നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹിസ് ഹൈനസ്... ആഫൂ ആഫൂ ആഫൂ

Image may contain: Swapna Alexis, smiling, selfie and closeup
--------------------------------------
മഴ നനയാൻ മോഹിച്ച പെൺകുട്ടി:- 

പ്രൈമറിസ്കൂളിൽ പഠിക്കുമ്പോഴാണ് തുമ്പിക്ക് ആദ്യത്തെ ശത്രു ഉണ്ടാകുന്നത്.
ശത്രു എന്ന് പറഞ്ഞാൽ ചില്ലറ ശത്രുവൊന്നുമല്ല. അവളിലെ സകല കുശുമ്പും വാശിയും ദേഷ്യവും കുലുക്കി പുറത്താക്കിയ ശത്രു. അതാരാണെന്നല്ലേ? അത് അത്ര പെട്ടന്ന് പറഞ്ഞാൽ തീരില്ല. വലിയ കഥയാ... തുടക്കം മുതൽ തന്നെ പറയണം...
ടീച്ചർമാരുടെ ഓമനയും പഠിപ്പിസ്റ്റും സർവ്വോപരി അസഹനീയമായ ജാഡയുടെ ഹോൾസെയിൽ വ്യാപാരശാലയുമായി, ഊതിവീർപ്പിച്ച ഒരു ബലൂൺ കണക്കെ തുമ്പി പാറിപ്പറന്നു നടന്ന കാലം. തലേന്ന് കണ്ട ഇടിവെട്ട് സിനിമയുടെ ഡയലോഗുകൾ ഷിജിയോടും ബിങ്കിളിനോടും വിസ്തരിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു തുമ്പി. അപ്പോഴാണ് ഡോളി മിസ്സ് അവളെ മേശയുടെ അടുത്തേക്ക് കൈയാട്ടി വിളിച്ചത്. മുൻപിലും പിറകിലും വശങ്ങളിലുമായി ഇരുന്ന കുട്ടികൾ എല്ലാംകൂടി ഇരുന്നിരുന്ന ബെഞ്ചും മുന്നിലെ ഡെസ്കും കുലുക്കിയും വലിച്ചും വിളിച്ചപ്പോഴാണ് തുമ്പി മിസ്സ് വിളിക്കുന്നത് അറിഞ്ഞതു തന്നെ... അവളുടെ ഓർമ്മ ശരിയാണെങ്കിൽ ആരോ ബുക്ക് കൊണ്ട് എറിയുകയും ചെയ്തിരുന്നു. അല്ലെങ്കിൽ ഭയാനകമായ ഒരു ഭൂമികുലുക്കം ആണെന്ന് കരുതി തുമ്പി ഇതൊക്കെയും അവഗണിച്ചേനേ!
ഒരുവിധപ്പെട്ട മനുഷ്യർക്കൊക്കെയും തോന്നുന്ന ജാള്യതയുടെ അർത്ഥം അന്നും ഇന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തവണ്ണം എന്തോ ഒരല്പം മാന്ദ്യം തുമ്പിക്ക്‌ പണ്ടേ ഉണ്ടായിരുന്നു... അതുകൊണ്ടാകാം മിസ്സ് വിളിക്കുന്നത് തന്നെയാണ് എന്നറിഞ്ഞപാടേ "യെസ് മിസ്സ്" എന്ന് വിളിച്ചുകൂവി, തെറ്റാലിയിൽ കല്ല് വലിച്ചു വിട്ടപോലെ അവൾ മിസ്സിന്റെ അടുത്തെത്തിയത്..
ഡോളി മിസ്സിനെ പറ്റി പറയുമ്പോൾ അവൾക്ക് ഒരുപാടൊരുപാട് പറയാനുണ്ട്. തുമ്പിയെ എന്നും ചേർത്തുപിടിച്ചുകൊണ്ട് മിസ്സ് ഓർമ്മിപ്പിക്കുന്ന കാര്യമാണ് ഒന്ന്.
ആദ്യമായി ബൈബിൾ ക്ലാസ്സ് എടുക്കാൻ തുമ്പിയുടെ ക്ലാസിലേക്ക് പുതിയതായി വന്ന മിസ്സ്, ക്ലാസ്സ് എടുക്കുന്നതിനിടയിലാണ് ലാസ്റ്റ് ബെഞ്ചിൽ മുട്ടുയർത്തി, ഡെസ്കിന്റെ വക്കിൽ വച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു നിഷേധിയെ ശ്രദ്ധിച്ചത്. ഒന്നുരണ്ടുവട്ടം പേരെടുത്ത് വിളിച്ചിട്ടും കൈക്രിയയും കലാശവുമായി നടന്നുകൊണ്ടിരുന്ന സംഭാഷണത്തിനിടയിൽ പതിവുപോലെ അതൊന്നും തുമ്പി അറിഞ്ഞില്ല. ഒടുവിൽ നേരിട്ട് മുൻപിൽ വന്നുനിന്ന് എണീപ്പിച്ചു നിർത്തി ഒന്നിന് പിറകെ ഒന്നായി മിസ്സ് തുമ്പിയോട് ചോദ്യങ്ങൾ ചോദിച്ചു. ചോദ്യവും ഉത്തരവുമൊക്കെ വർത്തമാനം പറയുന്നതിന്റെ മറ്റൊരു രീതിയായി മാത്രം കണ്ടുപോന്ന തുമ്പി ഒക്കെത്തിനും മറുപടി പറയുകയും ചെയ്തു. ഇനിയെന്ത് എന്ന് അറിയാതെ ഒരു നിമിഷം പകച്ച മിസ്സിന്റെ മനസ്സിലേക്ക് അന്ന് തുമ്പി ഓടിക്കയറി കസേര വലിച്ചിട്ടിരുന്നു എന്നാണ് ഐതീഹ്യം.
ഏതായാലും ആ മിസ്സാണ് തുമ്പിയെ അടുത്ത് വിളിച്ചുനിർത്തി ആ നടുക്കുന്ന സത്യം വെളിപ്പെടുത്തിയത്. തുമ്പിക്ക് ഒരു എതിരാളി വരുന്നുവത്രേ! മറ്റൊരു ക്ലാസിൽ നിന്നും തുമ്പിയുടെ ക്ലാസിലേക്ക് വരുന്ന ആ എതിരാളി പഠനത്തിലും മാർക്കിലും മറ്റും അവൾക്ക്‌ ഒരു കടുത്ത വെല്ലുവിളിയാണത്രേ!
ഏറ്റവും പ്രിയപ്പെട്ട മിസ്സ് ഇത് പറയുമ്പോൾ തുമ്പി അവരുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ഈ പറയുന്ന പ്രതിയോഗിയോടും സ്നേഹത്തിന്റെ ഒരു തിരയിളക്കം ആ കണ്ണുകളിൽ കാണുന്നുണ്ടോ?
"അതെങ്ങനെ ശരിയാവും? മിസ്സ് തുമ്പിയുടേതല്ലേ? ചുമ്മാ അങ്ങനെ ആരെങ്കിലും പെട്ടന്ന് കയറിവന്നു തുമ്പിയെ തോൽപ്പിച്ചു കളഞ്ഞേക്കാം എന്ന് മിസ്സിന് എങ്ങനെ വിശ്വസിക്കാൻ തോന്നി?"
അവൾ അസ്വസ്ഥയായി.
എന്തായാലും പ്രതിയോഗി ക്ലാസിൽ വന്നയുടനെ, പരിചയപ്പെടുത്താനായി മിസ്സ് തുമ്പിയെ വീണ്ടും വിളിച്ചു. തുമ്പിയും ശത്രുവും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും കണ്ണിൽക്കണ്ണിൽ നോക്കി നിന്നു.
"അജുവിനെപ്പറ്റിയാണ് അന്ന് ഞാൻ നിന്നോട് പറഞ്ഞത്"
"അജു, ഇത് തുമ്പി. നിങ്ങൾ രണ്ടും തമ്മിലാണ് ഇനി മത്സരം."
തുമ്പിയുടെ മുഖത്തൊരു പുച്ഛം നിഴലിച്ചു!
"അയ്യേ. ഇത്രേയുള്ളൂ ആള്?"
തുമ്പി അജുവിനെ അടിമുടി ഒന്ന് അളന്നു.ചോക്ക്‌ എടുക്കാൻ മിസ്സ് തിരിഞ്ഞ സമയത്ത് അവനെ നോക്കി അവൾ ദീർഘമായി കൊഞ്ഞനം കുത്തി. എന്നിട്ട് "ഹും" എന്നുപറഞ്ഞു വെട്ടിത്തിരിഞ്ഞ് ബെഞ്ചിലേക്ക് നടന്നു. പോകുന്ന വാക്കിൽ കൺകോണുകൾകൊണ്ട് നോക്കുമ്പോഴും അജുവിന്റെ മുഖത്ത് ആദ്യം മുതലുള്ള പുഞ്ചിരി തന്നെ.
"ഇതെന്ത് സാധനം! അയ്യേ"
തുമ്പി സീറ്റിലിരുന്ന് കൂട്ടുകാരോട് കുശുമ്പ് പറഞ്ഞു.
ഫസ്റ്റ് മിഡ്ടേം പരീക്ഷയ്ക്കാണ് ആദ്യത്തെ അടി കിട്ടിയത്! അങ്ങോട്ടുമിങ്ങോട്ടും മാറിമറിഞ്ഞു നിന്ന സ്കോർബോർഡിൽ അവസാനം കിട്ടിയ സയൻസ് പേപ്പറിന്റെ മാർക്കോടുകൂടി അജു തുമ്പിയെ മലർത്തിയടിച്ചതായി പ്രഖ്യാപിക്കപ്പെട്ടു!
അന്ന് തുമ്പി ഉറങ്ങിയില്ല. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് പലപ്പോഴും ഇത് ആവർത്തിക്കപ്പെട്ടു. തുമ്പി വിജയിക്കുന്ന സമയങ്ങളിൽ അവൾ, സച്ചിനെ ഔട്ട് ആക്കിയ ഹെൻട്രി ഒലോംഗയെപ്പോലെ കാൽവിരൽത്തുമ്പുകളിൽ ഉയർന്ന് റാമ്പ് വാക്കും അടിക്കടി നിന്ന് നൃത്തവും വച്ചു. സീറ്റിലേക്ക് തിരിച്ചു 10 സെക്കൻഡ് കൊണ്ട് എത്താവുന്ന ദൂരം ഏതാണ്ട് 5 മിനിറ്റ് കൊണ്ട് സ്ലോമോഷനിൽ അവൾ കവർ ചെയ്തു പോന്നു.. പക്ഷേ പിന്നീടുള്ള മത്സരങ്ങളിൽ പലപ്പോഴും ഗ്യാലറിക്ക് പുറത്തേക്ക് പറക്കുന്ന സിക്സറുകൾ സച്ചിന്റെ ബാറ്റിൽ നിന്നും പിറന്നു കൊണ്ടിരുന്നു.
അന്ന് "ശശി" എന്ന പ്രയോഗം പ്രചാരത്തിൽ വന്നിട്ടില്ലാത്തതു കൊണ്ട് ഒലോംഗ എന്നുപയോഗിക്കേണ്ടി വരുന്നതിൽ ഇന്നും തുമ്പിക്ക് പരാതിയില്ല.
അതിനിടയ്ക്കാണ് കൂനിന്മേൽ കുരു എന്ന് പറഞ്ഞതുപോലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വേർതിരിച്ച് ടീമായി നടത്തിക്കൊണ്ടിരുന്ന ക്വിസ്സ് മത്സരങ്ങളിൽ പെൺകുട്ടികളുടെ ടീം ദയനീയമായി പരാജയപ്പെട്ടു തുടങ്ങിയത്. മാർക്ക് മാത്രമല്ല, തെറ്റില്ലാത്ത പൊതുവിജ്ഞാനവും അജുവിനുണ്ടെന്ന് തുമ്പി ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. മത്സരങ്ങൾ പലതായി, തോറ്റു തോറ്റു പെൺകുട്ടികൾ അവശരായി. പത്രം വായിച്ചു തുടങ്ങാനും മറ്റുമുള്ള തുമ്പിയുടെ തീരുമാനങ്ങൾ സ്ഥിരമായി വന്നുകൊണ്ടിരുന്ന ബാലരമ, ബാലമംഗളം, അമർചിത്രകഥകൾ എന്നീ വൻമതിലുകളിൽ ഇടിച്ചു തരിപ്പണമായി.
അങ്ങനെയിരിക്കെ ഒരു ദിവസം ഡോളി മിസ്സ് വീണ്ടും ഒരു ക്വിസ് മത്സരം നടത്തി. ആൺകുട്ടികളുടെ കോളത്തിൽ ആ ഒരൊറ്റ വ്യക്തി കാരണം പോയിന്റുകൾ കുമിഞ്ഞു കൂടി.
അപ്പോഴാണ് വീണ്ടും പെൺകുട്ടികൾക്ക് ചോദ്യം ചോദിക്കാനുള്ള അവസരം വീണുകിട്ടിയത്. അക്കാലത്ത് എപ്പോഴോ ദുബായിൽ നിന്ന് വീട്ടിൽ എത്തപ്പെട്ട ഒരു കലണ്ടറിലെ മുൻ പേജിൽ കണ്ടു മറന്ന ഒരു കൊടും ഇൻഫർമേഷൻ തുമ്പി എഴുന്നേറ്റുനിന്ന് ചോദിച്ചു..
"ദുബായിലെ ഇപ്പോഴത്തെ ഷെയ്ഖിനെ പേരെന്ത്?"
ക്ലാസ്സ് നിശബ്ദമായി. തുമ്പി അജുവിൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ബ്ലാങ്ക്! തുമ്പിക്ക് അലറിച്ചിരിക്കണം എന്ന് തോന്നി. ആൺകുട്ടികളും പെൺകുട്ടികളും ഒക്കെയും അജുവിനെത്തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഒരൽപ്പ നിമിഷത്തിനു ശേഷം അവൻ പതിയെ തലയാട്ടി.
"അറിയില്ല. പാസ്"
"ഇനി തുമ്പി ഉത്തരം പറയൂ"
മിസ്സ് പറഞ്ഞു. അജുവിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ തന്നെ അവൾ പതിയെ, വളരെപ്പതിയെ പറഞ്ഞു.
"ഹിസ് ഹൈനസ് ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂം"
ഓരോ വാക്കിനും അജു മുൻപിലേക്ക് കുനിഞ്ഞുകുനിഞ്ഞു വളഞ്ഞ് അവസാനം രണ്ടുകൈകളും ഏറോപ്ലെയിനെപ്പോലെ വിടർത്തി ബെഞ്ചിൽ തലവെച്ചു കിടന്നു പോയിരുന്നു. അവൾക്ക് ചിരിക്കാതിരിക്കാൻ ആയില്ല.
അടുത്ത റൗണ്ട് ചോദ്യത്തിൽ തുമ്പി രണ്ടാമത്തെ ആണിയുമടിച്ചു..
"ദുബായിലെ ഇതിനു മുൻപത്തെ ഷെയ്ക്ക്, അതായത് ഈ ഷെയ്ക്കിന്റെ അച്ഛന്റെ പേരെന്ത്?"
അജുവിന്റെ മുഖത്തെ അവിശ്വസനീയതയും "എന്തിന്?" എന്ന ഭാവവും കണ്ട്,
"ഇത്രയും പ്രശസ്തരായ ദുബായ് ഷേക്ക് മാരെ പോലും അറിയില്ല അല്ലേടാ ജാഡ തെണ്ടീ (ആഫൂ.. ആഫൂ ...ആഫൂ)"?
എന്നൊരു ഭാവത്തോടെ തല ഉയർത്തി പുച്ഛത്തോടെ തുമ്പി നിന്നുകൊടുത്തു!
ബെല്ലടിച്ചു. വിജയ ലഹരിയിൽ പെൺകുട്ടികൾ ആടിത്തിമിർക്കുകയും ആൺകുട്ടികൾ മുറുമുറുക്കുകയും ചെയ്യുന്നതിനിടയിൽക്കൂടി പതിയെ അടുത്തേക്ക് നടന്നു വന്ന അജു തുമ്പിയുടെ ചെവിയിൽ മാത്രം കേൾക്കാൻ പറ്റുന്നത്ര പതിയെ ഒരു ചോദ്യം ചോദിച്ചു...
"എത്ര തലമുറ വരെ അറിയാം ഷെയ്ക്ക്‌മാരെ? അല്ല, അത് കഴിഞ്ഞിട്ട് ക്ലാസിലേക്ക് വരാൻ വേണ്ടിയാ."
വർഷങ്ങൾക്കപ്പുറം അജുവിന്റെ നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു കിടക്കുമ്പോൾ ആണ്ടുപോയ ഗഹനമായ ചിന്തകളുടെ അവസാനം, കണ്മുന്നിൽ കാറ്റിന്റെ കുസൃതിയിൽ തിരിഞ്ഞും മറിഞ്ഞും വീഴുന്ന കലണ്ടറിൽ നോക്കി, തുമ്പി പെട്ടെന്ന് അവനോട് ചോദിച്ചു.
"ഇപ്പോഴത്തെ ദുബായ് ഷേക്കിന്റെ പേരെന്താ?"
പൊട്ടിച്ചിരിയുടെ തിരമാലകളിൽപ്പെട്ട്‌ കലണ്ടർ വീണ്ടും ഉലഞ്ഞു.
~സ്വപ്ന അലക്സിസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot