നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇട്ടൂപ്പ് സക്കറിയ

Image may contain: 1 person, closeup
'ഇട്ടൂപ്പ് സക്കറിയ' എന്ന വലിയ പേരിൽ ആ ചാവാലിപ്പട്ടി അയാളുടെ മുന്നിൽ ചൂളിപ്പിടിച്ചു നിന്നു... അത്രയും വലിയ പേരിൽ അവൻ അസ്വസ്ഥനാണെന്നു അവന്റെ ദയനീയ മുഖം പറയുന്നുണ്ടായിരുന്നു....
രാവിലെ കൊഴുപ്പും പഞ്ചസാരയും കുറയ്ക്കാൻ ഓടാൻ വരുന്ന ഐസക് തോമസിന്റെ കയ്യിലെ ബിസ്കറ്റിനു വേണ്ടിയാണു അവൻ അയാൾ സമ്മാനിച്ച ആ പേര് സ്വീകരിക്കാൻ തയ്യാറായത്....
പുലര്ച്ചെയുള്ള നടത്തിലും ഓട്ടത്തിലും ശ്രദ്ധിച്ചിരുന്ന മറ്റാളുകൾ ഐസക് തോമസിന്റെ 'ഇട്ടൂപ്പ്സക്കറിയ...' എന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കി... പിന്നെ ആ പേരുകാരനെ നോക്കി ആർത്തു ചിരിച്ചു........ ആ പണിതീരാത്ത സ്റ്റേഡിയത്തിലെ പടിക്കെട്ടിൽ അതുകേട്ടു ചൊറിപിടിച്ചു രോമം പോയ വാലുമായി ഇട്ടൂപ്പ് സക്കറിയ നാണിച്ചു നിന്നു....
ഇടുപ്പും ഐസക്കും പരിചയത്തിലായിട്ടു ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു...
ഇതുപോലെ ഒരു ദിവസം നേരം പുലരാൻ ബാക്കിയുള്ളപ്പോൾ സ്റ്റേഡിയത്തിലെ പടിയിൽ ചുരുണ്ടു കിടന്നുറങ്ങിയ അവനെ ഉണർത്തിയത് ഐസക് തോമസിന്റെ ചുമയാണ്......
അന്നാണ് ആദ്യമായി അവൻ ഐസക് തോമസിനെ കാണുന്നത്...
കിതച്ചു പരവേശത്തോടെ ബിസ്ക്കറ്റ് തിന്നു പടിയിൽ ഇരിയ്ക്കുന്ന അയാളെ കണ്ട് പേടിച്ചു അവൻ എഴുന്നേറ്റ് ദൂരെ മാറിനിന്നു...
പക്ഷെ അയാളുടെ കയ്യിലെ ബിസ്‌ക്കറ് അവനെ അവിടെനിന്നും ഓടിപ്പോകാൻ സമ്മതിച്ചില്ല....
തിന്നു ബാക്കിയായ ബിസ്കറ്റ് തുണ്ടുകൾ അയാൾ അവനു നേരെ എറിഞ്ഞു.... അവൻ മണ്ണോടു കൂടി അതു തിന്നുന്നത് കണ്ടു ഐസക് ചിരിച്ചു.. ജനിച്ചതിൽ പിന്നേ ആദ്യമായിട്ടാണ് അവൻ അത്തരം ബിസ്ക്കറ്റ് കഴിച്ചത്...
അതിന്റെ നന്ദിയിൽ അവൻ അയാളെ നോക്കി വാല് ചലിപ്പിച്ചു... മൂക്കാത്ത പിഞ്ച് മുരിങ്ങക്ക പോലുള്ള അവന്റെ വാല് കണ്ട് ഐസക് പൊട്ടിച്ചിരിച്ചു...... അങ്ങനെയാണ് ഇട്ടൂപ്പും ഐസക്കും തമ്മിൽ പരിചയമാകുന്നത്....
ഐസക്കിന്റെ നോട്ടം ദൂരെ നിന്നും ഓടിവരുന്ന സൂസി മേരിയിലായി... പേരിന്റെ ഭാരത്തിൽ ഇരിക്കുന്ന ഇട്ടൂപ്പിനെ മറന്നു അയാൾ സൂസിക്ക് പിറകെ ഓടി...... "ഒന്നുമില്ലേലും എന്റെ അപ്പന്റെ പേരല്ലെടാ... "ഓട്ടത്തിനിടയിൽ അയാൾ തിരിഞ്ഞു നോക്കി വിളിച്ചു പറഞ്ഞു..
ആ ഓട്ടം കണ്ട് ഇട്ടൂപ്പ് തലയിൽ വലിയൊരു ഭാരം കയറ്റിവച്ചതു പോലെ ഇരുന്നു...
ഒരു ദിവസം ഇട്ടൂപ്പ് ആ പേരുമായി പൊരുത്തപ്പെട്ടു വരുമ്പോഴാണ് ഐസക് തോമസ് അയാളുടെ അപ്പനെ കുറിച്ചു പറയുന്നത്...
" പറമ്പിലെ ഒരു അടയ്ക്ക കട്ടതിനു പണിയാൻ വന്നിരുന്ന പാപ്പികുഞ്ഞിനെ കഞ്ഞിവെള്ളം പോലും കൊടുക്കാതെ ഒരു പകലും രാത്രയിയുമാ അപ്പൻ അടയ്ക്കാമരത്തിൽ കെട്ടിയിട്ടത്... നിനക്കറിയാമോടാ ചാവാലി....... പിന്നെ അപ്പൻ കാണാതെ ഒളിച്ചു കഞ്ഞിവെള്ളം കൊടുത്തതിനു അമ്മച്ചിക്ക് ഒറ്റതൊഴിയും... ." ഐസക് തോമസ് അതു പറഞ്ഞ് പല്ലുഞെരിച്ചു....
അതു കേട്ടു ഇട്ടൂപ്പ് നീട്ടി മോങ്ങി കരഞ്ഞു.... കാരണം അവൻ തലേന്ന് വൈകുന്നേരചന്തയിൽ നിന്നും ഒരു ഉണക്കമീൻ കട്ടിരുന്നു...
"നീ പേടിക്കണ്ടടാ അപ്പൻ ചത്തുപോയി "....അയാൾ ദീർഘനിശ്വാസം വിട്ടു.
ഗർഭപാത്രം താഴേക്കിറങ്ങി പ്രയാസപ്പെട്ടു ഇരുന്നു അപ്പന്റെ കാൽ തിരുമ്മുന്ന അമ്മയെ ഓർത്ത് അയാൾ നെടുവീർപ്പിട്ടു.... അമ്മയുടെ നാല്പതിന് പാൽച്ചോറുണ്ട് കൈ നക്കുന്ന അപ്പനെ ഓര്ത്തു അയാൾ കാർക്കിച്ചു...
ദിവസവും രാവിലെ തരാതരത്തിലുള്ള ബിസ്കറ്റുകൾ ഇട്ടൂപ്പിനായി ഐസക് കൊണ്ടുവന്നു.... അവന്റെ രോമം പോയ വാലിൽ പുതിയവ കിളുത്തു തുടങ്ങി...
പണിമുടങ്ങി കിടന്ന ആ സ്റ്റേഡിയം പുതിയ ഭരണക്കാർ വന്നതോടെ വീണ്ടും പണിയാരംഭിച്ചു..........ഒരു ദിവസം സ്റ്റേഡിയത്തിലെ അഴിയിൽ കുടുങ്ങിയ ഇട്ടൂപ്പിനെ സെക്യൂരിറ്റി വടികൊണ്ടു കുത്തി.... മുൻകാല് തല്ലിയൊടിച്ചു... അവന്റെ ഒടിഞ്ഞ കാലും മുറിഞ്ഞ മുഖവും കണ്ട് ഐസക് സെക്യൂരിറ്റിയെ ചീത്തവിളിച്ചു...
അയാളുടെ ചീത്തവിളിയിൽ ഉത്തരമില്ലാതെ സെക്യൂരിറ്റി നിന്നു... കാരണം എതിർത്താൽ പണി കളയിപ്പിക്കാൻ തക്ക സ്വാധീനം ഉള്ള ആളായിരുന്നു ഐസക്...
ചീത്തകേട്ടതിന്റെ ദേഷ്യം മുഴുവൻ അയാൾ ഇട്ടൂപ്പിനെ നോക്കി തീർത്തു...
"സാറെ ഈ ചാവാലി പട്ടി സ്റേഡിയത്തിനുള്ളിൽ കയറി.. ആരേലും കണ്ടാൽ എന്റെ പണി... ".. സെക്യൂരിറ്റി അതുപറഞ്ഞു മുഖംകുനിച്ചു...
"ആരെടാ ചാവാലി പട്ടി...... ഇത് മിസ്റ്റർ ഇട്ടൂപ്പ്... ഇട്ടൂപ്പ് സക്കറിയ "... ഐസക് അതു പറഞ്ഞ് കിതച്ചു... അയാളുടെ മുഖം കോപം കൊണ്ടു ചുവന്നിരുന്നു...
സെക്യൂരിറ്റി ഇട്ടൂപ്പിനെ അടിമുടി നോക്കി... അതു കണ്ട് ഇട്ടൂപ്പ് നാണിച്ചു മുഖം കുനിച്ചു...
അതിൽ പിന്നെ ഐസക് നു മുന്നിൽ സെക്യൂരിറ്റി ആ ചാവാലിയെ 'മിസ്റ്റർ ഇട്ടൂപ്പ് ' എന്നു വിളിച്ചു...
ഇട്ടൂപ്പിന്റെ ഒടിഞ്ഞ കാൽ ഐസക് ഒരു മൃഗഡോക്ടറെ വരുത്തിച്ചു മരുന്ന് ചെയ്തു....
പോകാൻ നേരം ഐസക് കേൾക്കാതെ ഡോക്ടർ സെക്യൂരിറ്റിയോട് എന്തോ അടക്കം പറഞ്ഞു ചിരിച്ചു...
സെക്യൂരിറ്റിയുടെ മർദ്ദനത്തിൽ നിന്നും പരുക്കുകൾ ഭേദമായി വന്നപ്പോഴാണ് ഇട്ടൂപ്പിനു മറ്റൊരപടകടം... .... അതു മറ്റു തെരുവ്പട്ടികളിൽ നിന്നുമായിരുന്നു...
ആ പട്ടിക്കൂട്ടങ്ങൾക്കിടയിൽ ആകെയുള്ള പെണ്ണിന്റെ പിറകെ ചെന്നതിനു അവറ്റകൾ ഇട്ടൂപ്പിനെ കൂട്ടമായി ആക്രമിക്കുകയായിരുന്നു....
ഐസക് വീണ്ടും മൃഗഡോക്ടറെ കൊണ്ടുവന്നു... പള്ള മുറിഞ്ഞ ഇട്ടൂപ്പിനെ നോക്കി ഐസക് ഊറിച്ചിരിച്ചു...
"എന്റെ അപ്പനു രണ്ടു ഭാര്യമാരുന്നു... ഒന്നു കെട്ടിതും മറ്റേതു അല്ലാതേം... എന്റെ അപ്പന്റെ പേര് കളഞ്ഞല്ലോടാ "... ഐസക് അതു പറഞ്ഞു പൊട്ടിച്ചിരിച്ചു.....
ഇട്ടൂപ്പ് ഒച്ചയില്ലാതെ കടികൊണ്ട പള്ളയിൽ നക്കിക്കൊണ്ടിരുന്നു....
"എടാ കഴിഞ്ഞ മാസം ഞാൻ ചൈനക്ക് പോയി... കെട്ടിയോളോട് പുതിയ വീട് വയ്ക്കാൻ മരം മേടിക്കാൻ പോവുവാന്നു പറഞ്ഞ്.... ആ പോത്തു അതു വിശ്വസിച്ചു.. " ഐസക് പൊട്ടിച്ചിരിച്ചു...
ഇട്ടൂപ്പ് ഒരു പുതിയ ഐസക്കിന്റെ മുഖം കണ്ട് ഞെട്ടി... വീട്ടിലെ ആ നല്ലമുഖത്തിനെ ഓർത്തു....
"നീ ഒരു പട്ടിയായാലും ഒരാണല്ലേ... ഇത് ആണുങ്ങളുടെ വെല കളയാനായിട്ടു.... ന്റെ കർത്താവെ ചത്തു മേലോട്ട് ചെല്ലുമ്പോ അപ്പനോട് എന്നാ പറയുവോ.. " ഐസക് അതു പറഞ്ഞു എഴുന്നേറ്റ് ഓടി പോയി.....
ഇട്ടൂപ്പ് ആ ചാടിയും ഓടിയും ഉള്ള പോക്ക് നോക്കിനിന്നു...
പിന്നീട് ഒരു ദിവസം ഇട്ടൂപ്പിന് ഒരു കഷ്ണം മാട്ടിറച്ചിക്കു വേണ്ടി വീണ്ടും തെരുവ്പട്ടികളോട് യുദ്ധം ചെയ്യേണ്ടി വന്നു... അവൻ യുദ്ധത്തിൽ ശരിക്കും ഇട്ടൂപ്പ് സക്കറിയായി..... ഇട്ടൂപ്പ് ആ മാംസം നേടിയെടുത്തു...
തലയുയർത്തി വരുന്ന ഇട്ടൂപ്പിനെ കണ്ട് ഐസക്ക് അഭിമാനം കൊണ്ടു...
പിന്നീടൊരു ദിവസം വടിയുമായി വന്ന സെക്യൂരിറ്റിക്ക് മുന്നിൽ അവൻ കുരച്ചു ചെന്നു... ഇട്ടൂപ്പ് സക്കറിയയുടെ ആ മുഖം കണ്ട് സെക്യൂരിറ്റി പേടിച്ചു പിന്മാറി...
ഐസക് സ്റ്റേഡിയത്തിൽ മിക്കവാറും ദിവസങ്ങളിൽ ഉച്ചവരെ ഇട്ടൂപ്പിനോട് വർത്തമാനം പറഞ്ഞിരുന്നു...
"എടാ പട്ടികൾക്ക് ചത്തുപോയവരെ കാണാൻ പറ്റുമെന്നു പറയുന്നത് ഒള്ളതാന്നോ... നീ നോക്കിക്കേ എന്റെ അപ്പൻ ഇട്ടൂപ്പ് സക്കറിയ അവിടെങ്ങാനും ഉണ്ടോന്നു "....
ഐസക്കിന്റെ ആവശ്യം കേട്ടു അവൻ നാലുപാടും പിന്നെ മേലോട്ടും നോക്കി....
ഐസക്കിന്റെ മുഖത്തെ ആകാംഷ കണ്ട് അവൻ ഒരു ഓരിയിട്ട് ഇട്ടൂപ്പ് സക്കറിയയെ കണ്ടതായി സാക്ഷ്യപ്പെടുത്തി... അതു കേട്ട് ഐസക് സന്തോഷം അടക്കാൻ വയ്യാതെ അവനെ കെട്ടിപിടിച്ചു...
പിന്നെ ആകാശത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു..."അങ്ങേരുടെ പേര് നിനക്കിട്ടതിൽ വല്ല സങ്കടവും ഉണ്ടോടാ ആ മുഖത്ത്...? "
ആ ചോദ്യം കേട്ട് ഇട്ടൂപ്പ് ഒരുനിമിഷം പകച്ചു...
"അങ്ങേർക്കു സന്തോഷം ഇല്ലേലും എനിക്ക് സന്തോഷമായി... "അയാൾ വീണ്ടും പൊട്ടി ചിരിച്ചു... ആകാശത്തേക്ക് കൈ ചൂണ്ടി വീണ്ടും വീണ്ടും...
ഇട്ടൂപ്പും ആ ചിരിയിൽ പങ്കുചേർന്നു ഓരിയിട്ടു...
ചിരിയുടെ അവസാനം ഐസക് തളർന്നു വീണു... തുറന്ന കണ്ണോടെ കിടന്നു അയാൾ ഇട്ടൂപ്പിനെ നോക്കി വീണ്ടും ചിരിച്ചു....
എവിടെന്നൊക്കെയോ ആളുകൾ ഓടിവന്നു... സെക്യൂരിറ്റിയും....
കണ്ണു തുറന്നു കിടന്ന ഐസക്കിനെ സെക്യൂരിറ്റി എടുത്തു വണ്ടിയിൽ കയറ്റാൻ തുനിഞ്ഞു.....
അതു കണ്ടു അയാൾക്ക്‌ നേരെ ഇട്ടൂപ്പ് കുരച്ചു കൊണ്ടെത്തി......
"തെണ്ടിപ്പട്ടി മാറിപ്പോ... ചത്ത മനുഷ്യനെ വീട്ടിലെത്തിക്കട്ടെ... " സെക്യൂരിറ്റി കയ്യിലിരുന്ന വടികൊണ്ട് അവനെ ആഞ്ഞടിച്ചു ഓടിച്ചു...
കൂട്ടം കൂടിനിന്ന മനുഷ്യരും കല്ലെറിഞ്ഞു...
ആ ചാവാലിപ്പട്ടി ഓടി ദൂരെമാറിനിന്നു മോങ്ങി... .... ഒപ്പം അവൻ അങ്ങോട്ടും ഇങ്ങോട്ടും പിന്നെ ആകാശത്തേക്കും നോക്കികൊണ്ടിരുന്നു.......
..
By
Chithra

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot