Slider

തടവറ.

0
..
ഞരമ്പിൽ കുത്തിനിറച്ച മയക്കുമരുന്ന് തലച്ചോറിൽ അരിച്ചിറങ്ങി സൃഷ്‌ടിച്ച ലഹരിയിൽ മയങ്ങി മദോന്മത്തനായി കിടക്കുന്ന മകന്റെ കഴുത്തിൽ രാകി മൂർച്ച കൂട്ടിയ ആയുധം കുത്തിയിറക്കുമ്പോൾ റോസിലിയുടെ കൈ ഒട്ടും വിറച്ചില്ല... നൊന്തുപെറ്റു മുലയൂട്ടി ഓമനിച്ചു വളർത്തിയ മകന്റെ രക്തം ശരീരമാസകലം തെറിച്ചിട്ടും അവരുടെ കരളും കൈയും ഉറച്ചു തന്നെ ഇരുന്നു...
ഞാനെന്റെ മകനെ കൊന്നു എന്നു പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത് റോസിലി തന്നെയായിരുന്നു..
പോലീസ് എത്തുമ്പോഴേക്കും വീടും പരിസരവും ആളുകൾ തിങ്ങി നിറഞ്ഞിരുന്നു ഒപ്പം അമ്മയുടെ അവിഹിതബന്ധം കണ്ടെത്തി ചോദ്യം ചെയ്ത മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി എന്ന വാർത്തയും...
ഒരു പതർച്ചയുമില്ലാതെ റോസിലി പോലീസ് വാഹനത്തിലേക്ക് കയറി...
കാർക്കിച്ചു തുപ്പിയും, കല്ലെറിഞ്ഞും, കൂക്കിവിളിച്ചും ബന്ധുക്കളും, നാട്ടുകാരും റോസിലിയോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചു...
കോടതിയിലും അധികമൊന്നും റോസിലിക്ക് പറയാനുണ്ടായിരുന്നില്ല... ഉള്ളതും ഇല്ലാത്തതുമായ കഥകളും, സാക്ഷികളും കോടതിയിൽ നിരന്നപ്പോൾ മകനെ ക്രൂരമായി കൊന്ന ദുർനടപ്പുകാരിയായ അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ എന്ന വിധി വന്നു... മകനെ കൊന്നവളെ ജയിലിലുള്ളവരും തരം കിട്ടുമ്പോഴൊക്കെ കണക്കിന് പരിഹസിച്ചു, ഉപദ്രവിച്ചു....
"നീ എന്തിനെന്റെ മകന്റെ ജീവനെടുത്തു, എന്റെ മോനെ വെറുതെ വിട്ടിട്ടു നിനക്കാരുടെ കൂടെ വേണമെങ്കിലും പോയ്കൂടായിരുന്നോ " ആരും തിരിഞ്ഞു നോക്കാനില്ലാതെ ഇരുട്ടറയിൽ കിടക്കുന്ന നാളുകളിലൊന്നിൽ മാത്തച്ചായൻ ചോദ്യവുമായെത്തി... ഭാര്യക്കും മകനും വേണ്ടി ഒരായുസ്സ് മുഴുവൻ മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ പാവം... അദ്ദേഹത്തിന്റെ ജീവിതമാണിപ്പോൾ ചോദ്യചിഹ്നം...
ഒന്നും പറയാതെ തിരിഞ്ഞു നടന്നു... അല്ലെങ്കിലും എന്തു പറയും.. കൊഞ്ചിച്ചും ലാളിച്ചും, ആവശ്യം ഉള്ളതും ഇല്ലാത്തതും എല്ലാം വാങ്ങി നൽകി ശാസിക്കാതെയും ശിക്ഷിക്കാതെയും വളർത്തിയ മകൻ വളർന്നപ്പോൾ ഒപ്പം കളിച്ചുവളർന്ന പെങ്ങളെപോലെ കാണേണ്ട കുട്ടിയുടെ നഗ്നത ക്യാമറയിൽ പകർത്താൻ ശ്രമിച്ചു കേമനായ കഥയോ, അതോ എബിചേട്ടാ എന്നു വിളിച്ചു വിരലിൽ തൂങ്ങി നടന്ന പിഞ്ചുകുഞ്ഞിനെ...
പലതും അറിഞ്ഞും, കേട്ടും ചോദ്യം ചെയ്ത അമ്മയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി വായടപ്പിച്ച ശേഷം അമ്മ ദുർനടപ്പുകാരിയെന്നു നാട് മുഴുവൻ പറഞ്ഞു പരത്തിയെന്നോ..
തിരുത്താനും, നേർവഴിക്കു നടത്താനും ശ്രമിച്ചപ്പോൾ പെറ്റമ്മയെ തല്ലിയും, മുടിക്ക് കുത്തിപിടിച്ചും ഉപദ്രവിച്ചെന്നോ...
അച്ചായന് വിഷമമാകണ്ട എന്നു കരുതി ഒന്നും അറിയിച്ചില്ല.. അവൻ ഇന്ന് നന്നാകും, നാളെ നന്നാകും എന്നു കരുതി നേർച്ചയും, പ്രാർത്ഥനയുമായി കാത്തിരുന്നു...
എല്ലാം സഹിച്ചു ഒടുവിൽ ലഹരി മൂത്തൊരു രാത്രിയിൽ പെറ്റതള്ളയുടെ മാനത്തിനു വില പറഞ്ഞനാളിൽ താനുറപ്പിച്ചാണ് വീടിനു ശാപമായവൻ നാടിനു കൂടെ തീരാശാപമാകുന്നതിനു മുൻപ് അവനെ അവസാനിപ്പിക്കുമെന്നു... അതു തന്റെ കടമയാണെന്ന്... അതിനു എന്തുകൊണ്ടും യോഗ്യ താൻ തന്നെയെന്ന്...
രാകിയ മൂർച്ചകൂട്ടിയ ആയുധം ആ കഴുത്തിൽ ആഴ്ത്തുമ്പോൾ മനസ്സിലൊരു മരവിപ്പായിരുന്നു...
എത്രയൊക്കെയായാലും പെറ്റവയറല്ലേ..
മകനൊരു കൊള്ളരുതാത്തവൻ ആണെന്ന് വിളിച്ചു പറയാൻ നാക്കു പൊന്താത്തതു കൊണ്ട് , അവനെയൊരു നീചനായി മറ്റുള്ളവർ ചിത്രീകരിക്കുന്നത് സഹിക്കാൻ ആവാത്തതുകൊണ്ടു പിന്നീടങ്ങോട്ട് കോടതിയിലടക്കം മൗനം തുടർന്നു .. ദുർനടപ്പുകാരിയെന്ന ചാർത്തികിട്ടിയ പട്ടവും തലയിലേറ്റി ജയിലിന്റെ പടികയറുമ്പോഴും മനസ്സ് പതറിയില്ല...
അല്ലെങ്കിലും ഈ തടവറ....ശിക്ഷ... താൻ അർഹിക്കുന്നത് തന്നെയല്ലേ... മകന്റെ കഴുത്തിൽ കത്തി വെച്ചതിന്റെ ശിക്ഷയല്ല... അവനെ വേണ്ടവിധം നേർവഴിക്കു വളർത്താത്തതിന്റെ ശിക്ഷ.... തെറ്റുകൾ അപ്പനിൽ നിന്നു പോലും മറച്ചു അവനെ കൂടുതൽ വഷളാക്കിയതിന്റ ശിക്ഷ....
രചന : Aswathy Joy Arakkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo