട്ട കഷണങ്ങൾ അലങ്കരിച്ചിരിക്കുന്നുവെന്ന സത്യം .
തുമ്മലടക്കാൻ പാട് പെട്ടിരുന്ന പാകിസ്താനിയുടെ നിയന്ത്രണം കൈമോശം വന്നതോടെ വായ്ക്കകത്തെ പൊറോട്ട ബോംബ് വര്ഷിക്കും പോലെ അയാൾക്ക് എതിർ വശത്തിരുന്നു പൊറോട്ടക്ക് വേണ്ടി കാത്തിരുന്ന ബാബുവിന്റെയും സഫുന്റെയും നേരെ വര്ഷിക്കുകയായിരുന്നു .
വായിലെ പൊറോട്ട നഷ്ടപ്പെട്ട വിഷമത്തിൽ ഒരു പൊറോട്ട കൂടി എടുക്കാൻ പറഞ്ഞു കൊണ്ട് പാകിസ്താനി ബാക്കി പൊറോട്ട കഴിക്കൽ പുനരാരംഭിച്ചു. അടുത്ത തീ മഴ പെയ്യുന്നതിനു മുൻപേ കൂരക്ക് കീഴിൽ ഒളിക്കാമെന്ന് കരുതി ബാബുവും സഫുവും ഓർഡർ ക്യാൻസൽ ചെയ്തു ഉടനെ അവിടെ നിന്നും പലായനം ചെയ്തു .
തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് ബാബു തിരിഞ്ഞു നോക്കി . സഫുവിന്റെ ഏമ്പക്കം ആയിരുന്നു അത് .
സസ്നേഹം ഹഫി ഹഫ്സൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക