Slider

പഴുത്ത ഇലകൾ

0
No photo description available.
രചന Riju Kamachi
നാളെ ഓഡിറ്റാണ്... ഒരു വൻകിട വാഹന നിർമ്മാണ കമ്പനിക്ക് "ISO 9000 സർട്ടിഫിക്കേഷൻ ഓഡിറ്റ്"(ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കാനുള്ളത്) എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്ന് പറയേണ്ടതില്ലല്ലോ...സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥർ വന്ന് ഓഡിറ്റിംഗ് നടത്തുമ്പോൾ ഒരു ചെറിയ പാളിച്ചപോലും സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ ഗുണനിലവാരം കുറഞ്ഞതെന്ന് തോന്നുന്ന പഴക്കം ചെന്ന ഉപകരണങ്ങളും മെഷീനുകളും എല്ലാം കമ്പനിയുടെ തെക്കേ അറ്റത്ത് ഉപയോഗശൂന്യമായിക്കിടക്കുന്ന കെട്ടിടം ലക്ഷ്യമായി നീങ്ങി.
പത്ത് മിനുട്ടിന്റെ വിശ്രമവേളയിൽ ആ കെട്ടിടത്തിന്റെ ഒരു മൂലയിൽ ഒളിച്ചിരുന്ന്, അടുത്ത വർഷം നടക്കാനിരിക്കുന്ന റിട്ടയർമെന്റിനെക്കുറിച്ചുള്ള ചിന്തകളെ ഒരു നേടുവീർപ്പിൽ ചുരുട്ടിക്കെട്ടി ബീഡി വലിച്ചൂതിക്കൊണ്ടിരിക്കുകയായിരുന്നു അയാൾ.മകളുടെ കല്ല്യാണവും മകന്റെ പഠനവും വരുത്തിവെച്ച കടങ്ങൾക്കിടയിൽ ജീവിതം ഒരു ബീഡിപ്പുക പോലെ ലക്ഷ്യത്തിലെത്താതെ നീങ്ങുകയായിരുന്നു.
ദൂരെ നിന്ന് ആളനക്കം കേട്ടതോടെ ബീഡി കയ്യിൽ ഒളിപ്പിച്ചു കൊണ്ട് അയാൾ പിൻവാതിൽ വഴി പുറത്തേക്കിറങ്ങി.ഗുണനിലവാരങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിൽ സംഭവിച്ച പാളിച്ചകൾ രേഖപ്പെടുത്തിയ ഫയൽ ഒളിപ്പിക്കാൻ വന്ന സൂപ്പർവൈസർ ഒരു ജാള്യതയുടെ അലങ്കാരം പതിച്ച മുഖവുമായി തൊട്ടു മുന്നിൽ നിൽക്കുന്നു.ജാള്യതയ്ക്ക് മീതെ അധികാരത്തിന്റെ ലിപ്സ്റ്റിക്ക് തേച്ചു പിടിപ്പിച്ച് മാനേജരുടെ ചുണ്ടുകൾ മന്ത്രിച്ചു..
"മിസ്റ്റർ മാധവൻ......ക്വാളിറ്റി ഓഡിറ്റിങ് നടക്കാൻ പോവുകയാണെന്ന് നിങ്ങൾക്കറിയാമല്ലോ...ഓഡിറ്റിംഗ് ടീം വരുമ്പോൾ പ്രെസന്റ് ചെയ്യാനായി സിറ്റിയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് ടീമിൽ നിന്നും 23 നും മുപ്പത്തിനും ഇടയിൽ പ്രായം വരുന്ന ചെറുപ്പക്കാരെ ബുക് ചെയ്തിട്ടുണ്ട്.പ്രൊഡക്ഷനും ക്വാളിറ്റിയും എല്ലാം അവർ വേണ്ട വിധത്തിൽ അഭിനയിച്ചു ഫലിപ്പിക്കാമെന്നേറ്റിട്ടുണ്ട്.നിങ്ങളെപ്പോലുള്ള "ഓൾഡ് എയ്ജ്ഡ് എംപ്ലോയീസ് " ചെയ്യേണ്ടത് ഇത്രമാത്രം.ഓഡിറ്റിംഗ് നടക്കുന്ന വേളയിൽ ആ ഭാഗത്തേക്കൊന്നും വന്നു പോകരുത്.ഈ കെട്ടിടത്തിൽ വന്ന് ഒളിച്ചിരിക്കാൻ എല്ലാവരോടും പറയണം.ഇക്കാലത്തെ കോർപ്പറേറ്റ് രീതികൾ ഞാൻ പറയേണ്ട കാര്യമില്ലല്ലോ. ഇത്രയും പ്രായമായവർ ആണ് ഇവിടുത്തെ തൊഴിലാളികൾ എന്നറിയുന്നത് ചിലപ്പോൾ നമ്മുടെ ISO സർട്ടിഫിക്കറ്റ്നെത്തന്നെ ബാധിച്ചേക്കാം..."
അയാൾ കയ്യിലിരുന്ന ബീഡി മൂന്നു തവണ ആഞ്ഞു വലിച്ച് പരാവധി പുകയെ ശ്വാസകോശത്തിന് സമർപ്പിച്ചുകൊണ്ട് ബീഡിക്കുറ്റി വലിച്ചെറിഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഓട്ടോമൊബൈൽ മാർക്കറ്റിൽ നമ്പർ വൺ എന്ന ബഹുമതി നേടിയതിന്റെ ആഘോഷച്ചടങ്ങിൽ കമ്പനി എം ഡി സംസാരിച്ച വാക്കുകൾ ഓർമ്മയിൽ മുഴങ്ങിക്കേട്ടു
" നമ്മുടെ കമ്പനി ഇന്ന് ഇന്ത്യയിലെ ഇരുചക്രവാഹന നിർമ്മാണത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്.കമ്പനിയുടെ തുടക്കം മുതൽ തന്നെ
ഏറ്റവും നല്ല ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നൽകാനായതിനാലാണ് ഇന്നീ നേട്ടത്തിൽ നമുക്ക് എത്തിച്ചേരാനായത്.ആ ഒരു യത്നത്തിൽ സുപ്രധാന പങ്കു വഹിച്ച നമ്മുടെ കമ്പനിയുടെ ഏറ്റവും മികച്ച തൊഴിലാളിയായ ശ്രീ മാധവനെ ആദരിക്കുന്നതിനായി ഈ അവസരത്തിൽ ഞാൻ വേദിയിലേക്ക് ക്ഷണിക്കുകയാണ്."
സദസ്സിൽ അന്നുയർന്ന കയ്യടികളുടെ ആരവം മനസ്സിൽ നിന്ന് അലിഞ്ഞില്ലാതാവും മുൻപേ സൂപ്പർവൈസർ റേക്കിൽ ഒളിപ്പിച്ചുവെച്ച ഫയലുകൾക്കു പിറകിലായി തന്റെ ഒളിത്താവളം കണ്ടെത്തിക്കഴിഞ്ഞിരുന്നു അയാൾ.ഫയലുകളിൽ നിന്നുയർന്നുവന്ന കാലപ്പഴക്കത്തിന്റെ ഗന്ധം പേറുന്ന പൊടി മൂക്കിലേക്ക് ആഞ്ഞടിച്ചപ്പോഴുണ്ടായ തുമ്മലിന്റെ ശബ്ദം നിയന്ത്രിക്കാനായി മൂക്കും വായും പൊത്തിപ്പിടിച്ചു പാടുപെടുകയായിരുന്നു.

By: Riju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo