നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെണ്ണിന്റെ ജീവിതം

Girl Looking Away, Girl, Portrait, Outdoors, Face
കല്യാണത്തിന്റെ അവസാനവട്ട ഒരുക്കലിനിടയിൽ നിന്നാണ് അമ്മായിമാർ ചേർന്ന് കിരണേട്ടന്റെ അമ്മയോട് ആ കാര്യംപറയുന്നത് ഞാൻ കേട്ടത്..
മാസക്കുളിയുടെ ഡെയ്റ്റും കൃത്യമായിട്ടറിയില്ലെ ആ പെണ്ണിന്?
കല്യാണ തിയ്യതി കുറിക്കുമ്പോ അതൊക്കെയല്ലേ ആദ്യം നോക്കേണ്ടത് ...അതു പറയുമ്പോൾ അമ്മായിമാരുടെ മുഖത്തൊരു പരിഹാസം കലർന്ന ചിരിയായിരുന്നു.
ജീവിതത്തിലെ ഏറ്റവും വലിയസന്തോഷ നിമിഷങ്ങളാണ് കടന്നുപോകുന്നതെങ്കിലും കണ്ണിലൂടെ നിർത്താതെ നീർച്ചാലുകൾ ഒഴുകാൻ തുടങ്ങിയിരുന്നു.
താലികെട്ടിനുള്ള സമയം അടുത്തു കൊണ്ടിരുന്നപ്പോൾ ശരീരത്തിന് ഒരു തരം വിറയൽ അനുഭവപ്പെട്ടു.
മോളതൊന്നും കാര്യാക്കണ്ട
എന്തു തന്നെ ആയാലും ഈ കല്യാണം മുടങ്ങില്ലയെന്ന് കിരണേട്ടന്റെ അമ്മ പറഞ്ഞപ്പോൾ ദൈവത്തിന്റെ മറ്റൊരു പ്രതിരൂപം മനസിൽ ഉയർന്നു വന്നു..
താലികെട്ട് കഴിഞ്ഞുള്ള ഓരോ നിമിഷവും ചമ്മലോടെയായിരുന്നു ഞാൻ കിരണേട്ടനെ നോക്കിയത്.
കിരണേട്ടൻ ആണെങ്കിൽ യാതൊരു കൂസലുമില്ലാതെ എന്നെത്തന്നെ നോക്കി നിൽക്കയായിരുന്നു .
രണ്ടിനും മുന്നിനും ഇടയിലാ പെണ്ണും ചെക്കനും വീട്ടിലേക്ക് കയറേണ്ട മുഹൂർത്തം.
കിരണേട്ടന്റെ മൂത്തമ്മാവൻ ഒന്നുകൂടി ഓർമിപ്പിച്ചു.
ഭക്ഷണം എങ്ങനെയൊക്കെയോ കഴിച്ചെന്ന് വരുത്തി ഞാൻ വേഗം എന്റെ അമ്മയുടെ അടുത്തേക്ക് നീങ്ങി.
അമ്മാ പ്ലീസ്.. അച്ഛനോടൊന്ന് പറ...
ഇന്ന് നമ്മുടെ വീട്ടിൽ താമസിച്ച് രണ്ടു ദിവസം കഴിഞ്ഞ് കിരണേട്ടനൊപ്പം കിരണേട്ടന്റെ വീട്ടിലെത്താന്ന്..
കല്യാണം കഴിഞ്ഞിട്ടും പെണ്ണിനിഷ്ടം പെണ്ണിന്റെ വീടു തന്നെയോ .??
അമ്മ സങ്കടം ഉള്ളിലൊതുക്കി അൽപ്പം മുഖം കറുപ്പിച്ച് പറഞ്ഞൊപ്പിച്ചു.
കാലെടുത്തു വെയ്ക്കുന്നതു തന്നെ ശകുനത്തോടെയാണല്ലോയെന്നുള്ള മുറുമുറുപ്പ് ഒപ്പം കൂടി നിന്നവരുടെ ഇടയിൽ എനിക്ക് നന്നായി കേൾക്കാമായിരുന്നു.
കിരണേട്ടൻ ഒന്നും അറിഞ്ഞു കാണില്ലേ?
അല്ലെങ്കിലും ഒരു പെണ്ണിന്റെ ജീവിതത്തിൽ സ്വാഭാവികമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയകളല്ലേ ഇതൊക്കെ?
ഇതൊക്കെ കിരണേട്ടൻ എങ്ങനെ അറിയാനാ?
എന്താടോ തനിക്കൊരു വെപ്രാളം?
ആകപ്പാടെ ഒരു പിടച്ചിൽ?..
ഒന്നൂല്ല കിരണേട്ടായെന്നു പറഞ്ഞെങ്കിലും പെട്ടെന്ന് തന്നെ എന്റെ കൈ തലങ്ങളിൽ ചേർത്തു പിടിച്ച് ഒന്നും പേടിക്കണ്ടടോ ഞാനില്ലേ ഇന്നു തൊട്ട് നിന്റെ കൂടെ എന്നു പറഞ്ഞ് എന്റെ നെറ്റിയിൽ ഒരുമ്മ തന്നതും ഒരുമിച്ചായിരുന്നു.
കിരണേട്ടാ ഒറിജിനാലിറ്റിയുള്ള നല്ലൊരു ഫോട്ടോ കിട്ടിയെന്ന് ഫോട്ടോഗ്രാഫർ പറഞ്ഞപ്പോൾ എനിക്കാകെ ചമ്മൽ അനുഭവപ്പെട്ടു .
ഫോട്ടോ ഷൂട്ടിനിടയിലും ധ്വനി നിനക്കെന്തെങ്കിലും വയ്യായ്ക ഉണ്ടോയെന്നു ഇടക്കിടെ ചോദിച്ചതും ഞാനെന്റെ കിരണേട്ടനെ അടുത്തറിയാനുള്ള നിമിഷങ്ങളായിരുന്നു.
കിരണേട്ടന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറുമ്പോഴും ബന്ധുജനങ്ങൾക്കിടയിൽ അശുദ്ധിയായപ്പെണ്ണ് ഏഴു തിരിയിട്ട നിലവിളക്കെടുത്ത് അകത്തു കയറാൻ പാടുണ്ടോയെന്ന ചോദ്യമുണർന്നു.
അടുക്കള വശത്തൂടെ കയറാമല്ലോ ...
ഇവർക്കു വേണ്ടി മാത്രം പണിത ഒരു മുറിയുണ്ട് 3 ദിവസം അവിടെ ... അതു കഴിഞ്ഞ് മതി അകത്തേക്ക് കയറലും തൊടലും ഒക്കെയെന്ന് മൂത്തമ്മായി പറഞ്ഞപ്പോൾ കിരണേട്ടൻ പല്ലുകടിച്ചു ഞെരിച്ചു.
ഒടുവിൽ എല്ലാവരുടെയും നിർദ്ദേശപ്രകാരം നിലവിളക്കില്ലാതെ കിരണേട്ടന്റെ കൈയും പിടിച്ച് വീടിനകത്ത് വലതുകാൽ വച്ച് ഞാൻ കയറി.
ഓരോ ആൾക്കാരും മുറിയിലേക്ക് വന്നെത്തി നോക്കലും പിറുപിറുക്കുന്നതും ഞാനെന്ന കാഴ്ച്ചക്കാരിനോക്കി നിന്നു ...
വൈകീട്ട് കുളി കഴിഞ്ഞ് അടുക്കളയുടെ സമീപമെത്തിയപ്പോഴായിരുന്നു കിരണേട്ടന്റെ അടുത്ത ബന്ധുവായ ഒരു സ്ത്രീയുടെ അലർച്ച കേട്ടത്.
അടുക്കളയും അശുദ്ധിയാക്കല്ലോ ... പരിഷ്ക്കാരികൾ വരുമ്പോ നിയമങ്ങളെല്ലാം തെറ്റാനും തുടങ്ങിയല്ലോ ഭഗവതിയേ....
അതു വരെ അടക്കിപ്പിടിച്ച വേദനകളെയൊന്നായി പുറത്തെടുത്ത് ഭഗവതിയും പെണ്ണു തന്നെയല്ലേ.... പൊറുത്തോളും എന്നുറക്കെ ഞാനും പറഞ്ഞു ...
വന്നു കേറിയില്ല അതിനു മുന്നേ അഹങ്കാരം കണ്ടോയെന്ന് കൂടി നിന്നവർ വീണ്ടും പറഞ്ഞെങ്കിലും മറുത്തൊന്നും പറയാതെ ഞാൻ മുറിയിലേക്ക് നടന്നു .
രാത്രി ബെഡ്ഷീറ്റെടുത്ത് കട്ടിലിനു താഴെ വിരിക്കാൻ ശ്രമിക്കുമ്പോഴാണ് കിരണേട്ടൻ തടഞ്ഞത്.
ഇതൊന്നും നിന്റെം എന്റെം കുറ്റമല്ല..
നിന്റെയീരൊവസ്ഥയിൽ നിന്നെ മനസ്സിലാക്കി നിന്നോടൊപ്പം ഞാൻ നിന്നില്ലെങ്കിൽ പിന്നെ ഞാനൊരു ഭർത്താവ് എന്നു പറയുന്നതിൽ എന്തർഥമാണുള്ളത്?
അന്ന് കിരണേട്ടന്റെ നെഞ്ചിൽ തലചേർത്ത് കിടക്കുമ്പോൾ അതുവരെ അനുഭവിച്ച വേദനകളെല്ലാം ആവിയായ് പറന്നു തുടങ്ങിയിരുന്നു. ഒരു പെണ്ണിന് എന്നും കൂടെ വേണ്ടത് തന്നെ മനസ്സിലാക്കുന്ന തനിക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരാൺ തുണ കൂടെ ഉണ്ടെങ്കിൽ എല്ലാ വേദനകളേം മറന്ന് പുഞ്ചിരിക്കാമെന്ന് കിരണേട്ടൻ മനസ്സിലാക്കി തന്നു.
Shalinivijayan.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot