നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നക്കുട്ടിയുടെ സ്വന്തം ....

Beautiful, Woman, Hair, Blond, Long Hair, Portrait
കുറെ നാളുകളായിട്ട് തന്റെ പുത്രന്റെ ഓമന കുഞ്ഞിനെ ഒന്ന് കാണാനുള്ള അടങ്ങാത്ത കൊതി മനസ്സിൽ കൊണ്ടു നടക്കുകയാണ് അന്നക്കുട്ടി.അങ്ങനെയിരിക്കെ രണ്ടു ദിവസം മുൻപ് പള്ളീന്നു വരുമ്പം അയലോക്കത്തെ വത്സല ടീച്ചറും, മോളും കുഞ്ഞും കൂടെ അവരുടെ വീടിനു പുറത്ത് അമ്പലത്തിൽ പോകാനിറങ്ങി നിക്കുന്നു.തോമസുകുട്ടിയുടെ കൊച്ചും ഇപ്പം ഇത്രേമൊക്കെ ആയിട്ടുണ്ടാവും,കുഞ്ഞിനെ കണ്ടതും അന്നക്കുട്ടി ഓർത്തു . ടീച്ചറുടെ കൊച്ചുമോനെക്കാളും പതിനെട്ടു ദിവസം എളേതാ തന്റെ ഫിലിപ്പു മോൻ.ടീച്ചറുടെ മോളെ കെട്ടിച്ചയച്ചിരിക്കുന്നത്‌ കുറച്ചു ദൂരെയാ.ഇടക്കൊക്കെയേ ഇങ്ങോട്ടു വരൂ. ഇന്നാള് കുഞ്ഞുമായി വന്നപ്പം താൻ പനിപിടിച്ചു കിടപ്പായിരുന്നതുകൊണ്ടു കാണാനും പറ്റിയില്ല.ഓമനടീച്ചറും അന്നയും ഏകദേശം ഒരേ പ്രായക്കാരാണ്. ഒരേ സ്‌കൂളിൽ പഠിച്ചവർ.വത്സല പഠിപ്പിൽ ബഹുകേമിയായിരുന്നു.സ്‌കൂളിലായിരുന്നപ്പം അന്നക്കുട്ടിക്ക് വത്സലയെപ്പോലുള്ള എല്ലാ മിടുക്കന്മാരോടും മിടുക്കികളോടും നല്ല മൂത്ത അസൂയയായിരുന്നു. സ്‌കൂളിൽ ആദ്യമായി എട്ടാം ക്‌ളാസ്സിന്റെ ഇംഗ്ലീഷ് മീഡിയം ഒരു ഡിവിഷൻ തുടങ്ങിയപ്പം വത്സലയെപ്പോലുള്ള പഠിത്തക്കാരൊക്കെ അങ്ങോട്ടേക്ക് ആവേശത്തോടെ മാറി.പഠിപ്പിൽ എന്നും പുറകോട്ടായിരുന്ന അന്നക്കുട്ടിയോ,തോറ്റു തോറ്റാണ് ഒരു വിധം പത്താം ക്ലാസ്സിലെത്തിയത്.അപ്പൊഴേക്കും ഓമന പത്തിൽ ഫസ്റ്റ് ക്ലാസും മേടിച്ചു സ്‌കൂൾ വിട്ട്, മിടുക്കിയായി കോളേജിൽ ഡിഗ്രി തുടങ്ങിക്കഴിഞ്ഞായിരുന്നു.അന്നക്കുട്ടി പത്താം ക്‌ളാസ്സു രണ്ടു തവണ തോറ്റുകഴിഞ്ഞപ്പോൾ അപ്പൻ ഒരു നല്ല കാര്യമങ് ചെയ്തു. ആ നാട്ടിലെ തന്നെ നല്ലയൊരു പയ്യനെ അന്നക്കുട്ടിക്കായി കണ്ടു പിടിച്ചു മാന്യമായി അവളെ കല്യാണം കഴിപ്പിച്ചു വിട്ടു.വത്സലയോടു കുശുമ്പുണ്ടായിരുന്നതൊക്കെ പണ്ടത്തെ കഥ.കല്യാണോം കഴിഞ്ഞു കുടുംബിനിയായപ്പം അന്നക്കുട്ടി അതൊക്കെയങ്ങു മറന്നു കളഞ്ഞു.പോരാഞ്ഞു കേറിച്ചെന്ന കുടുംബത്തിന്റെ തൊട്ടയല്പക്കക്കാരിയായി വത്സലയെ കണ്ടപ്പോൾ പറഞ്ഞറിയിക്കാത്ത സന്തോഷമാണ് അന്നക്കുട്ടിക്കു തോന്നിയത്. മാത്രമല്ല ഇത്രയും പട്ടു സ്വഭാവമുള്ള, തങ്കപ്പെട്ട ഒരാളെ ആർക്കാണെങ്കിലും സ്നേഹിക്കാനല്ലേ പറ്റൂ.
നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ടവളായിരുന്ന വത്സല താമസിയാതെ ആ നാട്ടിലെ സ്‌കൂളിൽ തന്നെ ടീച്ചറായി ചേരുകയും ചെയ്തു.അന്നക്കുട്ടി അന്ന് തൊട്ട് അവരെ സ്നേഹപൂർവ്വം‘വത്സലടീച്ചറെ’എന്നേ വിളിക്കാറുള്ളൂ.
കുറച്ചു ദിവസങ്ങൾ കൂടിയുള്ള കണ്ടുമുട്ടലായിരുന്നതുകൊണ്ടു ടീച്ചർക്ക് കുറെയേറെ വിശേഷങ്ങൾ പറയാനുണ്ടായിരുന്നു.അവരുടെ മോൾക്ക് അവിടുത്തെ കോളേജിൽ താൽകാലടിസ്ഥാനത്തിൽ പഠിപ്പിക്കാനായി ജോലി കിട്ടിയതും, അതുകൊണ്ട് മോളും കുഞ്ഞും ഇനി കുറച്ചു നാളുകൾ അവരുടെ കൂടെ കാണുമെന്നൊക്കെ ടീച്ചർ വലിയ സന്തോഷത്തോടെയായിരുന്നു പറഞ്ഞത്. ടീച്ചറുടെ കുശലങ്ങൾ കേൾക്കുന്ന തിരക്കിലും അന്നക്കുട്ടിയുടെ കണ്ണുകൾ ടീച്ചറുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ മുഖത്തായിരുന്നു.കുഞ്ഞ് അന്നക്കുട്ടിയെ നോക്കി ഇടക്കൊക്കെ പുഞ്ചിരി തൂകുന്നത് കണ്ടപ്പോൾ അന്നക്കുട്ടി ‘വാടാ കുട്ടാ’ എന്നും പറഞ്ഞ് അവന്റെ നേർക്ക് കൈ നീട്ടേണ്ട താമസം, അവൻ ഉടൻ ചാടിച്ചെന്നു.
“ഇവനൊരു പരിചയക്കുറവുമില്ല ആന്റീ, ആര് വിളിച്ചാലും അവൻ ചാടിച്ചെല്ലും!” അന്നക്കുട്ടിയുടെ എളിയിൽ ഇരുന്നു കുസൃതിക്കുട്ടൻ കൊഞ്ചലും ചാട്ടവും കളിയും തുടങ്ങിക്കഴിഞ്ഞു.
“ അത് നല്ല കാര്യമല്ലേ മോളെ, അല്ലാതെ മനുഷ്യമ്മാരെ കാണുമ്പം കുഞ്ഞ് കിടന്ന് അലറി കൂവണോ, അല്യോടാ ചക്കരെ!”കുഞ്ഞിനെ എടുത്തു കുറച്ചു നേരം കൊഞ്ചിച്ചപ്പോൾ അന്നക്കുട്ടിയുടെ മനസ്സാകെയൊന്ന് നിറഞ്ഞതു പോലെ! അവരുടെ കൈകൾ കുഞ്ഞിനെ അങ്ങനെ തഴുകിക്കൊണ്ടിരുന്നു.
“എന്താ അന്നക്കുട്ടി, നിന്റെ മോൻ കുറെ നാളായല്ലോ വന്നിട്ട് ? കുഞ്ഞിനെയുമൊക്കെയായി ഉടനെയെങ്ങാൻ വരുന്നുണ്ടോ? വിളിക്കാറില്ലേ? ഓ, ഇപ്പം വീഡിയോ കോൾ ഒക്കെയുള്ളതുകൊണ്ടു എന്നും തന്നെ കണ്ട്‌ സംസാരിക്കാമല്ലോ, ഇല്ലേ?”
“ഓ, എന്റെ ടീച്ചറെ, എനിക്കീ പുത്തൻ പരിഷ്കാരങ്ങളൊന്നും ഒട്ടും അറിയത്തില്ല. മൊബൈൽ കുന്ത്രാണ്ടമൊക്കെ ഒന്ന് തൊട്ടു നോക്കാൻ പോലുമെനിക്ക് പേടിയാ! ആ മറ്റേ ഫോൺ ഒണ്ടല്ലോ,അതിലാ മകന്റെ വിളിയൊക്കെ.അവൻ ഈ മാസം മിക്കവാറും വരുമെന്നാ പറഞ്ഞെ“. വിഷമിച്ചാണ് അന്നക്കുട്ടി ആ നുണ അടിച്ചു വിട്ടത്. അതുകൊണ്ടു ടീച്ചർ കാണാതിരിക്കുവാൻ അവർ മുഖം സ്വല്പം തിരിച്ചു പിടിച്ചു. മകന് തന്നെപ്പറ്റി വലിയ കരുതലൊന്നുമില്ലെന്നു ഇവരൊക്കെ എന്തിനറിയണം!
“ഇവനിപ്പം മുട്ടേൽ നീന്തുവോ കുഞ്ഞേ?മോൾടെ പാലൊക്കെ കൊടുക്കിന്നില്ലായോ? അസുഖം ഒന്നും വരാതിരിക്കണേൽ മുലപ്പാല് കൊടുക്കണം കേട്ടോ!”
“ഇപ്പോഴത്തെ തലമുറക്കിതൊന്നും പറഞ്ഞു കൊടുത്തില്ലെങ്കിൽ അവര് നേരാംവണ്ണമൊന്നും ചെയ്യത്തില്ലെന്റെ ടീച്ചറെ”.
കുഞ്ഞിനെ അമ്മയുടെ
കൈകളിലേക്ക് തിരികെ ഏല്പിച്ചുകൊണ്ട് അന്നക്കുട്ടി തന്റെ ഭാഗം ന്യായീകരിച്ചു.
തിരിച്ചു വീട്ടിലോട്ടു വന്നപ്പം മുതൽ ഫിലിപ്പുമോനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന ആശ കലശലായി തലപൊക്കുവാൻ തുടങ്ങി. ഊണിലും ഉറക്കത്തിലും സ്വപ്നത്തിലും ഒക്കെ അവന്റെ രൂപമങ്ങനെ കണ്ണിന്റെ മുൻപിൽ. കുഞ്ഞിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലെങ്കിലും അന്നക്കുട്ടി അവനൊരു ഓമനത്തമുള്ള രൂപം സങ്കൽപ്പിച്ചു നൽകിയിട്ടുണ്ടായിരുന്നു.അവൻ മുട്ടിലിഴഞ്ഞു വന്നു തന്നെ കെട്ടിപ്പിടിക്കുന്നതും, താനെടുത്തു വാരിപ്പുണരുന്നതും ഒക്കെ കണ്ണടച്ചിരുന്നവർ ആവോളം ആസ്വദിച്ചു.
ഒൻപതു വർഷം താൻ പെറാതെ പെറാതെയിരുന്നിട്ടു അവസാനം ദൈവം തമ്പുരാന്റെ അനുഗ്രഹം കൊണ്ട് കിട്ടിയതാ തന്റെ തോമസുക്കുട്ടിയെ.അവൻ പത്താം ക്‌ളാസിൽ പഠിച്ചോണ്ടിരുന്നപ്പോ അവന്റപ്പന് പെട്ടെന്നൊരു ചങ്കുവേദന.കൊഴഞ്ഞൊരു വീഴ്ചയായിരുന്നു.ആശുപത്രീലെത്തിച്ചപ്പോഴേക്കും ആള് പോയി.
അതുവരേം കുടുംബകാര്യങ്ങളെല്ലാം നോക്കിനടത്തിയിരുന്നതങ്ങേരായിരുന്നു.പെട്ടെന്ന് തനിച്ച് നടുക്കടലിലകപ്പെട്ട അവസ്ഥ. തന്റെ കണ്ണിലിരുട്ടു കേറിപ്പോയി.പിന്നെ ഏതുവിധേന ഒക്കെയാണ് ഒന്ന് ജീവിതം മുൻപോട്ടു കൊണ്ടുപോയതെന്നു കർത്താവിനു മാത്രമറിയാം.ആ ജീവിതത്തിൽ തനിക്കവനും, അവനു താനും മാത്രമായിരുന്നു താങ്ങും തണലും.കല്യാണം കഴിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു.ഇപ്പം ഇടയ്ക്കിടയ്ക്ക് കുറച്ചു പൈസ അയച്ചുതരും.അതോടെ ബന്ധമെല്ലാം തീരുമോ?ഫോൺ വിളി വല്ലപ്പോഴും മാത്രം.സ്വന്തം തള്ള ജീവനോടിരിപ്പുണ്ടോ, വല്ലോം കഴിക്കുന്നുണ്ടോ, ങേഹേ,
അവനൊന്നും അറിയണ്ടല്ലോ!
മകൻ പ്രേമിച്ചു കെട്ടിയതാ.പെണ്ണ് കുറച്ചു സാമ്പത്തികമൊക്കെ ഉള്ള വീട്ടിലെ ആണെന്ന് മാത്രമല്ല,
ബാംഗ്ളൂരിൽ നഴ്സും.സ്‌കൂളിൽ വെച്ചുതുടങ്ങിയ പ്രണയമാണെന്നാ നാട്ടുകാര് പറയുന്നേ. പൂച്ച പോലിരുന്ന തന്റെ ഈ ചെക്കനിതെങ്ങനെ സാധിച്ചെടുത്തു എന്ന് അന്നക്കുട്ടിക്കിപ്പോഴും അദ്‌ഭുതമാണ്.പിന്നെ ഒരു കാര്യമുണ്ട് കേട്ടോ,അവൻ കാണാൻ,നല്ല വെളുത്തു ചുവന്നൊരു സുന്ദരക്കുട്ടനാ.
അവന്റപ്പനും നല്ല നിറമൊക്കെയുള്ള ഒരു യോഗ്യനായിരുന്നു.
ദൈവാധീനം കൊണ്ട് അവന്റെ അപ്പന്റെ സൗന്ദര്യം അവനങ് കിട്ടി.ആ പെങ്കൊച്ചു അതിൽ മയങ്ങി വീണതാവാനേ വഴിയുള്ളൂ.
തന്റെ കോലത്തിലെങ്ങാനും അവനുണ്ടായിപ്പോയിരുന്നെങ്കിൽ ഇങ്ങനെ വല്ലോം നടക്കുവായിരുന്നോ?കല്യാണം നടക്കുമ്പം അവനിവിടെ ഒരു പ്രൈവറ്റ് കമ്പനീല് ജോലിയായിരുന്നു.താമസിയാതെ തരക്കേടില്ലാത്ത ഒരു ജോലിയൊക്കെ ശരിയാക്കിക്കൊടുത്ത് അവനെ അവളങ്ങ് കൊണ്ടുപോയി.
താനിവിടെ ഒറ്റക്കുമായി.
മരുമകൾ പ്രസവിച്ചതും അങ്ങ് ബാംഗ്ലൂരിൽ ആയിരുന്നു , അവിടെയാണ് അവർക്കു പറ്റിയ ആശുപത്രിയും,സൗകര്യങ്ങളൊക്കെയും എന്നും പറഞ്.പ്രസവ സമയത്തെങ്കിലും ഒന്ന് അവിടംവരെ കൊണ്ട് പോകുമായിരിക്കുമെന്ന് തന്നെയായിരുന്നു വിശ്വാസം. അപ്പോഴെങ്കിലും ഒന്ന് കൂടെപോയി നിന്ന് കുഞ്ഞിനെ മതിയാവോളം താലോലിക്കാമെന്നൊരു മോഹമുണ്ടായിരുന്നു മനസ്സിൽ. പക്ഷെ പഠിപ്പും, പരിഷ്‌കാരവുമില്ലാത്തതുകൊണ്ടാവണം ആ സമയം ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞു തന്നെ ഒഴിവാക്കി, എന്നിട്ട് അവളുടെ ‘മമ്മിയെയും’ കൊണ്ടുപോയി.അവര് വലിയ പത്രാസുകാരായതുകൊണ്ടു ചെറുക്കനിപ്പം അവര് മതി.അവളും അവളുടെ തള്ളയും പറയുന്നതൊക്കെ ഇപ്പം അവനു വേദവാക്യം! അന്നക്കുട്ടി ആലോചിക്കുകായിരുന്നു, പെണ്ണ് കെട്ടിയേപ്പിന്നെ ഈ ചെറുക്കന് വന്ന മാറ്റമേ! വാലുമാട്ടി അവളുടെ പുറകെ നടപ്പാണ് ഏതുനേരവും.
മരുമകളും തള്ളയുമൊക്കെ തന്റെ നേർക്ക് കാണിക്കുന്ന അവജ്ഞ മകൻ കണ്ടിട്ടും കാണാത്ത മട്ടിലങ്ങു നടക്കുകാണ്.തരം കിട്ടുമ്പോഴൊക്കെ മരുമകളുടെ വക ചവിട്ടിത്താത്തലും അപമാനിക്കലും വേണ്ടുവോളം കിട്ടുന്നുണ്ട് !
ആരോട് പറയാനാണ്! എല്ലാം വിധി!പെൺവീട്ടുകാര് വരച്ച വരയിൽ മകനങ്ങനെ ഓച്ഛാനിച്ചു നിക്കുന്നത് കണ്ടു അന്നക്കു സങ്കടം തോന്നാറുണ്ട്.
പേറൊക്കെ കഴിഞ്ഞു മാമോദീസ മുക്കാനായി നാല്പതായ കൊച്ചിനേം കൊണ്ട് വന്നു.നാലഞ്ചു ദിവസം ആണ് ആ കൊച്ചിനെ ഒന്ന് തൊടാൻ കിട്ടിയത്.അതും ആ മരുമകള് പെണ്ണിന്റെ കണ്ണ് വെട്ടിച്ചുവേണം. അടുക്കളപ്പണിയുമൊതുക്കി കൊതിച്ചു കൊതിച്ചു ആ കുഞ്ഞിനെ ഒന്നെടുക്കാനോടിച്ചെല്ലുമ്പോൾ, അവളെങ്ങാൻ കണ്ടുപോയാൽ ഉടൻ വഴക്കു പറയും,
“എന്റമ്മച്ചീ, അമ്മച്ചീടെ കൈയിലൊക്കെ മുളകും മസാലയുമൊക്കെയാ.ആ കൊച്ചിന്റെ മേലൊക്കെ നീറും.കൊച്ചിന് വല്ല അസുഖവും പിടിപ്പിച്ചാലേ സമാധാനമാകത്തൊള്ളോ?കുളിച്ചേച്ചും വാ, എന്നിട്ടെടുക്കാം.”
എന്റെ പുണ്യാളാ, ആ പെണ്ണിന്റെ ഒരു അഹമ്മതിയേ! ‘എനിക്കെന്നാ ഒന്നുമറിയാൻ പാടില്ലായോ? ഞാനെന്റെ തോമസുകുട്ടിയെ ഒരു കുഴപ്പവും കൂടാതെ വളർത്തി വലുതാക്കിയതാടീ’, എന്ന് പറയാൻ നാക്കിന്റെ തുമ്പത്തു വരുമെങ്കിലും അന്നക്കുട്ടി ബുദ്ധിപൂർവം കമാന്നു മിണ്ടീട്ടില്ല ! എന്തിനാ വെറുതെ പൊല്ലാപ്പുണ്ടാക്കുന്നെ! അവള് വല്ലോം പറഞ്ഞു കൊടുത്താൽ മകൻ എന്തായാലും തന്റെ നേർക്കേ ദേഷ്യം കാണിക്കൂ. അതൊഴിവാക്കാനുള്ള ബുദ്ധിയൊക്കെ എന്തായാലും ദൈവം അന്നക്കുട്ടിക്ക് കനിഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. കൺകുളിർക്കെ കണ്ടില്ല, കൊതി തീരെ ഒന്നവനെ എടുത്തില്ല, അതിനുമുൻപ് എല്ലാരും കൂടി തിരിച്ചൊരു പോക്കും അങ്ങ് പോയി, ബാംഗ്ലൂരിലേക്ക്.
ആറേഴു മാസം കഴിഞ്ഞു പോയിട്ട്. വല്ലപ്പോഴും വിളിക്കുമ്പോൾ അവനോടു ഇത് മാത്രമേ തനിക്കു പറയാനുള്ളൂ,
“ എടാ, നീ കുറച്ചു ദിവസം ഇവിടെ വന്നൊന്നു നിക്ക്. കൊച്ചിനെ കാണാൻ കൊതിയാവുന്നു.”
“ജോലിത്തിരക്കാണമ്മച്ചീ, ലീവില്ലാ” ഇത് തന്നെ അവന്റെ പല്ലവി.
മനസ്സിന്റെ കനത്ത ഭാരമൊന്നലിഞ്ഞില്ലാതാവട്ടെ എന്ന് കരുതി അന്ന ഒരു ദീർഘനിശ്വാസത്തോടെ പറമ്പിലേക്കിറങ്ങി കുറച്ചു നേരം വാഴയുടെയും കപ്പയുടേയുമൊക്കെ ഇടയിൽ കൂടിചുറ്റിനടന്നു.പറമ്പിൽ നിന്നാൽ വത്സലടീച്ചറുടെ വീട് കാണാം.അങ്ങോട്ട് നോക്കി നിന്നപ്പോൾ അന്നക്കുട്ടിക്കു രണ്ടു ദിവസം മുന്നേ തന്റെ എളിയിൽ ഇരുന്നു കുതിച്ചു ചാടിയ അപ്പുക്കുട്ടന്റെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു വന്നു. അവരുടെ കാലുകൾ അറിയാതെ ആ വീട്ടിലേക്കു നീങ്ങി.
ടീച്ചറുടെ വീട്ടിലേക്കു അന്നക്കുട്ടി നടന്നു കയറുമ്പോൾ വീടിന്റെ മുൻപിലുള്ള അടച്ചുകെട്ടിയ വലിയ വരാന്തയിൽ മുഴുവനും എന്തൊക്കെയോ സാധനങ്ങൾ ചിതറി കിടക്കുന്നു.കുറെ കളിപ്പാട്ടങ്ങളും,പത്രങ്ങളും, മാസികകളും, പാത്രങ്ങളും എന്നു വേണ്ട സകലമാന സാധനങ്ങളും കിടപ്പുണ്ട്. അതിന്റെയെല്ലാം നടുക്ക് അവശയായി ടീച്ചറും പടഞ്ഞിരുപ്പുണ്ട്. കഥാനായകൻ അപ്പുക്കുട്ടൻ അടുത്തുള്ളൊരു സ്റ്റൂളിൽ വലിഞ്ഞു കയറാൻ നോക്കുന്നു.
“ എന്റെ അന്നക്കുട്ടി ഇത് കണ്ടോ ഇവന്റെയൊരു കാര്യം. ചെറുക്കനൊരു നിമിഷം അടങ്ങിയിരിക്കില്ല. നീ ഇപ്പം വന്നത് നന്നായി. ഒരഞ്ചു മിനിറ്റൊന്നിവനെ നോക്കണേ. ഞാനോടിപ്പോയി ശകലം ചോറുണ്ടേച്ചും വരാം.”
കുഞ്ഞിനെ അന്നക്കുട്ടിയെ ഏൽപ്പിച്ചു ടീച്ചർ അകത്തേക്ക് പോയി. “ഇങ്ങു വാടാ ചട്ടമ്പീ, അമ്മച്ചിയെടുത്തോണ്ടു നടക്കാവല്ലോ ചക്കരയെ ” അന്നക്കുട്ടി കൈ നീട്ടിയപ്പോൾ കുഞ്ഞു ചിരിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു വന്നു.അന്ന അവനെ വാരിയെടുത്തു. ടീച്ചർ ചോറുണ്ടിട്ട് വന്നപ്പോൾ അന്നക്കുട്ടിയും കുഞ്ഞും കൂടെ കളിച്ചു രസിച്ചിരിക്കുന്നതു കണ്ടിട്ടവർക്കാശ്വാസമായി.
“എന്റെ അന്നക്കുട്ടി, ഒരാളെ ജോലിക്കന്വേഷിച്ചിട്ടു കിട്ടുന്നില്ല.ഞാനീ മാർച്ചിൽ റിട്ടയർ ആകും. കുറച്ചു മാസങ്ങളും കൂടി ഉണ്ടല്ലോ.മോൾടെ പ്രസവസമയത്ത് ലീവുള്ളതൊക്കെ കുറെ എടുത്ത് തീർത്തായിരുന്നു.ഇനി കുറച്ചോക്കെയേ ഉള്ളൂ.HM ന്റെ ഉത്തരവാദിത്വമുള്ളതുകൊണ്ടു അങ്ങനെ ഇട്ടെറിഞ്ഞിട്ടു വീട്ടിൽ കുത്തിയിരിക്കാനും പറ്റുകില്ലല്ലോ.ഇവിടെ ജോലിക്കു വരുന്ന കല്യാണീടെ കാര്യം നിനക്കറിയരുതോ! മൂന്നാലു വീട്ടിലെ പണിയുണ്ടവൾക്ക്.
അതുകൊണ്ടു രാവിലെ ഇവിടത്തെ പണീം കഴിഞ്ഞ് ഓടിപ്പോകാൻ ധൃതിയാ അവൾക്ക്‌.” ടീച്ചർ തന്റെ സങ്കടങ്ങൾ അന്നക്കുട്ടിയുടെ മുൻപിൽ വിളമ്പി.
“സാറിനാണെങ്കിലും ലീവൊന്നും ബാങ്കുകാര് കൊടുക്കുകില്ല. അല്ലേലും കൊച്ചിനെ ഒന്നെടുക്കാൻ പോലും സാറിനറിയില്ലല്ലോ!” ടീച്ചറുടെ ഭർത്താവ്‌ ബാങ്കീന്നു റിട്ടയർ ആയിട്ടു വേറെ ഒരു പ്രൈവറ്റ് ബാങ്കിൽ പോകുന്നുണ്ടിപ്പം.
“അയ്യോ അന്നക്കുട്ടി, നീയിപ്പം എന്തിനാ വന്നതെന്നും കൂടി ഞാൻ ചോദിച്ചില്ല! എന്താ കാര്യം?വായിക്കാനുള്ള മാസിക എടുക്കാനായിരുന്നോ?”
ടീച്ചർ ക്ഷമാപണം നടത്തിയപ്പോൾ
അന്നക്കുട്ടി ഒന്ന് പരുങ്ങിയെങ്കിലും “ ആന്നു ടീച്ചറേ, ഞാനെടുത്തോളാം” എന്നുത്തരം നൽകി.വല്ലപ്പോഴും അവിടെപ്പോയി പഴയ മാഗസിനുകൾ എടുക്കാറുണ്ട്.കുറച്ചു നേരം കൂടി അവനെ കൊഞ്ചിച്ചു, മാറോടണച്ചു കുറച്ചു മുത്തങ്ങൾ സമ്മാനിച്ചിട്ടു, സാഫല്യമടഞ്ഞ് അന്നക്കുട്ടി മാസികകളുമായി വീട്ടിലേക്കു നടന്നു.
അത്താഴത്തിനു മുൻപ് ഫോണടിക്കുന്ന ഒച്ച കേട്ടപ്പോഴേ മിക്കവാറും അത് തോമസുകുട്ടിയായിരിക്കും എന്നറിയാമായിരുന്നു.അല്ലാതാര് വിളിക്കാനാ!വല്ല കാലത്തും ബന്ധുക്കാര് ആരെങ്കിലും വിളിച്ചാലായി! മകൻ എട്ടു പത്തു ദിവസം മുൻപൊന്നു വിളിച്ചതാ. ഫോൺ കൈയിലെടുത്തു ഉറക്കെ ഹലോ പറഞ്ഞു.
“അമ്മച്ചീ എന്തുണ്ട് വിശേഷം? സുഖമല്ലേ? അവിടെ മഴയൊക്കെ എങ്ങനുണ്ട് ?”
എന്റെ കർത്താവേ! ഈ ചെറുക്കനെപ്പം വിളിച്ചാലും ഇതേ ഒള്ളോ ചോദിക്കാനും പറയാനും! അന്നക്കുട്ടിക്കങ്ങുള്ളിൽ കലി മൂത്തെങ്കിലും, “ ഓ, കുഴപ്പമൊന്നുമില്ലാതിരിക്കുന്നെടാ.” എന്ന് മാത്രം പറഞ്ഞു. പക്ഷെ,പതിവില്ലാത്തപോലെ മകന്റെ സ്വരത്തിലൊരുത്സാഹവും പ്രസരിപ്പും ആ പെറ്റമ്മ തിരിച്ചറിഞ്ഞു.ഇനി അവനു ലീവെങ്ങാനും ശരിയായിക്കാണുമോ,നാട്ടിലേക്കു വരുന്നുണ്ടായിരിക്കും.അവരുടെയുള്ളിൽ ആശ പൊടിച്ചു.
“അമ്മച്ചീ ഞാനൊരു കാര്യം പറയാനാ ഇപ്പം വിളിച്ചത്. മെഴ്‌സിക്കു ദുബായിലൊരു ജോലി ശരിയായിട്ടുണ്ട്.ഞങ്ങൾ അടുത്ത ആഴ്ച അങ്ങോട്ടേക്ക് പോകും.അവിടെയെത്തിക്കഴിഞ്ഞാൽ എനിക്കും ഉടനെയൊക്കെ തന്നെ എന്തെങ്കിലും ജോലി തരപ്പെടുമായിരിക്കും.മേഴ്‌സിടെ അപ്പ കുറേപേരോടൊക്കെ പറഞ്ഞു വെച്ചിട്ടുണ്ട്.”
അന്നക്കുട്ടിയുടെ കൈകളിൽ നിന്ന് ഫോൺ ഊർന്നു താഴെ വീഴുന്നതുപോലെ. അവർ വരണ്ട സ്വരത്തിൽ ചോദിച്ചു.
“അപ്പം നിങ്ങൾ കൊച്ചിനേം കൊണ്ടാന്നോടാ പോകുന്നെ?”
“അല്ലമ്മച്ചീ, തൽക്കാലം മേഴ്‌സിടെ മമ്മിയും അപ്പയും കൊച്ചിനെ പാലായിലേക്ക് കൊണ്ടുപോകും. അവരുടെ അവിടെയാകുമ്പം കൊച്ചിനെ നോക്കാനും എടുക്കാനും ഒക്കെ വേലക്കാരുമൊക്കെയുണ്ടല്ലോ.ഒന്ന് രണ്ടു മാസത്തിനകം ഞങ്ങൾ വന്നു കൊണ്ടുപോരും.”
“ എടാ, അപ്പം ഞാനെപ്പഴാ എന്റെ കൊച്ചിനെയൊന്നു കാണുന്നത് ? ദുബായീ പോകുന്നതിനു മുൻപ് നീ അവനേം കൊണ്ട് ഇങ്ങോട്ടു വരുവോ?”
“ അയ്യോ, അതെങ്ങനാ അമ്മച്ചീ, അതിനൊന്നും സമയമില്ലാ.ഒന്ന് രണ്ടു ദിവസത്തേക്ക്, ഞാൻ തനിച്ച് അവിടം വരെ കുറച്ചു അത്യാവശ്യ കാര്യങ്ങൾ ശരിയാക്കാൻ വരുന്നുണ്ട്.അപ്പം
കൊച്ചിനെക്കൊണ്ടുവരലൊന്നും നടക്കത്തില്ല.കൊച്ചിനി പാലായിൽ കുറച്ചു നാൾ കാണുമല്ലോ?അപ്പയോടും മമ്മിയോടും പറഞ്ഞേക്കാം കൊച്ചിനെ ഇടക്കൊന്നു അങ്ങോട്ട് കൊണ്ടുവന്നമ്മച്ചിയെ കാണിക്കണന്ന്.ഒറങ്ങാറായില്ലേ?എന്നാൽ ഞാൻ വെക്കുന്നമ്മച്ചീ.”
അന്നക്കുട്ടി ആ ഇരുപ്പങ്ങനെ കുറേനേരം ഇരുന്നു.ഓ,അവന്റെ ഒരു ഔദാര്യം! തന്നെ കാണിക്കാനായി അവര് കൊച്ചിനേം
കൊണ്ടിങ്ങോട്ടു വന്നതുമാ! അന്ന് രാത്രി തലയിണയിൽ മുഖമമർത്തി മതിവരുവോളം അവർ തേങ്ങിക്കരഞ്ഞു.കാണികളാരുമില്ലാത്ത ആ കൊച്ചുവീട്ടിൽ അവർക്കു ഒരു മുഖംമൂടിയും അണിയേണ്ട കാര്യമില്ലല്ലോ!
പിറ്റേദിവസവും ഉച്ചതിരിഞ്ഞപ്പോൾ അന്നക്കുട്ടിയുടെ മെലിഞ്ഞു ചടച്ച രൂപം വരാന്തയിലോട്ടു കയറി വരുന്നത് കണ്ടപ്പോൾ ടീച്ചർക്ക് തെല്ലതിശയം തോന്നി.
അന്നക്കുട്ടിയുടെ കണ്ണുകൾ കുഞ്ഞിനെ തേടി.ടീച്ചർക്ക് ഒരു സംശയത്തിനും ഇട നൽകരുതെന്ന് അഭിമാനിയായ അന്നക്കുട്ടിക്ക് നിർബന്ധമുണ്ടായിരുന്നു.തലേന്ന് പെറുക്കിയെടുത്തിരുന്ന മാസികകൾ നീട്ടി അന്നക്കുട്ടി പറഞ്ഞു. “ ദേ,ടീച്ചറെ ഇതെല്ലാം ഇന്നാള് കൊണ്ടുപോയി വായിച്ചതായിരുന്നു. വേറെ വല്ലോമുണ്ടോന്നു നോക്കാമെന്നു വെച്ചാ വന്നേ! കുഞ്ഞെന്തിയേ ടീച്ചറെ?“
“ ഇന്ന് ഗാന്ധിജയന്തി അവധിയല്ലേ അന്നക്കുട്ടി? ഗീത കൊച്ചിനേം കൊണ്ടവളുടെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയിരിക്കുകാ.
ഇപ്പമിങ്ങെത്തുമെന്നു ഫോൺ ചെയ്തതേയുള്ളൂ. അവര് നിർബന്ധിച്ചപ്പം അവളവിടുന്ന് ഊണും കഴിച്ചെന്ന്.”
“സാറ് ഇവിടുണ്ടോ?” ഗൗരവക്കാരനായ അങ്ങേരവിടെയുള്ളപ്പോൾ അന്നക്കുട്ടിക്കവിടെ തങ്ങാൻ കുറച്ചു ഭയം തന്നെയാണ്.
“ ഊണും കഴിഞ്ഞു മയങ്ങുകാ അന്നേ! നീയങ്ങോട്ടിരി. ഞാൻ വേറെ മാഗസിനെടുത്തു കൊണ്ട് വരാം.”അന്നക്കുട്ടി ആ വരാന്തയിൽ പടഞ്ഞിരുന്നു.ടീച്ചറ് അകത്തൂന്ന് കൊണ്ട് വന്ന മാസികയൊക്കെ തിരഞ്ഞു നോക്കിയെടുക്കുന്ന ഭാവത്തിൽ അന്നക്കുട്ടി സാവധാനം സമയം മുൻപോട്ടു നീക്കുവാൻ പ്രയത്‌നിച്ചോണ്ടിരിക്കെ, എന്തായാലും ടീച്ചറുടെ മോളും കുഞ്ഞും കൂടെ കാറിൽ വന്നിറങ്ങി.
“ആന്റി എപ്പം വന്നു?” കുഞ്ഞിനെ അമ്മയുടെ കൈയിൽ ഏല്പിച്ചുകൊണ്ടു ഗീത ചോദിച്ചു.
വത്സല ടീച്ചറെപ്പോലെ തന്നെയാണ് അവരുടെ മോളും. എന്തൊരു മര്യാദയും വിനയവും!
“ എന്റമ്മേ, ഇവനാ വീട് കീഴ്മേൽ മറിച്ചു വെച്ചു. ഞാൻ പെടാ പാട് പെട്ടു, കേട്ടോ!”
“ആണോടാ കുട്ടാ?” ടീച്ചർ കുഞ്ഞിനെ ഉമ്മവെച്ചു ലാളിച്ചു. പിന്നെ മോളോടായി പറഞ്ഞു. “മോളെ, നാളെ എനിക്ക് സ്‌കൂളിൽ പോയേ പറ്റൂ. കല്യാണിയോട് ഞാൻ ചോദിച്ചതാണ് നാളെ നാലു മണിവരെയൊന്നു നിക്കാമോന്ന്. പക്ഷെ മറ്റേ രണ്ടു വീട്ടിലും അവൾക്കത്യാവശ്യം ചെന്നേ പറ്റൂന്ന്.ഇനി എന്ത് ചെയ്യും?വേറെ ആരെയും കിട്ടിയുമില്ല”
എല്ലാം കേട്ട് നിന്നിരുന്ന അന്നക്കുട്ടി പൊടുന്നനെ പറഞ്ഞു.
“ടീച്ചറെ, ഇവനെ നോക്കുന്ന കാര്യമോർത്താണോ ടീച്ചറ് വിഷമിക്കുന്നത്?ഞാൻ നാളെ ഇങ്ങു വന്നാപ്പോരായോ? എന്റെ ഫിലിപ്പുമോനെ പോലെതന്നെയല്ലയോ ഈ അപ്പുക്കുട്ടൻ എനിക്ക്? ടീച്ചറ് നാളെ ധൈര്യമായി സ്‌കൂളിൽ പൊയ്‌ക്കോളണം”.
“അയ്യോ, അന്നക്കുട്ടി നിനക്കതൊക്കെ ഒരു ബുദ്ധിമുട്ടാവില്ലേ? ഇവനാണെങ്കിൽ നല്ല പിരുപിരുപ്പനും. നീ വശം കെട്ടുപോകും.” അന്നക്കുട്ടി തങ്ങൾക്കുവേണ്ടി കഷ്ടപ്പാട് സഹിക്കേണ്ടിവരുമെന്നതോർത്തു ടീച്ചർക്കതങ്ങ്‌ പെട്ടെന്ന് സമ്മതിച്ചു കൊടുക്കാൻ തോന്നിയില്ല.
“ എന്റെ ടീച്ചറെ, ടീച്ചറ് പേടിക്കാതെ! ഞാനവനെ പൊന്നു പോലെ നോക്കിക്കോളാം.
നാളത്തേക്ക് മാത്രമല്ല. ടീച്ചർക്കെപ്പഴാ ആവശ്യമെന്നു വെച്ചാലോ, അതല്ലാ എവിടെയെങ്കിലും പോണെങ്കിലോ എന്നെ ഒന്ന് വിളിച്ചാ മതി. ഞാനവിടെ ദിവസം മുഴുവൻ ചുമ്മാ ഒരു പണീമില്ലാതെ കുത്തിയിരിക്കയല്ലയോ!ഞാനോടി വരത്തില്ലയോ ഈ പൊന്നുങ്കുടത്തെ നോക്കാൻ! ടീച്ചറ് വേറെ വേലക്കാരെയൊന്നും നോക്കുകേം വേണ്ട.”
അവനെ ടീച്ചറുടെ കൈയിൽ നിന്ന് മേടിച്ച്‌ ഒക്കത്ത് വെച്ച് ഉത്സാഹഭരിതയായി അന്നക്കുട്ടി നിൽക്കുന്നത് കണ്ടു, ടീച്ചറും മോളും അന്യോന്യം നോക്കി.ആ വാക്കുകൾക്കുള്ളിലെ ആത്മാർത്ഥതയും വികാരവും പൂർണമായും മനസ്സിലാക്കുവാൻ സാധിച്ചതുകൊണ്ടാവണം ടീച്ചറുടെ കണ്ണുകൾ നനഞ്ഞത്.
“ശരി അന്നക്കുട്ടി, നിനക്കതൊരു സന്തോഷമാകുമെങ്കിൽ പിന്നെ ഞാനെന്തിനെതിർക്കണം!എനിക്ക് മനസ്സമാധാനത്തോടെ സ്‌കൂളിൽ പോകാമല്ലോ!”
ഒക്കത്തിരിക്കുന്ന അപ്പുക്കുട്ടനെയും കൊണ്ട് അധികാരഭാവത്തോടെ അന്നക്കുട്ടി മുറ്റത്തേക്ക് നീങ്ങി . കാക്കേം പൂച്ചേമൊക്കെ കാട്ടിക്കൊടുത്തു മുറ്റത്തു സർക്കീട്ടു നടത്തിയപ്പോൾ കുഞ്ഞിനെന്തൊരു സന്തോഷം.കുഞ്ഞിന്റെ പുതിയ രക്ഷാധികാരിയായി മാറിയപ്പോൾ അന്നക്കുട്ടിയുടെ മുഖത്തെന്തെന്നില്ലാത്തൊരു തെളിച്ചം.
സന്ധ്യയായപ്പോൾ വീട്ടിലോട്ടു ചെന്ന് കയറി, അന്നക്കുട്ടി കട്ടിലിൽ മലർക്കെ കിടന്നു.നടന്നതൊന്നും ഒരു സ്വപ്നമല്ലല്ലോ! നാളെത്തൊട്ട് ജീവിതത്തിനൊരു പുതിയ അർത്ഥവും ലക്ഷ്യവും കൈവന്നിരിക്കുന്നു,കുറച്ചു നാളത്തേക്കാണെങ്കിലും!തനിക്കാരൊക്കെയോ വേണ്ടപ്പെട്ടവർ അരികിൽ ഉണ്ടെന്നുള്ള ഒരു തോന്നൽ! മനസ്സിലാ സംതൃപ്തി വന്നു നിറഞ്ഞപ്പോൾ അന്നക്കുട്ടി പോലുമറിയാതെ അന്നക്കുട്ടിയുടെ മനസ്സിലെ ഫിലിപ്പുമോന്റെ ആ സാങ്കൽപ്പിക രൂപം പതുക്കെ പതുക്കെ മാഞ്ഞു മാഞ്ഞു പോയി. പകരം ആ സ്ഥാനത്തു അപ്പുക്കുട്ടന്റെ ചിരിച്ചുകൊണ്ട് ചാടിത്തുള്ളുന്ന ചിത്രം സ്ഥലം പിടിച്ചു. അപ്പുക്കുട്ടനെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കുന്നതും, അവനു ചോറുരുട്ടി വായിൽ കൊടുക്കുന്നതും, താരാട്ടു പാടിയുറക്കുന്നതും ഒക്കെ സ്വപ്നം കണ്ട് വളരെ പെട്ടെന്ന് തന്നെ അന്നക്കുട്ടി സുഖനിദ്രയിലമർന്നു.
~~~~~••~~~~~••~~~~~~••~~~~

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot