നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രൊജക്ട്_ആരോ'......(കഥ..?)

"സുഗുണാ ഭയപ്പെടരുത് .. നിനക്ക്
കഴിയുമെന്ന് മനസ്സിനോട് തറപ്പിച്ചു പറയുക .... ഇനിയും വൈകിയാൽ ....?"
ജവാൻ ബാഹുലേയൻ ശക്തി പകർന്നു .
"അത് കറക്ട് .. ഈ വല്ല്യ പുല്ലും വണ്ടില്ലേ .. വല്ല്യ ലോറി , അത് ചെറിയ റോട്ടിലൂടെ പോവുകയാണെന്ന് കരുതുക ... അതിന്റെ പുറകിലുള്ള വണ്ടിക്കാരുടെ മാനസികാവസ്ഥ നീയൊന്നൂഹിക്കണം...
അതേ അവസ്ഥയിലാ ശരിക്കും നിന്റെ അനിയൻമാർ ... നീ കെട്ടിയേ തീരൂ ...!"
ഫൽഗുനൻ ഇല്ലാത്ത താടിരോമങ്ങൾ തപ്പിക്കൊണ്ടു പറഞ്ഞു ...
"ഈ വല്ല്യ വണ്ടി എന്നൊക്കെ പറഞ്ഞാൽ ...ഏത് ....?, ശരിക്കുമുള്ള വണ്ടി നീ കാണാഞ്ഞിട്ടാ ... പണ്ട് ലഡാക്കിൽ ... "
"വേണ്ട ബാഹു ... അവൻ സമ്മതിക്കും."
ഫൽഗുനന്റെ കൈകൾ മീശമേൽ നിരങ്ങി നടന്ന് നിരാശയോടെ താളം പിടിച്ചു.
സുഗുണനെ പെണ്ണു കെട്ടിക്കുക എന്ന 'പ്രൊജക്ട് ആരോ ' യുടെ ആദ്യവട്ട എക്സിക്യുട്ടീവ് മീറ്റിങ്ങായിരുന്നു പശ്ചാത്തലം .
ചെയർമാൻ ബാഹുലേയനും കൺവീനർ ഫൽഗുനനും പിന്നെ അഷ്ടാവക്രനും പുഷ്പ്പാംഗദനും
"ആദ്യമായി നമുക്ക് വേണ്ടത് പെൺകുട്ടിയാണ് .. "
പല്ലിന്റിടയിൽ കുടുങ്ങിപ്പോയ ഈർക്കിൽ വളരെ സാഹസികമായി ഊരുന്നതിനിടെ അഷ്ടാവക്രൻ മൊഴിഞ്ഞു.
"അതെ ... സർവ്വംസഹയായ ഒരു പെൺകുട്ടി ...! " ബാഹുലേയൻ നെഞ്ചുവിരിച്ചു .
"നോ " .... പുഷ്പാംഗദൻ അലറി . അങ്ങനെ ചീത്തപ്പേര് കേൾപ്പിച്ച കുട്ടിയെ സുഗുണന്റെ തലയിൽ കെട്ടിവെക്കാൻ ഞാൻ സമ്മതിക്കില്ല .
"സർവ്വംസഹ .. എന്നാൽ നല്ല അർത്ഥമാണ് .. " സുഗുണൻ രംഗം ശാന്തമാക്കി .
പ്രൊജക്ട് ആരോ , .....! ആരെയെങ്കിലും ഒരാളെ കണ്ടെത്തുക ...അതായാരിന്നു അവരുടെ ലക്ഷ്യം .
അതൊരു മാർച്ച് മാസമാസമായിരുന്നു .ഉണങ്ങി വരണ്ട കാടുംപടലും വെട്ടിത്തെളിച്ച് ഇറിഗേഷന്റെ കനാൽ നന്നാക്കുന്ന പണി തുടങ്ങിയിരുന്നു.
കനാൽ പണിയ്ക്ക് വന്ന വിചിത്രവീര്യൻ ഉച്ചയൂണിന്റെ ഇടവേളയിൽ വിട്ട പുകച്ചുരുളുകൾ കുമിഞ്ഞ് കൂടിയത് കണ്ട് മഴക്കോളാണെന്ന് തെറ്റിദ്ധരിച്ച് ഉണ്ടാക്കാനിട്ട പുല്ലും നെല്ലും വാരാൻ തിരക്കുകൂട്ടുന്ന പെണ്ണുങ്ങളെ സഹായിക്കാൻ പ്രൊജക്ട് ആരോ ടീമും എത്തിയിരുന്നു.
സുഗുണന്റെ സൗന്ദര്യം നിറഞ്ഞൊഴുകി വലിയൊരു പുഴയായത് ശ്രദ്ധിച്ച വിചിത്രവീര്യൻ തന്റെ നാട്ടിലുള്ള ശകുന്തളയുടെ ജാതകം ബാഹുലേയനെ ഏൽപ്പിച്ചു.
ശകുന്തള ... ഇരേഴു പതിനാല് ...അല്ല ..! മൂന്നാല് പന്ത്രണ്ടാം ക്ലാസിൽ പഠിപ്പു നിർത്തി അമ്മയെ സഹായിക്കാനെന്ന വ്യാജേന അടുക്കളയിൽ ഉലാത്തുന്ന പാവാടക്കാരി. പോസ്റ്റ്മാൻ ലംബോദരന്റെ ഏകമകൾ .കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പിന്നെ ഇങ്ങോട്ടുമങ്ങോട്ടും സംസാരിച്ച്
പെണ്ണ് കാണൽ ഉറപ്പിച്ചു.
അന്നൊരു വ്യാഴാഴ്ചയായിരുന്നു . ജ്വാലയായ് സീരിയലിന്റെ മൂന്നാറ്റിയാറാം എപ്പിസോഡ് നടക്കുന്നതിനിടെ ടീം പ്രൊജക്ട് ആരോ ലംബോദരന്റെ പടിപ്പുരയിൽ പാദമൂന്നി ..
"ബാഹു ... എനിക്ക് പേടിയാവുന്നു. .. ഇത് വേണോ ...? "
"സുഗുണാ ... ഭയം നിശ്ചലമത്രേ ...! നീ മിണ്ടാണ്ട് നടന്നേ .."
"എനിക്ക് തൊണ്ട വരളും പോലെ ...
സർവ്വാംഗം ഒരു തളർച്ച ..മൂത്രം ഒഴിക്കണോ അതോ വെള്ളം കുടിക്കണോ എന്ന്തന്നെ തിരിച്ചറിയാൻ പറ്റുന്നില്ല."
"എന്നാ നീ മൂത്രം ഒഴിച്ച് അത് കുടിക്ക് ... കിന്നരിക്കാണ്ട് നടക്ക് ചെക്കാ ..." പുഷ്പ്പാംഗദൻ ചീറി.
വിചിത്രവീര്യനും ലംബോദരനും അവരെ സ്വീകരിച്ചു. ..
"കിണ്ടിയിൽ വെള്ളമുണ്ട് കാല് കഴുകാ.....!"
പറഞ്ഞു തീരുന്നതിന് മുൻപേ സുഗുണൻ കിണ്ടിയുടെ വാൽ അണ്ണാക്കിൽ കുത്തിക്കേറ്റി പശു കാടി കുടിക്കുന്ന ചേലിൽ ഗ്ളും ... ഗ്ളും എന്ന് മുഴക്കുന്നുണ്ടായിരുന്നു.
"വെള്ളം ഇനിയും ഒരുപാട് വേണ്ടി വന്നേക്കും .. "ഫൽഗുനൻ മണ്ടപോയ തെങ്ങിനെ നോക്കിപ്പറഞ്ഞു.
ഈ സമയം കൊണ്ട് അഷ്ടാവക്രൻ ഒറ്റച്ചാട്ടത്തിന് പുമുഖത്ത് കയറി ഇരിപ്പിടം സ്വന്തമാക്കിയിരുന്നു. ..
"മോളെ ശകുന്തളേ ... അവര് വന്നു. ... "
"അതെ ഞങ്ങൾ വന്നു. ... "ഫൽഗുനൻ എക്കോ രൂപേണ പറഞ്ഞു.
സുഗുണന്റെ ഹൃദയം പടപടാ അടിക്കാൻ തുടങ്ങി .. ശകുന്തളയുടെ പാദങ്ങൾ പൂമുഖം പുൽകി ... നിറഞ്ഞ നിശബ്ദത...
സുഗുണൻ സർവ്വശക്തിയുമെടുത്ത് മുഖമുയർത്തി.
നിലാവിൽ ചന്ദ്രികയെന്ന പോലെ .. വേനലിലെ മഴ പോലെ .. മഴയുടെ കുളിർ പൊലെ ഒരു പെണ്ണ് ..
ആ മിഴികളുടക്കിവീണ് രണ്ടു പേരും അന്ധരായി .. അന്ധകാരം വിട്ടുണർന്ന അവരുടെ മനസ്സിൽ എതോ സിനിമാ ഗാനം അലയടിച്ചു.
"ഞാൻ ഒരു പോസ്റ്റമാനാണ് .. കൂടുതൽ സമ്പാദ്യങ്ങൾ ഒന്നും തന്നെയില്ല .. എന്നാലാവും വിധം മകളെ പറഞ്ഞയയ്ക്കാം .കാര്യങ്ങൾ വിചിത്രവീര്യൻ പറഞ്ഞിരിക്കുമല്ലോ അല്ലേ .. ..?" ലംബോദരൻ വിനയാന്വിതനായി.
"സ്ത്രീയാണ് ധനം ... അല്ലേ ..?" സുഗുണനെ നോക്കി ബാഹുലേയൻ പറഞ്ഞു.
"ഒരു ഈർക്കിൽ തരുമോ ...? "
മേശമേൽ നിരത്തിയ പലഹാരങ്ങൾ വിശ്രമമില്ലാതെ അകത്താക്കി
തളർന്ന് വീണ അഷ്ടാവക്രൻ ഫൽഗുനന്റെ കാതിൽ ചോദിച്ചു ..
"പല്ലിന്റെ ഇടയിൽ കുത്താനാണോ ... തൽക്കാലം അടങ്ങ് .. പോവുമ്പോൾ സംഘടിപ്പിക്കാം .. " ഫൽഗുനൻ ആശ്വസിപ്പിച്ചു.
അങ്ങിനെ കാര്യങ്ങൾ ഝടുതിയിൽ നീങ്ങി .. സുഗുണന്റെ കല്യാണം നാട് ഏറ്റെടുത്തു. .. കനാലിൽ ഇതിനകം വെള്ളം ഒഴുകാൻ തുടങ്ങി .. തല പോയതെങ്ങ് മുറിച്ച് പാലമുണ്ടാക്കി കല്യാണ വീട്ടിലേക്ക് വഴിതെളിഞ്ഞു.
സുഗുണൻ ഒരേ ചിന്തയിലാണ് ... വരാൻ പോവുന്ന ദുർഘട നിമിഷങ്ങൾ അവന്റെ മനസ്സിൽ ശംഖനാദമുയർത്തി ..
ശകുന്തളയുടെ അംഗലാവണ്യം അവന്റെ ചിന്തകളെ ശീതീകരിച്ചു.
മുഹൂർത്ത സമയത്ത് സുഗുണനെ കാണാഞ്ഞ് സർവ്വരും പരിഭ്രാന്തരായി ..
ആട്ടിൻകൂടിന്റെ മൂലയിൽ ചിന്താമഗ്നനായ
സുഗുണനെ കൈയ്യോടെ പിടിച്ച് അഷ്ടാവക്രൻ മണ്ഡപത്തിലിരുത്തി ..
കെട്ടു കഴിഞ്ഞ് കുരവയിട്ട് സദ്യയുണ്ട് നാട്ടുകാർ പിരിഞ്ഞു. ... സുഗുണൻ വാടിക്കുഴഞ്ഞ് വശംകെട്ടിരുന്നു.
"എന്താ സുഗുണാ നിനക്ക് വിഷമം .. "
ഫൽഗുനൻ തിരക്കി .
സുഗുണൻ കരയാൻ തുടങ്ങി ..
"അവൾക്ക് ഒരു പാട് കത്ത് കൊടുത്തിട്ടുണ്ടെന്ന് ഒരുത്തൻ പറഞ്ഞു. അവൾ തിരിച്ചും കൊടുത്തിട്ടുണ്ടത്രേ ..! "
"ആര് എപ്പോ പറഞ്ഞു. .. " ഫൽഗുനൻ രോഷഭിക്ഷുവായി ..
"അവരുടെ കൂടെ വന്ന ഒരു ചപ്രത്തലയൻ .അയാൾക്ക് പത്തറുപത് വയസ്സ് കാണും .. ചതിച്ചതാ നിങ്ങൾ എന്നെ .. അല്ലേ ..?"
ഫൽഗുനൻ ഇതികർത്തവ്യതാമൂഢനായി ..
"സുഗുണാ നമുക്ക് വഴിയുണ്ടാക്കാം .. നീ സമാധാനിക്ക് ."
ആദ്യരാത്രിയുടെ രോമാഞ്ചകഞ്ചുകമണിഞ്ഞ് ശകുന്തള മണിയറ പുൽകി .സുഗുണന് ഭയവും നിരാശയും ദേഷ്യവും ഉണ്ടായിരുന്നു. അത് കാണിക്കാതെ അവൻ ചോദിച്ചു .
"നീ ആർക്കെങ്കിലും കത്ത് കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ ..?"
ആദ്യരാത്രിയിലെ ആദ്യ ചോദ്യംകേട്ട ശകുന്തള ആദ്യമായൊന്ന് പതറി.
"ഉണ്ട് ... ഒരു പാട് .. "
സുഗുണൻ പൊട്ടിക്കരഞ്ഞു ...
"അയ്യേ .. എന്തിനാ ചേട്ടൻ കരയുന്നത് .. അച്ഛന് വയ്യാത്തപ്പോൾ അധികവും ഞാനാണ് കത്ത് കൊടുക്കാൻ പോവാറ്, പോസ്റ്റാഫീസിൽ ചെന്ന് കത്ത് വാങ്ങി വിലാസക്കാർക്ക് കൊടുക്കും .. ചിലരൊക്കെ അയയ്ക്കാനുള്ളത് തരാറുമുണ്ട് .. "
സുഗുണൻ വിജൃംബിച്ച തന്റെ മുഖത്ത് ഒരു വളിച്ച ചിരി വിരിയിച്ച് അജണ്ടയിലേക്ക് കടന്നു.
തീർന്ന് ....🙏
ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot